Tuesday, February 5, 2013

AMMA VILICHAPPOL_ അമ്മ വിളിച്ചപ്പോള്‍........



അമ്മ വിളിച്ചപ്പോള്‍..........

തിരക്കുകള്‍ക്കിടെ അമ്മയുടെ പരിഭവ ഫോണ്‍വിളി വന്നപ്പോളാണ് ഇത്തിരി സമയമുണ്ടാക്കി കാവാലത്തേക്കു പോയത്. ചെല്ലുന്ന സമയം എന്തായാലും തിരികെ പോരുന്ന സമയം തീരുമാനിച്ചിരുന്നു, നട്ടുച്ചക്ക് 12 മണിക്കുള്ള കാവാലം-ആലപ്പുഴ ബോട്ടില്‍. എറണാകുളത്തുനിന്നു കാലത്തേ തിരിച്ചുവെങ്കിലും ആലപ്പുഴ, പുളിങ്കുന്ന് വരെ ബസ്സിലും പിന്നീട് ഓട്ടോറിക്ഷയിലും അവിടുന്ന് ജങ്കാറിലും പിന്നെയും ഓട്ടോയിലും ഒടുവില്‍ രാമചന്ദ്രന്റെ കടത്തു വള്ളത്തിലുമായി വീട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്ന്. ചായകുടിച്ചുകൊണ്ടിരിക്കെ അമ്മയുടെ പരിഭവങ്ങള്‍, സഹോദരിയുടെ പരാതികള്‍, അച്ഛന്റെ പരിഹാരങ്ങള്‍.. വീട്ടുമുറ്റത്ത് ഒരു വശത്ത് ചെറുയോഗം നടക്കുന്നു- കുടുംബയോഗമാണത്രേ. കുടുംബത്തില്‍ പെട്ട ഒരാളുടെ എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കാന്‍ കൂടിയ വേളയില്‍ പെട്ടെന്നു വിളിച്ചു ചേര്‍ത്ത യോഗമാണത്രേ. അതിനാല്‍ ഞാനറിഞ്ഞിരുന്നില്ല. എന്റെ ഓര്‍മ്മ കുട്ടിക്കാലത്തേക്കു പോയി. അന്നൊക്കെ അയലത്തുള്ള സ്വന്തക്കാര്‍ തമ്മില്‍ പോലും ചെറുകാരണങ്ങള്‍ക്കു കലഹിച്ചിരുന്ന കാഴ്ച പതിവായിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ നാട്ടുകാര്‍ ഇടപെട്ടിരുന്നു. അതിര്‍ത്തി തര്‍ക്കവും കോഴി കടന്നു ചീരത്തടം ചികഞ്ഞതും പശുവോ ആടോ വാഴയില കടിച്ചതിന്റെ പേരില്‍ സര്‍വ സാധാരണമായിരുന്നു ഗ്രാമത്തില്‍ ഇത്തരം ബന്ധുവഴക്കുകള്‍. ഇന്നിപ്പോള്‍ അകലത്തുള്ളവര്‍ പോലും ഒന്നിച്ചിരിക്കുന്നു. സൌഹാര്‍ദ്ദം നുണയുന്നു. കൌതുകം തോന്നി. 
കാലം മാറുന്നു, കഥയും.
ഒരു കാക്കക്കുളി നടത്തി എത്തിയപ്പോള്‍, യോഗം കഴിഞ്ഞിരുന്നു; കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ കാണാന്‍ വന്നു. ഇത്തരം യോഗങ്ങള്‍ കുടുംബ ക്ഷേത്രത്തിലെ പൂജയോ ഉത്സവമോ മറ്റുമായി ബന്ധപ്പെട്ടാണെങ്കില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന നിര്‍ദ്ദേശം പൊതുവേ പലര്‍ക്കും സ്വീകാര്യമായതുപോലെ തോന്നി. 

അമ്മയ്ക്കു വയസ് 80. അസുഖങ്ങള്‍ പലത്. ആയുര്‍വേദവും അലോപ്പതിയും ഹോമിയോയും പ്രാര്‍ത്ഥന വഴിപാടുകളുമായി അവശതകള്‍ പോക്കുന്നു. ചിലതെല്ലാം അസുഖത്തോന്നലുകള്‍ മാത്രമാണെന്നു ഡോക്ടര്‍മാര്‍. ചിലത് വാര്‍ദ്ധക്യ സഹജമായതിനാല്‍ ഇനി മാറില്ലെന്നും. കേള്‍വി കുറവായിരിക്കുന്നു. അതിനാല്‍ ഫോണ്‍ വിളിയില്‍ ഇങ്ങോടുള്ള പരിദേവനങ്ങളല്ലാതെ അങ്ങോട്ടു പറയുന്നതൊന്നും കേള്‍ക്കാറില്ല. അസുഖങ്ങള്‍ കേട്ടു ചെന്ന എന്നെ ഒച്ചയില്‍ നേരിയ വ്യത്യാസം കേട്ടറിഞ്ഞ് ആവി പിടിക്കാന്‍ പൂവാന്‍കുറുന്നിലയും തുളസിയും കൊണ്ടുവരാമെന്ന് പറഞ്ഞു പോകാനൊരുങ്ങുന്ന അമ്മ. കുളികഴിഞ്ഞ് എത്തിയപ്പോള്‍ രാസ്നാദി തലയില്‍ തിരുമ്മിയോ എന്നന്വേഷിക്കുന്ന അച്ഛന്‍, അപ്പോള്‍ രാസ്നാദി ഡപ്പിയുമായി മുന്നില്‍ നില്‍ക്കുന്ന പെങ്ങള്‍. ആഹാരം കഴിക്കാന്‍ ധൃതികൂട്ടുന്ന അനന്തിരവള്‍. സ്കൂള്‍ദിനാഘോഷങ്ങളിലെ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന കുഞ്ഞനന്തിരവള്‍. വീട്ടില്‍നിന്നു ഭാര്യ വിളിച്ചു പറഞ്ഞതനുസരിച്ചു കുടമ്പുളി പാക്കറ്റിലാക്കി ഏല്‍പ്പിക്കാന്‍ കാത്തു നില്‍ക്കുന്ന അന്തിരവന്റെ ഭാര്യ...എങ്ങനെയെല്ലാമാണ് എന്റെ ഗ്രാമത്തിലെ ജ•വീട് എന്നെ ആര്‍ദ്രനാക്കുന്നതെന്നോ.
നാട്ടമ്പലത്തിലെ ഉത്സവ അറിയിപ്പുമായി ചില ചെറുപ്പക്കാര്‍, 
അവരുടെ കുശലാന്വേഷണങ്ങള്‍- ഏറെക്കാലമായി നാട്ടില്‍ സ്ഥിര സമ്പര്‍ക്കമില്ലെങ്കിലും പുതിയ തലമുറയില്‍ പെട്ടവര്‍ക്കും ഞാന്‍ പരിചിതനാണല്ലോ എന്നോര്‍ത്തു സന്തോഷിച്ചു. എന്നേക്കാള്‍ അവര്‍ക്കു ചങ്ങാതിമാരാണ് വല്ലപ്പോഴും അവധിക്കു മാത്രമെത്തുന്ന 
എന്റെ മക്കള്‍ എന്നത് അതിലേറെ അത്ഭുതപ്പെടുത്തി.

ഇതിനിടെ 12 മണിയുടെ ബോട്ടു വരാറായി. ബോട്ടിന്റെ ശബ്ദം കേട്ടാല്‍ ഇറങ്ങി ഒന്ന് ഓടിയാല്‍ മതി അടുത്ത ബോട്ടുജെട്ടിയിലെത്തി അതില്‍ കയറാം. പണ്ടു മുതലേ അതാണു ശീലം. ആറ്റിറമ്പില്‍ താമസിച്ചാല്‍ അതാണു പല ഗുണങ്ങളിലൊന്ന്. ഊണുകഴിക്കാന്‍ സമയമില്ല. പൊതിച്ചോറെടുക്കാന്‍ തീരുമാനമായി. അച്ഛന്റെ തറവാട്ടിലും 
ഒന്നു മുഖം കാണിച്ച് കുടുംബത്തിലെ വച്ചാരാധന നടക്കുന്നിടത്ത് ഒന്നു പ്രാര്‍ത്ഥിച്ച് ബോട്ടുജെട്ടിയിലേക്ക്. അവിടെ യാത്രപുറപ്പെട്ടു നില്‍ക്കുന്ന ചിലര്‍. അവരില്‍ ഒരു സ്ത്രീ ഭര്‍ത്താവിനെ ഉപദേശിക്കുന്നു- നിങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഇത്തിരി കള്ളു കുടിച്ചോ. പക്ഷേ ഇങ്ങനെ ബ്രാണ്ടിയില്‍ മുങ്ങിക്കുളിക്കണോ. കുഴഞ്ഞാടണോ. 
അയാള്‍ക്ക് എന്തോ പറയണമെന്നുണ്ട്. നാവു കുഴയുന്നു. 
ചങ്ങാതി താങ്ങിയിരിക്കുന്നതിനാല്‍ വീഴുന്നില്ലെന്നു മാത്രം. 
ഒടുവില്‍ ബോട്ടിലേക്കു കയറും മുമ്പ് സ്ത്രീ പറയുന്നതു കേട്ടു, "ദൈവമേ, ഈ ബ്രാണ്ടി കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീ വീഴണേ...'' മനം മടുത്തുള്ള പറച്ചില്‍.

തിരക്കില്ല ബോട്ടില്‍. ഞായറാഴ്ച ഉച്ച തിരിഞ്ഞ നേരമായതുകൊണ്ടാവാം. വശങ്ങളില്‍ പച്ചപ്പാടം. അവിടവിടെ ടക്കുമി, നോമിനോ ഗോള്‍ഡ് തുടങ്ങിയ കീടനാശിനികളുടെ നിറമുള്ള പരസ്യങ്ങള്‍. കുട്ടനാടിനെ കൊല്ലുന്ന വിഷമരുന്നുകള്‍. പുഴയോരത്ത് തണലില്‍ നിരന്നിരുന്നു ചൂണ്ടയിടുന്നവര്‍. കായല്‍ ചിറയില്‍ കാറ്റുകൊണ്ടു 
കഥ പറയുന്നവര്‍, അകലത്തല്ലാത്ത കള്ളു ഷാപ്പിലെ കറിയുടെ രുചിയും മരനീരിന്റെ മധുരവും അവരുടെ പാട്ടിനു താളം ചേര്‍ക്കുന്നുണ്ടാവണം. കായല്‍ കയത്തിലേക്കു  ബോട്ടു കുതിക്കുമ്പോള്‍ ഹൌസ് ബോട്ടുകളില്‍ സായിപ്പ•ാരും നാടന്‍ സായിപ്പ•ാരും ടൂറിസ്റ്റു ശീലങ്ങളുടെ മര്യാദകള്‍ കാണിക്കുന്നു. 
സി ബ്ളോക്ക്, അവിടവിടെ കുട്ടനാടന്‍ പാക്കേജിന്റെ ഭാഗമായി പണികള്‍ നടക്കുന്നു. വിശാലമായ കായലിനെ കീറി മുറിച്ചു രണ്ടാക്കി കല്ലുകെട്ടി ഉയര്‍ത്തിയ ബണ്ട് നീണ്ടു കിടക്കുന്നു. ആറിനു മുകളിലൂടെ പോകുന്ന കൂറ്റന്‍ വൈദ്യുതിക്കമ്പി. 11 കെവി ലൈനില്‍ കൂട്ടമായി നിരന്നിരിക്കുന്നു. മൂന്നുവരിയായി. അച്ചടക്കത്തോടെ. 
പണ്ടത്തെ കാഴ്ച- ബോട്ട് അടുത്തു വരുമ്പോള്‍ അവരില്‍ ആരെങ്കിലുമൊരാള്‍ അറിയാതെ പറന്നു പോകും. പിന്നാലെ മുഴുവന്‍ കിളികളും. അന്ന് ഞങ്ങള്‍ പറയുമായിരുന്നു, ബോട്ടിനെ പേടിക്കാതെ ധൈര്യം കാണിക്കാനാണവര്‍ ഇരുന്നത്, പക്ഷേ ഒരാള്‍ പതറിപ്പോയി, മറ്റുള്ളവര്‍ അതോടെ പേടിച്ചുപോയി എന്ന്. 
ഇന്നിപ്പോള്‍ ഒരു കിളിയും അനങ്ങിയില്ല. അവര്‍ക്കും കാലക്രമത്തില്‍ ധൈര്യം വന്നിരിക്കുന്നുവെന്നോര്‍ത്തപ്പോള്‍ അഭിമാനം തോന്നി. 
ഈ നീര്‍ക്കിളികളുടെ കുലം മുടിയില്ലല്ലോ എന്ന്.

വിശപ്പു തുടങ്ങി.
 ഒരു തലയിണ വലുപ്പത്തില്‍ ചോറു പൊതി. പതുക്കെ അഴിക്കുമ്പോള്‍ മാങ്ങാ അച്ചാറിന്റെ മണം പരന്നു. ബോട്ടുമാസ്റ്റര്‍ ഊറി ചിരിച്ചു. പിന്‍സീറ്റിലിരുന്ന സ്ത്രീകള്‍ എന്തോ അടക്കം പറഞ്ഞോ... (എനിക്കു തോന്നിയതാവാം) അവിയല്‍, തോരന്‍, തൈര്, അച്ചാര്‍. ചുടോടെ വിളമ്പിയ ചോര്‍ വാഴയില വഴറ്റിയിരിക്കുന്നു. അതു സ്വാദുകൂട്ടിയില്ലേ എന്നു സംശയം. മുരിങ്ങക്കോല്‍ ആസ്വദിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു, ഇത് വീട്ടില്‍ വളര്‍ന്ന മുരിങ്ങയിലേതാവുമോ?. മാങ്ങാ വീട്ടിലെ മാവില്‍ വിളഞ്ഞതാവുമോ....ഊണുകഴിഞ്ഞ് ഏമ്പക്കം വിട്ടപ്പോള്‍ പൊതിയില്‍ ഒരുപിടി ശേഷിക്കുന്നു. പ്ളാസ്റ്റിക്കല്ല, വാഴയിലയായതിനാല്‍ 
അതു വെള്ളത്തിലേക്കിടാന്‍ മടി തോന്നിയില്ല. പരല്‍ മീനുകള്‍ വന്ന് വെട്ടി വിഴുങ്ങിയിട്ടുണ്ടാവുമോ? 
എങ്കില്‍ അവര്‍ക്കൊരു ഞായര്‍ സദ്യ കിട്ടിക്കാണണം.

മുരിങ്ങക്കയെക്കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ വീട്ടിലേക്കൊന്നു വിളിച്ചു. സങ്കടം തോന്നി, മുരിങ്ങക്കായ മാത്രമല്ല, മാങ്ങയും കറിവേപ്പിലയും പോലും കടയില്‍നിന്നു വാങ്ങിയത്!! എനിക്കു സങ്കടം തോന്നി. കറിവേപ്പിലയും? പെങ്ങള്‍ പറഞ്ഞു, ഒരു തളിര്‍ത്ത കറിവേപ്പുണ്ടായിരുന്നു, കഴിഞ്ഞ മാസം അതിന്റെ തലതിന്നുകളഞ്ഞു കെട്ടഴിഞ്ഞു കയറിവന്ന ഒരു ആട്. പിന്നെ അതു കരിഞ്ഞേ പോയി. 
വീട്ടു മുറ്റത്തിപ്പോള്‍ വണ്ടി വരുന്നു. വണ്ടിയില്‍ പച്ചക്കറിയും പാലും വില്‍ക്കുന്നവര്‍ വീട്ടുവാതില്‍ക്കല്‍ വന്നു ഹോണടിക്കുന്നു- ഡയറക്ട് മാര്‍ക്കറ്റിംഗ്. 
മുമ്പൊക്കെ കരിവളയും കണ്‍മഷിയും വാങ്ങാന്‍ അമ്പലത്തിലെ ഉത്സവം കാത്തിരുന്ന കാലം,അലലങ്കില്‍ വള്ളത്തില്‍ ആഴ്ചയിലൊരിക്കല്‍ അന്തപ്പന്‍ വരുന്നതും കാത്തുകാത്തു വീട്ടമ്മമാര്‍ ഇരുന്ന കാലം. അന്നെല്ലാം അവര്‍ക്കു ചീര നടാനും കറിവേപ്പിലയും പാവലും പടവലും വെള്ളിരിയും ചേനയും വച്ചു ശുശ്രൂഷിക്കാന്‍ മടിയില്ലായിരുന്നു. ഭാഗ്യം-വാഴയില വിലയ്ക്കു വാങ്ങിയതല്ലല്ലോ എന്ന ചോദ്യത്തിന് അല്ല എന്നാണു മറുപടി കിട്ടിയത്. 

ബോട്ട് ആലപ്പുഴയെത്തി. ഇനി ബസ്സിലേക്ക്. ഓഫീസിലേക്ക്. വാര്‍ത്തകളുടെ തിരക്കിലേക്ക്. അതിനിടെ നാട്ടു തനിമകള്‍ നഷ്ടമാകുന്നതിനെക്കുറിച്ച് വാര്‍ത്തയിലൂടെയും എഡിറ്റോറിയിലിലൂടെയും ലേഖനങ്ങളിലൂടെയും ആക്രോശിക്കണം. കെ.എസ്.ആര്‍.ടി.സിയുടെ ഇരുമ്പു കമ്പിയിലെ തുരുമ്പു മണം കയ്യില്‍ പിടിക്കും മുമ്പ് ഒന്നുകൂടി നാടും വീടും ഉള്ളിലേക്കു വലിച്ചു കയറ്റി. ഹായ്! അവിയലും മാങ്ങാക്കറിയും തൈരും ചേര്‍ന്നുള്ള സുഗന്ധം….. ..