Wednesday, July 20, 2011

ജനിച്ചിടത്തേക്ക് തിരിച്ച്



(കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വില്‍ പത്രത്തില്‍ എഴുതിവെച്ചൂ, തന്റെഭൌതിക ദേഹം ജന്മനാടായ കാവാലത്തെ തന്റെ പേരിലുള്ള മണ്ണില്‍അടക്കണമെന്ന്. അതു സംഭവിച്ചു. അപ്പോള്‍ പലരും അന്തിച്ചു-ഇതാണോകവിയുടെ നാട് എന്ന്. പക്ഷേ കവിയുടെ ന്മദിനവും (സെപ്റ്റംബര്‍ 12) നാലാം ചരമ വാര്‍ഷിക ദി
നവും (ആഗസ്റ്റ് 23) കടന്നുപോയി. ന്മ നാട്ടില്‍ ആരും അനുസ്മരിക്കാതെ !!!!)




അടക്കണം എന്നെ ജനിച്ച നാട്ടിലെ-
ക്കിടക്കയില്‍; മണ്ണിന്‍ മടിത്തടം-
നന്നായ് മിനുക്കണം, തൃണം-
വളര്‍ത്തണം, എനിക്കവയറ്റയില്‍
പുനര്‍ ജനിക്കണം
(കാടെവിടെ മക്കളേ എന്നു ഞാന്‍ പാടിയൊരു
കവിതകേട്ടാടണം കുഞ്ഞു ചെടിയൊക്കെയും)

ചിരിച്ച നാളില്‍ ഞാന്‍ വിളിച്ചുചൊല്ലീലാ,
ജനിച്ച ദേശപ്പേര്‍ എഴുതിച്ചേര്‍ത്തീലാ,
കുറിച്ചതൊക്കെയും പിറന്നനാടിന്റെ-
മികച്ചൊരക്ഷരപ്പുകള്‍ പുളകങ്ങള്‍.
'കുടുംബവൃത്താന്തം 'പുരാണമാക്കിഞാന്‍-
പടച്ചുവെച്ചതും പ്രിയനാട്ടിന്‍ പൊരുള്‍.
'കവിതക്കാര്‍ട്ടൂണില്‍ വരച്ചു ചേര്‍ത്തതും
കറകള,ഞ്ഞതിന്‍ നനുത്ത വൃത്താന്തം.
കരച്ചില്‍ കേള്‍പ്പിച്ചു കടന്നുപോയപ്പോള്‍
പരസ്പരം നോക്കീ-കവിയ്ക്കിതോ ദേശം?
(തങ്കച്ചന്‍ മരിച്ചപ്പോള്‍ പേടിയെ പേടിച്ചു)

പഠിച്ചിതേറെനാള്‍, പഠിപ്പിച്ചൂ കുറേ
കിടച്ചതൊന്നുമേ തികഞ്ഞതുമില്ല
കൊടുത്തു പിന്നെയും ശഠിച്ചു മേടിച്ചും
പഠിച്ചു ചൊന്നപ്പോള്‍ 'കുരുക്ഷേത്രക്കളം.
തിരിച്ചറിഞ്ഞതും, വരഞ്ഞുവെച്ചതും,
പഠിത്തമേറിയോര്‍ പിടിച്ചുവെച്ചതും,
വെളിച്ചം കണ്ടപ്പോള്‍ ചതിച്ചുകൊന്നതും,
വിജയം കൊണ്ടപ്പോള്‍ വിമര്‍ശം തീര്‍ന്നതും
'കുഠാകുവേപ്പോലെ മരക്കൂടുണ്ടാക്കി-
പ്പലര്‍ക്കുമാവാസ സുഖം പകര്‍ന്നതും
മരിക്കും മുമ്പേതാന്‍ 'മരണദേവനെ
മനസ്സറിഞ്ഞങ്ങു വിശിഷ്യാ 'പൂജിച്ചും
(ധരയുടെ ആഴത്തില്‍നിന്നുയരുന്നൂ
പ്രണവമായ് മൃത്യു മൃത്യു ജയ മൃത്യു മൃത്യു)
കവിത്വവൈഭവം സ്വയം ഹസിക്കാനായ്
കറുത്ത ചിത്രങ്ങള്‍ വരച്ച വാക്കതും
'പകലും രാത്രിയും മെടഞ്ഞ ജീവിത-
പ്പിണറില്‍ ചിന്നിയ വെളിച്ചം കാണിച്ചൂ;
മഹാശ്ചര്യം! കുത്തി നിറുത്തും സ്തംഭങ്ങള്‍
മുനിഞ്ഞു കത്തുന്ന വിളക്കു മാടങ്ങള്‍!!
(ഇനിയുള്ളകാലങ്ങളിതിലേ കടക്കുമ്പൊ-
ഴിതുകൂടിയൊന്നോര്‍ത്തുപോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മണ്ണിലുറയാത്ത മല,
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ)

അവിടെ വിശ്രമം, കൊളുത്തുവാനന്തി
ത്തിരി, നടത്തുവാന്‍ പ്രതിവര്‍ഷ സ്മൃതി-
ച്ചടങ്ങുപോ,ലതിന്നിവിടിന്നാളില്ല
കവി പറഞ്ഞതും കണിശമായിട്ടേ-
കവിത 'ഹൂഗ്ലിയില്‍ ഒഴുകിയിങ്ങനെ-
കവികളും കാഥികരും ഗ്രാമത്തിലെ വേരുകള്‍
സംരക്ഷിക്കാന്‍ പോയിരിക്കുന്നു
ഗ്രാമീണരോ, നഗരങ്ങളില്‍ അഭയം തേടി
എത്തിയിരിക്കുന്നു…’’
(ഈ കവിത 2010 ഒക്ടോബര്‍ 24 ലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ വന്നു...)

1 comment:

  1. ഈ കവിത വായിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാന്‍. അമ്മാവന്‍ ...ആരുമിന്നോര്‍ക്കാത്ത ഒരു എലോണ്‍ ഇന്‍ ദ് ക്രൌഡ്...

    ReplyDelete