എവിടെയാ നാട്?
ആലപ്പുഴ-കുട്ടനാട്.
കുട്ടനാട്ടില്‍?
കാവാലത്ത്.
അപ്പോള്‍ കാവാലം നാരായണപ്പണിക്കരുടെ...?
അതെ അദ്ദേഹം എന്റെ നാട്ടുകാരനാണ്. (ഞങ്ങള്‍ ഒരു നാട്ടുകാരാണെന്നോ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണെന്നോ അല്ല പറയേണ്ടത് എന്ന് അദ്ദേഹംതന്നെ പറഞ്ഞിടുണ്ട്. കാരണം നാടിനാണത്രേ അങ്ങനെ പറയുമ്പോള്‍ പ്രാധാന്യം വരിക. അതാണു വേണ്ടതെന്നും അദ്ദേഹത്തിന്റെ വാദം.)
പിന്നെയുമുണ്ടല്ലോ? കാവാലം ചുണ്ടന്‍?
അതെ. അങ്ങനെ അഭിമാനിച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു ചോദ്യത്തിനു മുന്നില്‍ പതറിപ്പോയിട്ടുണ്ട്. ചോദ്യം ഇതാണ്- കാവാലത്തു നല്ല കള്ളു കിട്ടുമല്ലേ?
ശരിക്കും ഉത്തരം മുട്ടിപ്പോകും. കാരണം ഷാപ്പിലെ കഥകളല്ലാതെ കള്ളിന്റെ ലഹരി അത്ര പിടിയില്ല. അതെക്കുറിച്ച് മറുപടി പറയാനാവാതെ വിളറിയ ചിരി പാസാക്കുമ്പോള്‍ അടുത്ത ചോദ്യം വരും- താറാവ്, കരിമീന്‍, വരാല്‍, കക്കയിറച്ചി...... ഒക്കെക്കും എന്റെ മഞ്ഞച്ചിരിതന്നെ മിച്ചം. പക്ഷേ പരിചയപ്പെടുന്നത് ഒരു കൂട്ടത്തിലാണെങ്കില്‍ പിന്നെ കള്ളും കപ്പയും മീന്‍കറിയും എല്ലാം വരവായി... ചര്‍ച്ച ചെയ്യുന്നവരുടെ മുഖത്ത് മീന്‍കറിയുടെ എരിവും പുളിയും എല്ലാം കാണാം. അങ്ങനെ ചര്‍ച്ചചെയ്തു ചര്‍ച്ചചെയ്തു കുട്ടനാട്ടിലെ ഷാപ്പുകള്‍ മുഴുവന്‍ അവരില്‍ ചില വീരന്മാര്‍ നാക്കുകൊണ്ടു ചുറ്റിയടിച്ചു കഴിയുമ്പോള്‍ പലര്‍ക്കും രണ്ടുകുപ്പി ഉള്ളില്‍ചെന്നതിന്റെ ലഹരിപിടിച്ചിരിക്കും. അപ്പോഴും ഞാന്‍ പൂരപ്പറമ്പിലെ ബധിരനെ പോലെ നില്‍ക്കും.
എത്രയെത്ര കളിയാക്കലുകള്‍, കൊച്ചാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍ കേട്ടിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായി തോന്നിയത് ഒരാളുടെ സാഹിത്യഭാഷയിലെ പ്രയോഗമാണ്. അദ്ദേഹം പറഞ്ഞു-ഇവനെപ്പോലുള്ള തീര്‍ത്ഥക്കര പാപികളെ.... എന്റമ്മോ.... ഞാന്‍ തലയില്‍ കൈവെച്ചുപോയി. തീര്‍ത്ഥക്കര പാപിയെന്നു പറഞ്ഞാല്‍ ക്ഷേത്രത്തിന്റെ കുളക്കരവരെ പോകും... പക്ഷേ ക്ഷേത്രത്തിനുള്ളില്‍ കയറില്ല.... ഒരു തരം നിര്‍ഭാഗ്യക്കാരന്‍ എന്നൊക്കെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം.... ഞാന്‍ ആ പ്രയോഗ വിശേഷത്തിലെ പൊരുത്തക്കേടു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചു.... കള്ളു ഷാപ്പും ക്ഷേത്രവും തീര്‍ത്ഥക്കരയും പാപവും ഒക്കെത്തമ്മിലെ പൊരുത്തക്കേടുകള്‍ പറഞ്ഞു. .... പക്ഷേ അവര്‍ എന്നെ വെറുതേ വിട്ടില്ലെന്ന മാത്രമല്ല, അവര്‍ പറഞ്ഞതു ശരിയാണെന്നു സ്ഥാപിക്കുകയും ചെയ്തു.
എടാ തീര്‍ത്ഥം എന്നു പറഞ്ഞാല്‍ വെള്ളം, പുണ്യ ജലം. ഇത്രയും പുണ്യമായ ജലമുണ്ടോ.... ക്ഷേത്രത്തിനുള്ളില്‍ കരിക്കുകൊണ്ട് ഭഗവാന് അഭിഷേകം ചെയ്യും. ഈ കരിക്കിനെ അതിന്റെയും ചെറിയ രൂപത്തില്‍ തെങ്ങിന്റെ ചൊട്ടയായിരിക്കെത്തന്നെ അതി ജൈവികമായി സംസ്കരിച്ചാണ് കള്ളുണ്ടാക്കുന്നത്. ഈ കള്ള് പല ക്ഷേത്രങ്ങളിലും നിവേദ്യമാണ്. പിന്നെയെന്താ??? ഇനി നിനക്കു ക്ഷേത്രം വിശുദ്ധമാകുന്നത് അതിനെ സ്നേഹിക്കുകയും ആരാധിക്കുകയും അവിടെനിന്നു നിനക്കു മനഃശാന്തി കിട്ടുന്നുവെന്നു തോന്നുന്നതുകൊണ്ടാണല്ലോ. എനിക്കു കൂടുതല്‍ മനഃശാന്തി കിട്ടുന്നത് അവിടെനിന്നാണ്. നിനക്ക് ഭൌതിക സുഖങ്ങള്‍ക്കു വേണ്ടിയായിരിക്കുമല്ലോ നീ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്, എനിക്ക് പല ഭൌതിക സുഖങ്ങളും അവിടെ നിന്നു കിട്ടുന്നു.... നല്ല ഭക്ഷണം, പാട്ടുപാടി ആര്‍ത്തുലസിക്കാന്‍ കൂട്ടുകാര്‍, പലപല വിവരങ്ങള്‍ തരാന്‍ സുഹൃത്തുക്കള്‍... വാസ്തവത്തില്‍ അവിടെ കയറാത്ത നീ തീര്‍ത്ഥക്കര പാപിതന്നെയാണ്.
നിങ്ങളുടെ വേദാന്തത്തിനു യുക്തിയിലെന്ന എന്റെ വാദമായി പിന്നീടു ചര്‍ച്ച.... ചര്‍ച്ച കൊച്ചിയില്‍വെച്ചായതുകൊണ്ട്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇടപ്പള്ളിയില്‍ ബസ് സ്റോപ്പില്‍ വെച്ചായതിനാല്‍ കള്ളു പുരാണം ചങ്ങമ്പുഴയിലെത്തി. ഇടപ്പള്ളിക്കവിയുടെ പ്രസിദ്ധമായ കവിതയായി പിന്നെ കള്ളു മഹത്വം സ്ഥാപിക്കാനുള്ള ആധികാരിക രേഖ....
അയാള്‍ നീട്ടിച്ചൊല്ലി..... ബസ്സ്റ്റോപ്പില്‍ മറ്റു യാത്രക്കാര്‍ അദ്ദേഹത്തിനു ശല്യമായില്ല, അവര്‍ക്ക് ആ കവിതയും. കാരണം കവിത രസികന്‍, ചൊല്ലിയത് ഒരു റിയാലിറ്റി ഷോയിലേതുപോലെ.... അലസമായ മുടിയും വെട്ടിയൊതുക്കാത്ത താടിയും നരച്ച ജീന്‍സും ടീ ഷര്‍ട്ടും ഒക്കെക്കൂടി ആകര്‍ഷകമായിരുന്നുവല്ലോ.....
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളങ്കള്ളു ചില്ലിന്‍
വെള്ളഗ്ളാസില്‍ പകര്‍ന്നിട്ടതി രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി ചിലകളികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ലോകത്തും ലഭിപ്പില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ......
ചങ്ങമ്പുഴയും അവരുടെ കൂടെയാണെന്നു വന്നപ്പോള്‍ ഞാന്‍ പിന്നെ മിണ്ടാതിരുന്നു. കാരണം ഇനി എന്തു പറയാന്‍. മാത്രമല്ല എന്റെ വേദാന്തങ്ങളൊന്നും ഏല്‍ക്കില്ലെന്നുറപ്പുമായി. അങ്ങനെ ചില ഉപദേശങ്ങള്‍ എല്ലാം കേട്ടാണ് അന്നു ഞങ്ങള്‍ പിരിഞ്ഞത്.
അവര്‍-അന്നു പരിചയപ്പെട്ട മൂന്നു പേരും-കാവാലത്തിന്റെ തനതു നാടകവേദിയെക്കുറിച്ചോ, കാവാലം ചുണ്ടനെക്കുറിച്ചോ ഒന്നും ചര്‍ച്ചചെയ്യാഞ്ഞത് എന്നെ വിഷമിപ്പിക്കാതിരുന്നില്ല. കാവാലത്തിന്റെ നാടകം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു, ഇനിയും സാധാരണക്കാര്‍ ഏറെ അതിനെ ഉള്‍ക്കൊള്ളാനുണ്ട് എന്ന് അദ്ദേഹം തന്നെ പറയാറുള്ളതാണ്. കാവാലം ചുണ്ടനാണെങ്കില്‍ പണ്ടത്തെ പ്രശസ്തിയും പ്രതാപവും പോയിക്കഴിഞ്ഞു. വള്ളത്തിന്റെ പേരു വായ്ത്താരിപോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും വള്ളം കഴിഞ്ഞ ഒരു വ്യാഴവട്ടമായി വെള്ളത്തിലിറങ്ങിയിട്ടില്ല. അങ്ങനെയാലോചിച്ചപ്പോള്‍ ഞാന്‍ ഏറെ യാഥാര്‍ത്ഥ്യബോധത്തോടെ അതു ശരിവെച്ചു, കള്ളാണ് ഏറെ പ്രസിദ്ധം, അല്ലെങ്കില്‍ ജനകീയം. നാടകവും വള്ളം കളിയും ലഹരിയാണെങ്കിലും എന്തുകൊണ്ട് ഞാന്‍ കള്ളിന്റെ കാര്യം വിട്ടുപോയെന്നാലോചിച്ചു.
എന്തായാലും അടുത്ത നാടു സന്ദര്‍ശനത്തില്‍ കള്ളുഷാപ്പും പട്ടികയില്‍ പെടുത്തി. അങ്ങനെയാണ് അതു സംഭവിച്ചത്.......
January 28,2010
No comments:
Post a Comment