Tuesday, July 28, 2015

ലണ്ടന്‍ കണ്ടതും മണ്ടന്മാര്‍ കാണാത്തതും


ലണ്ടന്‍ കണ്ടതും 
മണ്ടന്മാര്‍ കാണാത്തതും 

കാവാലം ശശികുമാര്‍
 July 28, 2015

പ്രേമം സിനിമയുടെ വ്യാജപ്പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതാണോ വിഷയം, അതോ അത് ഡൗണ്‍ലോഡു ചെയ്ത് കണ്ടതോ, അതല്ല, അത് സിനിമാ വ്യവസായത്തെ ബാധിക്കുന്നതാണോ പ്രശ്‌നം എന്നിങ്ങനെ ചോദിച്ചാല്‍ ഉത്തരം വിഷമകരമാകും. ഈ സിനിമയുടെ വ്യാജപ്പകര്‍പ്പാണ് അപ്‌ലോഡ് ചെയ്തത് എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ പൈറസി, കോപ്പിറൈറ്റ് എന്നീ കുറ്റത്തില്‍നിന്ന് അപ്‌ലോഡു ചെയ്തവര്‍ക്ക് രക്ഷപ്പെടാമെന്നാണ് പുതിയ വാദം. കണ്ടവര്‍ക്കും നിയമപരിരക്ഷ ഉണ്ടാകും. ഇന്റര്‍നെറ്റിന് വിലക്കില്ലെങ്കില്‍ കാണുന്നതിനെന്തു തടസം എന്ന അടിസ്ഥാന ചോദ്യവും ഉയരുന്നു. ഇനി സിനിമാ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന പ്രശ്‌നമാണെങ്കിലോ വമ്പിച്ച ലാഭ സാധ്യതയെ മാത്രമാണ് ഈ ഇടപാട് ബാധിച്ചതെന്നു മറ്റൊരു വാദം. എന്തായാലും രസകരമായ ഒരു കാര്യം, ഒരു അഖിലേന്ത്യാ സംഘടന വൈകാതെ കേരളത്തില്‍ നടത്താന്‍ പോകുന്ന ഒരു സെമിനാറിലും പരിപാടിയിലും വെച്ച് പ്രേമം സിനിമ അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ പോകുന്നുവെന്നതാണ്. പുതിയൊരു സംവാദത്തിന് അതു തുടക്കമിട്ടേക്കും. എന്നാല്‍, ഒരുകാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല, പ്രേമം സിനിമയുടെ വ്യാജ കോപ്പിയെക്കുറിച്ചു ചര്‍ച്ച ചെയ്ത പ്രബുദ്ധകേരളം ആ സിനിമ അവതരിപ്പിച്ച വ്യാജപ്രേമത്തെക്കുറിച്ചു ചര്‍ച്ച നടത്താഞ്ഞത് നമ്മുടെ  ധര്‍മ്മബോധത്തിലെ വ്യാജം കൊണ്ടുതന്നെയാണ്. ഇതല്ല നിരീക്ഷണ വിഷയം എന്നതിനാല്‍ ഇത്രമാത്രം പറയാം- കൗമാരമനസ്സിനെ ജീവിതവ്യാജത്തിലേക്കും ദുഷ്പ്രവണതകളിലേക്കും തള്ളിവിടുന്ന കഥയും സന്ദര്‍ഭങ്ങളും സന്ദേശവുമുള്ള ആ സിനിമ, ഒരുപക്ഷേ, ഛായാഗ്രഹണവും ലൊക്കേഷനുകളും സംഭാഷണങ്ങളിലെ സ്വാഭാവികതയുമൊഴിച്ചാല്‍ വന്‍ അപകടകാരിയാണ്. പ്രസിദ്ധ സംവിധായകന്‍ ഭരതന്റെ ചാമരം സിനിമ ഇറങ്ങിയപ്പോള്‍ (1981) അതിലെ ധാര്‍മ്മികതയ്‌ക്കെതിരേ പ്രതികരിച്ച ചില സാംസ്‌കാരിക മനസ്സുകള്‍ പോലും ഇന്നില്ലാതായി എന്നത് നമ്മുടെ നാടിന്റെ ധാര്‍മ്മികമൂല്യത്തില്‍വന്ന തരം താഴ്ചയല്ലേ. മറുത്തു പറയുന്നവരുമുണ്ടാകും. അതു നില്‍ക്കട്ടെ… ലോകം ഇന്നു നേരിടുന്ന മുഖ്യപ്രശ്‌നം ഭീകരവാദമല്ല, ഭീകര പ്രവര്‍ത്തനംതന്നെയാണ്. ഒരു ആശയമെന്ന നിലയില്‍നിന്ന് പ്രവര്‍ത്തനതലത്തിലേക്കുമാറിയ ഭീകരത ഇന്ന് ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും തലവേദനയാണ്. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനെന്ന പേരില്‍ നടത്തുന്ന ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും പോലും അസഹ്യമായിക്കഴിഞ്ഞു. വാളെടുത്തവന്‍ വാളാലെന്ന മട്ടില്‍ അതിതീവ്രവാദക്കാരായ ഭീകരര്‍ ആദ്യവാദക്കാരുടെ മേലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു, അവരുടെയും തലകൊയ്യുന്നു. ഒരുകാലത്ത് ഭീകരപ്രവര്‍ത്തനത്തില്‍പോലും പുലര്‍ത്തിയിരുന്ന ചില ഔപചാരിക മര്യാദകള്‍ ഇല്ലാതായി. ഐഎസ് എന്ന, ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയെന്ന, ആള്‍ക്കൂട്ടം പഴയകാല രാക്ഷസസങ്കല്‍പ്പത്തെയും മറികടക്കുന്ന ഭീകരതയായി. ഇന്ന് ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടാത്ത യുവജനതയുള്ള രാജ്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്പോഴാണ് ഒട്ടേറെ യുവാക്കള്‍ ഐഎസിന്റെ ആകര്‍ഷണത്തില്‍പ്പെട്ട ബ്രിട്ടനില്‍നിന്ന് ആ സന്ദേശം വന്നത്- ലണ്ടന്‍ പറഞ്ഞു: ബ്രിട്ടന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ വീണ്ടെടുക്കണം, കര്‍ശനമായി അവ പാലിക്കപ്പെടണം എന്ന്. ലണ്ടന്‍ വൈകിയാണെങ്കിലും അതു കണ്ടെത്തി ഉണര്‍ന്നു. പക്ഷേ നമ്മുടെ നാട്ടില്‍ ചില മണ്ടന്മാര്‍ കാണാതെ പോകുന്നു, അവര്‍ ഉറങ്ങുന്നോ, ഉറക്കം നടിക്കുന്നോ? ഏറെനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായിരുന്നതിനാല്‍ ഇനിയും നമ്മുടെ സമൂഹമനസ്സിന് ബ്രിട്ടണോടുള്ള ആഭിമുഖ്യം വിട്ടിട്ടില്ല. ഭരണസംവിധാനത്തില്‍, ജീവിത രീതിയില്‍, ഉടുപ്പില്‍, നടപ്പില്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ആ സ്വാധീനം നമ്മിലുണ്ട്.സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ആ മനസ്സ് മാറേണ്ടതുണ്ടെന്ന് ആരും സമ്മതിക്കും. പക്ഷേ, ലണ്ടനില്‍നിന്നുള്ള ഈ നവസന്ദേശം കേള്‍ക്കുകതന്നെ വേണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജൂലൈ 16-ന് രാജ്യത്തിനു മുന്നില്‍വെച്ച പഞ്ചവത്സര കര്‍മ്മപദ്ധതിയില്‍ പറയുന്നു- നമ്മുടെ യുവാക്കള്‍ ഐഎസ്‌പോലുള്ള ക്ഷുദ്ര സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. ഇത് ചെറുക്കാന്‍ രാജ്യത്ത് ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സേവനത്തില്‍ നിയന്ത്രണം വേണം, ടെലിവിഷന്‍ പരിപാടികളില്‍ നിയന്ത്രണം വരണം. അതായത് ബ്രിട്ടന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ ഇടിവുണ്ടാകുന്നതു തടയണം; രത്‌നച്ചുരുക്കം അതാണ്. ഈ അഭിപ്രായങ്ങളെ ബ്രിട്ടനിലെ പ്രതിപക്ഷവും വിവിധ സംഘടനകളും മുസ്ലിം സംഘടനകളും സര്‍വ്വാത്മനാ പിന്തുണച്ചു. 20 വര്‍ഷം മുമ്പേ വേണ്ടിയിരുന്നത് എന്നാണ് ചിലര്‍ വിമര്‍ശിച്ചുകൊണ്ട് പിന്തുണച്ചത്. ലണ്ടന്‍ വൈകിയാണെങ്കിലും കാരണം കണ്ടെത്തി- രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍വന്ന ച്യുതിയാണ് അടിസ്ഥാനകാരണമെന്ന്; അതിനു പരിഹാരം ഇന്നതെല്ലാമാണെന്ന്. പക്ഷേ, നമ്മുടെ നാട്ടിലെ ചില മണ്ടന്മാരോ… കാമറൂണ്‍ ഈ പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് കമ്മ്യൂണിസ്റ്റുകള്‍ അതു പറഞ്ഞത്- രാജ്യത്ത് കൂട്ടക്കൊലയ്ക്കു കൂട്ടുനില്‍ക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതിനു കുറ്റക്കാരനെന്ന് നീതിന്യായ കോടതിയും അതിന്റെ തീരുമാനത്തിനും മേലേ തീരുമാനങ്ങള്‍ക്ക് നിയമസാധുതയുമുള്ള വേദികളുമെല്ലാം കുറ്റക്കാരനെന്നു കണ്ടെത്തിയ യാക്കൂബ് അബ്ദുള്‍ റസാക്ക് മേമനെ തൂക്കിലേറ്റരുതെന്ന് പ്രസ്താവിച്ചത്. മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെയുള്‍പ്പെടെ (അവര്‍ കേരളത്തില്‍ എണ്ണത്തില്‍ കുറവായതിനാല്‍) കൂട്ടക്കൊലചെയ്ത കൊടും കൊലയാളിയായ ഇറാഖിസ്വേച്ഛാധിപതി സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന സിപിഎമ്മിന് യാക്കൂബ് മേമനുവേണ്ടി വാദിക്കാന്‍ മടിയൊന്നുമുണ്ടാവില്ല. മാത്രമല്ല, ആ പാര്‍ട്ടിയുടെ ആശയവും ഏതാണ്ടിതൊക്കെത്തന്നെയാണല്ലോ, കൂട്ടക്കൊലയായാലും തിരഞ്ഞുപിടിച്ചുള്ള കൊലയായാലും ഉന്മൂലനാശനമാണല്ലോ അടിസ്ഥാന സിദ്ധാന്തം. കേരളത്തില്‍ രാഷ്ട്രീയ ഭീകര പ്രവര്‍ത്തനങ്ങളില്‍ കുപ്രസിദ്ധരുമാണ് ആ കക്ഷിയെന്നിരിക്കെ നിലപാട് തികച്ചും സ്വാഭാവികം. എന്നാല്‍, പത്തുവര്‍ഷം മുമ്പ് ഭീകരപ്രവര്‍ത്തനം തടയാന്‍, അന്ന് കേന്ദ്രത്തില്‍ അധികാരത്തിലായിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഭീകര വിരുദ്ധ നിയമമായിരുന്ന പോട്ടായിലെ വ്യവസ്ഥകള്‍ ഇന്ന് കാമറൂണ്‍ അവതരിപ്പിച്ച ആശയങ്ങളുടെ ആവിഷ്‌കാരമായിരുന്നു.  അതില്‍ ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്‍ ചാനലുകളുടെയും ദുരുപയോഗം തടയാന്‍ വ്യവസ്ഥയുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ അടിസ്ഥാന സംസ്‌കാരവും മൂല്യവും സംരക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ബോധവല്‍കരണം നടത്താനും വകുപ്പുകളുണ്ടായിരുന്നു. സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തു പാസാക്കിയ ആ നിയമമാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്ന കോണ്‍ഗ്രസിന്റെ മന്‍മോഹന്‍ സര്‍ക്കാര്‍ സിപിഎം ഉള്‍പ്പെട്ട കമ്മ്യൂണിസ്റ്റ് കക്ഷികളുടെയും സഹായത്തോടെ റദ്ദാക്കിക്കളഞ്ഞത്. കടുത്ത എതിര്‍പ്പുകളുണ്ടായിട്ടും പി.വി. നരസിംഹ റാവു സര്‍ക്കാര്‍ നടപ്പാക്കിയ, പിന്നീട് റദ്ദാക്കിയ, ടാഡാ നിയമ പ്രകാരമായിരുന്നു, മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബുസ്‌ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മേമന്‍ ശിക്ഷിക്കപ്പെട്ടത്. ഇന്ന് ഇത്തരം നിയമങ്ങളിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ട ഘട്ടത്തിലാണ് മേമനു വേണ്ടി ചിലര്‍ മുതലക്കണ്ണീരൊഴുക്കുന്നത്. രാജീവ് ഗാന്ധിവധം ഭീകര പ്രവര്‍ത്തനമായിരുന്നിട്ടും അതിലെ കുറ്റക്കാരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന സോണയാ ഗാന്ധി അഭ്യര്‍ത്ഥിച്ചതും ആവശ്യപ്പെട്ടതും കുടുംബത്തിലെ ശേഷിക്കുന്നവരുടെ ജീവന്‍ രക്ഷയ്ക്കാനായിരുന്നുവെന്ന് യുക്തി പറയാം. പക്ഷേ, മേമനു വേണ്ടി സിപിഎം വാദിക്കുന്നത്, ചില ഇടതുപക്ഷ സഹയാത്രികരും, എന്നും വിവാദങ്ങളുണ്ടാക്കാന്‍ മുന്നിട്ടിറങ്ങുന്നവരും നിവേദനം നടത്തുന്നത് ഒരു മനോനിലയുടെ വെളിപ്പെടുത്തലാണ്. അതാണ് സാംസ്‌കാരികതയുടെ നശീകരണത്തിനുളള പിന്തുണയെന്നു തിരിച്ചറിയേണ്ടതുണ്ട്. ചോദ്യം ചെയ്യലിനിടെ മേമന്‍ നല്‍കിയ വിവരങ്ങളാണ് മറ്റുചില ഭീകരരെ പിടികൂടാന്‍ സഹായിച്ചതത്രെ. അതിനാല്‍ മേമന്റെ കുറ്റങ്ങള്‍ സാധുവാകുമെന്ന് സിപിഎം പറയുന്നത് യുക്തിയില്ലായ്മക്കപ്പുറം മറ്റൊരു രാഷ്ട്രവിരുദ്ധ വായാടിത്തവുമാണ്. മേമന്‍ സ്വയം വെളിപ്പെടുത്തിയതല്ല ആ വിവരങ്ങളൊന്നും; അങ്ങനെയാണെങ്കില്‍പോലും അതു പാപ പരിഹാരവുമല്ല. സിപിഎം നടത്തുന്നത് പരോക്ഷമായി, അല്ല പ്രത്യക്ഷമായിത്തന്നെ ഭാരതത്തിന്റെ ഭരണഘടനയെ ചോദ്യം ചെയ്യലാണല്ലോ. അതെ, ലണ്ടന്‍ കണ്ടത് മണ്ടന്മാര്‍ കാണുന്നില്ല. താലിബന്‍ തനിസ്വരൂപം കാണിച്ചുതുടങ്ങിയ കാലം. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ ഊറ്റംകൊണ്ടു- താലിബന് ഭാരതത്തില്‍ കടക്കാനായിട്ടില്ല, ഭാരതത്തില്‍നിന്നാരും താലിബനില്‍ ചേര്‍ന്നിട്ടുമില്ല. അതിനു ശേഷം 10 വര്‍ഷം ഭരണം മാറി, ഇന്ന് കേരളത്തില്‍നിന്ന്‌പോലും താലിബനില്‍ അംഗങ്ങളുണ്ട്. ഐഎസ്സില്‍ ഭാരതത്തില്‍നിന്ന് ആളുകളുണ്ടെന്നു സംശയിക്കപ്പെടുന്നു. ഇതില്‍ കേരളത്തിന്റെ കണക്ഷന്‍? ഇല്ലേയില്ല എന്ന് അത്ര ചങ്കുറപ്പോടെ കേരള ആഭ്യന്തരമന്ത്രിക്കു പറയാനാവുമോ. തടിയന്റവിടെ നസീറുമാര്‍ എത്രയെത്ര കേരളത്തില്‍ ഉണ്ടാവാം. കാരണം, അവര്‍ക്കെല്ലാം അഭയവും അംഗരക്ഷയും നല്‍കുന്നവര്‍ അത്രയേറെയുണ്ടിവിടെ. ലണ്ടന്‍ കണ്ടിട്ടും ചില മണ്ടന്മാര്‍ സ്വന്തം നിഴല്‍പാടിനപ്പുറം ഒന്നും കാണുന്നേയില്ല. (ഭീകരവാദിയെന്നു കോടതി കണ്ടെത്തിയ മേമനെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത് കൈപ്പിഴയൊന്നുമല്ല. സല്‍മാന്റെ അച്ഛന്‍ സലിം ഖാന്‍ പറഞ്ഞതുപോലെ വിവരക്കേടുതന്നെയാണ്. അജ്ഞതകൊണ്ടുള്ള വിവരക്കേടല്ല എന്നു മാത്രം.) വീണ്ടും പ്രേമത്തിലേക്കു വരാം.പ്രേമത്തിന്റെ വ്യാജനെ പിടിക്കാന്‍ പാടുപെടുന്നതിന്റെ ഒരംശം സമയവും ശ്രദ്ധയും അധികൃതര്‍ കൊടുത്താല്‍മതി നമ്മുടെ നാട്ടിലെ ചെറുപ്പക്കാരില്‍ എത്രപേര്‍ ഐഎസിന്റെ ഭീകര പ്രവര്‍ത്തനങ്ങളായ തലവെട്ടല്‍, അല്ല തലയറുക്കലും ജീവനോടെ ചുട്ടെരിക്കലും മറ്റും ഇന്റര്‍നെറ്റില്‍ ആസ്വദിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്നു കണ്ടെത്താന്‍. യു ട്യൂബിലൂടെ അതിതീവ്ര മതവിദ്വേഷ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കുന്നുവെന്ന് കണ്ടെത്താന്‍. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഉദാരമനസ്ഥിതിയേയും കുറിച്ച് അവരവര്‍ക്കിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കുന്നിടത്തുനിന്ന് ഭീകര പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന് കാമറൂണ്‍ പറയുമ്പോള്‍, അതൊന്നും തടയാന്‍ പാടില്ല, അതാണ് ജനാധിപത്യമെന്നും മനുഷ്യാവകാശമെന്നും ഇവിടെ പിന്തുണയ്ക്കുന്നവര്‍ പലരും ലണ്ടന്‍ കണ്ടത് കാണാത്ത മണ്ടന്മാരാണെന്നു പറഞ്ഞാല്‍,  എതിര്‍ക്കുന്നവരുണ്ടാകും. അവരും സമ്മതിക്കുമ്പോള്‍ നമ്മള്‍ 25 വര്‍ഷം വൈകിപ്പോകുമെന്നതാണ് യാഥാത്ഥ്യം. ****        ****        *** പിന്‍കുറിപ്പ്: ഇന്റര്‍നെറ്റിന്റെ സവിശേഷതയും സാങ്കേതികതയുടെ അതിസാധ്യതയും അതാണ്; എന്തും കിട്ടും, എവിടെയും, എങ്ങനെയും. എന്തിന്, എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് വിഷയം. ഇന്റര്‍നെറ്റ് ഒരിക്കലും ബുദ്ധിജീവികളെ ഉണ്ടാക്കുന്നില്ല, അതിന്റെ വലയില്‍ കുടുങ്ങാതെ, വേണ്ടത് കുടുക്കിയെടുക്കാന്‍, വലനെയ്യുന്ന എട്ടുകാലിയുടെ വൈഭവം വേണം.  ആ തിരിച്ചറിവില്ലാത്തവര്‍ സ്വയം കുടുങ്ങുന്നു. അത് അനിവാര്യമാണല്ലോ…
ജന്മഭൂമി: http://www.janmabhumidaily.com/news306221