Tuesday, May 1, 2012

ശതാഭിഷേകത്തിന്‍റെ തെയ്യത്തെയ്യം

ശതാഭിഷേകത്തിന്‍റെ തെയ്യത്തെയ്യം 

 


ഒരു പരിപാടിയില്‍ പ്രസംഗിച്ചയാള്‍ കാവാലത്തോടു തന്നെ ചോദിച്ചു, എത്ര വയസായെന്ന്.  ആംഗ്യഭാഷയില്‍ കാവാലം പറഞ്ഞു അതൊന്നും ഒരു കാര്യമല്ല, താങ്കള്‍ പറയാനുളളത് പറഞ്ഞുകൊളളൂ എന്ന്. കാവാലം നാരായണപ്പണിക്കര്‍ ശതാഭിഷിക്തനാകുന്നുവെന്നു പറയുമ്പോള്‍ ആരും അത്ഭുതപ്പെടും. കാരണം കാവാലത്തിനും നാടകത്തിനും എന്നും പുതുമയാണല്ലോ. 

കാവാലത്തുനിന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ഉജ്ജയിനിയിലും ഗ്രീസിലും എല്ലാമെല്ലാം ചുറ്റിത്തിരിഞ്ഞ് കാളിദാസനേയും ഭാസനേയും ഭവഭൂതിയേയും ഹോമറേയും ഷേക്സ്പിയറേയും മറ്റും അടുത്തറിഞ്ഞ് തനതായ സംഗീതവും നാടകവും തിരിച്ചറിഞ്ഞ് അവയുടെ സോപാനം കയറിയ ഈ വിശ്വകലാകാരന് കാവാലത്തെ ജനിച്ച മണ്ണിലേക്കുളള തിരിച്ചുവരവിന് ആധാരമെന്താണ്? അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു, “വേരുകള്‍, സ്വന്തം വേരുകള്‍ കണ്ടെത്തി, പാരമ്പര്യം തിരിച്ചറിഞ്ഞ്, പൈതൃകം സംരക്ഷിക്കാനുളള അടങ്ങാത്ത ആഗ്രഹം തന്നെ" യെന്ന്. അല്ലെങ്കില്‍ അവസരം കിട്ടുമ്പോഴെല്ലാം തന്‍റെ ഗ്രാമത്തിലേക്കു വരുന്നതെന്തിനാണ്? മധ്യവേനലവധിക്കാലത്ത് കഴിഞ്ഞ എട്ടുവര്‍ഷമായി കാവാലത്തെ കൊച്ചുകുട്ടികള്‍ക്കായി നാടന്‍ കലാവിജ്ഞാന-വിനോദ സമ്പാദനത്തിനു ദശദിന ക്യാമ്പ് (കുരുന്നു കൂട്ടം) നടത്തുന്നതെന്തിനാണ്? 


സമ്പന്നതയുടെ മുകളില്‍, അധികാരത്തിന്‍റെയും പ്രൌഢിയുടേയും നടുവില്‍ പിറന്ന ചാലയില്‍ തമ്പുരാക്കന്മാരില്‍ ഏറെ വ്യത്യസ്തനായിരുന്നു കുഞ്ഞുനാള്‍ മുതലേ നാരായണപ്പണിക്കരെന്ന് സമപ്രായക്കാരനായ, കുറച്ചുകാലം
സതീര്‍ത്ഥ്യനായിരുന്ന സുദര്‍ശനന്‍ പിളള പറയുന്നു, “കുട്ടിയായിരിക്കുമ്പോഴേ നാടുമുഴുവന്‍ ചുറ്റുമായിരുന്നു. വയലിലും കളപ്പുരകളിലും തൊഴിലാളികളുടെ വീടുകളിലും എല്ലാം കറങ്ങിനടക്കുക പതിവായിരുന്നു. അധികാരത്തിന്‍റെയും അയി ത്തത്തിന്‍റേയും കാലത്തായിരുന്നു അത്.” അതെക്കുറിച്ച് കാവാലം പറഞ്ഞതിങ്ങനെ - “കുഞ്ഞുനാളിലേ അങ്ങനെ ഞാന്‍ കേട്ട ഞാറ്റുപാട്ടും കളപ്പാട്ടും പൊലിപ്പാട്ടുമാണെന്‍റെ താളവും രാഗവും. നെല്‍പ്പാടത്തെ പണിക്കാരുടെ ജീവിതം ഞാന്‍ ഏറെകണ്ടു, അതെന്‍റെ അടിത്തറയായി; തനി നാടന്‍ സംസ്കാരത്തിന്‍റെ പാരമ്പര്യത്തിന്‍റെ പൈതൃകം. എന്‍റെ തുടര്‍ ജീവിതങ്ങളില്‍ ഞാനവ സമ്പന്നമാക്കി. സംഗീതനാടക അക്കാദമിയില്‍ ചുമതല കിട്ടിയ കാലത്ത് ഞാന്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് കലാകാരന്മാരെയും കലാരൂപങ്ങളേയും അടുത്തറിഞ്ഞു. മുടിയേറ്റവും തീയാട്ടും തെയ്യവും തിറയും പടയണിയും എന്‍റെ അടിസ്ഥാന സമ്പത്തിനെ കൂടുതല്‍ സാംസ്കാരികമാക്കി.”

കാവാലത്തെത്തിയാല്‍ ഒരു പ്രഭാത സവാരിയുണ്ട്. ഒപ്പം ആര്‍ക്കും കൂടാം. പിന്നെ നടത്തം, സംസാരം-അത്തരം വേളകളിലാണ് പലതും എനിക്കു കിട്ടിയിട്ടുളളത്. ഗ്രീസിലെ നാടക പര്യടനവിശേഷം, സിനിമയും നാടകവും തമ്മിലുളള യഥാര്‍ത്ഥ അകലം, സോപാനസംഗീത പൈതൃകം, നാടന്‍ പാട്ടിന്‍റെ തനിമ സംരക്ഷണം, അന്യം നിന്നുപോകുന്ന നാട്ടുപാരമ്പര്യം തുടങ്ങിയവ. 84
-ാം വയസിലെ ആ കാല്‍പെരുമാറ്റത്തിനൊപ്പം നില്‍ക്കുവാന്‍ പകുതി വയസുകാരന്‍ കിതക്കും. പലതും വിശദീകരിക്കെ അതിലാസ്യവും ഉഗ്രതാണ്ഡവവും സവാരിക്കിടെ പൊതുകവലയില്‍ അദ്ദേഹം അഭിനയിക്കും. നടവഴിയില്‍ എതിരെ ഒരാള്‍ ‘അറിയുമോ’ എന്നു ചോദിച്ചാല്‍ രണ്ടു കയ്യും കൂപ്പി ഒരു നമസ്കാരം; പിന്നെ ആ ആളെക്കുറിച്ച് ഒരു സൂചന ലഭിച്ചാല്‍ അദ്ദേഹത്തെപോലും അമ്പരപ്പിച്ചുകൊണ്ട് വീട്ടുപേരും വിളിപ്പേരും ബന്ധുക്കളുടെ വിവരവും ചോദിക്കുന്നതു കേട്ടാല്‍ അത്ഭുതപ്പെടും, ഇപ്പോള്‍ നാട്ടിലുളളവര്‍ക്കും അറിയാത്ത ക്യത്യമായ വിവരങ്ങള്‍ കയ്യിലുണ്ടാവും. നാട്ടറിവിന്‍റെ, നാടിനെ അറിയുന്നതിന്‍റെ തനിമയെ കാക്കുന്നതിന്‍റെ വൈഭവം.

കാവാലത്തിന്‍റെ നാടക
സംഘമായ സോപാനത്തിലെ ഓരോ കലാകാരനും പറയാനുണ്ട് ഗുരുവിനെക്കുറിച്ച്. നാടകക്കളരിയില്‍ നടനായും സംവിധായകനായും താളക്കാരനായും പാട്ടുകാരനായും അദ്ദേഹം കൂടെയുണ്ടാവും. 
അടുത്തിടെ തന്‍റെ ‘നിഴലായനം’ എന്ന നാടകം എറണാകുളത്ത് ടൌണ്‍ ഹാളില്‍ ആദ്യമായരങ്ങേറിയപ്പോഴദ്ദേഹം പറഞ്ഞു, “ഓരോ തവണ എന്‍റെ നാടകം കളിക്കാന്‍ തുടങ്ങുമ്പോഴും- ആദ്
യമായി ഒരു നാടകം അരങ്ങേറ്റുന്ന ഒരു സംവിധായകന്‍റെ ഉദ്വേഗങ്ങളാണെനിക്ക്.” നാടകം കളിച്ചുകഴിയും വരെ, അതിനോടുളള കാണികളുടെ പ്രതികരണം കാണുംവരെ അസ്വസ്ഥനായിരിക്കും 45 വര്‍ഷമായി രംഗകലയില്‍ നിത്യപ്രവര്‍ത്തകനായ അദ്ദേഹം ഓരോ പുതിയ അറിവും അത് ആരില്‍ നിന്നായാലും കിട്ടുമ്പോള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് വശത്താക്കുന്നത് കാണുമ്പോള്‍ കാവാലത്തിന് 84 ആയെന്ന് തോന്നില്ല, ഒരു നാലുവയസുകാരന്‍റെ കൌതുകം. ആരു പറയുന്നതും വിലയുറ്റതാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം - ‘ന മന്ത്രമക്ഷരം നാസ്തി.....’ 

‘തെയ്യത്തെയ്യം’ നാടകം ആദ്യം കളിച്ച് 25-ാം വര്‍ഷം തികഞ്ഞപ്പോള്‍, ആ നാടകം കാവാലം പിച്ചവച്ചുനടന്ന ചാലയില്‍ കുടുംബത്തിന്‍റെ തിരുമുറ്റത്ത് സോപാനം കലാകാരന്മാര്‍ അഭിനയിച്ചപ്പോള്‍, അതുകണ്ട് നാട്ടുകാര്‍ പറഞ്ഞു, ഇതാണു ഞങ്ങളുടെ സ്വന്തം നാടകം. കാവാലത്തിന്‍റെ അപ്പോഴത്തെ മനസ് വളരെ പണ്ട് അദ്ദേഹം എഴുതിയ ഒരു പാട്ടിന്‍റെ വരി തിരുത്തുകയായിരുന്നിരിക്കണം, “മുത്തുകൊണ്ടെന്‍റെ മുറം നിറഞ്ഞൂ, പവിഴം കൊണ്ടെന്‍റെ പറ നിറഞ്ഞൂ, ...നിറയാത്ത തൊരു പാത്രം മനസുമാത്രം..... ” എന്നാണു പാട്ട്. അന്ന് ആ മനസ് അന്നു നിറഞ്ഞു. ഇപ്പോള്‍ കാവാലത്തുകാര്‍ 84-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആ മനസ് നിറഞ്ഞുകവിയുകയായിരിക്കും. 

ശ്രീമദ് ഭാഗവതം സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്ക് മൊഴി മാറ്റുകയാണിപ്പോള്‍. ഈ വര്‍ഷം കുരുന്നുകൂട്ടത്തിലെ കുട്ടികള്‍ക്കായി എഴുതിയ നാടകം ‘ആം ക്രോം’ നല്‍കുന്ന സന്ദേശമിതാണ്- ഓരോരുത്തര്‍ക്കും ഓരോ കഴിവ്. അവ യൊന്നും നിസാരമല്ല. ‘കുയില്‍പാട്ട് കുയിലിനും തവളപ്പാട്ട് തവളകള്‍ക്കും....’ അവ പരസ്പരം നിര്‍ബന്ധിച്ചു പഠിപ്പിക്കാനോ മാറ്റാനോ പറ്റില്ല, പാടില്ല. അതാണു തനിമ. തനിമയുടെ സംരക്ഷണത്തിനു തപസു വേണം. വൈവിധ്യങ്ങളുടെ സമന്വയമാണ് സംസ്കാരം. അതിനു കാവല്‍ നില്‍ക്കണം. 

കുരുന്നുകൂട്ടം നടത്താന്‍ പലരും വലിയ വാഗ്ദാനങ്ങളുമായി കാവാലത്തെ സമീപിച്ചു, അദ്ദേഹം പറഞ്ഞു, “ഇല്ല, ഇതെന്‍റെ നാട്ടിലെ കുട്ടികള്‍ക്കാണ്. അവരുടെ നാട്ടില്‍ അവര്‍ക്കായി.” അവരിലെ പ്രതിഭയും കഴിവും തിരിച്ചറിഞ്ഞ് അദ്ദേഹം ഒരിക്കല്‍  പറഞ്ഞു, “ഇവരിലൂടെ നാടിന്‍റെ സംസ്കാരം നിലനില്‍ക്കും, വളരും, പോഷിപ്പിക്കപ്പെടും. അതുമതി, ധാരാളം.”

നര്‍മ്മത്തില്‍ ഗൌരവം നിറച്ച്, സാധാരണക്കാര്‍ക്കുവേണ്ടി, സംസ്കാരത്തിന്‍റെ വേരോട്ടമുളള താളവും ഈണവും ചുവടുകളും തെഴുപ്പിച്ച് അദ്ദേഹം രംഗപാഠം നല്‍കുന്ന ഓരോ നാടകവും നര്‍മ്മ ഭരിതമാണ്, ഫലിതങ്ങളാണ്. ഫലിതം എന്നാല്‍ നര്‍മ്മമെന്നല്ല കാവാലത്തിന്‍റെ വ്യാഖ്യാനം - “ഫലിക്കുന്നത് ഫലിതം.” ശരിക്കും മലയാളത്തിന്‍റെ ജനകീയ കവി കുഞ്ചന്‍ നമ്പ്യാര്‍ക്കു പിന്തുടര്‍ച്ചക്കാരന്‍. ഒരിക്കല്‍ കാവാലം പഴയ സംഭവം പറഞ്ഞു ചിരിച്ചു. 40 വര്‍ഷം മുമ്പ് അവനവന്‍ കടമ്പ പയ്യന്നൂരില്‍ കളിച്ചപ്പോള്‍ കാണികള്‍ വളഞ്ഞുവച്ച് എന്തിന് ഈ നാടകം സംവിധാനം ചെയ്തു എന്നു ചോദിച്ച കാര്യം. ഇപ്പോള്‍ അതേ തനതു നാടക അവതരണം കാളിദാസന്‍റെ നാട്ടിലുംഡല്‍ഹിയിലും ഒഡീഷയിലും പയ്യ ന്നൂരിലും ഒരേപോലെ സ്വീകരിക്കപ്പെടുന്നു. ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുന്നതിലേറെ അദ്ദേഹം ആസ്വദിക്കുന്നതും ആശ്വസിക്കുന്നതും അതിലാവണം. 

ഞങ്ങള്‍ പലരും കുട്ടിക്കാലം മുതലേ കാവാലം നാരായണപ്പണിക്കരെ ആശാന്‍ എന്നാണ് വിളിച്ചുപോന്നത്. ആശാനും ശിഷ്യനും തമ്മിലുളള ബന്ധത്തിന് ആഴം കൂടുമെന്നു തോന്നുന്നു സാറും വിദ്യാര്‍ത്ഥിയും തമ്മിലുളളതിനേക്കാള്‍. ആശാന്‍റെ ശതാഭിഷേക നിറവില്‍ ഏറെ അര്‍ത്ഥപൂര്‍ണ മായ ആ കവിതാവരികള്‍ തോന്നുന്നു - 
“ഗുരുലഘുലഘുഗുരു
ലഘുഗുരുഗുരുലഘു 
രണ്ടും കൊണ്ടേ ഗുണമറിയാം
രണ്ടും കൊണ്ടേ ദോഷവുമറിയാം
ഇരുളറിയാം വെളിവറിയാം, ഇരവറിയാം 
പകലറിയാം, രണ്ടും രണ്ടാണെങ്കിലും   
രണ്ടുമൊന്നാകും....”
ശതാഭിഷിക്തനാകുന്ന ആശാന് ശതകോടി പ്രണാമങ്ങള്‍.