Wednesday, December 29, 2021

പട്ടുവസ്ത്രങ്ങളില്ല, അരപ്പട്ടയില്ല, ആഭരണങ്ങളില്ല. പക്ഷേ, എനിയ്ക്ക് ഇതുണ്ട്

 ജ്ഞാനപീഠ സമ്മാനിതൻ (1980) ശ്രീ എസ്.കെ. പൊറ്റെക്കാട്ട് (1913-1982) എന്ന ശങ്കരൻ കുട്ടി പൊറ്റെക്കാട്ട് എന്ന, ' ആഗോള മലയാളി സഞ്ചാരി ,' ലോകത്തെ നമുക്ക് അക്ഷരത്തിൽ കാണിച്ചു തന്നതോടൊപ്പം സ്വന്തം വീടിനു ചുറ്റുമുള്ള (ചന്ദ്രകാന്തം, കോഴിക്കോട്) പ്രദേശവും ദേശവും കാണിച്ചു തന്നു.



അസാമാന്യമാണ് ആ എഴുത്തുബോധം. കാൽച്ചുവടും എവറസ്റ്റ് പൊക്കവും ഒരാൾ കാണുക അസാധാരണമാണ്.
അങ്ങനെ, എസ് കെ കണ്ട സ്വന്തം സ്ഥലമാണ് 'അതിരാണിപ്പാട'ത്തിൻ്റെ കഥയായത്- 'ഒരു ദേശത്തിൻ്റെ കഥ'.
അതി മനോഹരമായ ഭാഷയിൽ അതി ലളിതമായി അതി സരസം പറയുന്ന ദേശക്കഥ പ്രസിദ്ധീകരിച്ചിട്ട് 50 വർഷമാകുന്നു. 1971 ലാണ് ആദ്യ പതിപ്പ്.
100 വർഷം മുമ്പ് നടന്ന, 1921 മാപ്പിളക്കലാപത്തെക്കുറിച്ച് ഈ പുസ്തകത്തിലുണ്ട്; 'ജഗള' എന്ന അധ്യായം. അങ്ങനെ നോക്കുമ്പോൾ 100 ൻ്റെ സ്മരണയുമുണ്ട്. നൂറും അമ്പതും ചേർന്ന 2021, ദേശത്തിൻ്റെ രേഖപ്പെടുത്തേണ്ട കഥയാണ്.
കഥ ചരിത്രമാകുന്നത് അങ്ങനെയാണ്; ചരിത്ര സംഭവങ്ങൾ ഉണ്ടാകുന്നത്.
സംഭവങ്ങൾ ചരിത്രത്തിലാകുന്നത്.
കഴിഞ്ഞ ദിവസം, കോഴിക്കോട്ട് പുതിയറയിലുള്ള എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ പോയിരുന്നു. കൊവിഡ് കഴിഞ്ഞ് മെല്ലെ മെല്ലെ കേന്ദ്രം പതിവ് പ്രവർത്തനത്തിലേക്ക് കടക്കുന്നു. (അവിടെ, ജന്മഭൂമിയുടെ ഒരു ഫോട്ടോ ആൽബം പ്രകാശന പരിപാടി ഉണ്ടായിരുന്നു.)
കേന്ദ്രത്തിൻ്റെ വാതിൽക്കൽ ഒരു വശത്ത്, നിൽക്കുന്നു എസ് കെ പ്രതിമ. കൈയിൽ കുടയുണ്ട്. മരത്തണലിലായതിനാലാവാം നിവർത്തിയിട്ടില്ല!
മിഠായിത്തെരുവിൽ ഒരു എസ് കെ പ്രതിമയുണ്ട്; വെയിലത്തായിട്ടും കുടയുമില്ല, ചാമരവുമില്ല, ഒന്നും കൂസാതെ നിൽക്കുന്നു!!
ഇന്ന് കാലത്ത് മിഠായിത്തെരുവിലെ എസ് കെയുടെ അടുത്ത് പോയി... കുറച്ചു നേരം ഞങ്ങൾ തമ്മിൽ മിണ്ടാതെ സംസാരിച്ചു. അതിനിടെ, കുടയുടെ കാര്യം ഞാൻചോദിച്ചു. എസ് കെ വശം കോട്ടി ചിരിച്ചുവോ... ഏയ്... പ്രതിമ ചിരിക്കുമോ... തോന്നിയതാവും... അപ്പോൾ എനിക്ക് ചിരി വന്നു...
മിഠായിത്തെരുവ് തിരക്കിലായില്ല, ഞായറാഴ്ച്ച, സമയം കാലത്ത് ഏഴു മണിയും. ദുർഗാദേവി ക്ഷേത്രത്തിലും ഹനുമാൻ സ്വാമി ക്കോവിലിലും വിശ്വാസികളുടെ തിരക്ക്. തെരുവോരക്കച്ചവടക്കാർ ഒരുക്കുകൂട്ടുന്നു. 25 വർഷം മുമ്പ് ഈ നഗരത്തിൽ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെക്കഴിയുമ്പോൾ തെരുവ് ഇങ്ങനെയൊന്നുമായിരുന്നില്ല. അപ്പോൾ എസ് കെയുടെ കാലത്തെ തെരുവ് !!
ഇളം വെയിലും നെടും നിഴലും നോക്കി അലസം നടക്കുമ്പോൾ, വീണ്ടും കുട ഓർമ വന്നു..
പണ്ട്, ഒരു 40 വർഷമെങ്കിലും മുമ്പ്, അച്ഛൻ പഠിപ്പിച്ച ചില ശ്ളോകങ്ങൾ ഓർമ വന്നു... അതിൽ ഒരെണ്ണം എസ് കെയുടെ, എനിക്ക് തോന്നിയ ചിരിയുടെ അർഥം പ്രകടിപ്പിക്കുന്നതായി തോന്നി.
ശ്ലോകം ഇങ്ങനെ:
'നഃ ഛത്രം നഃ തുരംഗമു നഃ വദതാം വൃന്ദാനിനോ വന്ദിന,
നഃ ശ്മശ്രൂണി ന പട്ടബന്ധ വസനം നഗ്യംബരാഡംബരം,
അത്യസ്മാകം, അബന്ധമന്ഥരഗിരിപ്രോഗ്ധൂതദുഗ്ധോദധിപ്രേംഖദ്വീധിപരമ്പരാപരിണതാവാണീതുനാണീയസി' എന്ന്.
കാക്കശ്ശേരി ഭട്ടതിരിയുടേതാണെന്ന് ഓർമ്മ. (തെറ്റെങ്കിൽ തിരുത്തണേ)
ഏകദേശ അർഥം: സംസ്കൃത വിദ്വൽ സദസ്സിൽ ചൊല്ലിയതാണ്... ''എനിക്ക് (അധികാര- ആഢ്യത്വചിഹ്നങ്ങളായ) കുടയില്ല, കുതിര, പ്രശംസ പാടുന്ന വൈതാളികില്ല, ധാടിയില്ല, പട്ടുവസ്ത്രങ്ങളില്ല, അരപ്പട്ടയില്ല, ആഭരണങ്ങളില്ല. പക്ഷേ, എനിയ്ക്ക് ഇതുണ്ട്; മന്ഥര പർവതം മത്താക്കിപ്പാലാഴി കടഞ്ഞപ്പോൾ ഉണ്ടായ കൂറ്റൻ തിരമാലകളെപ്പോലും നാണിപ്പിക്കുന്ന തരം വാഗ്വിലാസം, '' എന്ന്...
മൂന്നും നാലും വരികൾ നോക്കൂ... 'ഒറ്റപ്പദപ്രയോഗ'മാണ്.
കവിത്വത്തിൻ്റെ, വിദ്വത്വത്തിൻ്റെ, ഭാഷയുടെ കരുത്ത് നോക്കണം... തിരിച്ചറിയുന്ന, സത്യബോധമുള്ളവർ നമിക്കും...
എസ്കെയ്ക്ക് പ്രണാമം...
സെൽഫിയെടുക്കാൻ പ്രതിമയ്ക്കു മുന്നിൽ തിരിഞ്ഞ് നിൽക്കേണ്ടി വന്നതിന് ക്ഷമാപണം.
2021 ഡിസംബർ 12. 7:15 AM

പണ്ടച്ഛനാനപ്പുറമേറിയെന്നാല്‍

 പണ്ടച്ഛനാനപ്പുറമേറിയെന്നാല്

ഉണ്ടാകുമോ പുത്രനുമാത്തഴമ്പ്...

എന്നൊരു പദ്യ ശകലമുണ്ട്... സുനില് പി. ഇളയിടം ഡോക്ടറായാലും ആദി ശങ്കരന്റെ പേരിലുള്ള സര്വകലാശാലയില് പഠിപ്പിച്ചാലും ആ സര്വകലാശാല സംസ്‌കൃത സര്വകലാശാലയായാലും പുന്നശ്ശേരി നീലകണ്ഠ ശര്മയെപ്പോലുള്ള സമര്പ്പിത ജീവിതങ്ങളുടെ ഒരു ഗുണവും ഉള്ക്കൊള്ളില്ലെന്നു മാത്രമല്ല, തിരിച്ചറിയുക പോലുമില്ല. ജളൂകം പശുവിന്റെ അകിട്ടില് കടിച്ചാലും ചോരയല്ലേ രുചിക്കൂ....
പുന്നശ്ശേരി ഗുരുവിനെ പറയാവുന്നതിലപ്പുറം പുലഭ്യം പറഞ്ഞിട്ട്, ഒടുവില് തനിക്ക് തെറ്റു പറ്റിയെന്ന് ഫേസ്ബുക്കില് കുറിച്ചു. അതുകൊണ്ടെല്ലാമായോ? ആകില്ല. ഗുരുശാപം തുടരും. പുസ്തകം കോപ്പിയടിച്ച ഈ ഡോക്ടര്ക്ക് അതു കണ്ടുപിടിച്ചിട്ട് അതെക്കുറിച്ച് ഒന്നും പറയാനില്ലാത്തതെന്താണാവോ?
പുന്നശ്ശേരി നമ്പി ആരായിരുന്നുവെന്ന് അറിയണം. ഒരു പഴയ കുറിപ്പ്...


_____________
കേസരി ഓണപ്പതിപ്പ് 2018
ആ കണ്ണുകളില്
ചുണ്ണാമ്പെഴുതിയിട്ട്
എന്തുകാര്യം
കാവാലം ശശികുമാര്
''സഹന സമരത്തിന്റെ പാതയില് അഹിംസാ മാര്ഗത്തിലായിരുന്നു വൈക്കം സത്യഗ്രഹം. സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശി രാമന് ഇളയതിന്റെ കണ്ണില് സത്യഗ്രഹ വിരോധികളായ സവര്ണ വിഭാഗത്തിന്റെ ഗുണ്ടകള് ചുണ്ണാമ്പെഴുതിയതിനെത്തുടര്ന്ന് കാഴ്ച പൂര്ണമായി നഷ്ടമായ സംഭവവും ചിറ്റേടത്തു ശങ്കുപ്പിള്ളയെ പോലീസ് തല്ലിച്ചതച്ചുകൊന്നതും നാരായണന് നായരെ മുക്കാലിയില് കെട്ടിയിട്ട് അടിച്ചതും ചോതിയെന്ന സമരാനുകൂലിയെ ധര്മപ്രസ്ഥാനക്കാരെന്ന സവര്ണഗുണ്ടകള് തല്ലിച്ചതച്ചു കെട്ടിത്തൂക്കിയതും മറ്റും 'കണ്ണുപൊട്ടിക്കുന്ന' കാഴ്ചകളായിരുന്നു അന്ന്.''
ജാതിവ്യവസ്ഥയും ആചാരവും അത്രയ്ക്ക് കൊടുമ്പിരിക്കൊണ്ട കാലത്തുനടന്ന വൈക്കം സത്യഗ്രഹം കേരള ചരിത്രത്തിലെ നാഴികക്കല്ലാണ്. അന്നും ഇന്നും സമരഗാഥകള് പാടുമ്പോഴും സമരവീരചരിതം പറയുമ്പോഴും ആരും മുട്ടിനുമുട്ടിന് ആവര്ത്തിക്കുന്ന സംഭവം. പുഴുവിനും നായക്കുംവരെ സഞ്ചരിക്കാന് അവകാശമുള്ള ഭൂമിയിലെ പൊതുനിരത്തിലൂടെ വഴിനടക്കാന് ജാതിയില് പിന്നാക്കമെന്ന് കല്പ്പിച്ചു മാറ്റിനിര്ത്തപ്പെട്ട 'അവര്ണ'രുടെ അവകാശത്തിന് 'സവര്ണര്' നടത്തിയ സമരം. ചില പ്രചാരണക്കാരുടെ തന്ത്രത്തില്, 'അവര്ണ'ര്ക്ക് ക്ഷേത്രപരിസരത്തെ പൊതുനിരത്തില് വഴിനടക്കാനുള്ള അവകാശത്തിന് സമരം നയിച്ചവര് 'സവര്ണ'രായിരുന്നുവെന്ന സത്യം മൂടിവയ്ക്കപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യത്തിനായിരുന്നു ആ സമരം, 1924-ല്.
മാന്യമായി വസ്ത്രം ധരിക്കാന്, മാറുമറയ്ക്കാന്, 'സവര്ണ' വിഭാഗത്തിനെതിരേ 'അവര്ണ' വിഭാഗത്തില്പെട്ട ചാന്നാര് സമൂഹം നടത്തിയ മേല്മുണ്ട് സമരം, അഥവാ ചാന്നാര് ലഹള മറ്റൊരു വലിയ വിപ്ലവമായിരുന്നു, ''ചാന്നാര് സ്ത്രീകള്ക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്‌നത മറയ്ക്കുന്നതിനുള്ള പൂര്ണസ്വാതന്ത്ര്യം ഇതിനാല് അനുവദിച്ചിരിക്കുന്നു,'' എന്നായിരുന്നു വന് ലഹളകള്ക്കും കൊള്ളിവെയ്പ്പുകള്ക്കും കൊലപാതകങ്ങള്ക്കും ഇടയാക്കിയ സംഭവത്തിനൊടുവിലെ രാജ വിളംബരം, 1859-ല്.
ഭാഷാ വിപ്ലവകാരി
ജാതിയും മതവും അത്രയേറെ ശക്തമായ ഘടകമായിരുന്ന കാലത്ത് ഭാഷപഠിക്കാന് അത്തരം അവര്ണ സമരവിപ്ലവങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഭാഷപഠിപ്പിക്കാന് ഒരു വിപ്ലവകാരി ഇറങ്ങിത്തിരിച്ചു. ആ 'സവര്ണന്' ദൗത്യത്തില് വിജയിച്ചു. ഏറെ സഹിച്ചു. പക്ഷേ...
സംസ്‌കൃതമായിരുന്നു അന്ന് വിജ്ഞാനത്തിന്റെ ഖനികള് തുറക്കാനുള്ള താക്കോല്ഭാഷ. സംസ്‌കൃതം വിവിധ വിജ്ഞാന-ശാസ്ത്ര ശാഖകളിലേക്കുള്ള പ്രവേശിനിയാണെന്ന തിരിച്ചറിവുണ്ടായതിനെത്തുടര്ന്ന് ആ ഭാഷ സകലരേയും, ജാതി-മത-വര്ഗ- ലിംഗ ഭേദമില്ലാതെ ആരെയും പഠിപ്പിക്കാന് ലക്ഷ്യമിട്ട് 'അവര്ണ-സവര്ണ' ഭേദമില്ലാതെ ആര്ക്കും സ്വന്തം ഇല്ലപ്പുര തുറന്നുകൊടുത്തത് പുന്നശ്ശേരി നീലകണ്ഠ ശര്മയായിരന്നു.
''പുന്നശ്ശേരി ഇല്ലക്കാര് മൂസ്സത് എന്ന സമുദായത്തില് പിറന്നവരാണ്. ക്ഷേേ്രതാപജീവികളായ അമ്പലവാസികളില് മൂപ്പുകൂടിയവരാണ് മൂസ്സേന്മാര്. മൂത്തത് എന്നവാക്കാണ് മൂസ്സതായി മാറിയത്. ബ്രാഹ്മണരാവിര്. ക്ഷേത്രങ്ങളില് മേല്ശാന്തിക്ക് പരികര്മം ചെയ്യലായിരുന്നു മൂസ്സന്മാരുടെ കുലത്തൊഴില്. സംസ്‌കൃതത്തില് ശിവദ്വിജന്മാര് എന്നാണിവരെ നിര്ദ്ദേശിക്കുക പതിവ്. ഈ ശിവദ്വിജ സമുദായത്തിലാണ് ഗുരുനാഥന് നീലകണ്ഠ ശര്മാവ് പിറന്നത്. ബ്രാഹ്മണ്യം പുരസ്‌കരിച്ച് മൂസ്സതിനെ സംസ്‌കൃതത്തില് ശര്മാവെന്ന് പറയുന്നു.'' (പുന്നശ്ശേരി നീലകണ്ഠ ശര്മാ- കെ.പി. നാരായണ പിഷാരോടി, ശിഷ്യന്)
സാമൂഹ്യ വിപ്ലവം
അതൊരു ഭാഷാപഠന വിപ്ലവം മാത്രമായിരുന്നില്ല, സാമൂഹ്യ വിപ്ലവംതന്നെയായിരുന്നു, 1889-ല്. അന്നാണ് 'സാരസ്വതോദ്യോതിനി' എന്ന സംസ്‌കൃത പഠനക്കളരി പാലക്കാട് ജില്ലയില് പട്ടാമ്പി താലൂക്കില് പെരുമുടിയൂര് ദേശത്ത് പുന്നശ്ശേരി ഇല്ലത്ത് തുടങ്ങിയത്. വളര്ന്ന് വളര്ന്ന് മഹാപാഠശാല (കോളെജ്) ആയ ചരിത്രം വലുതാണ്. അതാണ് പട്ടാമ്പി സംസ്‌കൃത കോളെജ്- ശ്രീ നീലകണ്ഠ ഗവണ്മെന്റ് സാന്സ്‌ക്രിറ്റ് കോളെജ്, പട്ടാമ്പി.
സര്ക്കാര്തലത്തില് പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാക്കിയത് 1859 ലാണ്. പിന്നെയും 36 വര്ഷം കഴിഞ്ഞു പിന്നാക്ക വിഭാഗത്തില്പെട്ടവര്ക്ക് വിദ്യാലയവും പഠന സൗകര്യവും കിട്ടാന്. (അപ്പോഴേക്കും ഇംഗ്ലീഷ് പഠിത്തമാണ് വിദ്യാഭ്യാസമെന്ന ചിന്താപദ്ധതി കേരളത്തിന്റെ തലയില് കയറ്റിവെക്കാന് തല്പരകക്ഷികള്ക്കു കഴിഞ്ഞിരുന്നു. മിഷണറി പ്രവര്ത്തനവും ബ്രിട്ടീഷ് ഭരണവുമാണ് ഭാരതത്തില് റെയില്പാളവും ഇംഗ്ലീഷ് വിദ്യാഭ്യാസവും അതുവഴി വികസനവും സംസ്‌കാരവും കൊണ്ടുവന്നതെന്ന ചിന്തയും വികാരവും പുലര്ത്തുന്നവര് ഇന്നുമുണ്ടല്ലോ!) അക്കാലത്താണ് സര്വര്ക്കും സംസ്‌കൃതം പഠിക്കാനുള്ള സൗകര്യമൊരുക്കി പുന്നശ്ശേരി ഇല്ലത്തിന്റെ വാതില് അദ്ദേഹം തുറന്നിട്ടത്. ഗുരുതന്നെ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്:
''ഈ കോളെജ് 1889 ല് ആരംഭിച്ചതാകുന്നു. ഇതിന്റെ ആരംഭത്തിന് പ്രധാനകാരണങ്ങള് രണ്ടായിരുന്നു. നമ്മുടെ സസ്‌കൃത ഭാഷ ലോകത്തുള്ള എല്ലാ ഭാഷകളുടെയും മാതൃസ്ഥാനത്തിന് സര്വഥാ അര്ഹിക്കുന്നതാണെങ്കിലും ഇതിനെ പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ജനങ്ങള്ക്ക് പരക്കെ വൈമുഖ്യം ഉണ്ടായിരുന്നത് ഒന്ന്; ഈ ദിക്കുകാര്ക്ക് വിദ്യാഭ്യാസം വളരെ കുറവാകയാല് ജഞാനാന്ധകാരം അജ്ഞാനാന്ധകാരം കുറേയധികം ഇവിടങ്ങളില് പരന്നു പിടിച്ചത് മറ്റൊന്ന്...''
''... ഇത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, അന്നുവരെ- ഞാന് സംസ്‌കൃത പാഠശാല തുടങ്ങുന്നതുവരെ- തീണ്ടല് ജാതിക്കാര്ക്ക് സംസ്‌കൃതം പഠിക്കുവാന് അധികാരമുണ്ടായിരുന്നില്ല. സരസ്വതീദേവിക്ക് ആരും തീണ്ടല്ക്കാരനല്ല എന്നുള്ള ഉറച്ചവിശ്വാസത്താല് എല്ലാമതക്കാരേയും സംസ്‌കൃതം പഠിപ്പിക്കാന് ഈയുള്ളവന് എപ്പോഴും പ്രയത്‌നിച്ചു പോന്നിട്ടുണ്ട്. എന്നാല്, പരിശ്രമത്തെ ചിലര് എതിര്ക്കാതിരുന്നിട്ടില്ല. അവരെ സമ്മതിപ്പിക്കാന് സാമൂതിരി മഹാരാജാവില്നിന്ന് ഒരെഴുത്തും ഞാന് സമ്പാദിച്ചു. അതില് ജാതിഭേദംകൂടാതെ എല്ലാവര്ക്കും സംസ്‌കൃതം പഠിപ്പിക്കാമെന്ന് വിധിച്ചിട്ടുണ്ട്. എന്നിട്ടും സവര്ണ ഹിന്ദുക്കളെ ഭയപ്പെട്ട് ഒരു അവര്ണന് പോലും പഠിക്കാന് തയാറായില്ല. ഞാന് ഇച്ഛാഭംഗപ്പെടാതെ എന്റെ ഉത്തമ സുഹൃത്തായ ശ്രീനാരായണ ഗുരുവിന്റെ സഹായം അഭ്യര്ഥിച്ചു. സമുദായ പരിഷ്‌കാരം വരുത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം തിരുവിതാംകൂര് പ്രദേശങ്ങളില്നിന്ന് അവിടത്തെ ഗവണ്മെന്റ് കലാശാലകളില് പ്രവേശനം ലഭിക്കാത്ത ചില ഈഴവ ശിഷ്യന്മാരെ അയച്ചുതന്നു. അവരെതുടര്ന്ന് മറ്റുള്ളവരും വന്ന് പഠിക്കാന് സന്നദ്ധരായി. ഇങ്ങനെ ജാതിഭേദംകൂടാതെ സകല ജനങ്ങളും സംസ്‌കൃതം പഠിക്കാന് അധികാരികളായി ഭവിച്ചു.''
കേരളത്തിലെ സംസ്‌കൃതത്തിന്റെ ചരിത്രം പുറയുമ്പോള് പുന്നശ്ശേരിയെ കേന്ദ്രീകരിച്ചാകാതെ സാധിക്കില്ല. കാരണം ആ വ്യക്തി ഏറ്റെടുത്ത യജ്ഞം സാധ്യമാക്കാന് നടത്തിയ തപസ്സിന്റെ വ്യാപ്തിയും സാധനയും സഹനവും ത്യാഗവും അത്രയേറെയാണ്. വിജയിച്ചത് ലക്ഷ്യബോധവും കര്മകൃത്യതയും കൊണ്ട്. സംവിധാനങ്ങള് ഉണ്ടായിട്ടും തകര്ന്നു കിടക്കുന്ന ഇന്നത്തെ സര്വകലാശാലകളും അതിന്റെ നിയന്ത്രിതാക്കളും പഠിച്ച് അനുകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടതാണ് ആ നിഷ്ഠാവൃത്തി. കളരിയായിത്തുടങ്ങി, സ്‌കൂളായി, കേരളത്തില് വിവിധ ജില്ലകളില് നാല്പ്പതിടങ്ങളില് അതിന്റെ സ്വാധീനത്തില് സംസ്‌കൃത പഠന കേന്ദ്രങ്ങള് തുടങ്ങി, കളരി സ്‌കൂളായി, മാതൃകാ പാഠശാലയായി, അന്നത്തെ മദ്രാസ് സര്ക്കാര് ധനസഹായം നല്കി, പില്ക്കാലത്ത് ഒാറിയന്റല് സ്‌കൂളായി, സംസ്‌കൃത കോളെജായി മാറിയത് വലിയൊരു ചരിത്രമാണ്.
മാഹമ്മദ പാഠശാല
''മാഹമ്മദ പാഠശാല എന്നപേരില് ഒരു സംസ്‌കൃത പാഠശാല കോഴിക്കോട്ടിന് സമീപം ഉണ്ടായിരുന്നതായി കാണുന്നു. ഗുരുനാഥന്റെ ശിഷ്യനായിരുന്ന ഇട്ടിരാരിച്ചനാണ് അധ്യാപകന്. 14 വിദ്യാര്ഥികളാണ് പഠിച്ചിരുന്നത്. അവരില് പത്തുപേരെ സംസ്‌കൃത പാഠശാല പരിശോധകന് (മദ്രാസ് ഗവണ്മെന്റിന്റെ ഔദ്യോഗിക ഇന്വിജിലേറ്റര്) കൃഷ്ണമാചാര്യന് 1905 ല് പരിശോധിച്ചതായി വിജ്ഞാന ചിന്താമണി (പുന്നശ്ശേരിയുടെ മേല്നോട്ടത്തില് ഇറങ്ങിയിരുന്ന മാസിക) പറയുന്നു. ... മുഹമ്മദീയരും സംസ്‌കൃതം പഠിക്കാന് തുടങ്ങിയതില് ഗുരുനാഥന് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.'' (പു.നീ.ശ- കെ.പി. നാരായണ പിഷാരോടി)
പുന്നശ്ശേരി ഗുരു, ലക്ഷ്യം സാധ്യമാക്കാന്, സ്വപ്രയത്‌നംകൊണ്ട് തിരുവിതാംകൂര്, കൊച്ചി, സാമൂതിരി രാജാക്കന്മാരുടെ സഹായവും സഹകരണവും നേടി. പണ്ഡിതരുടെ മുഴുവന് പിന്തുണയും സമ്പാദിച്ചു. ശാസ്ത്രങ്ങള് സ്വയം പഠിച്ചും പഠിച്ചവരെ കണ്ടെത്തിനിയാഗിച്ചും ശിഷ്യരെ പഠിപ്പിച്ചു. സംസ്‌കൃതത്തിന്റെ, ആയുര്വേദ ചികിത്സാ ശാസ്ത്രത്തിന്റെ, ജ്യോതിശാസ്ത്രത്തിന്റെ, വേദശാസ്ത്രത്തിന്റെ, സാഹിത്യത്തിന്റെ, രംഗകലാഭ്യാസത്തിന്റെ എന്നുവേണ്ട സകലതിന്റേയും പഠനക്കളരിയാക്കിമാറ്റി പുന്നശ്ശേരി ഗുരുകുലത്തെ. പണപ്പിരിവിന് മാസത്തിലേറെ നീണ്ട യാത്രനടത്തി. അപമാനിക്കപ്പെടുകയും അവഗണിക്കുകയും ചെയ്തപ്പോള് പുഞ്ചിരിയോടെ നേരിട്ടു. ഔദ്യോഗിക എതിര്പ്പുകളെ നേരിട്ട് മറികടന്നു. അക്ഷരാര്ഥത്തില് യജ്ഞമായിരുന്നു ആ ജീവിതം.
പറഞ്ഞാല് തീരില്ല, ആ 'ഭാഷാപോഷണ സാഹസങ്ങള്. തനിക്കാവും പോലെ ഇല്ലത്തെ പത്തായപ്പുരയില് താല്പര്യത്തില് വരുന്നവരെ സംസ്‌കൃതം പഠിപ്പിക്കാനൊരു കളരി എന്ന സങ്കല്പ്പത്തില് തുടങ്ങിയ സംരംഭം ഒരു സര്വകലാശാലയ്ക്കുവേണ്ടുന്ന ചിട്ടയും വ്യവസ്ഥയും സംവിധാനവും, അതും എല്ലാം തികഞ്ഞവിധം രൂപപ്പെടുത്തിയതാണ് ആ പണ്ഡിത ജീവിതത്തിന്റെ സാഫല്യം. അതൊരു സാമൂഹ്യ വിപ്ലവമായിരുന്നുവെന്നത് നിസ്തര്ക്കമാണ്. പക്ഷേ, അത് സംസ്‌കൃതത്തിനു വേണ്ടിയായതിനാല് വേണ്ടത്ര ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു മാത്രം. കാരണം സംസ്‌കൃതത്തെ വരേണ്യവര്ഗത്തിന്റെ, അവര്ണ വിരുദ്ധതയുടെ പ്രതീകമാക്കി ചിലര് എന്തിനോ മുദ്രകുത്തിയൊതുക്കി. അത് ആസൂത്രിതമായിരുന്നു. ഇപ്പോഴും തുടരുന്നു. ജര്മനി, ബ്രിട്ടണ്, യുഎസ്, മറ്റ് യുറോപ്യന് നാടുകള് എന്നിവിടങ്ങളില് സംസ്‌കൃതം പഠിക്കാന് കൂടുതല് കൂടുതല് സംവിധാനങ്ങള് ഉണ്ടാകുമ്പോഴാണിത്.
പുന്നശ്ശേരി കളരിയുടെ സ്വാധീനം പുതിയ പഠന കേന്ദ്രങ്ങളായും പുതിയ മേഖലകളില്നിന്ന് ഉത്സുകരായ വിദ്യാര്ഥികളായും കേരളം മുഴുവന് വ്യാപിച്ചു. വിവിധ മതവിഭാഗത്തില്നിന്നും വിവിധ ജാതിയില് പെട്ട, സ്ത്രീകള് ഉള്പ്പെടെയുള്ളവര് സംസ്‌കൃതം പഠിക്കാനെത്തി. പില്ക്കാലത്ത് പ്രശസ്തനായിത്തീര്ന്ന ചികിത്സകന് അസനാര് വൈദ്യരും മറ്റും ചില ഉദാഹരണങ്ങള്. ശ്രീലങ്കയില്നിന്ന് പഠിതാക്കളെത്തി. തിരുവിതാംകൂറില്നിന്ന് ക്രൈസ്തവ വിഭാഗത്തില്നിന്ന് വിദ്യാര്ഥികളുണ്ടായി. വയനാട്, തലശ്ശേരി, പൊന്നാനി, ഗുരുവായൂര്, മലപ്പുറം, പുതുക്കോട്, അഴിക്കോട്, ചിറ്റൂര്, പാവറട്ടി എന്നിങ്ങനെ വിവിധ സ്ഥലങ്ങളില് സംസ്‌കൃത പഠനത്തിന് ആളുകളെത്തി. പത്തായപ്പുരയില്നിന്ന് സംസ്‌കൃത വിജ്ഞാന കേന്ദ്രങ്ങള് നാട്ടിലെമ്പാടുമായി.
പിന്നെന്തുപറ്റി?
'സംസ്‌കൃതം മൃതഭാഷയാണ്, അംഗീകാരമോ സഹായമോ നല്കില്ല,' എന്ന ബ്രിട്ടീഷ് ധാര്ഷ്ട്യത്തിന്റെ മദ്രാസ് ഗവര്ണര് ഗുരുനാഥന് പുന്നശ്ശേരിയോട് 1893-ല് മുഖത്തടിച്ചപോലെയാണ് പറഞ്ഞത്. ഗവര്ണര് ഹാവ്‌ലോക്കിന്റെ മലബാറില്നിന്നുള്ള യാത്രാമധ്യേ ഏറെ സാഹസപ്പെട്ടാണ് കണ്ടാണ് പുന്നശ്ശേരി ആവശ്യം ഉന്നയിച്ചത്. പക്ഷേ, തളരാതെ അടുത്ത 10 വര്ഷത്തിനുള്ളില് സര്ക്കാര് സഹായം അദ്ദേഹം നേടിയെടുത്തു. പക്ഷേ, നാലുപതിറ്റാണ്ടിലേറെ അവിശ്രമം പ്രവര്ത്തിച്ച് സംസ്‌കൃതത്തിന് അദ്ദേഹം നേടിയെടുത്ത പെരുമയും അംഗീകാരവും എത്ര പെട്ടെന്നാണെന്നോ ചിലര് ആസൂ്രതിതമായി ഇല്ലാതാക്കിയത്. ഭാഷയുടെ കാഠിന്യമോ ദുര്ഗ്രഹതയോ വശമാക്കാനുള്ള ശേഷിക്കുറവോ ഒന്നുമായിരുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മേല്ക്കൈയും മാത്രമായിരുന്നില്ല. ആസൂത്രിതമായ അവഗണനയും ഒതുക്കലും ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. എന്തിനായിരുന്നിരിക്കണം? ഭാരത സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ആസൂത്രിത രാജ്യാന്തര പദ്ധതിയുടെ ഭാഗമായിരുന്നിരിക്കണം. അങ്ങനെയല്ലായിരുന്നെങ്കില് 'വേദം കേട്ട അധഃസ്ഥിതന്റെ ചെവിയില് ഇൗയം ഉരുക്കിയൊഴിച്ച കഥ' വിശ്വസിക്കാതെ വന്നേനെ. 'ശൂദ്രമുനിയെ ശ്രീരാമന് അമ്പെയ്തുകൊന്നുവെന്ന് വാല്മീകി രാമയണത്തിലില്ലെന്നും ആരുടെയോ കല്പ്പിതമാ'ണെന്നും സംസ്‌കൃതം പഠിച്ച അധഃസ്ഥിതര് വിളിച്ചു പറഞ്ഞേനെ. അവരെ സംസ്‌കാരത്തിനെതിരേ തിരിക്കാന് നിക്ഷിപ്ത താല്പര്യക്കാര്ക്ക് കഴിയാതെപോയേനെ.
ഇന്നത്തെ സ്ഥിതി?
പട്ടാമ്പി സംസ്‌കൃത കോളെജ് ഇപ്പോള് കോഴിക്കോട് സര്വകലാശാലയിലുള്പ്പെട്ട, നാക് അക്രഡിറ്റേഷനുള്ള ആര്ട്‌സ് ആന്ഡ് സയന്സ് വിഷയങ്ങളും അറബിക് ഉള്പ്പെടെ ഭാഷാ വിഷയങ്ങളും പഠിപ്പിക്കുന്ന കോളെജാണ്. ഇവിടെ സംസ്‌കൃത പഠനം എത്രത്തോളം, എങ്ങനെ, എന്ത് പ്രാധാന്യത്തില് എന്നത് ചര്ച്ച ചെയ്യേണ്ടതാണ്.
പുന്നശ്ശേരിയുടെ മാതൃകാ പാഠശാല ഇപ്പോള് സര്ക്കാര് ഓറിയന്റല് സ്‌കൂളായി മാറി, അവിടെ സംസ്‌കൃതം പഠന വിഷയമാണ്. ഭാഷാപഠന സ്‌കൂളായ ഇവിടെ അറബി പഠിക്കുന്നവര് പക്ഷേ സംസ്‌കൃതം പഠിക്കേണ്ട. മലയാളം പഠിപ്പിക്കുന്നുമില്ല.
പട്ടാമ്പി സംസ്‌കൃത കോളെജിന് സമീപം നാലു പതിറ്റാണ്ടായി പ്രവര്ത്തിക്കുന്ന സര്ക്കാര് അംഗീകരിച്ച, ഇംഗ്ലീഷ് മീഡിയം സ്‌കൂളുണ്ട്, സിജിഎം ഹയര് സെക്കണ്ടറി സ്‌കൂള്. അവിടെ സര്ക്കാരിന്റെ ത്രിഭാഷാ പദ്ധതിക്കു പുറമേ, ണ്ടാം ക്ലാസുമുതല് പത്തുവരെ സംസ്‌കൃതം നിര്ബന്ധ പാഠ്യ വിഷയമാണ്. പുന്നശ്ശേരി ഗുരുകുലത്തിന്റെ സ്വാധീനത്തില് സ്‌കൂള് തുടങ്ങിയ കാലം മുതല് അതാണ് ചിട്ട. അങ്ങനെയുമുണ്ട് ചില പ്രതീക്ഷാ വിളക്കുകള്.
സര്ക്കാര് നിലപാടോ?
പക്ഷേ, സര്ക്കാര് നിലപാടെന്താണ്. സംസ്‌കൃതത്തെ ശോഷിപ്പിക്കാനും പോഷിപ്പിക്കാനും സര്ക്കാരിനാകും. സംസ്ഥാനത്തെ രാഷ്ട്രീയം ഈ ഭാഷാ പഠനത്തെ എത്രമാത്രം ബാധിച്ചുവെന്ന് വിലയിരുത്തിയാല് അമ്പരന്നുപോകും. ചോദിച്ചേക്കാം സംസ്‌കൃതത്തിന് കാലടിയില് സര്വകലാശാലയില്ലേ എന്ന്. ഉണ്ട്. ഗവേഷണം വരെ നടത്താം. പക്ഷേ, സംസ്‌കൃതത്തിന്റെ ബാലപാഠം പഠിപ്പിക്കാന് സര്വകലാശാലയ്ക്കാകുമോ? സര്വകലാശാലയിലെ വിവിധ കോഴ്‌സുകളുടെ പട്ടികയും നോക്കുക. അപ്പോള് യഥാര്ഥ വിവരങ്ങള് അറിയാം.
അടിത്തറയില്ലാതെങ്ങനെ?
അടിത്തറ പണിയാതെ കൊട്ടാരം കെട്ടിയിട്ടെന്തു കാര്യം. പുന്നശ്ശേരിയിലെ ഗുരു, സംസ്‌കൃതക്കളരിയില് തുടങ്ങിയാണ് കോളെജിലെത്തിച്ചത്. നഴ്‌സറി (കളരി) മുതല് അഞ്ചുവരെ എല്പി ക്ലാസുകളായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇന്ന് സര്ക്കാരിന്റെ പദ്ധതിയോ. എല്പിയില് സംസ്‌കൃതം സര്ക്കാരിന് താല്പര്യമില്ല.
എല്പി സ്‌കൂളില് സംസ്‌കൃതം പഠിക്കാന് വിദ്യാര്ഥികള് വരുന്നുണ്ടോ? വന്നാല് അവരെ പഠിപ്പിക്കാന് സ്‌കൂളുകള്ക്ക് അധ്യാപകരെ നിയോഗിക്കാം. സംസ്ഥാന സര്ക്കാരിന് എതിര്പ്പില്ല. അധ്യാപകര്ക്ക് സ്‌കൂള്, അല്ലെങ്കില് പിടിഎ ശമ്പളം കൊടുത്തുകൊള്ളണം, സര്ക്കാരിന് അക്കാര്യത്തില് ഉത്തരവാദിത്തമില്ല. പക്ഷേ, അവിടെ എന്തുപഠിപ്പിക്കണമെന്ന് സര്ക്കാര് തീരുമാനിക്കും. പാഠപുസ്തകങ്ങള് സര്ക്കാര് തരും. കാര്യങ്ങള് വ്യക്തം. അതായത്, ആ ഭാഷ ആരും പഠിക്കരുത്, വഴിതെറ്റി, ആരെങ്കിലും പഠിക്കാന് വന്നാല് അവരെന്തു പഠിക്കണമെന്ന് സര്ക്കാര് നിശ്ചയിക്കും.
യുപി ക്ലാസുകളില് 10 കുട്ടികള് സംസ്‌കൃതം പഠിക്കാനുണ്ടെങ്കില് പഠിപ്പിക്കാന് ആളിനെ കണ്ടെത്തിക്കോളൂ, സര്ക്കാര് ശമ്പളം കൊടുക്കും; എന്തൊരു ഔദാര്യം! എല്പി സ്‌കൂളില് മുഴുവന് കുട്ടികളും സംസ്‌കൃതം പഠിക്കാന് തയാറായാലും പക്ഷേ സര്ക്കാരിന് താല്പര്യമില്ല. മനഃപാഠം പഠിക്കേണ്ട, എല്ലാം മനസിലുറപ്പിച്ചുവയ്‌ക്കേണ്ട, ഉറയ്ക്കുന്ന കുട്ടിക്കാലമാണ് എല്പി കാലം. അവിടെ പഠിപ്പിക്കില്ലെന്ന് പിടിവാശി! ഇതര ഭാഷകള്ക്കില്ലാത്ത വ്യവസ്ഥകള്!!
യാഥാര്ഥ്യബോധമില്ലാതെ
വാസ്തവമാണ്, സംസ്‌കൃതം സംസാരഭാഷയല്ല, വ്യവഹാര ഭാഷയുമല്ല. പക്ഷേ, ആഡംബരത്തിനല്ലാതെ, അവശ്യമായ വസ്ത്രംപോലെ, അവശ്യമായ വീടുപോലെ, അവശ്യമായ കുടിവെള്ളംപോലെ അവശ്യംതന്നെയാണ് ഈ ഭാഷയുമെന്ന് എന്തുകൊണ്ട് തോന്നിക്കൂടാ. പ്രത്യേകിച്ച് ഈ സംസ്‌കൃത ഭാഷയില് ഇനിയും പൂര്ണമായി ഉപയോഗിക്കാത്ത വിജ്ഞാന ഖനികള് ഉണ്ടെന്ന് ഉറപ്പുള്ളപ്പോള്. രാഷ്ട്രീയവും സിദ്ധാന്തവും മാറ്റിവച്ച്, ലഭ്യമാകുന്ന പഴയ രേഖകളിലെ ശരിയും തെറ്റും വേര്തിരിച്ചെടുക്കാനുള്ള അവകാശം ലംഘിക്കാതിരിക്കാനുള്ള മര്യാദകള്ക്ക് ഔദ്യോഗിക തലത്തില് എന്തുകൊണ്ട് താല്പര്യം കാട്ടുന്നില്ല. പുന്നശ്ശേരിയുടെ നാലു പതിറ്റാണ്ടത്തെ യജ്ഞഫലം കേരളം പിറന്ന ശേഷമുള്ള ആറു നൂറ്റാണ്ടുകൊണ്ട് ഇല്ലാതാക്കിത്തീര്ക്കണമെന്ന് ചിലര്ക്ക് വാശിയുള്ളതുപോലെ.
സംസ്‌കൃതം പഠിക്കാന് താല്പര്യമുള്ളവരേയും ഇതര ഭാഷകളിലേക്ക് ചേക്കേറ്റാന് അഡ്മിഷന് കാലത്ത് അധ്യാപകര് ആസൂത്രിത ശ്രമം നടത്തുന്ന സംഭവങ്ങള് പല സ്‌കൂളുകളിലുമുണ്ട്. സംസ്‌കൃത കലോത്സവം നടത്തുമ്പോള് കലപരിപാടികള്ക്ക് സ്‌കൂളുകളുടെ മൂത്രപ്പുരയുടെ മൂലതന്നെ നീക്കിവക്കാന് പ്രത്യേകം ശ്രദ്ധിക്കുന്നവരുണ്ട്. സംസ്‌കൃതം പഠിച്ചാല് മാര്ക്കുകിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. സംസ്‌കൃതം ഒരു മതത്തിന്റെ ഭാഷയാണെന്ന് ആക്ഷേപിച്ച്, അത് പഠിക്കുന്നവര്ക്കുമേല് രാഷ്ട്രീയ ചാപ്പ കുത്തുന്നവരുണ്ട്.
തൃശൂര് പാവറട്ടിയില് സംസ്‌കൃത പണ്ഡിതന് പി.ടി. കുര്യാക്കോസ് (പുന്നശ്ശേരി ഇദ്ദേഹത്തെ സംസ്‌കൃതത്തിന്റെ പ്രണയഭാജനം എന്നാണ് പരാമര്ശിച്ചിരുന്നത്) നടത്തിയിരുന്ന സാഹിത്യ ദീപിക സംസ്‌കൃത പാഠശാലയുടെയും (1909-ല് പില്ക്കാലത്ത് മദ്രാസ് സര്വകലാശാല 1934-ല് സാഹിത്യദീപിക സംസ്‌കൃതകോളെജായി അംഗീകരിച്ചു) മറ്റും സ്വാധീനത്താല് സംസ്‌കൃതത്തില് ബിരുദാനന്ദര ബിരുദം നേടിയ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായപ്പോഴും സംസ്‌കൃതത്തിന് അര്ഹമായ പരിഗണന കിട്ടിയില്ല. കാരണം, രാഷ്ട്രീയം. കമ്യൂണിസ്റ്റ് സര്ക്കാരിന്റെ, ഇഎംഎസിന്റെ, മന്ത്രിസഭയിലായിരുന്നു മുണ്ടശ്ശേരി. പലവിധ നിയന്ത്രണങ്ങള്ക്കും നിര്ബന്ധങ്ങള്ക്കും വിധേയന്.
എന്നാല്, രഹസ്യമായും സ്വകാര്യമായും കമ്യൂണിസ്റ്റ് നേതാക്കള് സംസ്‌കൃതം പഠിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയത്തിന്റെ പേരില് അവര് സംസ്‌കൃത ഗ്രന്ഥങ്ങളെ, വിശ്വാസങ്ങളെ എതിര്ത്തു. അവ ദുര്വ്യാഖ്യാനം ചെയ്യാന് അവര് പഠിച്ചു, മറ്റുള്ളവര് പഠിക്കരുതെന്ന് വാശിപിടിച്ചു, തീരുമാനമെടുത്തു, അതിനനുസരിച്ച നയം നടപ്പാക്കി. (കെ. ദാമോദരനും എന്.ഇ. ബാലറാമും ഇ. ചന്ദ്രശേഖരന് നായരും ഇഎംഎസും മറ്റും ഉദാഹരണം, അവര് സംസ്‌കൃതം പഠിച്ചു, ഗ്രന്ഥങ്ങള് അവരുടെ രാഷ്ട്രീയത്തില് വ്യാഖ്യാനിച്ചു.)
രാഷ്ട്രീയ കക്ഷികള് മാറിമാറി ഭരിച്ചപ്പോഴും സംസ്‌കൃത ഭാഷയോട്, സംസ്‌കാരത്തോട് ഉള്ള നിലപാടില് മാറ്റം വന്നില്ല. അതിപ്പോള് കൂടുതല് ശക്തമായി തുടരുന്നു. വിശ്വസംസ്‌കൃത പ്രതിഷ്ഠാന് പോലുള്ള സര്ക്കാരിതര-സമാന്തര സംഘടനകളുടെ പ്രവര്ത്തനത്തിലൂടെയും കേന്ദ്ര സര്ക്കാരിന്റെ സംവിധാനങ്ങളിലൂടെയുമാണ് സംസ്‌കൃത ഭാഷാപഠനം സംവിധാനം ഊര്ദ്ധ്വന് വലിക്കാതെ നിലനില്ക്കുന്നത്.
കണ്ണുതുറക്കാന്
ജര്മ്മനിയിലെ കേന്ദ്രീയ വിദ്യാലയങ്ങളില് സംസ്‌കൃത പഠനത്തിന് കുടുതല് കുട്ടികള് ആവശ്യം ഉന്നയിച്ചപ്പോള് കേന്ദ്രത്തിലെ മോദി സര്ക്കാര് ഒപ്പിട്ട ധാരണാ പത്രപ്രകാരം അവിടെ മൂന്നാം ഭാഷയായി സംസ്‌കൃതമാണ് പഠിപ്പിക്കുന്നത്. അതിനെതിരേ, രാജ്യത്തിന്റെ ത്രിഭാഷാ പഠന പദ്ധതിയില് ഹിന്ദി, ഇംഗ്ലീഷ്, തദ്ദേശ ഭാഷ എന്നിവയാണ് ഉള്പ്പെടുന്നതെന്നും സംസ്‌കൃതമില്ലെന്നും ചട്ടവിരുദ്ധമാണെന്നും നിയമം നിരത്തുന്നവര് പോലുമുണ്ട്. അവരുടെയും സംസ്‌കൃതത്തെ ചിത്രവധം ചെയ്യുന്നവരുടെയുമെല്ലാം ഉദ്ദേശ്യം ഒന്നുതന്നെയാണ്.
ഇനിയൊരു പുന്നശ്ശേരി നീലകണ്ഠ ശര്മാ ഉണ്ടായേക്കില്ല. പക്ഷേ, ആ ഗുരു ജീവിതയജ്ഞം ചെയ്തു നിലനിര്ത്തി, പോഷിപ്പിച്ച ഭാഷയുടെ അന്തിമകര്മം ചെയ്യാന് സ്വരുക്കൂട്ടുന്നവര്ക്ക് അജ്ഞാന തിമിരം മാറാന് കണ്ണില് ചുണ്ണാമ്പെഴുതിയിട്ടു കാര്യമില്ലല്ലോ, അതിനു ജ്ഞാന ശലാകതന്നെ വേണം. അതിന് പുന്നശ്ശേരി ഗുരുവിന്റെ ജീവിതം അറിയണം.