
പലജാതി വര്‍ണ്ണങ്ങള്‍ ഒരുപൂക്കളം തന്നില്‍
ഇഴചേര്‍ന്നു മിഴിവോടെ വാണനാള്‍കള്‍
കൊഴിയുന്നിന്നിടചേര്‍പ്പൂ പല ജാതിക്കോമര-
മുറയുന്നൂ നിറഭേദമെങ്ങുമെങ്ങും
ദാനമേറ്റീടുവാന്‍ ദാനവന്‍ വന്നപ്പോല്‍
ജീവനു ഭീഷണികണ്ടു ചൊന്നാന്‍-
‘ദീനദയാലുത്വം കൊള്ളാമതെപ്പൊഴും
ദീനരില്‍ വേണം’- ഗുരു മൊഴിഞ്ഞു
ദാനവാനെന്നൊരു കീര്‍ത്തിപരത്തുവാ-
നെന്തതും ചെയ്യുവാനാന്ധ്യമേറും
മാബലിതാനതു കേള്‍ക്കാഞ്ഞുകാണവേ
ആചാര്യന്‍ കിണ്ടിതന്‍ വാലിലേറി
ദാനവാരാശിക്കു ദാനതീര്‍ഥം വരാ-
ഞ്ഞാനേരം ദര്‍ഭയൊന്നങ്ങെടുത്ത്
കിണ്ടിവാല്‍ കുത്തിയ നേരത്തു ശുക്രനു
കണ്ണുപോയ് ! ദാനം തടഞ്ഞ ശിക്ഷ?
ദാനം കൊടുത്തതു ജീവന്‍താനെന്നറി-
ഞ്ഞെന്നിട്ടും മാബലി വാക്കില്‍നിന്നൂ;
മൂവടി ചോദിച്ചോനാറടി ഭൂമിക്കു-
യോഗ്യനായ് മാറ്റുന്നോനെന്നറിഞ്ഞും.
ദാനം മറക്കുന്നു മാനവന്‍ ഭൂമിയില്‍;
ദാനത്തിന്‍ പേരിലാണാഘോഷങ്ങള്‍!!
ഭൂമി ത്യജിച്ചവര്‍ സ്വാമിമാരന്നെല്ലാം
ഭൂസ്വാമിമാരിന്നു ഭൂമിവാഴ്വൂ
മാബലിതൊട്ടു വിനോബാ വരേക്കുമേ
ഭൂമിതന്‍ പേരിലേ കീര്‍ത്തികൊള്‍വൂ
മൂന്നടി ചോദിച്ചൂ വാമനന്‍, തീര്‍ന്നതു-
മൂലോകം മോഹിച്ച രാജമോഹം
ആറടി വേണ്ടവരാര്‍ത്തിയോടിപ്പൊഴും
പോരടിച്ചീടുന്നു മണ്ണുകൂട്ടാന്‍
മണ്ണേറെ, പെണ്ണേറെ-വിണ്ണോളം മോഹങ്ങള്‍
കണ്ണുനീര്‍ മാത്രമേ ബാക്കിവെക്കൂ
എന്നേറെ ചൊല്ലുണ്ട്, ചൊല്ലുകള്‍ പുല്ലാക്കും
‘മണ്ണവര്‍’ മണ്ണാകും- വേദവാക്യം
എന്നെല്ലാമുള്ളിലുണ്ടെന്നാലും പാടുക
മാവേലി മാഹാത്മ്യം താളമോടേ
“മാവേലി വന്നെത്തും നാട്ടിലിന്നീ-
മാനുഷരെല്ലാരുമൊന്നുപോലെ...”
>>>>>>>>>>>>>>>
എല്ലാവര്‍ക്കും ഓണാശംസകള്‍..............