Wednesday, December 29, 2021

നെയ്‌വിളക്ക്, കെടാവിളക്ക്

 നെയ്‌വിളക്ക്, കെടാവിളക്ക്


ഡിഗ്രിക്ക് ആലപ്പുഴ എസ്ഡി കോളെജിൽ (സനാതന ധർമ്മ കോളെജ്, കളർകോട്) പഠിക്കുമ്പോൾ കോളെജ് മാഗസിനിലേക്ക് ഒരു കവിത കൊടുക്കാൻ തോന്നി; കാലം 1984 അവസാനം. അന്ന് കെഎസ് യു നേതാവ് സുരേഷ് രാജശേഖരനായിരുന്നു മാഗസിൽ എഡിറ്റർ എന്ന് തോന്നുന്നു. ടി.ടി. ശ്രീകുമാർ, അനിതാ തമ്പി, സാബു ഷൺമുഖം, ഉണ്ണി ബാലകൃഷ്ണൻ (അന്ന് ഉണ്ണിയുടെ പേര് അങ്ങനെ ആയിരുന്നോ എന്ന് സംശയം) ഒക്കെയാണ് അന്ന് താരങ്ങൾ. കവിത കൊടുത്തു. പ്രസിദ്ധീകരിക്കുമെന്ന് വിശ്വാസമില്ല, കാരണം കോളെജ് മാഗസിനൊക്കെ രാഷ്ട്രീയ താൽപര്യങ്ങളിലാണ് അന്നും. ഇന്ദിരാ വധത്തിന്റെ പശ്ചാത്തലത്തിലാണ് കവിത. പദ്യമെന്നൊക്കെ പറയാമെന്നല്ലാതെ കവിതയെന്ന് വിളിക്കാമായിരുന്നോ അതിനെ. മാത്രമല്ല, അതിൽ ഒരുവരിയിൽ വൃത്തവും ഈണവും താളവുമൊക്കെ തെറ്റിച്ച് മുഴച്ചുനിൽക്കുന്ന ഒരുഭാഗവുമുണ്ടായിരുന്നു. പക്ഷേ, മാഗസിൻ വന്നപ്പോൾ കവിതയുണ്ട്. കവിതയിൽ ആ വരി തിരുത്തിയിട്ടുണ്ട്... അത് ഇങ്ങനെയായിരുന്നു: 'ഗരിമയൊടുനിന്നൊരാ സൈന്ധവപ്രാന്തത്തിലൊരു വിപിനരോദനം കേൾക്കാം, ഒരുമയ്ക്കുവേണ്ടിയാ സത്യസമത്വത്തിനാരോ മുഴക്കിയ ഘോഷം' എന്ന് തിരുത്തിയത്. ഞാനെഴുതിയ വരിയിലെ 'ആസേതുഹിമാചലേ' ആയിരുന്നു സൈന്ധവപ്രാന്തത്തിലായത്. എന്റെ 'ശബ്ദ'മാണ് 'ഘോഷ'മായത്. പദ്യം കവിതയായി മാഗസിനിൽ കയറുകയായിരുന്നു. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർ വഴി അറിഞ്ഞതാണ്, കവിതയാക്കിയത് അമ്പലപ്പുഴ ഗോപകുമാർ സാർ ആയിരുന്നുവെന്ന്. സാറാണ് കവിത തിരഞ്ഞെടുത്തത്.
മലയാളം ബിഎയ്ക്ക് പഠിക്കുന്ന എന്റെ വകുപ്പ് മേധാവിയാണ് അന്ന് ഗോപകുമാർ സാർ. ഈ കവിതക്കാര്യം സാറിനോട് ഞാൻ മുൻപേ പറഞ്ഞില്ല, പ്രസിദ്ധമാക്കാൻ തിരഞ്ഞെടുത്ത കാര്യം സാർ എന്നോടും. കവിത തിരുത്തിയതിന്റെ സൗന്ദര്യം സാറിനോട് ഒരു ഉച്ചനേരം പറഞ്ഞപ്പോൾ ആരുടെ കവിതയെന്ന് ഞാൻ നോക്കിയിരുന്നില്ല, ശശികുമാറിന്റേതായിരുന്നോ, ഇനിയും എഴുതണം. അതിന് വായിക്കണം, കൂടുതൽ കൂടുതൽ കവികളെ വായിക്കണം. എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഒക്കെ വായിക്കണം. ഒപ്പം ആധുനികരേയും പഠിക്കണം. കവിതയ്ക്ക് ആത്മാവും ശരീരവും വേണം തുടങ്ങി പലതും പറഞ്ഞു.

അക്ഷരശ്ലോകം ചൊല്ലാനുള്ള എന്റെ കഴിവ് സാർ എന്റെ കുട്ടിക്കാലത്തേ അറിഞ്ഞിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളർകോട്ടെ ഒരു വായനശാലയിൽ (ജയ്ഹിന്ദ് ആണെന്ന് ഓർമ, കൈതവനയിൽ) ശ്ലോകം ചൊല്ലിയതിന് സാറാണ് സമ്മാനം നൽകിയത്. പ്രീഡിഗ്രിക്ക് കോളെജിൽ ചേരാൻ ചെന്നപ്പോൾ അച്ഛൻ എന്നെയും കൂട്ടി സാറിനെ കണ്ട് ആ ഓർമ പുതുക്കിയിരുന്നു. അന്നു മുതൽ ജീവിതത്തിന്റെ സന്തോഷകാലത്തും ദുർഘടകാലത്തും സാറിന്റെ സാന്ത്വനമോ സാമീപ്യമോ സമ്മാനമോ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ദിവസം, സാറിന്റെ 'നെയ്‌വിളക്ക്' എന്ന പുതിയ കവിതാ സമാഹാരം തപാലിൽ കിട്ടിയപ്പോൾ ആർത്തിയോടെ അത് മറിച്ചുനോക്കി. ലളിത സുന്ദരമായ കവിതകൾ, അതി മനോഹരമായ വരികൾ, ഒറ്റവായനയിൽ ഹൃദിസ്ഥമായിമാറുന്ന ഈരടികൾ...
സാറിന്റെ ഒരു കവിതയിലെ ഈ രണ്ടു വരികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും മൂളാതിരിക്കില്ല, കാരണം ഒരു ദിവസമെങ്കിലും രാത്രിയേയും ഇരുട്ടിനേയും ഒറ്റയാനായി കാണാതിരിക്കില്ലല്ലോ. മലയാള കവിതയിൽ ഏറ്റവും സ്വാധീനിച്ച് 10 ഈരടികൾ ആവശ്യപ്പെട്ടാൽ ഞാൻ ഇതുൾപ്പെടുത്തും.
'മയക്കുവെടിയേറ്റ മദയാനയെപ്പോലെ
മലയോരത്തെക്കാട്ടിൽ പാതിര മൂർച്ഛിക്കുമ്പോൾ' എന്ന വരികൾ. എനിക്ക് അറിയില്ല, അത്തരമൊരു സങ്കൽപ്പം സാഹിത്യത്തിൽ വേറേ ഉണ്ടോ എന്ന്. 'സാനുവിൽ തിണ്ടുകുത്തുന്ന കൊമ്പനാന കണക്കിനേ' എന്ന് നിത്യമേഘമെന്ന കവിതയിൽ അക്കിത്തം മേഘത്തെ വരച്ചിട്ടത് വായിച്ച ആനന്ദത്തിന്റെ ആനത്തലവലുപ്പം ഈ വരികളിൽ എനിക്ക് തോന്നാറുണ്ട്.
സാറ് സംസാരിക്കുമ്പോൾ, ക്ലാസെടുക്കുമ്പോൾ വെള്ളം നിറച്ചുവെച്ച വട്ടച്ചെമ്പിന്റെ വക്കിൽ തട്ടുമ്പോൾ ജലതരംഗങ്ങൾ വട്ടത്തിൽ സഞ്ചരിച്ച് നടുക്ക് തമ്മിൽ ചേർന്ന് നടുക്കെത്തി, ഒരു തുള്ളിയായി മുകളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന കാഴ്ച മനസിൽ വരും. വെള്ളമില്ലാത്ത ചെമ്പുകിടാരത്തിൽ തട്ടുമ്പോൾ കേൾക്കുന്ന ശബ്ദ വീചിയുടെ മകാരത്തുടർച്ച കേൾക്കും.
അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോഴും ഇതാണ് എനിക്ക് അനുഭവം. അത് ആത്മീയ സാംസ്‌കാരികതയുടെ ഉന്നതിയിലേക്കുള്ള കുതിപ്പിന്റെ ജലബിന്ദുക്കളാകും. അവ ഓങ്കാരത്തിലെ മകാരമായി മൂളക്കം മുഴക്കിക്കൊണ്ടിരിക്കും. അറിയില്ല വേറേ ആർക്കെങ്കിലും അങ്ങനെയൊക്കെ അനുഭവമുണ്ടോ എന്നും അനുഭവിപ്പിക്കാനാകുമോ എന്നും. പക്ഷേ, അമ്പലപ്പുഴ ഗോപകുമാറിനെ അമ്പലക്കവികളുടെ ഗണത്തിൽ പെടുത്തി ഒതുക്കിയിട്ടുണ്ട് ചിലർ- പി. കുഞ്ഞിരാമൻനായർക്കും എസ്. രമേശൻനായർക്കും മറ്റും നിരൂപക-വിമർശക സിംഹങ്ങൾ കൊടുത്ത ചാപ്പകുത്തൽ.
നെയ്‌വിളക്കിൽ 50 കവിതകളുണ്ട്. പകുതിയും പേരും വിഷയവുംകൊണ്ട് 'അമ്പലക്കവിതകൾ'. പക്ഷേ ഉള്ളിലാഴ്ന്നിറങ്ങിയാൽ ഭക്തി ഘോഷണം മാത്രമല്ല. ചില കവിതകൾ വിഷയത്തിലും അവതരണത്തിലും സങ്കൽപ്പനത്തിലും അസാമാന്യമായ സംവേദനക്കരുത്തുള്ളവ.
ഒന്നുരണ്ടുദാഹരണങ്ങൾ മാത്രം:
പഞ്ചവർണക്കിളി പാടുമ്പൊഴും, കാട്ടു
പൂഞ്ചോലയാർത്തലച്ചീടുമ്പൊഴും, വന്യ
ജന്തുക്കളോരോവിധത്തിലുള്ളസ്തിത്വ
ജന്യമാം ശബ്ദമുയർത്തുമ്പൊഴും, ഇളം
തെന്നലുണർത്തും ദലമർമ്മരങ്ങൾതൻ
ഭിന്നതാളത്തിൽ പ്രകൃതിയലിയുമ്പൊഴും
ആരൊരാളീശബ്ദവൈജാത്യ വിസ്മയ-
സാഗരം തന്നിൽ മറഞ്ഞിരുന്നീടുന്നു'
എന്ന് എഴുതുമ്പോൾ അത് ഭക്തിയാണെന്ന് പറയുന്നതല്ലേ, യുക്തിയില്ലായ്മ?
ജൻമപർവം, അമ്മത്തോറ്റം, തുഞ്ചന്റെ കൈരളി തുടങ്ങിയ കവിതകളിലെ വിഷയവും സന്ദേശവും ഭക്തിയാണെന്ന് പറയാമോ. ഏത് കവിയുടെ രചനയോടും എതുതലത്തിൽ മാറ്റുരച്ചാലും മികച്ചു നിൽക്കും 'ഒരു മുത്തങ്ങപ്പാട്ട്'
'മുത്തങ്ങപ്പുല്ലു വളർന്ന് പടർന്നെന്റെ
മുറ്റം മുഴുക്കെയും കാടാണേ
ചെത്തിപ്പറിച്ചിട്ടും കുത്തിപ്പിഴുതിട്ടും
കത്തിച്ചുനോക്കീട്ടും കാടാണേ
കാട്ടിലും മേട്ടിലും മാമരച്ചോട്ടിലും
കട്ടച്ച ചോരപ്പാടാണേ
ചോരക്കൊതിയുള്ള നാട്ടധികാരത്തിൻ
തീയുണ്ട തുപ്പിയ പോടാണേ
പോട്ടിന്നകത്തൊരു താമരപ്പൈങ്കിളി
വീർപ്പിട്ടിരിക്കുന്ന കണ്ടില്ലേ
പാട്ടില്ല ചിരിയില്ല കളിയില്ലവളുടെ
പ്രാണൻ പിടയ്ക്കുന്നതെന്താണേ?''
കവിതയ്ക്ക് മാർക്കിടുന്ന ജഡ്ജിമാരും സമ്മാനം നിശ്ചയിക്കുന്ന കൊട്ടാരം പണ്ഡിതരും അവഗണിച്ചാലും വായനക്കാർ കൊണ്ടാടുകതന്നെ ചെയ്യും ഈ കവിയെ കവിതകളെ...
വിളക്കുകൾ അങ്ങനെയാണ്, സ്വയം തെളിയും, ചുറ്റും തെളിക്കും, നെയ്‌വിളക്ക് ദിവ്യത്വവും പരത്തും. അമ്പലപ്പുഴയിലെ ഈ കവിതയുടെ കെടാവിളക്ക് സുഗന്ധവും പരത്തുന്നു, പരക്കട്ടെ,എങ്ങും, എന്നാളും.
നെയ്‌വിളക്ക്
ഡോ. അമ്പലപ്പുഴ ഗോപകുമാർ
കവിതകൾ
ബുദ്ധ ബുക്‌സ്
വില 120 രൂപ

No comments:

Post a Comment