Thursday, April 30, 2015

സംസ്‌കാരത്തിന്റെ വേര് വിദ്യാഭ്യാസത്തിന്റെ തല

സംസ്‌കാരത്തിന്റെ വേര് വിദ്യാഭ്യാസത്തിന്റെ തല

നിരീക്ഷണം കാവാലം ശശികുമാര്‍
April 28, 2015
പട്ടികനിരത്തിയാല്‍ തീരില്ല. ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ നാവില്ല. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെ സൂക്ഷ്മദര്‍ശിനിവച്ച് നിരീക്ഷിക്കുകയാണ്. സ്വന്തം കണ്ണിലെ കോലെടുക്കാന്‍ നേരമില്ല. കേരളത്തില്‍ പ്രൈമറി ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടപ്പിലാക്കുമെന്ന് 2012 ല്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടപ്പിലായിട്ടില്ല. നാലാം ക്ലാസുവരെ അറബിപഠനം വേണമെന്ന് നിശ്ചയിച്ചു. തകൃതിയായി നടപ്പിലായി. മദ്രസകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക വിതരണം ചെയ്തു. പക്ഷേ, ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ സദ്ഗുണ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഖുറാന്‍ പഠനം പരോക്ഷമായി സാര്‍വത്രികമായതു മിച്ചം.
sslcസംസ്‌കാരങ്ങളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്താറുണ്ടെങ്കിലും സമ്പൂര്‍ണമായി ഇല്ലാതാക്കുക അത്ര എളുപ്പമല്ല. തായ്‌വേരും നാരുവേരു പടലങ്ങളുമായി പന്തലിച്ച അതിസൂക്ഷ്മമായ ശേഷിപ്പുകള്‍ അവിടവിടെയുണ്ടായിരിക്കും. ആല്‍മരംപോലെ അത് വീണ്ടും വീണ്ടും മുളച്ചുകൊണ്ടേയിരിക്കും.
അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ബാമിയാന്‍ സ്മാരകങ്ങള്‍ തകര്‍ത്തതാണ് അടുത്തിടെ നടന്ന സാംസ്‌കാരിക നശീകരണ പ്രവര്‍ത്തനം. അതിന് രണ്ടു പതിറ്റാണ്ടുമുമ്പ് റഷ്യയില്‍ ലെനിന്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകളും സ്മാരകങ്ങളും തല്ലിതകര്‍ക്കുകയും ക്രെയിന്‍കൊണ്ടു ചുമന്നു മാറ്റുകയും ചെയ്തത് നാമെല്ലാം കണ്ടു. അത് ഔദ്യോഗികമായി ഒരു രാഷ്ട്രീയ സംസ്‌കാരത്തിന് നടത്തിയ ശവമടക്കലായിരുന്നുവെന്ന് വ്യത്യാസമുണ്ട്, താലിബാന്‍ പ്രവൃത്തിയുമായി തട്ടിച്ചുനോക്കുമ്പോള്‍.
നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പോയാല്‍, പുരാതന ഭാരതത്തില്‍ നളന്ദ, തക്ഷശില തുടങ്ങിയ സാംസ്‌കാരികാധാര-ആസ്ഥാന കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവങ്ങളാണ് ഭാരതചരിത്രത്തിലെ സാംസ്‌കാരികതയ്ക്കുമേല്‍ നടന്ന ഏറ്റവും വലിയ ആക്രമണങ്ങള്‍. മുസ്ലിം അധിനിവേശം, ആക്രമണമായിരുന്നു അതിനു പിന്നില്‍.
സംസ്‌കാരത്തിന്റെ രേഖകളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളായിരുന്ന നളന്ദയിലെ ഗ്രന്ഥപ്പുരകള്‍ മാസങ്ങള്‍ നീണ്ടുവത്രെ അക്രമികള്‍ കൊളുത്തിയ തീയില്‍ കത്തിത്തീരാന്‍. ഇങ്ങ് തെക്കന്‍ ഭാരതത്തില്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ തേരോട്ടത്തില്‍ തകര്‍ക്കപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളായിരുന്നു കേരളത്തെ സംബന്ധിച്ചു നോക്കിയാല്‍. ഉള്ളിലുള്ള വിഗ്രഹവും ഭണ്ഡാരവും മാത്രമായിരുന്നില്ല ടിപ്പുവിന്റെ ലക്ഷ്യം, മറിച്ച് സാംസ്‌കാരികതയുടെ സര്‍വ്വനാശം കൂടിയായിരുന്നു.
ഇന്ന് തേരോട്ടങ്ങള്‍ക്ക് സാധ്യതയില്ലാതായി. പക്ഷേ ഭരണംകൊണ്ട്, അധികാരം കൊണ്ട് എങ്ങനെ സാംസ്‌കാരികതയെ തകര്‍ക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചു കാണിച്ചുതരികയാണ് ചില ഭരണകൂടങ്ങള്‍. കേരളത്തിലേക്ക് നോക്കുക.ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് രോമാഞ്ചം കൊള്ളുന്നവര്‍ക്ക് മെക്കാളെ സായിപ്പ് ആരാധ്യനാണ്. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇവിടെ റെയില്‍വേ വരില്ലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന അല്‍പ്പബുദ്ധികളുടെ ഗണത്തില്‍പ്പെടും അവര്‍.
മിഷണറിമാര്‍ വന്നില്ലായിരുന്നെങ്കില്‍ നിഘണ്ടു ഉണ്ടാകില്ലായിരുന്നുവെന്ന് വാദിച്ച് ഗുണ്ടര്‍ട്ട് സായിപ്പിനെ എഴുത്തച്ഛന്റെയും മേലേ ഇരുത്താന്‍ മുതിരുന്നവരുമുണ്ട്. പക്ഷേ, മെക്കാളെ എങ്ങനെ നമ്മുടെ ഗുരുകുല വിജ്ഞാനസമ്പാദന സമ്പ്രദായത്തെയും സംവിധാനത്തെയും വെറും ജീവനോപാധി മാത്രമാക്കി മാറ്റിയെന്ന് പക്ഷപാതമില്ലാതെ പഠിക്കാന്‍ വിദ്വാന്മാരാരും തയ്യാറായിട്ടില്ലെന്നതു മറ്റൊരു സത്യം.
തത്വമസിയെന്ന വേദ-ഉപനിഷദ് വിശകലനമെഴുതിയ ഡോ.സുകുമാര്‍ അഴീക്കോടും അതിന് വിദേശിയായ മാക്‌സ്മുള്ളറെയാണ് ഏറെ ആശ്രയിച്ചത്. മലയാളം പ്രൊഫസര്‍ക്ക് സംസ്‌കൃതം അറിയാഞ്ഞല്ല, വേദവും ഉപനിഷത്തുമെല്ലാം സ്വയം വ്യാഖ്യാനിക്കാന്‍ പ്രാപ്തനും. പക്ഷേ മുള്ളറെപ്പോലുള്ള വിദേശികള്‍ പറഞ്ഞത് ഏറ്റുപറഞ്ഞാലേ വിലമതിക്കൂ എന്ന, അവര്‍ക്കുള്ള വിജ്ഞാനം തനിക്കില്ലെന്ന വിശ്വാസം സ്വയം നെഞ്ചില്‍ ധരിക്കാന്‍ തക്കരീതിയില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ഏതു പണ്ഡിതരേയും സ്വാധീനിച്ചിരുന്നുവെന്നര്‍ത്ഥം.
അതായിരുന്നു ബ്രിട്ടീഷ്-പാശ്ചാത്യ സാമ്രാജ്യ ഭരണതലത്തില്‍ ഭാരതീയ സാംസ്‌കാരിക മേഖലയില്‍ നടത്തിയ ആക്രമണത്തിന്റെ ഫലം. പറഞ്ഞുവന്നത് കായികവും ബൗദ്ധികവുമായ, പ്രത്യക്ഷവും പരോക്ഷവുമായ പ്രകടവും നിഗൂഢവുമായ മാര്‍ഗ്ഗങ്ങളിലൂടെ നടത്തുന്ന സംസ്‌കാരത്തിന്റെ വേരറുക്കല്‍ പ്രക്രിയകളെക്കുറിച്ചാണ്.
കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം നിലവില്‍വന്ന കാലം മുതല്‍ ഭരണത്തിലേറിയവര്‍ മാറിമാറി ചെയ്തുപോരുന്നത് ഈ സാംസ്‌കാരിക വേരറുക്കലാണ്. മലയാളഭാഷക്കുവേണ്ടി എന്തൊക്കെയോ ഏറൈ ചെയ്തുവെന്ന് പുകഴ്ത്തപ്പെടുന്ന, പ്രഭാഷകനായിരുന്ന, എഴുത്തുകാരനായിരുന്ന, അധ്യാപകനായിരുന്ന, വിദ്യാഭ്യാസ വിപ്ലവ പ്രയോക്താവായിരുന്നു എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുതല്‍ അബ്ദു റബ്ബുവരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചെയ്തതും ചെയ്യുന്നതും അത് തന്നെ.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ഒരു സാമൂഹ്യവിചാരണ നടത്താന്‍ തയ്യാറാകട്ടെ, അപ്പോളറിയാം സത്യാവസ്ഥ. എല്ലാവര്‍ക്കും വിദ്യാഭ്യാസാവകാശമെന്ന സാമൂഹ്യസമത്വത്തിനുള്ള നിയമനിര്‍മാണം നടന്നുവെന്നത് ശരി തന്നെ. അത് വലിയനേട്ടവും സംഭവവുമാണ്. ചെറുതാക്കി കാണുന്നില്ല. പക്ഷേ, അതിനപ്പുറം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സ്ഥിതി എന്താണ്.
പാര്‍ട്ടികളുടെ നേട്ടം പറയാനും ചിലരുടെ തൊപ്പിയിലെ തൂവലിന്റെ എണ്ണം പെരുക്കാനുമുള്ള നേട്ടപ്പട്ടികയല്ലാതെ സാംസ്‌കാരിക പോഷണമോ ശോഷണമോ വിദ്യാഭ്യാസരംഗത്തെന്ന് വിലയിരുത്തട്ടെ. അപ്പോള്‍ വിവരമറിയാം. ഈ വിദ്യാഭ്യാസ ബില്ലിന്റെ കാര്യത്തിലുമില്ലേ റെയില്‍വേ വന്നതിനു ബ്രിട്ടീഷ് ഭരണത്തില്‍ ഊറ്റം കൊള്ളുന്നതുപോയുള്ള വങ്കത്തം.
നിലത്തെഴുത്താശാന്മാരെ നിഷ്‌കരുണം നിഷ്‌കാസനം ചെയ്ത് എല്‍കെജിയും യുകെജിയും കൊണ്ടുവന്നത്, ഹരിഃ ശ്രീയും തറ-പറയും മാറ്റി എബിസിഡി മികച്ചതെന്നുവരുത്തിയത്, വിദ്യാദേവിയുടെ പ്രാര്‍ത്ഥനക്ക് പകരം മതേതര പ്രാര്‍ത്ഥനകളും മൗന പ്രാര്‍ത്ഥനയും നടപ്പാക്കിയത്, സര്‍ക്കാര്‍ നികുതിപ്പണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ കൊടുത്തത്, വിജ്ഞാന വിശപ്പുമാറ്റുന്നതിനു പകരം ഉച്ചക്കഞ്ഞിയില്‍ ഊന്നല്‍ കൊടുത്തത്, മാതൃഭാഷയായ മലയാളത്തെ ക്ലാസ്മുറികളില്‍നിന്ന് ആട്ടിയിറക്കിയത്, സംസ്‌കൃത പഠനം നിര്‍ത്തലാക്കിയത്, അറബി പഠനം നിര്‍ബന്ധമാക്കിയത്, അധ്യാപക യോഗ്യത പള്ളിമുക്രിയുടെ ശുപാര്‍ശ മാനദണ്ഡമാക്കിയത്,
കലാ-കായിക പരിശീലനങ്ങളെ സ്‌കൂളങ്കണത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയത്… പട്ടിക നിരത്തിയാല്‍ ഏറെയുണ്ട്. പച്ച ബ്ലൗസും പച്ചപ്പെയിന്റും മറ്റുംമറ്റും പ്രകടമായിപ്പോയ ചില ചെയ്തികള്‍ മാത്രം. അവ വിവാദമാക്കിയ കാലത്തെല്ലാം ആഴത്തില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ആരും കണ്ടില്ല. ഈ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിലെ ഒരു വിദ്യാഭ്യാസമന്ത്രിക്കും രക്ഷപ്പെടാനാവില്ല.
മുണ്ടശ്ശേരി, പി.പി. ഉമ്മര്‍കോയ, സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാന്‍, ചാക്കീരി അഹമ്മദ് കുട്ടി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, കെ. ചന്ദ്രശേഖരന്‍, ബേബി ജോണ്‍, നാലകത്ത് സൂപ്പി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എ. ബേബി, അബ്ദു റബ്ബ്-വിദ്യാഭ്യാസമന്ത്രിമാരുടെ പട്ടികയാണ്. പാര്‍ട്ടി തിരിച്ചുപറഞ്ഞാല്‍ ഉമ്മര്‍കോയയും എം.എ. ബേബിയും മാത്രമാണ് പ്രാദേശികകക്ഷികളുടേതല്ലാത്ത പ്രതിനിധിമാരായിരുന്നത്.
മതപക്ഷം പറഞ്ഞാല്‍ ഭൂരിപക്ഷ മതവിഭാഗത്തില്‍ പെട്ട ഒരേയൊരാളാണ് അക്കൂട്ടത്തില്‍. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ അഞ്ച് ക്രിസ്ത്യാനികള്‍, ആറ് മുസ്ലിങ്ങള്‍, ഒരു ഹിന്ദു. ഇനിയും വിശകലനം ചെയ്താല്‍ ഒമ്പത് ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികളും മൂന്ന് ഹിന്ദുമത വിശ്വാസമില്ലാത്തവരും.
മതേതര രാജ്യത്ത് മതാടിസ്ഥാനത്തില്‍ സെന്‍സസ് എടുക്കാനും മതാവകാശങ്ങള്‍ പറയാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പോലും അധികാരവും ഉള്ളപ്പോള്‍ ഇങ്ങനെയൊക്കെ വിശകലനം ചെയ്യാം, തെറ്റല്ല. മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷ കമ്മീഷനും മുന്നാക്ക കമ്മീഷനും ഒക്കെ ഉള്ളപ്പോള്‍ ഇത് വേണം താനും. അങ്ങനെയുള്ളവര്‍ വിദ്യാഭ്യാസനയ മേല്‍നോട്ടം വഹിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ നിന്ന് ഗണപതി പോകും ഗര്‍ദ്ദഭം വരും. അമ്മപോകും അരിവാള്‍ വരും. അതെല്ലാം അവിടെ ഒതുങ്ങിയെന്നു കരുതിയിരുന്നവര്‍ക്ക് മതമില്ലാത്ത ജീവന്‍ വന്നപ്പോള്‍ വിറളിപിടിച്ചിരുന്നു. പക്ഷേ ഇതിനെല്ലാമപ്പുറം വിദ്യാഭ്യാസരംഗത്ത് ആഴത്തില്‍ ഏല്‍പ്പിച്ചിരുന്ന ആഘാതങ്ങള്‍ക്ക് ആര് സമാധാനം പറയും നാളത്തെ തലമുറയോട്.
പട്ടികനിരത്തിയാല്‍ തീരില്ല. ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ നാവില്ല. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെ സൂക്ഷ്മദര്‍ശിനിവച്ച് നിരീക്ഷിക്കുകയാണ്. സ്വന്തം കണ്ണിലെ കോലെടുക്കാന്‍ നേരമില്ല. കേരളത്തില്‍ പ്രൈമറി ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടപ്പിലാക്കുമെന്ന് 2012 ല്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടപ്പിലായിട്ടില്ല. നാലാം ക്ലാസുവരെ അറബിപഠനം വേണമെന്ന് നിശ്ചയിച്ചു. തകൃതിയായി നടപ്പിലായി. മദ്രസകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക വിതരണം ചെയ്തു.
പക്ഷേ, ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ സദ്ഗുണ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഖുറാന്‍ പഠനം പരോക്ഷമായി സാര്‍വത്രികമായതു മിച്ചം. സംസ്‌കൃതം പഠിപ്പിക്കണമെങ്കില്‍ രാമായണവും ഭാരതവും അടങ്ങുന്ന ഹിന്ദുപുരാണങ്ങള്‍ പാഠ്യവിഷയമാക്കണം. അതിനോട് വകുപ്പുമന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിക്കും യോജിപ്പില്ല.
അറബി പഠനത്തിന്റെ മറവില്‍ ഖുറാന്‍ പഠനമാകാം. വെള്ളിയാഴ്ചകളില്‍ നിസ്‌കാര സമയത്ത് ക്ലാസ് ഒഴിവാക്കിയത് പഴയ തീരുമാനം, പരീക്ഷ ആ ദിവസം വേണ്ടെന്ന് പുതിയ ഭരണം നിശ്ചയിച്ചു. വെള്ളിയാഴ്ച അവധിയ്ക്കുള്ള പ്രഖ്യാപനത്തിനു കാതോര്‍ത്തുകൊള്ളുക. സ്‌കൂള്‍ കലോത്സവങ്ങള്‍ കൊലപ്പാതിരവരെ നീളുന്നു. മത്സരിക്കുന്ന ഇനങ്ങള്‍ കേട്ടാല്‍ പൊട്ടിച്ചിരിച്ചുപോകും. അറബി പദപ്പയറ്റ്, വാക്പയറ്റ്….. അറബി കലോത്സവത്തിലെ മത്സരയിനങ്ങള്‍ക്ക് കലോത്സവവേദിയിലെ പ്രസക്തി വിലയിരുത്തി നോക്കട്ടെ. കലോത്സവങ്ങളുടെ ലക്ഷ്യമല്ല മതപോഷണത്തിന്റെയും മതാധിപത്യത്തിനുവേണ്ടിയുള്ള വാശിയുടെയും വേദിയാണതെന്നു തിരിച്ചറിയാം.
ഇപ്പോള്‍ സ്‌കൂളുകളില്‍ പ്രവേശന സമയമായി. പ്രവേശന കൗണ്ടറില്‍ ഇരിക്കാന്‍ മത്സരിക്കുന്ന ചില അധ്യാപക സംഘടനാ നേതാക്കളോ പ്രവര്‍ത്തകരോ ഉണ്ടാവും. അവര്‍ സംസ്‌കൃതം പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പിന്തരിപ്പിക്കും. അത് സംഘടിതമായ തീരുമാനമാണ്. അജണ്ടയാണ്.
പത്താം ക്ലാസിലെ പരീക്ഷാഫലത്തിന്റെ വിജയം 50 ശതമാനത്തില്‍നിന്ന് 80 ന് മുകളിലെത്തിച്ചത് രണ്ടാം മുണ്ടശ്ശേരിയായി സ്വയം ഭാവിച്ച എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്. എന്താണീ അത്ഭുതവിദ്യ. മുതുകാട് എന്ന മാന്ത്രികന്‍ ബേബിയുടെ ഉറ്റമിത്രമായതൊഴിച്ചാല്‍ വേറേ വഴിയൊന്നുമില്ലായിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് കുട്ടികള്‍ക്ക് അധികപഠനം കൊടുക്കാന്‍ ബൊറോട്ടയും ബ്രഡ്ഡും മുട്ടയും വാങ്ങിക്കൊടുത്തതാണ് പ്രവര്‍ത്തനം. അതുകൊണ്ടു മാര്‍ക്കു കിട്ടുമെങ്കില്‍ ബൊറോട്ട-ബ്രഡ് വിപ്ലവം പോരേ എന്നു സംശയിക്കണം.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷക്കു തലേന്നും, സ്വന്തം പേര് തെറ്റാതെ എഴുതാനറിയാത്തവര്‍ക്ക് എ ഗ്രേഡ് കൊടുത്ത് പാസാക്കുമ്പോള്‍ തകരുന്നത് വിദ്യാഭ്യാസരംഗം മാത്രമല്ല, സാംസ്‌കാരികത കൂടിയാണ്. പക്ഷേ ആരുണ്ടിവിടെ ചോദിക്കാന്‍. പല വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും വീര്യമില്ലാതായി. അവരെ ചുടുചോറു വാരിച്ചിരുന്നവര്‍ക്ക് ധാര്‍മികതയില്ലായി. അധ്യാപക സംഘടനകള്‍ മിക്കതിനും താല്‍പ്പര്യങ്ങള്‍ മറ്റ് പലതുമായി. വിദ്യാഭ്യാസമേഖലയില്‍ ചെലവിടാന്‍ വിവിധ വഴിയില്‍ വരുന്ന ഫണ്ടിന്റെ തോത് അനുദിനം വര്‍ധിച്ചുവരികയായി. അപ്പോള്‍ ‘കൂട്ടു (കെട്ട്) ഉത്തരവാദിത്ത’ത്തിന്റെ ഫലമായി ഈവിധ അക്രമങ്ങള്‍ക്കെതിരെ മിണ്ടാട്ടമില്ലാതായി. സ്വാഭാവികം.
പക്ഷേ, മാര്‍ക്കു തിരുത്തല്‍ വിവാദങ്ങളെ തുടര്‍ന്ന് കാല്‍ നൂറ്റാണ്ടു മുമ്പ് കേരള യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റു കൈയിലുള്ളവര്‍ക്കായിരുന്നു നാണക്കേട്. ഇന്നിപ്പോള്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുകാര്‍ക്കും സ്വന്തമായി. അതും നൂറു ശതമാനത്തോളം!! ഇങ്ങനെയാണ് സംസ്‌കാരത്തിന്റെ വേരറുക്കുന്നത്, വിദ്യാഭ്യാസത്തിന്റെ തലയും…
പിന്‍കുറിപ്പ്: കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനിടെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് തന്നിലേക്ക് വലിയൊരു ഊര്‍ജപ്രവാഹമുണ്ടായതായി അനുഭവപ്പെട്ടെന്ന് വെളിപ്പെടുത്തി. അച്ഛന്‍ രാജീവ് ഗാന്ധി പണ്ട് അയോധ്യയില്‍ രാമജന്മഭൂമി സന്ദര്‍ശിച്ചതിന്റെ ഊര്‍ജം കിട്ടിയത് ബിജെപിക്കായിരുന്നു. യുപിയിലെ പുതിയ ബിജെപി കുതിപ്പിന് രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനം സഹായകമാകുമെന്ന് ചില കുബുദ്ധികള്‍ പറയുന്നു.