Tuesday, July 19, 2011

കാവാലം ചുണ്ടന്‍ വള്ളം

കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി .. കായല്‍ പൂ തിരകള്‍ ആര്പു വിളി തുടങ്ങി എന്നും, തോല്‍വി എന്തെന്നറിയാത്ത തല താഴ്ത്താനരിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുമായിരുന്നു മുമ്പ്. ഇപ്പോള്‍ ഓരോ ഓഗെസ്റ്റ് രണ്ടാം ശനിയാഴ്ചയും അടുക്കുമ്പോള്‍ പേടിയാണ് ....
കൂട്ടുകാര്‍ നെഹ്‌റു ട്രൂഫിയുടെ വിവരം അറിഞ്ഞു തോറ്റ കാവാലത്തിനെ കളിയാക്കുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമാ ...
നിങ്ങള്‍ക്കങ്ങനെ തോന്നാറുണ്ടോ...കാവാലത്തുകാരാ....
പണ്ടു പണ്ടു തുടര്‍ച്ചയായി 4 തവണ നെഹ്‌റു ട്രോഫി നേടിയ, സിനിമയില്‍ അഭിനയിച്ച കാവാലം ചുണ്ടന്‍ ...
കുട്ടിക്കാലത്ത് കൊച്ചു പുരയിലെ ആ ചുണ്ടന്‍ കാണാന്‍ വീട്ടുകാരെ ഒളിച്ചും കുട്ടുകാരെ കൂട്ടിയും ഒക്കെ കൊച്ചുപുരക്കലുള്ള വള്ളപ്പുരയില്‍ പോയി ചുണ്ടന്‍ ആദ്യമായ് തോറ്റ കാര്യം ഓര്‍ക്കുമ്പോള്‍ ഈ പ്രായത്തിലും ... 45 കഴിഞ്ഞു കേട്ടോ കുളിര് കോരുന്നു ... ലിസ്യോ പള്ളിയിലെ ഇടത്തോട്ടില്‍ പ്രാക്ടീസ് കഴിഞ്ഞു ഒതുക്കി ഇട്ടിരിക്കുന്ന വള്ളത്തില്‍ കയറാനുള്ള കൊതിയില്‍ പോകുമ്പോള്‍ മൂത്തവര്‍ വഴക്ക് പറയുമെന്ന പേടിയേക്കാള്‍ എനിക്കുണ്ടായിരുന്നത് പള്ളിയിലെ സെമിത്തേരിയില്‍ അടക്കം ചെയ്തവരുടെ പ്രേതങ്ങളെ ആയിരുന്നു ... നിങ്ങള്‍ക്കോ ??
പരമുള്ള സാറിന്റെ വള്ളപ്പാട്ടും, അറക്കല്‍ കറിയാച്ചന്‍, മത്സരത്തില്‍ കാവാലം വള്ളം തോല്‍ക്കുമെന്നായപ്പോള്‍ മുണ്ട് പറിച്ച് വീശി എതിര്‍ വള്ളത്തിലെ തുഴച്ചില്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു കാവാലത്തിനെ ജയിപ്പിച്ച കഥയും ഒക്കെ എന്ത് രസമായിരുന്നു ...

ചുണ്ടന്‍ വള്ളത്തിന്റെ വെടിത്തടി എന്നാല്‍ കതിനാവെടി പോലെ എന്തോ ആണെന്ന് ധരിച്ചിരുന്നതും അതിന്റെ മെക്കാനിസം കണ്ടപ്പോള്‍ അന്തിച്ചു നിന്നതും എന്തൊരു കൌതുകമാണിപ്പോഴും.

അരക്കൊത്ത് കൊത്തി തുഴഞ്ഞു പോകുന്ന ചുണ്ടനായിരുന്നു കലശം തുഴഞ്ഞു പോകുന്നവനെകക്കാള്‍ എനിക്കിഷ്ടം ... പക്ഷെ ചേട്ടന് എപ്പൊഴും കലശം തുഴയുന്നതായിരുന്നു താല്പര്യം ...നിങ്ങള്‍ക്കോ ???

നെഹ്‌റു ട്രോഫി ദിവസം രാവിലെ പള്ളിയരക്കാവില്‍ അമ്പലത്തില്‍ മാല ചാര്‍ത്താന്‍ വരുന്ന ചുണ്ടനെ കാണാനൊരു ഭംഗിയായിരുന്നു ... വിശുദ്ധനായ സബസ്ത്യാനോസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്തിക്കേണമേ എന്ന് പാടി തുഴഞ്ഞു പോകുമ്പോള്‍ കാവാലം ജയിക്കണേ എന്ന് പ്രാര്‍ത്ഥന നടത്താതാത്തവര്‍ ആ കരയില്‍ ഉണ്ടായിരിക്കില്ല..

പിന്നെ എപ്പോഴാണ് ആ സ്പിരിട്ടൊക്കെ പോയതാവോ ... പുതിയ വള്ളങ്ങള്‍ വന്നു ... കാവാലം ഒരിക്കല്‍ പുതുക്കി പണിതു ... പക്ഷെ നന്നായില്ല .. നടുഭാഗത്ത് എവിടെയോ ഒരു വണ്ണം കുടുതല്‍ .... പക്ഷെ ഇനിയും ഒന്ന് പുതിക്കി പണിയേന്റെ?? ... നമ്മുടെ ഒര്മയെങ്കിലും ??

1 comment:


  1. ഞാൻ ജോമോൻ.,
    എനിക്കും വയസ് 45..
    ബാല്യകാലത്തേയ്‌ക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ അധികം വ്യത്യസ്തമല്ല എന്റെയും ഓർമകൾ.
    കാവാലം ചു്ണ്ടൻ.. മറുനാടുകളിൽ പോയി ഇതര ജില്ലക്കാരായ മലായാളികളെ സ്വയം പരിചയപ്പെടുത്തുമ്പോൾ അവരിൽ നിന്നുയരുന്ന ആദ്യ പ്രതികരണം. അതു കേൾക്കുമ്പോൾ എന്റെയുള്ളിൽ അഭിമാനം തിളച്ചുപൊങ്ങും.. കാവാലം ചുണ്ടൻ മറ്റു മലയാളികൾക്കില്ലാത്ത, നമ്മുടെ മാത്രം സ്വകാര്യ അഹങ്കാരം..
    വള്ളംകളി കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ട കായികവിനോദം കബഡിയായിരുന്നു. ഞാനൊരു കളിക്കാരനല്ലായിരുന്നു.. താങ്കളെയും ഞാൻ കണ്ടിട്ടുണ്ട് കബഡി കോർട്ടുകളിൽ.... ബ്ലൂസ്റ്റാറിന്റെ താരമായി..

    ReplyDelete