ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍
കാവാലം ശശികുമാര്‍
March 3, 2015

പരീക്ഷണങ്ങളാണെല്ലാം, വിജയവും പരാജയവും കാലത്തിന്റെ വിധിപോലെയിരിക്കും. പക്ഷേ, പുതുപരീക്ഷണങ്ങളുടെ തുടക്കവും പ്രയോഗവുമാണ് ഫലത്തേക്കാള്‍ പ്രധാനം.
ഇതു തിരുത്തലുകളുടെ തുടക്കത്തിന്റെ തുടര്‍ പ്രക്രിയകൂടിയാണ്. ഭാരതത്തിന്റെ ഭാവി തിരുത്തിയെഴുതാനുള്ള 2014 ജനാധിപത്യ ജനവിധിയുടെ ദൗത്യം ഭരണകൂടവും ഏറ്റെടുക്കുന്നതിന്റെയും ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെയും അതിന്റെ സ്വാധീനത്തില്‍ മറ്റു പാര്‍ട്ടികള്‍ മനം മാറ്റുന്നതിന്റെയും തുടര്‍ പ്രവര്‍ത്തനമാണിത്. എഎപി എന്നൊരു പാര്‍ട്ടിയുടെ അവതാരവും (സര്‍വനാശത്തിനുള്ള തുടക്കം അതിനുള്ളില്‍ത്തന്നെ തുടങ്ങിയെങ്കിലും) ദേശീയ പാര്‍ട്ടികളെ പോലും മാറ്റിക്കഴിഞ്ഞുവെന്ന് വിധിയെഴുതുന്നവര്‍ കാണാതെ പോകുന്നതാണ് പിഡിപിപോലെ ഒരു പാര്‍ട്ടി ബിജെപിയോടു കൈക്കൊള്ളുന്ന സമീപനം. ആ സ്വാധീനം അധികാരവും ഉത്തരവാദിത്തവും നിറവേറ്റപ്പെടുമെന്ന ഉത്തമ വിശ്വാസം ജനിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടാണെന്നു വിലയിരുത്താനും ഇക്കൂട്ടര്‍ മടിക്കും.
ഇതു തിരുത്തലുകളുടെ തുടക്കത്തിന്റെ തുടര്‍ പ്രക്രിയകൂടിയാണ്. ഭാരതത്തിന്റെ ഭാവി തിരുത്തിയെഴുതാനുള്ള 2014 ജനാധിപത്യ ജനവിധിയുടെ ദൗത്യം ഭരണകൂടവും ഏറ്റെടുക്കുന്നതിന്റെയും ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെയും അതിന്റെ സ്വാധീനത്തില്‍ മറ്റു പാര്‍ട്ടികള്‍ മനം മാറ്റുന്നതിന്റെയും തുടര്‍ പ്രവര്‍ത്തനമാണിത്. എഎപി എന്നൊരു പാര്‍ട്ടിയുടെ അവതാരവും (സര്‍വനാശത്തിനുള്ള തുടക്കം അതിനുള്ളില്‍ത്തന്നെ തുടങ്ങിയെങ്കിലും) ദേശീയ പാര്‍ട്ടികളെ പോലും മാറ്റിക്കഴിഞ്ഞുവെന്ന് വിധിയെഴുതുന്നവര്‍ കാണാതെ പോകുന്നതാണ് പിഡിപിപോലെ ഒരു പാര്‍ട്ടി ബിജെപിയോടു കൈക്കൊള്ളുന്ന സമീപനം. ആ സ്വാധീനം അധികാരവും ഉത്തരവാദിത്തവും നിറവേറ്റപ്പെടുമെന്ന ഉത്തമ വിശ്വാസം ജനിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടാണെന്നു വിലയിരുത്താനും ഇക്കൂട്ടര്‍ മടിക്കും.
കശ്മീരിലെ വമ്പിച്ച മനംമാറ്റം കാണണമെങ്കില്‍ തിരിഞ്ഞു നോക്കണം, അവിടത്തെ രാഷ്ട്രീയ ചരിത്രത്തിലേക്ക്. മനംമാറ്റം പാര്‍ട്ടികള്‍ക്കു മാത്രമല്ല, അവിടുത്തെ ജനതയ്ക്കു മുഴുവനാണെന്നതാണ് തിരിച്ചറിയേണ്ട കാര്യം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മുക്കാല്‍ പങ്കു വോട്ടര്‍മാരും വോട്ടുചെയ്തുവെന്നത് ചെറിയ കാര്യമല്ല; അതും, ബഹിഷ്‌കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നിട്ടും.
ഭാരത സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുമ്പ്, 1947 ആഗസ്ത് 12-ന് കശ്മീരിലെ മഹാരാജാവ് ഹരി സിങ് ഭാരതവുമായി ചര്‍ച്ചകള്‍ക്കും ചില കാര്യങ്ങളില്‍ ചില കരാറുകള്‍ക്കും സന്നദ്ധത കാണിച്ചെങ്കിലും പല കാരണങ്ങളാല്‍ അന്ന് നിയുക്ത പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അതു വെച്ചു താമസിപ്പിച്ചു. പാക്കിസ്ഥാന്‍ ആസൂത്രിതമായി കശ്മീരിനെ കൊള്ളയടിച്ചപ്പോഴും യഥാസമയം സഹായമെത്തിക്കാന്‍ നെഹ്‌റു തയ്യാറായില്ല.
ചരിത്രത്തിലെ കശ്മീര്‍ തെറ്റുകള്‍ അവിടെ തുടങ്ങുന്നു. ആ നയവൈകല്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ 1947 ഒക്‌ടോബര്‍ 26 വരെ, കശ്മീര്‍ ഭാരതത്തില്‍ ലയിക്കുന്നതായി പ്രഖ്യാപനം വരുന്നതുവരെ ആ പ്രദേശം പാക്കിസ്ഥാന്‍ ആക്രമണകാരികളുടെ ആവാസകേന്ദ്രമാകുമായിരുന്നില്ല. കശ്മീരിനു മേല്‍ പാക്കിസ്ഥാന്‍ അവകാശവാദം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടെത്തിച്ച് ആക്ഷേപമായി ഉന്നയിക്കാന്‍ അവസരംകൊടുത്ത് നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും ഈ അടിസ്ഥാനപരമായ പിഴവായിരുന്നു.
1947 ഡിസംബര്‍ 30-നായിരുന്നു വിഷയം യുഎന്നില്‍ എത്തിയത്. പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത് 1949 ജനുവരി ഒന്നിനും. പാഴായത് 12 മാസം. നഷ്ടമായത് ഭാരതത്തിന്റെ ഒരു പ്രദേശം. ഇല്ലാതായത് സുന്ദര കശ്മീരിലെ സൈ്വര ജീവിതം.
മെഹര്‍ചന്ദ് മഹാജന്‍ കശ്മീര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ നെഹ്‌റു കണ്ടെത്തിയ
മെഹര്‍ചന്ദ് മഹാജന്‍ കശ്മീര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ നെഹ്‌റു കണ്ടെത്തിയ
പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. രാജാവിന്റെ അധികാരങ്ങള്‍ ഇല്ലായ്മചെയ്ത്, 370-ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിപ്പിച്ച്, ‘സ്വതന്ത്ര കശ്മീര്‍’ എന്ന തന്റെ അജണ്ട നടപ്പാക്കാന്‍ ഷെയ്ഖ് അബ്ദുള്ളയ്ക്കായത് തന്റെ മിടുക്കുകൊണ്ടോ, നെഹ്‌റുവിന്റെ കഴിവുകേടുകൊണ്ടോ എന്നതു മറ്റൊരു ചരിത്രപഠനമര്‍ഹിക്കുന്ന വിഷയമാണ്. (അതില്‍ ലേഡി മൗണ്ട് ബാറ്റണിന്റെ റോളും മറ്റും ചര്‍ച്ചചെയ്യുമ്പോള്‍ വിഷയം മറ്റു വഴിയിലേക്കു പോയി ചുരുങ്ങിപ്പോവുകയാണ് പതിവ്.) നെഹ്‌റുവിന്റെ ഈ കശ്മീര്‍ തെറ്റുകള്‍ തിരുത്താനുള്ള വഴിയായേ ജമ്മുവില്‍ പ്രേംനാഥ് ദോഗ്രയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രജാ പരിഷത്ത് എന്ന രാഷ്ട്രീയ സംഘടന. പക്ഷേ, ഷെയ്ഖ് അബ്ദുള്ളയ്‌ക്കൊപ്പം നിന്ന് പ്രജാപരിഷത്തിനെ അടിച്ചമര്‍ത്താനാണ് നെഹ്‌റു തുനിഞ്ഞത്.
സംഘടനയില്‍ ആയിരക്കണക്കിനു മുസ്ലിങ്ങളും അംഗമായിരുന്നെങ്കിലും അതിനെ വര്‍ഗ്ഗീയ സംഘടനയെന്നു മുദ്രകുത്താന്‍ അബ്ദുള്ളയ്ക്കായി. നെഹ്‌റുവും അങ്ങനെ വിളിച്ചു. കമ്മ്യൂണിസ്റ്റുകള്‍ അതു പ്രചരിപ്പിച്ചു. പ്രജാപരിഷത്ത് പില്‍ക്കാലത്ത് ജനസംഘത്തിന്റെ കശ്മീര്‍ ഘടകമാകുകയായിരുന്നു. ജനസംഘം പില്‍ക്കാലത്ത് ബിജെപിയുമായി. ഇന്നിപ്പോള്‍ ബിജെപി പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റപ്പോള്‍, ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ഡോ. നിര്‍മ്മല്‍ സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആ ചരിത്രത്തിന്റെ രാഷ്ട്രീയ വേര് അങ്ങ് പ്രജാപരിഷത്തുവരെ നീളുന്നുണ്ട്.
ജമ്മു കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ ഭരണത്തിലെ താന്തോന്നിത്തങ്ങള്‍ക്കെതിരേ ആദ്യം ശബ്ദം ഉയര്‍ന്നത് 1952-ാണ്. സ്വന്തം പ്രധാനമന്ത്രി, സ്വന്തം ഭരണഘടന, സ്വന്തം പതാക എന്നിങ്ങനെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായി നില്‍ക്കാനുള്ള ഷെയ്ഖ് അബ്ദുള്ളയുടെയും പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും ധിക്കാരങ്ങള്‍ക്കെതിരേ 1952 ജൂണ്‍ 14-ന് ഭാരതീയ ജനസംഘത്തിന്റെ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പ്രമേയം പാസാക്കി. ജൂണ്‍ 26-ന് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍, പ്രത്യേക കശ്മീര്‍ രാജ്യമെന്ന അബ്ദുള്ളയുടെ വാദത്തെയും നിലപാടിനെയും ചോദ്യംചെയ്തു. ജൂണ്‍ 29 കശ്മീര്‍ ദിനമായി ആചരിച്ചു. നെഹ്‌റു ഒന്നിളകിയിരുന്നു. മുഖര്‍ജിയുമായി ചര്‍ച്ചനടത്തി.
പക്ഷേ, അബ്ദുള്ള കൂടുതല്‍ ശക്തനായി എന്നതായിരുന്നു ഫലം. പക്ഷേ മുഖര്‍ജി അടങ്ങിയില്ല. പ്രജാപരിഷത്തിന്റെ കശ്മീര്‍ സമ്മേളനത്തില്‍ വിലക്കു ലംഘിച്ച് മുഖര്‍ജി പങ്കെടുത്തു. അവിടെ തിങ്ങിക്കൂടിയ ലക്ഷാവധി ജനങ്ങള്‍ക്കു മുന്നില്‍ മുഖര്‍ജി പ്രഖ്യാപിച്ചു, ”നിങ്ങളുടെ ദേശസ്‌നേഹഭരിതവും ന്യായയുക്തവുമായ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കും. അതില്‍ ലക്ഷ്യം നേടും. അല്ലെങ്കില്‍ അതിനുവേണ്ടി ഞാന്‍ മരിക്കും.” ആ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെ- 1953 മെയ് എട്ടിന് വിലക്കു ലംഘിച്ച് മുഖര്‍ജി കശ്മീര്‍ സത്യഗ്രഹത്തിനു പോയി.
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിനെ, ഭാരതത്തിന്റെ ഭാഗമായി കശ്മീരില്‍ കടക്കരുതെന്ന വിലക്കു ലംഘിച്ച കുറ്റത്തിന് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. ശ്രീനഗറിലെ ജയിലില്‍ വിചാരണയില്ലാതെ 40 ദിവസം കഴിയേണ്ടിവന്ന അദ്ദേഹം 1953 ജൂണ്‍ 23-ന് ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു.
നെഹ്‌റു കാര്യമായ ഒരു അന്വേഷണവും നടത്താന്‍ തയ്യാറായില്ല, ചരിത്രത്തിലെ നെഹ്‌റുവിയന്‍ തെറ്റുകളുടെ കൂമ്പാരത്തില്‍ മറ്റൊന്നുകൂടി. എന്നാല്‍ ഒരു ഗുണമുണ്ടായി, ഇതിനിടെ നെഹ്‌റു കാര്യങ്ങളുടെ പോക്ക് ശരിയായ ഗതിയിലല്ലെന്നു മനസിലാക്കി. കശ്മീര്‍ രാജാവിനെ അറസ്റ്റു ചെയ്യുക, കശ്മീരിനെ സ്വതന്ത്ര പരമാധികാര രാജ്യമായി പ്രഖ്യാപിക്കുക, ഇതിനു യുഎന്‍ സംരക്ഷണം ആവശ്യപ്പെടുക എന്ന വിവിധവും വിശാലവും നിഗൂഢവുമായ പദ്ധതി ഷെയ്ഖ് അബ്ദുള്ള തയ്യാറാക്കിക്കഴിഞ്ഞുവെന്ന് 1953-ല്‍ നെഹ്‌റുവിന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കി. പക്ഷേ, പലകുറി ആവര്‍ത്തിച്ചിട്ടും നെഹ്‌റു വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് അന്നത്തെ ഐബി തലവന്‍ ബി. എന്‍. മല്ലിക് പില്‍ക്കാലത്ത് എഴുതിയ ‘ മൈ ഇയേഴ്‌സ് വിത് നെഹ്‌റു’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ആഗസ്റ്റ് ഒമ്പതിന് ഷെയ്ഖ് അബ്ദുള്ളയെ രാജ്യദ്രോഹം, വിദേശ രാജ്യങ്ങളുമായി ഗൂഢബന്ധം തുടങ്ങിയ ഏറ്റവും വലിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തു. പക്ഷേ, അഞ്ചുവര്‍ഷത്തിനു ശേഷം 1958 ജനുവരി എട്ടിന് മോചിപ്പിച്ചു. ശിക്ഷയൊന്നുമില്ലാതെ. ഇത് അബ്ദുള്ളയ്ക്ക് ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ പരിവേഷം നല്‍കിയതേ ഉള്ളു. നെഹ്‌റുവിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും തെറ്റുചരിത്രത്തില്‍പെട്ട മറ്റൊന്നുകൂടി.
അതേ വര്‍ഷം ഏപ്രില്‍ 12-ന് ഷെയ്ഖ് നെഹ്‌റുവിനെഴുതിയ കത്തില്‍ പറഞ്ഞു, കശ്മീരിന്റെ സ്വയം നിര്‍ണയാവകാശം നിഷേധിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും. തുടര്‍ന്ന് 1959-ല്‍ വീണ്ടും അറസ്റ്റു ചെയ്തു. 62-ല്‍ വീണ്ടും മോചിപ്പിച്ചു. നിരുപാധികം. നട്ടെല്ലില്ലാത്ത നയത്തിന്റെ സ്ഥിരതയില്ലാത്ത ഊയലാട്ടം നെഹ്‌റുവിനെ കശ്മീര്‍ കാര്യത്തില്‍ വലിയൊരു കോമാളിയാക്കി. പക്ഷേ, തുടര്‍ന്ന് പ്രധാനമന്ത്രിക്കസേരയില്‍ വന്ന മകള്‍ ഇന്ദിരാ ഗാന്ധിയോ അതിനേക്കാള്‍ വമ്പന്‍ അബദ്ധങ്ങളുടെ അവതാരകയായി. 1965-ല്‍ വീട്ടു തടങ്കലിലായിരുന്ന അബ്ദുള്ളയെ ഇന്ദിര 1968-നിരുപാധികം മോചിപ്പിച്ചു. തികച്ചും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട്.
ഇതിനിടെ ചിലതു സംഭവിച്ചു. 1953-ല്‍ അബ്ദുള്ളയ്ക്ക പകരം ബക്ഷി ഗുലാം മുഹമ്മദാണ് മുഖ്യമന്ത്രിയായത്. ബക്ഷി സമുദായ താല്‍പര്യക്കാരനായിരുന്നു, വര്‍ഗ്ഗീയമായി ചിന്തിച്ചിരുന്നു, പക്ഷേ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്നിരുന്നില്ല.
1955-ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സഭ ഭാരത ഭരണഘടനയ്ക്കും ദേശീയ പതാകയ്ക്കും രാഷ്ട്രപതിയ്ക്കും സുപ്രീം കോടതിയ്ക്കും സംസ്ഥാനത്തും അംഗീകാരവും അധികാരവും നല്‍കിക്കൊണ്ടുള്ള സംസ്ഥാന ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. അതും കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് പ്ലാനിങ് കമ്മീഷന്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍, സെന്‍സസ് കമ്മീഷന്‍, സിഎജി തുടങ്ങിയവയ്ക്ക് കശ്മീരില്‍ അംഗീകാരമുണ്ടായത്. 1957 ജനുവരി 26-ന് എന്നേക്കുമായി കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒരുപക്ഷേ, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിനു ശേഷം നടക്കുന്ന വലിയൊരു പരിവര്‍ത്തനമാകും പുതിയ സഖ്യസര്‍ക്കാരിന്റെ ഭരണം.
പക്ഷേ, തെറ്റുകള്‍ക്ക് പൈതൃകം കൂട്ടുണ്ടാവുമെന്നു പറയുന്നതു സത്യമാണെന്ന് ഇന്ദിര തെളിയിച്ചു. 1975-ല്‍, അധികാരക്കൊതി മൂത്ത, ഭരണഭ്രാന്ത് തലയ്ക്കു പിടിച്ച ഇന്ദിരാ ഗാന്ധി വീണ്ടും ഷെയ്ഖ് അബ്ദുള്ളയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാക്കി. 77 വരെ തുടര്‍ന്നു. പിന്നീട് കശ്മീരിലും മക്കള്‍ ഭരണം തുടങ്ങി. ഷെയ്ഖ് അബ്ദുള്ള മകന്‍ ഫാറൂഖ് അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ 84-ല്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായി, ഫാറൂഖിനു ഭൂരിപക്ഷം നഷ്ടമായി. ഗവര്‍ണ്ണര്‍ ജഗ്‌മോഹന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ഭരണത്തിനു ശുപാര്‍ശചെയ്തു.
പക്ഷേ കേന്ദ്ര സര്‍ക്കാര്‍, ജി. എം. ഷായെ മുഖ്യമന്ത്രിയാക്കി. ഈ പതിറ്റാണ്ടുകള്‍ക്കിടയ്ക്ക് കശ്മീരില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ വേരോട്ടം ശക്തമാക്കി. വിഘടന വാദങ്ങളുടെ വമ്പിച്ച സംയോഗം സംഭവിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയില്‍ നടന്ന ഈ ഭരണകാലമായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ക്കും കടന്നുകയറ്റക്കാര്‍ക്കും രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കും കൊയ്ത്തുകാലമായത്. 1987-ല്‍ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി, അപ്പൂപ്പന്റെയും അമ്മയുടെയും വഴിയില്‍ത്തന്നെ പോയി, മലക്കം മറിഞ്ഞ് വീണ്ടും കോണ്‍ഗ്രസ് ഫാറൂഖുമായി കൂട്ടുകൂടി. ഫാറൂഖില്‍നിന്ന് മകന്‍ ഒമര്‍ ഫറൂഖിലെത്തിയതും പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചതും മറ്റും മറ്റും പില്‍ക്കാല ചരിത്രങ്ങള്‍.
പക്ഷേ, പിഡിപി എന്ന പ്രാദേശിക പാര്‍ട്ടിയെ ബിജെപി പിന്തുണച്ച കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാഞ്ഞപ്പോഴോ, വാജ്‌പേയി സര്‍ക്കാരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ ഫറൂഖിനെ കേന്ദ്രമന്ത്രിയാക്കിയപ്പോഴോ ഒന്നും ആരം ഇതു പ്രതീക്ഷിച്ചില്ല- ജമ്മു കശ്മീരില്‍ ബിജെപി സംസ്ഥാന ഭരണം പിടിയ്ക്കുമെന്ന്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്ര മാറ്റമാണ്. അതുപക്ഷേ പെട്ടെന്നു സംഭവിച്ച വികാരമാറ്റമല്ല, വിചാരമാറ്റമാണ്.
ജനവിധി പിഡിപിക്കു ഭരിക്കാനല്ല, ബിജെപിക്കുമല്ല. അതേ സമയം കോണ്‍ഗ്രസിന് അല്ലേയല്ല, നാഷണല്‍ കോണ്‍ഫ്രസന്‍സിന് ഒട്ടുമേ അല്ല. എന്നാല്‍ ജമ്മുവിലെ ജനവിധി ബിജെപിയ്ക്കനുകൂലമായി. കശ്മീരിലേത് പിഡിപിക്കും. കൃത്യമായ വിഭജനം. അതിനു മതവും രാഷ്ട്രീയവും മറ്റും ആധാരമാണ്; അല്ലെന്ന് എത്രപേര്‍ ആണയിട്ടു പറഞ്ഞാലും. പക്ഷേ, മാറ്റത്തിന്റെ മനസും പെരുമാറ്റത്തിന്റെ വിശേഷമനസ്സും ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം രണ്ടു പാര്‍ട്ടികളുടെ നേതൃത്വവും അവര്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നവരും ശരിയായി തിരിച്ചറിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ സാക്ഷ്യപത്രമാണ് ഇരുകൂട്ടരും ഒട്ടേറെ കോമ്പ്രമൈസ് ചെയ്ത, അതേസമയം സംസ്ഥാന താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന പൊതു അജണ്ട. അതെ, ഇതു മറ്റൊരു പരീക്ഷണമാണ്.
ജമ്മു ആന്‍ഡ് കശ്മീരിനെ ജമ്മുക്കശ്മീരാക്കാനുള്ള പരിശ്രമം. അതുവഴി ആ സംസ്ഥാനത്തെയൊന്നാകെ ഭാരതത്തിനൊപ്പം നിര്‍ത്തുന്നതിനുള്ള മഹാ ശ്രമം. അങ്ങനെ പിഒകെയും അതില്‍ ചേരുമെന്ന സങ്കല്‍പ്പത്തിലുള്ള ശ്രമം. അഖണ്ഡതയുടെ സങ്കല്‍പ്പം ഭൂപരിധിയ്ക്കുമപ്പുറം സാക്ഷാത്കരിക്കാനുള്ള ആദര്‍ശാവിഷ്‌കാരത്തിന്റെ ഭഗീരഥ ശ്രമം. വി.പി. സിങ് ഭരണത്തില്‍ പിന്നില്‍നിന്ന് എല്‍. കെ. അദ്വാനിയിലൂടെ ബിജെപി പരീക്ഷിച്ച, വാജ്‌പേയി സര്‍ക്കാര്‍ കാലത്ത് പരസ്യമായി അവതരിപ്പിച്ച സമന്വയ സമീപനത്തിന്റെ നരേന്ദ്ര മോദി- അമിത്ഷാക്കാലത്തെ ഉജ്ജ്വലമായ സാക്ഷാത്കാരമാണ് ജമ്മു കശ്മീരിലെ സഖ്യ സര്‍ക്കാര്‍. ഇത്തരം പരീക്ഷണങ്ങള്‍ക്ക് വേദിയാകാന്‍ ഇനിയും സംസ്ഥനങ്ങളുണ്ട്. അവിടങ്ങളിലും താമരപ്പൂമണവുംകൊണ്ടു കാറ്റുവീശില്ലെന്നാര്‍ക്കു പറയാനാകും.