Wednesday, July 20, 2011

ചൂട്ടു കത്തിച്ച വെളിച്ചം


നേരം പുലരുന്നു.. ആദ്യത്തെ ബോട്ടില്‍ തിരിച്ചു പോരണം. തലേന്നു രാത്രി വൈകിയാണ് തറവാട്ടിലെത്തിയത്.മഴ. സുഖമുള്ള മഴ. വെള്ളത്തില്‍ മഴപെയ്യുന്നത് നോക്കിയിരിക്കാന്‍ രസമാണ്. അങ്ങോട്ടുള്ള യാത്രയും ബോട്ടിലായിരുന്നു. അന്തര്‍വാഹിനിയില്‍ ഇങ്ങനെയാവണം-വെള്ളത്തിലൂടെ, മഴയിലൂടെ ബോട്ടില്‍ പോകുമ്പോള്‍ അങ്ങനെ തോന്നി. നാലുചുറ്റിലും അടിയിലും മുകളിലും ജലസാന്നിദ്ധ്യം. ചില്ലുജാലകത്തിലൂടെ കാണാം മഴ പെയ്തുകൊണ്ടിരുന്നു. . . .
സമയം പുലര്‍ച്ചെ നാലര. അടുത്തുള്ള അമ്പലത്തില്‍ പള്ളിയുണര്‍ത്തല്‍ കൊട്ട്. പണ്ടു നടന്ന വഴികള്‍.. അന്നു പാതിരാവിലും കറുത്തവാവിലും നടക്കുമായിരുന്നു, തെറ്റാതെ, വീഴാതെ. ഇന്നലെ പക്ഷേ സൂക്ഷിച്ച് അടിവെച്ചടിവെച്ചു നടന്നു.. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പെങ്ങള്‍ പറഞ്ഞു, വഴി നീളെ വെള്ളവും കുഴിയുണ്ടാകും. ഇതാ തീപ്പെട്ടി കയ്യില്‍ വെച്ചോളൂ. പുലര്‍ച്ചെ പോകുമെന്നു കേട്ടപ്പോള്‍ അമ്മയും തലേന്നു രാത്രി പറഞ്ഞു, വഴി സൂക്ഷിക്കണം. കുട്ടിക്കാലത്തും ഇതൊക്കെ കേട്ടിരുന്നു. അവരുടെ സങ്കല്‍പ്പത്തിലുള്ള വഴിയിലാണോ നടന്നത്. അറിയില്ല. ഒരിക്കല്‍ ജീവിതയാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, 80 ശതമാനം വഴിയും ശരിയായി. തെറ്റിയ 20 ശതമാനം ഏതെന്ന് അന്നു ചോദിച്ചില്ല. ചോദിക്കണം…
തീപ്പെട്ടി വേണ്ട മൊബൈല്‍ ഫോണിന്റെ ലൈറ്റുണ്ടെന്ന് പറഞ്ഞുവെങ്കിലും നിര്‍ബന്ധിച്ചു തീപ്പെട്ടി പിടിച്ചേപ്പിച്ചു പെങ്ങള്‍. ഇരുട്ടില്‍ ബോട്ടടുക്കണമെങ്കില്‍ ജെട്ടിയില്‍ നിന്ന് തീപ്പെട്ടി ഉരച്ച് വെട്ടം കാണിക്കണം.
തപ്പിത്തടഞ്ഞ് നദിക്കരയിലൂടെ. പമ്പയുടെ കൈവഴിയാണിത്. കാവാലത്തെത്തുമ്പോള്‍ അവള്‍ക്ക് പൂക്കൈതയാറെന്നാണ് പേര്. മനോഹരി, സുന്ദരി. കണ്‍തുറന്നിട്ടില്ല, അതോ പുലര്‍കാല ധ്യാനത്തിലോ. എന്തൊരു ശാന്തതയാണ് നദി അനുഭവിക്കുന്നത്. ഇടയ്ക്ക് ഏതോ മീന്‍ വെള്ളം കുടിക്കാനോ ഇര പിടിക്കാനോ പൊന്തിവന്ന ശബ്ദം. ഒരു തുഴ വെള്ളത്തില്‍ വീഴുന്ന നേര്‍ത്ത ശബ്ദവും കേള്‍ക്കാനുണ്ട്, വഞ്ചി കാണാനായില്ലെങ്കിലും.. ..
ഓരോന്നു ചിന്തിച്ച് പുഴവക്കിലൂടെ നടന്ന് ബോട്ടുജെട്ടിയിലെത്തി. ആരുമില്ല. പുതിയ പഞ്ചായത്തു സമിതിയുടെ ഭരണം തുടങ്ങിയിട്ടു വേണം സുന്ദരിയാകാന്‍ കാത്തിരിക്കുന്ന തെരുവുവിളക്ക്. അത് ആവുന്നത്ര പ്രകാശത്തില്‍ എന്നെ നോക്കി ചിരിക്കുന്നുവെന്നു തോന്നി. അതോ എന്റെ വേഷം കണ്ട് പരിഹസിച്ചതോ. ഗ്രാമസൌഭാഗ്യങ്ങള്‍ വിട്ട് തിരക്കുകളിലേക്ക് ഓടുന്നതിന്റെ പുച്ഛം. അതല്ലെങ്കില്‍ വല്ലപ്പഴുമെങ്കിലും വന്നുപോകുന്നതിന്റെ സന്തോഷം. . . ആറ്റിലേക്ക് ഇറങ്ങി നില്‍ക്കുന്ന ബോട്ടുജെട്ടിയില്‍ കയറി നിന്നു. ആകാശം, ജലം, ഭൂമി, വായു, പ്രഭാത വെട്ടം.. .. നിശ്ശബ്ദ സംഗമം...പഞ്ചഭൂതങ്ങളുടെ ഉജ്ജ്വല സാന്നിദ്ധ്യത്തില്‍ ആത്മീയ-ഭൌതിക ലയം.. .. ഹൃദയം നനഞ്ഞു.
ഒരു മൂലയില്‍ ഒരു ചൂട്ടുകറ്റ. പകുതി കത്തിത്തീര്‍ന്നത്. എനിക്കുമുമ്പേ ആരെങ്കിലും വന്നുവോ. അതോ തലേന്ന് അവസാനത്തെ ബോട്ടില്‍ വന്നിറങ്ങിയ ആളെ കൂട്ടാന്‍ വന്നവരാരെങ്കിലും കൊണ്ടുവന്നതാകാം. ഗ്രാമത്തിന്റെ ജ്വാല. വന്നിറങ്ങിയ ആള്‍ പരിഷ്കാരത്തിന്റെ ടോര്‍ച്ചോ മൊബൈല്‍ വെട്ടമോ മതിയെന്നു പറഞ്ഞിരിക്കാം. പട്ടണത്തില്‍നിന്നു വന്നയാള്‍ പഴയ ചൂട്ടുകറ്റയുമായി നിന്ന പഴഞ്ചനെ പഴിച്ചിരിക്കാം.. ..
ആ ചൂട്ടുകറ്റ ഒരുപാടൊരുപാട് കാലം പിന്നിലേക്ക് കൊണ്ടുപോയി. ഒരു ചൂട്ടുകറ്റ പിടിച്ചിട്ട് എത്രയോ നാളായി. ഒരു മോഹം തോന്നി- ആരും കാണാനില്ല. ചൂട്ടെടുത്തു. പാതിവെന്ത തല. കമനീയമായ നിര്‍മാണ ഭംഗി. എടുത്തു മണം പിടിച്ചു. തെങ്ങോലയുണങ്ങിയ മധുരം പുരണ്ട മണം. കരിയെടുത്ത് നരകയറിയ മീശയില്‍ പുരട്ടാന്‍ തോന്നി. കരിഞ്ഞ ഈര്‍ക്കില്‍ തുമ്പു ചവയ്ക്കാന്‍ തോന്നി.. .. ഇല്ല. ആരും കാണാനില്ല. കണ്ടാല്‍ എനിക്കു വട്ടാണെന്ന് ചിലപ്പോള്‍ തോന്നും. അവര്‍ നാട്ടുമ്പുറത്തുകാരല്ലേ, മനസില്‍ വച്ചേക്കില്ല. അതു പറഞ്ഞു നടക്കും, ഗ്രാമത്തില്‍ പരത്തും. എനിക്കു ചിരിപൊട്ടി.. .. ..
ചൂട്ടു പഴയതു പലതിലേക്കും കൂട്ടിക്കൊണ്ടുപോയി. സ്വാതന്ത്യ്ര സമരകാലത്തെ കുട്ടനാടന്‍ കഥകളിലേക്ക്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാവ് ഇം.എം.എസ് ചൂട്ടുവെളിച്ചത്തില്‍ നടന്ന കഥ. നക്സല്‍ പ്രസ്ഥാനവുമായി കെ. വേണുവും മറ്റും മോസ്കോ ദ്വീപില്‍ ചെന്ന കഥ. അടിയന്തിരാവസ്ഥയില്‍ ജനസംഘക്കാര്‍ പാടം കടന്ന കഥ. മീനാക്ഷിയരയത്തി കൈതോലപ്പായ വില്‍ക്കാന്‍ ചന്തക്കു പോയകഥ. വെള്ളപ്പൊക്കത്തില്‍ ചൂട്ടുമീന്‍ പിടിച്ച കഥ.നീലമ്പേരൂര്‍ പടയണിക്ക് പോയകഥ.. .. അക്കഥയിലെല്ലാം ചൂട്ടിന്റെ വെട്ടവും ചൂടും കരിയും പുകയും നിറഞ്ഞു നിന്നു.
ബോട്ടുവരാറായി. പെങ്ങള്‍ തന്ന തീപ്പെട്ടിയുണ്ട് കയ്യില്‍. മഴ നനഞ്ഞ ചൂട്ടു കത്തിച്ചു നോക്കിയാലോ. ഒന്നു പരീക്ഷിച്ചു. അകലെ ബോട്ടിന്റെ ഇരമ്പം. തീപ്പെട്ടിക്കൊള്ളികള്‍ എട്ടോ ഒമ്പതോ പാഴായി. ഇനി രണ്ടെണ്ണം ബാക്കി. ഭാഗ്യം പരീക്ഷിക്കണോ. ഒന്നുകൂടി. ഇല്ല തീപിടിച്ചില്ല. ഓര്‍മകള്‍ക്കു തീപിടിക്കും പോലെ ചൂട്ടില്‍ തീ കത്തില്ല. പക്ഷേ ഒരിക്കല്‍ തീപൂട്ടിയാല്‍ ഇടയ്ക്കിടെ വീശീയാല്‍മതി ആളിക്കത്തും. ഓര്‍മയും അങ്ങനെയാണല്ലോ. അവസാനത്തെ തീപ്പെട്ടിക്കൊള്ളി. ചൂട്ടുകത്തിയില്ലെങ്കില്‍ ബോട്ടടുക്കില്ല. യാത്ര മുടങ്ങും. സമയത്ത് ഓഫീസിലെത്താനാവില്ല. എങ്കിലും സാരമില്ല. ഒരിക്കല്‍കൂടി ഭാഗ്യ പരീക്ഷണം. പുഴയുടെ വളവു തിരിഞ്ഞ് ബോട്ടിന്റെ വരവ്. തീപ്പെട്ടിയില്‍ കൊള്ളി ഉരസി. ഒരു ശീല്‍ക്കാരം. അഭിലാഷം പോലെതന്നെ തീപിടിച്ചു. ചൂട്ടുകത്തുന്നു. വീശി. ആഞ്ഞു വീശി. എന്റെ മുഖവെട്ടം കണ്ടോ ചൂട്ടുവെളിച്ചം കണ്ടോ ബോട്ടടുത്തു. കത്തുന്ന ചൂട്ടുകറ്റയുമായി ബോട്ടില്‍ കയറുമ്പോള്‍ ജീവനക്കാരും യാത്രക്കാരും അത്ഭുതം കൂറി. ചൂട്ടുകളയാശാനെ-ആരോ പറഞ്ഞു. കുറേ പൊട്ടിച്ചിരികള്‍ കേട്ടു. മനസില്ലാ മനസോടെ ചൂട്ടുകറ്റ വെള്ളത്തിലേക്കെറിഞ്ഞു. ഒരു ശബ്ദം-ച്ശീീീ.. .. . ഒരു ശീ വിളി. ചൂട്ടിന്റേതെന്നു കരുതി. ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിഞ്ഞു. മൂന്നു പതിറ്റാണ്ടു മുമ്പ് കാവാലം ഗവണ്‍മെന്റ് യു പി സ്കൂളില്‍ ഒരു ബഞ്ചിലിരുന്നു പഠിച്ച രാധാകൃഷ്ണന്‍. പൊട്ടിച്ചിരിച്ചു, ഞങ്ങള്‍ ഒന്നിച്ച്. നിന്റെ പഴയ വട്ടൊന്നും ഇനിയും മാറിയിട്ടില്ലേ. കുശലം. എന്നെ അറിയാത്തവര്‍ എന്റെ ഭ്രാന്തിന് അടിവരയിട്ടു. രാധാകൃഷ്ണന്‍ കായലിലേക്കാണ്. കൃഷി നോക്കാന്‍. സ്വയം കൃഷിപ്പണി ചെയ്യുന്ന നല്ല കര്‍ഷകനാണയാള്‍. ഞങ്ങള്‍ കുറേ നേരം പഴയ കഥകളിലേക്ക് പുതിയൊരു ചൂട്ടു കത്തിച്ചു. ഒപ്പം കുട്ടനാട്ടിലെ കര്‍ഷക പ്രശ്നങ്ങളിലേക്ക്. ജീവിത വിഷയങ്ങളിലേക്ക്. നഗരത്തിലൂടെ സ്മാര്‍ട് സിറ്റിക്കും മറ്റും മുന്നിലൂടെ ഞങ്ങളുടെ വര്‍ത്തമാനം ചൂട്ടിന്‍ പുക ഉയര്‍ത്തിക്കൊണ്ടു പോയി.
കായലിലെ മൂലക്കുള്ള ബോട്ടു ജെട്ടിയില്‍ അവനിറങ്ങി. ഞാന്‍ തുടര്‍ന്നു. കാവാലം-ആലപ്പുഴ ബോട്ടുയാത്രയുടെ ഒന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല. വേമ്പനാട്ടുകാലയില്‍ രാത്രിയുടെ ആലസ്യം വിടാതെ ഹൌസ് ബോട്ടുകള്‍ ഒഴുകി മടങ്ങുന്നു, കരയിലേക്ക്. അതിനുള്ളില്‍ കാണും ചിലപ്പോള്‍ നാടു മാറി നഗരവാസികളായ കുട്ടനാട്ടിലെ പുതിയ തലമുറക്കാരും… ഞാന്‍ ചൂട്ടിന്റെ ചൂരു പിടിക്കാന്‍ ശ്രമിച്ചു... .. .. ..

മലയാളത്തിനു വേണ്ടി
മലയാഴികളതിരിട്ടൊരു സുരസുന്ദര ദേശം
മലര്‍ തൂമധു കിനിയുംപോലതിസുന്ദര ഭാഷ
ഹൃദതാളമൊടൊരുമിച്ചിരു മദമസ്തകമേറ്റീ-
ട്ടൊരുപാടിഹ പല നാളുകള്‍ വിലസീലിഹ നമ്മള്‍

മലയാളികള്‍, മലയാളവു, മലയാഴിയുമൊക്കും
ഭുവിസാഗരമതുപോലിതുമെതുനാട്ടിലുമെത്തും
പറയാനവ പലതുണ്ടുരു പെരുതായ വിശേഷം
പഴമക്കഥയതു പോയിതു പറവാനതി വിപുലം

പുതുനാമ്പുകളുയിര്‍ ചേര്‍പ്പതു മറുഭാഷകള്‍ കേട്ടും
വളരുന്നതു പലഭാഷയുടതി പീഡനമേറ്റും
തളരുന്നിതുമമഭാഷ,യിതറിവാന്‍ ഹത വൈകും
കുളിരേറ്റിന നറുഭാഷയിതവരോടഥയകലും

പലനാളുകള്‍ പലവേഷരിതഖിലം കുഴലൂതീ-
പല വേദിയിലുരുതാപമൊടഴലേറ്റി വിചിത്രം
മലയാളമിതതി ഭീഷണമതിവേഗമൊടയ്യോ
മറവാവിതു മലയാളികള്‍ മനതാരതില്‍നിന്നും

അതിനായൊരു പരിഹാരവുമുയിരേറ്റതുമില്ലാ
പല വൈഭവവിധഭാഷണമതിവിസ്മയ വാദം
പറയാമിതു നറുഭാഷയിതതി നിശ്ചയമോടേ
പുലരാനിഹ മനമേറ്റുക ദൃഢമായ പ്രതിജ്ഞ

മമ വാക്കുള്‍,ഹൃദിചിന്തക,ളെഴുതുന്നതുമെല്ലാം
മമ ഭാഷയിതതിലാകണമിതു മൌലിക വാദം
മറുഭാഷകളവചേര്‍ക്കണമിഖിലം ഹൃദിനിഷ്ഠം
മലയാളമിതതിനേകണമതിമുഖ്യ വിചാരം
Nov 2,2010

ജനിച്ചിടത്തേക്ക് തിരിച്ച്(കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വില്‍ പത്രത്തില്‍ എഴുതിവെച്ചൂ, തന്റെഭൌതിക ദേഹം ജന്മനാടായ കാവാലത്തെ തന്റെ പേരിലുള്ള മണ്ണില്‍അടക്കണമെന്ന്. അതു സംഭവിച്ചു. അപ്പോള്‍ പലരും അന്തിച്ചു-ഇതാണോകവിയുടെ നാട് എന്ന്. പക്ഷേ കവിയുടെ ന്മദിനവും (സെപ്റ്റംബര്‍ 12) നാലാം ചരമ വാര്‍ഷിക ദി
നവും (ആഗസ്റ്റ് 23) കടന്നുപോയി. ന്മ നാട്ടില്‍ ആരും അനുസ്മരിക്കാതെ !!!!)
അടക്കണം എന്നെ ജനിച്ച നാട്ടിലെ-
ക്കിടക്കയില്‍; മണ്ണിന്‍ മടിത്തടം-
നന്നായ് മിനുക്കണം, തൃണം-
വളര്‍ത്തണം, എനിക്കവയറ്റയില്‍
പുനര്‍ ജനിക്കണം
(കാടെവിടെ മക്കളേ എന്നു ഞാന്‍ പാടിയൊരു
കവിതകേട്ടാടണം കുഞ്ഞു ചെടിയൊക്കെയും)

ചിരിച്ച നാളില്‍ ഞാന്‍ വിളിച്ചുചൊല്ലീലാ,
ജനിച്ച ദേശപ്പേര്‍ എഴുതിച്ചേര്‍ത്തീലാ,
കുറിച്ചതൊക്കെയും പിറന്നനാടിന്റെ-
മികച്ചൊരക്ഷരപ്പുകള്‍ പുളകങ്ങള്‍.
'കുടുംബവൃത്താന്തം 'പുരാണമാക്കിഞാന്‍-
പടച്ചുവെച്ചതും പ്രിയനാട്ടിന്‍ പൊരുള്‍.
'കവിതക്കാര്‍ട്ടൂണില്‍ വരച്ചു ചേര്‍ത്തതും
കറകള,ഞ്ഞതിന്‍ നനുത്ത വൃത്താന്തം.
കരച്ചില്‍ കേള്‍പ്പിച്ചു കടന്നുപോയപ്പോള്‍
പരസ്പരം നോക്കീ-കവിയ്ക്കിതോ ദേശം?
(തങ്കച്ചന്‍ മരിച്ചപ്പോള്‍ പേടിയെ പേടിച്ചു)

പഠിച്ചിതേറെനാള്‍, പഠിപ്പിച്ചൂ കുറേ
കിടച്ചതൊന്നുമേ തികഞ്ഞതുമില്ല
കൊടുത്തു പിന്നെയും ശഠിച്ചു മേടിച്ചും
പഠിച്ചു ചൊന്നപ്പോള്‍ 'കുരുക്ഷേത്രക്കളം.
തിരിച്ചറിഞ്ഞതും, വരഞ്ഞുവെച്ചതും,
പഠിത്തമേറിയോര്‍ പിടിച്ചുവെച്ചതും,
വെളിച്ചം കണ്ടപ്പോള്‍ ചതിച്ചുകൊന്നതും,
വിജയം കൊണ്ടപ്പോള്‍ വിമര്‍ശം തീര്‍ന്നതും
'കുഠാകുവേപ്പോലെ മരക്കൂടുണ്ടാക്കി-
പ്പലര്‍ക്കുമാവാസ സുഖം പകര്‍ന്നതും
മരിക്കും മുമ്പേതാന്‍ 'മരണദേവനെ
മനസ്സറിഞ്ഞങ്ങു വിശിഷ്യാ 'പൂജിച്ചും
(ധരയുടെ ആഴത്തില്‍നിന്നുയരുന്നൂ
പ്രണവമായ് മൃത്യു മൃത്യു ജയ മൃത്യു മൃത്യു)
കവിത്വവൈഭവം സ്വയം ഹസിക്കാനായ്
കറുത്ത ചിത്രങ്ങള്‍ വരച്ച വാക്കതും
'പകലും രാത്രിയും മെടഞ്ഞ ജീവിത-
പ്പിണറില്‍ ചിന്നിയ വെളിച്ചം കാണിച്ചൂ;
മഹാശ്ചര്യം! കുത്തി നിറുത്തും സ്തംഭങ്ങള്‍
മുനിഞ്ഞു കത്തുന്ന വിളക്കു മാടങ്ങള്‍!!
(ഇനിയുള്ളകാലങ്ങളിതിലേ കടക്കുമ്പൊ-
ഴിതുകൂടിയൊന്നോര്‍ത്തുപോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മണ്ണിലുറയാത്ത മല,
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ)

അവിടെ വിശ്രമം, കൊളുത്തുവാനന്തി
ത്തിരി, നടത്തുവാന്‍ പ്രതിവര്‍ഷ സ്മൃതി-
ച്ചടങ്ങുപോ,ലതിന്നിവിടിന്നാളില്ല
കവി പറഞ്ഞതും കണിശമായിട്ടേ-
കവിത 'ഹൂഗ്ലിയില്‍ ഒഴുകിയിങ്ങനെ-
കവികളും കാഥികരും ഗ്രാമത്തിലെ വേരുകള്‍
സംരക്ഷിക്കാന്‍ പോയിരിക്കുന്നു
ഗ്രാമീണരോ, നഗരങ്ങളില്‍ അഭയം തേടി
എത്തിയിരിക്കുന്നു…’’
(ഈ കവിത 2010 ഒക്ടോബര്‍ 24 ലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ വന്നു...)

വലകള്‍ ചലിക്കുമ്പോള്‍


അയലത്തുണ്ടകലത്തങ്ങും
കേള്‍പ്പൂണ്ടാവേശ കീര്‍ത്തനം
വലയാരുടെയായാലും
ചലിക്കുമ്പോഴുള്ള ഘോഷണം

വലയില്പെട്ട പെണ്ണാള-
ന്നാത്മഹത്യക്കുറിപ്പതില്‍
എഴുതിച്ചേര്‍ത്തു;പൂവാലന്‍
വെബ്ബില്‍ വഞ്ചകനായതും


വലവീശി എറിഞ്ഞപ്പോള്‍
വാവച്ചന്നേറെ മോഹിതന്‍
കരയില്‍ വല ചേര്‍ത്തപ്പോള്‍
കണ്ണില്‍ മാത്രം പരല്‍കളി

വലകെട്ടി നടുക്കായി-
ട്ടൂര്‍ണനാഭന്‍ തപസ്വിയായ്
പലരും വഴിയാണിന്നെ-
ന്നൂണതുത്സവമാക്കണം

ഇരയായ് പെട്ട പൂമ്പാറ്റ-
ക്കുതുകം ചിറകിട്ടടി-
ച്ചിളകാന്‍ നോക്കവെദംഷ്ടം
വെളിയില്‍ കാണായ് ഭയംകരം!


വലയുന്നു വലക്കുള്ളില്‍
പ്രാണന്‍ പോകുന്ന വേദന
പിടയുന്നു കവിക്കുള്ളം
കൂട്ടതാര്‍ക്കൊപ്പമാകണം

കയ്യുയര്‍ത്തിയനക്കീടില്‍
പൂമ്പാറ്റക്കുഞ്ഞു ജീവിതം
മുകിലിന്‍ മുടിയേറ്റായി
പൂങ്കാറ്റായി ചമഞ്ഞിടും

കവിചിത്തം ഭ്രമിപ്പൂ ഹാ!
സദ്യവട്ടക്കൊതിക്കുളിര്‍-
മനസില്‍ തീര്‍ത്തു മോഹിക്കും
ചിലന്തിക്കെന്തു പോംവഴി

അഥവാ പൊടിമീന്‍ പോലും
കിട്ടാതന്നം മുടങ്ങുമാ
പാവം വാവയ്ക്കതത്താഴം
കിട്ടാന്‍ ഞാനെന്തു ചെയ്തിടും


പൂവാലന്നിരയായി തീര്‍ന്ന-
തെന്റെ നേര്‍പെങ്ങളല്ലയോ
അവളെപ്പോലായിരങ്ങള്‍-
ക്കാശയാവാനുമാ‍ര്‍ വരും

അറിയില്ലാര്‍ക്കുമാരാനും
പോരുമോ വന്‍ വലക്കെണി-
ച്ചതിയില്‍ നിന്നു മേലേറ്റാന്‍:
ലോകകപ്പിന്റെ ഗോളൊലി...

വിഷു ഫലം

കണികാണല്‍


മഞ്ഞയാല്‍ മരക്കൂട്ടം തോരണം കെട്ടിത്തൂക്കീ
കുഞ്ഞിളം വിഷുപ്പക്ഷി സ്വാഗതം നീട്ടിപ്പാടീ
സ്പഷ്ട നീലിമ നീക്കി മാനത്തെ മച്ചില്‍ നിന്നും
കൃഷ്ണ നിന്‍ വരവുണ്ടെന്നോതുന്നു മയില്പീലി

കൈനീട്ടം


കൊന്നക്കു തമ്പ്രാന്‍ നല്‍കീ കുന്നോളം വരാഹന്‍ ഹാ
കൊന്നയിന്നതു കോര്‍ത്തു നാട്ടാര്‍ക്കു കാണാന്‍ ചാര്‍ത്തീ
നന്നു നിന്‍ കൈനീട്ടമെന്നാര്‍ത്താര്‍ത്തു ജനക്കൂട്ടം
ഒന്നുമേ മിച്ചം വെയ്ക്കാതങ്ങറയ്ക്കുള്ളില്‍ തൂക്കീ

വെടി വെട്ടം


തൃശ്ശൂരെ പൂരത്തിന്റെ മുഖ്യമാം വെടിക്കെട്ടു
നിര്‍ത്തുവാന്‍ ഹര്‍ജീം പിന്നെ കോടതിക്കുരുക്കുകള്‍
പൊട്ടുന്നൂ അമിട്ടുകള്‍,അവര്‍തന്‍ വീട്ടില്‍ പോലും
മേടത്തിന്‍ പകര്‍ച്ചയില്‍- ലാത്തിരി വെട്ടം ഹൃദ്യം

വിഷുഫലം


അങ്ങേതോ മറുനാട്ടില്‍ തങ്ങുന്ന മണിക്കുട്ടന്‍
പൊങ്ങുന്ന മണിനാദം കേട്ടാണൊന്നുണര്‍ന്നത്
അമ്മയാണങ്ങെത്തല‘യ്ക്കെന്റെ മോന്‍ കണികണ്ടോ‘
എങ്ങനെ ചൊല്ലും കള്ളം-‘അമ്മേ ഞാന്‍ കണി കേള്‍പ്പൂ‘
April 14, 2010

കൊന്ന പൂത്തപ്പോള്‍

ഉണ്ണിയാര്‍ക്കുന്നു,പൂമുറ്റത്തു കതുറ-
ന്നൊന്നു പുലരി വിടര്‍ന്നേയുള്ളു
നോക്കമ്മേ, മുത്തശ്ശീ, മുത്തച്ഛാ നമ്മുടെ
വായ്ക്കും കണിക്കൊന്ന പുഞ്ചിരിച്ചൂ
വായ്കുരവ,കൂക്ക്,പേര്‍ക്കുന്ന സന്തോഷ-
ക്കൂത്തരങ്ങാക്കുന്നു മുറ്റമവന്‍

കേട്ടങ്ങുമുറ്റത്തു ചെന്നുനോക്കുമ്പൊഴോ
തേക്കമായോര്‍മകള്‍ തേട്ടിവന്നു

ഉണ്ണി തുളിക്കയായ് സന്തോഷത്തേന്മഴ-
ത്തുള്ളികള്‍ മേടവിഷുപ്പകര്‍പ്പില്‍
കണ്ണനെ കാണണം കണ്ണാടിവെക്കണം
പൊന്‍കണി വെള്ളരി ചേര്‍ക്കവേണം
തൂവെള്ളപ്പാല്‍നിറമാലുന്നൊരംബരം
ചേലിലാ ശ്രീഫലത്തിന്‍ തുടുപ്പും
ചമ്പാവരി,യതില്‍ ചേലിലൊതുക്കത്തില്‍
അംഗല്യച്ചെപ്പങ്ങടയ്ക്ക,വെറ്റ
കര്‍ഷകവേര്‍പ്പണി മുത്തുവിളയിക്കും
സ്വത്തെല്ലാം കണ്ണനു കാഴ്ചവെക്കാം
അക്കാഴ്ച കപൂട്ടിക്കാണിക്കും മുത്തശ്ശി-
ക്കയ്യാല്‍ ഞാന്‍ കൈനീട്ടി വാങ്ങിനില്‍ക്കും
മുത്തശ്ശന്‍,മുത്തശ്ശി,മറ്റുള്ള ബന്ധുക്കള്‍
ഒക്കെയും നല്‍കുന്ന വെള്ളി നാണ്യം
കൂട്ടിക്കിലുക്കി കുലുക്കി ഗുരുവായൂര്‍-
കണ്ണനു നല്‍കുവാന്‍ കാത്തുവെയ്ക്കും

ഈ വിഷുക്കാലത്തുമച്ഛന്‍ വരില്ലയോ
മുത്തശ്ശീ മുത്തശ്ശാ ചൊല്ലുകമ്മേ.. ..

**********
മുറ്റത്തെ കൊന്നപൂത്തന്നാ-
ളന്നാണമ്മ കരഞ്ഞത്
ഉണ്ണിക്കന്നറിയില്ലൊന്നും
മിണ്ടാറായില്ല കുഞ്ഞവന്‍

കൊന്നയന്നു ചിരിച്ചപ്പോള്‍
ഫോണില്‍ ബെല്ലുകരഞ്ഞുപോയ്
അങ്ങേത്തലക്കലെശ്ശോകം
ഇങ്ങു ബോധം മറച്ചുപോയ്
താങ്ങിനിര്‍ത്തിയതീ കൈകള്‍
താങ്ങായ് നിന്നവളോമന

മൂന്നാംനാള്‍ വന്നു, ഞെട്ടിക്കും
ദീനനാദമൊടാംബുലന്‍സ്
ഉണ്ണിക്കന്നൊന്നുമോര്‍ക്കാനു
ള്ളോര്‍മയുള്ളില്‍ പതിഞ്ഞിടാ

ഇന്നുമിങ്ങവനോടോതും
മുത്തശ്ശന്‍; അച്ഛനങ്ങതാ-
ഓരോ വിഷുവിനും നല്‍കും
വെള്ളിത്തുട്ടുകളൊന്നതില്‍
'അച്ഛനെന്മകനായ് നല്‍കാന്‍
അച്ഛന്നേല്‍പ്പിച്ച നാണയം'
തുച്ഛമാം നുണയെന്നാലും
കൊച്ചുദു:ഖം മറഞ്ഞിടും

കുഞ്ഞുനാവിന്‍ കൊച്ചുചോദ്യം
കേട്ടു കേള്‍ക്കാത്ത മട്ടതില്‍
ചെന്നുകാല്‍ നീട്ടി മുത്തശ്ശി
നാരായണ ജപിപ്പിതേ
*****
ഉണ്ണിയങ്ങനെ ചോദിച്ചീടവേ
കണ്ണുനീരിന്റെയുപ്പതും
മുത്തച്ഛന്നൊരു നീറ്റലായുള്ളില്‍
തൊയില്‍ ഗദം വിങ്ങിയോ

അങ്ങുദൂരത്തതിര്‍ത്തി കാക്കുന്ന
ധന്യധീരനാം യോദ്ധാവായ്
ഇന്നും വാഴുന്നു തന്മകനെന്ന്
കുഞ്ഞുമോനോടു ചൊല്ലുമ്പോള്‍
ഇന്നുഞാനും മനസ്സില്‍ വിശ്വസി-
പ്പാണു പൊന്‍മകന്‍ ജീവിപ്പൂ
അങ്ങുമാമല തന്നിലെ മഞ്ഞിന്‍
വെള്ളപൂശിയ വീഥിയില്‍
ശത്രുപക്ഷത്തെ സൂക്ഷ്മ നീക്കങ്ങള്‍
ഒത്ത ജാഗ്രതയോടവന്‍
നോക്കയാണുണ്ണീ കാക്കയാണവന്‍
തോക്കുമായ് നിന്നീ രാജ്യത്തെ

ഉണ്ണിചോദിക്കുമിങ്ങയല്‍പക-
ത്തുള്ള വീട്ടില്‍ പടക്കങ്ങള്‍
തിങ്ങും ശബ്ദത്തില്‍ പൊട്ടുമ്പോഴെന്തേ
നമ്മള്‍ക്കാ ഘോഷം വേയോ
ഉള്ളിലായിടനെഞ്ചിലായ് പൊട്ടു-
മോരോ ശബ്ദവും ശത്രുവിന്‍
തോക്കില്‍ നിന്നവന്‍ നെഞ്ചിലേറ്റിയ
ശൂര വിക്രമ സാഹസം

ഉണ്ണിക്കുത്തരംചൊല്ലാതപ്പൂപ്പന്‍
കണ്ണുതൂത്തു കടന്നുപോയ്
ഒന്നുപാളിയക്കപതിച്ചുവോ
ചില്ലുചിത്രത്തിന്‍ ഭിത്തിയില്‍

ഉണ്ണിയുത്തരം നേടാനായമ്മ-
യ്ക്കുമ്മയൊന്നു കൊടുത്തുപോയ്
*********
അമ്മക്കന്നു തിടുക്കമാരുന്നെത്ര
കണ്ണുനീര്‍വാര്‍ത്തു കാണുവാനമ്മുഖം
ഉണ്ണിവന്നു പിറന്നതും കുഞ്ഞവന്‍
ഇങ്കു ചോദിച്ചു നീട്ടിച്ചിരിച്ചതും
കത്തിലും പിന്നെ വാക്കിലും കേട്ടുകേ-
ട്ടെത്ര മോഹിച്ചു പാവം പുറപ്പെടാന്‍
ശത്രുവിന്‍ തോക്കു മിണ്ടാത്ത നാളിലേ
കത്തു കൂടാതെ കാലാള്‍ക്കു വിശ്രമം
ആ വിഷുക്കണി കാണുവാന്‍ നിശ്ചയം
ഞാന്‍ വരുമെന്നു ചൊന്നന്നുതൊട്ടുഞാന്‍
ഏതുപൊന്‍കണി വെക്കണം- കണ്ണനോ?
നേരിലുണ്ണിയോ? പൊന്‍കണിയാരുവാന്‍?
എന്നു ചിന്തിച്ചു, മോഹിച്ചു,കാമിച്ചു
തള്ളി നീക്കിയ നാളുകള്‍ക്കെത്രയാം
നാഴിക, ഹാ വിനാഴിക, നാഥ! നിന്‍
നാമവും രൂപമൊന്നുതാന്‍ സ്വപ്നവും

വന്നഫോണിന്റെ സന്ദേശമെന്തെന്നു
ചൊല്ലീലാരും കുഴപ്പമെന്തോ പറ്റീ
എന്നുമാത്രം കരുതിക്കഴിയുമ്പോള്‍
വന്നു പെട്ടിയൊന്നത്രതാനോര്‍മയില്‍
ഒന്നുകില്ലവസാനമാമുഖം
കവര്‍ ചൊല്ലി കാണാഞ്ഞതേ നല്ലൂ
എന്റെയോര്‍മയില്‍ സുസ്മേര സൌഭഗം
തന്നെയിന്നുമെന്‍ പൊന്‍കണിപ്പൂമുഖം

അന്നുമാഞ്ഞിതെന്‍ കുങ്കുമപ്പൊട്ടതും
വര്‍ണ വസ്ത്രവും കാമവും മോഹവും
ഇന്നു നീ മാത്രമെന്‍ ജീവനൌഷധം
എന്നുമെന്‍പുണ്യമാകുന്നിതുണ്ണിനീ

ഉണ്ണിയെങ്ങനെ ചൊല്ലും ഞാന്‍ നിന്നോടി-
ന്നിന്നു സത്യം, ഹാ എത്രനാള്‍ കള്ളവും
എങ്കിലും ഞാന്‍ പറയാം നീ കണ്ണനെ-
കാമതുപോലെ കാണുനീ അച്ഛനെ
എന്‍കണി നീ,യെന്‍ കണ്ണു നീ കാമുഞാ-
നിന്നു നിന്നിലൂടച്ഛനെ; നാഥനെ

കൊന്ന പുഞ്ചിരി തൂകിയോ, മഞ്ഞയില്‍-
തന്നു ചാലിച്ചു, സക്തി വിരക്തിയും
ഇന്നു ഞാന്‍ നീട്ടുമെന്‍ വിരല്‍ തുമ്പുകള്‍-
ക്കെന്തു സാന്ത്വനം നല്‍കുവാനാവതും
ഇന്നു ഞാനോ കൃതാര്‍ത്ഥനെന്‍ കൊമ്പിലി-
ന്നിങ്ങുവന്നൊരൂഞ്ഞാലിട്ടതോര്‍മയാല്‍
ഒന്നുതാരാട്ടി വെക്കമുറക്കിയോ
മെല്ലെയോര്‍മയെ തൊട്ടങ്ങുണര്‍ത്തിയോ

അങ്ങു കോണില്‍ ചിലപ്പൂ വിഷുപ്പക്ഷി
മഞ്ഞചുറ്റി, മഷിയിട്ട കണ്ണുമായ്
ഉണ്ണിയെനോക്കി ഉമ്മവെക്കാന്‍ കൊതി-
ച്ചിന്നു നീളുന്ന പ്രാതസൂര്യക്കതിര്‍

ഉണ്ണിക്കുത്തരം വേണ്ട,വന്‍ മേളിപ്പൂ
ഉത്തരം, ചോദ്യമില്ലാത്ത കേളിയില്‍.
April 16, 2010

ഉണങ്ങിയ ആനപ്പിണ്ടത്തിന്റെ മണം-2

അപ്പോള്‍ ആന കഥകളികാണുന്നതോ?

അതെ എന്തൊരു ഭംഗി. ബാലെയും നാടകവും ഗാനമേളയും നടക്കുന്ന അമ്പലപ്പറമ്പ്. മഞ്ഞുവീണ് നേരിയ നനവുവന്നിട്ടുള്ള പുല്‍ മൈതാനിയില്‍ മോടിയുള്ള വസ്ത്രത്തില്‍ ചെളി പുരളാതിരിക്കാന്‍ കാണികള്‍ വിരിച്ചിരുന്ന പഴയ പത്രക്കടലാസുകളെങ്ങും പാറിക്കിടക്കുന്നു. നാട്ടുകാരുടെ വായനാശീലവും വൈധിദ്ധ്യവും അളക്കാം അവിടെ. ഏതേതെല്ലാം പത്രങ്ങള്‍. .. സന്തോഷ്മാധവന്‍, കേണല്‍ മോഹന്‍ലാല്‍, തടിയന്റവിടെ നസീസര്‍, സൂഫിയാ മദനി, മുല്ലപ്പെരിയാര്‍ ഡാം, പെട്രോള്‍ വിലവര്‍ദ്ധന, മൂന്നാര്‍.. .. .. അങ്ങനെ വൈവിധ്യമുള്ള വിഷയങ്ങള്‍.. .. ..
പണ്ട് ഉത്സവം കഴിഞ്ഞാല്‍ കൊച്ചുവിമാനങ്ങള്‍ ആയിരുന്നു നിറയെ. കപ്പലണ്ടി പൊതിഞ്ഞു കിട്ടുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വിമാനങ്ങള്‍. സ്റേജിനു മുന്നില്‍ കയര്‍കെട്ടി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി വേര്‍തിരിച്ചിരുന്ന കാഴ്ചക്കാര്‍ക്കിടയില്‍ പെകൂട്ടത്തിലേക്ക് പറന്നുയര്‍ന്നിരുന്ന കടലാസു റോക്കറ്റുകളും വിമാനങ്ങളും എത്രയെത്രയായിരുന്നു. രാഗവും അനുരാഗവും വികാരവും നിറച്ച ആ പറക്കും തളികകള്‍ ഇന്നില്ല. പകരം എസ്എംഎസ്സുകളാണ്. അമ്പലപ്പറമ്പില്‍ കലാപരിപാടികള്‍ കാണാന്‍ ആള്‍ത്തിരക്കില്ല. വീട്ടിലെ ഈസി ചെയറില്‍ കിടന്നു കാണാന്‍ ടിവിയുള്ളപ്പോള്‍ എന്തിന് അമ്പലപ്പറമ്പ്.
കഥയറിയാതെയും ആട്ടം കണ്ടിരുന്ന കാലം. നളനും ദമയന്തിയും കൊട്ടാരക്കഥകള്‍ക്കു പകരം ചോര്‍ച്ചയില്ലാതെ കെട്ടിയ ചുമരുള്ള വീടിന്റെ കഥകള്‍ പറയുന്നതു കേട്ട് തലയാട്ടിയും ഉറങ്ങിയും കഴിഞ്ഞ നാളുകള്‍....
കേള്‍ക്കുന്നുണ്ടോ ആ പദം.. .. .. അജിത ഹരേ കൃഷ്ണാ മാധവാ....

ഒരു ഉപകഥ- ഉത്സവത്തിന്റെ തിരക്കില്‍ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയതാണ് അച്ഛന്‍. മക്കളേയും ഭാര്യയേയും കൂട്ടി അമ്പലപ്പറമ്പില്‍. കുറച്ചു ചുറ്റിക്കറങ്ങി ബലൂണും കാറും മറ്റും മറ്റും വാങ്ങിയശേഷം മടങ്ങി എത്രയും വേഗം മടങ്ങാനുള്ള ധൃതിയിലാണ് അച്ഛന്‍. സ്റേജില്‍ കഥകളി. എട്ടു വയസുകാരന്‍ മകനു കുറച്ചു നേരം കൂടി അമ്പലപ്പറമ്പില്‍ നില്‍ക്കണമെന്നുണ്ട്. കാരണം സമ പ്രായക്കാര്‍ ബലൂ തട്ടിക്കളിക്കുന്നു. അവന്‍ പറഞ്ഞു നമുക്കു കുറച്ചു നേരംകൂടി കഥകളി കാണാം. സ്റേജിനഭുമുഖമായി കുറച്ചകലെ ആന വിശ്രമിക്കുന്നു. പനമ്പട്ടകൊണ്ട് ഇച്ചയെ ആട്ടിയും ഇടക്കിടെ ചവച്ചും അവന്‍ ചെവിയാട്ടിയും തലയാട്ടിയും കാല്‍മാറ്റിച്ചവുട്ടിയും കളിക്കുന്നുണ്ട്. എങ്ങനെയും വീട്ടിലേക്കു പോകണമെന്ന ധൃതിയില്‍ അച്ഛന്‍ ബഹളം കൂട്ടി. അമ്മയും. മകനെ പിന്തിരിപ്പിക്കാന്‍ അച്ഛന്റെ ചോദ്യം- നിനക്കറിയാമോ എന്താണു കഥയെന്ന്. കഥയറിയാതെ ആട്ടം കാണാന്‍ നിന്നിട്ടെന്താണു കാര്യം. കാലം മാറിയതിന്റെ കഥയായിരുന്നു മറുപടിയില്‍.
മകന്‍ ചോദിച്ചു. അച്ഛന്‍ ആനയെ കണ്ടോ? നോക്കിക്കേ. അവന്‍ കഥകളി കാണുന്നത്. തലയാട്ടി രസിക്കുന്നത്. കഥ മനസിലായിട്ടാണോ? കേട്ടുനിന്നവരുടെ പൊട്ടിച്ചിരിക്കിടെ അച്ഛന്റെ മനസില്‍ മകനെക്കുറിച്ച് അഭിമാനം വന്നോ അതോ പെരുന്തച്ചന്‍ കോംപ്ളക്സ് വളര്‍ന്നുവോ.....
ഒരു വളക്കിലുക്കം പോലെയാണോ ഭാര്യ ചിരിച്ചത്....

ഇത്തവണയും വേലകളിച്ചു

ഇത്തവണ ഉത്സവത്തിന് പോയപ്പോള്‍ എട്ടാം ഉത്സവത്തിലെ വേലകളി ശരിക്കും ആസ്വദിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ അവരുടെ ചുവടുകള്‍ക്കൊപ്പിച്ച് വായ്ത്താരി ചൊല്ലി നടക്കുമ്പോള്‍ ആനന്ദമായിരുന്നു. ഒപ്പം ഒരു ഖേദവും- പണ്ട് ബാല്യത്തില്‍ വേലക്കു പിന്നില്‍ നിന്ന് താളം പിടിക്കാന്‍ ഉണ്ടായിരുന്ന തിക്കും തിരക്കുമില്ല. അന്നൊക്കെ ഒരു കൊടി കയ്യില്‍ കിട്ടാന്‍ കൊതിയും അതിനുള്ള മത്സരവുമായിരുന്നെങ്കില്‍ ഇന്ന് രണ്ടു കയ്യിലും കൊടിപിടിച്ച് വായ്ത്താരി പറയുമ്പോള്‍ ആ ശബ്ദത്തിനു മുഴക്കം കുറവായിരുന്നു. പിന്നെ ഒരാശ്വാസം തോന്നി, അച്ഛന്റെ പ്രായമുള്ള മുണ്ടടി മണിയന്‍ ചേട്ടനും മൂത്ത ചേട്ടനൊപ്പമുള്ള പൂതിയോട്ടു കുട്ടപ്പായി ചേട്ടനുമൊപ്പം വേലക്കു പിന്നില്‍ നിന്നപ്പോള്‍ എന്റെയൊപ്പം തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഏറ്റു പറയാന്‍ എന്റെ രണ്ടു മക്കളുമുണ്ടായിരുന്നു, 11-ഉം എട്ടും വയസുകാര്‍, ആണും പെണ്ണും. അവര്‍ മാത്രമല്ല വേറേ ഏതാനും കുട്ടികളും…. ആവൂ, ആശ്വാസമാകുന്നു. . . . വേലകളിക്കാന്‍ വന്നവിരിലും യുപി സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ കണ്ടു. ഇല്ല നമ്മുടെ കലകളും സംസ്കാരവുമൊന്നും അങ്ങനെയങ്ങ് മമറയില്ല.. .. ..

വേലകളിഃ കലയുടെ ആഘോഷം

ആനച്ചമയത്തില്‍ പ്രതിബിംബിച്ച് നിങ്ങള്‍ ഒരു നൃത്തം കണ്ടിട്ടുണ്ടോ? ചെറുകാറ്റിന്റെ കുഞ്ഞിക്കൈകള്‍ താലോലിക്കുമ്പോള്‍ ജലപ്പരപ്പില്‍ ഉണ്ടാകുന്ന അലച്ചാര്‍ത്തില്‍ അമൂര്‍ത്ത ബിംബങ്ങളുടെ ആയിരവും പതിനായിരവും വേഷങ്ങള്‍ ഒന്നിച്ചു നൃത്തമാടുന്നതു കണ്ടിട്ടുണ്ടോ? അങ്ങനെ കാണുമ്പോഴാണ് ഈ കലക്ക്, വേലകളിക്ക് കാണാന്‍ കൌതുകവുമേറുക. വേദിയുടെ മൂന്നുപുറവും പിന്നെ കാണികളുടെ നാലാം തടസവും നീക്കി നിലത്തിറങ്ങുന്ന ഒരു കല. താളവും വാദ്യവും നൃത്തവും മെയ്യഭ്യാസവും വേഷവും ഒന്നിക്കുന്ന കലയുടെ ആഘോഷമാണ് വേലകളി.
എഴുന്നള്ളി നില്‍ക്കുന്ന ഭഗവാന്റെ തിടമ്പേറ്റിയ ആനക്കു മുന്നില്‍ കളരിച്ചുവടുകളും പടക്കളത്തിലെ അടവുകളും പയറ്റുന്ന ഇവര്‍ക്ക് ഒരേ രൂപമാണ്. അതുകൊണ്ടുതന്നെ ആനച്ചമയത്തിലെ നെറ്റിപ്പട്ടത്തില്‍ മുഴുപ്പുള്ള കുമിളകളില്‍ മിഴിയുന്നവര്‍ക്കും ഒരേ രൂപം. ഇതു തിരുമുമ്പില്‍ വേലയുടെ വേളയാണ്.
ഈ വേലകളിക്കാര്‍ കണ്ണെഴുതിയിരിക്കും. നെറ്റിയില്‍ ചന്ദനക്കുറി. അരയില്‍ അരപ്പട്ടയോ കച്ചയോ കാണും. ബഹുവര്‍ണമല്ല വേഷം. പക്ഷേ കമനീയം. തലപ്പാവുണ്ടാകും. കയ്യില്‍ തോള്‍വള, കഴുത്തില്‍ മണിമാലകള്‍. അധികഭാരമില്ലാത്ത ആഭരണങ്ങള്‍ക്ക് ആയിരമിരട്ടിയാവും ചന്തം. കയ്യില്‍ അലങ്കാരിഭരിതമായ പരിചയും ചുരികക്കോലും. ചിലപ്പോള്‍ വെട്ടിത്തിളങ്ങുന്ന വാളുകളും കാണാറുണ്ട്.
പിന്നില്‍ മദ്ദളം, ഇലത്താളം, കുറുങ്കുഴല്‍, തപ്പ് (ചിലെടങ്ങളില്‍ ചെണ്ടയും കൊമ്പും കാണാം) എന്നിവയുതിര്‍ക്കുന്ന കര്‍ശനമായ താളക്രമം. അതിനൊപ്പം ഉത്സവപ്പറമ്പിലെ കാണികളും ആരാധകരും കരക്കാരും ചേര്‍ന്ന് ഉച്ചത്തില്‍ ഉതിര്‍ക്കുന്ന വായ്ത്താരിയും അവര്‍ താളത്തില്‍ തുള്ളിക്കളിക്കുന്ന ഉത്സവക്കൊടികളും. വായ്ത്താരിക്കും വാദ്യങ്ങള്‍ക്കുമൊപ്പിച്ച് വേലക്കാര്‍ ചുവടുവച്ച് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചലിക്കുകയാണ്. മുന്നില്‍ നില്‍ക്കുന്ന നായകന്റെ- സേനാപതിയുടെ- കാല്‍ച്ചുവടും കൈച്ചലനവും അതേ പടി നെല്ലിട തെറ്റാതെ അനുയായികളും അനുകരിക്കുമ്പോള്‍ പ്രകടമാകുന്ന ഏകീഭാവത്തിനു വര്‍ണനാതീതമായ സൌന്ദര്യമാണ്. അത് സൈന്യത്തിന്റെ അച്ചടക്കവും ചിട്ടയും കൃത്യതയും എല്ലാമെല്ലാം സ്ഫുരിപ്പിക്കുന്നു. (ഇന്ന് റിപ്പബ്ളിക് ദിനത്തില്‍ ദല്‍ഹിയില്‍ പട്ടാളവും സ്വാതന്ത്യ്ര ദിനത്തില്‍ സംസ്ഥാനങ്ങളില്‍ പൊലീസും നടത്തുന്ന പരേഡുകള്‍ക്ക് എത്രയോ കാലം മുമ്പ് ഈ കമനീയ ദൃശ്യം നിലനിന്നിരുന്നുവെന്നാലോചിക്കുക.)
അതില്‍ കളരിപ്പയറ്റിന്റെ മെയ്വഴക്കമുണ്ട്. കരസേനയുടെ കൌശലങ്ങളുണ്ട്. കളരിയഭ്യാസിയുടെ കൈക്കരുത്തുണ്ട്. കമനീയമായ ഒരു കലയുടെ കാഴ്ച്ചത്തികവുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ അമ്പലക്കുളത്തിന്റെ കരയിലാണ്. അമ്പലക്കുളങ്ങരയിലെ ഈ വേലക്കാരുടെ ലീല കുളത്തില്‍ വേലയെന്നാണറിയപ്പെടുന്നത്. കണ്ണാടിപോലുള്ള ജലാശയത്തില്‍ തെളിയുന്നത് തുല്യ ശക്തിയുള്ള 'എതിരാളികളാ'ണ്. ആരും ജയിക്കുകയും തോല്‍ക്കുകയും ചെയ്യാത്ത ഒരു 'യുദ്ധമുറ'യാണവിടെ നടക്കുന്നത്. ആ പരിശീലനത്തില്‍ കളിക്കാര്‍ക്ക് സ്വന്തം കഴിവില്‍ അഭിമാനിക്കാനും വീഴ്ചയില്‍ തിരുത്താനുമുള്ള അവസരമൊരുങ്ങുന്നു. കാഴ്ചക്കാര്‍ക്ക് അത് ബിംബവും പ്രതിബിംബവും ഓളപ്പരപ്പിലെ അസംഖ്യം പ്രതിബിംബങ്ങളും എല്ലാം എല്ലാം ഒന്നായിച്ചേരുന്ന അദ്വൈത ദര്‍ശനമാകുന്നു. ഈ കലയുടെ ആത്മീയ ദര്‍ശനം അതാണ്. എല്ലാം ഒന്നാണെന്ന ഏകാത്മ ദര്‍ശനം.
ക്ഷേത്രമൂര്‍ത്തിയുടെ മുന്നില്‍ നടക്കുന്ന ഈ കലാ പ്രകടനം രാജഭരണകാലത്തെ പാരമ്പര്യ സൈനിക വിഭാഗമായിരുന്ന നായന്മാരുടെ പരിശീലന കലയായിരുന്നിരിക്കണം. സൈന്യത്തിലേക്ക് ആളെ കൂട്ടാനും സൈനികര്‍ക്ക് ആള്‍ക്കൂട്ടത്തിലെത്താനും ഉള്ള ഉപാധികൂടിയായിരുന്നിരിക്കണം ഈ കല. അമ്പലപ്പുഴയാണ് വേലകളിയുടെ ഈറ്റില്ലമെന്നാണ് തെളിഞ്ഞിരിക്കുന്നത്. അമ്പലപ്പുഴ രാജാവിന്റെ സൈനിക പരിശീലകനായിരുന്ന മാത്തൂര്‍ പണിക്കരാണ് ഈ കലയുടെ ജനകനെന്നും. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ചേര്‍ത്തല ദേവീ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, തുടങ്ങി ആലപ്പുഴ- കുട്ടനാട് പ്രദേശങ്ങളിലാണ് വേലകളിക്ക് പ്രചാരം ഏറെ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും വേലകളിയുണ്ട്. അവിടവിടെ ചില പ്രാദേശിക ഭേദങ്ങളുമുണ്ട്. കൌരവ- പാണ്ഡവ യുദ്ധത്തെ അനുസ്രമിപ്പിക്കുന്നതാണ് വേലകളിയെന്നും പറയാറുണ്ട്.
എല്ലാ കലകള്‍ക്കും ഉള്ള ദൈവിക പരിവേഷം വേലകളിക്കും പറയപ്പെടുന്നുണ്ട്. അതില്‍ ചിലത് ഇങ്ങനെ-
ഭഗവാന്‍ കൃഷ്ണന്‍ ബാല ലീലകള്‍ക്കിടയില്‍ താമരക്കുളത്തില്‍ ഇറങ്ങി കൂട്ടുകാരുമായി കളിച്ചു. കരയ്ക്ക് കയറിയപ്പോള്‍ അവര്‍ നീണ്ട താമരത്തണ്ടും താമര ഇലയും കൊണ്ട് കളിച്ചു. ഇതു കണ്ട നാരദ മുനി വില്വമംഗലം സ്വാമിയാരോട് ഈ കൃഷ്ണലീല ജനങ്ങള്‍ക്കിടയില്‍ വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. അങ്ങനെയാണ് ഈ വേലകളിയുണ്ടായതെന്ന് ഒരു പക്ഷം. മറ്റൊരു ദേവാംശ കഥയിങ്ങനെയാണ്. പൊന്‍കുന്നത്തിനടുത്ത് ചിറക്കടവില്‍ വേലകളി അഭ്യസിച്ചിരുന്നവരില്‍ ഒരാള്‍ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി. തേടാത്തയിടമില്ലെന്നായി. പക്ഷേ ഒടുവില്‍ തിരിച്ചറിഞ്ഞു, അത് മണികണ്ഠനായ അയ്യപ്പ സ്വാമിയായിരുന്നുവെന്ന്. അന്നുതൊട്ട് ഇങ്ങനെ വിശ്വസിച്ചു പോരുന്നു വേലകളിക്കാരില്‍ ഒരാള്‍ സ്വാമി അയ്യപ്പനാണെന്ന്. ഇന്നും ചിറക്കടവിലെ ശിവക്ഷേത്രത്തില്‍ വേലകളിക്ക് കളിക്കാരുടെ എണ്ണം കഴിഞ്ഞ് ഒരു നിഴല്‍ അധികമായുണ്ടാകാറുണ്ടത്രേ. അത് സാക്ഷാല്‍ അയ്യപ്പനാണെന്നാണ് വിശ്വാസം.

April 9,2010

ആറാട്ടും കഴിഞ്ഞപ്പോള്‍

lmbv! DW§nb B\¸nï¯nsâ aWw.. .. ..

AXv Aópw Hcp IuXpIambncpóp, Cópw. DÕhw Ignªv B\bpw Bfpw Hgnª A¼e¸pd¼neqsSbpÅ \S¯w.... lmbv Fs´mcp B\¨qcv....DW§nb B\¸nï¯nsâ Nqcv.... B\sb ImWmsX ImWpó B ImgvNbpïtñm... AsXmcp elcnbmWv.....

A¼e¡pf¯nse Ið¸Shnð ap³ImImeqón, I\¯ icoc¯nsâ `mcw apgph³ ]n³ImepsImïp Xm§n, \oï Xp¼n¡¿nð shÅw hens¨Sp¯v, apXpInte¡v Noän¡pó sIm¼sâ B \nð¸v BZyw Ime¯mWv ]gb `mKhX¯nse Xmfnð KtP{µtam£¯nsâ »mIv Bâv shäv Cekvt{Sj³ Dïm¡nb I¬^yqj³ amdnbXv. C{Xbpw henb B\¡v A§s\ \nð¡m\mhptam Fómbncpóp Ipªpómfnsems¡ I¬^yqj³.....

A¼e¡pf¯nepw Bdm«pIShnepw B\¨qcp aW¯v, B\¡mct\mSv B\hmen\ncóv, B\¡mcsâ BÚIÄ B\tb¡mÄ IrXyambn A\pkcn¨v \Só B Ip«n¡mew Cóv A¼e¸d¼nð Cu a[yhkbknepw ]p\ÀP\n¡pIbmtWm???

B\bv¡p sImSp¡m³ Abes¯ ssIX¨¡ tamjvSn¨Xn\v ]n SnIqSs¸«t¸mÄ in£ In«psaóp IcpXnb tKm]mes\ hnfn¨v hcp¯n apTmfs\óp Ip{]kn²\mb theq¸nÅ tN«³ B\¡p sImSp¡m³ hmg¡pe k½m\n¨ kw`hw HmÀ½n¨p Npcn¨pt]mtbm???

Ip«\m«pImÀ¡v, R§Ä Imhme¯pImÀ¡v {]tXyIn¨v B\ A]qÀh ambn am{Xw ImWpó henb Pohnbmbncpóp, Aópw Cópw. shůnsâ \m«nte¡v B\ hcWsa¦nð \o´nhcWw.

B\ shůneqsS \o´póXp Iïn«ptïm. ]pd¯v ]m¸ms\bpw Ibän, Xp¼nss¡ am{Xw DbÀ¯n¸nSn¨v B \o´pw!! B s]m ®¯Snbpw sh¨v ]¼bmdnsâ ssIhgnbmb Imhme¯mdp \o´n¡S¡pó B\bmWv 60 aoäÀ hoXnbpÅ B ]pg \o´n¡S¡m³ F\n¡v ss[cyw ]IÀóXv. (At§m«v Hcp hmin¡p \o´nbXpw XncnsI \o´m³ ss[cyhpw BtcmKyhpw t]mcmªv, IS¯phÅw Ibdn t]mtcïn hóXpw Iq«pImÀ Iqhn Ifnbm¡nbXpw {Kma]pcmWw)

Asóms¡ Bdmw DÕh¯n\mbncpóp B\ hóncpóXv. \o´nbpw Intem aoädpIÄ \Sópw hcpt¼mÄ B\bv¡p `mcw Hgnhm¡m\mbncn¡Ww, B\¨§e t\ct¯ hcpw, Hcp hůnð. `mkvIc³ ]m¡tc«\mbncpóp B\¨§e sImïphcm³ t]mbncpóXv. B\¨§e hůnð\nóp Icbv¡nd¡pó i_vZw AIse tIÄ¡mw. B\sb¯mdmbn Adnbn¸pIqSnbmWXv. ]nsó B\sb Im¯ncn¸v. B\sb kzoIcn¡m³ A¼e¸d¼nse¯m¯ Iq«pImsc AhnsS F¯n¡m³ CS¡nsS Iq«w tNÀóv B\ htó B\ htó Fóp hnfn¨p IqhpóXv Hcp IuXpIambncpóp. an¡hmdpw ]co£¡me¯mbncn¡pw DÕhw. At¸mÄ "]Sn¸nÌpIsf' ho«nð\nóv Cd¡ns¡mïphcm\pÅ Cu ]Wn hnPbambncpóp ]et¸mgpw.

Cu Im¯ncn¸nsâ CSthfbnemWv B\¡YIÄ ]nd¡pI. Ignª DÕh¯nse B\ A\p`h§Ä apXð Adªn«pÅXpw ]dªptI«n«pÅXpw k¦ð¸ IYIfpambn B\¡q«w \nc¡pw A¼e¸d¼nð. ]pó¯qÀ B\t¡m«bnð t]mepw A{Xt¯mfw B\IÄ \nc¡nñ. KP]pcmW§fnse B\Ifnð BsI ImWmsX t]mbXv \mep sIm¼pÅ sFcmhXs¯ am{XamsWóp thWw ]dbm³ At¸mfdnbmatñm B kZknse ho¼p ]d¨nðImcpsS Hcp tijn!! Nne _Umbn ]d¨nepImÀ B\¡mc\p Xm³ sImSp¯ clkyamb "{SoäpIsf"¡pdn¨pw B\ Xsó t\m¡n t]mIpt¼mÄ Nncn¨Xpw B\¡mc³ tIih\m\sbs¡mïv Hcn¡ð tjIv lm³Up sImSp¸n¨Xpsañmw IYIfmIpw. Iq«¯nð ko\nbdmb AbmfpsS h¦¯§Ä tI«ncpópsImSp¡Ww. Asñ¦nð Asóms¡ B tKm]men (Cc«t¸cv) IY Ign¨XpXsó.. CSs¡§m\psamóp Nncn¨mtem Ahnizmkw {]ISn¸n¨mtem ]nsó BZyw ]pe`yw, ]ndtI \ñ CSnbpwþ ]nsó B\sb acymZs¡móSp¯p ImWm³ t]mepw k½Xns¨óp hcnñ!! (sO! \m«nð hnIk\w htcïnbncpónñ. Ct¸mÄ B\ hcpóXv tdmUp hgnbmWv, temdnbnemWv. B\¨§e Inep§mdnñ, B\ hcptó Fó hnfn apg§mdnñ. \o´n hcpó B\, slm! AsXmcp ImgvNXsóbmbncpóp!!)

DW§nb B\¸nïw DbÀ¯pó aWw BkzZn¨v A§s\ \S¡pt¼mgmWv AXp IïXv, lmbv Fs´mcp `wKn!!
April 9, 2010

ഉന്മാദാമോദങ്ങള്‍...

തിളച്ചൊരമ്പിലിക്കിണ്ണം വെണ്ണിലാവായ് തുളുമ്പവേ
ചിരിച്ചു നിന്നു മുല്ലപ്പൂ മുടിയില്‍ ചൂടി യാമിനി
കനത്ത ഖേദമെന്‍ങ്കണ്ഠം-നെഞ്ചീലേക്കാഴ്നിറങ്ങവേ
നനുത്ത ദേഹമങ്ങങ്ങങ്ങപ്പുപ്പന്താടിയാടിയോ

ചുകപ്പുചോരയിറ്റിച്ചന്നന്തിച്ചോപ്പന്തരിക്കവേ
കറുത്തവാനമെന്തെന്തോ മിഴിനീര്‍ ചാറ്റി നീറവേ
കുനിഞ്ഞു നിന്നു കൂമന്‍ താന്‍ മൂളല്‍ നീട്ടിത്തകര്‍ക്കവേ
അറിഞ്ഞേനന്നു കേട്ടെന്റെ തകരും നെഞ്ചിടിപ്പുകള്‍

യക്ഷിപ്പാലകളില്‍ പൂക്കള്‍ നഖം രാകി മിനുക്കവേ
ഉന്മാദത്തേരിലായക്ഷ ഹൃദയം പകരമേറ്റുപോല്‍
ഒരു നോക്കേ നോക്കിയുള്ളു പകയാല്‍ പൊട്ടി ചില്ലതും
ദൃഷ്ടിപാതാല്‍ നഖം ചീര്‍ത്തു വീര്‍ത്തു പൊട്ടിയൊലിച്ചുപോല്‍
മുറിപ്പാടില്‍ കോര്‍ത്തൊരമ്പാല്‍ കൃഷ്ണവര്‍ണമലിഞ്ഞതും
കൃഷ്ണ കേണു വിളിച്ചപ്പോള്‍ കര്‍ണ്ണനുള്ളില്‍ ചിരിച്ചതും
കൂട്ടിവായിച്ച മുത്തശ്ശിക്കുത്തരം മുട്ടുവാനതില്‍
ചേര്‍ത്തു കുന്നായ്മയായ് ചോദ്യം -*കിമകുര്‍വത ശങ്കര:

ഉറങ്ങി ഉണരാനുണ്ണിക്കമ്മ **കയ്പ്പൂണ്യയെണ്ണയില്‍
ചെമ്പരത്തിപ്പൂവു ചേര്‍ത്തൂ കനവങ്ങനെ വേറെയാ‍യ്

ഉറക്കം ഞെട്ടുമുണ്ണിക്കിന്നെല്ലാം വിഭ്രമ കീചകം
കത്തിവേഷക്കലാശങ്ങള്‍‌- രസം ബീഭത്സം‌--അദ്ഭുതം

(* ഗീതാ ശകലം, ** കയ്യെണ്ണ, കയ്യുണ്ണി...)

ഹൃദയ രാഗം

നീ‍ പെയ്ത മൌനം കുടിച്ചെന്റെ മോഹങ്ങള്‍
ദാഹം മറന്നോരു നാളുകളിന്നലെ
നീ പൂട്ടിവച്ചൊരക്കണ്മഴക്കാര്‍ പെയ്ത
സ്നേഹത്തണുപ്പാണു ജീവനമോമലേ

നിന്റെ നിശ്വാസത്തുടിപ്പിന്റെ താളത്തി
ലെന്‍ നെഞ്ചകം കോര്‍ത്ത രാഗക്കുതിപ്പുകള്‍
നിന്റെ നിശ്ശബ്ദസ്വരക്കൂട്ടു നേദിച്ച
വര്‍ണനാതീതമാം ജീവിതച്ചിന്തുകള്‍

നീ കൂട്ടിവച്ചതാം സ്വപ്നങ്ങളൊക്കെയും
നീരവം മുങ്ങിയ ചെമ്പനീര്‍ പൂക്കളായ്
ചേര്‍ത്തുവച്ചന്നു നാം തിര്‍ത്തൊരാ മാല്യമ-
ക്കാറ്റില്‍ കലമ്പിക്കരഞ്ഞങ്ങുതിര്‍ന്നു ഹാ

ഓമനേ ഞാനിന്നുമേകന്‍ കടം കൊണ്ട
ജീവിതം തീരാത്ത വേദന നല്‍കിലും
ദേഹമെന്‍ കൂട്ടിരിക്കുന്നനാള്‍ പോകുമൊ
ഞാനെന്നില്‍ നിന്നിലും വീതിച്ച മോഹവും

ശിവരാത്രികള്‍.......കല്‍പ്പപാദപപ്പൂവിന്‍ കൊഴിഞ്ഞ ദളമന്തി-
ച്ചുവപ്പിന്‍ ചായക്കൂട്ടില്‍ ചേര്‍ത്തുവെച്ച,തിനൊപ്പം
തിളങ്ങും കണ്ണിന്‍കോണില്‍ പടര്‍ന്ന മഷിക്കറു-
പ്പിഴുകിച്ചേരും ഖേദം ചേര്‍ത്തു പാര്‍വതി നിന്നാള്‍

ഹിമവദ്സാനുക്കളില്‍ നേര്‍ത്തുവോ മഞ്ഞിന്‍ പുത-
പ്പുരുകിക്കിനിഞ്ഞെന്നോ ചുടുനിശ്വാസക്കാറ്റാല്‍...
ഹരതാണ്ഡവപ്രോജ്ജ്വല്‍ ഭ്രമഹുങ്കാരം ചേരു-
ന്നചലം സ്വനശൂന്യം നിശ്ചേഷ്ടം പവനനും

ദക്ഷന്റെ സര്‍വസ്വസ്വത്തുച്ഛിഷ്ടംപോലേത്യജി-
ച്ചക്ഷണം പുറപ്പെട്ടു താതവാക്യങ്ങള്‍ താണ്ടി
ഇച്ഛപോല്‍ സ്വയംവരം ചെയ്തതു വരിഷ്ഠമോ,
രിഷ്ടമോ വിവേകം ചേര്‍ത്തിന്നു നീ വിമര്‍ശിപ്പൂ

വളരുംകാലം തീര്‍ത്ത നിനവിന്‍ കല്ലില്‍തട്ടി-
ക്കനവും കനംപേര്‍ത്ത കല്‍പ്പനച്ചിമിഴ്ചില്ലും
തകര്‍ന്നോ, നുരതീര്‍ത്ത നിമിഷച്ചിത്രംപോലെ?
പറവാന്‍ വെമ്പുന്നെന്തോ, ഭാവമങ്ങനെ ചൊല്‍വൂ

ആരുമില്ലടുത്തിപ്പോ,ളന്തിക്കു തിരിവെച്ചി-
ട്ടാരുവാന്‍ ഉരുക്കഴിക്കേണ്ടതാ ശിവനാമം
തരുണര്‍ രണ്ടാണെന്നാലാരുമിങ്ങടുത്തില്ലാ-
തരിയും ലഭിപ്പീലാ പുത്രവല്‍സലമോദം

എരിയുന്നുണ്ടാമച്ഛന്നുള്ളകമിന്നും നീയ-
ന്നൊരുനാള്‍ ചാര്‍ത്തിപ്പോന്ന വിരഹക്കൊടും തീയില്‍
അറിയുന്നുണ്ടോ ദുഃഖം, വിരഹം തീര്‍ത്തീടുന്ന-
തകലെപ്പിരിഞ്ഞങ്ങുപോകുമ്പോള്‍ ജീവസ്നേഹം

ഉയരെ,പ്പഴനിയില്‍ ചേര്‍ത്തുവന്‍ പദം, സ്കന്ദ-
പ്പെരുമാളായിത്തീര്‍ന്നൂ സര്‍വര്‍ക്കും കുമരനായ്
അറിവൂ നീയാ ഖേദം പുത്രദുഃഖത്തിന്‍ തീയുള്‍-
ക്കനലിന്‍ നേര്‍ക്കാവടിത്തിണര്‍പ്പില്‍ പുളയുമ്പോള്‍

മകനായ് കരുതേണ്ട ദേവനെത്താതന്‍ ചീര്‍ത്തോ-
രഹമിങ്ങേറിക്കോളില്‍ നിന്ദിച്ച പിഴയാല്‍താന്‍
ഒരു വന്‍മേഷത്തലച്ചിരിയായ് പ്രാണന്‍ ചേര്‍ത്ത-
ന്നതിനോ ഗജരൂപപ്രായനായ് ഗണനാഥന്‍

കൊതിയാണിന്നും പക്ഷേ കാണുവാന്‍, ശിവം ചേര്‍ന്ന
നടനം,രൂപം,ഹൃദ്യ നിത്യമാം മൃദുസ്മേരം
എരിയും കണ്ണാല്‍ ക്ഷിപ്രം ചുട്ടെരിച്ചതുദേവന്‍
രതിയെ,ദ്ദയാവാ,നെന്നാകിലും നിന്നോടെന്നും

പറയും സംഹാരകനെന്നുനിന്‍ പ്രിയനേയി-
ബ്ഭുവനം മുഴുവന്‍ നീയെങ്കിലത്ഭുതശീല
പറയൂ ഭവാന്തകനെങ്കിലെന്തിനായ് നാഥ-
നുലകം മുടിക്കുന്ന കാളകൂടത്തെ തിന്നൂ

ഒരുവേള നീയോര്‍ത്തോ ജടയും പറിച്ചന്നു
പതിതാന്‍ കോപംകൊണ്ടങ്ങച്ഛനെ മുടിച്ചതും
ഹൃദയം പിളര്‍ന്നമ്മ തേങ്ങിയ ദീനക്കാറ്റിന്‍-
ഗതിയൊന്നറിഞ്ഞില്ലേ രാവിനെ പകലാക്കാന്‍

ഇനിയും വിഷദര്‍പ്പം ചീറ്റിടാം ഇഹലോക-
പ്പുളകം തേടും ജീവകോശങ്ങള്‍ ഭ്രമക്കൂത്താല്‍
ഇനിയും വിഴുങ്ങുവാന്‍ വേണ്ടിവന്നിടാം കണ്ഠം
കനിയാം ദേവന്‍, നീയും കണ്‍തുറന്നിരിക്കേണം

അറിവൂ, ഖേദം നിനക്കിന്നിപ്പോള്‍, ഹിമഗേഹ-
ത്തറയില്‍ ചുരുങ്ങുന്ന ദീനതയോര്‍ത്തിട്ടല്ലാ
നിറവൂ താപം നിന്നില്‍ ലോകത്തിന്‍ ഗതിയോര്‍ത്താ-
ണഖിലം മുടിക്കുന്നൊരുന്ധതാ വേഗം പാര്‍ത്തും

ഇനി നീയുറങ്ങാതെ കാത്തിരിക്കണം ദേവീ
നിറനീള്‍ക്കണ്ണാല്‍തന്നെ പാര്‍ത്തിരിക്കണം നിത്യം
ഇനിയും വിഴുങ്ങേണ്ടതുണ്ടുപോല്‍ ഗരം നാഥന്‍
വിഷഹാരകന്‍ ലോകാമയഹാരകനീശന്‍

ഒരു നിവേദ്യം


കവിത പൂക്കും മനസിന്റെ ചില്ലമേല്‍
നറുനിലാക്കുറുംകൂട്ടിന്‍ പുതപ്പിലായ്
ഇതള്‍ വിടര്‍തത്താന്‍ കൊതിക്കുന്നു സുന്ദര-
സ്ഫുരണ സൌവര്‍ണ സ്വപ്നങ്ങളെത്രയോ...


കുറുകിയേറുമീയമ്പലപ്രാവിലും
കുരുവിതേന്‍ രുചിയുണ്ണുന്ന ചുണ്ടിലും
ഉയരെ മേഘങ്ങള്‍ചേരുന്ന മേലാപ്പു-
വരയുമാനന്ദ വര്‍ണപ്പകിട്ടിലും
നിറയുമാഴക്കടല്‍ചേര്‍ന്നു ചാര്‍ത്തിച്ച
നെടിയൊരുത്തരീയത്തിന്റെ തുമ്പിലും
ചൊരിയുമാച്ചാറ്റനൂല്‍മഴപ്പാവുകള്‍-
വിരയെ നിര്‍മിച്ച നീളന്‍ പുതപ്പിലും...
അരിയൊരപ്പുഞ്ചനീള്‍വയല്‍ച്ചേലിന്റെ
മരതകപ്പച്ച ചാലിച്ച ചന്തവും
അതിനുമേല്‍ ചാന്തു ചേര്‍ക്കും സുഗന്ധമായ്
അവികലം സന്ധ്യ നേദിച്ച പൊട്ടിലും
നിറയുമെന്‍ ചിത്തമെങ്കിലും കോര്‍ക്കുവാ-
നരുതിടാതിങ്ങടുക്കാതെ വാക്കുകള്‍.
അകലെമേറെയുണ്ടക്ഷരക്കൂടതില്‍
കവിത ചേര്‍ക്കുന്ന വൈഭവം ചേരുവാന്‍

വിറയെഴും കൈകള്‍ വാക്കിന്റെ കുഞ്ഞിളം-
വിരല്‍ പിടിച്ചടുത്തെത്തിച്ചുവയ്ക്കിലും
വിജയമാകുവാനെന്തിങ്ങുവേണ്ടതാ-
വിദിത വാഗര്‍ഥയോഗം ലയിക്കുവാന്....

നിര്‍ബന്ധച്ചിണുങ്ങുകള്‍

ആകാശത്തിമിലയിലാര്‍ത്തുകൊട്ടണമൊട്ട- ങ്ങാകാവും മട്ടില്‍ തിമിര്‍ത്താടണം മതിയോളം
ആനന്ദക്കൊടിക്കൂറ പാറ്റണം മുഴുനീളെ-
യാര്‍ക്കു കണ്ടാലും തെല്ലു വിസ്മയം ജനിക്കണം....
കൊതിയാണുള്ളില്‍; മോഹച്ചിറകില്‍ പാറിച്ചുറ്റി-
ത്തിരിയാനാവാത്തതെന്താണെന്നൊരുള്‍ഖേദത്തില്‍
അരുമക്കിടാവിന്റെ കുഞ്ഞിളം കവിളിന്മേല്‍, വിരലില്‍,
ചികുരത്തില്‍ മെല്ലെഞാന്‍ തഴുകുമ്പോള്‍....

കുളിരിന്‍ നാണംതേച്ചു നീരാടിക്കഴിഞ്ഞന്തി-

ത്തിരിയും കാവില്‍തെളിച്ചെത്തിയൊരിളം കാറ്റോ-
ചെവിയില്‍ മൊഴിഞ്ഞത്? കാലൊച്ച കേള്‍പ്പിക്കാതെ;
കഴിയും മട്ടില്‍ ചെയ്വൂ ഞാനെന്റെ കര്‍ത്തവ്യങ്ങള്‍

അതിലെന്‍ ചലച്ചിത്തലീനമാം വൈമുഖ്യപ്പാഴ്-

ചിമിഴും മുനിഞ്ഞുപോയ്-നിര്‍ബന്ധച്ചിണുങ്ങതും
വെറുതേ പാഴാക്കാതെ സൌവര്‍ണ നിമിഷങ്ങ-
ളകവും പുറവുമായ് ചേര്‍ത്തു ഞാന്‍ തുന്നിക്കെട്ടി.
കളരിക്കാലം
കളരിക്കാലമോര്‍ക്കുന്നൂ, നഴ്സറിക്കൊപ്പമുള്ളനാള്‍
കളിമൂക്കുന്ന നേരത്തോ വിളിക്കാനമ്മ വന്നിടും
കരളില്‍ തേങ്ങലോടന്നു - കൂട്ടുകാരെപ്പിരിഞ്ഞിടും-
കളരിക്കളമുറ്റത്തെ മടക്കം-പൊട്ടി നെഞ്ഞകം

പത്താം ക്ളാസ്


തിരിഞ്ഞുനോക്കി നോക്കി നോക്കിപ്പോംനാളില്‍ മുമ്പിലതേ വരൂ

പത്തിന്റെ പടിവാതില്‍ക്കല്‍ ചിലമ്പിപ്പോയ നാളുകള്‍
മടങ്ങി വരുമോ വീണ്ടും കൂട്ടരേയെന്നു കേട്ടതും
ഒരുമിച്ചൊത്തനാളേക്കാള്‍ വികാരം വിങ്ങിനിന്നതും
മറവിയ്ക്കും മറയ്ക്കാനായ് കഴിയാത്ത ദിനങ്ങളേ
മടങ്ങി വരുമോ വീണ്ടും മാറണയ്ക്കാന്‍ കൊതിപ്പു ഞാന്‍


കോളെജ്- കൌമാരം

മടങ്ങിച്ചെന്ന ഡിഗ്രിക്കോ കാണാതായ് പല കൂട്ടുകാര്‍
പ്രീഡിഗ്രിത്തലയെങ്ങോപോയ് പലരും പല തട്ടിലായ്
പിരിയും വേള ഡിഗ്രിക്കാ മൂന്നാം വര്‍ഷാന്ത്യനാളിലാം
വിരഹപ്പെയ്ത്ത് നീറിപ്പോം പുകയും നെഞ്ചകം ദൃഢം
മോഹവും ദാഹവും ചേര്‍ന്നു കുടുക്കുന്ന കുടുക്കുകള്‍
മോഹഭംഗങ്ങള്‍ തേങ്ങുന്നൊരിടനാഴിയിടുക്കുകള്‍
പുസ്തകത്താളിലെങ്ങെങ്ങും നിറയുന്ന പ്രിയപ്പടം
അതു നോക്കി നറും കണ്ണാല്‍ സ്വപ്നം നെയ്തോരു നാളുകള്‍
മധുരപ്പതിനേഴിന്മേല്‍ വിരചിച്ചൊരു ലോകമേ
മടങ്ങിവരുമോ വീണ്ടും എരിയും രുചി ചേര്‍ക്കുവാന്‍

യൌവനം

കുതിക്കുന്ന കിതപ്പിന്മേല്‍ കേട്ടൂ കുതിരശക്തിയില്‍
കീഴടക്കാന്‍ വെമ്പിയാളും യൌവനത്തിന്‍ തിളക്കലില്‍
മടക്കത്തിനു ഞാനില്ലാ, മുന്നോട്ടെന്നും, മുടന്തിടാ
പിന്നിലേക്കൊന്നു നോക്കാഞ്ഞ മുട്ടാളത്ത മിടുക്കുകള്‍

ആറ്റിനങ്ങേപ്പുറം നീന്തിക്കടന്ന കടവിന്‍ കര
മടക്കയാത്രയെന്തോതീ-കഴിവീലത്ര വേഗത
അങ്ങോട്ടേക്കന്നു നീന്തുമ്പോള്‍ കൈകാല്‍ കാണിച്ച ജാഗ്രത
ഇങ്ങോട്ടുള്ള വഴിക്കെങ്ങോ പാതിയില്‍ വാശി തീര്‍ന്നുവോ

സായാഹ്നം

ഓര്‍മ്മയൂഞ്ഞാലിലാട്ടുമ്പോള്‍ അങ്ങോടിങ്ങോടലഞ്ഞിടാം
പണ്ടു ചാടിക്കടന്നോരാ തോട്ടിന്‍ വക്കില്‍ നിനച്ചിടാം
വരുമോ ജന്മമൊന്നെങ്കില്‍ പിന്നെയും പൂക്കുമീയുടല്‍
അഥവാ പൂരുവിന്‍ ജന്മമെടുക്കാന്‍ മക്കള്‍ നില്‍ക്കുമോ
കൊതി തോന്നുന്ന വേതാളച്ചതിയില്‍ പെട്ടു പോകിലോ
വരുമേ ജന്മമോരോന്നും മടക്കം താന്‍ മുടക്കുമേ

പുനര്‍ജന്മജ വിഭ്രാന്തിപ്പുകകേറിയ കണ്ണിലോ
മടക്കയാത്രക്കെന്നേക്കാള്‍ ഭയമാത്മാവിനാകിലോ
മരിക്കാത്ത മരുന്നിപ്പോള്‍ യൌവനത്തിന്‍ പ്രലോഭനം
മടക്കമടിപോകാനായ് മറക്കാതെ ജപിക്കണം
Feb 1, 2010

അങ്ങനെയാണ് ഷാപ്പില്‍ പോയത്, പോയപ്പോഴോ???????

എവിടെയാ നാട്?
ആലപ്പുഴ-കുട്ടനാട്.
കുട്ടനാട്ടില്‍?
കാവാലത്ത്.
അപ്പോള്‍ കാവാലം നാരായണപ്പണിക്കരുടെ...?
അതെ അദ്ദേഹം എന്റെ നാട്ടുകാരനാണ്. (ഞങ്ങള്‍ ഒരു നാട്ടുകാരാണെന്നോ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണെന്നോ അല്ല പറയേണ്ടത് എന്ന് അദ്ദേഹംതന്നെ പറഞ്ഞിടുണ്ട്. കാരണം നാടിനാണത്രേ അങ്ങനെ പറയുമ്പോള്‍ പ്രാധാന്യം വരിക. അതാണു വേണ്ടതെന്നും അദ്ദേഹത്തിന്റെ വാദം.)
പിന്നെയുമുണ്ടല്ലോ? കാവാലം ചുണ്ടന്‍?
അതെ. അങ്ങനെ അഭിമാനിച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു ചോദ്യത്തിനു മുന്നില്‍ പതറിപ്പോയിട്ടുണ്ട്. ചോദ്യം ഇതാണ്- കാവാലത്തു നല്ല കള്ളു കിട്ടുമല്ലേ?
ശരിക്കും ഉത്തരം മുട്ടിപ്പോകും. കാരണം ഷാപ്പിലെ കഥകളല്ലാതെ കള്ളിന്റെ ലഹരി അത്ര പിടിയില്ല. അതെക്കുറിച്ച് മറുപടി പറയാനാവാതെ വിളറിയ ചിരി പാസാക്കുമ്പോള്‍ അടുത്ത ചോദ്യം വരും- താറാവ്, കരിമീന്‍, വരാല്‍, കക്കയിറച്ചി...... ഒക്കെക്കും എന്റെ മഞ്ഞച്ചിരിതന്നെ മിച്ചം. പക്ഷേ പരിചയപ്പെടുന്നത് ഒരു കൂട്ടത്തിലാണെങ്കില്‍ പിന്നെ കള്ളും കപ്പയും മീന്‍കറിയും എല്ലാം വരവായി... ചര്‍ച്ച ചെയ്യുന്നവരുടെ മുഖത്ത് മീന്‍കറിയുടെ എരിവും പുളിയും എല്ലാം കാണാം. അങ്ങനെ ചര്‍ച്ചചെയ്തു ചര്‍ച്ചചെയ്തു കുട്ടനാട്ടിലെ ഷാപ്പുകള്‍ മുഴുവന്‍ അവരില്‍ ചില വീരന്മാര്‍ നാക്കുകൊണ്ടു ചുറ്റിയടിച്ചു കഴിയുമ്പോള്‍ പലര്‍ക്കും രണ്ടുകുപ്പി ഉള്ളില്‍ചെന്നതിന്റെ ലഹരിപിടിച്ചിരിക്കും. അപ്പോഴും ഞാന്‍ പൂരപ്പറമ്പിലെ ബധിരനെ പോലെ നില്‍ക്കും.
എത്രയെത്ര കളിയാക്കലുകള്‍, കൊച്ചാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍ കേട്ടിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായി തോന്നിയത് ഒരാളുടെ സാഹിത്യഭാഷയിലെ പ്രയോഗമാണ്. അദ്ദേഹം പറഞ്ഞു-ഇവനെപ്പോലുള്ള തീര്‍ത്ഥക്കര പാപികളെ.... എന്റമ്മോ.... ഞാന്‍ തലയില്‍ കൈവെച്ചുപോയി. തീര്‍ത്ഥക്കര പാപിയെന്നു പറഞ്ഞാല്‍ ക്ഷേത്രത്തിന്റെ കുളക്കരവരെ പോകും... പക്ഷേ ക്ഷേത്രത്തിനുള്ളില്‍ കയറില്ല.... ഒരു തരം നിര്‍ഭാഗ്യക്കാരന്‍ എന്നൊക്കെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം.... ഞാന്‍ ആ പ്രയോഗ വിശേഷത്തിലെ പൊരുത്തക്കേടു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചു.... കള്ളു ഷാപ്പും ക്ഷേത്രവും തീര്‍ത്ഥക്കരയും പാപവും ഒക്കെത്തമ്മിലെ പൊരുത്തക്കേടുകള്‍ പറഞ്ഞു. .... പക്ഷേ അവര്‍ എന്നെ വെറുതേ വിട്ടില്ലെന്ന മാത്രമല്ല, അവര്‍ പറഞ്ഞതു ശരിയാണെന്നു സ്ഥാപിക്കുകയും ചെയ്തു.
എടാ തീര്‍ത്ഥം എന്നു പറഞ്ഞാല്‍ വെള്ളം, പുണ്യ ജലം. ഇത്രയും പുണ്യമായ ജലമുണ്ടോ.... ക്ഷേത്രത്തിനുള്ളില്‍ കരിക്കുകൊണ്ട് ഭഗവാന് അഭിഷേകം ചെയ്യും. ഈ കരിക്കിനെ അതിന്റെയും ചെറിയ രൂപത്തില്‍ തെങ്ങിന്റെ ചൊട്ടയായിരിക്കെത്തന്നെ അതി ജൈവികമായി സംസ്കരിച്ചാണ് കള്ളുണ്ടാക്കുന്നത്. ഈ കള്ള് പല ക്ഷേത്രങ്ങളിലും നിവേദ്യമാണ്. പിന്നെയെന്താ??? ഇനി നിനക്കു ക്ഷേത്രം വിശുദ്ധമാകുന്നത് അതിനെ സ്നേഹിക്കുകയും ആരാധിക്കുകയും അവിടെനിന്നു നിനക്കു മനഃശാന്തി കിട്ടുന്നുവെന്നു തോന്നുന്നതുകൊണ്ടാണല്ലോ. എനിക്കു കൂടുതല്‍ മനഃശാന്തി കിട്ടുന്നത് അവിടെനിന്നാണ്. നിനക്ക് ഭൌതിക സുഖങ്ങള്‍ക്കു വേണ്ടിയായിരിക്കുമല്ലോ നീ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്, എനിക്ക് പല ഭൌതിക സുഖങ്ങളും അവിടെ നിന്നു കിട്ടുന്നു.... നല്ല ഭക്ഷണം, പാട്ടുപാടി ആര്‍ത്തുലസിക്കാന്‍ കൂട്ടുകാര്‍, പലപല വിവരങ്ങള്‍ തരാന്‍ സുഹൃത്തുക്കള്‍... വാസ്തവത്തില്‍ അവിടെ കയറാത്ത നീ തീര്‍ത്ഥക്കര പാപിതന്നെയാണ്.
നിങ്ങളുടെ വേദാന്തത്തിനു യുക്തിയിലെന്ന എന്റെ വാദമായി പിന്നീടു ചര്‍ച്ച.... ചര്‍ച്ച കൊച്ചിയില്‍വെച്ചായതുകൊണ്ട്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇടപ്പള്ളിയില്‍ ബസ് സ്റോപ്പില്‍ വെച്ചായതിനാല്‍ കള്ളു പുരാണം ചങ്ങമ്പുഴയിലെത്തി. ഇടപ്പള്ളിക്കവിയുടെ പ്രസിദ്ധമായ കവിതയായി പിന്നെ കള്ളു മഹത്വം സ്ഥാപിക്കാനുള്ള ആധികാരിക രേഖ....
അയാള്‍ നീട്ടിച്ചൊല്ലി..... ബസ്സ്റ്റോപ്പില്‍ മറ്റു യാത്രക്കാര്‍ അദ്ദേഹത്തിനു ശല്യമായില്ല, അവര്‍ക്ക് ആ കവിതയും. കാരണം കവിത രസികന്‍, ചൊല്ലിയത് ഒരു റിയാലിറ്റി ഷോയിലേതുപോലെ.... അലസമായ മുടിയും വെട്ടിയൊതുക്കാത്ത താടിയും നരച്ച ജീന്‍സും ടീ ഷര്‍ട്ടും ഒക്കെക്കൂടി ആകര്‍ഷകമായിരുന്നുവല്ലോ.....
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളങ്കള്ളു ചില്ലിന്‍
വെള്ളഗ്ളാസില്‍ പകര്‍ന്നിട്ടതി രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി ചിലകളികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ലോകത്തും ലഭിപ്പില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ......
ചങ്ങമ്പുഴയും അവരുടെ കൂടെയാണെന്നു വന്നപ്പോള്‍ ഞാന്‍ പിന്നെ മിണ്ടാതിരുന്നു. കാരണം ഇനി എന്തു പറയാന്‍. മാത്രമല്ല എന്റെ വേദാന്തങ്ങളൊന്നും ഏല്‍ക്കില്ലെന്നുറപ്പുമായി. അങ്ങനെ ചില ഉപദേശങ്ങള്‍ എല്ലാം കേട്ടാണ് അന്നു ഞങ്ങള്‍ പിരിഞ്ഞത്.
അവര്‍-അന്നു പരിചയപ്പെട്ട മൂന്നു പേരും-കാവാലത്തിന്റെ തനതു നാടകവേദിയെക്കുറിച്ചോ, കാവാലം ചുണ്ടനെക്കുറിച്ചോ ഒന്നും ചര്‍ച്ചചെയ്യാഞ്ഞത് എന്നെ വിഷമിപ്പിക്കാതിരുന്നില്ല. കാവാലത്തിന്റെ നാടകം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു, ഇനിയും സാധാരണക്കാര്‍ ഏറെ അതിനെ ഉള്‍ക്കൊള്ളാനുണ്ട് എന്ന് അദ്ദേഹം തന്നെ പറയാറുള്ളതാണ്. കാവാലം ചുണ്ടനാണെങ്കില്‍ പണ്ടത്തെ പ്രശസ്തിയും പ്രതാപവും പോയിക്കഴിഞ്ഞു. വള്ളത്തിന്റെ പേരു വായ്ത്താരിപോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും വള്ളം കഴിഞ്ഞ ഒരു വ്യാഴവട്ടമായി വെള്ളത്തിലിറങ്ങിയിട്ടില്ല. അങ്ങനെയാലോചിച്ചപ്പോള്‍ ഞാന്‍ ഏറെ യാഥാര്‍ത്ഥ്യബോധത്തോടെ അതു ശരിവെച്ചു, കള്ളാണ് ഏറെ പ്രസിദ്ധം, അല്ലെങ്കില്‍ ജനകീയം. നാടകവും വള്ളം കളിയും ലഹരിയാണെങ്കിലും എന്തുകൊണ്ട് ഞാന്‍ കള്ളിന്റെ കാര്യം വിട്ടുപോയെന്നാലോചിച്ചു.
എന്തായാലും അടുത്ത നാടു സന്ദര്‍ശനത്തില്‍ കള്ളുഷാപ്പും പട്ടികയില്‍ പെടുത്തി. അങ്ങനെയാണ് അതു സംഭവിച്ചത്.......

January 28,2010

ആഗോളവല്‍കരണം സഹായകമായി- കെ. എം. നായര്‍ (അഭിമുഖം)

ഇപ്പോള്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായ കെ.എം.നായര്‍ സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (സിഡ്ബി) സതേണ്‍ സോണല്‍ ജനറല്‍ മാനേജരായിരുന്ന സമയത്തു നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ചിലത്....

കേരളത്തിന്റെ, എന്നല്ല ഇന്‍ഡ്യയുടെ തന്നെ നിലനില്‍പ്പ് കൃഷിയെ ആശ്രയിച്ചാണ്. കാരം ഇത്രയും ജനസംഖ്യാബലമുണഢട രാജ്യത്തിലെ ജനതക്ക് സ്വയം ഏര്‍പ്പെടാന്‍ പറ്റിയ തൊഴി എന്ന നിലയിലും ഭൂപ്രകൃതിയുടെ കാര്യം വച്ചു നോക്കുമ്പോഴും. എന്നാല്‍ മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ കൃഷിയുടെ സ്ഥാനത്ത് വ്യവസായത്തെ പ്രതിഷ്ഠിച്ചു. എന്നാല്‍ ഭീമന്‍ വ്യവസായങ്ങളുടെ സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ വേണ്ടിരുന്നത് ചെറുകിട വ്യവസായങ്ങളായിരുന്നു. പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഈ മേഖലയെ ബോധപൂര്‍വമോ അബോധപൂര്‍വമോ അവഗണിച്ചു. എന്നാല്‍ ഈ രംഗത്ത് പുതിയ സംരംഭകര്‍ക്ക് പരമാവധി സഹായം മാര്‍ഗ നിര്‍ദ്ദേശങ്ങളായും സാമ്പത്തികമായും നല്‍കി വരുന്ന സിഡ്ബിയുടെ നാലു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മലയാളിയായ കാവാലംകാരനായ ശ്രീ കെ. എം നായരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സിഡ്ബിയുടെ പ്രവര്‍ത്തനവും ചെറുകിട വ്യവസായ മേഖലയുടെ വളര്‍ച്ചയും സര്‍ക്കാരുകളുടെ സമീപനവും സംബന്ധിച്ച് നായര്‍ വിശദീകരിക്കുന്നു.


ആഗോളവല്‍കരണം ഭയപ്പെട്ടിരുന്നതുപോലെ ഇന്‍ഡ്യയിലെ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തോ?
ആഗോളവല്‍കരണം നല്ല ചില ഗുണങ്ങളുമുണ്ടാക്കി. പുതിയൊരു വര്‍ക്കിംഗ് കള്‍ചര്‍ ഉണ്ടാക്കി. മുമ്പില്ലാത്ത തരത്തില്‍ ഡൈല്‍വേഴ്സിഫിക്കേഷന്‍ വന്നു. വലിയ കമ്പനികള്‍ ചെറുകിട കമ്പനികള്‍ക്ക് വര്‍ക്കു കൊടുത്തു പരസ്പര സഹകരണം വളരാനുണഢട അന്തരീക്ഷമുണ്ടായി. ചെറുകിട കമ്പനികള്‍ നശിക്കുമെന്ന വാദം ശരിയല്ലാതായി. ഉദാഹരണം തമിഴ്നാട്ടിലെ വന്‍ കമ്പനികള്‍ വന്‍തോതില്‍ വസ്തുക്കള്‍ വാങ്ങി ചെറുകിട കമ്പനികള്‍ക്കു ചെറിയ പണികള്‍ക്കു കരാര്‍ നല്‍കി. അപ്പോള്‍ ചെറിയ കമ്പനികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുണഢട പരക്കം പാച്ചിലില്ലാതായി. ഇടനിലക്കാരുടെ ചൂഷണം അവര്‍ക്കില്ലാതായി. മാര്‍ക്കറ്റിംഗിന്റെ തലവേദന അര്‍ക്ക് ഒഴിവായി. വന്‍ കമ്പനികള്‍ക്ക് അവര്‍ക്കാവശ്യമുണഢട വസ്തുക്കള്‍ ആവശ്യമുണഢട ഗുണമേന്മയില്‍ ലഭ്യമായി.

സിഡ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ഏതു സംസ്ഥാനത്താണ് തൃപ്തികരമായി തോന്നുന്നത്?
റീപേയ്മെന്റിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് തമിഴ്നാടാണ്. സര്‍ക്കാരിന്റെ നയമാണു മുഖ്യകാരണം. അവിടെ സിംഗിള്‍ വിന്‍ഡോ സിസ്റമുണ്ട്. ഉദാരമായ നയമുണ്ട്. ഒരു ഉദാഹരണം പറയാം. ലോണുകള്‍ക്കുണഢട പലിശ കൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി കൂട്ടി. തമിഴ്നാടിനു പ്രയോറിറ്റി നിശ്ചയിക്കാനറിയാം. ഓരോ മേഖലയുടെയും പുരോഗതിയും ആവശ്യവും അവര്‍ വിലയിരുത്തുന്നു. അവര്‍ പുതിയൊരു വ്യവസായ സംരംഭം തുടങ്ങുമ്പോള്‍ സിഡ്ബിയുള്‍പ്പെടെ ആ രംഗത്തു സഹകരിക്കാന്‍ തയ്യാറും സാധ്യതയുമുണഢട എല്ലാ വിഭാഗവുമായും കൂടിയാലോചന നടത്തുന്നു. തമിഴ്നാട്ടില്‍ സര്‍ക്കാരുകള്‍ മാറിയാലും നയപരിപാടികളില്‍ കാര്യമായ മാറ്റം വരുന്നില്ല, തുടര്‍ച്ചയുണ്ട്. ഭരണനിര്‍വഹണക്കാരായ ഉദ്യോഗസ്ഥര്‍ മാറിയേക്കാം. പക്ഷേ പരിപാടികള്‍ തുടരും. ഇത് വ്യവസായാന്തരീക്ഷത്തിനു കൂടുതല്‍ സഹായകമാകുന്നു. കേരളത്തില്‍ പക്ഷേ അങ്ങനെയല്ല. അവിടെ രാഷ്ട്രീയം ഭരണത്തെ ഭരിക്കുന്നു. കേരളത്തിനും സര്‍ക്കാരിനും ഇന്‍വസ്റുമെന്റിലാണ് താല്‍പര്യം, എന്റര്‍പ്രണര്‍ഷിപ്പില്ല. താല്‍കാലിക നേട്ടങ്ങള്‍ക്കു പിന്നാലേയാണ്. കേരളത്തില്‍ എത്രയെത്ര വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി. പക്ഷേ അവയുടെ ഇന്നത്തെ സ്ഥിതി നോക്കുക. എത്രയെണ്ണത്തിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ട്.

കേരളത്തിലെ സ്ഥിതി എങ്ങനെയാണ്. തൊഴില്‍ സമരവും മറ്റും പുരോഗതിക്കു തടസമാണോ?
കേരളത്തില്‍ സര്‍ക്കാരിനു മാത്രമല്ല വ്യക്തികള്‍ക്കും അടിയന്തിര നേട്ടം മാത്രമാണു മുഖ്യം. ഈ മനസ്ഥിതി മാറണം. ആന്ധ്രയിലോ തമിഴ്നാട്ടിലോ പോയി നോക്കണം. അവിടത്തെ ജനങ്ങള്‍ക്കുമുണ്ട് ചില താല്‍പര്യങ്ങള്‍. അവര്‍ക്ക് സ്വയം നേട്ടമുണ്ടാകണം, രാജ്യത്തിനു നേട്ടമുണ്ടാകണം എന്ന സങ്കല്‍പ്പമുണ്ട്. കേരളത്തില്‍ പല വ്യക്തികളും വ്യവസായ സംരംഭം തുടങ്ങുന്നത് സബ്സിഡി ഇനത്തില്‍ എത്ര കൈക്കലാക്കാമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. അങ്ങനെ തുടങ്ങുന്ന കമ്പനി നഷ്ടത്തിലാകുമ്പോള്‍ പിന്നെ സിക്ക് യൂണിറ്റായി പ്രഖ്യാപിച്ച് ആ വഴിക്കു വല്ല നേട്ടവും ഉണ്ടാക്കാമോ എന്നുനോക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ താരതമ്യം ചെയ്താല്‍ എങ്ങനെയുണ്ടാകും?
കര്‍ണാടകത്തിലെ വര്‍ക്ക് കള്‍ചറും വ്യത്യസ്തമാണ്. ഇന്ന് വലിയ സ്ഥാപനമായി മാറിയ ഇന്‍ഫോസിസ് തുടങ്ങിയത് സിഡ്ബിയുടെ ലോണ്‍ വാങ്ങിയാണ്. കര്‍ണാടക ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ധനസഹായത്തില്‍. ഇന്ന് ആ സ്ഥാപനം അങ്ങനെയായത് അതിന്റെ സ്ഥാപകന്റെയും അവിടത്തെ സര്‍ക്കാരിന്റെയും കാഴ്ചപ്പാടും നയവും മൂലമാണ്. സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും മനസും നിലപാടും മാറണം.

കേരളത്തെക്കുറിച്ചു കൂടുതല്‍ പറഞ്ഞാല്‍?
കേരളത്തിലെ പ്രശ്നം തൊഴിലാളിപ്രശ്നവും തൊഴില്‍ സമരവും മാത്രമല്ല. അതൊക്കെ ഒരു പരിധിവരെ മറികടക്കാവുന്ന കാര്യങ്ങളാണ്. മാത്രമല്ല തൊഴിലാളി മൌലികവാദം കുറേയേറെ മാറിയിട്ടുമുണ്ട്. കേരളം ഈ സമയം കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും കാണിക്കേണ്ട സമയമാണ്. കാരണം കര്‍ണടകത്തില്‍ വ്യവസായ വികസനം, പ്രത്യേകിച്ച് ഐടി വ്യവസായം, ബാംഗ്ളൂര്‍ കേന്ദ്രീകരിച്ചാണ്. അതിന് ഇന്ന് ഒരുതരം സാച്ചുറേഷന്‍ ആയി. അവിടെ റൂറല്‍ മേഖലകളിലേക്ക് വ്യവസായികളുടെ ശ്രദ്ധ മാറിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ ഹൈദ്രാബാദില്‍ മാത്രമാണ് ഈ രംഗത്ത് നിക്ഷേപകരുടെയും സംരംഭകരുടെയും കണ്ണുപതിഞ്ഞിട്ടുണഢടത്. തമിഴ്നാട്ടിലും കേരളത്തിലുമാണ് ഇനി വികസന സാധ്യത ഏറെ. തമിഴ്നാ
ട്ടിലെ ചെറുചെറു വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പാദന പദ്ധതി ഏറ്റവും വിജയകരമാക്കാന്‍ പറ്റുന്ന മറ്റൊരു സംസ്ഥാനം കേരളമാണ്. തമിഴ്നാട്ടില്‍ ഐടിരംഗത്തും മറ്റ് ഉല്‍പ്പാദന മേഖലയിലും വന്‍ പദ്ധതികള്‍ വന്നുതുടങ്ങി. നോക്കിയ, ബിഎംഡബ്ള്യൂ, ടാറ്റാ തുടങ്ങിയവ വരുന്നു.

കേരളത്തിലും ഇതൊക്കെ നിയമമായും സംവിധാനമായും നടപ്പിലില്ലേ?
കേരളത്തിലും സിംഗിള്‍ വിന്‍ഡോ സിസ്റം ഉണ്ട്. പക്ഷേ പേരിനു മാത്രം. അവിടെ ഒട്ടേറെ നൂലാമാലകളാണ്. സര്‍ക്കാരിന്റെ മനസുമാറണം. പലതും ജനപ്രിയ പദ്ധതികളും പരിപാടികളുമാണ്. കൂടുതല്‍ റിയലിസ്റിക്കായി കാര്യങ്ങള്‍ വിലയിരുത്തുകയും നടപ്പാക്കുകയും വേണം. എങ്കിലേ കേരളത്തിന്റെ പുരോഗതിക്കു സാധ്യത കൂടൂ.
കാവാലം ശശികുമാര്‍

അടിക്കുറിപ്പ്: ജനനം- 1956, ആലപ്പുഴയിലെ കാവാലത്ത്.
പദവികള്‍: ആര്‍. ബി. ഐ കേരള മാനേജര്‍, സിഡ്ബി മാനേജര്‍, കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ഉപദേശക സമിതിയംഗം, സതേണ്‍ സോണല്‍ ജനറല്‍ മാനേജര്‍, സിഡ്ബി ഇപ്പോള്‍ കെ എഫ് സി ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍
January 12, 2011

കാഥികന്‍, രാഷ്ട്രീയക്കാരന്‍, എഡിറ്റര്‍, ഗ്രന്ഥകാരന്‍, പ്രസാധകന്‍..... അങ്ങനെ പലതും പലതും
ഏഴാം ക്ളാസുകാരന്‍ പയ്യന്‍ സ്കൂളിലെ മലയാളം മുന്‍ഷിയോടു പ്രതിഷേധിച്ച് സ്കൂളില്‍ ബദല്‍ കയ്യെഴുത്തു മാസിക ഇറക്കുക. കടുക്ക ചതച്ചുണ്ടാക്കിയ കറുത്ത മഷിയില്‍ പേന മുക്കി ഉരുണ്ട അക്ഷരത്തില്‍ പുറം ചട്ടയില്‍ എഡിറ്ററുടെ പേരായി സ്വന്തം പേര് എഴുതിപ്പിടിപ്പിക്കുക. സ്കൂള്‍ ചരിത്രത്തില്‍ ഒരു പുതിയ മാസികാ സങ്കല്‍പ്പംതന്നെ പിറക്കുകയായിരുന്നു അവിടെ. അദ്ധ്യാപകര്‍ ഏതാണ്ടു പൂര്‍ണമായിത്തന്നെ തയാറാക്കി വിദ്യാര്‍ത്ഥികളില്‍ നല്ല കയ്യക്ഷരക്കാരെക്കൊണ്ട് എഴുതി പുറത്തിറക്കുന്ന കയ്യെഴുത്തു മാസികക്കു പകരമാണ് ഒരു 12 വയസ്സുകാരന്‍ സ്വയം രചിച്ച് സ്വന്തമായി എഴുതി തയാറാക്കിയ മാസികയുടെ മൂന്നുകോപ്പികള്‍ കാവാലത്തെ സര്‍ക്കാര്‍ സ്കൂളിനു സമര്‍പ്പിച്ചത്. എഡിറ്റര്‍- കാവാലം ഗോവിന്ദന്‍ കുട്ടി നായര്‍. തീര്‍ന്നില്ല, ആഗസ്ത് 15. സ്കൂളിലെ സ്വാതന്ത്യ്രദിനാഘോഷം. അദ്ധ്യാപകരുടെ പ്രസംഗത്തിനു ശേഷം മലയാളം അദ്ധ്യാപകന്‍ മുന്‍ഷി പി. ആര്‍. കേശവപിള്ള വിളിച്ചു ചോദിക്കുന്നു. ഇനി വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗിക്കാം, ആരെങ്കിലുമുണ്ടോ? പതിവ് ചടങ്ങാണ്. ആരും ഉണ്ടാകാറില്ല. അന്ന് തേഡ് ഫോമില്‍ പഠിക്കുകയാണ് ഗോവിന്ദന്‍കുട്ടി നായര്‍. ഗോവിന്ദന്‍കുട്ടി നടന്ന് വേദിയില്‍ കയറി. അദ്ധ്യക്ഷനും സദസ്സിനും നമസ്കാരം പറഞ്ഞ് ഇങ്ങനെ തുടങ്ങി '' ഭാരതീയ വീര സന്താനങ്ങളെ..'' നിര്‍ത്താത്ത അന്നത്തെ കരഘോഷം ഇന്നും ചെവിയില്‍ മുഴങ്ങുന്നുവെന്ന് വെന്ന് ഗോവിന്ദന്‍ കുട്ടി നായര്‍ 60 വര്‍ഷത്തിനു ശേഷം ഓര്‍മ്മിക്കുന്നു.
ഗോവിന്ദന്‍കുട്ടിഎസ്. എസ്. എല്‍. സി പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ വര്‍ഷം 1949. അക്കാലത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്റാളുകളിലൂടെ ഗോവിന്ദന്‍ കുട്ടിയുടെ ആദ്യ ചെറുകഥാ സമാഹാരം വില്‍പ്പനക്കെത്തി- മീന. പില്‍ക്കാലത്ത് കോളെജ് മാഗസിന്‍ എഡിറ്റര്‍, കെ. എസ്. മണിസ്വാമിയുടെയും കുട്ടനാട് രാമകൃഷ്ണ പിള്ളയുടെയും കുടെ പ്രസിദ്ധമായ മലയാളി മാസികയുടെ പത്രാധിപ സമിതിയില്‍, കെ. ബാലകൃഷ്ണന്റെ കൌമുദിയിലും പി. കേശവദേവിന്റെ തരംഗത്തിലും കഥയെഴുത്തുകാരന്‍ എന്നിങ്ങനെ കുട്ടി വളര്‍ന്നു. കേരളത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അതിന്റെ ആദ്യത്തെ സംസ്ഥാന ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറായിരുന്നു ഗോവിന്ദന്‍കുട്ടി. ഈ കാലത്ത് സമിതിയിറക്കിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ശില്‍പ്പിയായി അദ്ദേഹം. അവിടെ പത്തുവര്‍ഷത്തിലേറെ സജീവ സാന്നിദ്ധ്യമായി. എന്നാല്‍ അതിനു ശേഷമാണ് ഗോവിന്ദന്‍കുട്ടിയുടെ പോരാട്ടത്തിന്റെയും കാര്യശേഷിയുടെയും ജീവിതാനുഭവകാലം. 25 വര്‍ഷത്തെ സംഭവ ബഹുലമായ കഥ.
അടുത്തിടെ ഡോ. കെ. അയ്യപ്പ പണിക്കര്‍ അന്തരിച്ചപ്പോള്‍ വിദേശത്തുള്ള ഒരു കാവാലത്തുകാരന്റെ ഇ-മെയില്‍ സന്ദേശത്തില്‍ അത്ഭുതം കൂറിയിരുന്നു 'പണിക്കര്‍സാര്‍ കാവാലത്തുകാരനായിരുന്നുവോ?' ഇക്കാര്യം മറ്റൊരു കാവാലത്തുകാരനോടു പറഞ്ഞ് കാവാലം ഗോവിന്ദന്‍കുട്ടിയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മറ്റൊരത്ഭുതം- 'അങ്ങനെയൊരാളുണ്ടോ?' കാവാലം നാരായണപ്പണിക്കര്‍ ചാലയില്‍ നാരായണപ്പണിക്കര്‍ എന്ന പേരില്‍ എഴുതിക്കൊണ്ടിരുന്നകാലത്ത് കാവാലം ഗോവിന്ദന്‍കുട്ടിനായര്‍ എന്ന പേരില്‍ കഥയും കവിതകളും അച്ചടിച്ചുവന്നിരുന്നു. ഒരിക്കല്‍, മലയാള മനോരമയുടെ വാര്‍ഷികപ്പതിപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെ കഥവന്നു- 'രാജാവിന്റെ മരണം' . കഥ അച്ചടിച്ചു വന്നത് അകം താളുകളില്‍ അപ്രധാനമായി. പക്ഷ അന്ന് പതിപ്പിന്റെ ചുമതലക്കാരന്‍ ഒരു കത്തയച്ചു, 'പതിപ്പ് അച്ചടിച്ചു കഴിഞ്ഞാണ് വായിച്ചത്. ഈ പതിപ്പിലെ ഏറ്റവും മികച്ച കഥയാണിത്.' എന്നൊരു കുറിപ്പും അക്കാലത്ത് കഥക്ക് കൊടുത്തിരുന്ന പ്രതിഫലത്തിന്റെ ആറിരട്ടി തുകയും. പക്ഷേ ശിശുക്ഷേമ സമിതിയിലെ ജോലിക്കിടയില്‍ ഗോവിന്ദന്‍കുട്ടിയിലെ സാഹിത്യകാരന്‍ തിരശ്ശീലക്കു പിന്നില്‍ മാഞ്ഞുപോയി.
'നമ്മുടെ കുഞ്ഞുങ്ങള്‍' എന്ന പേരില്‍ ശിശുക്ഷേമ സമിതിക്കുവേണ്ടി പുറത്തിറക്കിയിരുന്ന മാസികയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗോവിന്ദന്‍കുട്ടിയുടേതായിരുന്നു.'മലയാളി'യുടെ ഞായറാഴ്ച പതിപ്പുകള്‍ അതിമനോഹരവും അന്തസ്സാര ഗംഭീരവുമാക്കിയിരുന്ന ഗോവിന്ദന്‍കുട്ടിയുടെ അവിടത്തെ പരിചയംതന്നെയാണ് ശിശുക്ഷേമ സമിതിയില്‍ സഹായകമായത്. മലയാളിയില്‍ ജോലിയിലിരിക്കെ തലസ്ഥാനത്തെ പ്രമുഖ സാഹിത്യകാരന്മാരുമായുള്ള പരിചയം, അവരോടൊപ്പം പ്രസംഗിക്കാനും വിവിധ വേദികളില്‍ പ്രവര്‍ത്തിക്കാനുമുണ്ടായ അവസരം, ആകാശവാണിയിലെ റേഡിയോ നാടക അവതരണം... തുടങ്ങി ഗോവിന്ദന്‍കുട്ടിനായര്‍ വ്യാപരിക്കാത്ത മേഖലയില്ല. അങ്ങനെയിരിക്കെയാണ് മറ്റൊരു വഴിത്തിരിവ് ജീവിതത്തിലുണ്ടായത്.
ശിശുക്ഷേമസമിതിയില്‍ സര്‍വാധികാരിയായിരിക്കുന്ന കാലം. സമിതിയുടെ സെക്രട്ടറിയുമായി അത്ര നല്ല രസത്തിലല്ലാതായി. ശിശുദിനാഘോഷങ്ങള്‍ക്കു ദല്‍ഹിയിലേക്കുപോകാന്‍ സംസ്ഥാനത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കു പകരക്കാരനായി തന്റെയാളെ അയക്കണമെന്ന് സെക്രട്ടറി. പറ്റില്ലെന്നു ഗോവിന്ദന്‍കുട്ടി. വാക്കുതര്‍ക്കം. വഴക്ക്. ഒടുവില്‍ നടപടി- സസ്പന്‍ഷന്‍. പിന്നെ തിരിച്ചെടുക്കല്‍. എന്നാല്‍ ഏറെ നാള്‍ അവിടെ തുടരാന്‍ ഗോവിന്ദന്‍കുട്ടി തയാറായില്ല. രാജിവച്ചു. വാശികൊണ്ടെടുത്ത തീരുമാനം. പക്ഷേ അത് അതിസാഹസികമായിപ്പോയി. സഹായിക്കാനാളില്ലാതായി. ആരുടേയും സഹായം വാങ്ങി ശീലവുമില്ല. അഞ്ചടിരണ്ടിഞ്ചു പൊക്കക്കാരന് ആകാശം മുട്ടെയായിരുന്നു അഭിമാനം. ആരോടും അതിരുവിട്ട ഒത്തു തീര്‍പ്പിനു തയാറല്ലായിരുന്ന അദ്ദേഹം എഴുത്തും പ്രസിദ്ധീകരണവുമാണ് തന്റെ വഴിയെന്നു തീരുമാനിച്ചുറച്ചു. അങ്ങനെ 'ബാലാരാമം' (ചില്‍ഡ്രണ്‍സ് ഗാര്‍ഡന്‍) എന്ന ഒരു മാസിക പിറന്നു. മാസികയുടെ പ്രത്യേകത-' പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി' എന്ന മുദ്രാവാക്യം. ഇന്ന് ഡി. പി. ഇ. പിയും സ്കൂള്‍ പ്രോജക്ടും ഒക്കെ ചെയ്യാന്‍ സഹായത്തിനിറങ്ങുന്ന ബാല-സ്കൂള്‍ മാസികകളുടെ മുന്‍ഗാമിയായിരുന്നു ബാലാരാമം. പയ്യെപ്പയ്യെ ഗോവിന്ദന്‍കുട്ടി ബാലസാഹിത്യ രംഗത്തേക്കു തിരിയുകയായിരുന്നു. വിജയകരമായ ഒരു വളര്‍ച്ച, മാതൃകാപരമായ ഒരധ്വാന പാഠം.
കേരളത്തില്‍ ബാലസാഹിത്യം അച്ചടിക്കാന്‍ മാത്രമായി ഒരു അച്ചുകൂടം സ്ഥാപിച്ചത് ഗോവിന്ദന്‍കുട്ടിയാണ്. അതിനു മാത്രമായി ഒരു പ്രസാധന സ്ഥാപനം തുടങ്ങിയതും. അങ്ങനെ കാവാലം പ്രിന്റേഴ്സും ബാലവാടി പ്രസാധന ശാലയും തിരുവനന്തപുരത്തെ പൂജപ്പുരയില്‍ പിറന്നു. അതിലൂടെ പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗത്തിന് 12 പുസ്തകങ്ങളും സെക്കണ്ടറി വിഭാഗത്തിന് എട്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അതില്‍ പലതിനും മൂന്നും നാലും പതിപ്പുകളിറങ്ങി. രാമായണം കഥകള്‍, ഭാരതകഥകള്‍, ജാതകകഥകള്‍, അറബിക്കഥകള്‍ എന്നിവക്കൊപ്പം മൃച്ഛകടികം, രഘുവംശം, ഊരുഭംഗം, പത്തുകല്‍പ്പനകള്‍ എന്നിവയും പ്രസിദ്ധീകരിച്ചു. ഒക്കെയും അതീവ ലളിതമായ ഭാഷയില്‍ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട്.
ഈ പുസ്തകങ്ങളെക്കാളൊക്കെ എടുത്തുപറയേണ്ടത് ക്രിക്കറ്റിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ കാര്യമാണ്. 1977-ല്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചു. ദേശീയ കളിയായ ഹോക്കിയെക്കുറിച്ചുമുണ്ട് ഒന്ന്. ഇന്ന് ക്രിക്കറ്റിന് ഇത്ര മാര്‍ക്കറ്റുണ്ടാകുന്നതിന് എത്രയോ വര്‍ഷം മുമ്പാണ് ഇതെന്നോര്‍ക്കണം.
ഈ പുസ്തകങ്ങളെല്ലാം സ്വയം എഴുതിയവയോ വിവര്‍ത്തനം ചെയ്തവയോ ആണ്. അതിന്റെ രചന, അച്ചു നിരത്തല്‍, പ്രൂഫു വായന, തപാലില്‍ കോപ്പി അയക്കല്‍, വില്‍പന അടക്കം എല്ലാ കാര്യങ്ങളിലുമായി ഗോവിന്ദന്‍കുട്ടിനായര്‍ 25 വര്‍ഷം വിയര്‍പ്പൊഴുക്കി. ഊണും ഉറക്കവും മറന്ന് അക്ഷീണം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ജോലിയില്‍നിന്നു കിട്ടിയിരുന്നതിനേക്കാള്‍ വരുമാനം. മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാര്‍ വരെയാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്സുകളായിരുന്നു അന്ന് എന്ന് നായര്‍ ഓര്‍മ്മിക്കുന്നു. പ്രസ്സില്‍ അവസാനം അച്ചടിച്ചത് രാമായണം ഗദ്യവിവരണം. ബാലസാഹിത്യത്തോടൊപ്പം പ്രൌഢ സാഹിത്യവും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
പുസ്തകങ്ങളുടെയെല്ലാം ജനറല്‍ എഡിറ്റര്‍ കാവാലം ഗോവിന്ദന്‍കുട്ടിനായര്‍. പുസ്തകം എഴുതുന്നത് കെ. വിഷ്ണുശര്‍മ്മ. ലോകത്തെ ആദ്യത്തെ ബാലസാഹിത്യം എന്നു വിശേഷിപ്പിക്കാവുന്ന 'പഞ്ചതന്ത്രം ഉപാഖ്യാനം എന്ന സംസ്കൃത ഗ്രന്ഥത്തിന്റെ രചയിതാവ് വിഷ്ണുശര്‍മ്മക്ക് ഇനീഷ്യല്‍ ചേര്‍ത്ത തൂലികാനാമം ഗോവിന്ദന്‍കുട്ടിയുടേതുതന്നെയായരുന്നു. ഇതിനു സാക്ഷ്യപത്രം സാക്ഷാല്‍ എം. ടിയുടേത് (സാഹിത്യഅക്കാദമി അദ്ധ്യക്ഷന്‍ എന്ന നിലയില്‍) ഗോവിന്ദന്‍കുട്ടിയുടെ പക്കലുണ്ട്. എന്തുകൊണ്ട് കെ. വിഷ്ണുശര്‍മ്മ യെന്നു ചോദിച്ചാല്‍ പുസ്തകത്തിന് ആധികാരികതയുണ്ടാകാന്‍ അന്ന് അതു വേണ്ടിയിരുന്നു എന്നു ഗോവിന്ദന്‍കുട്ടി പറയുന്നു. സ്വന്തം പേരു മോശമായതുകൊണ്ടല്ല മറിച്ച് മലയാളികള്‍ക്ക് ഇത്തരം ചില കാര്യങ്ങള്‍ അംഗീകരിക്കുന്നതിന് ഒരു പ്രത്യേക മനഃശാസ്ത്രമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
രഘുവംശം കെ.വിഷ്ണുശര്‍മ്മയെന്ന പേരില്‍ അച്ചടിച്ചുവന്നപ്പോള്‍ '' ആളിനെ ഞാനറിയും, ഒറ്റപ്പാലത്തുകാരനാണ്. സംസ്കൃതത്തില്‍ നല്ല വ്യുല്‍പ്പത്തിയുള്ള ആളാണ്'' എന്ന് ഒരു പ്രശസ്ത സാഹിത്യകാരന്‍ തന്നോടുതന്നെ പറഞ്ഞകാര്യം ഗോവിന്ദന്‍കുട്ടി ഓര്‍മ്മിക്കുന്നു. പക്ഷേ ആ ശര്‍മ്മ താനാണെന്നുപറഞ്ഞപ്പോള്‍ ആ എഴുത്തുകാരന്‍ പില്‍ക്കാലത്തു പിണങ്ങുകയും ചെയ്തുവത്രേ.
കോളെജ് വിദ്യാഭ്യാസത്തിനായി ആലപ്പുഴയില്‍ എത്തുംവരെ കാവാലത്ത് നല്ലബന്ധമുണ്ടായിരുന്ന ഗോവിന്ദന്‍കുട്ടിയെ 1960 കളിലെ ജനങ്ങളേ കാവാലത്തുകാരനായി ഓര്‍മ്മിക്കുന്നുള്ളു. പില്‍ക്കാലം മുഴുവന്‍ തിരുവനന്തപുരത്ത്. ഏറെ സംഭവ ബഹുലമായ ജീവിതത്തിന്റെ വിശ്രമകാലം ഇപ്പോള്‍ മകളോടൊപ്പം എറണാകുളത്തെ കാക്കനാട്ടിനടുത്താണ്.

ഇന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി കാവാലം ഗോവിന്ദന്‍കുട്ടിയുടെ വാടകമുറിയില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയക്കാലത്ത് ഒപ്പം കഴിഞ്ഞിട്ടുണ്ട്. 1958-'59 കാലത്ത് ആലപ്പുഴ സനാതന ധര്‍മ്മകോളെജിന്റെ മാഗസിന്‍ എഡിറ്ററായി ഗോവിന്ദന്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തകഴിയുടെ ചെമ്മീന്‍ അവസാനകയ്യെഴുത്തു പ്രതി തയാറാക്കിയത് ഗോവിന്ദന്‍കുട്ടിനായരാണ്. മന്നത്തു പത്മനാഭന്‍ നേരിട്ടാണ് ഗോവിന്ദന്‍കുട്ടിയുടെ മിടുക്കറിഞ്ഞ് മലയാളിയില്‍ ജോലിക്കുകയറ്റിയത്. ഒരിക്കല്‍ ജോലി നിഷേധിക്കാനിടയായതില്‍ പില്‍ക്കാലത്ത് അഴീക്കോട് പരസ്യമായി ഗോവിന്ദന്‍കുട്ടിയോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൌമുദി ബാലകൃഷ്ണനും കേശവദേവും അന്നത്തെ പൊതുവദികളില്‍വച്ച് അനുഗ്രഹിച്ചിട്ടുണ്ട്.....
അത്രയൊന്നും അറിയപ്പെടാതെ ഇന്ന് കഴിയുന്നതില്‍ അദ്ദേഹത്തിനു വിഷമമില്ല. 'ഏറെ പരിശ്രമിച്ചിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യാനായത്. സാഹിത്യത്തിനു തനിക്കുചെയ്യാവുന്ന ചില കാര്യങ്ങള്‍ ചെയ്തു. അതില്‍ രണ്ടാം പകുതി ജീവിക്കാന്‍ കൂടിയായിരുന്നു. പക്ഷേ ആ ജീവിത പോരാട്ടത്തിനിടയില്‍ എന്റെ സര്‍ഗ്ഗാത്മക സാഹിത്യ പ്രവര്‍ത്തനം പിന്‍നിരയിലേക്കുപോയി. എങ്കിലും വിഷമമില്ല. എന്റെ കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്തു തീര്‍ത്തു'- ഗോവിന്ദന്‍കുട്ടിനായര്‍ പറയുന്നു.

കാവാലം കാവാലത്തെക്കുറിച്ച് കാവാലത്തുകാരനോട് പറയുന്നു.....

തനതു നാടക വേദി........
എതിര്‍പ്പു കുറഞ്ഞു, ആസ്വാദകര്‍ കൂടി (കാവാലം നാരായണപ്പണിക്കര്‍)

എന്റെ ജീവിതത്തിന്റെ 40 വര്‍ഷം എന്റെ കലാ പ്രവര്‍ത്തനമായി കണക്കാക്കിയാല്‍ അതില്‍ പകുതി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ശരിയായ ദിശയില്‍ എത്തിയതെന്നു പറയാം. പക്ഷേ അതിന്റെ അര്‍ത്ഥം പകുതിക്കാലം ഞാന്‍ പാഴാക്കിയെന്നല്ല. മറിച്ച് ആര്‍ജിക്കുകയായിരുന്നു. എന്റെ നാട്ടിലൂടെ ഒഴുകുന്ന പമ്പാനദിയെ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്. അതിന്റെ വളഞ്ഞുള്ള പുളഞ്ഞുള്ള ഒഴുക്ക്. ഓരോ ദിവസവും അവള്‍ ഭര്‍ത്താവിനെകാണാന്‍ പടിഞ്ഞാറേക്ക് ഒഴുകും. വെറുതേ ഒഴുകുകയല്ല, പായലും പുളിനങ്ങളില്‍നിന്നു കിട്ടുന്ന എല്ലാവസ്തുക്കളും സംഭരിച്ചാണ് ആ യാത്ര. അതിവേഗം പോയി കുറച്ചു കഴിയുമ്പോള്‍ മടങ്ങി വരുന്നതുകാണാം. അവള്‍ ഭര്‍ത്താവിനെ കണ്ടോ, കണ്ടെങ്കില്‍ അതെത്ര നേരം എന്നൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. നിരന്തരമായ ആ ഒഴുക്കും ഓളവും നിറഞ്ഞതാണ് അതിന്റെ ഗതി. അതിന്റെ താളം നതോന്നതയാണ്. അതു ജീവിതം പോലെയാണ്. പൊങ്ങിയും താണും അങ്ങനെ പോകും. ഇതുപോലെയാണ് ജീവിതവും. ഞാന്‍ ഈ ഒഴുക്കില്‍ എന്റെ ദിശാബോധം കണ്ടത് 1961-71 കാലത്ത് എന്റെ അക്കാദമി ജീവിതത്തിനിടയിലാണ്. കേരളത്തിന്റെ വിവിധ മേഖലകളിലെ കലാരൂപങ്ങളുമായി എനിക്ക് സമ്പര്‍ക്കത്തിനും പരിചയത്തിനും അവസരം കിട്ടി. കാവാലത്തിനു പുറത്തും എനിക്ക് കലകളെ കാണാന്‍ കഴിഞ്ഞു. അവ തമ്മിലുള്ള ജൈവിക ബന്ധം എനിക്ക് തിരിച്ചറിയാനായി. തെയ്യം കളിക്കാരന്റെ ചുവടിലും താളത്തിലും ഈണത്തിലും എനിക്ക് എന്റെ നാട്ടില്‍നിന്നു കിട്ടിയ കലകളുടെ സാമ്യത കാണാനായി.
വ്യത്യസ്ത മേഖലകളിലെ ഈ കലാ രൂപങ്ങള്‍ക്കിടയിലെ വൈജാത്യങ്ങള്‍ക്കു പകരം സമാനതകള്‍ കാണാന്‍ കഴിഞ്ഞതാണ് അങ്ങയുടെ വിജയം എന്നു തോന്നുന്നു.-
അതെ, ഈ കലകളില്‍ വ്യത്യസ്തതകള്‍ കാണാം. പക്ഷേ സമാനതകള്‍ കണ്ടെത്തുന്നതാണ് കാരയം. സംസ്കൃതിയുടെ സമാനതകള്‍ കണ്ടെത്തുകയാണു വേണ്ടത്. ഇങ്ങനെ കേരളം കണ്ട ഒരേയൊരു സാംസ്കാരിക നായകന്‍ കുഞ്ചന്‍ നമ്പ്യാര്‍ മാത്രമാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ അത് അടിമുടി കാണാം. നിത്യജീവിതത്തിലെ കാര്യങ്ങള്‍ മുതല്‍ കലാവിഷ്കാരത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ വരെ ഈ ഭാവം കാണാം. അത്യുന്നത മേഖലമുതല്‍ താഴേത്തട്ടിലുള്ള കാര്യങ്ങള്‍ വരെ നമ്പ്യാര്‍ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും തന്റെ കലാ മേഖലയില്‍ അവ ആവിഷ്കരിക്കാനും ശ്രദ്ധിച്ചിരുന്നു. ഉന്നതാഭിജാത്യപരിവേഷമുള്ള വാദ്യോപകരണമായ മിഴാവുവായിച്ചിരുന്ന നമ്പ്യാര്‍ കുട്ടനാട്ടില്‍ വന്ന് അവിടത്തെ ജാതിയില്‍ താഴ്ന്നവരുടെ താളവും സംഗീതവും കലയും സ്വായത്തമാക്കി. മിഴാവില്‍നിന്നു പടയണിയുടെ പച്ചത്തപ്പുവരെ നമ്പ്യാര്‍ പഠിച്ചു. കേരള കലാപ്രസ്ഥാനത്തിന്റെ മഹാഗുരുവായിരുന്നു നമ്പ്യാര്‍. ഇങ്ങനെ കലകളിലെ വ്യത്യസ്തതകളെ സംയോജിപ്പിക്കാന്‍ കഴിയണം. ആര്യവും ദ്രാവിഡവും യോജിപ്പിക്കണം, ഔന്നത്യവും താഴ്മയും തമ്മില്‍ സമന്വയിക്കണം. സംസ്കൃതവും പ്രാകൃതവും ഒന്നിപ്പിക്കണം. ഇങ്ങനെയുള്ള അനുസന്നിവേശങ്ങള്‍ക്കാണ് ശ്രമിക്കേണ്ടത്. നമ്മുടെ ഭാഷയുടെ ഉല്‍പ്പത്തിവഴിപോലും അങ്ങനെയാണെന്നോര്‍ക്കണം. സംസ്കകൃതവും ഭാഷയും ചേര്‍ന്ന മണിപ്രവാളം. നാടോടിയും സംസ്കൃതവും തമ്മില്‍ കേവലം അക്കാദമിക് ഭേദമേ ഉള്ളുവെന്നാണ് എന്റെ കണ്ടെത്തല്‍. നാട്യഭാഷയില്‍ പറഞ്ഞാല്‍ നാട്യധര്‍മിയും ലോകധര്‍മിയും തമ്മിലുള്ള ഒരു അനുസന്നിവേശം നമ്മുടെ നാട്ടിലുണ്ട്.
സംഗീതം, കവിത, നാടകമെഴുത്ത് തുടങ്ങി വിവിധ രംഗങ്ങളിലൂടെ സ്വയംപ്രകടമാകാന്‍ ശ്രമിക്കുമ്പോള്‍ ഏതിലാണ് കൂടുതല്‍ സംതൃപ്തിയെന്നു പറയാമോ
സംഗീതത്തിലാണെന്റെ തുടക്കം. എന്നല്ല എന്റെ നാടിന്റെ കൊയ്ത്തുപാട്ടും ചക്രപ്പാട്ടും ഞാറ്റുപാട്ടും മറ്റും മറ്റും. അത് ഞാന്‍ ഔപചാരിമായി നേടിയ അറിവല്ല, മറിച്ച് അനുഭവിച്ചുള്ള അറിവാണ്. അത് എന്റെ അടിത്തറയാണ്. ഏതു കുട്ടനാട്ടുകാര്‍ക്കും ആ അനുഭവമുണ്ട്. കാരണം ചുറ്റുപാടുകളുടെ സന്തതിയാണ് മനുഷ്യന്‍. പിന്നെ അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളില്‍ കേട്ട തുള്ളല്‍ പാട്ടും മറ്റും കുറേയേറെ സ്വാധീനിച്ചു. പിന്നെ അന്നൊക്കെ വീട്ടുകാരാണല്ലോ ഭാവി വിദ്യാഭ്യാസവും മറ്റും നിശ്ചയിക്കുന്നത്. അങ്ങനെയാണ് വക്കീല്‍ പഠനത്തിന് കാരണമായത്. (പക്ഷേ ഞാന്‍ എന്റെ മക്കളില്‍ ഒരാളെ കഥകളി പഠിപ്പിച്ചു. മറ്റൊരാളെ സംഗീതവും. ഒന്നിനും കൊള്ളാത്തവനെ പാട്ടു പഠിപ്പിക്കു എന്ന സങ്കല്‍പ്പമായിരുന്നു പണ്ടുള്ളവര്‍ക്ക്.) പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു ഞാന്‍ എങ്ങോട്ടു പോകണമെന്ന കാര്യത്തില്‍. നാടകത്തില്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്. അതിനു മുമ്പുള്ള കാലത്ത് കിട്ടയതെല്ലാം അവിടേക്കുള്ള സമ്പാദ്യമായിരുന്നു.

തനതു നാടകവേദിക്ക് ഇപ്പോള്‍ അംഗീകാരം കിട്ടിയിട്ടുണ്ട്. ആദ്യകാലത്തെ വിയോജിപ്പുകള്‍ കുറയാന്‍ കാരണം ജനങ്ങളുടെ ഭാവുകത്വത്തില്‍ വന്ന ഭേദമാണോ.ആദ്യകാലത്തെ എതിര്‍പ്പുകള്‍ മാറി. ആസ്വാദകര്‍ കൂടി. ഇത് ഇത്രയും നാളത്തെ പരിശ്രമ ഫലംതന്നെയാണ്. ഒപ്പം പ്രേക്ഷകരിലും മാറ്റം വന്നു. പഴയകാലത്തെ എതിര്‍പ്പ് ഇന്നില്ലെന്നു മാത്രമല്ല ആസ്വാദകരുടെ എണ്ണം കൂടിക്കൂടി വരുന്നുമുണ്ട്.
താങ്കളുടെ കവിതയിലും നാടകത്തിലുമെല്ലാം താളമാണ് അടിസ്ഥാനമായി അനുഭവപ്പെടുന്നതെന്നു പറഞ്ഞാല്‍..ശരിയാണ്. താളമാണ് അടിസ്ഥാനം എല്ലാറ്റിനും. എല്ലാറ്റിനേയും ഒന്നിപ്പിച്ചു നിര്‍ത്തുന്നതും ഈ താളമാണ്. നാടകത്തിലെ സംഗീതം ഒരു താളത്തില്‍ അധിഷ്ഠിതമാണ്; അതിലെ സംഭാഷണവും നൃത്തവും ചുവടുകളും എല്ലാം താളത്തിന്റെ അടിത്തറയിലാണ്. അത് ആശയത്തിന്റെ വിനിമയത്തിന് അനിവാര്യമാണ്. ഭാവ സംക്രമണത്തിന് അവശ്യമാണ്. ശബ്ദാശബ്ദങ്ങളുടെ ചേരുവയാണ് ഈ റിഥം. അത് ചലനാചലനങ്ങളുടെ സമന്വയമാണ്. എന്റെ നാടകത്തിലെ കലാശങ്ങള്‍ ഇങ്ങനെ ഒന്നില്‍നിന്നു മറ്റൊന്നിലേക്കുള്ള സംക്രമണത്തിനിടയിലെ അവശ്യമായ ചിഹ്നനങ്ങളാണ്. നിര്‍ത്തിന്റെയും തുടര്‍ച്ചയുടെയും ഒരു മേളനം.
കലാകാരന്റെ, ഡയറക്ടറുടെ, കാണികളില്‍ ഓരോരുത്തരുടെയും മനോഭാവത്തിന്റെ ആവിഷ്കാരമാണ് രംഗകലാവതരണത്തെ പൂര്‍ണമാക്കുന്നതെന്ന് പറയാറുണ്ടല്ലോ. അപ്പോള്‍ ആരുടേതാണ് അവതരിപ്പിക്കപ്പെടുന്ന കല.ആവിഷ്കരിക്കപ്പെടുന്ന കല അനന്തപാഠ്യമാണ്. സംവിധായകന്റെ, അഭിനേതാവിന്റെ, പ്രകാശ നിയന്ത്രണക്കാരന്റെ, ശബ്ദ സംവിധാനക്കാരന്റെ, കാണികളില്‍ ഓരോരുത്തരുടെയും പാഠ്യമാണ്. ഇവയുടെ സമ്മേളനമാണ് അതിന്റെ പൂര്‍ണത. ഇവരുടെ ഓരോരുത്തരുടെയും ഓട്ടോണമി-സ്വയം നിര്‍ണയാവകാശം- ആണ് യഥാര്‍ത്ഥത്തില്‍ കലാസ്വാദനം. അതുകൊണ്ട്, എഴുത്തുകാരന്റെ, അല്ലെങ്കില്‍ സംവിധായകന്റെയോ അഭിനേതാവിന്റെയോ മാത്രമല്ല ആവിഷ്കരിക്കപ്പെടുന്ന കല. ഇവിടെ ഒരു അന്തമില്ലാത്ത സ്വയംഭരണാവകാശമുണ്ട്. പ്രേക്ഷകരില്‍ പോലും മുന്നിലിരിക്കുന്നവരും പിന്നിലിരിക്കുന്നവരും തമ്മില്‍ മാത്രമല്ല അടുത്തടുത്തടുത്തിരിക്കുന്നവരില്‍ പോലും ആസ്വാദന ഭേദമുണ്ട്.
കലാകാരന്റെ ഈ ഓട്ടോണമി ഭരണാധികാരികളുടെ മേല്‍ക്കോയ്മയുമായി ഏറ്റുമുട്ടുമ്പോഴാണോ സംഘര്‍ഷം ഉണ്ടാകുന്നത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ സെക്രട്ടറിയുമായി ഭിന്നതയുണ്ടായി. കേന്ദ്ര അക്കാദമിയിലായിരിക്കെയും ചില വിഷയങ്ങള്‍ ഉണ്ടായല്ലോ?
അല്ല. അത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമായിരുന്നു. അധികാരികളുടെ പിന്തുണയുണ്ടെന്ന് തെറ്റിദ്ധരിച്ച് ചെയര്‍പേഴ്സണ്‍ സ്വേച്ഛാധിപത്യത്തിനിറങ്ങിയതു ചോദ്യം ചെയ്യുകയായിരുന്നു ദേശീയ അക്കാദമിയില്‍. കേരളത്തിലെ കാര്യത്തില്‍ ഞാന്‍ നിയമിച്ച സെകട്ടറിയുമായിത്തന്നെയായിരുന്നു പ്രശ്നം. അത് അയാളുടെ വിവരക്കുറവുകൊണ്ടായിരുന്നു. പിന്നെ അക്കാദമികള്‍ ഭരണകൂടങ്ങളേയും സര്‍ക്കാരിനേയും മാത്രം ആശ്രയിച്ചു കഴിയുന്ന കാലം മാറിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അന്നത്തെപ്പോലുള്ള കുഴപ്പങ്ങള്‍ ഇന്നില്ല.

നാല്‍പതു വര്‍ഷത്തെ കലാ പ്രവര്‍ത്തനം, അതിനിടെ ഈ നാടകപ്രസ്ഥാനവുമായി ഗ്രീസില്‍ പോയി. ആ അനുഭവങ്ങള്‍... അതു വലിയൊരു സാംസ്കാരിക വിനിമയമായിരുന്നു. ഞാനും ഡോ. അയ്യപ്പപ്പണിക്കരും ചേര്‍ന്നായിരുന്നു ആ സംരംഭം. ഒരു വര്‍ഷം നീണ്ടതായിരുന്നു ആ നാടക പ്രവര്‍ത്തനം. നമ്മുടെ രാമായണത്തെയും അവരുടെ ഇല്യഡിനേയും തമ്മില്‍ സാംസ്കാരികമായും കലാപരമായും സമന്വയിപ്പിച്ചുകൊണ്ടുള്ള സംരംഭം. 'ഇല്യായനം' എന്നു പേരിട്ട്. അതൊരു വിജയമായിരുന്നു. നമ്മള്‍ അവിടെ പോയി. അവിടത്തെ കലാകാരന്മാര്‍ ഇവിടെ വന്നു. 1980-ല്‍ ആയിരുന്നു അത്.
അങ്ങയുടെ തനതു നാടക സമ്പ്രദായത്തിനു സമാനമായി മറ്റെവിടെയെങ്കിലും നാടകാവിഷ്കാരമുണ്ടോ.-യഥാര്‍ത്ഥത്തില്‍ അങ്ങനെ പറയാനാവില്ല. പക്ഷേ സാംസ്കാരികത്തനിമയിലേക്കുള്ള യാത്ര എല്ലാ രാജ്യങ്ങളിലും കലാരംഗത്തു സംഭവിച്ചിട്ടുണ്ട്. പക്ഷേ എന്റെ സമ്പ്രദായം അവയിലേതിന്റെയെങ്കിലും അനുകരണമാണെന്നു പറയാനാവില്ല. ഭാരതത്തില്‍തന്നെ ഇങ്ങനെ സ്വത്വത്തിലേക്ക് അന്വേഷിച്ചു പോകുന്ന കലാപാരമ്പര്യമുണ്ടായിട്ടുണ്ട്. നാടകരംഗത്ത് ഹബീബ് തന്‍വറിന്റെ കാര്യം പറയാം. ഛത്തീസ്ഗഢിലെ നാടന്‍ കലാരംഗത്തേക്ക് നാടകത്തെ മടക്കിക്കൊണ്ടുപോയതാണ് ഹബീബിന്റെ രീതി. പക്ഷേ അത് ലോക ധര്‍മ്മിയിലധിഷ്ഠിതമാണ്. എന്റെ ആവിഷ്കാരം നാട്യധര്‍മ്മിയിലാണ്. അതാകട്ടെ കേരളീയമായ രീതിയാണ്. അത് മറ്റാര്‍ക്കുമില്ലാത്തതുമാണ്.
സിനിഗാ ഗാനരചനക്ക് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണെന്ന് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.ഞാനും ജി. അരവിന്ദനും നാടകത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യം സിനിമാ ഗാനം എഴുതുന്നത്. അത് തമ്പ് എന്ന സിനിമക്കു വേണ്ടി അരവിന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. പിന്നെ പത്മരാജന്‍, ഭരതന്‍ തുടങ്ങി ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രം എഴുതി. ഇന്ന് സാഹിത്യം സിനിമാ ഗാനത്തിനു നിര്‍ബന്ധമല്ലാതായിട്ടുണ്ട്. പിന്നെ ട്യൂണിനൊപ്പിച്ച് പാട്ടെഴുതാന്‍ എന്നെ കിട്ടില്ലെന്നു പ്രഗത്ഭര്‍ക്കു പോലും അറിയാം.

Jan 8 ,2010

കാവാലത്തുനിന്നു പതിറ്റാണ്ടുകള്‍ മുമ്പു താമസം മാറിപ്പോയ ഒരു 75 കാരന്‍ എഴുതിയ കവിതക്കത്തിനു മറുപടി...
(മറുപടി) ചേട്ടന്റെ കത്തുകണ്ടപ്പോ
ളേറെ സന്തോഷമായിതേ
പറഞ്ഞു തീര്‍ക്കുവാനാവി
ല്ലതും പറകയാണുഞാന്‍.

പണ്ടുകോളേജിലാകുമ്പോള്‍
പതിവായ് ചെയ്തിരുന്നതാം
കത്തെഴുത്തും കവിതയില്‍,
കാലമന്നതു കൌതുകം
ഇന്നു കത്തും കവിതയും
'കാലംചെയ്തൊരു' കാലമാം
കത്തിനെ ഫോണുതാന്‍ കൊന്നു,
ഫോണ്‍ ഇ-മെയില്‍കൊണ്ടു ചത്തുവോ
സാങ്കേതികത്വ ബാഹുല്യം
കൊന്നേകൊന്നിതു ഭാവന
സങ്കല്‍പ്പലോകത്തലയാന്‍
'ടൈം' കിട്ടുന്നീലിതാര്‍ക്കുമേ

(വിശേഷം)
കാവാലത്തൊന്നു പോയീ ഞാന്‍
രുനാള്‍ തങ്ങി-വിശ്രമം
ക്രിസ്മസ് അവധി ഘോഷിക്കാന്‍
കുടുംബ സഹിതം -സുഖം

ചേട്ടന്റെ കവിതക്കാമ്പില്‍
തിങ്ങി വിങ്ങിയ ഹൃത്തുമായ്
കാവാലത്തൂടൊന്നു ചുറ്റീ
കഷ്ടം, അംഗുലി മൂക്കിലായ്

പച്ചപ്പില്ല, പരപ്പില്ല,
ആമ്പല്‍പൊയ്കയുമില്ലഹോ
പാടത്തു വേര്‍പ്പൊഴുക്കുന്ന
ചെറുമിപ്പെണ്ണുമില്ല കേള്‍
കൊയ്ത്തുപാട്ടും ഞാറ്റുപാട്ടും
ചക്രം ചുറ്റുന്നകാഴ്ചയും
കണ്ണുകിട്ടാതിരിക്കാനായ്
നാട്ടും കോലങ്ങള്‍ പോലുമേ

കാണാനില്ലവയെല്ലാമേ-
കാണാം കരയിലൊക്കവേ
ജീന്‍സും ടീഷര്‍ട്ടുമിട്ടല്ലോ
ശ്രീകോവില്‍ പടിയിങ്കലും
ഭക്തര്‍ നില്‍ക്കുന്നു ഹാ കഷ്ടം!
ശാലീനത്വം പഴങ്കഥ

(ഖേദം)
ആലിന്‍തണലുമാകാശ
ത്തായിരും പൂത്ത പൂപ്പൊലീം
ഇല്ല, നട്ടുച്ച നേരത്ത്
ടാറിന്‍ റോഡിന്റെ നീറ്റലാം.

പമ്പയിന്നൊരു പാരം,
രോഗവാഹിനിയാണുകേള്‍
റോഡിലൂടെ പാഞ്ഞുപോകും
വാഹനക്കാഴ്ച മാത്രമായ്.

കുറ്റിപ്പുറപ്പാലവൃത്തം
ഇടശ്ശേരി കുറിച്ചപോല്‍
ആര്‍ക്കുമാരെയുമിന്നിപ്പോള്‍
അറിയാത്ത വിശേഷമായ്
ആരൊക്കെയോ വന്നുപോണൂ
തമ്മില്‍ മിണ്ടാന്‍ മറപ്പവര്‍

ആര്‍ക്കും വേണ്ടാത്തതോരോന്നും
അടിച്ചേല്‍പ്പിച്ചുപോകുമേ
പുത്തന്‍ കച്ചവടക്കമ്പം
പുലിവാല്‍ നീട്ടിടുന്നിതാ

കാവാലത്തിന്നു കാവാല-
ക്കാരെ കാണാത്തൊരിസ്ഥിതി
'കാവാലപ്പേരു'കാരെല്ലാം
കാവാലം വിട്ട ദുഃസ്ഥിതി

(അടിയറവ്)
കേറ്റിക്കുത്തിയമുണ്ട,തിന്നുബലമേകാനായ് തലേക്കെട്ടുമായ്
നാട്ടിന്നന്തസു കാത്തു പോന്ന കവല
ക്കൂട്ടങ്ങള്‍ കണ്‍പൂട്ടിയോ
പാട്ടും പാടി നടുന്ന, ഞാറ്റു നിരകള്‍
കൊയ്യുന്ന കാലം മന-
സ്സേറ്റം പാടി,യതേറ്റുപാടുവതിനാ
യിന്നും പ്രതീക്ഷിക്കണോ

നാട്ടിന്‍മാറ്റമതാണു മാറ്റം! അതിനോ
ടെന്നും പ്രതിസ്ഥാനരായ്
മാറ്റക്കാറ്റിനൊടേറ്റു നില്‍പ്പതഭിമാന
പ്രശ്നമാകാം ദൃഢം
'കാറ്റിന്നൊപ്പമിരുന്നു തൂറ്റണ'മതാണല്ലോ
പ്രമാണം നമു-
ക്കാറ്റിന്‍ വക്കിലെയാണ്ടുകള്‍ക്കവധിനല്‍കീടാം, സ്മരിക്കാം ചിരം

(ഉപസംഹാരം)
ഇച്ചൊന്നതെല്ലാം പദ്യം
'കവിതക്കത്തു'പിന്നെയാം
ദശാബ്ദം രുമുമ്പേയീ
പ്രയോഗം നിര്‍ത്തി വച്ചതാം
ഒരിക്കല്‍കുടിയെന്‍ പേന
ക്കിക്കാലത്താ വഴിക്കുതാന്‍
ചലിക്കാന്‍ വഴിയൊപ്പിച്ച
ചേട്ടന്നു സുകൃതംവരും
അക്ഷരം മോശമാണെന്റെ,
അച്ചടിക്കൊത്ത'താണത്'
അതിനാല്‍ യന്ത്രസാമഗ്രി
ത്തുണതേടുന്നു സന്തതം

(കുശലം)
സുഖമല്ലേ, രണ്ടുവാക്ക്
ചോദിക്കാതെ വിടാവതോ-
കത്ത്? പദ്യത്തിലായാലും
കുശലം വേണ്ടതില്ലയോ
നഴ്സറിക്കാരിയും ഓഫീസ്
കാര്യം നോക്കുന്ന ചേട്ടനും
'അമ്മുക്കുട്ടീ'ടെയമ്മക്കും
കുശലം പങ്കുവെക്കണേ
Jan 8, 2010