Tuesday, July 19, 2011

പിന്‍ നിലാക്കാഴ്ച....

വര്‍ഷാന്ത ലഹരിയ്ക്കായിട്ടോ‍ര്‍മനീരു കുടിയ്ക്കവേ
മഞ്ഞിന്‍ തുണ്ടുകളോരോന്നായ് വീര്യം കൂട്ടാന്‍ തിടുക്കവേ
തെളിയും ചന്ദ്രികക്കപ്പോള്‍ നാണം പൂക്കുന്ന നൂറിതള്‍
തഴുകും തെന്നല്‍ വന്നെന്നെ പിറകോട്ടു നടത്തുകായ്....
പോയ വര്‍ഷാന്ത സന്ധ്യയ്ക്കാണാദ്യം ചൊല്ലിപ്പറഞ്ഞതും
തീയു പൊള്ളുന്നൊരച്ചൂടില്‍ നീയതേറ്റു പറഞ്ഞതും
ഓര്‍മകള്‍ക്കെന്തുതാനാകാം മറക്കാനും വിചിത്രമേ
പറയാനാര്‍ക്കു വയ്യാത്തൂ പ്രവൃത്തിക്കധികം പണി
ഇന്നു വീണ്ടും പ്രതിജ്ഞക്കൂ മടികൂടാതെ നില്‍പ്പു ഞാന്‍
ആവര്‍ത്തിച്ചു കരഞ്ഞാര്‍ത്ത നാദം കേള്‍പ്പിച്ചു ചൊല്ല്ലിടാം
ഇല്ലയില്ലൈനി മേലില്‍ ഞാന്‍ ഓര്‍മക്കുപ്പി തുറക്കുകി
ല്ലില്ല്ല ഞാനിനി ഈ വര്‍ഷം സ്വദിക്കില്ലൊരു തുള്ളിയും...
പിറകോട്ടു നടക്കില്ല വശത്തോട്ടാടുകില്ലിനി
നടക്കുംവഴി നേര്‍നോക്കി നാളെയേക്കൂളിയിട്ടിടും
അന്തക്കരണമിന്നും താന്‍ ഏറ്റു ചൊല്ലുന്നിതെന്നെ ഹാ!
അറിയില്ലാരു താന്‍ നേടും ചിത്തമോതാന്‍ ചരിത്രമോ....

december 27, 2009

ദേശപ്പെരുമ

ദേശം പണ്ടേ പ്രസിദ്ധം കവിത, കഥയെഴുത്താളുമെണ്ണം കുറച്ച-
ല്ലാരും ചൊല്ലിപ്പുകഴ്ത്തും മഹിതചരിത സര്‍ദാറ് കേയെം പണിക്കര്‍
ഐസീച്ചാക്കോ തുടങ്ങീട്ടനവധി‍, ‘കളി‘യായിട്ടിരാരിശ്ശി മേനോന്‍,
കാവാലം നാടകം,പിന്നിടയിലടിയനും, സ്രഗ്ധരാ പൂജ ചെയ്‌വൂ....സര്‍ദാര്‍ കെ എം പണിക്കര്‍, ഐ സി ചാക്കൊ, മണ്ടവപ്പള്ളി ഇട്ടിരാരിശ്ശി മേനോന്‍...കാവാലം നാരായണ പണിക്കക്ഷ്, അയ്യപ്പപ്പണിക്കര്‍, കാവാലം വിശ്വനാഥ കുറുപ്പ്........കാവാലം ശ്രീകുമാര്‍,,,,അങ്ങനെ എത്രയെത്ര പ്രതിഭകള്‍......

തീയില്ലാതാവി പൊങ്ങുന്നൊരു മഹിത സദാവിസ്മയം കാണുവാനി-
ക്കായല്‍ തീരത്തു, നേരം പുലരുമരുണിമഛായയില്‍, നോക്കി നില്‍ക്കാം
സാദം തീര്‍ക്കാനിരിക്കാമിവിടെ ഇളമരച്ചായ്‌വിലുച്ചക്കു, രാത്രി
ക്കാകാം വേണേലുറക്കം, പ്രക്രുതി കനിവൊരീ എന്റെ കാവാല ദേശേ....


പുലര്‍ച്ചെ ആ‍റ്റിന്‍ വക്കത്തു നോക്കി നില്‍ക്കുക..... വെള്ളത്തില്‍നിന്നും നീരാവി പൊന്തുന്നതു കാണാം (ഒരു ചായ ഊതിയൂതി കുടിക്കാന്‍ കൊതി തോന്നും ഉറപ്പ്) കിഴക്കു ചുവന്ന സൂര്യന്‍ തിരനോട്ടം നടത്തുന്നതും കാണാം....ഉച്ച നേരത്ത് തീരത്തു പോയി നില്‍ക്കുക... എല്ല ക്ഷീണവും പോകും....മരച്ചോട്ടില്‍ ചാരി ഇരുന്നാല്‍ ഉറങ്ങിപ്പോകും.... രാത്രിയിലും ഉറങ്ങാം...എന്തൊരു പ്രക്രുതി ഭംഗി.....

കണ്ടാനന്ദിക്കുവാനുള്ളൊരിട,മിവിടമാ,ണര്‍ക്കകാന്തിക്കു വര്‍ണം
സ്വര്‍ണം കൂട്ടുന്ന മണ്ണാണിവിടെ,യറുപതും നൂറുമേനീം എളുപ്പം
ഒന്നിന്നാര്‍ക്കാനുമാവില്ലെ,തിരു പറയുവാന്‍, കുട്ടനാടിന്റെ മെച്ചം
കൊണ്ടാണന്നം കിടയ്ക്കുന്നതു,മതിനു നടുക്കെന്റെ കാവാല ദേശം....

സ്വര്‍ണം വിളയുന്ന മണ്ണാണിവിടം.... കറുകറുത്ത മണ്ണില്‍ കരുമാടിക്കുട്ടന്മാര്‍ വിയര്‍പ്പൊഴുക്കി നൂറു മേനി നെല്ലു വിളയിക്കുന്നതു കൊണ്ടാണു കേരളം ചോറുണ്ണുന്നതെന്നു പറഞ്ഞാല്‍ തര്‍ക്കം പരയുമോ....

പണ്ടു പണ്ടു കളിവണ്ടിയോട്ടിയൊരു കാട്ടുപൊന്ത വഴിയുടെ ഞാ-
നിന്ന് നീളെ നടകൊണ്ടു കണ്ടു പല മാറ്റമെന്റെ ചെറു നാട്ടിലും
ഇണ്ടലുണ്ടു, കുതികൊണ്ടു,പാഞ്ഞു വികസിച്ചിടുന്നു പലതെങ്കിലെ-
ന്തില്ല ഭംഗി,യതിനില്ല സംശയമനന്തകാല നിലനില്പ്പതും

കാവാലം ചുണ്ടന്‍ വള്ളം

കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി .. കായല്‍ പൂ തിരകള്‍ ആര്പു വിളി തുടങ്ങി എന്നും, തോല്‍വി എന്തെന്നറിയാത്ത തല താഴ്ത്താനരിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുമായിരുന്നു മുമ്പ്. ഇപ്പോള്‍ ഓരോ ഓഗെസ്റ്റ് രണ്ടാം ശനിയാഴ്ചയും അടുക്കുമ്പോള്‍ പേടിയാണ് ....
കൂട്ടുകാര്‍ നെഹ്‌റു ട്രൂഫിയുടെ വിവരം അറിഞ്ഞു തോറ്റ കാവാലത്തിനെ കളിയാക്കുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമാ ...
നിങ്ങള്‍ക്കങ്ങനെ തോന്നാറുണ്ടോ...കാവാലത്തുകാരാ....
പണ്ടു പണ്ടു തുടര്‍ച്ചയായി 4 തവണ നെഹ്‌റു ട്രോഫി നേടിയ, സിനിമയില്‍ അഭിനയിച്ച കാവാലം ചുണ്ടന്‍ ...
കുട്ടിക്കാലത്ത് കൊച്ചു പുരയിലെ ആ ചുണ്ടന്‍ കാണാന്‍ വീട്ടുകാരെ ഒളിച്ചും കുട്ടുകാരെ കൂട്ടിയും ഒക്കെ കൊച്ചുപുരക്കലുള്ള വള്ളപ്പുരയില്‍ പോയി ചുണ്ടന്‍ ആദ്യമായ് തോറ്റ കാര്യം ഓര്‍ക്കുമ്പോള്‍ ഈ പ്രായത്തിലും ... 45 കഴിഞ്ഞു കേട്ടോ കുളിര് കോരുന്നു ... ലിസ്യോ പള്ളിയിലെ ഇടത്തോട്ടില്‍ പ്രാക്ടീസ് കഴിഞ്ഞു ഒതുക്കി ഇട്ടിരിക്കുന്ന വള്ളത്തില്‍ കയറാനുള്ള കൊതിയില്‍ പോകുമ്പോള്‍ മൂത്തവര്‍ വഴക്ക് പറയുമെന്ന പേടിയേക്കാള്‍ എനിക്കുണ്ടായിരുന്നത് പള്ളിയിലെ സെമിത്തേരിയില്‍ അടക്കം ചെയ്തവരുടെ പ്രേതങ്ങളെ ആയിരുന്നു ... നിങ്ങള്‍ക്കോ ??
പരമുള്ള സാറിന്റെ വള്ളപ്പാട്ടും, അറക്കല്‍ കറിയാച്ചന്‍, മത്സരത്തില്‍ കാവാലം വള്ളം തോല്‍ക്കുമെന്നായപ്പോള്‍ മുണ്ട് പറിച്ച് വീശി എതിര്‍ വള്ളത്തിലെ തുഴച്ചില്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു കാവാലത്തിനെ ജയിപ്പിച്ച കഥയും ഒക്കെ എന്ത് രസമായിരുന്നു ...

ചുണ്ടന്‍ വള്ളത്തിന്റെ വെടിത്തടി എന്നാല്‍ കതിനാവെടി പോലെ എന്തോ ആണെന്ന് ധരിച്ചിരുന്നതും അതിന്റെ മെക്കാനിസം കണ്ടപ്പോള്‍ അന്തിച്ചു നിന്നതും എന്തൊരു കൌതുകമാണിപ്പോഴും.

അരക്കൊത്ത് കൊത്തി തുഴഞ്ഞു പോകുന്ന ചുണ്ടനായിരുന്നു കലശം തുഴഞ്ഞു പോകുന്നവനെകക്കാള്‍ എനിക്കിഷ്ടം ... പക്ഷെ ചേട്ടന് എപ്പൊഴും കലശം തുഴയുന്നതായിരുന്നു താല്പര്യം ...നിങ്ങള്‍ക്കോ ???

നെഹ്‌റു ട്രോഫി ദിവസം രാവിലെ പള്ളിയരക്കാവില്‍ അമ്പലത്തില്‍ മാല ചാര്‍ത്താന്‍ വരുന്ന ചുണ്ടനെ കാണാനൊരു ഭംഗിയായിരുന്നു ... വിശുദ്ധനായ സബസ്ത്യാനോസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്തിക്കേണമേ എന്ന് പാടി തുഴഞ്ഞു പോകുമ്പോള്‍ കാവാലം ജയിക്കണേ എന്ന് പ്രാര്‍ത്ഥന നടത്താതാത്തവര്‍ ആ കരയില്‍ ഉണ്ടായിരിക്കില്ല..

പിന്നെ എപ്പോഴാണ് ആ സ്പിരിട്ടൊക്കെ പോയതാവോ ... പുതിയ വള്ളങ്ങള്‍ വന്നു ... കാവാലം ഒരിക്കല്‍ പുതുക്കി പണിതു ... പക്ഷെ നന്നായില്ല .. നടുഭാഗത്ത് എവിടെയോ ഒരു വണ്ണം കുടുതല്‍ .... പക്ഷെ ഇനിയും ഒന്ന് പുതിക്കി പണിയേന്റെ?? ... നമ്മുടെ ഒര്മയെങ്കിലും ??