Monday, January 3, 2011

മൂന്നു പ്രണയകവിതകള്‍



സഖിയോട്

കണ്ണാണിടഞ്ഞതാദ്യം, കരിങ്കൂവള
ക്കണ്ണില്‍ ഞാന്‍ കണ്ടെന്റെ രൂപം- ചിരിച്ചു നീ
ചുണ്ടാണു ചോദിച്ചതാദ്യമെന്നാകിലും
നെഞ്ചകം മുമ്പേ ഉറപ്പിച്ചു-ദേവി നീ
നിന്റെ വാക്കെന്മനം തുള്ളിച്ചു നിന്‍ചിരി-
ക്കെന്തെന്തു മായികാ ശക്തിചേര്‍ത്താ മൊഴി
നിന്റെ ഗന്ധം, നിന്റെ നിശ്വാസവായുവിന്‍ തന്ത്ര-
മെന്‍ ഹൃദ്സ്പന്ദ താളമായ് തീര്‍ന്നുപോയ്
വാക്കുകള്‍ വാക്കിനെ മുട്ടിച്ചിരിച്ചതും
നോക്കിലാ നോക്കിനെ മുത്തിച്ചിരിച്ചതും
നീവരും നേരത്തു നീള്‍വഴിപ്പാതയില്‍
ആരുമുണ്ടാവാതിരിക്കാന്‍ കൊതിച്ചതും
നീയിടും കുപ്പായവര്‍ണമേതാകുമെ
ന്നൂഹിച്ചനാള്‍കളില്‍ ഞാനേ ജയിച്ചതും
എന്തെന്തു ചന്തമേറ്റീലില്ല ദേവി നീ-
യെന്തേ മറന്നുവോ പോന്നൊരാ നാള്‍ വഴി


തിരനോട്ടം

വിളക്കിന്‍ വെളിച്ചത്തു നീ നിന്ന നേരം
വിറയ്ക്കുന്ന നെഞചൊത്തു ഞ്ഞാനന്നു നിന്നു
ഒരിക്കല്‍ ‍ മിഴിക്കോണു പാഞ്ഞെന്റെ നേരേ
വരും കാത്തു നിന്നന്നിടയ്ക്കയ്ക്കു നൊന്തൂ

കനം വച്ചു കണ്ട്ഠം,മുറിഞ്ഞെന്റെ ചിത്തം

മറന്നന്നു നീ നിന്നൂ ദേവന്റെ മുന്നില്‍
മലര്‍ന്നൊട്ടു ദേവന്റെ കോവില്‍ കവാടം
മലര്‍പ്പൂ മിഴിപ്പൂവിലെന്തെന്തു ചന്തം

കരഞ്ഞേനെ ഞാനെന്നു വന്നോരു നേരം

കുനിഞ്ഞൊന്നു നീയോ നിവര്ന്നോരു നേരം

ചൊരിഞ്ഞെന്റെ നേര്‍ക്കൊന്നു നീയന്നു നോട്ടം
നിറഞ്ഞന്നുതാനെന്റെ ജീവന്‍ സഖീ കേള്


പ്രണയത്തിനു വയസ്സാകുന്നു

കുറ്റിയില്‍ പിടയുന്നിതവസാനത്തെ താളില്‍
മുപ്പത്തിയൊന്നും ചേര്‍ത്ത് പൂര്‍ത്തിയാക്കിയ വൃത്തം

ഇത്തിരി മഞ്ഞില് നേര്‍ത്തു പോവതു ദിനരാത്രം
വൃത്തിയില് വരയ്ക്കുന്ന ധനുവിന്‍ സ്വര്‍ണസ്സൂര്യന്

ആതിരനിലാവില് നീ ഊയലിന്‍ പടിയിന്മേല്

ചാരിയന്നൊരുപാട്ടു മൂളിയതോര്മിമിപ്പു ഞാന്‍

ആയത്തില്‍ മുന്നോട്ടന്നു പോകവേ മനസാല്‍ ഞാന്‍

വേഗത്തില്‍ പിന്നോട്ടാടാന്‍ വീര്‍പ്പുമുട്ടുകയായീ
അയലത്തേതോ ചാനല്‍ ഈണത്തില്‍ പാടിക്കേട്ടൂ

വീരനാം വിരാടന്റെ പുത്രന്‍ തന്‍ വിലാസങ്ങള്‍

അരികത്തെന്നും നീയെന്നൊപ്പമാണെങ്കില്‍ പൊന്നേ

അതുലം നിലാവില്‍ താനെന്നെന്നും നിമേഷങ്ങള്‍
വിലസും തെന്നല്ക്കുളിര്‍ ‍ വീചിയില്‍ തങ്ങിപ്പൊങ്ങു

ന്നിടയില്‍ സന്താക്ലോസിന്‍ ആഹ്ളാദക്കരോള്‍ ഗീതം

ഹൃദയം ലോകത്തിന്നു പൂര്‍ണമായ് സമര്‍പ്പിച്ച

വിമല സ്നേഹത്തിന്റെ ഉണ്ണിരൂപത്തിന്‍ സ്പര്‍ശം
പൊട്ടുന്നൂ പടക്കങ്ങള്‍ പാട്ടുകള്‍ക്കൊപ്പം നൃത്ത
ച്ചുറ്റുകള്‍ തിളക്കത്തില്‍ മധുരം പാനോത്സവം

തിക്കലും തിരക്കുകള്‍ ചേര്ക്കുന്നു രാജ്യാന്തര

ച്ചിത്ര വൈഭവം-ചിലര്‍ക്കൊക്കെയും ആഘോഷാഭം

കലണ്ടര്‍ മാറുന്നൊപ്പം വര്‍ഷമൊന്നധികമായ്

വയസും കൂടുന്നെന്നാലൊന്നു ഞ്ഞാനോര്മിക്കുന്നൂ

നമ്മുടെ പ്രണയത്തിനിന്നുമേല്‍ വയസ്സൊന്നു വന്നു
കൂടിയെന്നിപ്പോള്‍ മല്‍സഖി സന്തോഷിക്കൂ


കാവാലം ശശികുമാര്‍

kavalamsasikumar@gmail.com