Friday, September 24, 2010

എന്നത്തെയും ചിന്താവിഷയം-1


സൂപ്പര്‍മാനും മിസ്റ്റര്‍ ബീനും
സൃഷ്ടിയില്‍വച്ച് ഏറ്റവും സമ്പൂര്‍ണം മനുഷ്യനാണെന്ന് ആരും ഇതുവരെ സമ്മതിക്കും. ദൈവത്തിന്റെ സൃഷ്ടി എന്നൊന്നും പ്രയോഗിച്ച് ഒരു വിവാദം ഉണ്ടാക്കാനില്ല. സൃഷ്ടിക്കുന്നത് ദൈവമോ മറ്റാരെങ്കിലുമോ എന്ന തര്‍ക്കത്തിനു നേരമില്ലാത്തതുകൊണ്ടുതന്നെ. കാരണം മാവോ മൂത്തത് മാങ്ങയോ മൂത്തത് എന്ന തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ലല്ലോ. ആരു സൃഷ്ടിച്ചാലും ശരി ചില കാര്യങ്ങളില്‍ സര്‍ഗക്രിയയുടെ വൈഭവം ഒന്നുവേറേതന്നെയാണ്. മഴവില്ലിനെ, മയില്‍പ്പീലിയെ, ആലിലയെ പുനഃസൃഷ്ടിക്കുന്നവര്‍ക്കുപോലും അതില്‍ അധികമായെന്തെങ്കിലും ചേര്‍ത്ത്, ഒരു കുറവുണ്ടായിരുന്നത് മാറ്റിയെന്ന് കയ്യടിനേടാന്‍ കഴിയുമോ. ഇല്ലതന്നെ. മഴവില്ലില്‍ മറ്റൊരു നിറംകൂടി ചേര്‍ക്കാനില്ല. മയില്‍പ്പീലിയില്‍ മാറ്റി ഒരു ഡിസൈന്‍ വരയ്ക്കാനാകില്ല. ആലിലക്ക് അതിനേക്കാള്‍ മനോഹരമായൊരു ശില്‍പചാരുത കൊടുക്കാനാവില്ല. ഇങ്ങനെ ചില അപൂര്‍വതകളുള്ളതില്‍ മനുഷ്യരുംപെടുന്നു. മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി സ്വയം ചിന്തിക്കാനും മറ്റുള്ളവരുമായി പങ്കവയ്ക്കാനുമെല്ലാമുള്ള കഴിവ് അവനെ വേറിട്ടുനിര്‍ത്തുന്നു. എന്നാല്‍ പരിണാമത്തിന്റെ ഈ ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയില്‍ കാര്യമായ ഗതിവേഗം ഇതുവരെ വേണ്ടത്രയായിട്ടില്ല. അതായത് മനുഷ്യന്‍ കഴിഞ്ഞ സൂപ്പര്‍മാന്‍ (അതിമാനുഷന്‍) എന്നത് മനുഷ്യന്റെ സങ്കല്‍പമായിത്തന്നെ നിലനില്‍ക്കുന്നു.
അതിമാനുഷനെന്ന സങ്കല്‍പത്തിന് സാങ്കേതിക-ശാസ്ത്ര പിന്തുണ കിട്ടിയപ്പോള്‍ രൂപപ്പെട്ട കഥകളും സിനിമകളും ചിത്രീകരണങ്ങളുംകൊണ്ട് നാം സംതൃപ്തിപ്പെട്ടുപോരികയാണെന്നുവേണം പറയാന്‍. സൂപ്പര്‍മാന്‍ അങ്ങനെ സാധാരണ മനുഷ്യരില്‍നിന്നു വ്യത്യസ്തനായ, അവയേക്കാള്‍ കായികബലവുമുള്ള, അതിശയിപ്പിക്കുന്ന പ്രവൃത്തിശേഷിയുള്ള ഒരു...... മാറിക്കൊണ്ട് മുതിര്‍ന്നവരിലെ കൌതുകമനസ്സിനെപ്പോലും തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. കായിക-കലാ പ്രകടനത്തിനപ്പുറം ഈ അതിമാനുഷന്‍ ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവുമുള്‍പ്പെടെയുള്ള ധാര്‍മിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. അങ്ങനെ ഒരുകാലത്ത് ആബാലവൃദ്ധത്തിന്റെ, ആഗോളതലത്തിലുള്ള ഹീറോയായിരുന്ന സൂപ്പര്‍മാന്‍ ഇന്ന് എവിടെ. വായനയിലും ദൃശ്യക്കാഴ്ചയിലും ഒരു പരിധിവരെ ലോകത്തെ നല്ലൊരു ശതമാനത്തെ വിനോദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെറിയൊരു വിഭാഗത്തെ പലതരത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്തിരുന്ന സൂപ്പര്‍മാന്റെ സ്ഥാനത്ത് ഇന്ന് മിസ്റ്റര്‍ ബീന്‍ ആണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്ന, വികൃതമായി അനുകരിക്കുന്ന, ഒരു ചിരിപ്പിക്കല്‍ കോമാളിമാത്രമായ ബീന്‍ ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതൃകയാവുന്നു. മിസ്റ്റര്‍ ബീനിന്റെ പ്രാദേശികപ്പതിപ്പുകള്‍കൊണ്ട് പ്രകൃതി നിറയുന്നു. അതിമാനുഷനില്‍നിന്ന് ദുര്‍ബല മനുഷ്യനിലേക്കുള്ള പതനം, അല്ല, അധഃപതനം. ആഗോളതലത്തിലുള്ള ഈ നിപാതത്തിന്റെ ആഘാതം വലുതാണ്. അമാനുഷികശേഷി സ്വപ്നം കണ്ട് അത് കൈവരിക്കാനുള്ള ആഗ്രഹം ജനിക്കേണ്ടിടത്തുനിന്ന് വ്യക്തിശക്തിയും ബുദ്ധിവൈഭവവും വേണ്ടേവേണ്ടാത്ത തരം താണ തമാശയിലേക്കുള്ള പരിഹാസ്യമായ പതനം. സര്‍ക്കസ് കാണാന്‍ പോയ രണ്ടു കുട്ടികളില്‍ ഒരാള്‍ ട്രിപ്പീസില്‍നിന്ന് മറ്റൊന്നിലേക്കു പറന്നുപോയ അഭ്യാസിയാണ് തന്റെ നായകനെന്ന് മുത്തച്ഛനെ വിവരിച്ചുകേള്‍പ്പിച്ചു. മറ്റേയാള്‍ മുഖത്ത് ചായം തേച്ച് വിഡ്ഢിത്തങ്ങള്‍ക്കുമേല്‍ വിഡ്ഢിത്തം കയറ്റിവച്ച് ആളെ ചിരിപ്പിച്ച കോമാളിയാണ് തന്റെ ഹീറോയെന്നു പറഞ്ഞു. മുത്തച്ഛന്‍ ആ കുട്ടികളെ യഥാക്രമം സൂപ്പര്‍മാനെന്നും മിസ്റ്റര്‍ ബീന്‍ എന്നും വിളിച്ചു. മുത്തച്ഛനെ മഹര്‍ഷി അരവിന്ദന്‍ എന്ന് അവര്‍ ഇരട്ടപ്പേര്‍ വിളിച്ചില്ല, അതൊന്നും അവര്‍ക്കറിയില്ലല്ലോ.

Wednesday, September 22, 2010

കാവാലം @ കാവാലം @ കാവാലം


അത് ഇടയ്ക്ക് സംഭവിക്കും. ആശാന്‍ -അങ്ങനെയാ ഞങ്ങള്‍ നാരായണ പണിക്കരെ, കാവാലം നാരായണ പണിക്കരെ- വിളിക്കാറ് . കാവാലം വിട്ടു തിരുവനന്തപുരത്താണ് അദ്ദേഹം താമസിക്കുന്നത് . ഇടക്ക് കാവാലത്ത് വരും .. പൂക്കൈതയാറിന്റെ- പമ്പ നദിക്കു കാവാലത്തെത്തുംപോള്‍ അങ്ങ്ങ്ങനെയാണ് ചെല്ലപ്പേര് എന്ന് പലര്‍ക്കും അറിവില്ല- അതിന്റെ തീരത്ത് പുഴയിലേക്ക് നോക്കി ഇരിക്കാന്‍ പറ്റുന്ന ഒരു വീട്ടിനു മുന്നില്‍ ഇരിക്കും. കാറ്റും കൊള്ളാം... അത് ഇടയ്ക്ക് സംഭവിക്കും .. അങ്ങനെ ഒരു ദിവസം ആ വഴി ചെന്നപ്പോള്‍ ആശാന്‍ കുറെ സംസാരിച്ചു ...മോഹന്‍ലാല്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ പുതിയ നാടകം നീണ്ടു പോകുന്നത്... പുതിയ നാടക ഗുരുകുലം തുടങ്ങാന്‍ പോകുന്നത്.. പുതിയ നാടകം ആയ ഊര്‍മിളയുടെ പശ്ചാത്തലം .... കാവാലത്തിന്റെ പഴമ.. തനിമ... നഷ്ടമാകുന്ന നാട്ടു സംസ്കാരം... അതൊക്കെ എഴുതിയാല്‍ ധാരാളം ഉണ്ട്ട്... എഴുതണം... 1992 -ല്‍ തിരുവനന്തപുരം ഗസ്റ്റ് ഹൌസില്‍ വച്ചു കുറെ നാള്‍ കൂടി കണ്ടപ്പോള്‍ ആശാനെ പരിചയപ്പെടുത്തിയത് കവി പി. നാരായണ കുറുപ്പ്.. പഴയ കാര്യങ്ങ്ങ്ങള്‍ ചോദിച്ചു ...കുട്ടിക്കാലത്തിന് ശേഷം പത്രപ്രവര്തകനായിക്കഴിഞ്ഞു അന്നാണ് കാണുന്നത്.. അപ്പോള്‍ എന്നോടു പറഞ്ഞു കാവാലം എന്ന പേരും എഴുത്ത് പേരിനൊപ്പം ചേര്‍ത്തത് നന്നായി എന്ന് .. നമ്മുടെ നാട് പ്രസിദ്ധമാകട്ടെ എന്ന് .... ഞങ്ങള്‍ കാവാലത്തുകാര്‍ (രണ്ടു പേരും ആ സ്ഥലപ്പേര്‍ എഴുതാന്‍ പേരിനൊപ്പം ഉപയോഗിക്കുന്നെങ്കിലും ആ നാട്ടിലല്ല ഇപ്പോള്‍ സ്ഥിര താമസം) കാവാലത്ത് വച്ചു കണ്ട ഈ ചിത്രം അങ്ങ്ങ്ങനെ എനിക്ക് പ്രിയമാകുന്നു....

Wednesday, September 15, 2010

യാത്രകളും മടുക്കുന്നു


യാത്ര എന്നും രസമാണ്
ഒരു സത്യം -എത്ര വളര്‍ന്നാലും
യാത്രകള്‍ക്ക് വയസാകില്ല
ദേഹം തളര്‍ന്നാലും ഒരു യാത്രക്ക്
മനസ് തളരില്ല
അല്ലെങ്കില്‍ത്തന്നെ മനസാലെ നാം
എത്രയെത്ര യാത്രകളാണ് ചെയ്യുന്നത്


കുഞ്ഞുന്നാളില്‍.......
യാത്രാവേളകളില്‍
വണ്ടിയുടെ ജാലക സീറ്റ് കിട്ടാഞ്ഞാല്‍
സങ്കടമായിരുന്നു
കരഞ്ഞിട്ടുന്റ്റ്
പിന്നെ ആരെങ്കിലും
സീറ്റ് ഒഴിഞ്ഞു തരുമ്പോള്‍
കളിയാക്കിയാലും
മനസിന്റെ ആഹ്ലാദത്തില്‍
അതൊന്നും കേള്‍ക്കുമായിരുന്നില്ല


വലുതായപ്പോള്‍........
ആകാശ യാത്രകള്‍ ഏറെ
കടല്‍ കടക്കേന്റെങ്കില്‍ ,
ധൃതി പിടിച്ചു പോകേന്റെങ്കില്‍
ട്രെയിനിനെ ആശ്രയിക്കും
(അപ്പോളും ജനാല സീറ്റിനു പ്രത്യേകം എഴുതിക്കൊടുക്കും )
പക്ഷെ റോഡു യാത്രയാണിഷ്ടം
അതും സ്വയം ഡ്രൈവ് ചെയ്യാതെ-
അപ്പോള്‍ കാഴ്ചകള്‍ കാണാം

വയസായപ്പോള്‍ ........
യാത്രകള്‍ കുറവാണ്
ജനാല സീറ്റില്‍ ഇരുന്നുള്ള
യാത്രകള്‍ പ്രത്യേകിച്ചും
ഒഴിവാക്കുന്നതാണ് പലപ്പോഴും
കാരണം ,
എതിര്‍ നോട്ടങ്ങ്ങ്ങള്‍ തന്നെ
വന്റിയിലായാലും റോഡിലായാലും
ആളുകള്‍ നോക്കുന്നത് വയസനെ
പുച്ഛം പുരട്ടിയാണ്

ഇനി ഒരി രഹസ്യം -
(കൊച്ചിയിലെ പെണ്ണുങ്ങള്‍
കണ്ണിലേക്കു നോക്കുമെന്ന്
ഒരു കൌമാരക്കാരന്‍ പറഞ്ഞു
ഇങ്ങനെ നോക്കുന്ന പെണ്ണുങ്ങള്‍
മറ്റൊരു നഗരത്തിലും ഇല്ലത്രെ
അവന്‍ തന്നെ പക്ഷെ
എതിര്‍ പക്ഷവും പറഞ്ഞു
കൊച്ചി നിരത്തില്‍ കാണുന്ന പെണ്ണുങ്ങള്‍
മിക്കതും മറ്റു നാടുകളില്‍നിന്നു വന്നവരാണെന്ന് .
പക്ഷെ ഞാന്‍ പെണ്ണുങ്ങളുടെ കാര്യത്തില്‍
കവി അയ്യപ്പ പണിക്കര്‍ക്ക് ഒപ്പമാണ്
ഓര്‍മയില്ലേ ആ വരികള്‍
"വാരിയെല്ലില്‍ തീര്‍ത്ത മാരിവില്ല് " )

എന്റെ പ്രശ്നം അവരുടെ നോട്ടമല്ല
ഇടക്കിടെ അറവുമാടുകളെ കയറ്റിയ
വണ്ടികള്‍ പോകും
കോഴികളെ കുടുക്കിലാക്കിയവയും
മാടുകള്‍ നോട്ടം ഏറിയും
അത് എന്റെ കണ്ണില്‍ കൊള്ളുമ്പോള്‍
അത് നോട്ടമല്ല
എന്റെ കണ്ണില്‍
നെഞ്ചില്‍
ഹൃദയത്തില്‍
ബോധത്തില്‍
മനസാക്ഷിയില്‍
കൊള്ളുന്ന മൂര്‍ച്ചകളാണ്
സൂചിമുനക്കൊമ്പുകളാണ്
എനിക്ക് യാത്രകളും
മടുത്തു തുടങ്ങുന്നു.....


Friday, September 10, 2010

ഒരു ആശംസഓണത്തിന് എന്നെ ആസംസിച്ച
ഒറ്റയാള്‍ക്കും ഞാന്‍
ആശംസ അറിയിച്ചില്ല
അങ്ങനെ മൊബൈല്‍ കമ്പനികള്‍
മുതലാളിമാര്‍ ആവേണ്ടെന്നു കരുതി
എന്നാല്‍ ചെറിയ പെരുന്നാളിന്
ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു

അങ്ങനെ
മൊബൈല്‍ എടുത്ത്
ഇടത്ത് കൈയിനാല്‍ ഒരു
ആശംസയുടെ അച്ചു പെറുക്കി വച്ചു
(ഇടതു കൈയാണല്ലോ ഹൃദയത്തോട്‌
കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്)
അഡ്രെസ്സ് ബുക്കില്‍ ആകെയുള്ളത്
നാല്‍പ്പത്തൊന്നു മുസ്ലിം പേരുകള്‍ മാത്രം!!
ആരും മറുപടി അയച്ചില്ല
തിരക്കിലാവും

അങ്ങനെ മറ്റു ചിലരെയും ആശംസിച്ചു
ദുര്‍ഗാ ദത്തന്റെ മറുപടി-
നീ എന്താ മതം മാറിയോ
ലെനിന്‍ ചോദിച്ചു-
മറ്റാര്‍ക്കോ അയച്ചത് തെറ്റി എനിക്ക് വന്നോ
ഫിലിപ്പിന്റെ പരിഭവം-
ക്രിസ്മസിന് എനിക്ക് നീ ആശംസ അയച്ചില്ല


ഇടത്തെ കൈക്ക് സ്വാധീനം ഉണ്ടായിരുന്നതിനാല്‍
ജോസഫ് അയച്ച സന്ദേശം
എനിക്കും കിട്ടി
സക്കാത്ത് വാങ്ങാന്‍ ഞാന്‍ വരണോ
അതോ സക്കാത്ത് ഇങ്ങോട്ട് വരുമോ

Wednesday, September 8, 2010

ഹര്‍ത്താലും കാളകളും

ഇന്നെലെയഴിച്ചിട്ട നുകമെന്തെന്തേവന്നി-
ല്ലിന്നെന്റെ കഴുത്തിലെ താങ്ങൊത്ത ഹാരം പൊലേ
ഇന്നലെപ്പിണരായി വീണ ചാട്ടകളൊന്നും
ഇന്നിനിപ്പൊലിക്കില്ലെന്നാണോ പുറമ്പൊള്ളാന്‍
എന്താണു പണിയെല്ലാം മുടക്കിക്കിടപ്പാണോ
പുന്നെല്ലതെല്ലില്‍ കുത്തും മേലാളര്‍ക്കഹ്ലാദിക്കാന്‍
ഇന്നു നീ നടുനീര്‍ത്താല്‍ നാളെയാ‍ നേരം തോന്നാ-
മൊന്നുതെല്ലിളവേല്‍ക്കാന്‍ പുഞ്ചിരി വേണ്ടാ കന്നേ
ഇന്നു നീ ഉഴാപ്പാടം കൂടിയാ കൊച്ചമ്പറാ-
നൊന്നിച്ചങ്ങുഴുവിക്കും കര്‍മ്മകാണ്ഡമേ വെല്‍വൂ