Wednesday, December 29, 2021

പട്ടുവസ്ത്രങ്ങളില്ല, അരപ്പട്ടയില്ല, ആഭരണങ്ങളില്ല. പക്ഷേ, എനിയ്ക്ക് ഇതുണ്ട്

 ജ്ഞാനപീഠ സമ്മാനിതൻ (1980) ശ്രീ എസ്.കെ. പൊറ്റെക്കാട്ട് (1913-1982) എന്ന ശങ്കരൻ കുട്ടി പൊറ്റെക്കാട്ട് എന്ന, ' ആഗോള മലയാളി സഞ്ചാരി ,' ലോകത്തെ നമുക്ക് അക്ഷരത്തിൽ കാണിച്ചു തന്നതോടൊപ്പം സ്വന്തം വീടിനു ചുറ്റുമുള്ള (ചന്ദ്രകാന്തം, കോഴിക്കോട്) പ്രദേശവും ദേശവും കാണിച്ചു തന്നു.



അസാമാന്യമാണ് ആ എഴുത്തുബോധം. കാൽച്ചുവടും എവറസ്റ്റ് പൊക്കവും ഒരാൾ കാണുക അസാധാരണമാണ്.
അങ്ങനെ, എസ് കെ കണ്ട സ്വന്തം സ്ഥലമാണ് 'അതിരാണിപ്പാട'ത്തിൻ്റെ കഥയായത്- 'ഒരു ദേശത്തിൻ്റെ കഥ'.
അതി മനോഹരമായ ഭാഷയിൽ അതി ലളിതമായി അതി സരസം പറയുന്ന ദേശക്കഥ പ്രസിദ്ധീകരിച്ചിട്ട് 50 വർഷമാകുന്നു. 1971 ലാണ് ആദ്യ പതിപ്പ്.
100 വർഷം മുമ്പ് നടന്ന, 1921 മാപ്പിളക്കലാപത്തെക്കുറിച്ച് ഈ പുസ്തകത്തിലുണ്ട്; 'ജഗള' എന്ന അധ്യായം. അങ്ങനെ നോക്കുമ്പോൾ 100 ൻ്റെ സ്മരണയുമുണ്ട്. നൂറും അമ്പതും ചേർന്ന 2021, ദേശത്തിൻ്റെ രേഖപ്പെടുത്തേണ്ട കഥയാണ്.
കഥ ചരിത്രമാകുന്നത് അങ്ങനെയാണ്; ചരിത്ര സംഭവങ്ങൾ ഉണ്ടാകുന്നത്.
സംഭവങ്ങൾ ചരിത്രത്തിലാകുന്നത്.
കഴിഞ്ഞ ദിവസം, കോഴിക്കോട്ട് പുതിയറയിലുള്ള എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ പോയിരുന്നു. കൊവിഡ് കഴിഞ്ഞ് മെല്ലെ മെല്ലെ കേന്ദ്രം പതിവ് പ്രവർത്തനത്തിലേക്ക് കടക്കുന്നു. (അവിടെ, ജന്മഭൂമിയുടെ ഒരു ഫോട്ടോ ആൽബം പ്രകാശന പരിപാടി ഉണ്ടായിരുന്നു.)
കേന്ദ്രത്തിൻ്റെ വാതിൽക്കൽ ഒരു വശത്ത്, നിൽക്കുന്നു എസ് കെ പ്രതിമ. കൈയിൽ കുടയുണ്ട്. മരത്തണലിലായതിനാലാവാം നിവർത്തിയിട്ടില്ല!
മിഠായിത്തെരുവിൽ ഒരു എസ് കെ പ്രതിമയുണ്ട്; വെയിലത്തായിട്ടും കുടയുമില്ല, ചാമരവുമില്ല, ഒന്നും കൂസാതെ നിൽക്കുന്നു!!
ഇന്ന് കാലത്ത് മിഠായിത്തെരുവിലെ എസ് കെയുടെ അടുത്ത് പോയി... കുറച്ചു നേരം ഞങ്ങൾ തമ്മിൽ മിണ്ടാതെ സംസാരിച്ചു. അതിനിടെ, കുടയുടെ കാര്യം ഞാൻചോദിച്ചു. എസ് കെ വശം കോട്ടി ചിരിച്ചുവോ... ഏയ്... പ്രതിമ ചിരിക്കുമോ... തോന്നിയതാവും... അപ്പോൾ എനിക്ക് ചിരി വന്നു...
മിഠായിത്തെരുവ് തിരക്കിലായില്ല, ഞായറാഴ്ച്ച, സമയം കാലത്ത് ഏഴു മണിയും. ദുർഗാദേവി ക്ഷേത്രത്തിലും ഹനുമാൻ സ്വാമി ക്കോവിലിലും വിശ്വാസികളുടെ തിരക്ക്. തെരുവോരക്കച്ചവടക്കാർ ഒരുക്കുകൂട്ടുന്നു. 25 വർഷം മുമ്പ് ഈ നഗരത്തിൽ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെക്കഴിയുമ്പോൾ തെരുവ് ഇങ്ങനെയൊന്നുമായിരുന്നില്ല. അപ്പോൾ എസ് കെയുടെ കാലത്തെ തെരുവ് !!
ഇളം വെയിലും നെടും നിഴലും നോക്കി അലസം നടക്കുമ്പോൾ, വീണ്ടും കുട ഓർമ വന്നു..
പണ്ട്, ഒരു 40 വർഷമെങ്കിലും മുമ്പ്, അച്ഛൻ പഠിപ്പിച്ച ചില ശ്ളോകങ്ങൾ ഓർമ വന്നു... അതിൽ ഒരെണ്ണം എസ് കെയുടെ, എനിക്ക് തോന്നിയ ചിരിയുടെ അർഥം പ്രകടിപ്പിക്കുന്നതായി തോന്നി.
ശ്ലോകം ഇങ്ങനെ:
'നഃ ഛത്രം നഃ തുരംഗമു നഃ വദതാം വൃന്ദാനിനോ വന്ദിന,
നഃ ശ്മശ്രൂണി ന പട്ടബന്ധ വസനം നഗ്യംബരാഡംബരം,
അത്യസ്മാകം, അബന്ധമന്ഥരഗിരിപ്രോഗ്ധൂതദുഗ്ധോദധിപ്രേംഖദ്വീധിപരമ്പരാപരിണതാവാണീതുനാണീയസി' എന്ന്.
കാക്കശ്ശേരി ഭട്ടതിരിയുടേതാണെന്ന് ഓർമ്മ. (തെറ്റെങ്കിൽ തിരുത്തണേ)
ഏകദേശ അർഥം: സംസ്കൃത വിദ്വൽ സദസ്സിൽ ചൊല്ലിയതാണ്... ''എനിക്ക് (അധികാര- ആഢ്യത്വചിഹ്നങ്ങളായ) കുടയില്ല, കുതിര, പ്രശംസ പാടുന്ന വൈതാളികില്ല, ധാടിയില്ല, പട്ടുവസ്ത്രങ്ങളില്ല, അരപ്പട്ടയില്ല, ആഭരണങ്ങളില്ല. പക്ഷേ, എനിയ്ക്ക് ഇതുണ്ട്; മന്ഥര പർവതം മത്താക്കിപ്പാലാഴി കടഞ്ഞപ്പോൾ ഉണ്ടായ കൂറ്റൻ തിരമാലകളെപ്പോലും നാണിപ്പിക്കുന്ന തരം വാഗ്വിലാസം, '' എന്ന്...
മൂന്നും നാലും വരികൾ നോക്കൂ... 'ഒറ്റപ്പദപ്രയോഗ'മാണ്.
കവിത്വത്തിൻ്റെ, വിദ്വത്വത്തിൻ്റെ, ഭാഷയുടെ കരുത്ത് നോക്കണം... തിരിച്ചറിയുന്ന, സത്യബോധമുള്ളവർ നമിക്കും...
എസ്കെയ്ക്ക് പ്രണാമം...
സെൽഫിയെടുക്കാൻ പ്രതിമയ്ക്കു മുന്നിൽ തിരിഞ്ഞ് നിൽക്കേണ്ടി വന്നതിന് ക്ഷമാപണം.
2021 ഡിസംബർ 12. 7:15 AM

No comments:

Post a Comment