Monday, September 10, 2012

കണ്ണും കണ്ണനും

കണ്ണും കണ്ണനും



'ചരിഞ്ഞു ചാഞ്ഞു വളഞ്ഞിക്കാലടി

നടന്നു നീങ്ങുവതെങ്ങോട്ടാ?'

"ഇറങ്ങുകമ്മേ, ഗോകുലമെല്ലാ-

മൊരുങ്ങിനില്‍പ്പതു കണ്ടില്ലേ?''

'ഇതെന്തു കോലം? കയ്യില്‍ കോലും

മൌലിയിലയ്യാ പീലിയതും?'

"മറന്നുവോ എന്നമ്മേ നീയിതു?

മണിക്കുരുന്നിന്‍ തിരുനാളായ്. . . ''


നിറഞ്ഞു ഗ്രാമം നഗരവുമെല്ലാ,

മമ്പാടിക്കൊരു മത്സരമായ്

അറിഞ്ഞുകേട്ടവരെല്ലാരും പോ-

ന്നണഞ്ഞു മഞ്ഞക്കടലായി

ഉയര്‍ന്നുകേള്‍ക്കുന്നെവിടെയുമിവിടെ-

യുമിനിപ്പുചൊരിയും മൃദുനാദം

മറഞ്ഞുനിന്നാ കാറൊളി വര്‍ണ്ണന്‍ മുഴക്കു-

മോടക്കുഴല്‍ വിളിയാകാം

അടുത്തുവന്നെല്‍ കവിളിലൊരുമ്മയ-

തുതിര്‍ത്തുപോയൊരു കുളിരലയില്‍

തണുപ്പുതോന്നിച്ചയ്യാ കണ്ണന്‍

പീലിയുഴിഞ്ഞൊരു സുഖമാകാം

അകന്നുപോകുന്നെന്നോ കളമൃദു-

നൂപുരരഞ്ജിത മണിനാദം

പിരിഞ്ഞൊടെല്ലേ പൊന്നേ, നീയെന്‍

നിതാന്ത ജീവനരസമല്ലേ….


കാവാലം ശശികുമാര്‍

Tuesday, May 1, 2012

ശതാഭിഷേകത്തിന്‍റെ തെയ്യത്തെയ്യം

ശതാഭിഷേകത്തിന്‍റെ തെയ്യത്തെയ്യം 

 


ഒരു പരിപാടിയില്‍ പ്രസംഗിച്ചയാള്‍ കാവാലത്തോടു തന്നെ ചോദിച്ചു, എത്ര വയസായെന്ന്.  ആംഗ്യഭാഷയില്‍ കാവാലം പറഞ്ഞു അതൊന്നും ഒരു കാര്യമല്ല, താങ്കള്‍ പറയാനുളളത് പറഞ്ഞുകൊളളൂ എന്ന്. കാവാലം നാരായണപ്പണിക്കര്‍ ശതാഭിഷിക്തനാകുന്നുവെന്നു പറയുമ്പോള്‍ ആരും അത്ഭുതപ്പെടും. കാരണം കാവാലത്തിനും നാടകത്തിനും എന്നും പുതുമയാണല്ലോ. 

കാവാലത്തുനിന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ഉജ്ജയിനിയിലും ഗ്രീസിലും എല്ലാമെല്ലാം ചുറ്റിത്തിരിഞ്ഞ് കാളിദാസനേയും ഭാസനേയും ഭവഭൂതിയേയും ഹോമറേയും ഷേക്സ്പിയറേയും മറ്റും അടുത്തറിഞ്ഞ് തനതായ സംഗീതവും നാടകവും തിരിച്ചറിഞ്ഞ് അവയുടെ സോപാനം കയറിയ ഈ വിശ്വകലാകാരന് കാവാലത്തെ ജനിച്ച മണ്ണിലേക്കുളള തിരിച്ചുവരവിന് ആധാരമെന്താണ്? അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു, “വേരുകള്‍, സ്വന്തം വേരുകള്‍ കണ്ടെത്തി, പാരമ്പര്യം തിരിച്ചറിഞ്ഞ്, പൈതൃകം സംരക്ഷിക്കാനുളള അടങ്ങാത്ത ആഗ്രഹം തന്നെ" യെന്ന്. അല്ലെങ്കില്‍ അവസരം കിട്ടുമ്പോഴെല്ലാം തന്‍റെ ഗ്രാമത്തിലേക്കു വരുന്നതെന്തിനാണ്? മധ്യവേനലവധിക്കാലത്ത് കഴിഞ്ഞ എട്ടുവര്‍ഷമായി കാവാലത്തെ കൊച്ചുകുട്ടികള്‍ക്കായി നാടന്‍ കലാവിജ്ഞാന-വിനോദ സമ്പാദനത്തിനു ദശദിന ക്യാമ്പ് (കുരുന്നു കൂട്ടം) നടത്തുന്നതെന്തിനാണ്? 


സമ്പന്നതയുടെ മുകളില്‍, അധികാരത്തിന്‍റെയും പ്രൌഢിയുടേയും നടുവില്‍ പിറന്ന ചാലയില്‍ തമ്പുരാക്കന്മാരില്‍ ഏറെ വ്യത്യസ്തനായിരുന്നു കുഞ്ഞുനാള്‍ മുതലേ നാരായണപ്പണിക്കരെന്ന് സമപ്രായക്കാരനായ, കുറച്ചുകാലം
സതീര്‍ത്ഥ്യനായിരുന്ന സുദര്‍ശനന്‍ പിളള പറയുന്നു, “കുട്ടിയായിരിക്കുമ്പോഴേ നാടുമുഴുവന്‍ ചുറ്റുമായിരുന്നു. വയലിലും കളപ്പുരകളിലും തൊഴിലാളികളുടെ വീടുകളിലും എല്ലാം കറങ്ങിനടക്കുക പതിവായിരുന്നു. അധികാരത്തിന്‍റെയും അയി ത്തത്തിന്‍റേയും കാലത്തായിരുന്നു അത്.” അതെക്കുറിച്ച് കാവാലം പറഞ്ഞതിങ്ങനെ - “കുഞ്ഞുനാളിലേ അങ്ങനെ ഞാന്‍ കേട്ട ഞാറ്റുപാട്ടും കളപ്പാട്ടും പൊലിപ്പാട്ടുമാണെന്‍റെ താളവും രാഗവും. നെല്‍പ്പാടത്തെ പണിക്കാരുടെ ജീവിതം ഞാന്‍ ഏറെകണ്ടു, അതെന്‍റെ അടിത്തറയായി; തനി നാടന്‍ സംസ്കാരത്തിന്‍റെ പാരമ്പര്യത്തിന്‍റെ പൈതൃകം. എന്‍റെ തുടര്‍ ജീവിതങ്ങളില്‍ ഞാനവ സമ്പന്നമാക്കി. സംഗീതനാടക അക്കാദമിയില്‍ ചുമതല കിട്ടിയ കാലത്ത് ഞാന്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് കലാകാരന്മാരെയും കലാരൂപങ്ങളേയും അടുത്തറിഞ്ഞു. മുടിയേറ്റവും തീയാട്ടും തെയ്യവും തിറയും പടയണിയും എന്‍റെ അടിസ്ഥാന സമ്പത്തിനെ കൂടുതല്‍ സാംസ്കാരികമാക്കി.”

കാവാലത്തെത്തിയാല്‍ ഒരു പ്രഭാത സവാരിയുണ്ട്. ഒപ്പം ആര്‍ക്കും കൂടാം. പിന്നെ നടത്തം, സംസാരം-അത്തരം വേളകളിലാണ് പലതും എനിക്കു കിട്ടിയിട്ടുളളത്. ഗ്രീസിലെ നാടക പര്യടനവിശേഷം, സിനിമയും നാടകവും തമ്മിലുളള യഥാര്‍ത്ഥ അകലം, സോപാനസംഗീത പൈതൃകം, നാടന്‍ പാട്ടിന്‍റെ തനിമ സംരക്ഷണം, അന്യം നിന്നുപോകുന്ന നാട്ടുപാരമ്പര്യം തുടങ്ങിയവ. 84
-ാം വയസിലെ ആ കാല്‍പെരുമാറ്റത്തിനൊപ്പം നില്‍ക്കുവാന്‍ പകുതി വയസുകാരന്‍ കിതക്കും. പലതും വിശദീകരിക്കെ അതിലാസ്യവും ഉഗ്രതാണ്ഡവവും സവാരിക്കിടെ പൊതുകവലയില്‍ അദ്ദേഹം അഭിനയിക്കും. നടവഴിയില്‍ എതിരെ ഒരാള്‍ ‘അറിയുമോ’ എന്നു ചോദിച്ചാല്‍ രണ്ടു കയ്യും കൂപ്പി ഒരു നമസ്കാരം; പിന്നെ ആ ആളെക്കുറിച്ച് ഒരു സൂചന ലഭിച്ചാല്‍ അദ്ദേഹത്തെപോലും അമ്പരപ്പിച്ചുകൊണ്ട് വീട്ടുപേരും വിളിപ്പേരും ബന്ധുക്കളുടെ വിവരവും ചോദിക്കുന്നതു കേട്ടാല്‍ അത്ഭുതപ്പെടും, ഇപ്പോള്‍ നാട്ടിലുളളവര്‍ക്കും അറിയാത്ത ക്യത്യമായ വിവരങ്ങള്‍ കയ്യിലുണ്ടാവും. നാട്ടറിവിന്‍റെ, നാടിനെ അറിയുന്നതിന്‍റെ തനിമയെ കാക്കുന്നതിന്‍റെ വൈഭവം.

കാവാലത്തിന്‍റെ നാടക
സംഘമായ സോപാനത്തിലെ ഓരോ കലാകാരനും പറയാനുണ്ട് ഗുരുവിനെക്കുറിച്ച്. നാടകക്കളരിയില്‍ നടനായും സംവിധായകനായും താളക്കാരനായും പാട്ടുകാരനായും അദ്ദേഹം കൂടെയുണ്ടാവും. 
അടുത്തിടെ തന്‍റെ ‘നിഴലായനം’ എന്ന നാടകം എറണാകുളത്ത് ടൌണ്‍ ഹാളില്‍ ആദ്യമായരങ്ങേറിയപ്പോഴദ്ദേഹം പറഞ്ഞു, “ഓരോ തവണ എന്‍റെ നാടകം കളിക്കാന്‍ തുടങ്ങുമ്പോഴും- ആദ്
യമായി ഒരു നാടകം അരങ്ങേറ്റുന്ന ഒരു സംവിധായകന്‍റെ ഉദ്വേഗങ്ങളാണെനിക്ക്.” നാടകം കളിച്ചുകഴിയും വരെ, അതിനോടുളള കാണികളുടെ പ്രതികരണം കാണുംവരെ അസ്വസ്ഥനായിരിക്കും 45 വര്‍ഷമായി രംഗകലയില്‍ നിത്യപ്രവര്‍ത്തകനായ അദ്ദേഹം ഓരോ പുതിയ അറിവും അത് ആരില്‍ നിന്നായാലും കിട്ടുമ്പോള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് വശത്താക്കുന്നത് കാണുമ്പോള്‍ കാവാലത്തിന് 84 ആയെന്ന് തോന്നില്ല, ഒരു നാലുവയസുകാരന്‍റെ കൌതുകം. ആരു പറയുന്നതും വിലയുറ്റതാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം - ‘ന മന്ത്രമക്ഷരം നാസ്തി.....’ 

‘തെയ്യത്തെയ്യം’ നാടകം ആദ്യം കളിച്ച് 25-ാം വര്‍ഷം തികഞ്ഞപ്പോള്‍, ആ നാടകം കാവാലം പിച്ചവച്ചുനടന്ന ചാലയില്‍ കുടുംബത്തിന്‍റെ തിരുമുറ്റത്ത് സോപാനം കലാകാരന്മാര്‍ അഭിനയിച്ചപ്പോള്‍, അതുകണ്ട് നാട്ടുകാര്‍ പറഞ്ഞു, ഇതാണു ഞങ്ങളുടെ സ്വന്തം നാടകം. കാവാലത്തിന്‍റെ അപ്പോഴത്തെ മനസ് വളരെ പണ്ട് അദ്ദേഹം എഴുതിയ ഒരു പാട്ടിന്‍റെ വരി തിരുത്തുകയായിരുന്നിരിക്കണം, “മുത്തുകൊണ്ടെന്‍റെ മുറം നിറഞ്ഞൂ, പവിഴം കൊണ്ടെന്‍റെ പറ നിറഞ്ഞൂ, ...നിറയാത്ത തൊരു പാത്രം മനസുമാത്രം..... ” എന്നാണു പാട്ട്. അന്ന് ആ മനസ് അന്നു നിറഞ്ഞു. ഇപ്പോള്‍ കാവാലത്തുകാര്‍ 84-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആ മനസ് നിറഞ്ഞുകവിയുകയായിരിക്കും. 

ശ്രീമദ് ഭാഗവതം സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്ക് മൊഴി മാറ്റുകയാണിപ്പോള്‍. ഈ വര്‍ഷം കുരുന്നുകൂട്ടത്തിലെ കുട്ടികള്‍ക്കായി എഴുതിയ നാടകം ‘ആം ക്രോം’ നല്‍കുന്ന സന്ദേശമിതാണ്- ഓരോരുത്തര്‍ക്കും ഓരോ കഴിവ്. അവ യൊന്നും നിസാരമല്ല. ‘കുയില്‍പാട്ട് കുയിലിനും തവളപ്പാട്ട് തവളകള്‍ക്കും....’ അവ പരസ്പരം നിര്‍ബന്ധിച്ചു പഠിപ്പിക്കാനോ മാറ്റാനോ പറ്റില്ല, പാടില്ല. അതാണു തനിമ. തനിമയുടെ സംരക്ഷണത്തിനു തപസു വേണം. വൈവിധ്യങ്ങളുടെ സമന്വയമാണ് സംസ്കാരം. അതിനു കാവല്‍ നില്‍ക്കണം. 

കുരുന്നുകൂട്ടം നടത്താന്‍ പലരും വലിയ വാഗ്ദാനങ്ങളുമായി കാവാലത്തെ സമീപിച്ചു, അദ്ദേഹം പറഞ്ഞു, “ഇല്ല, ഇതെന്‍റെ നാട്ടിലെ കുട്ടികള്‍ക്കാണ്. അവരുടെ നാട്ടില്‍ അവര്‍ക്കായി.” അവരിലെ പ്രതിഭയും കഴിവും തിരിച്ചറിഞ്ഞ് അദ്ദേഹം ഒരിക്കല്‍  പറഞ്ഞു, “ഇവരിലൂടെ നാടിന്‍റെ സംസ്കാരം നിലനില്‍ക്കും, വളരും, പോഷിപ്പിക്കപ്പെടും. അതുമതി, ധാരാളം.”

നര്‍മ്മത്തില്‍ ഗൌരവം നിറച്ച്, സാധാരണക്കാര്‍ക്കുവേണ്ടി, സംസ്കാരത്തിന്‍റെ വേരോട്ടമുളള താളവും ഈണവും ചുവടുകളും തെഴുപ്പിച്ച് അദ്ദേഹം രംഗപാഠം നല്‍കുന്ന ഓരോ നാടകവും നര്‍മ്മ ഭരിതമാണ്, ഫലിതങ്ങളാണ്. ഫലിതം എന്നാല്‍ നര്‍മ്മമെന്നല്ല കാവാലത്തിന്‍റെ വ്യാഖ്യാനം - “ഫലിക്കുന്നത് ഫലിതം.” ശരിക്കും മലയാളത്തിന്‍റെ ജനകീയ കവി കുഞ്ചന്‍ നമ്പ്യാര്‍ക്കു പിന്തുടര്‍ച്ചക്കാരന്‍. ഒരിക്കല്‍ കാവാലം പഴയ സംഭവം പറഞ്ഞു ചിരിച്ചു. 40 വര്‍ഷം മുമ്പ് അവനവന്‍ കടമ്പ പയ്യന്നൂരില്‍ കളിച്ചപ്പോള്‍ കാണികള്‍ വളഞ്ഞുവച്ച് എന്തിന് ഈ നാടകം സംവിധാനം ചെയ്തു എന്നു ചോദിച്ച കാര്യം. ഇപ്പോള്‍ അതേ തനതു നാടക അവതരണം കാളിദാസന്‍റെ നാട്ടിലുംഡല്‍ഹിയിലും ഒഡീഷയിലും പയ്യ ന്നൂരിലും ഒരേപോലെ സ്വീകരിക്കപ്പെടുന്നു. ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുന്നതിലേറെ അദ്ദേഹം ആസ്വദിക്കുന്നതും ആശ്വസിക്കുന്നതും അതിലാവണം. 

ഞങ്ങള്‍ പലരും കുട്ടിക്കാലം മുതലേ കാവാലം നാരായണപ്പണിക്കരെ ആശാന്‍ എന്നാണ് വിളിച്ചുപോന്നത്. ആശാനും ശിഷ്യനും തമ്മിലുളള ബന്ധത്തിന് ആഴം കൂടുമെന്നു തോന്നുന്നു സാറും വിദ്യാര്‍ത്ഥിയും തമ്മിലുളളതിനേക്കാള്‍. ആശാന്‍റെ ശതാഭിഷേക നിറവില്‍ ഏറെ അര്‍ത്ഥപൂര്‍ണ മായ ആ കവിതാവരികള്‍ തോന്നുന്നു - 
“ഗുരുലഘുലഘുഗുരു
ലഘുഗുരുഗുരുലഘു 
രണ്ടും കൊണ്ടേ ഗുണമറിയാം
രണ്ടും കൊണ്ടേ ദോഷവുമറിയാം
ഇരുളറിയാം വെളിവറിയാം, ഇരവറിയാം 
പകലറിയാം, രണ്ടും രണ്ടാണെങ്കിലും   
രണ്ടുമൊന്നാകും....”
ശതാഭിഷിക്തനാകുന്ന ആശാന് ശതകോടി പ്രണാമങ്ങള്‍.

Tuesday, April 17, 2012

കണിയമ്മുമ്മ....

കണിയമ്മുമ്മ....



കണ്ണുകൾ പൂട്ടിച്ചമ്മ കുഞ്ഞിനെ കൊഞ്ചിച്ചപ്പോൾ-
കർണ്ണികാരത്തിൻ പൂക്കൾ നല്ലപുഞ്ചിരി  തൂവും-
കണ്ണന്റെ മുന്നിൽ നിർത്തി കൈകൾ നീക്കവേ, ചോദി-
ച്ചെന്താണിതമ്മുമ്മേ എൻ കണ്ണുകൾ പൂട്ടിക്കെട്ടി.

അമ്മ തൻപൊന്നുണ്ണിയ്ക്കു കണ്ണനെ കാണും പുണ്യ-
പൊന്നുഷക്കാലത്തിന്റെ കൌതുകം പകർന്നപ്പോൾ
കണ്ണിലുമകക്കണ്ണിന്നുള്ളിലും കടന്നെത്തും
പൊൻ കണിഫലം ചേർത്തു വെള്ളരി ചിരിച്ചുവോ
പുന്നെല്ലിന്നരി നീളെ കിന്നരി വിരിയിച്ചാ
വെൺപുടക്കവിളിന്മേലുമ്മകൾ നിറച്ചുവോ...

കണ്ണനും കണ്ണാടിക്കുമുള്ളോരു ദ്വൈതാദ്വൈത
നിർവേദ സ്മരണയിൽ മുത്തച്ഛൻ ചിറികോട്ടി
അമ്മതൻ കഥാഖ്യാന വൈഭവം, കേൾക്കുന്നൊരു
കുഞ്ഞിന്റെ കഥകേൾക്കും പുന്നാരച്ചിരികളും
കണ്ണന്റെ കഥകളും കേട്ടുഞാൻ കിടക്കവേ
കുഞ്ഞുമോൻ ചോദിച്ചോരു ചോദ്യമിങ്ങനെ പൊങ്ങീ...

അമ്മുമ്മേ, ചൊല്ലമ്മുമ്മേ ആരാണു കണിവച്ച
തമ്മുമ്മയാണേലാ‍രെ അമ്മുമ്മ കണികണ്ടു...??
അമ്മുമ്മ ചൊല്ലീ, കുഞ്ഞേ അന്നെല്ലാം കണ്ടേൻ കുഞ്ഞി
ന്നച്ഛനെ, കാണുന്നിപ്പോൾ നിന്നെയെൻ പൊന്നുണ്ണീ ഞാൻ
കണ്ണിന്നു കണ്ണായെന്നും കണ്മുന്നിലുണ്ടെന്നാകിൽ
കണ്ണനെ കാട്ടിത്തരാം എന്നെന്നും കുഞ്ഞേ ഞാനും

Monday, April 16, 2012

കലാകേരളത്തിന്‍റെ കാമ്പസ്


 

കലാപഠനത്തിനൊരു പൈതൃകകേന്ദ്രം

കലാകേരളത്തിന്‍റെ കാമ്പസ്


നൈസര്‍ഗികമായ കലാവൈഭവം ചിട്ടയായി അഭ്യസിക്കപ്പെടാന്‍ വേറൊന്നില്ലാത്ത കലാമണ്ഡലത്തെക്കുറിച്ച്...

 

ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരില്ല, ഒരു നൃത്തച്ചുവടെങ്കിലും ചവിട്ടാത്തവരും. പക്ഷേ, ശാസ്ത്രീയമായി പാട്ടും ആട്ടവും പഠിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല, കഴിയുന്നവര്‍ക്കും അത് കേരളത്തിന്‍റെ കലാ-സാംസ്കാരിക ആസ്ഥാനമായ കലാമണ്ഡലത്തില്‍നിന്നു സാധ്യമാകണമെന്നുമില്ല. 

കലാമണ്ഡലമോ, അതു വെറും ആട്ടം- കഥകളി പഠിപ്പിക്കുന്ന സ്ഥലമല്ലേ എന്നാവും പലര്‍ക്കും ആദ്യകേള്‍വിയില്‍ തോന്നുക. എന്നാല്‍ കലാമണ്ഡലത്തെ അടുത്തറിയുന്നവര്‍ക്കറിയാം ഈ കലാകേന്ദ്രത്തിന്‍റെ മഹിമ. അത് അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കാന്‍ കലാമണ്ഡലത്തിലേക്ക് എത്താത്തവര്‍ക്കിടയിലേക്ക് കലയും കലാമണ്ഡലവും വരികയായി.

എത്രപേര്‍ക്കറിയാം കലാമണ്ഡലം ഒരു ഡീംഡ് യൂണിവേ
ഴ്സിറ്റിയാണെന്ന്? ആസ്ട്രേലിയയിലും ന്യൂസിലാന്‍റിലും എംബിഎയും മെഡിക്കല്‍ പഠനവും നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ പക്ഷേ കലാമണ്ഡലത്തെ കാണുന്നില്ല. കലാമണ്ഡലത്തില്‍ എംഫില്‍ ബിരുദവും പിഎച്ച്‌ഡി യോഗ്യതയും നേടാനുളള അവസരവും സൌകര്യവുമുണ്ടെണ്ടന്നറിയാവുന്നവര്‍ വളരെ കുറവാണ്. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതിശയിക്കേണ്ട. കലാമണ്ഡലത്തിന്‍റെ വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് പറയുന്നു, “ലാപ് ടോപ്പിലും എംബിഎയിലും ആണ് ലോകം എന്നു വിശ്വസിക്കുന്നവര്‍ കൂടുന്നു, സംസ്കാരവും കലയും അടിസ്ഥാനപരമായി മനുഷ്യത്വത്തിനാവശ്യമാണ്. അതു നേടാന്‍ പലരും മറക്കുന്നു, കലാമണ്ഡലം പാരമ്പര്യത്തെയും പൈതൃകത്തേയും നവീനതയുമായി കൂട്ടിയിണക്കി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു,” എന്ന്. അതെ, കലാമണ്ഡലം വേറിട്ടൊരു ശൈലിയില്‍ നമ്മുടെ സംസ്കാരത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുകയാണ്.


കഥകളിയും സംഗീതവും തുടങ്ങി ഒട്ടേറെ നൃത്തവാദ്യകലകള്‍ ഇവിടെ പരിശീലിപ്പിക്കപ്പെടുന്നു. പ്രതിവര്‍ഷം 150 മുതല്‍ 200 വരെ പേര്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കി കലാമണ്ഡലത്തില്‍ നിന്നു പുറത്തിറങ്ങുന്നു. അവരില്‍ വിദേശികളുണ്ട്. അന്യസംസ്ഥാനക്കാരുണ്ട്. നമ്മുടെ നാട്ടിന്‍പുറത്തുകാരുണ്ട്. വിവിധ കലകള്‍ പഠിച്ചുപുറത്തിറങ്ങുന്ന ഇവരില്‍ പലരും അതിപ്രശസ്തരാകുന്നു. ചിലര്‍ പഠിച്ച കല അഭ്യസിപ്പിച്ചും അവതരിപ്പിച്ചും ഉപജീവനം കഴിക്കുന്നു. കല യുടെ മഹത്വം അറിയുന്നവര്‍ക്കു മുന്നില്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച പരിഗണന ലഭിക്കുന്നു. പക്ഷേ, ഈ കല അഭ്യസിക്കാന്‍ എത്തുന്നവര്‍ സര്‍വ സമര്‍പ്പണമനസോടെയാണോ എത്തുന്നത്? മറ്റു വിഷയങ്ങള്‍ക്ക് ഉപരിപഠന രംഗത്ത് സാധ്യത അടയുന്നവര്‍ വഴിതെറ്റിയെത്തുന്ന ഇടം എന്ന സ്ഥിതിയില്‍നിന്ന് കലാമണ്ഡലം മാറിക്കൊണ്ടിരിക്കുന്നു. കലാ വിഭാഗങ്ങളില്‍ ഗവേഷണം നടത്താനും തന്‍റെ കലാദര്‍ശനം കണ്ടെത്തി അവതരിപ്പിക്കാനും അംഗീകരിപ്പിക്കാനുമുളള വേദിയായി കലാമണ്ഡലം മാറിക്കഴിഞ്ഞു.

ഡീംഡ് യൂണിവേഴ്സിറ്റിയായി മാറിയിട്ട് അഞ്ചുവര്‍ഷമാകുന്നു. ഇതിനകം വേറിട്ട വഴികളിലൂടെ, ഗുരുകുല സമ്പ്രദായത്തിന്‍റെ തുടര്‍ച്ച സംരക്ഷിച്ച്, മുന്നേ റുന്ന സ്ഥാപനം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുന്നു. പുതിയ പരിശീലന അനുശീലന സംവിധാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. കൂടുതല്‍ മേഖലകളിലേക്കു വളര്‍ന്നു വികസിക്കുന്നു. പശ്ചിമ ബംഗാളിലെ ശാന്തിനികേതനുമായുളള സാംസ്കാരിക വിനിമയ പദ്ധതിക്ക് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് അനുമതി നല്‍കി. യുജിസി നേരിട്ട് ധനസഹായ-വിതരണ പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനത്തിനു പുതിയൊരു അവസരംതന്നെ വന്നുകഴിഞ്ഞുവെന്നു പറയാം.

സ്ഥാപനത്തെ പഴഞ്ചന്‍ മാര്‍ഗത്തിലുളള ഒരു കലാപ
ഠിപ്പു കേന്ദ്രം എന്ന പ്രതിച്ഛായയില്‍നിന്ന് ഉയര്‍ത്തുക എന്ന പരിശ്രമത്തിന് കലാമണ്ഡലം വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും സെക്രട്ടറിയും രജിസ്ട്രാറും അടക്കം വിസിയുടെ ആസൂത്രണങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ഈ മധ്യവേനല്‍ അവധിക്കാലത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എ ഗ്രേഡ് കിട്ടിയ കുട്ടികള്‍ക്ക് ക്ലാസിക് കലകളില്‍ വേണ്ടണ്ടത്ര പരിശീലനം നല്‍കാന്‍ കലാമണ്ഡലത്തില്‍ 12 ദിവസത്തെ പരിശീലന ക്ലാസ് നടത്തുന്നു. “കുട്ടികളില്‍ പലരും എഗ്രേഡ് വാങ്ങിയത് അതതു കലാവിഷയങ്ങളില്‍ മത്സരത്തിനു മാത്രമായി നേടിയ പരിശീലനത്തിലൂടെ ആയിരിക്കും. അവര്‍ക്ക് കലയില്‍ അഭിരുചി ഉണ്ടണ്ടാക്കുക എന്ന ലക്‌ഷ്യത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അവര്‍ക്ക് കലയിലും കലമണ്ഡലത്തിലും ആഭിമുഖ്യമുണ്ടണ്ടാക്കാന്‍ ഇതു സഹായകമാകും,” വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ടിഎസ് ഐയോടു പറഞ്ഞു.

അടുത്ത അദ്ധ്യയന വര്‍ഷം തിരഞ്ഞെടു ക്കുന്ന 100 സ്കൂകളുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് കലാസ്വാദന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും കലാമണ്ഡല ത്തിനു പദ്ധതിയുണ്ടണ്ട്. സ്ഥാപനത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കും. ചില പ്രദേശങ്ങളില്‍ കലാമണ്ഡലത്തില്‍ പഠിച്ചവരും പഠിപ്പിച്ചവരുമായ പ്രതിഭകളുണ്ടണ്ടാവും. അവരുടെ സഹായവും ഇതിനു തേടാനാണ് ആലോചിക്കുന്നത്. 
നിലവില്‍ കലാമണ്ഡലത്തില്‍ കഥകളിയിലെ വേഷം
, സംഗീതം, ചെണ്ടണ്ട, മദ്ദളം, ചുട്ടി, മോഹിനിയാട്ടം, കൂടിയാട്ടം തുളളല്‍, മിഴാവു വാദനം, പഞ്ചവാദ്യം, മൃദംഗം, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. ഹൈസ്കൂള്‍ മുതല്‍ എംഫില്‍ കോഴ്സുവരെ ഈ കാമ്പസില്‍ സാധ്യമാണ്. കലാമണ്ഡലം കൂടുതല്‍ മേഖലകളിലേക്കു വരും നാളുകളില്‍ വളരാന്‍ പോകുകയാണെന്ന് വി സി പറയുന്നു. കലാകേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം തൃശൂര്‍ ആണ്. അവിടെ സ്ഥിതിചെയ്യുന്ന കലാമണ്ഡലം കേരളത്തിന്‍റെ കലാആസ്ഥാനമായി മാറുകയെന്ന സങ്കല്‍പ്പം സാധിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കലാ രംഗത്തെ സാധ്യതകള്‍ അനുദിനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. നിത്യവൃത്തിക്ക് ഒരു തൊഴില്‍ എന്ന നിലയിലും അക്കാഡമിക് പാണ്ഡിത്യ വേദിയിലും കലയുടെ മേഖല കൂടുതല്‍ ആവശ്യപ്പെടുന്ന കാലമാണ്. ഡിജിറ്റല്‍ മാധ്യമ രംഗം കലയുടെ മൂല്യം ശോഷിപ്പിച്ചുവെന്ന വാദം ഒരുവശത്തു ശക്തിപ്രാപിക്കുമ്പോള്‍തന്നെ കലയുടെ പരിചയവും പരിശീലനവും ആഗ്രഹിക്കുന്നവര്‍ കുടിക്കൂടി വരികയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെ പുറത്തുവരുന്ന കലാവൈഭവമുളളവര്‍ക്കും യുവജനോത്സവങ്ങളില്‍ തെളിയുന്ന പ്രതിഭകള്‍ തുടങ്ങിയവര്‍ക്കു കലയുടെ ശാസ്ത്രീയ മേഖലയിലേക്ക് വഴിതെളിയിക്കേണ്ടതുണ്ട് അവരുടെ യഥാര്‍ത്ഥ സര്‍ഗവൈഭവം പ്രകടിപ്പിക്കാന്‍. അതിനു പക്ഷേ, തുടക്കത്തിലേ പരിചരണം വേണം, അടിസ്ഥാനപരമായ പരിശീലനം വേണം. അതിനു തികച്ചും യുക്തമായ കേന്ദ്രമാണ് കേരള കലാമണ്ഡലം. പുതിയ പ്രതിഭകളെ കണ്ടെത്താനുളള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു സഹായകമാകുന്ന സാംസ്കാരിക ആസ്ഥാനമായി മാറുകയാണ് ഇവിടം.  

ഏപ്രില് 9, 2012 The Sunday Indian

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”  

 

(കലാമണ്ഡലം കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനമാകുന്നുവെന്ന് വിസിയായ പി. എന്‍. സുരേഷ് കാവാലം ശശികുമാറിനോട് അഭിമുഖത്തില്‍)

ഡീംഡ് യൂണിവേഴ്സിറ്റി ആയ ശേഷം കലാമണ്ഡലത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച്?

അഞ്ചുവര്‍ഷമായി കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ആയിട്ട്. ഏറെ മുന്നോട്ടു പോയിരിക്കുന്നു. കേന്ദ്ര സര്‍ ക്കാരിലെ എച്ച്ആര്‍ഡി മന്ത്രാലയം കലാമണ്ഡലവും ശാന്തി നികേതനു മായി സാംസ്കാരിക വിനിമയത്തിനു ളള അനുമതി അംഗീകരിച്ചുകഴിഞ്ഞു. കലാമണ്ഡലത്തിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ലോകത്തിനു മുന്നില്‍ നമുക്കു പ്രകടിപ്പിക്കാനുളള സംസ്കാരവും കഴിവുമുണ്ട്. അതു വിക്ഷേപിക്കാന്‍ ലോഞ്ചിംഗ് പാഡുമുണ്ട്.ശരിയായ രീതിയില്‍ അതു വിനിയോഗിച്ചാല്‍ മാത്രം മതി.

 

വിസി ആകും മുമ്പ് താങ്കള്‍ കലാമണ്ഡലത്തെ ഡീംഡ് യൂ ണിവേഴ്സിറ്റി ആക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങ ളുടെ സ്പെഷ്യല്‍ ഓഫീസറായിരുന്നുവല്ലോ? അടിസ്ഥാനപരമായി കലാമണ്ഡലത്തിന്‍റെ സങ്കല്‍പ്പങ്ങളില്‍നിന്ന് യുണിവേഴ് സിറ്റി പദവിയിലേക്കു മാറിയതു ഗുണകരമായോ?

കലാമണ്ഡലത്തിനെ ഡീംഡ് യൂണിവേഴ്സിറ്റി ആക്കുമ്പോള്‍ ഈ പ്രശ്നം ഉടലെടുക്കുമെന്നറിയാമായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ നയനിലപാടുകള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനെക്കൊണ്ട് അംഗീകരിപ്പിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ തുടര്‍ന്ന് കാലിക പ്രസക്തമായ പഠന രീതികളിലൂടെ പഠിതാക്കളെ പ്രതിഭകളാക്കുകയാണ് ഇവിടത്തെ പദ്ധതി. പിന്നെ യുജിസിയുടെ പതിവു നിഷ്കര്‍ഷകള്‍ക്കും നിയമങ്ങള്‍ക്കും കലാമണ്ഡലത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട്. യുജിസി കലാമണ്ഡലത്തിനു 12 ബി സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്- യുജിസി നേരിട്ടു സാമ്പത്തിക സഹായം നല്‍കും, കൂടാതെ ഇവിടെ പരിശീലിപ്പിക്കുന്ന രംഗകലയുടെ ദേശീയ നോഡല്‍ ഏജന്‍സിയാക്കിയിട്ടുണ്ട് കലാമണ്ഡലത്തെ.


കലയുടെ ജനകീയവല്‍കരണത്തി ന്‍റെ ഇക്കാലത്ത് പരമ്പരാഗത രീതി കള്‍ക്കു പ്രസക്തി കുറയുന്നുണ്ടോ?

സംസ്കാരത്തിന്‍റെ പ്രധാന ചാലകശക്തിയാണു കല. കലയില്‍ ഭാഷയും നൃത്തവും വാദ്യവും എന്നു വേണ്ട മനസിനെ ഹരം പിടിപ്പിക്കുന്ന എന്തും വരും. ആ കലയുടെ ചൈതന്യത്തിനുശോഷണം സംഭവിക്കരുത്. കലാകാരനും ആസ്വാദകനും തമ്മിലുളള ഏക വ്യത്യാസം ആസ്വാദകനേക്കാള്‍ സര്‍ഗശേഷി കലാകാരനുണ്ട് എന്നതുമാത്രമാണ് എന്നെനിക്കു തോന്നുന്നു. പക്ഷേ സമൂഹം ആഗ്രഹിക്കുന്നത് നിലവാരം താണതാണെങ്കില്‍ അതേ കലാകാരനില്‍നിന്നും ഉണ്ടാകൂ.

കലാമണ്ഡലത്തില്‍നിന്ന് മികച്ച പ്രതിഭകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ഉണ്ടല്ലോ?

അങ്ങനെയല്ല. ഇന്നും ധാരാളം പ്രതിഭകളുണ്ടാകുന്നുണ്ട്. പണ്ട് കലാകാരന്മാരുടെ എണ്ണം കുറവായിരുന്നതിനാല്‍ പലരും ശ്രദ്ധിക്കപ്പെട്ടു. 

മറ്റു കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടാത്തവരുടെ അഭയസ്ഥാനമാണ് കലാമണ്ടണ്ഡലം എന്ന ആക്ഷേപമോ?

അങ്ങനെ ഞാന്‍ പറയില്ല. അറിയാവു ന്നവര്‍ പറയില്ല. കലയോടു പ്രിയമുളളവര്‍തന്നെയാണ് ഇവിടെ പ്രവേശനം നേടുന്നത്. 200-ന് അടുത്തുവരുന്ന അദ്ധ്യാപക-അനദ്ധ്യാപക സംഘത്തിന്‍റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമായ എല്ലാസഹായവും സഹകരണവും നല്‍കുന്നുണ്ട്. പല വിദ്യാര്‍ത്ഥികളും അതുവിനിയോഗിക്കുന്നുണ്ട്. പഠിതാക്കളുടെ അഭ്യാസമാണു മുഖ്യം. കഠിനമായ നിരന്തരമായ അഭ്യാസം ആവശ്യമാണ്. പലരും അതിനു തയ്യാറാണ്. 

അന്യസംസ്ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നുമുളള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ കലാമണ്ഡലം എന്ന ലേബലിനു വേണ്ടി മാത്രം വരുന്നതാണോ?

അല്ല. ഒരിക്കലുമല്ല. അവര്‍ ഓരോരുത്തരും നിശ്ചയമായും കലാമണ്ഡലത്തിന്‍റെ അംബാസഡര്‍മാരാണ്. അവര്‍ അവരവരുടെ നാട്ടിലെ കലകളെക്കുറിച്ച് പഠിച്ചുവരുന്നവരാണ്. ഇവിടെ പഠിക്കുന്ന കാര്യങ്ങളുമായി അവര്‍ സ്വന്തം നാട്ടിലെ കലകളെ താരതമ്യം ചെയ്യുന്നു. രണ്ടര വര്‍ഷം കൊണ്ടു പഠിക്കേണ്ടത് അവര്‍ വെറും എട്ടുമാസംകൊണ്ടു പഠിച്ചു തീര്‍ക്കുന്നു. അവര്‍ കാണിക്കുന്നത്ര ആത്മാര്‍ത്ഥതയും അര്‍പ്പണവും നമ്മുടെ നാട്ടിലെ കുട്ടികള്‍ എല്ലാവരും കാണിക്കുന്നില്ലെന്നു ചില അദ്ധ്യാപകര്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.


പിന്നെ കലാമണ്ഡലം എന്ന ലേബലിന്‍റെ കാര്യം- അതെ, അതൊരു നല്ല ബലാണ്. പക്ഷേ സ്ഥാപനത്തോടുളള പ്രതിബദ്ധതകൂടി അത് ആവശ്യപ്പെടുന്നുണ്ട്. ലേബല്‍ കിട്ടിയതുകൊണ്ടായില്ല, അര്‍പ്പണം കൂടി കല ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ ലേബല്‍കൊണ്ടു പ്രയോജനമുളളു. സ്ഥാപനവുമായി, പഠന വിഷയവുമായി താദാത്മ്യം പ്രാപിക്കണം.


കലാമണ്ഡലത്തെക്കുറിച്ച് മുമ്പ് പല ആക്ഷേപങ്ങളും അപഖ്യാതികളും ഉണ്ടായിരുന്നു. താങ്കള്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു ?

ഇല്ല. ഒമ്പതുമാസമായി ഞാന്‍ വന്നിട്ട്. ഇവിടത്തെ തന്നെ പല ജീവനക്കാരും പറയുന്നു, ഇപ്പോള്‍ കലാമണ്ഡലം ശരിയായ ദിശയില്‍ നല്ല നിലയില്‍ പോകുന്നുവെന്ന്. പക്ഷേ, ഞാന്‍ പറയുന്നു, കലാമണ്ഡലത്തിന്‍റെ സാധ്യതയില്‍ പത്തു ശതമാനംപോലും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെഎന്നെക്കുറിച്ചു നല്ലതു പറയുന്നത് മുന്‍ഗാമികള്‍ എന്നേക്കാള്‍ മോശമായിരുന്നുവെന്ന് ഈ പറയുന്നവര്‍ക്കു തോന്നിയിട്ടാവണം. ഞാന്‍ വന്ന ശേഷം വിസിയും സെക്രട്ടറിയും രജിസ്ട്രാറും തമ്മിലെല്ലാം സംസാരിക്കാന്‍ തുടങ്ങിയെന്നാണ് പലരും പറയുന്നത്. 

കലാരംഗം ഇന്നു നേരിടുന്ന പ്രതിസന്ധിയെന്താണെന്ന് തോന്നുന്നു?

വാസ്തവത്തില്‍ പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല. ഇന്ന് എല്ലാം ലാപ്ടോപ്പിലും ഇന്‍റര്‍നെറ്റിലും ഉണ്ടെന്നാണ് പലരുടെയും തെറ്റിദ്ധാരണ. മനുഷ്യന്‍ഇല്ലാതാകുന്നു, എല്ലാം പ്രൊഫഷണലുകളാണ്. പ്രൊഫഷണലുകള്‍ക്ക് പല മുഖങ്ങളാണ്. മനുഷ്യന് അതില്ല. എന്‍റെ കുടുംബത്തില്‍ ഒരു ഡോക്ടറുണ്ട്, എഞ്ചിനീയറുണ്ട് എന്നാണ് പലരും മക്കളെക്കുറിച്ചു പോലും പറയുന്നത്. ഫ്രിഡ്ജുണ്ട്, ടിവി ഉണ്ട് എന്നു പറയും പോലെ. മനുഷ്യര്‍ വീടുകളില്‍ ഒരു ഉല്‍പ്പന്നമോ ഉപകരണമോ ആണ്. ഇത് അപകടമാണ്. വീട്ടിലെ മുത്തശ്ശിയെയും മുത്തച്ഛനേയും വിശേഷ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുളള പൈതൃക വസ്തുവാണ് പലര്‍ക്കും. സാധാരണ ദിവസങ്ങളില്‍ അവരെ നോക്കുന്നത് ഹോം നഴ്സുകളാണ്. ഈ മനസ്ഥിതി കലയിലേക്കും സംക്രമിക്കുന്നു. കലയെന്നാല്‍ കച്ചവടച്ചരക്കോ വിപണനവസ്തുവോ ആയി മാറിയിരിക്കുന്നു. അതില്‍ കലാകാരന്മാര്‍ വീണു പോകരുത്.  


Wednesday, March 21, 2012

വാക്കും വല്‍മീകവും

വാക്കും വല്‍മീകവും


കൃത്യമായ് കുലച്ചേറ്റവില്ലിനാലമ്പെയ്തന്നു
നിത്യവും ഹനിച്ചെത്ര ഹിംസ്രരാം ജന്തുക്കളെ
കാടുവാണവന്‍, തന്റെ ജന്‍മമേ കാടത്തത്തില്‍,
കാടനായ്ക്കര്‍മ്മം, കൃത്യധീരനായ്, ജീവന്‍പോറ്റാന്‍.

ചൂരിന്നു വേറേയെന്നു തോന്നിയ മുഹൂര്‍ത്തത്തില്‍
നേരിടാനടുക്കുന്ന സിംഹത്തെ, മഹിഷത്തെ
ലേശവും ലക്ഷ്യം തെറ്റാതെയ്തിട്ടോ മഴുവാലോ
സാശയന്‍ കൊന്നാന്‍, തന്റെ ജീവിതലക്ഷ്യം കാക്കാന്‍
കാടത്തി, മക്കള്‍,പിന്നെയമ്മയും ചേര്‍ന്നിട്ടുള്ള
കൂടെത്തി,യവര്‍ക്കായിട്ടാഹാരം നിറയ്ക്കുവാന്‍
കൊന്നവന്‍ മൃഗങ്ങളെ, പക്ഷിയെ,പാമ്പെ, കാലം-
ചെല്ലവേ കാട്ടില്‍ കൂട്ടംകൂട്ടമായ് മാളോരെത്തി

പുത്തനാം യാത്രക്കാരെ പേടിപ്പിച്ചവര്‍തന്റെ
ഭക്ഷണം, പലവക സമ്പാദ്യം,തന്റേതാക്കി
കാടിനെ നാടാക്കുന്ന നാട്ടിന്റെ പരിഷ്കാരം
കാടത്തത്തനിമയില്‍ കളങ്കം ചേര്‍ത്തീടുന്നോ
കര്‍മ്മമേ മാറിപ്പോയതറിഞ്ഞീലവനുള്ളില്‍
ധര്‍മ്മമെന്നൊരു ചിന്ത തെല്ലുമേ തെളിഞ്ഞീലാ

അന്നുമാ മരക്കൊമ്പില്‍ വഴിക്കണ്ണടയ്ക്കാതെ
പൊങ്ങിനോരസ്വാസ്ഥ്യത്തിന്‍ ചൂടുമായവന്‍ കാത്തു
ദൂരെനിന്നവര്‍ വന്നൂ-വേറിട്ടവേഷം, ഭാഷ
കയ്യിലോ കരുതീട്ടില്ലൊന്നുമേ ഭാണ്ഡം പോലും
എങ്കിലും കിടച്ചേക്കാമെന്തേലുമെന്നങ്ങോര്‍ത്തു
മുന്നിലായ് ചാടിച്ചെന്നാനന്നുമേ രത്നാകരന്‍
ഒട്ടുമേ ഞെട്ടീലാരും- ഏഴുപേര്‍ സുമുഖന്‍മാര്‍
സ്വല്‍പ്പമായ് വിശേഷം; തന്‍വേഷമല്ലവര്‍ക്കാര്‍ക്കും
കൈകളില്‍ രുദ്രാക്ഷവും നെറ്റിമേല്‍ കുറികളും
ഭംഗിയില്‍ കൂട്ടിക്കെട്ടിച്ചേര്‍ത്തതാം മുടിക്കെട്ടും
ചുണ്ടിലെല്ലാര്‍ക്കും ശബ്ദമൊന്നുപോല്‍, വിഷമം താ-
നാദ്യമായ് കേള്‍ക്കുന്നോരു ശബ്ദമെന്നെന്നേ തോന്നൂ

തെല്ലിട പരുങ്ങിപ്പോയ് കാട്ടാളന്‍, പെട്ടെന്നവന്‍
മല്ലിടാന്‍ പരുവത്തില്‍ നിന്നൊട്ടു ചോദ്യം ചെയ്തൂ
ആരാണു നിങ്ങള്‍? പോവതെങ്ങോട്ടിന്നെന്തായാലും
കയ്യിലെ സമ്പാദ്യവും സര്‍വതും തന്നീടണം
അല്ലായ്കില്‍ കൊന്നീടും ഞാന്‍ കണ്ടില്ലേ തിളങ്ങുന്നൊ-
രായുധം മടിയില്ല കൊല്ലുവാനാളെപ്പോലും

തെല്ലുമേ ഭാവം മാറാതെല്ലാരും ചിരിച്ചുകൊ-
ണ്ടന്നവര്‍ പറഞ്ഞൂ നീ ചോദിച്ച ചോദ്യം കൊള്ളാം
ആരാണിതാരാണെന്ന ചോദ്യത്തിന്‍ മറുപടി-
യ്ക്കായിട്ടേ തപം ചെയ് വൂ  ഞങ്ങളും-തിരിവീലാ
കയ്യിലിന്നില്ലാ സ്വന്തമായൊന്നും, ഉള്ളില്‍ തെല്ലും
കില്ലില്ലാതുരചെയ്യാം-ഉള്ള തു താങ്കള്‍ക്കേകാം
കൊല്ലുവാന്‍ കഴിഞ്ഞേക്കാം ഞങ്ങളെ ഞങ്ങള്‍ക്കുള്ളില്‍-
കൊന്നാലും ചാവാതുള്ളൊരാത്മാവുണ്ടതു നില്‍ക്കും

ആദ്യമായ് കാണും ഭാവം, വേറിട്ട രൂപം, ശബ്ദം
ആരുമേ പറയാത്ത കാര്യങ്ങള്‍-ഇവര്‍ കൊള്ളാം.
എന്തിതെന്നിടനെഞ്ചു തുടിപ്പൂ, കൈതാഴുന്നൂ
കയ്യിലെ മഴുപ്പിടി മെല്ലവേ അയയുന്നൂ
ഇല്ല പാടില്ലില്ലില്ല കാട്ടിലേ നീതിക്കില്ല
കൊല്ലുവാന്‍ തുനിഞ്ഞാലോ ദയയും ദാക്ഷിണ്യവും
പെട്ടെന്നു രത്നാകരന്‍ തിളങ്ങും മഴുപൊക്കി
വെട്ടുവാന്‍ തുനിഞ്ഞപ്പോള്‍ ഒത്തവര്‍ ചോദിച്ചുപോയ്
ആര്‍ക്കു വേണ്ടിയാണെല്ലാം ചെയ്വത്? കര്‍മ്മത്തിന്റെ
നേട്ടവും ഫലവും ചെന്നാര്‍ക്കാണു ചേരുന്നതും?
നീ കൊല്ലും മൃഗത്തിന്റെ, ദ്രോഹിക്കും മറ്റുള്ളോന്റെ
സൌഭാഗ്യം ഭുജിപ്പോരാ പാപവും തിന്നീടുമോ?

വാക്കിന്നു വാക്കത്തിക്കുമില്ലാത്ത മൂര്‍ച്ച; ചോദ്യം-
ചോദിച്ച മുഖത്തിലോ ശാന്തമാം ചിരിമാത്രം

സംശയം തീര്‍ക്കാനമ്മ, മക്കളും സുപത്നിയും
പാര്‍ക്കുന്ന ഗുഹക്കകം ചെക്കെന്നു ചെന്നാനവന്‍
പുച്ഛിച്ച ചിരിപൊട്ടീ, പാപമോ? ആരേല്‍ക്കണം?
ഒക്കെയും നിന്‍പേരില്‍താന്‍; ഭക്ഷണം മാത്രം പഥ്യം

വാക്കുതന്നൂക്കോര്‍ക്കണം- വല്‍മീകമുടഞ്ഞന്നു
വാക്കിനാല്‍ വാക്യം-കാവ്യം-ലോകത്തിന്‍ രാമായുന്നൂ
വാക്കുകള്‍ ഉരസുമ്പോള്‍ തീക്കണമല്ലാ തീര്‍പ്പൂ
പോര്‍ക്കളം മുടക്കുവാന്‍ വാക്കൊന്നേ വഴങ്ങുള്ളൂ


കാവാലം ശശികുമാര്‍

Friday, February 17, 2012

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു

അഭിമുഖം

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു 

പരിസ്ഥിതി സംരക്ഷണം കേരളത്തില്‍ പുതിയൊരു ഘട്ടത്തിലേക്കു കടക്കാന്‍ സമയമായി. വൃക്ഷം നടുന്നതും സംരക്ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞു, ഇനി വേണ്ടത് പരിസ്ഥിതിയെ തകര്‍ക്കുന്നത് തടയുക എന്ന പ്രവൃത്തിയാണ്.


പരിസ്ഥിതി സംരക്ഷണ രംഗം ഇന്ന് എത്തിനില്‍ക്കുന്നതെവിടെയാണ്? 
പരിസ്ഥിതി സംരക്ഷണത്തിന് കവിതയെഴുത്തിന്‍റെയും കഥയെഴുത്തിന്‍റെയും കാലം കഴിഞ്ഞു. ആശ യം കൊണ്ടുമാത്രം ഐക്യപ്പെടാനാകില്ല. ഇനി വേണ്ടത് തടയലിന്‍റെ പ്രവൃത്തിയാണ്. കാരണം എതിരാളികള്‍ സംഘടിതരാണ്. അവര്‍ എതിര്‍ക്കുന്ന വരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വൃക്ഷം നടുകയല്ല ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനം. അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ടതുണ്ട്. അതിനു ധൈര്യം വേണം. പരിസ്ഥിതിയെന്നാല്‍ പ്രകൃതിതന്നെയാണ്. പ്രകൃതി സംരക്ഷണമാണ് പ്രധാനം. മരങ്ങള്‍ മാത്രമല്ല നമ്മുടെ വയലുകളിലെ പച്ചപ്പില്‍ ചോരച്ചുവപ്പിന്‍റെ മണ്ണിട്ടു നികത്തുന്നു. കുന്നുകള്‍ കുഴിച്ചത് പ്രകൃതിയുടെ വ്രണങ്ങള്‍പോലെ കിടക്കുന്നു. വികസനത്തിന്‍റെ പേരില്‍ എന്തുമാകാമെന്ന സ്ഥിതി വിശേഷം മാറണം.

ജനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി ബോധമു ളളവരായിട്ടുണ്ട്, പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടക്കുന്നുവെന്നല്ലാതെ അതിനു സംസ്ഥാന വ്യാപകമായ സംഘടിത സ്വഭാവം വരുന്നില്ലല്ലോ?

ശരിയാണ്. പ്രാദേശികമായി പലരും പലതും ചെ യ്യുന്നു. പക്ഷേ അതിനു സംഘടിത-ഏകീകൃത- ഏകോപിത സ്വഭാവം വേണം. നമ്മുടെ വീടിനടുത്തു ളള കുന്ന് ഇടിച്ചു നിരത്തുമ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ ആ നാട്ടുകാര്‍ക്കാകണം. ഇന്ന് അവര്‍ നോക്കി നില്‍ക്കുക മാത്രമാണ്. അതിനു പിന്തുണ കൊടുക്കാന്‍ സംസ്ഥാനമെമ്പാടുമുളള പ്രവര്‍ത്തകര്‍ എത്തണം. ഇപ്പോള്‍ പ്രാദേശികമായി അഞ്ചോ എട്ടോ പേര്‍ ഒരു കുന്നിടിച്ചു നിരത്തുന്നവരെ എതിര്‍ക്കുമ്പോള്‍ അവര്‍ തല്‍കാലം നിര്‍ത്തും. പക്ഷേ കൂ ടുതല്‍ സന്നാഹങ്ങളോടെ, ആള്‍ബലത്തോടെ വരുമ്പോള്‍ എതിര്‍ക്കാന്‍ എട്ടുപേരുടെ സംഘത്തിനാ കാതെ വരും. കുന്നുകള്‍ ഒരാളുടേതല്ല, ഒരു നാടിന്‍റേ താണ്, നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കാണാനും കയറാനുമുളളവയാണ്. അതില്ലാതാക്കാന്‍ ആര്‍ക്കും അവ കാശമില്ല. പക്ഷേ അത് നിരത്തുന്നതു തടയാന്‍ ആള്‍ ബലം വേണം. സംസ്ഥാന വ്യാപകമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ബോധവല്‍കരണം വേണം. പ്രാദേശിക സംഘടനകള്‍ക്കു സഹായം നല്‍കാന്‍ റിസോഴസ് പേഴ്സണുകള്‍ ഉള്‍പ്പെടുന്ന ജില്ലാതലത്തില്‍ ഒരു അപെക്സ് ബോഡി, അതിനു മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാനതല ത്തില്‍ ഒരു സമിതി. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്കൂള്‍-കോളെജ് തലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതാണ് കൂടുതല്‍ ഫലം ചെയ്യുക.  എന്തായാലും ജനങ്ങള്‍ ബോധവാന്മാരാണെങ്കിലും അവര്‍ക്കിടയില്‍ ഒരു ആലസ്യം ഉണ്ട്. അതുമാറണം, മാറ്റണം. 

ജനങ്ങളെ അങ്ങനെ സംഘടിപ്പിക്കാനും സംഘടിതമായി തടയുന്ന പ്രവൃത്തിക്കു സജ്ജരാക്കാനും കഴിയുമോ?
സൈലന്‍റ് വാലിയുടെ കാര്യത്തില്‍ സ്വാഭാവികമായി ശക്തമായ ജനപ്രക്ഷോഭവും പിന്തുണയുമുണ്ടായി. അതുപോലെ അതിരപ്പിളളിയുടെ കാര്യത്തില്‍ ഉണ്ടാവുമെന്നു കരുതുന്നതു ശരിയല്ല. ശക്തി കുറയും. അതിനാല്‍ ആസൂത്രണം ചെയ്യണം. സംഘശക്തിയെ തയ്യാറാക്കണം. വിക സന പദ്ധതികള്‍ വരുമ്പോള്‍ അതിനെ ശരിയായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യണം. സ്നേഹ കേന്ദ്രിതമായ ഒരു സംഘടിത സ്വഭാവം വരണം. അതിന് അഗ്രസീവായ നടപടിക്രമങ്ങള്‍ ഉണ്ടാവണം.
മറ്റു സംസ്ഥാനങ്ങളില്‍ ഇത്രയേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ കാണാറില്ല, കേരളം ചെറിയ സംസ്ഥാനമായതുകൊണ്ടാണോ ഇത്?
കേരളത്തില്‍ ഏറെ സജീവമാണ്. ഇവിടെ ജനങ്ങളുടെ ആവാസത്തിനെന്ന പേരിലാണ് വിക സനമെന്ന മറയില്‍ പ്രകൃതി നാശം വരുത്തുന്നത്. എന്തായാലും ഒരു കാര്യത്തില്‍ കര്‍ശനമായ തീരുമാനം നാം എടുക്കണം-ഏതു മന്ത്രി പറഞ്ഞാലും കേരളത്തില്‍ ഇനി വന്‍കിട വ്യവസായ പദ്ധതികളും ഫാക്ടറികളും വേണ്ടെന്നു പറയണം. നമുക്ക് ഇനി ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ മതി. തൊഴിലില്ലായ്മ പരിഹരിക്കല്‍, ജോലി സാദ്ധ്യത തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഇക്കാലമത്രയും ഇത്തരം വലിയ വ്യവസായ പദ്ധ തികള്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ഇനി അതു പറയാനാവില്ല. അതിനാല്‍ വന്‍കിട വ്യവ സായങ്ങള്‍ കേരളത്തില്‍ സമ്മതിക്കരുത്.

ഭൂമിയില്‍ നടത്തുന്ന ഏതുതരം നിര്‍മാണവും പ്രവര്‍ത്തനവും മണ്ണിന്‍റെ തരം മാറ്റിക്കളയുകയാണ്. ചെളിയുളള ഭൂമിയില്‍ മണ്ണ് നിറയ്ക്കുന്നതും മലയിടിച്ച് തരിശാക്കുന്നതും വയല്‍ നികത്തി നിരത്താക്കുന്നതും എല്ലാം ഈ പ്രക്രിയയാണ്.

കണ്ടല്‍കാടുകളുടെ സംരക്ഷണം ഒരു പ്രക്ഷോഭമാകാത്തതെന്തുകൊണ്ടാണ്? 
കേരളത്തിലെ കണ്ടല്‍കാടുകള്‍ 80 ശതമാനവും സ്വകാര്യ വ്യക്തികളുടേതാണ്. അവ അങ്ങനെ നിലനിര്‍ത്തണമെന്നു നമുക്കു നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തി ഈ കണ്ടല്‍ വനങ്ങള്‍ സ്വന്തമാക്കി സംരക്ഷിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണ്. കണ്ടല്‍ വനങ്ങളില്‍ എക്കോ ടൂറിസമെന്നോ മറ്റേതെങ്കിലും പേരുപറഞ്ഞോ ഒരു പദ്ധതിയും കൊണ്ടുവരരുത്.

സര്‍ക്കാരിന്‍റെ ഈ മേഖലയിലെ നടപടികള്‍ സഹായകമല്ലേ?

സര്‍ക്കാര്‍ ചെയ്യേണ്ടത്  ഏറെയുണ്ട്. പ്രകൃതി സംരക്ഷണത്തിനുളള പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കണം. പ്രകൃതിയെ രക്ഷിക്കുക, ജനങ്ങള്‍ രക്ഷിക്കപ്പെടും. ഇവിടത്തെ ജീവികള്‍ സംരക്ഷിക്കപ്പെട്ടുകൊളളും. ഭക്ഷണം കൊടുക്കാനുളള പദ്ധതികള്‍ ഒന്നും സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നില്ല. അത് അവര്‍ സ്വയം കണ്ടുപിടിച്ചുകൊളളും.  


ആഗസ്റ്റ് 5, 2011The sunday Indian
 


നെഹ്റു ട്രോഫി വള്ളംകളി ഓളപ്പരപ്പില്‍ ഒരു ഐപിഎല്‍ പോലെ...

ഒരുകാലത്ത് കുട്ടനാടന്‍ ജനതയുടെ അഭിമാനമായിരുന്ന വളളംകളിക്ക് വാണിജ്യവല്‍കരണത്തിന്‍റെ ആധിക്യത്തില്‍ യഥാര്‍ത്ഥ ആവേശം ചോരുന്നു 

ഒരിക്കല്‍കൂടി കരിനാഗങ്ങള്‍ തുഴകളെറിഞ്ഞ് ചുറ്റുപാടും വെളളം തെറിപ്പിച്ചു. ആയിരക്കണക്കിനു ബാറ്റ്സ്മാന്‍മാരുടെ ക്രിക്കറ്റു ബാറ്റുകളില്‍നിന്ന് ഗ്രൌണ്ടിനു തലങ്ങും വിലങ്ങും ബൌണ്ടറി പായുംപോലെ അതു തോന്നിച്ചു. അത് ഒരു ഐപിഎല്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിച്ചു.

വേദി കുട്ടനാട്ടിന്‍റെ കായിക ശേഷി അളക്കുന്ന ആലപ്പുഴ പുന്ന മടക്കായലായിരുന്നു, 59-ാമത് നെഹ്രുട്രോഫി ജലമേള. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് ഈ പ്രതിവര്‍ഷ മത്സരം. ഇക്കൊല്ലം കൊല്ലം ജീസസ് ബോട്ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് നെഹൃടോഫി നേടിയത്. 1250 മീറ്റര്‍ താണ്ടാന്‍ എടുത്തത് വെറും നാലു മിനിറ്റ് 37.36 സെക്കന്‍റ്. തൊട്ടു പിന്നിലെത്തിയ കാരിച്ചാല്‍ ചുണ്ടണ്ടന് ഒരു സെക്കന്‍റിനാണ് ഒന്നാം സ്ഥാനം പോയത്. മൂന്നാം സ്ഥാനം മുട്ടേല്‍ കൈനകരിയ്ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്ത മേളയില്‍ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ സമ്മാനം നല്‍കി.

ചുണ്ടന്‍വളളങ്ങള്‍, ഓടി, വെപ്പ്, ചുരുളന്‍ വളളങ്ങള്‍, വനിതകള്‍ തുഴയുന്നവ, വിദ്യാര്‍ത്ഥികള്‍ തുഴയുന്നവ എന്നിങ്ങനെ വിവിധ തര ത്തിലുളള വളളങ്ങളില്‍ കുട്ട നാട്ടുകാര്‍ കായിക പ്രതിഭ മാറ്റുരച്ചപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ഉള്‍പ്പെടെയുളള കാണികള്‍ കരയില്‍ ആര്‍പ്പുവിളിച്ച് ആനന്ദിച്ചു. ആദ്യപാദ മത്സരങ്ങള്‍ക്കും ഫൈനലിനുമുളള ഇടവേളയില്‍ കേരളീയ കലാരൂപങ്ങളായ കഥ കളി, തുളളല്‍ ഗരുഡന്‍ തുളളല്‍, മയിലാട്ടം, തെയ്യം, പുലികളി, വേലകളി തുടങ്ങിയവ ജലപ്പരപ്പിലൊഴുകുന്ന വേദികളില്‍ വന്നത് കാണികള്‍ക്കു കൌതുകമായി.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവ ഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ചതിന്‍റെ ഒര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നെഹ്രു ട്രോഫി മത്സരം നടക്കുന്നത്. മത്സരങ്ങള്‍ക്കായി ഇന്ന് കുട്ടനാട്ടില്‍ 21 വളളങ്ങള്‍ ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ടു പലതും മത്സരത്തിനുപയുക്തമല്ലാതായി. ഈ വര്‍ഷം പങ്കെടുത്തത് 19 വളളങ്ങളാണ്. അതേ സമയം ആറന്മുള ക്ഷേത്രത്തിലെ വളളസദ്യയും ആരാധനയും വഴി പ്രശസ്തമായ 50ഒളം പളളിയോടങ്ങള്‍ ഉണ്ടെങ്കിലും അവ മത്സരങ്ങള്‍ക്കുളളവയല്ല.

ഒരിക്കല്‍ വളളം തുഴച്ചിലിന് തെരഞ്ഞെടുക്കപ്പെടുന്നത് അഭിമാനമായി കുട്ടനാട്ടുകാര്‍ കരുതിയിരുന്നു. നാട്ടിലെ ചുണ്ടന്‍റെ തുഴച്ചില്‍കാരന്‍ ഒന്നാം തുഴക്കാരനാകുന്നത് കായികശേഷിയുടെ അംഗീകാരമായിരുന്നു. ആ സ്ഥാനം നേടാന്‍ അവര്‍ സമയവും പണവും മനസും നീക്കിവെച്ചിരുന്നു. എന്നാല്‍ 1980 കാലങ്ങളില്‍ വളളംകളി രംഗത്ത് സ്പോണ്‍സര്‍ഷിപ്പു കടന്നുവന്നതോടെ ക്രി ക്കറ്റില്‍ ഐപിഎല്‍ കൊണ്ടുവന്ന അപചയം അവിടെയും സംഭവിച്ചു. സ്വന്തം നാടിന്‍റെ സ്വന്തം ചുണ്ടന്‍ സ്വന്തം നാട്ടുകാര്‍ തുഴഞ്ഞു വിജയം കൈവരിക്കുന്ന അഭിമാനം പോയി. വളളം മാത്രമല്ല തുഴച്ചില്‍കാരെയും വാടകക്കെടുക്കുന്ന രീതി വന്നു. വളളംകളി കൂടുതല്‍ വാണിജ്യവല്‍കരിക്കപ്പെട്ടു. പരസ്യങ്ങളും, സ്പോണ്‍സര്‍ഷിപ്പും വഴി വളളം തുഴയുന്ന ക്ലബ്ബുകള്‍ക്കും തുഴച്ചില്‍കാര്‍ക്കും കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന സമ്പ്രദായം വന്നു.

ഇക്കാലത്ത് ഗൌരവപൂര്‍ണമായി മത്സരിക്കുന്ന ഒരു ചുണ്ടന്‍വളളത്തിന്‍റെ ക്ലബ്ബ് കുറഞ്ഞത് 30 മുതല്‍ 50 ലക്ഷം രൂപവരെ ചെലവിടു ന്നു. ടിഎസ്ഐക്കു ലഭിച്ച ഈ വര്‍ഷത്തെ കണക്കുകള്‍ ഏറെ അമ്പരപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് തുഴഞ്ഞ കൊല്ലം ജീസസ് ക്ലബ് 55 ലക്ഷം രൂപ ചെലവിട്ടു. കൈനകരിയില്‍നിന്നുളള മറ്റൊരു ചുണ്ടന്‍ ഒന്നരക്കോടി ചെലവഴിച്ചു. ഈ ചെലവ് ഒരുമാസം നീളുന്ന പരിശീലനത്തി നും വളളത്തിന്‍റെ വാടക ക്കും തുഴച്ചില്‍കാരുടെ കൂലിക്കും മറ്റുമാണ്. മാസത്തിലേറെ നീളുന്ന പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോട്ടുക്ലബ്ബുകള്‍ ഈ ചെലവിനു പണം കണ്ടെത്തുന്നത് സ്പോണ്‍സര്‍മാരെക്കൊണ്ടാണ്. വിദേശ ഇന്‍ഡ്യക്കാരും വന്‍ ബിസിനസുകാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമാണ് മിക്കവാറും സ്പോണ്‍സര്‍മാരാകുന്നത്.

എന്നാല്‍ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍റെ ക്ലബിനു കിട്ടുന്ന സാമ്പത്തിക പ്രതിഫലം ഈ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നാ മമാത്രമാണ്. പിന്നെ എന്താണ് ഈ സ്പോണ്‍സര്‍ഷിപ്പു വഴി അവര്‍ക്കു നേട്ടം? നെഹ്രുട്രോഫിയുടെ കമന്‍റേറ്റര്‍ മാരില്‍ ഒരാളായ ഷാജി ചേരമര്‍ കുന്നുമ്മ ടിഎസ് ഐയോടു വിശദീകരിച്ചു,“സ്പോണ്‍സര്‍മാര്‍ക്ക് പ്രസിദ്ധികിട്ടുന്നു. ഈ ജലമേള 163 രാജ്യങ്ങളില്‍ കാണുന്നു. പത്തിലേറെ ദേശീയ- അന്തര്‍ദേശീയ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നു. നൂറുകണക്കിനു വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ജലമേള കാണാന്‍ എത്തുന്നു. ഒരാള്‍ക്ക് സ്വയം പ്രദര്‍ശിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം ഏതാണ്?” സ്പോണ്‍സര്‍മാര്‍ക്ക് ഒരു കോടി രൂപക്കു വരെ നികുതിയിളവും നേടിയെടുക്കാം. മാത്രമല്ല വിവിഐപികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മറ്റും സമ്പര്‍ക്കത്തിന് അവര്‍ക്ക് ഇത് അവസരം ഉണ്ടാക്കുന്നു.

വളളംകളിയുടെ ആദ്യകാല ആവേശം ജനങ്ങള്‍ക്കില്ലാതായി. സ്വന്തം നാടിന്‍റെ സ്വന്തം കളിക്കാര്‍ തുഴയുന്ന വളളം അല്ലാത്തതാണ് പ്രശ്നം. ഇന്നു സ്പോണ്‍സര്‍ഷിപ്പ് വളളംകളി തുഴച്ചില്‍കാരുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തിയിരിക്കാം, ഐപിഎല്‍ കളിക്കാരുടേതുപോലെ. പക്ഷേ പഴയ കാലത്തെ ആവേശവും സംസ്കാരവും ജീവിതരീതിയും നാടിന്‍റെ ഐക്യവും ഇല്ലാതായി. പഴയ വളളംകളി പ്രേമിയായ ജോണ്‍ ജോസഫ് ടിഎസ്ഐയോടു പറഞ്ഞു, “പണ്ട് ഇത് കുട്ടനാടന്‍ ഗ്രാമങ്ങള്‍ തമ്മില്‍, ചുണ്ടന്‍ വളളങ്ങള്‍ തമ്മിലുളള ആരോഗ്യകര മായ മത്സരമായിരുന്നു. ഇന്നത് ക്ലബ്ബുകളും സ്പോണ്‍സര്‍മാരും തമ്മിലുളള കച്ചവട മത്സരമായിരിക്കുന്നു. തുഴച്ചില്‍കാര്‍ക്കു നേട്ടമുണ്ടായിരിക്കാം, പക്ഷേ ആ വികാരവും ആവേശവും പൊയ്പോയി...” 


സെപ്റ്റംബര് 22, 2011, the sunday indian. 

 
 

അമ്മമാരോടൊത്ത്

അമ്മമാരോടൊത്ത്

അവര്‍ മറക്കാത്ത ഓണം

ആ അമ്മമാര്‍ക്കു മാത്രമല്ല, അതിനു സാക്ഷിയായവര്‍ക്കും ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു അമ്മയ്ക്കൊരോണം എന്ന പരിപാടി, ഒരുകൂട്ടം ചെറുപ്പക്കാരുടെ മാതൃകാപരമായ സംരംഭം

ഏകദേശം പത്തുവര്‍ഷം മുമ്പാണ്, ആ തിരുവോണത്തിന് ബദരിനാഥിലേക്കുളള യാത്രയിലായിരുന്നു ഞങ്ങള്‍, ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍...ഇന്‍ഡ്യാ-ചൈനാ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനാ... ബദരീനാഥില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെ അവിടെ ഒരു പഴയ കെട്ടിടത്തില്‍ ഏതാനും അമ്മമാര്‍. അവര്‍ ആഘോഷത്തിലാണ്. ഞങ്ങള്‍ അവരുമായി സംസാരിച്ചു. കേരളം ഇന്‍ഡ്യയുടെ അങ്ങേമൂലയാണെന്നും ഞങ്ങള്‍ക്കും ആ ദിവസം ആഘോഷത്തിന്‍റേതാണെന്നും നാട്ടില്‍ ഞങ്ങളെ പിരിഞ്ഞ് അമ്മമാര്‍ കാത്തിരിക്കുന്നുവെന്നുമെല്ലാം വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍ സമാനമനസ്കരായി. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിട്ടുളള ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഈ അമ്മമാരുടെ മക്കളും സൈനികരാണ്. അവരെവിടെയോ ആണെന്നല്ലാതെ കൂടുതലൊന്നുമറിയാത്ത അവര്‍ ഒത്തുചേര്‍ന്നത് സ്വാതന്ത്ര്യ ദിനത്തിന്‍റെ (അന്ന് ആഗസ്റ്റ് 15 ആയിരുന്നു) ആഘോഷങ്ങള്‍ക്കായിരുന്നു; അന്നുതന്നെ അവരുടെ തികച്ചും പ്രാദേശികമായ ഒരുത്സവദിവസവും. അവര്‍ പറഞ്ഞു, നിങ്ങള്‍ അമ്മമാരില്‍നിന്ന് അകന്നു നില്‍ക്കുന്നു, ഞങ്ങളുടെ മക്കള്‍ അകലെ ഞങ്ങളെ പിരിഞ്ഞു കഴിയുന്നു. നമുക്ക് അമ്മയും മക്കളുമാകാം.... അവര്‍ പാകം ചെയ്ത പായസം ഞങ്ങള്‍ക്കു തന്നു. അവരോടൊപ്പം പാടിയും ആടിയും ആ ഓണം ഞങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കി....

ഓണത്തിന് ഒരുക്കെല്ലാംകൂട്ടി അമ്മയും മക്കളുമൊത്തുചേരുമ്പോളാണ് ആഘോഷം സമ്പൂര്‍ണമാകുന്നതെന്ന് പറയാറുണ്ട്... പക്ഷേ അമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളും മക്കളെ ഞെക്കിക്കൊല്ലുന്ന അമ്മയും നിത്യവാര്‍ത്തകളാകുന്ന കാലമാണിത്. ആധുനികകാലം  അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങിലെത്തിച്ചപ്പോള്‍ മറുവശത്ത് ‘അസൂര്യംപശ്യ’കളായി മാറുന്ന സ്ത്രീ വാര്‍ദ്ധക്യം ഇക്കാലത്തിന്‍റെ സങ്കടമായി മാറുന്നു. വൃദ്ധസദനങ്ങളില്‍ ജന്മദിനവും ഉത്സവദിനങ്ങളും ആഘോഷിക്കുന്ന അമ്മമാരും അച്ഛന്മാരും ഏറുന്ന ഈ കാലവും അതിനു കാരണമാകുന്ന സമൂഹവും ഈ കാലഘട്ടത്തിന്‍റെ അസ്വസ്ഥതയാ കുമ്പോള്‍ അമ്മമാര്‍ക്കായി ഒരു ഓണാഘോഷം ഏതുതരത്തിലും മാതൃകയായി. അതായിരുന്നു 16 വര്‍ഷമായി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂര്യ യുവജനക്ഷേമ കേന്ദ്രം നടത്തിയ ഈ വര്‍ഷത്തെ ഓണാ ഘോഷത്തിന്‍റെ പ്രത്യേകത- അമ്മയ്ക്കൊരോണം.

ഓണാഘോഷത്തിന്‍റെ ബാക്കിപത്ര മായി മദ്യത്തിന്‍റെയും ഇറച്ചിയുടെയും സ്വര്‍ണ്ണത്തിന്‍റെയും ഉപഭോഗക്കണക്കുകള്‍ ‘പ്രധാന വാര്‍ത്തയാകുമ്പോള്‍’ നന്മയുടെ കിരണങ്ങള്‍ എത്ര പ്രകാശം പരത്തിയാലും കണ്ണില്‍ പതിക്കാത്ത കാലം കൂടിയാണിത്. 106 അമ്മമാര്‍, അവര്‍ ആ ഗ്രാമത്തിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരാണ്, ഏതെങ്കിലും തരത്തില്‍ പരാധീനത അനുഭവിക്കുന്നവരാ ണ്, വൈധവ്യം, മാറാവ്യാധി, തീരാദു:ഖം തുടങ്ങിയവയ്ക്ക് വിധേയരായവരാണ്. അത്തരത്തില്‍ ഉളള 65-നും 80-നും ഇടയ്ക്കു പ്രായമുളളവരെ കണ്ടെത്തി, അവരെ പ്രത്യേകം ക്ഷണിച്ച് ആഘോഷ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ച് ഓണപ്പുടവയും ഓണ സദ്യയും നല്‍കി. അവര്‍ക്കു വേണ്ടി കുട്ടികള്‍ തിരുവാതിര കളിച്ചും നാടോടി നൃത്തം ചെയ്തും നാടന്‍ പാട്ടുപാടിയും അവരെ ആഹ്ലാദിപ്പിച്ചു. അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ഒരുപക്ഷേ നൂറിലേറെ വീടുകളില്‍ അമ്മമാര്‍ക്കു കിട്ടുമായിരുന്ന ആഹ്ലാദത്തിലുമധികമായിരുന്നു ആ വേദിയില്‍ പങ്കുവെയ്ക്കപ്പെട്ടതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല അത്.

‘അമ്മയ്ക്കൊരോണം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു. ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം തനിമയുളള ആചാരങ്ങളും ആഘോഷങ്ങളുമാണ് ഒരു സമൂഹത്തെ സാംസ്കാരിക സമ്പന്നമായി നിലനിര്‍ത്തുന്നതെന്നു പറഞ്ഞ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ വ്യാപകമായ തോതില്‍ ഇത്തരം സാംസ്കാരിക പ്രകടനങ്ങള്‍ നടത്തേ ണ്ടതുണ്ടെന്ന് വിശദീകരിച്ചു. അമ്മമാരെ ആദരിക്കാന്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നത് സ്വന്തം തിരിച്ചറിവിന്‍റെ തെളിവാണെന്നും വരുംവര്‍ഷങ്ങളില്‍ ഇത് ഒരു സമൂഹപൂജയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ദാനം ചോദിച്ച വാമനനു മുന്നില്‍ ശിരസു കുനിച്ചതിലൂടെ എക്കാലത്തും ഉയര്‍ന്ന ശിരസുമായി നില്‍ക്കുന്ന ഒരു മികച്ച ഭരണാധികാരിയായി മാനവ മനസില്‍ നില്‍ക്കുന്ന മഹാബലിയുടെ സ്മരണനിറഞ്ഞ ഓണത്തിന് ഇത്തരമൊരു ചടങ്ങു നടത്താനായത് ധന്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ-സീരിയല്‍ നടന്‍ കൊല്ലം തുളസിയായിരുന്നു അമ്മയ്ക്കൊരോണം പരിപാടിയില്‍ അമ്മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തത്. സിനിമയിലും സീരിയലുകളിലും കൂടി തനിക്കു ലഭിച്ചിട്ടുളള വില്ലന്‍ പരിവേഷം ഇല്ലാതാക്കാനും ഇന്നുതന്നോടൊപ്പമില്ലാത്ത പെറ്റമ്മയുടെ ഓര്‍മ്മയും അനുഭവവും നിങ്ങള്‍ക്കൊപ്പമിരിക്കുമ്പോള്‍ വീണ്ടും കിട്ടുവാനുമാണ് അവിടെയെത്തിയതെന്നു പ്രസ്താവിച്ച കൊല്ലം തുളസി പ്രതീകാത്മകമായി മൂന്നു മുതിര്‍ന്ന അമ്മമാരെ പൊന്നാടയണിയിച്ച് കാ ല്‍വന്ദിച്ചു. എല്ലാ അമ്മമാര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. അമ്മമാരെ തിരികെ വീടുകളിലെത്തിക്കാനും സൂര്യയുടെ പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ശ്രദ്ധ കാണിച്ചു.

ഒരുപക്ഷേ കേരളത്തില്‍ ഓണക്കാലത്ത് ഇതുവരെ നടത്തിയിട്ടുളള ആഘോഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ‘അമ്മയ്ക്കൊരോണം’ പരിപാടി. കൂടുതല്‍ വിപുലമായ രീതിയില്‍ വരും കാലങ്ങളില്‍ ഈ പരിപാടി നടത്തുമെന്നു മാത്രമല്ല അമ്മമാരില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ച് സൂര്യ യുവജനക്ഷേമകേന്ദ്ര പ്രവര്‍ത്തകര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചപ്പോഴാണ് പുതിയ തലമുറയുടെ സമൂഹത്തോടുളള കരുതല്‍ വ്യക്തമായത്. സൂര്യ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ടിഎസ് ഐ യോടു പറഞ്ഞു, “ഒട്ടേറെ പേരുണ്ട് ഈ ആശയം മുന്നോട്ടു വെച്ചവരും അതിനു വേണ്ടി അഹോരാത്രം പ്രവര്‍ ത്തിച്ചവരുമായി. ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ സന്മനസുകളും ഏറെയുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പേര്‍ അനുമോദിച്ച സൂര്യയുടെ ഒരു സംരംഭമാണിത്. ഇതിന്‍റെ തുടര്‍നടപടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യും. വര്‍ഷത്തിലൊരിക്കലുളള ഒരു പ്രോഗ്രാമായി മാത്രം ഞങ്ങള്‍ ഇതിനെ ചുരുക്കു കയില്ല. കലുഷിതമായ സമൂഹത്തിന് ഒരു കൂട്ടം ചെറുപ്പക്കാരുടെ  സന്ദേശമാണിത്. അതു വ്യാപകമാക്കും. സമൂഹത്തിന്‍റെ സേവനം ആവശ്യമായ അമ്മമാരുടെ, മുതിര്‍ന്നവരുടെ പരിരക്ഷയ്ക്കു വേദിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു മനസുളളവരുടെ സംയോജകരാകാന്‍ ഞങ്ങളെന്നുമുണ്ടാകും.” 

ഒക്ടോബര് 20, 2011the sunday indian

സ്മാരകം ബാക്കിയാക്കി അവര്‍ പോയി



മണിയപ്പന്‍

സ്മാരകം ബാക്കിയാക്കി അവര്‍ പോയി

 
മണിയെന്ന 65കാരിക്ക് കാഴ്ചപോയി. ഏകമകന്‍ മണിയപ്പന്‍ നഷ്ടപ്പെട്ടതിന്‍റെ ഭാരം താങ്ങാനാകാഞ്ഞ്, നിര്‍ത്താതെ കരഞ്ഞിട്ടാണെ ന്ന് ഭര്‍ത്താവ് പറയുന്നു. ഓര്‍മ്മയിലെ മണിയപ്പന്‍. 2005 നവംബര്‍ 25ന് അഫ്ഘാനിസ്ഥാനില്‍ താലിബാന്‍കാര്‍ തലവെട്ടിക്കൊന്ന ഹരിപ്പാട് സ്വദേശി മണിയപ്പന്‍. ഇന്‍ഡ്യന്‍ സൈന്യത്തിനു വേണ്ടി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ഡ്രൈവറായിരുന്നു ഇദ്ദേഹം.

പണി തീരാത്ത വീട്ടിലെ ചെറിയ മേശപ്പുറത്ത് മുഴുവന്‍ മരുന്നു പാക്കറ്റുകള്‍. അരികെ ചെറിയ പാത്രങ്ങളില്‍ അവര്‍ക്കുളള അത്താഴം. അവിടവിടെ സിമന്‍റുചാക്കും പണിയായുധങ്ങളും. രാമന്‍കുട്ടി എന്ന, മണിയപ്പന്‍റെ അച്ഛന്‍ പറഞ്ഞു, “തുടരന്‍ മഴ, പണിക്കാരില്ലായ്മ, പിന്നെ പണമില്ലായ്മയും കൂടിയായപ്പോള്‍ പണി നിന്നു.”

 “എന്‍റെ മകന്‍റെ മരണത്തിനു നഷ്ടപരിഹാരമായി 30 ലക്ഷത്തിലേറെ കിട്ടിയെന്നു പലരും പറയുന്നു. അതുകൊണ്ടുതന്നെ സര്‍ ക്കാര്‍ കണക്കില്‍ ഞങ്ങള്‍ ദാരിദ്ര്യരേഖക്കു മുകളിലാണ് പക്ഷേ, വാസ്തവമിതാണ്, ഞങ്ങള്‍ക്ക് എങ്ങുനിന്നും ഒന്നും കിട്ടുന്നില്ല” ഹൃദ്രോഗികൂടിയായ രാമന്‍കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്, ഇപ്പോള്‍ കാഴ്ച പോയ ഭാര്യയെ ശുശ്രൂഷിക്കുന്നു, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു, ദിനചര്യകള്‍ക്ക് സഹായിക്കുന്നു.

ഇവരെ സഹായിക്കാന്‍ മണിയപ്പന്‍റെ ഭാര്യ ബിന്ദു ഇല്ലേ എന്നു ചോദിച്ചേക്കാം. ഇല്ല! അവര്‍ പറയുന്നു, മണിയപ്പനു സ്മാരകമു ണ്ടാക്കിയിരിക്കുന്ന ആ വീട്ടില്‍ നിന്ന് ഏറെ അകലെയാണ് താമസിക്കുന്നത്. മണിയപ്പന്‍റെ ജീവനു നഷ്ടപരിഹാരമായി ഭാര്യ ബിന്ദു വിന് ആലപ്പുഴ ഡി.വൈ.എസ്.പി. ഓഫീസില്‍ ജോലികിട്ടി, രണ്ടു മക്കളുമായി താമസിക്കുന്നു. അജയന്‍ എട്ടാം ക്ലാസിലും അജയ് രണ്ടാം ക്ലാസിലും. ബിന്ദു മാസത്തിലൊരിക്കല്‍ വരും അല്ലെങ്കില്‍ ചെലവിനുളള കുറച്ചു പണം മകന്‍റെ കയ്യില്‍ കൊടുത്തുവിടും. ബിന്ദുവാകട്ടെ എല്ലാം പഴയ കാര്യങ്ങളാണെന്നും ഒന്നും പറയാനില്ലെന്നുമാണ് പ്രതികരിച്ചത്.
 
അവര്‍ സന്തുഷ്ടയാണ്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും മക്കളുടെ സൌജന്യ വിദ്യാഭ്യാസവും രക്ഷകര്‍ത്താക്കള്‍ ക്കുളള സൌജന്യ ചികിത്സയും തനിക്കുളള ജോലിയും കിട്ടി. ഒട്ടു മിക്ക സഹായങ്ങളും ബിന്ദുവിനാണ്. കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ, കിട്ടിയ അവരിപ്പോള്‍ താമസിക്കുന്നത് നഷ്ടപരിഹാരത്തുക മുടക്കി ബിന്ദു വിലയ്ക്കുവാങ്ങിയ സ്വന്തം തറവാട്ടില്‍.
“ചിലര്‍ പറയുന്നു ബിന്ദു പുനര്‍ വിവാഹം ചെയ്തെന്ന്. ഞങ്ങള്‍ക്ക് പക്ഷേ, അതേക്കുറിച്ചൊന്നും അറിയില്ല.” രാമന്‍കുട്ടി പറഞ്ഞു. നിര്‍ഭാഗ്യമെന്നു പറയാം പ്രായത്തോടൊപ്പം രാമന്‍കുട്ടിയുടെ ബാധ്യതകളും വളരുന്നു. അദ്ദേഹം സ്വയം പാചകം ചെയ്യുന്നു, തനിക്കും ഭാര്യക്കും (ഏറെ നാളായി രക്താര്‍ബുദം ബാധിച്ച ഭാര്യക്ക് പ്രമേഹവും കാഴ്ചക്കുറവുമുണ്ട്) മരുന്നു വാ ങ്ങാന്‍ പോകുന്നു. ഇപ്പോള്‍ ഒരു പുതിയ പണിയുണ്ട്, തന്‍റെ പേരിലുളള വസ്തുവില്‍ ഒരു സെന്‍റ് ദേശിക സംഘടനക്ക് കൈമാറാന്‍ താലൂക്ക് ഓഫീസില്‍ കയറിയിറങ്ങുന്നു, ലക്‌ഷ്യം- അവിടെ മണിയപ്പന്‍റെ പേരില്‍ വായനശാലയും ഗ്രന്ഥശാലയും പണിയുക. 
 
 ഒക്ടോബര് 1, 2011 , the sunday indian



  


ഏറുന്ന ഇരട്ടക്കുഴപ്പങ്ങള്‍

കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 270ല്‍ പരം ഇരട്ടക്കുട്ടികള്‍. ഈ കൌതുകം അറിഞ്ഞെത്തുന്ന സന്ദര്‍ശകര്‍ നാട്ടുകാര്‍ക്ക് അലോസരമാകുന്നു..

ജനിതക ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണവിഷയം. സാധാരണക്കാര്‍ക്ക് അമ്പരപ്പിനുളളത്, മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത, പക്ഷേ, ഇത്രയേറെ ഇരട്ടകള്‍പിറന്ന അപൂര്‍വ്വതയുളള കൊടിഞ്ഞിയിലെ ജനങ്ങള്‍ക്ക് ഇതൊരു ശല്യമായി മാറിയിട്ടുണ്ട്.

പച്ചച്ച, ഗ്രാമീണത മുറ്റിയ കൊടിഞ്ഞിഗ്രാമം ധാരാളം അന്യദേശക്കാരെ ആകര്‍ഷിക്കുന്നു, വിദേശികള്‍ ഇരട്ടകളുടെ ഈ അത്ഭുതം അറിഞ്ഞെത്തുന്നു, കാരണം 13,000 ജനസംഖ്യയുളള ഈ പ്രദേശത്ത് 270 ഇരട്ടക്കുട്ടികളാണ്. ദേശീയ ശരാശരി ആയിരം പേര്‍ക്ക് എട്ട് ഇരട്ടകളായിരിക്കെയാണ് കൊടിഞ്ഞിയില്‍ അത് നാലിരട്ടിയുളളത്. ഇതിനു കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്‍റെ സ്വ ന്തം താല്‍പര്യത്തില്‍ പഠനം നടത്തിയ ഡോ. ശ്രീബിജു പറയുന്നു, “ജനിതക ഘടകം ഒരു കാരണമാണ്, എന്നാല്‍ പരിസ്ഥിതിയും പ്രധാനമാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളധികവും മുസ്ലിം സമുദായത്തില്‍ പെട്ടവരാണെങ്കിലും ഹിന്ദുക്കളിലും ഈ പ്രതിഭാസം കാണാം. അഞ്ചു കുടുംബങ്ങളില്‍ മൂന്നു കുട്ടികള്‍ ഒരുമിച്ചു ജനിച്ചിട്ടുണ്ട്, ഇരട്ടകളില്‍ പകുതിയും പെണ്‍കുട്ടികളുമാണ്.”

കൊടിഞ്ഞി അങ്ങാടിയില്‍ ചോദിച്ചാല്‍ പറഞ്ഞുതരും ഏതൊക്കെ വീട്ടിലാണ് ഇരട്ടകളുളളതെന്ന്. ഇപ്പോള്‍ ഇരട്ടകളുടെ ഫോട്ടോ എടുക്കാന്‍ ഒരു ഇരട്ടക്ക് 1000 രൂപ വീതം അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഇരട്ടകളുടെ ആധിക്യം ശ്രദ്ധയില്‍പെട്ട 2002 മുതല്‍ കൊടിഞ്ഞിയിലെ ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളുടെയും ന്യൂസ് ടെലിവിഷന്‍ ചാനലുകളുടേയും നിരന്തരമായ ഒഴുക്കാണ്. ഞങ്ങള്‍ കൊടിഞ്ഞിയില്‍ ചെല്ലുന്നതിന് ഒരാഴ്ച മുമ്പാണ് ജപ്പാനില്‍ നിന്നുളള ഒരു ടെലിവിഷന്‍ സംഘം അവിടെയെത്തി ഡോക്യുമെന്‍ററി ഫിലിം ചെയ്തത്. അഭിനയവും ഷൂട്ടിംഗും ഫോട്ടോ പോസിംഗുമൊക്കെ ഇപ്പോള്‍ ഇവിടത്തുകാര്‍ക്ക് വിരസതയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. 

കാരണമുണ്ട്, കുട്ടികളുടെ ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലുമെല്ലാം സ്കൂള്‍ സമയത്താകും. ഇതുകൊണ്ടുതന്നെ ഗ്രാമത്തിലെ മൂന്നു സ്കൂളുകളിലെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നെടുത്ത തീരുമാനം കുട്ടികളുടെ ഫോട്ടോ എടുക്കുന്നത് പിടിഎയുടെ അനുമതിയോടെ ആവണമെന്നും സ്കൂളിന് ആ പേരില്‍ ഒരു ഡൊണേഷന്‍ നല്‍കണമെന്നുമാണ്. 

എന്നാല്‍ സന്ദര്‍ശകരെ ചില ഗ്രാമീണര്‍ സ്വന്തം നിലക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടികളെ കാട്ടിക്കൊടുക്കാറുണ്ട്. അങ്ങനെയാണ് പല ആരോപണങ്ങളും ഉയര്‍ന്നത്. ചിലര്‍ വന്‍തുക ഇതിന്‍റെ പേരില്‍ കൈപ്പറ്റുന്നുണ്ടെന്ന്. ഒരു ആക്ഷേപം ഉയര്‍ന്നത് നേരത്തെ പറഞ്ഞ ജപ്പാന്‍ ടെലിവിഷന്‍ കമ്പനി ഡോക്യുമെന്‍ററി നിര്‍മ്മാണത്തിന് സഹകരിച്ച കുട്ടികള്‍ക്കായി 2.5 ലക്ഷം രൂപ കൊടുത്തുവെന്നാണ്. ഗ്രാമത്തിലെ വിദ്യാര്‍ത്ഥിയായ ജാബിര്‍ പറയുന്നു, “പണം വാങ്ങുന്നെങ്കില്‍ തന്നെ തെറ്റില്ല. അതവരുടെ ക്ഷേമത്തിനുപയോഗിക്കണം, പക്ഷേ, ഇപ്പോള്‍ പണം ചില തെറ്റായ കൈകളിലാണെത്തുന്നത്.”

2008-ല്‍ അവിടെ ‘ട്വിന്‍സ് ആന്‍റ് കിന്‍സ്’ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഉദ്ദേശ്യം, കുട്ടികളുടെ പേരില്‍ ആരെങ്കിലും അനര്‍ഹമായ നേട്ടം ഉണ്ടാക്കാതിരിക്കുക കുട്ടികളില്‍ ആരെങ്കിലും രഹസ്യമായ ജനിതക പഠനം പോലുളളവ നടത്തുന്നത് തടയുക കുട്ടികള്‍ക്കായി ക്ഷേമപ്രവര്‍ത്തനം നടത്തുക തുടങ്ങിയവ. സംഘടന ഇരട്ടക്കുട്ടികള്‍ക്കായി ആരോഗ്യക്യാമ്പും മറ്റും സംഘടിപ്പിച്ചുവരുന്നു. 

ടിഎസ്ഐ കൊടിഞ്ഞി സന്ദര്‍ശിച്ചത് പരീക്ഷാകാലത്തായതിനാല്‍ സ്കൂളധികൃതര്‍ കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു വിസമ്മതിച്ചു. ഞങ്ങള്‍ക്ക് മൂന്ന് ഇരട്ടക്കുട്ടികളെ ഒരുമിച്ചുകിട്ടി - ജുബാബ, ജുബാന എന്നീ മൂന്നാം ക്ലാസുകാരികള്‍, രണ്ടുവയസുളള അഫ്ര യും അഫ്നയും, ആറുമാസം പ്രായമുളള അഫ്രയും അന്‍ഷായും. 

ഇവിടെ പല കുടുംബത്തിലെയും അംഗങ്ങള്‍ ഗള്‍ഫിലുണ്ട്. പക്ഷേ, എല്ലാവരും അത്ര സമ്പന്നരല്ല. അഫ്ന-അഫ്രകളുടെ അച്ഛന്‍ യൂസഫ് എന്ന ഓട്ടോ ഡ്രൈവര്‍ പറയുന്നു, “മാധ്യമങ്ങള്‍, ഞങ്ങളുടെ കഥ കൊണ്ട് നേട്ടമുണ്ടാക്കുന്നു. ഞങ്ങള്‍ക്കൊന്നും പക്ഷേ കിട്ടുന്നില്ല.”  (
ജനുവരി 24, 2011, the sunday Indian)

Thursday, February 16, 2012

മുസിരീസ്: ചരിത്രത്തിലെ കുഴികള്‍

കേരള ചരിത്രത്തിലേക്കു വെളിച്ചം തെളിയിക്കാന്‍ സഹായകമാകേണ്ട ഖനനങ്ങള്‍ വിവാദത്തിന്‍റെ ഇരുട്ടുപരത്തുന്നുവോ?
കഴിഞ്ഞ വര്‍ഷം വന്ന ഒരു മലയാള സിനിമയില്‍ ചരിത്രാന്വേഷിയായ ഒരു ഗവേഷക കഥാപാത്ര മുണ്ട്. ആള്‍ പഴയ ചരിത്രം തേടി ഖനനവും ഗവേഷണവും നടത്തുകയാണ്. ഒരുദിവസം ടെന്‍റുപൊളിച്ചു പിരിയുമ്പോള്‍ പറയുന്ന സ്വന്തം കഥയുണ്ട്- താന്‍ ഇത്രനാള്‍ ഇവിടെ ഖനനം നടത്താന്‍ കാരണം തന്‍റെ പഴയ കാമുകിയുടെ വീട് ആ ഖനന സ്ഥലത്തുനിന്നാല്‍ ക ണ്ണെത്തുന്നിടത്താണെന്ന്. പെട്ടെന്ന് ഖനനം നിര്‍ത്തി മറ്റൊരിടത്തേക്കു പോകുവാന്‍ കാരണം കാമുകിക്ക് മറ്റൊരു ജില്ലയിലേക്കു സ്ഥലം മാറ്റമായതാണത്രെ... സിനിമ ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’. ചരിത്ര ഗവേഷണ പരിപാടികളുടെയും ഖനന പദ്ധതികളുടെയും ചില പൊളളത്തരങ്ങള്‍ക്കു മേല്‍ ‘എരിവും ഉപ്പും’ കൂട്ടി ചേര്‍ത്ത ആ വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ല. ഒരുപക്ഷേ മുസിരീസ് ഗവേഷണ-ഖനന പദ്ധതിയോടുളള കറുത്ത ഫലിതമായി വേണമെങ്കില്‍ അതിനെ കാണാവുന്നതാണ് എന്നു തോന്നുന്നു. 

അടുത്തിടെ ഒരു വേദിയില്‍ പ്രസിദ്ധ ചരിത്രകാരനായ പ്രൊഫ.എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു, പൊങ്ങച്ചക്കാരായ മലയാളികള്‍ക്ക് യഥാര്‍ത്ഥ ചരിത്രത്തെ പേടിയാണെന്ന്. അതിനാല്‍ ശരിയായ ചരിത്രത്തെ അവര്‍ മിഥ്യാ ചരിത്രങ്ങളും സങ്കല്‍പ്പങ്ങളും കൊണ്ടു മൂടിവെ ക്കുകയാണെന്ന്. വാസ്തവമാണ്, പാര്‍ട്ടികളും മതങ്ങളും സംഘടനകളും വ്യക്തികളും അവരുടെ സ്വന്തം ആഗ്രഹങ്ങളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കി ചരിത്രങ്ങള്‍ ചമയ്ക്കുകയാണ്. പരശുരാമന്‍ നിര്‍മ്മിച്ച കേരളം എന്ന സങ്കല്‍പ്പത്തിനപ്പുറം ചരിത്രങ്ങളുടെ സൂക്ഷ്മമായ യഥാര്‍ത്ഥ വശത്തിനു തെളിവു കണ്ടെത്താന്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്കും കഴിയാത്തതോ കഴിവില്ലാത്തതോ, കണ്ടെത്താന്‍ തെളിവുകളില്ലാത്തതോ?

കേരളത്തിന്‍റെ ചരിത്രമെഴുത്തില്‍ കൊടുങ്ങല്ലൂരിനു വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ചരിത്രങ്ങള്‍ക്ക് തമിഴ് സാഹിത്യവും വിദേശഭാഷയിലെ എഴുത്തുകളുമാണ് ആധാരം. മലയാളത്തിനു ക്ലാസിക് പദവി കിട്ടാത്തതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല, തമിഴാണ് നമ്മുടേതിനേക്കാള്‍ പഴക്കമുളള ഭാഷ. ആ തമിഴിലെ സംഘം കൃതികളിലാണ് കേരള ചരിത്രത്തിലേക്കു പ്രകാശം വീഴിക്കുന്ന പരാമര്‍ശങ്ങള്‍ ഉളളത്. തമിഴ് സംഘം കൃതികളില്‍ പരാമര്‍ശിക്കുന്ന മുചിറി പത്തനമാണ് കേരളത്തിന്‍റെ അന്യരാജ്യങ്ങളുമായുളള വ്യാപാര -വാണിജ്യ ബന്ധങ്ങളെക്കുറിച്ചു പറയുന്നത്. 

ഈ മേഖലയെക്കുറിച്ച് 2000 കൊല്ലം പഴക്കമുളളതെന്നു തെളിയിക്കപ്പെട്ടിട്ടുളള തമിഴ് പാട്ടുകളിലൂടെ നമുക്കു കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തിന് വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗ്രീസുമായി കപ്പല്‍ മാര്‍ഗമുണ്ടായിരുന്ന വ്യാപാര ബന്ധം നടന്നിരുന്നത് മുചിറി പത്തനം എന്ന തുറമുഖം വഴിയായിരുന്നു. പ്ലിനിയും ടോളമിയും പെരിപ്ലസും പോലുളള വിദേശ യാത്രാവിവരണ-ചരിത്രമെഴുത്തുകാര്‍ പോലും ഇങ്ങനെയൊരിടത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ മുസിരിസാണ് തമിഴ് കൃതികളിലെ മുചിറി. പക്ഷേ നിര്‍ഭാഗ്യമെന്നു പറയാം നമ്മുടെ ചരിത്ര സംരക്ഷണ സംസ്കാരത്തിന്‍റെയും ശീലത്തിന്‍റെയും കുറവുകൊണ്ടുതന്നെയാവണം മുചിറി അഥവാ മുസിരിസ് എവിടെയാണെന്നു കൃത്യമായി ക ണ്ടെത്താനായിട്ടില്ല. എന്നാല്‍ അതുകൊടുങ്ങല്ലൂരിലെവിടെയോ ആണെന്ന കാര്യത്തില്‍ കേരള ചരിത്രകാരന്മാര്‍ക്കിടയില്‍ പൊതു ധാരണ ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും ഏറെ നടന്നിട്ടുണ്ട്. കേരളത്തിന്‍റെ ഗതകാല പ്രഭാവത്തെ കൃത്യമായി കണ്ടെത്താന്‍ നടത്തുന്ന ഏതു ശ്രമവും ആരും സ്വാഗതം ചെയ്തിട്ടേ ഉളളു. കേരളത്തില്‍ രാഷ്ട്രീയ പ്രതിബദ്ധതയുടെ ബാദ്ധ്യതകള്‍ പേറുന്നവരുള്‍പ്പെടെ ചരിത്രമെഴുത്തുകാര്‍ പലരുണ്ടെങ്കിലും നമ്മുടെ നിഗമനങ്ങള്‍ അധികവും കെട്ടുകഥകളുടെയും സാഹിത്യ കൃതികളുടെ പിന്‍ബലത്തിലും ഉളളവയാണെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതല്ല. ഉദ്ഖനനങ്ങളും ഗ്രന്ഥവരികളും താളിയോലകളും മറ്റും കൃത്യമായി കണ്ടെത്തി അവയിലൂടെ ശാസ്ത്രീയമായ ചരിത്രാന്വേഷണം കേരളത്തിന്‍റെ ശീലമായിട്ട് ഇപ്പോള്‍ കുറച്ചു കാലമേ ആയിട്ടുളളു. ഈ സാഹചര്യത്തിലാണ് മുചിറി എന്ന മുസിരീസിന്‍റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്‍റെ പ്രസക്തി.

ഏറെ വിപ്ലവകരമാകേണ്ട ഒരു ഖനന പദ്ധതി ഏറെ വിമര്‍ശനം വാങ്ങിക്കൂട്ടിയിരിക്കുന്നതെന്തുകൊണ്ടാണ്? ഈ ഖനനത്തിലെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രീയ മായ ചരിത്രമെഴുത്തിനു തുണനില്‍ക്കാനാവുമോ? എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഈ ഖനനത്തിനും കണ്ടെ ത്തലിനും പിന്നില്‍ ഉണ്ടാകുമോ? കണ്ടെ ത്തലുകള്‍ ഇതുവരെയുളള കേരള ചരിത്രം മാറ്റിയെഴുതാന്‍ ഇടയാക്കുമോ? ഇനി ഇന്നത്തെ വിമര്‍ശനങ്ങുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മുസിരീസ് ഖനനത്തിന്‍റെ ഭാവി എന്തായിത്തീരും?
നമ്മുടെ നാടുഭരിക്കുന്നവര്‍ക്കിന്നു സംസ്കാരവും ടൂറിസവും തമ്മില്‍ തിരിച്ചറിയാനാവാത്ത തിമിരമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഭരണ നയങ്ങള്‍ക്കെല്ലാം ടൂറിസത്തിലാണ് കണ്ണ്. ടൂറിസം എന്നാല്‍ ആഭ്യന്തര ടൂറിസമല്ല, വിദേശിയെ കണ്ടാലേ തൃപ്തിയാകൂ. അതുകൊണ്ടുതന്നെ സംസ്കാരം കണ്ടെത്തലിനു പകരം ടൂറിസം വികസനമാകുന്നു നമ്മുടെ ലക്‌ഷ്യം. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് എന്നാണ് ആക്ഷേപങ്ങളുടെ കാതല്‍. ചരിത്ര സത്യം കണ്ടെത്തേണ്ട മാര്‍ഗവും ലക്‌ഷ്യവും പിഴച്ചെന്ന ആക്ഷേപത്തില്‍ കഴമ്പില്ലാതില്ല. ആക്ഷേപിക്കുന്നവരുടെ വാദങ്ങള്‍ക്കു കൃത്യമായ മറുവാദം നിരത്താന്‍ ഹെറിറ്റേജ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കും കഴിയുന്നില്ല. വാദങ്ങളും എതിര്‍വാദങ്ങളും ഏറെ നടന്ന സാഹചര്യത്തില്‍ അവ അവിടെ നില്‍ക്കട്ടെ.

ഈ പദ്ധതിയുടെ ഭാവി എന്താകും? കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നടക്കുന്ന ഖനന പദ്ധതിയുടെ ഫലം ചരിത്രമെഴുത്തില്‍ സ്വീകാര്യമാകുമോ? അതിന്‍റെ ആധികാരികത അംഗീകരിക്കപ്പെടുമോ? ഇല്ലെങ്കില്‍ കേന്ദ്ര ഫണ്ടായാലും കേരള ഫണ്ടായാലും  പൊതുഖജനാ വില്‍നിന്നു മുടക്കിയ വന്‍തുകകള്‍ പാഴായതിന് ആരു സമാധാനം പറയും?
അന്തരിച്ച മുന്‍ മന്ത്രി ടി.എം.ജേക്കബിന്‍റെ കാലത്തു തുടങ്ങിയ പദ്ധതിയുടെ ലക്‌ഷ്യത്തില്‍ വര്‍ഗീയത ആരോപിക്കുന്ന ഒരു സംഘത്തില്‍ ചിലരുടെ ആക്ഷേപങ്ങള്‍ക്ക് അവര്‍ക്കുളളില്‍തന്നെ ഉയര്‍ന്ന ഒരു മറുപടി ഏറെ കൌതുകകരമായി- ‘.... സെന്റ‍്തോമസ് കേരളത്തില്‍വന്നുവെന്ന് സ്ഥാപിക്കാനാണ് ഈ ഖനനത്തിന്‍റെ ലക്‌ഷ്യമെന്നു പറയുന്നതിലര്‍ത്ഥമില്ല. അങ്ങനെയൊന്നു സ്ഥാപിക്കാന്‍ ഇതൊന്നും പോരാ. സ്ഥാപിച്ചാല്‍തന്നെ പ്രത്യേകിച്ച് അതിന്‍റെ പേരില്‍ സാമൂഹ്യ -സമുദായ ക്രമത്തില്‍ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നുമില്ല.’

മറ്റൊരു വിമര്‍ശനം കേരളചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഇതുവരെ എഴുതിയവയെല്ലാം ചരിത്രകാരന്മാര്‍ക്ക് തിരുത്തിയെഴുതാന്‍ നിര്‍ബന്ധിതരാകുമെന്നതുകൊണ്ടാണ് പുതിയ കണ്ടെത്തലിനെ പഴയ തലമുറയില്‍ പെട്ട ചരിത്രകാരന്മാര്‍ എതിര്‍ക്കുന്നതെന്നാണ്. പക്ഷേ അതിനു ചരിത്രകാരന്മാര്‍ പറയുന്ന മറുപടി ഇങ്ങനെ- ‘എങ്കില്‍ പറയട്ടെ, എന്തു പുതിയ തെളിവാണ് ഇപ്പോഴത്തെ ഖനനത്തില്‍ പുറത്തുവന്നത്.’ ഖനനത്തിനെതിരേയുളള വിമര്‍ശകരുടെ സംഘടിത സമിതിയയായ  മുസിരീസ് പൈതൃക പോഷണ സമിതി ജോയിന്‍റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ ടി.എസ്.ഐയോടു പറഞ്ഞു,“ ഇപ്പോള്‍ ഖനനത്തിലൂടെ കിട്ടിയവയില്‍ 50 ശതമാനത്തിലധികം വസ്തുക്കളും 15-ാം നൂറ്റാണ്ടിനു ശേഷമുളളതാണെന്നാണു നിഗമനം. മുസിരിസ് 1341-ലെ വെളളപ്പൊക്കത്തില്‍ ഇല്ലാതായിയെന്നും പറയുന്നുണ്ട്. പിന്നെ എങ്ങനെ ഈ തെളിവുകള്‍ സ്വീകാര്യമാകും. ഇപ്പോള്‍ ഖനനത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഡോ. പി. ജെ. ചെറിയാനും മറ്റും ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന മുസിരിസ് എന്നാല്‍ പട്ടണമാണെന്ന വാദവും ചരിത്രവസ്തുതകളെന്ന വ്യാജേനയുളള പ്രചാരണങ്ങളും വാസ്തവത്തില്‍ ഇടതു ചരിത്രകാരന്മാര്‍ പോലും അംഗീകരിക്കുന്നില്ല. പക്ഷേ പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയുടെ പേരില്‍ അവര്‍ക്ക് അദ്ദേഹത്തെ തളളിപ്പറയാനും പറ്റുന്നില്ലെന്ന അവസ്ഥയിലാണെന്നു വേണം അനുമാനിക്കാന്‍.’

വാസ്തവത്തില്‍ മുസിരീസ് എവിടെയാണെന്നു കണ്ടെത്താതെ എങ്ങനെ ഈ പദ്ധതിക്ക് മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നു പേരിട്ടുവെന്ന ആക്ഷേപം അത്ര ഗൌരവമുളളതല്ലെന്നു തോന്നിയേക്കാം. പക്ഷേ കുട്ടി ജനിക്കും മുമ്പേ പേരിട്ടതിനു പിന്നില്‍ ‘ഒരു തീരുമാനം നടപ്പാക്കാന്‍ തെളിവു തേടിയുളള ഖനനം’ എന്ന ആരോപണത്തിനു കാരണമാകുന്നില്ലേ. പട്ടണം തന്നെ മുസിരീസ് എന്നു സ്ഥാപിക്കാനുളള വ്യഗ്രത ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന ഡോ. എന്‍.എം. നമ്പൂതിരിയുടെ ആരോപണം ശരിയെന്നു തോന്നിപ്പിക്കുന്ന ന്യായങ്ങള്‍ ഏറെയുണ്ട്. ടോളമി മുതല്‍ രാജന്‍ ഗുരുക്കള്‍ വരെയുളളവര്‍ രേഖപ്പെടുത്തിയ വസ്തുതകളെ അപ്പാടെ തളളിക്കളയാനുളള വെമ്പല്‍ ഈ ഖനന പദ്ധതിയില്‍ കടന്നു കുടിയിട്ടുണ്ടോ എന്നു കാലമാണു വിധിയെഴുതേണ്ടത്.

മുസിരിസ് പദ്ധതിക്കും ഇപ്പോള്‍ അതിനു മേല്‍നോട്ടം വഹിക്കുന്ന കേരള ചരിത്ര ഗവേഷണ കൌണ്‍സിലിനുമെതിരേ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങളും അക്കൌണ്ടന്‍റ് ജനറലിന്‍റെ ക്രമക്കേടു കണ്ടെത്തലും മറ്റും പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. 140 കോടി രൂപ വകയിരുത്തിയ, വേണ്ടിവന്നാല്‍ 500 കോടി രൂപവരെ പോലും പോകാവുന്ന വന്‍ പദ്ധതിയെന്ന നിലയില്‍, ഒരു വന്‍ ടൂറിസം പരിപാടിയുടെ ഭാഗമായ ഈ പദ്ധതി തടസപ്പെടാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു താല്‍പര്യമുണ്ടായേക്കാം. പക്ഷേ ചരിത്രത്തിന് ഈ പദ്ധതി ഗുണ കരമാകണമെങ്കില്‍ വേണ്ടത് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ടിഎസ്ഐയോടു പറഞ്ഞതുപോലെ (കോളം വായിക്കുക) ‘അടിയന്തിരമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ ഈ പ്രദേശത്തിന്‍റെ ഖനനം ഏറ്റെടുക്കുക’യാണ്. അതിന്‍റെ സാധ്യതയി ലാണു പദ്ധതിയുടെ ഭാവി. 

(ജനുവരി 6, 2012 the sunday indian )

“എഎസ്ഐയെ മാറ്റിനിര്‍ത്തിയത് ദുഃഖകരം”
 പ്രൊഫ. എം ജി എസ് നാരായണന്‍


മുസിരീസിനെക്കുറിച്ചുളള അറിവുകള്‍ നമുക്ക് ആദ്യമായി കിട്ടുന്നത് തമിഴ്സംഘ സാഹിത്യങ്ങളില്‍ നിന്നാണ്. മുചിറി എന്നാണ് അതിലെ പരാമര്‍ശങ്ങള്‍. അവിടം കപ്പലുകള്‍ വന്നടുക്കുന്ന സ്ഥലം എന്നാണ് വിശദീകരിച്ചിരുന്നത്. ഗ്രീക്കു കപ്പലുകള്‍ ഇവിടെ വന്നിരുന്നു. അവര്‍ നമ്മുടെ നാട്ടിലെ കുരുമുളകു കൊണ്ടുപോകുകയും പകരം സ്വര്‍ണ്ണം രാജാക്കന്മാര്‍ക്കു കൊടുക്കുകയും ചെയ്തു. അന്നു കറുത്ത പൊന്ന് എന്നാണ് കുരുമുളക് അറിയപ്പെട്ടിരുന്നത്. ഗ്രീക്കു സഞ്ചാരികളും ചരിത്രകാരന്മാരുമായ പ്ലിനി, ടോളമി, പെരിപ്ലസ് തുടങ്ങിയവരും ഇവിടത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. മുസിരീസ് എന്ന് അവരാണു പരാമര്‍ശിച്ചത്. പക്ഷേ ഈ പ്രദേശം എവിടെയാണെന്ന് ആരും കൃത്യമായി ഇതുവരെ പറഞ്ഞിട്ടില്ല. പരാമര്‍ശങ്ങളിലെ സൂചനകള്‍ കൊണ്ട് കൊടുങ്ങല്ലൂര്‍ ആണെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.

രണ്ടു യുവ ചരിത്രാന്വേഷികള്‍, ഡോ. ശെല്‍വകുമാറും ഡോ. ഷാജനും ചേര്‍ന്നാണ് മഴക്കാലത്ത് പട്ടണം പ്രദേശത്ത് ചില ചരിത്രാവശിഷ്ടങ്ങള്‍ കാണാറുണ്ടെന്നു കണ്ടെത്തിയത്. അക്കാലത്ത് സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്ന അന്തരിച്ച ടി.എം. ജേക്കബ് ഹില്‍പാലസ് ആസ്ഥാനമാക്കി സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന സംവിധാനത്തിന് ആരംഭം കുറിച്ചു. ഗോപി എന്നയാള്‍ അതിന്‍റെ ഡയറക്ടറായി. ഗോപി പുരാവസ്തു വകുപ്പില്‍നിന്ന് അനുമതി നേടി ഹെറിറ്റേജ് സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ അവിടെ ചില ഖനനങ്ങള്‍ നടത്തി. ചേര കാലത്തെ ഒന്നോ രണ്ടോ നാണയവും റോമന്‍ മണ്‍പാത്ര അവശിഷ്ടങ്ങളും മറ്റും അവര്‍ക്കു കിട്ടി. പിന്നെ സംസ്ഥാന സര്‍ക്കാര്‍ മാറി. കേരള ഹിസ്റ്ററി കൌണ്‍സിലിന് ഖനന ചുമതലയും മറ്റും കൈമാറി. തുടര്‍ന്നു നടന്ന ഖനന പരിപാടിയില്‍ കിട്ടിയ തെളിവുകള്‍ വെച്ച് അവിടമാണ് മുസിരീസ് എന്നു പറയുന്നത് എടുത്തുചാടിയുളള നിഗമനമാകും. അവിടെ ഒരു ജനപദമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്‍റെ അഭിപ്രായത്തില്‍ ഈ സുപ്രധാനമായ ഒരു ഖനന പരിപാടിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ (എഎസ്ഐ)യെ പങ്കെടുപ്പിക്കാത്തത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. അവരാണ് ശരിയായ പരിജ്ഞാനമുളള, പരിശീലനമുളള, സംവിധാനങ്ങളുളള, ഈ ജോലിക്കു യോഗ്യരായ ആളുകള്‍. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അന്നു എഎസ്ഐ ക്ക് വേണ്ടത്ര പങ്കാളിത്തം കൊടുത്തില്ല. ഇപ്പോള്‍ നടത്തിയിരിക്കുന്നത് രണ്ടോ മൂന്നോ സ്ഥലത്ത് ആഴത്തില്‍ (വെര്‍ട്ടിക്കല്‍) നടത്തിയിരിക്കുന്ന ഖനനമാണ്. അതു പോരാ. മറ്റു സ്ഥലങ്ങളില്‍ പരപ്പില്‍ (ഹൊറിസോണ്ടല്‍) ഖനനവും നടക്കണം. കാരണം മുസിരീസ് ഒരു വലിയ ഗ്രാമമായിരുന്നു. പക്ഷേ അത്ര വലിയ പ്രദേശത്ത് ഖനനം അത്ര എളുപ്പമല്ല..

എന്നാല്‍ എഎസ്ഐയെ ഈ ഖനനത്തില്‍നിന്ന് അകറ്റി നിര്‍ത്തിയത് വലിയ ദുഃഖകരമായ കാര്യമാണ്. കെസിഎച്ച്ആറിന് സ്വന്തമായി ആര്‍ക്കിയോളജിസ്റ്റുകളില്ല. ലോകമെങ്ങും, നൈല്‍ നദീതീരത്തും ഇന്‍ഡോനേഷ്യയിലും ഈസ്റ്റ് ഏഷ്യയിലും നടക്കുന്ന ഖനനങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാരുകള്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്‍ഡ്യയുടെ സഹായമാണ് തേടാറ്. നമ്മള്‍ മാത്രം പക്ഷേ അവരുടെ സേവനം തേടുന്നില്ല. എനിക്ക് പറയാനുളളത് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ എഎസ്ഐയുടെ സഹായം തേടി, അവരെ കൊണ്ട് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് വ്യാപകമായ ഖനനം നടത്തിച്ച് ചരിത്ര വസ്തുതകള്‍ കണ്ടെത്താനുളള ധൈര്യവും ആര്‍ജവവും കാണിക്കണമെന്നാണ്. അതുണ്ടാകുമെന്നാണ് എന്‍റെ പ്രതീക്ഷ. 

(പ്രൊഫ.എംജിഎസിനോടു സംസാരിച്ചതില്‍നിന്ന് തയ്യാറാക്കിയത്)
(ജനുവരി 6, 2012 the sunday indian )

Tuesday, January 31, 2012

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി


( സൌമ്യ എന്ന 23 വയസുകാരി എറണാകളും-ഷൊര്‍ണൂര്‍ പാഞ്ചര്‍ ട്രെയിനില്‍വെച്ച് ഒരു ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയുടെ മനോവൈകൃതത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. കേസില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന തമിഴ്നാടു സ്വദേശിയെ രക്ഷപ്പെടുത്താന്‍ പല കുറുക്കുവഴികളും പലരും പ്രയോഗിച്ചു... ഒന്നും ഫലിച്ചില്ല. ഒടുവില്‍ അതിവേഗ കോടതി 11-11-11-ല്‍, ഗോവിന്ദച്ചാമിക്കു വധ ശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയിട്ടില്ല..... സൌമ്യയുടെ കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസം വള്ളത്തോള്‍ നഗര്‍ കടന്ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലെ ഒരു അനുഭവം ഇങ്ങനെ..... സൌമ്യയെ ഓര്‍ത്തപ്പോള്‍ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം.....)
“പ്രധാനമന്ത്രിയുടെ മക്കളെ ഇങ്ങനെ ട്രെയിനില്‍ ആരെങ്കിലും ഉപദ്രവിക്കുകയും പരിക്കേല്‍ക്കുകയും അപകടപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും. ഫലം...’ ഷൊര്‍ണൂരിനടുത്ത് വള്ളത്തോള്‍ നഗര്‍ റയില്‍േവസ്റ്റേഷനടുത്ത് ക്രൂര പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട സൌമ്യയുടെ  മരണവാര്‍ത്തയറിഞ്ഞപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന ഒരു മദ്ധ്യവയസ്കയുടെ പ്രതികരണമായിരുന്നു അത്. റയില്‍വേ മന്ത്രിയുടെ മക്കള്‍ എന്നു പറയാഞ്ഞതിനാല്‍ ആ യാത്രക്കാരിക്ക് അത്യാവശ്യം നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ജീവിതകാര്യങ്ങളെക്കുറിച്ചു ബോധമുണ്ടെന്നു തോന്നി. അന്നു റയില്‍ മന്ത്രി ഇന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ, അവിവാഹിതയായ, മമതാ ബാനര്‍ജി ആയിരുന്നു) ചിലര്‍ അവരുടെ ചോദ്യത്തോടു പ്രതികരിച്ചു. അതൊരു ചെറു ചര്‍ച്ചയായി. റയില്‍വേയുടെ  പശ്നങ്ങളിലേക്കും ഇ. അഹമ്മദ് കേന്ദ്രത്തില്‍ റയില്‍വേ മന്ത്രിസ്ഥാനത്തുനിന്ന് വിദേശകാര്യവകുപ്പിലേക്കു പോയതിനെക്കുറിച്ചും അതിന്റെ ന്യൂനപക്ഷ രാഷട്രീയത്തെക്കുറിച്ചും... അഹമ്മദ് വിട്ടു പോയത് മമതാ ബാനര്‍ജിയുടെ പിടിവാശികള്‍ സഹിക്കാഞ്ഞാണെന്നും മറ്റും മറ്റും. റയില്‍വേ മന്ത്രിയായിരിക്കെ ഓ. രാജഗോപാല്‍ ചെയ്ത റയില്‍വേ വികസനത്തെക്കുറിച്ചും കേരളത്തില്‍ റയില്‍ വികസനം വൈകുന്നതിനെക്കുറിച്ചും മറ്റും മറ്റുമായി ചര്‍ച്ച നീണ്ടു. അപ്പോള്‍ പഴയ ആ സംഭവത്തെക്കുറിച്ച് ഞാന്‍ ഓര്‍മിച്ചു.

 അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അനന്തിരവന്‍ ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെട്ട് കൊല്ലപ്പെട്ട സംഭവം. യുപിയില്‍ ട്രെയിന്‍ യത്രയ്ക്കിടെ ചെറുപ്പക്കാരായ ചിലര്‍ ഒരു യാത്രക്കാരിയോട് അപമര്യാദ കാട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയായിരുന്ന ആ ചെറുപ്പക്കാരന് ആക്രമണം നേരിടേണ്ടി വന്നതും ജീവന്‍ നഷ്ടമായതും. എന്നിട്ടെന്തു സംഭവിച്ചു? നാലു ദിവസം കഴിഞ്ഞാണ് പ്രതികളില്‍ ചിലരെ റയില്‍വേ പൊലീസ് പിടികൂടിയത്. റയില്‍വേ ധന സഹായം വല്ലതും നല്‍കിക്കാണും. പ്രധാനമന്ത്രിയായിരിക്കെ അനന്തിരവന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കിടക്ക് അമ്മാവന്‍ അവിടെ പോയി. പക്ഷേ പിന്നെയും എത്രയെത്ര ആക്രമണങ്ങളും അപകടങ്ങളും ട്രെയിനുകളില്‍ ഉണ്ടായി. ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇക്കാര്യമൊന്നും അവിടെ ചര്‍ച്ചാവിഷയമായില്ല. യാത്രക്കാര്‍ പതിവുപോലെ സര്‍ക്കാരുകളെ, പൊലീസ് ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരെ എല്ലാം കുറ്റം പറഞ്ഞു. വണ്ടി ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്ളാറ്റ്ഫോമിലൂടെ പോകുന്നുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങളില്‍ റയില്‍വേ അധികൃതര്‍ നീതി പാലിക്കണമെന്നതും ഇങ്ക്വിലാബ് സിന്ദാബാദ് എന്നും മാത്രമാണ് വ്യക്തമായത്. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ടെലിവിഷനില്‍ ലൈവ് വാര്‍ത്ത കണ്ട ആരോ ഫോണ്‍ വിളിച്ചു പറഞ്ഞത് ഒരു യാത്രക്കാരന്‍ അറിയിച്ചു, റയില്‍വേ സ്റ്റേഷനു പുറത്ത് പൊലീസും പ്രകടനക്കാരും ഏറ്റുമുട്ടുന്നു, സൌമ്യയുടെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ സ്റ്റേഷനില്‍ അക്രമം കാണിച്ചു, പലതും തല്ലിത്തകര്‍ത്തു, പൊലീസിനും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനും പ്രകടനക്കാര്‍ക്കും പരിക്ക് എന്നും മറ്റും. തനിക്ക് ഫോണില്‍ കിട്ടുന്ന വാര്‍ത്തകള്‍ അദ്ദേഹം അപ്പപ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതിനിടെ ഇടതുപക്ഷ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഹര്‍ത്താലാണ് നാളെയെന്ന് ആരോ കിട്ടിയ വിവരം പ്രഖ്യാപിച്ചു. പിന്നീട് അത് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ മാത്രമാണെന്നു തിരുത്തി. സൌമ്യയോടുള്ള പ്രിയംകൊണ്ടല്ല, മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള പ്രതഷേധമാക്കി മാറ്റാനാണിതെന്ന് ഒരാള്‍ വിമര്‍ശിച്ചു. (അയാള്‍ കോണ്‍ഗ്രസുകാരനായിരിക്കണം.) അടുത്ത പ്രതികരണങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. അഹമ്മദ് വകുപ്പുമാറിയതു നന്നായി. അല്ലെങ്കില്‍ ഓരുടെ നെഞ്ചുമ്മേക്കേറാനുള്ള കോണിയായേനെ ഇത്. (പരോക്ഷമായി അയാള്‍ താന്‍ മുസ്ളിം ലീഗാണെന്നു പ്രഖ്യാപിച്ചു.) ചര്‍ച്ചകള്‍ പുരോഗമിക്കെ സ്റ്റേഷനില്‍ വന്ന നാലു വണ്ടികള്‍ സ്റ്റേഷന്‍ വിട്ടു, നിലമ്പൂര്‍ പാസഞ്ചര്‍, തൃശൂര്‍ പാസഞ്ചര്‍, മംഗലാപുരം-ചെന്നൈ എക്സ്പ്രസ്,.... എഴുമണിക്ക് ഷൊര്‍ണൂരിലെത്തിയ കണ്ണൂര്‍ എക്സ്പ്രസ് മാത്രം അനങ്ങുന്നില്ല. യാത്രക്കാര്‍ പലരും പല കാരണങ്ങള്‍ ഊഹിച്ചു. സമയം എട്ടുമണികഴിഞ്ഞ് ഇരുപതു മിനിട്ട്. അപ്പോള്‍ റയില്‍വേയുടെ മൈക്ക് ചിലച്ചു. കണ്ണൂര്‍ വണ്ടി വൈകിയേ പുറപ്പെടൂ... യാത്രക്കാര്‍ കാരണം തിരക്കി. ബിജെപിക്കാര്‍ വണ്ടി തടഞ്ഞിരിക്കുകയാണത്രെ. സൌമ്യയുടെ മരണത്തിനുത്തരവാദിയായ റയില്‍വേയോടു പ്രതിഷേധിച്ച്. പിന്നെ ചര്‍ച്ച അതിലേക്കു തിരിഞ്ഞു, എന്തുകൊണ്ട് കണ്ണൂര്‍ വണ്ടി മാത്രം തടഞ്ഞു, എന്തിന് ബിജെപി തടഞ്ഞു. ചിലര്‍ ഉറക്കെ പ്രസ്താവിച്ച് ബിജെപിയോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരാള്‍, അവരുടെ ശക്തിക്കനുസരിച്ച് അവര്‍ ചെയ്യുന്നുവെന്ന് പറഞ്ഞ് തന്റെ ബിജെപി പക്ഷപാതം കുറച്ചു നര്‍മ്മത്തില്‍ പുരട്ടി പ്രസ്താവിച്ചു. അങ്ങനെ എത്രവേഗം ആ കമ്പാര്‍ട്ടുമെന്റ് അവര്‍ ഒന്നിച്ചു നിന്നു ചര്‍ച്ചചെയ്ത സൌമ്യയുടെ മരണമെന്ന സാമൂഹ്യ പ്രശ്നത്തില്‍നിന്ന്, റയില്‍വേയുടെ അപര്യാപ്തതകളില്‍നിന്ന് രാഷ്ട്രീയ കേരളത്തിന്റെ തനിപ്പകര്‍പ്പായി പല വിഭാഗങ്ങളായി പിരിഞ്ഞുവെന്ന് അതിശയപ്പെട്ടിരിക്കെ റയില്‍വേയുടെ അറിയിപ്പുവന്നു, വണ്ടി 8.40നു പുറപ്പെടാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്. വണ്ടിക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്‍നിന്നു രക്ഷപ്പെടാന്‍ പ്ളാറ്റ് ഫോമി ഇറങ്ങി നിന്നവര്‍ കൈക്കൊട്ടിയാര്‍ത്ത് പ്രസ്താവനയെ സ്വാഗതം ചെയ്തു. അവരില്‍ അധികം പേരും ചെറുപ്പക്കാരായിരുന്നു.
ഇരുചെവികളിലും മൊബൈല്‍ ഇയര്‍ ഫോണ്‍ കുത്തിക്കയറ്റി ഒരു മണിക്കൂര്‍ 47 മിനിട്ട് വണ്ടിക്കുള്ളില്‍ ഇരുന്നവര്‍ക്കും സന്തോഷമുളവാക്കിക്കൊണ്ട് വണ്ടി നിരങ്ങി നീങ്ങി. ഈജിപ്തില്‍ ഭരണാധികാരിയുടെ പിടിപ്പുകേടിനെതിരേ ഫേസ് ബുക്കിലൂടെ ഉണ്ടായ കാമ്പയിന്‍ നാളെ ഇന്‍ഡ്യയിലും കേരളത്തിലും എല്ലാം സംഭവിക്കുമെന്ന് പ്രത്യാശിച്ച എന്റെ ഒരു വിപ്ളവ സ്വപ്നക്കാരനായ സുഹൃത്തിനെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു. ആദ്യം ക്ഷോഭിച്ച മദ്ധ്യവയസ്ക തന്റെ ഭര്‍ത്താവിനോട് അപ്പോള്‍ ചര്‍ച്ചചെയ്തത് കണ്ണൂരെത്തിക്കഴിഞ്ഞാല്‍ കാറോടിച്ച് എത്രമണിക്കു വീട്ടിലെത്താമെന്നും പിറ്റേന്ന് ഓഫീസില്‍ പോകാതെ അവധിയെടുത്താലെങ്ങനെയിരിക്കും എന്നുമായിരുന്നു.
വണ്ടിയില്‍ തിരിച്ചു കയറി വന്നപ്പോള്‍, താന്‍ തൂവാല വിരിച്ച് ബുക്ക് സീറ്റില്‍ ഒന്നിളവേല്‍ക്കാന്‍ ഇരിക്കുന്ന തലനരച്ചയാളെ കണ്ടു ക്ഷോഭം പ്രകടിപ്പിക്കന്നൂ ടീഷര്‍ട്ടും തലയില്‍ കമ്പിളിത്തൊപ്പിയും ചെവിയില്‍ മൊബൈല്‍ ഫോണ്‍ ഇയര്‍ ഫോണും ഘടിപ്പിച്ച യുവാവ്.... കാപ്പിയും വടയും കുപ്പിവെള്ളവും വില്‍ക്കാന്‍ തിരക്കിലൂടെ നൂണ്ടു നീങ്ങൂന്ന കച്ചവടക്കാരന്‍,...
വണ്ടി വേഗമെടുത്തു.... നഷ്ടമായ സമയം തിരിച്ചു പിടിക്കാനെന്നവണ്ണം...പാട്ടും കേട്ടു പടിയിലിരിക്കുന്ന യുവാക്കള്‍ ട്രെയിനിന്റെ വേഗത്തേക്കാള്‍ അതിവേഗം മനസുകൊണ്ടു സഞ്ചരിക്കുകയാണ്. ഒരു ചെറിയ അശ്രദ്ധമതി.... അതാരും കരുതാറില്ല. ചെവിയില്‍ തോള്‍കൊണ്ടു ചേര്‍ത്ത മൊബൈല്‍ഫോണില്‍ സംസാരിച്ച് ഒരു കയ്യില്‍ ബാഗും പുറത്തു മറ്റൊരു ബാഗുമായി വണ്ടിയില്‍ ചാടിക്കയറുന്നവര്‍ അപകടത്തെക്കുറിച്ച് ഭയക്കുന്നില്ല, ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചും ആവശ്യത്തിലേറെ ആകര്‍ഷിച്ചും അസമയത്തും ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ സുരക്ഷയെക്കുറിച്ച് ഓര്‍മിക്കുന്നില്ല.....

ട്രെയിനില്‍ പല ശ്രേണിയില്‍ സൌകര്യങ്ങള്‍ക്കനുസരിച്ചു പണം കൂടുതല്‍ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുമ്പോള്‍ അധിതര്‍ കണക്കാക്കുന്നില്ല,എല്ലാവര്‍ക്കും ഒരേ ജീവനാണെന്ന്. ഇരിക്കാന്‍ തടിപ്പലകകൊണ്ടുള്ള സീറ്റുകള്‍ ഇന്നും ഒഴിവാക്കിയിട്ടില്ല. വണ്ടിക്കുള്ളില്‍ കൂടി തലമുതല്‍ വാലറ്റം വരെ സഞ്ചരിക്കാന്‍ എല്ലാ ട്രെയിനിലും സൌകര്യമൊരുക്കുന്നതിനുള്ള മനസ് ഇന്നും അധിതര്‍ക്കില്ല. പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാന്‍ മറന്നോ ധൃതിയിലോ കടന്നുപോകുന്ന മാന്യ•ാരെ ആക്ഷേപിക്കാനും 'പിടികൂടാ'നും ശുഷ്കാന്തി കാണിക്കുന്നവര്‍ അജ്ഞാതരും ലഹരിക്കടിമപ്പെട്ടവരും മാനസിക രോഗികളും മനപൂര്‍വം അങ്ങനെ ചെയ്യുന്നവരും വിഹരികുന്നതു കാണുന്നില്ല!!
ഡല്‍ഹിയില്‍ റയില്‍മ്യൂസിയത്തില്‍ പോയാല്‍ ആദ്യകാല തീവണ്ടികളുടെ കോച്ചുകളും മറ്റും സംരക്ഷിച്ച് അതില്‍ അന്നത്തെ യാത്രാക്രമവും സൌകര്യവും മറ്റും മാതൃകയാക്കി വെച്ചിട്ടുണ്ട്. അതില്‍ കാണാം ബ്രിട്ടീഷ് മേലാള•ാര്‍ അന്തസോടെ ഒന്നാം ക്ളാസില്‍ യാത്രചെയ്യുന്ന രീതിയും സൌകര്യവും പാവം ഇന്‍ഡ്യന്‍ സാധാരണക്കാര്‍ അനുഭവിച്ചിരുന്ന സൌകര്യങ്ങളും. സ്വാതന്ത്യ്രം കിട്ടി ഇത്രയൊക്കെയായിട്ടും അതിനൊന്നും വലിയ വ്യത്യാസമുണ്ടായിട്ടില്ലെന്നതാണ് സത്യം.

വള്ളത്തോള്‍ നഗറില്‍ പീഡനമേറ്റും പിടഞ്ഞും മരിച്ച സൌമ്യയ്ക്കുണ്ടായ ജീവിത ദുരന്തം പോലെയൊന്ന് അന്നു ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്റര്‍ ആയരുന്ന, പില്‍ക്കാലത്ത് മഹാത്മജിയായി മാറിയ, എം.കെ.ഗാന്ധിക്കു പുറത്തേക്കു വലിച്ചെറിയപ്പെട്ട റയില്‍വേ യാത്രയ്ക്കിടെ സംഭവിച്ചിരുന്നെങ്കില്‍ എന്നും മറ്റും ചിന്തിച്ചു ഭയന്നിരിക്കെ അടുത്ത സ്റ്റേഷനായ പട്ടാമ്പിയില്‍ വണ്ടി നിന്നു. ഞാന്‍ എത്ര മിടുക്കന്‍ എന്ന മട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ ഞാനൊഴിഞ്ഞ സീറ്റിനു വേണ്ടി അകത്തു തര്‍ക്കവും തള്ളും നടക്കുന്നതു കാണാമായിരുന്നു....... അവര്‍ക്കിടയില്‍ സൌമ്യയും ഗോവിന്ദച്ചാമിയും റയില്‍വേയുടെ അവഗണനയും ഒന്നും ചര്‍ച്ചയില്ലായിരുന്നു.....

Saturday, January 28, 2012

പരിപ്പുവടയുടെ ഗന്ധവും 
പ്രാണന്‍ വിറ്റ ചായയും

കഴിഞ്ഞ ദിവസം രഘുവിനെ കണ്ടപ്പോഴാണ് 
ആ പഴയ കഥകള്‍ ഓര്‍മ്മിച്ചത്. അതെക്കുറിച്ചെഴുതാന്‍ ഇരിക്കുമ്പോള്‍, ഒച്ചയുണ്ടാക്കാതെ ഞാനെന്താണെഴുതുന്നതെന്ന് അറിയാനെന്നപോലെ പിന്‍ജാലകത്തിലൂടെ കടന്നുവന്ന ഇളം കാറ്റിന് ആ പഴയ ഗന്ധം. നാടന്‍ വെളിച്ചെണ്ണയില്‍ മൂക്കുന്ന, കറിവേപ്പിലയും ചെറിയുള്ളിയും പച്ചമുളകും തുവരപ്പരിപ്പും കൂടി മൂക്കുന്ന സുഗന്ധം. ഹായ്!! നീട്ടിയൊന്നു വലിച്ചു കയറ്റി.... അപ്പോള്‍ ഞാന്‍ കാവാലത്തെ വൈപ്പും പാടത്തില്‍ കരയില്‍ ഉച്ചകഴിഞ്ഞ് ഏതാണ്ടു മൂന്നു മണിയോടെ പടിഞ്ഞാറുനിന്ന വന്ന് കിഴക്കോട്ടു പോയി ചുറ്റിത്തിരിഞ്ഞു അവിടെത്തന്നെ കറങ്ങിയടിക്കു കാറ്റില്‍ പനയോലകൊണ്ടുള്ള ചെറിയ കാറ്റാടി ഉണ്ടാക്കി അതില്‍ നീലവും ചുണ്ണാമ്പും ചേര്‍ത്ത് നിറം കൊടുത്ത് വേഷം കോലില്‍ ഇട്ടുണ്ടാക്കിയ കാറ്റാടിയുടെ കറക്കം ആസ്വദിക്കുന്ന അഞ്ചാം ക്ളാസുകാരനായി.... അത്തരം വേളകളിലാണ് ആ സുഗന്ധം വരാറ്... നാട്ടുകാര്‍ സ്നേഹപൂര്‍വം അളിയനെന്നു  വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ചയക്കട... അമ്പലത്തിലും സ്കൂളിലും പോകുമ്പോള്‍ അവിടത്തെ ചില്ലരമായലില്‍ ഇരുന്നു ചിരിക്കുന്ന പരിപ്പുവടയും ഉണ്ട (ബോണ്ട)യും (ഇത് ഇന്ന് അകത്തു മസാലവെച്ച ബോണ്ടയല്ല... എങ്ങനെയാണോ പഴയ ആ ഉണ്ട ഉണ്ടമ്പൊരിയായത്, എത്തയ്ക്കാപ്പം (അതു പഴംപൊരിയായിരിക്കുന്നു ഞങ്ങടെ നാട്ടിലും).... 
ആ ചിരിയെല്ലാം കടയുടെ മുന്നില്‍ ചെല്ലുന്ന വേളയിലേ ആകര്‍ഷിച്ചിരുന്നുള്ളു. എന്നാല്‍ ഈ സുഗന്ധമുണ്ടല്ലോ, അത് ഇങ്ങോട്ടു വരുമായിരുന്നു. മൊരിഞ്ഞ പരിപ്പുവടയുടെ സ്വാദ് ഒന്നു വേറേതന്നെ... പച്ചമുളകും ചെറിയുള്ളിയും കറിവേപ്പിലയും കൃത്യമായ അളവില്‍ ചേര്‍ന്ന്... ഒരു സുവര്‍ണ നിറത്തില്‍ മൊരിഞ്ഞ്, അകത്തു മഞ്ഞ നിറം നിറഞ്ഞ്, വെളിച്ചെണ്ണ കിനിയുന്ന പരിപ്പുവട... വല്ലപ്പോഴും വാങ്ങുന്ന (ചായക്കടയില്‍ കയറുന്നത് അന്നെല്ലാം ആക്ഷേപകരമായിരുന്നു... ചായക്കടയിലെ പലഹാരങ്ങള്‍ വാങ്ങുന്നതും എന്തോ മോശപ്പെട്ട കാര്യമായി കണക്കാക്കപ്പെട്ടിരുന്നു... ഇന്ന് മൂന്നു നേരം ഹോട്ടല്‍ ഭക്ഷണം കഴിച്ചു കഴിയേണ്ടുന്ന സാഹചര്യങ്ങളില്‍ ആ കാലം ഒരു കൌതുകമായി ഓര്‍മയില്‍ വരാറുണ്ട്...) ആ പരിപ്പുവട കൊതിയോടെ തിന്നുന്നതിന്റെ അവസാന അവസാന ഭാഗം പൊതിഞ്ഞുകൊണ്ടുവന്ന ആ കടലാസു മണപ്പിക്കലാണ്.
അങ്ങനെ ഒരിക്കല്‍ ഒരു ചേച്ചിയാണ് ആ അഭിപ്രായം മുന്നോട്ടു വെച്ചത്. നമ്മള്‍ പരിപ്പുവടയുണ്ടാക്കുന്നു. അതിനു മുന്നോടിയായി നിര്‍മാണം പഠിക്കാന്‍ വിട്ടത് ഞങ്ങളെയാണ്. ഞാനും ചേട്ടനും കൂടി അങ്ങനെ ചായക്കടയുടെ പിന്നാമ്പുറത്തു പോയി. അന്നു വയസു 13-14 ആയെന്നാണോര്‍മ്മ. ഉച്ചയൂണുകഴിഞ്ഞ് അടുക്കളില്‍ അദ്ദേഹം വലിയ ആട്ടുകല്ലില്‍ പരിപ്പ് അരയ്ക്കുകയാണ്... ഞങ്ങള്‍ കാര്യം പറഞ്ഞു... ആദ്യമൊന്നു ചിരിച്ചു... എന്റെ കച്ചവടം പൂട്ടിക്കുമോ.... ഇവിടുന്നു വാങ്ങിയാല്‍ പോരേ എന്നു ചോദ്യവും വന്നു... പിന്നെ പറയാന്‍ തുടങ്ങി... കടയ്ക്കുള്ളില്‍ ബഞ്ചിനു മുകളില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും മുളകും നോക്കി വരാന്‍ പറഞ്ഞു... അകത്ത് ബഞ്ചില്‍ ഒരുകൂന ഉള്ളി അരിഞ്ഞിരിക്കുന്നു.... അവിശ്വസനീയം ഒരു ഫാക്ടറിയില്‍ ഉണ്ടാക്കിയതുപോലെ.. എല്ലാ കഷ്ണവും ഒരേ വലുപ്പത്തില്‍...... പച്ചമുളക് ഒരു ചെറുകൂന... അവയും അച്ചടക്കമുള്ള പട്ടാളക്കാരുടെ ഒരു കൂട്ടം പോലെ... കറിവേപ്പിലയുമുണ്ട് ഒരു പിടി.... പിന്നെ വിളിച്ചു.. അത് കണ്ടോ... ഇനി ഇതുപോലെ പരിപ്പ് അരച്ചെടുക്കണം. ഈ പരിപ്പ് രാവിലെ അഞ്ചുമണിക്ക് വെള്ളത്തിലിട്ടു കുതിര്‍ത്തതാണ്.... എണ്ണ തിളയ്ക്കുമ്പോള്‍ പരിപ്പില്‍ ഉള്ളിലും വേപ്പിലയും മുളകും ചേര്‍ത്ത് ചെറു വലുപ്പത്തില്‍ വട പരത്തി അതിലിട്ട് മൂത്ത മണം വരുമ്പോള്‍ കോരിയെടുക്കുക....വട എണ്ണയില്‍ ഇടുമ്പോള്‍ എണ്ണ പൊട്ടിത്തെറിക്കാതെ സൂക്ഷിക്കണം എന്നൊരുപദേശവും....
ഞങ്ങള്‍ കുതിച്ചു വീട്ടിലേക്ക്... നിര്‍മാണ രഹസ്യം പങ്കുവെച്ചു. പിറ്റേന്ന് പരിപ്പുവടനിര്‍മാണ യജ്ഞം... തലേന്നേ വാങ്ങിയ പരിപ്പു പുലര്‍ച്ചെ വെള്ളത്തിലിട്ടു. പാടുപെട്ട് ഉള്ളിയും മുളകും ഒരേ വലുപ്പത്തില്‍ അരിഞ്ഞെടുത്തു. ഊണുകഴിഞ്ഞപ്പോള്‍ പരിപ്പ് കഴുകിയെടുത്ത് അരച്ചു. അരയാന്‍ വിഷമം... വെള്ളം ചേര്‍ത്ത് അരച്ചു...
എണ്ണ മൂത്തു... വട പരത്തി... എണ്ണയിലിട്ടു... പരിപ്പു പലവഴിക്ക്... ഉള്ളി കരിഞ്ഞ് എണ്ണക്കു മുകളില്‍ പൊന്തി... കണ്ണോപ്പയിട്ടിളക്കി പൊക്കിയപ്പോള്‍ കരിഞ്ഞ പരിപ്പിന്റെ അവശിഷ്ടങ്ങള്‍ മാത്രം....
പഴി ഞങ്ങള്‍ക്കായി... ഞങ്ങള്‍ അളിയനെ സംശയിച്ചു... പറഞ്ഞുതത് തെറ്റിയോ... ആദ്യം നാണക്കേട്...പിന്നെ ദേഷ്യം...
ഒന്നു ചോദിച്ചിട്ടുതന്നെ കാര്യം .....നേരേ കടയിലേക്ക്....
ങും?? എന്താ വടയുണ്ടാക്കിയോ?...
മിണ്ടിയില്ല...
എന്തു പറ്റി...??
വടയുണ്ടാക്കിയില്ല... അതിനു കാര്യം പറഞ്ഞു...
ഹഹഹഹ എന്നൊരു പൊട്ടിച്ചിരി... പിന്നെ ചോദ്യം ചെയ്യല്‍... പരിപ്പു കഴുകിയാണോ കുതിരാന്‍ ഇട്ടത്....? മറുപടി-അല്ല....
ഛെ... കുതിര്‍ന്നു കഴിഞ്ഞു കഴുകിയാല്‍ പരിപ്പിന്റെ പശിമ പോകില്ലെ.... അതാണു പ്രശ്നം... അരച്ചപ്പോള്‍ വെള്ളം ചേര്‍ത്തോ...?? മറുപടി-ചേര്‍ത്തു...
ഹാ കഷ്ടം.... കുറച്ചെങ്കിലും പശിമ ഉണ്ടായിരുന്നെങ്കില്‍ അതും പോയിക്കിട്ടിക്കാണും.... സാരമില്ല... ഇനി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി... ഇപ്പോള്‍ ഈ വട കൊണ്ടുപൊയ്ക്കോ... പൈസ പിന്നെ കൊണ്ടുവന്നാല്‍ മതി.....
ആ പരിപ്പുവടയ്ക്ക് പതിവിലുമേറെ സ്വാദുണ്ടായിരുന്നോ....... പില്‍ക്കാലത്ത് കണ്ണന്‍ചേട്ടനാണ് ആ കട നടത്തിയത്. കണ്ണന്‍ചേട്ടന്റെ സ്പെഷ്യല്‍ 'അള്‍ഗാ'യിരുന്നു.... ഇഡ്ഡലിത്തട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന, ഗോതമ്പുകൊണ്ടുള്ള, ഇളം മധുരമുള്ള, ഉള്ളില്‍ ഒരുകൊത്തു തേങ്ങയുള്ള ആ ഭക്ഷണത്തിന് ആരാണ് 'അള്‍ഗ്' എന്നു പേരിട്ടതെന്നറിയില്ല. അതിനു മറ്റൊരു പേരും ചേരില്ലായിരുന്നു...... അന്നത്തെ കാവാലം ജംഗ്ഷനെന്നോ ടൌണ്‍  എന്നോ ഒക്കെ വിശേഷിപ്പിക്കാമായിരുന്ന മുലേച്ചേരിയില്‍ കേശവന്റെ കടയിലെ പ്രത്യേകത ഉണ്ടയായിരുന്നു... കേശവനുണ്ട എന്നായിരുന്നു പേര്....അങ്ങനെ എത്രയെത്ര കടകള്‍.. കഥകള്‍ ... 
നാട്ടുമ്പുറത്തെ ചായക്കടകള്‍ എല്ലാ നാട്ടിനും ഒരു മുഖമായിരുന്നു... ഇന്നു നാട്ടിന്‍ പുറത്തും ചായക്കടകള്‍ റസ്റ്ററന്റുകളായി.... പൊറോട്ടയും ഇറച്ചിയും ചപ്പാത്തിയും ചിക്കനും ബിരിയാണിയും ഫ്രൈഡ് റൈസും ആണു മുഖ്യ മെനു....
ആ പഴയ കാലം...
പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവകാലം.. വിശാലമായ അമ്പലപ്പറമ്പില്‍ എട്ടു താല്‍കാലിക ചായക്കടകള്‍ വരെ എണ്ണിയിട്ടുണ്ട് ഞാന്‍... അതില്‍ രാമകൃഷ്ണന്‍ ചേട്ടന്റെ ചായക്കടയിലെ ചായക്കുള്ള വെള്ളം തിളയ്ക്കുന്ന ചെമ്പു പാത്രം സംസാരിക്കുന്നതു കേള്‍ക്കാന്‍ പോയി നില്‍ക്കുമായിരുന്നു...
കിടുകിടു.. കിടുകിടുകിടു... കിടു..എന്നിങ്ങനെ...
പാത്രം പറയുന്നത് ഇതാണ്, അല്ല, അതാണ് എന്നു ഞങ്ങള്‍ കുട്ടികള്‍ തര്‍ക്കിക്കുമായിരുന്നു..
പിന്നൊരിക്കലാണറിഞ്ഞത് അതു വെള്ളം തിളയ്ക്കുന്നതിന്റെ ചൂടറിയാനുള്ള സംവിധാനമായിരുന്നുവെന്നറിഞ്ഞത്...
 20 പൈസയുടെ പഴയ പിത്തള നാണയമായിരുന്നുവത്രേ അത്.... അതു ചെമ്പു പാത്രത്തില്‍ ചെന്നു മുട്ടുന്ന ശബ്ദമായിരുന്നു അത്..... 
ഒടുവില്‍ പങ്കന്‍ ചേട്ടന്റെ ചായക്കടക്കഥ കൂടി പറഞ്ഞു നിര്‍ത്താം...(ഇതിലെ കഥാപാത്രമായ മണിയന്‍ ചേട്ടന്‍ പറഞ്ഞ കഥ) പങ്കന്‍ ചേട്ടന്‍ ചായക്കട നടത്തുന്നു...ഏറെ ചെറുപ്പക്കാര്‍ അന്നു നാട്ടില്‍ തൊഴിലില്ലാതെ നടന്ന കാലം... ആല്‍ത്തറയിലും അമ്പലക്കടവിലും ആറ്റുവക്കത്തും ഇവരുടെ വിഹാരം... തൊഴിലില്ലെങ്കിലും ചായക്കടയില്‍ നിന്നു ഭക്ഷണം, ചായ... കടമാണു കാര്യങ്ങള്‍... പറ്റു പറയുക പോലുമില്ല... കിട്ടില്ലെന്നു പങ്കന്‍ചേട്ടനറിയാം, കൊടുക്കാനാവില്ലെന്ന്  മണിയന്‍ ചേട്ടനും മറ്റു പറ്റുകാര്‍ക്കും അറിയാം...എങ്കിലും പങ്കന്‍ചേട്ടന്‍ കൃത്യമായി എഴുതിവെക്കും... രാജ്യവ്യാപകമായി ജനസംഖ്യാ പെരുപ്പം തടയാന്‍ 'നമ്മള്‍ രണ്ട്, നമുക്കു രണ്ട്' പദ്ധതിയുടെ ഭാഗമായി കുടുംബാസൂത്രണം തകൃതിയായി നടക്കുന്ന കാലം...
കാലത്ത് പത്തുമണിക്ക് കടയടച്ച് പങ്കന്‍ചേട്ടന്‍ പത്തരമണിയുടെ ബോട്ടില്‍ ആലപ്പുഴക്കു പോയി.... പിറ്റേന്നു കാലത്തെ   കട തുറന്നുള്ളു... പതിവുപോലെ ദോശയും ചായയും കഴിച്ച്, കടയുടെ മുന്നിലുള്ള തോട്ടില്‍ കൈകഴുകി, പാലം കയറി, മണിയന്‍ ചേട്ടന്‍ അമ്പലപ്പറമ്പു ലക്ഷ്യമാക്കി പോകുമ്പോള്‍ പിറകില്‍ നിന്നു കൈകൊട്ടി വിളിക്കുന്നു പങ്കന്‍ചേട്ടന്‍...
ദയനീയമായി ഇങ്ങനെ ഒരു പ്രസ്താവനയും.....
'എടാ മഹാ പാപീ... പ്രാണന്‍ വിറ്റ കാശാണ്... പൈസ തന്നില്ലെങ്കിലും പറ്റു പറഞ്ഞിട്ടെങ്കിലും പോടാ....'
സംഭവത്തിന്റെ ഫ്ളാഷ് ബാക്ക് ഇങ്ങനെ- പങ്കന്‍ചേട്ടന്‍ തലേന്ന് ആലപ്പുഴക്കു പോയത് കുടുംബക്ഷേമ തീവ്രയജ്ഞ പരിപാടിയില്‍ പങ്കെടുക്കാനാണ്. വന്ധ്യംകരണം നടത്തി 250 രൂപ വാങ്ങി, അതില്‍നിന്ന് ഒരു കിലോ തേയിലയും രണ്ടു കിലോ പഞ്ചസാരയും വാങ്ങി വന്നതാണ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പങ്കന്‍ചേട്ടന്‍... ആ സങ്കടമെല്ലാം തീര്‍ക്കുകയായിരുന്നു 'പ്രാണന്‍ വിറ്റ...' എന്ന ആ പ്രയോഗത്തിലൂടെ....
രഘു നാട്ടില്‍ അവധിക്കു വന്നതാണ്.... പിറ്റേന്നു തിരിച്ചു പോയി... എപ്പോള്‍ വന്നാലും പോകുമ്പോള്‍ മധുച്ചേട്ടന്റെ കടയില്‍ പറഞ്ഞ് എണ്ണയില്‍ വറുക്കുന്ന കേക്കുണ്ടാക്കിക്കും... മൈദയും പഞ്ചസാരയും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന എണ്ണയില്‍ വറുത്ത കേക്കുകള്‍... അതു കുറേ കൊണ്ടു പോയി അന്യനാട്ടില്‍ കഴിയുന്ന മക്കള്‍ക്കൊപ്പമിരുന്നു  തിന്നുന്നത് ഒരു സുഖമാണെന്ന് രഘുവിന്റെ പക്ഷം....
ഇപ്പോഴും നാട്ടില്‍ പോയാല്‍ ഏതെങ്കിലും ചായക്കടയില്‍നിന്ന് ഒരു ചായ ഞാന്‍ കുടിക്കും... അതൊരു സുഖമാണ്... ഓര്‍മകള്‍ക്ക് പുതിയ ഉന്‍മേഷം നല്‍കും.... പക്ഷേ ചില്ലലമാരയില്‍ ചിലപ്പോള്‍ ചിരിക്കുന്നത് മരിച്ച കോഴിയും മരവിച്ച പൊറോട്ടയുമായിരിക്കും....

Monday, January 23, 2012

ദേവിമാര്‍ കുളിച്ച കുളം

ദേവിമാര്‍ കുളിച്ച കുളം


പിന്നിൽ കാണുന്നില്ലെ ഒരു കുളം... അമ്പലക്കുള മാണു...ഞങ്ങടെ നാട്ടിലെ ഭഗവതിയുടെ കുളം... പള്ളിയറക്കാവു ദേവിയുടെ കുളം...എങ്ങും കായ ലും പാടവും തോടും പുഴകളും  കുളങ്ങളും നിറ ഞ്ഞ ഞങ്ങടെ നാട്ടിൽ കുളം ഞങ്ങൾക്കൊരു വലിയ കാഴ്ചയൊന്നുമല്ല... അമ്പലത്തിന്; അല്ല അമ്പല ങ്ങൾക്കു ചുറ്റുമായി അഞ്ചു വലിയ കുളങ്ങളുണ്ട്... അവയ്ക്കെല്ലാം പല പ്രത്യേകതകളും...
പക്ഷെ ഇന്നിപ്പോൾ കാണുന്ന കുളമല്ല അന്നത്തേത്.... ഇപ്പോൾ കാണുന്ന ടാറിട്ട റോഡുകൊണ്ടു നാടു കണ്ണെ ഴുതിയിരുന്നില്ല അന്നെല്ലാം ...ഇരു പുറവും കദളി പ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പഴയ നാട്ടുവഴി.... രണ്ടു പേർക്കു നടന്നു പോകാം...വഴിയരികിൽ വേന ൽ പച്ചകളെന്നു വിളിക്കുന്ന നല്ല ആസ്വാദ്യമായ ഗന്ധ മുള്ള ചെളിയും മണലും കലർന്ന വഴി... തോട്ടു വക്കിൽ വേഴംകോലെന്നോ..വേഷം കോലെന്നോ വിളിച്ചിരുന്ന മുളവർഗത്തിൽ പെട്ട ചെടി... .ഇടയ് ക്കിടയ്ക്ക്  ചൊറിയിക്കുന്ന നായ്കുരണച്ചെടി...കുള വക്കത്തെ വലിയ ആൽ മരം...
എന്റെ വീട്ടിൽനിന്നു വിളിച്ചാൽ വിളി കേൾക്കാം അമ്പലത്തിൽ ...പക്ഷെ അന്നു രണ്ടു പാലം കടന്നു വേണമായിരുന്നു അമ്പലത്തിലെത്താൻ...ഒറ്റയ്ക്കു പോകുക അപൂർവമായിരുന്നു... സ്കൂളിൽ പോയി ത്തുടങ്ങിയ കാലത്തും... പൂജ കഴിഞ്ഞു നട അടച്ചാൽ അമ്പലം വഴി പ്പോകുവാൻ ഭയമായിരുന്നു.. അനുഗ്ര ഹിക്കുന്ന ദേവിയുടെ നിഗ്രഹ കഥകളാണ് അധിക വും കേട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെയാണ് പേടിയും.....
കുളത്തിന്റെ കഥ പറയാം. അമ്പലത്തിലെ ശാന്തി ക്കാര്‍ക്കു കുളിക്കാന്‍ വേറേ കുളമുണ്ട്. അവിടെ നാട്ടുകാര്‍ ആരും കാലോ കയ്യോ പോലും കഴുകില്ലാ യിരുന്നു. ഇവിടെ ഈ കുളത്തില്‍ നാട്ടുകാര്‍ക്കു കുളി ക്കാനനുവാദം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കു കുളിച്ച് ഈറന്‍ മാറാന്‍ ഒരു കുളിപ്പുരയും. (കുട്ടിക്കാലത്തു മുതിര്‍വര്‍ ചൂളം വിളിച്ചും ചൂണ്ടയിട്ടും നാട്ടുതോ ടിന്റെ വക്കത്തും കുളപ്പുരയുടെ പരിസരത്തും ഒക്കെ നടന്നിരുന്നതിന്റെ പൊരുള്‍ പിന്നെ  എത്ര വളര്‍പ്പോളാണ് മനസിലായതെന്നോ....) കുളപ്പുരയു ടെ ഒരു വശത്തെ ഓടും പലകകൊണ്ടുള്ള മറയും പല ദിവസങ്ങളിലും തകര്‍ക്കപ്പെട്ടിരുന്നതും ഈ നാടന്‍ പൂവാലന്‍മാരുടെ   വിക്രിയകളായിരുത്രേ.... അതൊക്കെ മനസിലാക്കുന്നതിനു മുമ്പാണ് ഈ കഥ.
അമ്പലത്തിന്റെ കഥയും ദേവിയുടെ വിലാസങ്ങളു മൊക്കെ പറയാന്‍ നാട്ടിന്‍ പുറങ്ങളില്‍ പഴമക്കാര്‍ ക്ക് ആയിരം നാവാണ്. മുത്തശ്ശിമാര്‍ക്കാണെങ്കില്‍ ഭാവനകൊണ്ട് അമ്മാനമാട്ടമാണു വിനോദം. പാറു വമ്മുമ്മ പറഞ്ഞ കഥ ഇങ്ങനെയാണല്ലാ എന്നു പറ ഞ്ഞാല്‍ പിന്നെ തങ്കയമ്മൂമ്മയ്ക്ക് അതിനേക്കാള്‍ ഡോസുകൂടിയ ഒരെണ്ണം പറഞ്ഞില്ലങ്കില്‍ ശരിയാ കില്ല. അങ്ങനെ കഥകളിലൂടെ അത്ഭുതവും വിസ്മ യവും ഉള്ളുകിടുങ്ങുന്ന ഭയവുമായി കഴിയുന്ന ഒരു ദിവസമാണ് വേലു സ്വാമി ആ കഥ പറഞ്ഞത്......
" അതു രാത്രിയിലല്ല, നട്ടുച്ചക്ക്, ശീവേലി കഴിഞ്ഞു.. നട്ടുച്ചയെന്നാല്‍ നട്ടുച്ച. എന്റെ നിഴല്‍ എനി ക്കു തന്നെ  കാണാന്‍ വയ്യ. ഞാന്‍ അമ്പല മതിലിന്റെ കിഴക്കേ തലയ്ക്കല്‍ എത്തി... വഴിയിലെങ്ങും ആരു മില്ല.... എനിക്കൊരുഭയം... ഞാനാണെങ്കില്‍ എന്നും  കൊണ്ടുനടക്കുന്ന ചെറിയ പേനാക്കത്തി എടുത്തിട്ടുമില്ല. അമ്പലത്തിന്റെ വശത്തേക്കൊ ന്നു  പാളി നോക്കി... അനക്കമില്ല.... ആലില പോലും അനങ്ങുന്നില്ല...കൊടിമരത്തിലെ കൊടിക്കയര്‍ ഇള കുന്നുണ്ട്. ഞാന്‍ മുന്നോട്ടു തന്നെ നടന്നു... ചെറിയ മണിയൊച്ച... അതു കൂട്ടമണിയായി... എനിക്കു വിയര്‍ത്തു... ഭയം തോന്നി.... ഓടാന്‍ വയ്യ... നട ക്കാനും വയ്യ... ഒരു വിധം മുന്നോട്ടു പോയി... കണ്ണില്‍ ഇരുട്ട്... മതിലിന്റെ പടിഞ്ഞാറേ അറ്റമെ ത്തി...കുളത്തില്‍ എന്തോ അനക്കം...സമാധാ നമായി... ആരോ ഉണ്ടല്ലാ.... ഞാന്‍ അങ്ങോട്ടു പാളി നോക്കി... കുളത്തില്‍ വെള്ളമനങ്ങുന്നു .. പക്ഷേ ആരും വെള്ളത്തിലില്ല... ഞാന്‍ പിന്നെയും  നോക്കി... "
"ദേവീ.....നോക്കിക്കേ...എന്റെ മേല്‍മുഴുവന്‍ കുളിരുകണ്ടോ.... (വേലൂ സ്വാമി ഒന്ന് നിര്‍ത്തി ..  കുളിര് കാണിച്ചു തന്നു.. രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു ... രോമ കൂപങ്ങള്‍ വസൂരിത്തുടിപ്പ് പോലെ ...
" ഞാന്‍ എന്താ കണ്ടത്.....????" 

 ഉരുണ്ട കണ്ണും കുറുകിയ ശരീരവും വലിഞ്ഞു മുറു കിയ ഞരമ്പുകളും ഉള്ള വേലു സ്വാമി എന്നും കഴു ത്തില്‍ കാണാറുള്ള തുളസി മാലയില്‍ പിടിച്ചു കൊണ്ടു തൊഴുതു നിന്നു പ്രാര്‍ത്ഥിക്കുന്നു....  ഞ ങ്ങള്‍ കുട്ടികള്‍ക്കു പരിഭ്രാന്തിയായി.... ഞങ്ങള്‍ മൂവരും കൈകള്‍ കോര്‍ത്തു പിടിച്ചു... സ്വാമി എന്തായിരിക്കും പറയാന്‍ പോകുത്....
സ്വാമി കണ്ണു തുറന്നു .... "ഞാനെന്താ കണ്ടതെന്ന റിയാമോ.... കുളപ്പുരയില്‍ ഓടിനു മുകളില്‍ ചുവന്ന പട്ട്... ആഭരണങ്ങള്‍.... ഒരു സ്ത്രീ കുളപ്പടിയി ലിരുന്നു തലമുടി കോത്തുന്നു ... നീണ്ട മുടി... കൈ കൊണ്ടു വിടര്‍ത്തുകയാണ്....മഞ്ഞള്‍ പോലെ ശരീ രം... ഞാന്‍ ഒന്നു നോക്കി നിന്നു.. എനിക്ക് എന്താണു ചെയ്യേണ്ടതെറിയാതെ പോയി..അപ്പോള്‍ പൊയ്ക്കോ എന്നു കൈ പൊക്കി എന്നോട് ആജ്ഞാപിച്ചു... ഞാന്‍ തിരിഞ്ഞു നോക്കാതെ പാഞ്ഞു.... അന്ധാളിച്ചു നിന്ന ഞങ്ങളോടു പറഞ്ഞു... ഇനി നിങ്ങളെങ്ങാനും ആ സമയത്തു പോയാല്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ നോക്കരുതേ... ഓടിക്കോണം...."
കുളപ്പുര അങ്ങനെ ഒരു ഭയപ്പുരയായി ഞങ്ങളില്‍ നില്‍ക്കവേയാണ് ഗോപാലന്‍ തന്റെ കഥ പറഞ്ഞ ത്... അയാള്‍ ദേവിയെ കണ്ടത് അത്താഴപ്പൂജ കഴി ഞ്ഞ ഒരു ദിവസമാണത്രേ... അപ്പോഴും ദേവി കുളി ക്കുകയായിരുന്നു .... ദേവി കുളിക്കുന്ന ഈ കുളത്തി ല്‍ ഉണ്ടായിരുന്ന കുളപ്പുര ഇന്നില്ല. ഉത്സവകാലത്ത് വേലകളിയുടെ കുളത്തില്‍ വേല നടക്കുന്നതു കാണു മ്പോള്‍ അന്നും ഇന്നും  ഈ കുളത്തിന്റെ സൌന്ദര്യം ആസ്വദിക്കുക ഒരു സുഖമാണ്.
 ഒരു കാലത്ത് താമര പൂത്തു നില്‍ക്കുന്നത് ഒരു സുന്ദ ര കാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ട് കയ്യടിച്ചിരു ഒരു കാഴ്ചയാണ് നല്ല വേനല്‍ ചൂടില്‍ കുളത്തിനു നടുവിലെ ഒരു കല്‍തൂണില്‍ ഒരു ആമക്കുഞ്ഞ് കയറിയിരുന്നു വെയിലു കായുന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം അതേ കാഴ്ച എന്റെ മകന്‍ കണ്ടതായി പറഞ്ഞു.... കുളത്തില്‍ കുളിക്കു ദേവിയെ കണ്ടില്ല... പക്ഷേ കുറേ കാലം കഴിഞ്ഞു കേട്ട ഒരു കഥയില്‍ നാട്ടിലെ ഒരു സ്ത്രീ അസമയങ്ങളില്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നുവെന്നും പറഞ്ഞു കേട്ടു.... ഏറെ ദുരൂഹതകള്‍ക്കിടെ ആയുവതി നാട്ടില്‍ നിന്നും അപ്രത്യക്ഷയായി.... ഏതോ രഹസ്യ ചികി ത്സയ്ക്കായി വീട്ടുകാര്‍ എങ്ങോട്ടോ കൊണ്ടു പോയ താണ്... ആ ....ദേവിയും വേലു സ്വാമിയും ഗോപാല നും മറ്റും കണ്ട ദേവിയും ഓയിരുന്നോ.... എനിക്കി ന്നും അതൊരു ദുരൂഹതയാണ്.....