Sunday, August 22, 2010

ലജ്ജിക്കുക മമ നാടേ.....രണ്ടു വാര്‍ത്തകള്‍ വായിച്ചു സങ്കടപ്പെടുകയോ സന്തോഷിക്കുകയോ എന്താണു വേണ്ടതെന്ന ചിന്ത ഇനിയും എങ്ങും എത്തിയിട്ടില്ല.... നിങ്ങളോടെല്ലാം അതു പങ്കു വക്കാമെന്നു കരുതി.....
ആദ്യമായി നമ്മുടെ തിരുവോണത്തിനു ഇന്‍ഡ്യന്‍ പാര്‍ലമെന്റിനും അവധി കൊടുത്തതു നല്ല കാര്യമായി എന്നു പറയട്ടെ... ഇതു നമ്മുടെ സംസഥാനവും എം പി മാരും ഒറ്റക്കെട്ടായി നേടിയ കാര്യമാണെങ്കില്‍ അവര്‍ സംസ്ഥാനത്തിന്റെ മറ്റു പല ആവശ്യങ്ങളും നേടാന്‍ ഇങ്ങനെ ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാകണമെന്നും അപേക്ഷിക്കട്ടെ...
ആ രണ്ടു വാര്‍ത്തകളിലേക്കു നോക്കാം-
വാര്‍ത്ത 1
എം പി മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു... 300 ശതമാനം കൂട്ടിയതു പോരാ 500 ശതമാനം കൂട്ടണമെന്നാവശ്യം ഉയര്‍ന്നു....എത്ര കൂട്ടിയെന്നുറപ്പില്ല... എത്രയായാലും അതു മതിയാവില്ല...വരും വര്‍ഷങ്ങളിലും കൂട്ടിയേക്കും കൂട്ടട്ടെ... അവരെല്ലാം കൂടി ഉള്‍പ്പെടുന്ന (നമ്മളും ഭാഗഭാക്കായ) സര്‍ക്കാരിന്റെ ഭരണത്തിങ്കീഴിലാണല്ലൊ അവശ്യ സാധനങ്ങള്‍ക്കു വാണം പോലെ വില കുതിച്ചു കയറുകയാണല്ലോ അനുദിനം.. ജീവിത ചെലവനുദിനം വര്‍ദ്ധിച്ചു മുന്നേറുമ്പോള്‍ ഈ ശമ്പള വര്ദ്ധന അവശ്യമാണ്....എം പി മാരുടെ ശമ്പളം കൂട്ടും മുമ്പേ നീതിന്യായ വകുപ്പിലും ശമ്പള വര്‍ദ്ധന പതിവാണ്,,,,

വാര്‍ത്ത 2.
ഓണത്തോടനുബന്ധിച്ചു സര്‍ക്കാര്‍ കേരളത്തിലെ 65 രാജ കുടുംബങ്ങള്‍ക്കു ഓണക്കോടി വാങ്ങാന്‍ 15 രൂപ വീതം നല്‍കി!!!!!!!!!!!! ഉത്രാടക്കിഴി!!!!!രാജഭരണകാലം അവസാനിച്ചപ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആണത്രെ ഓണപ്പുടവ വാങ്ങാനുള്ള 15 രൂപയുടെ ഈ കൈമാറ്റം.. കോട്ടയത്തെ വയസ്കര രാജകുടുംബാങ്ങള്‍ക്ക് കൊട്ടാരത്തിന്റെ കോട്ടയം തഹസീല്‍ദാറാണു 15 രൂപയുടെ നാണയങ്ങള്‍ അടങ്ങിയ കിഴി നല്‍കിയത്.....
15 രൂപ!!!!!
ഏറെ പറയേണ്ടെന്നു തോന്നുന്നു.... ഈ പണക്കിഴി ഒന്നുകില്‍ നിര്‍ത്തണം... അല്ലെങ്കില്‍ കൂട്ടണം...ഈ പണം കൊണ്ടല്ല അവരൊന്നും ഓണപ്പുടവ വാങ്ങുന്നതെന്നതു വാസ്തവം... എന്നാള്‍ ഈ 15 രൂപ വേണ്ടെന്നു പറയാത്തത് രാജകുടുംബാംഗങ്ങളുടെ മര്യാദ... ജനാധിപത്യത്തില്‍ ആരും കാണിക്കാത്ത മര്യാദ.....ലജ്ജിക്കുക മമ നാടേ.....

Friday, August 20, 2010

ഭൂമി മാവേലി


പലജാതി വര്‍ണ്ണങ്ങള്‍ ഒരുപൂക്കളം തന്നില്‍
ഇഴചേര്‍ന്നു മിഴിവോടെ വാണനാള്‍കള്‍
കൊഴിയുന്നിന്നിടചേര്‍പ്പൂ പല ജാതിക്കോമര-
മുറയുന്നൂ നിറഭേദമെങ്ങുമെങ്ങും

ദാനമേറ്റീടുവാന്‍ ദാനവന്‍ വന്നപ്പോല്‍
ജീവനു ഭീഷണികണ്ടു ചൊന്നാന്‍-
‘ദീനദയാലുത്വം കൊള്ളാമതെപ്പൊഴും
ദീനരില്‍ വേണം’- ഗുരു മൊഴിഞ്ഞു
ദാനവാനെന്നൊരു കീര്‍ത്തിപരത്തുവാ-
നെന്തതും ചെയ്യുവാനാന്ധ്യമേറും
മാബലിതാനതു കേള്‍ക്കാഞ്ഞുകാണവേ
ആചാര്യന്‍ കിണ്ടിതന്‍ വാലിലേറി
ദാനവാരാശിക്കു ദാനതീര്‍ഥം വരാ-
ഞ്ഞാനേരം ദര്‍ഭയൊന്നങ്ങെടുത്ത്
കിണ്ടിവാല്‍ കുത്തിയ നേരത്തു ശുക്രനു
കണ്ണുപോയ് ! ദാനം തടഞ്ഞ ശിക്ഷ?
ദാനം കൊടുത്തതു ജീവന്‍താനെന്നറി-
ഞ്ഞെന്നിട്ടും മാബലി വാക്കില്‍നിന്നൂ;
മൂവടി ചോദിച്ചോനാറടി ഭൂമിക്കു-
യോഗ്യനായ് മാറ്റുന്നോനെന്നറിഞ്ഞും.
ദാനം മറക്കുന്നു മാനവന്‍ ഭൂമിയില്‍;
ദാനത്തിന്‍ പേരിലാണാഘോഷങ്ങള്‍!!

ഭൂമി ത്യജിച്ചവര്‍ സ്വാമിമാരന്നെല്ലാം
ഭൂസ്വാമിമാരിന്നു ഭൂമിവാഴ്വൂ
മാബലിതൊട്ടു വിനോബാ വരേക്കുമേ
ഭൂമിതന്‍ പേരിലേ കീര്‍ത്തികൊള്‍വൂ
മൂന്നടി ചോദിച്ചൂ വാമനന്‍, തീര്‍ന്നതു-
മൂലോകം മോഹിച്ച രാജമോഹം
ആറടി വേണ്ടവരാര്‍ത്തിയോടിപ്പൊഴും
പോരടിച്ചീടുന്നു മണ്ണുകൂട്ടാന്‍
മണ്ണേറെ, പെണ്ണേറെ-വിണ്ണോളം മോഹങ്ങള്‍
കണ്ണുനീര്‍ മാത്രമേ ബാക്കിവെക്കൂ
എന്നേറെ ചൊല്ലുണ്ട്, ചൊല്ലുകള്‍ പുല്ലാക്കും
‘മണ്ണവര്‍’ മണ്ണാകും- വേദവാക്യം
എന്നെല്ലാമുള്ളിലുണ്ടെന്നാലും പാടുക
മാവേലി മാഹാത്മ്യം താളമോടേ

“മാവേലി വന്നെത്തും നാട്ടിലിന്നീ-
മാനുഷരെല്ലാരുമൊന്നുപോലെ...”
>>>>>>>>>>>>>>>
എല്ലാവര്‍ക്കും ഓണാശംസകള്‍..............

Thursday, August 19, 2010

മലയാളത്തിനു വേണ്ടിമലയാഴികളതിരിട്ടൊരു സുരസുന്ദര ദേശം
മലര്‍ തൂമധു കിനിയുംപോലതിസുന്ദര ഭാഷ
ഹൃദതാളമൊടൊരുമിച്ചിരു മദമസ്തകമേറ്റീ-
ട്ടൊരുപാടിഹ പല നാളുകള്‍ വിലസീലിഹ നമ്മള്‍

മലയാളികള്‍, മലയാളവു, മലയാഴിയുമൊക്കും
ഭുവിസാഗരമതുപോലിതുമെതുനാട്ടിലുമെത്തും
പറയാനവ പലതുണ്ടുരു പെരുതായ വിശേഷം
പഴമക്കഥയതു പോയിതു പറവാനതി വിപുലം

പുതുനാമ്പുകളുയിര്‍ ചേര്‍പ്പതു മറുഭാഷകള്‍ കേട്ടും
വളരുന്നതു പലഭാഷയുടതി പീഡനമേറ്റും
തളരുന്നിതുമമഭാഷ,യിതറിവാന്‍ ഹത വൈകും
കുളിരേറ്റിന നറുഭാഷയിതവരോടഥയകലും

പലനാളുകള്‍ പലവേഷരിതഖിലം കുഴലൂതീ-
പല വേദിയിലുരുതാപമൊടഴലേറ്റി വിചിത്രം
മലയാളമിതതി ഭീഷണമതിവേഗമൊടയ്യോ
മറവാവിതു മലയാളികള്‍ മനതാരതിÂനിന്നും

അതിനായൊരു പരിഹാരവുമുയിരേറ്റതുമില്ലാ
പല വൈഭവവിധഭാഷണമതിവിസ്മയ വാദം
പറയാമിതു നറുഭാഷയിതതി നിശ്ചയമോടേ
പുലരാനിഹ മനമേറ്റുക ദൃഢമായ പ്രതിജ്ഞ

മമ വാക്കുള്‍,ഹൃദിചിന്തക,ളെഴുതുന്നതുമെല്ലാം
മമ ഭാഷയിതതിലാകണമിതു മൌലിക വാദം
മറുഭാഷകളവചേര്‍ക്കണമിഖിലം ഹൃദിനിഷ്ഠം
മലയാളമിതതിനേകണമതിമുഖ്യ വിചാരം

വൃദ്ധ സദനത്തിലെ വര്‍ത്തമാനങ്ങള്‍ (oru marakkavithaതലയില്ലാത്ത ജീവിതം
നരകമാണ്
ബോധ നിലാവു കെടാതെ
ജീവന്റെ വേരുകള്‍ മാത്രം ശേഷിക്കെ
ജീവിക്കാന്‍ വിധിക്കപ്പെടുന്നതു ശാപമാണ്

അരുതേ സുഹൃത്തെ
തെന്നി വീഴരുത്,വഴുതരുത്

കബന്ധമാകും മുമ്പേ നമ്മുടെ
കണ്ണീരൊഴുക്കുണ്ടാക്കിയ
തണ്ണീര്‍ തടാകം മലിനമാക്കരുതേ
നമ്മെ വൃദ്ധ സദനത്തില്‍ തള്ളിയ
കൊച്ചു മക്കള്‍ക്കുള്ള
ദാഹജലമാണത്

അവര്‍ക്കു പറക്കാന്‍
പാഞ്ഞു നടക്കാന്‍
പാകം ചെയ്യാന്‍
ഇടയ്ക്കെപ്പോഴെങ്കിലും നമ്മെ കാണാനായ്
വിനോദ സഞ്ചാരികളുടെ വേഷം കെട്ടാന്‍
നമുക്കു കല്‍ക്കരിയാകാം
പെട്രോളാകാം
വരിക, ഈ മണ്ണിലേക്കു നമുക്കു
കൈകോര്‍ത്തു മടങ്ങാം

കബന്ധങ്ങള്‍
അധികം സംസാരിക്കരുത്
കുണപങ്ങള്‍ ആരേയും
ശല്യപ്പെടുത്തരുത്
ഇനി ഉറങ്ങാന്‍ കിടക്കാം
സ്വപ്നത്തില്‍
തലയാട്ടി വിരലിളക്കി
നൃത്തം ചെയ്യാം
കുയിലുകള്‍ നമ്മുടെ തോളിലിരുന്നു പാടട്ടെ
മേലാകെ ചുറ്റിക്കയറി ഇക്കിളിപ്പെടുത്തുന്ന
വല്ലികള്‍ പുഷ്പിക്കട്ടെ
കുഞ്ഞുങ്ങള്‍ നമ്മുടെ കൈത്തണ്ടകളില്‍
ഊഞ്ഞാലിടട്ടെ

മഴുവും കയറും വന്നു
നമ്മുടെ ഉറക്കം ഞെട്ടിച്ച്
കിനാക്കളെ തല്ലിയുടയ്ക്കാതിരിക്കന്‍
കുരിശു വരയ്ക്കുക
നിസ്കരിക്കുക
ഹരിനാ‍മം ജപിക്കുക
പിണങ്ങേണ്ട സുഹൃത്തെ
താങ്കള്‍ക്കു പഴയ
പരിസ്ഥിതി മുദ്രവാക്യം വല്ലതും
ഓര്‍മയുണ്ടെങ്കില്‍
ഉച്ചത്തില്‍ വിളിച്ചുകൊള്ളുക

Wednesday, August 11, 2010

പിണ്ഡോദകം (കവിത)മഴനൂലുകളിൽ ഊർന്നിറങ്ങിയാണ്
അവർ വന്നത്....
പോയ വർഷം ഒപ്പം ഉണ്ടായിരുന്നവരിൽ
പലരും ഇല്ല
പുതിയ സൌഹൃദങ്ങളും കൂട്ടം പറച്ചിലുകളുമായി
അവർ പുഴയുടെ തീരത്തു കാത്തുനിന്നു
അവർ വരും
കൊച്ചുമകന്റെ കൈക്കുടന്നയിൽ നിന്നു
വിരലുകൾക്കിടയിലൂടെ
ഇറ്റിറ്റു വീഴുന്നത് ഒന്നോ രണ്ടോ
അല്ലെങ്കിൽ നാലഞ്ചു തുള്ളി മാത്രം
ഒരു വർഷത്തെ ആത്മ ദാഹം പോക്കാൻ
അതു പോരെന്നു തോന്നും
പക്ഷെ ഒരു തുള്ളികൊണ്ട് മനസു നിറയ്ക്കുന്ന
തീർത്ഥമാണല്ലോ അത്

അങ്ങേ തലയ്ക്കൽ എപ്പോഴും തിരക്കാണ്
അവരുടെ വർത്തമാനങ്ങളിൽ സാമൂതിരിക്കഥകളാണ് എന്നും
സ്വന്തം തല കൊടുത്തും തമ്പുരാന്റെ മാനം കാത്ത
കഥകളിലെ വീര നായകർക്കു അതേക്കുറിച്ചു
പറയാനും തിരുനാവും വായും വാശിയും കുറയുന്നില്ല
ബന്ധുക്കളെ കാണാൻ അവരിൽ
പലരും തിക്കിത്തിരക്കി മുന്നേറി
അന്നു വായ്ത്താരി മുഴക്കി പോയ ആവേശത്തിൽ തന്നെ

അവർ വന്നു
വിലയേറിയ വാഹനത്തിൽ ചിലർ
ബലിത്തറയിലും പലർ
ഫോൺ വിളിച്ചു
ഊഴം കാത്തു നിന്നവർ
സൌകര്യക്കുറവിൽ ക്ഷോഭിച്ചു
മകെനെ പിതൃതർപ്പണം മനസിലാക്കിക്കാൻ
മുറി ഇംഗ്ലീഷുമായി മല്ലിടുന്നുണ്ടായിരുന്നു ഒരാൾ

പട്ടുസാരിയിൽ മഴത്തുള്ളി വീഴാതിരിക്കാൻ
പിടിച്ച മുത്തുക്കുടയുടെ പേരു വായിച്ച്
അവർ ചിരിച്ചത് പക്ഷേ ആരും കേട്ടില്ല-ആൽപ്സ്
അൽ‌പ്പനും അർത്ഥരാത്രിയും ഒക്കെ ഒർമിപ്പിച്ചു
അവരെ ആ‍ വാക്ക്
അവസാനം ഒരു തുള്ളി വെള്ളത്തിനുവിളിച്ചു കരയുമ്പോൾ
ആ മരുമകൾ പറഞ്ഞ പുലഭ്യങ്ങൾ
ആ വൃദ്ധ പതം പറഞ്ഞു, ഒപ്പം നിന്നവർ ആശ്വസിപ്പിച്ചു
അതാ പുരോഹിതൻ നിർദ്ദേശങ്ങൾ കൊടുത്തു തുടങ്ങി
ഇപ്പോൾ കിട്ടും തിലോദകം....

തിരക്കിനിടയിൽ നിന്നു രക്ഷപ്പെട്ട ആശ്വാസത്തിൽ
അയാൾ പറഞ്ഞു-ഹാവൂ കഴിഞ്ഞുകിട്ടി, ആശ്വാസമായി
ചെറുപ്പക്കാർ വണ്ടി ബിവറേജസിലേക്കു വിടാൻ നിർദ്ദേശിച്ചു
പുരോഹിതന്മാർ ഇത്തവണ ആളു കൂടിയതിൽ ആഹ്ലാദിച്ചു
ലൈഫ് ഇൻഷുരൻസിന്റെ പരസ്യങ്ങൾ പുഞ്ചിരിക്കുന്നു
പരിസ്ഥിതി പ്രവർത്തകർ നോട്ടീസ് വിതരണം ചെയ്യുന്നു
പന്നിപ്പനി തടയാൻ മുഖം മൂടി വക്കാനുള്ള ആഹ്വനങ്ങൾ
മടക്കയാത്രയ്ക്കുള്ള കോപ്പു കൂട്ടുമ്പോൾ ചിലർ നിശ്വസിച്ചു
ഇത്തവണയും ആരും വന്നില്ല ഒരിറ്റു ദാഹ നീർ തരാൻ
അപരൻ സമാധാനിപ്പിച്ചു-
ജ്ഞാതാജ്ഞാതരിൽ താനും പെടും
അവർ പൊട്ടിച്ചിരിച്ചു...ഇനി അടുത്ത അമാവാസി കാക്കാം

മുങ്ങിക്കയറുന്നവരോടു പുഴ ചോദിച്ചു....
അടുത്ത വർഷം??

ഉത്സവം‌- അമ്പലം-ആന


അപ്പോള്‍ ആന കഥകളികാണുന്നതോ?

അതെ എന്തൊരു ഭംഗി. ബാലെയും നാടകവും ഗാനമേളയും നടക്കുന്ന അമ്പലപ്പറമ്പ്. മഞ്ഞുവീണ് നേരിയ നനവുവന്നിട്ടുള്ള പുല്‍ മൈതാനിയില്‍ മോടിയുള്ള വസ്ത്രത്തില്‍ ചെളി പുരളാതിരിക്കാന്‍ കാണികള്‍ വിരിച്ചിരുന്ന പഴയ പത്രക്കടലാസുകളെങ്ങും പാറിക്കിടക്കുന്നു. നാട്ടുകാരുടെ വായനാശീലവും വൈധിദ്ധ്യവും അളക്കാം അവിടെ. ഏതേതെല്ലാം പത്രങ്ങള്‍. .. സന്തോഷ്മാധവന്‍, കേണല്‍ മോഹന്‍ലാല്‍, തടിയന്റവിടെ നസീസര്‍, സൂഫിയാ മദനി, മുല്ലപ്പെരിയാര്‍ ഡാം, പെട്രോള്‍ വിലവര്‍ദ്ധന, മൂന്നാര്‍.. .. .. അങ്ങനെ വൈവിധ്യമുള്ള വിഷയങ്ങള്‍.. .. ..
പണ്ട് ഉത്സവം കഴിഞ്ഞാല്‍ കൊച്ചുവിമാനങ്ങള്‍ ആയിരുന്നു നിറയെ. കപ്പലണ്ടി പൊതിഞ്ഞു കിട്ടുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വിമാനങ്ങള്‍. സ്റേജിനു മുന്നില്‍ കയര്‍കെട്ടി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി വേര്‍തിരിച്ചിരുന്ന കാഴ്ചക്കാര്‍ക്കിടയില്‍ പെകൂട്ടത്തിലേക്ക് പറന്നുയര്‍ന്നിരുന്ന കടലാസു റോക്കറ്റുകളും വിമാനങ്ങളും എത്രയെത്രയായിരുന്നു. രാഗവും അനുരാഗവും വികാരവും നിറച്ച ആ പറക്കും തളികകള്‍ ഇന്നില്ല. പകരം എസ്എംഎസ്സുകളാണ്. അമ്പലപ്പറമ്പില്‍ കലാപരിപാടികള്‍ കാണാന്‍ ആള്‍ത്തിരക്കില്ല. വീട്ടിലെ ഈസി ചെയറില്‍ കിടന്നു കാണാന്‍ ടിവിയുള്ളപ്പോള്‍ എന്തിന് അമ്പലപ്പറമ്പ്.
കഥയറിയാതെയും ആട്ടം കണ്ടിരുന്ന കാലം. നളനും ദമയന്തിയും കൊട്ടാരക്കഥകള്‍ക്കു പകരം ചോര്‍ച്ചയില്ലാതെ കെട്ടിയ ചുമരുള്ള വീടിന്റെ കഥകള്‍ പറയുന്നതു കേട്ട് തലയാട്ടിയും ഉറങ്ങിയും കഴിഞ്ഞ നാളുകള്‍....
കേള്‍ക്കുന്നുണ്ടോ ആ പദം.. .. .. അജിത ഹരേ കൃഷ്ണാ മാധവാ....

ഒരു ഉപകഥ- ഉത്സവത്തിന്റെ തിരക്കില്‍ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയതാണ് അച്ഛന്‍. മക്കളേയും ഭാര്യയേയും കൂട്ടി അമ്പലപ്പറമ്പില്‍. കുറച്ചു ചുറ്റിക്കറങ്ങി ബലൂണും കാറും മറ്റും മറ്റും വാങ്ങിയശേഷം മടങ്ങി എത്രയും വേഗം മടങ്ങാനുള്ള ധൃതിയിലാണ് അച്ഛന്‍. സ്റേജില്‍ കഥകളി. എട്ടു വയസുകാരന്‍ മകനു കുറച്ചു നേരം കൂടി അമ്പലപ്പറമ്പില്‍ നില്‍ക്കണമെന്നുണ്ട്. കാരണം സമ പ്രായക്കാര്‍ ബലൂ തട്ടിക്കളിക്കുന്നു. അവന്‍ പറഞ്ഞു നമുക്കു കുറച്ചു നേരംകൂടി കഥകളി കാണാം. സ്റേജിനഭുമുഖമായി കുറച്ചകലെ ആന വിശ്രമിക്കുന്നു. പനമ്പട്ടകൊണ്ട് ഇച്ചയെ ആട്ടിയും ഇടക്കിടെ ചവച്ചും അവന്‍ ചെവിയാട്ടിയും തലയാട്ടിയും കാല്‍മാറ്റിച്ചവുട്ടിയും കളിക്കുന്നുണ്ട്. എങ്ങനെയും വീട്ടിലേക്കു പോകണമെന്ന ധൃതിയില്‍ അച്ഛന്‍ ബഹളം കൂട്ടി. അമ്മയും. മകനെ പിന്തിരിപ്പിക്കാന്‍ അച്ഛന്റെ ചോദ്യം- നിനക്കറിയാമോ എന്താണു കഥയെന്ന്. കഥയറിയാതെ ആട്ടം കാണാന്‍ നിന്നിട്ടെന്താണു കാര്യം. കാലം മാറിയതിന്റെ കഥയായിരുന്നു മറുപടിയില്‍.
മകന്‍ ചോദിച്ചു. അച്ഛന്‍ ആനയെ കണ്ടോ? നോക്കിക്കേ. അവന്‍ കഥകളി കാണുന്നത്. തലയാട്ടി രസിക്കുന്നത്. കഥ മനസിലായിട്ടാണോ? കേട്ടുനിന്നവരുടെ പൊട്ടിച്ചിരിക്കിടെ അച്ഛന്റെ മനസില്‍ മകനെക്കുറിച്ച് അഭിമാനം വന്നോ അതോ പെരുന്തച്ചന്‍ കോംപ്ളക്സ് വളര്‍ന്നുവോ.....
ഒരു വളക്കിലുക്കം പോലെയാണോ ഭാര്യ ചിരിച്ചത്.....(തുടരും)

Tuesday, August 10, 2010

ഋതുമതിപ്പൂവുകള്‍ഇന്നലെ പൂവേ നിന്നെ തൊട്ടുഞാന്‍ തലോടുമ്പോള്‍
കുഞ്ഞിളം കവിളിന്മേല്‍ ഉമ്മവച്ചെന്നേ തോന്നീ
ഇന്നെന്തേ എനിക്കെന്റെ ഹൃത്തടം തുടിക്കുന്നൂ

വല്ലാതെ നിന്മെയ് കൊണ്ടെന്‍ നെഞ്ഞകം കനക്കുന്നൂ


കുഞ്ഞിളം കാറ്റില്‍തൂങ്ങി പൊങ്ങി ഞാന്‍ ആടിപ്പോകെ
അപ്പുപ്പന്‍ താടിക്കൊപ്പം പൊക്കത്തില്‍ പറന്നേപോയ്
ഇന്നെന്തേ ചുഴിക്കുത്തെന്‍ കവിളില്‍ കനല്‍ ചൂടാ‍യ്
ഇന്നെന്തേ ചുഴിക്കുത്തെന്‍ കവിളില്‍ കനല്‍ ചൂടാ‍യ്


തൊടിയില്‍ കിണറിന്റെ വക്കത്തെ ചാമ്പയ്ക്കന്നോ
നിറയെ പൂക്കും കാലം സ്നേഹത്തിന്‍ നിറമായി
അറിയുന്നെന്തേ ഞാനിന്നെന്നെ നോക്കിയിച്ചാമ്പ
പറയുന്നെന്തോ ശബ്ദം താഴ്ത്തിക്കാതിലോ കുളിരേകി


പുഴയും പുളഞ്ഞാടും വയലും നോക്കുന്നെന്നെ
വെറുതേ ചൊല്ലുന്നെന്തോ മര്‍മ്മര സ്വരമോടെ
അറിയുന്നെന്തോ മാറ്റം വന്നുപോയ് എനിക്കെന്തോ
നിറയുന്നുള്ളില്‍ വിങ്ങിപ്പോകുന്നൂ മനസ്സിപ്പോള്‍


പറയുന്നമ്മച്ചൂടിന്നെന്നോടു മകളെ നീ
വലുതായ്പോയീ പോകൂ വീടകം നേരം വൈകീ
അറിവീലെന്താണെന്റെ വലുപ്പം നറുലോകം
മറവില്‍ പോകുന്നതോ തെളിവീലൊന്നും മുന്നില്‍....

Saturday, August 7, 2010

നാളികേരത്തിന്റെ നാട്ടില്‍...

വീട്ടിലേക്കുള്ള വഴികള്‍

സ്കെച്ചുകള്‍ നാസര്‍.ഒ.ബി വരച്ചത്..എന്റെ ഈ സുഹൃത്ത് കൊച്ചി സ്വദേശി...ഇപ്പോള്‍ ജിദ്ദയില്‍ മലയാളം ന്യൂസ് എന്ന പത്രത്തിലെ ഡിസൈനര്‍ ആണ്


നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണും അതിലെ നാരായണക്കിളിക്കൂടുപോലുള്ള ഓലപ്പുരയും എത്രയെത്ര ആകര്‍ഷകമായ ഓര്‍മയാണ്. പച്ചപ്പിന്റെയു വെള്ളത്തിന്റെയും നാടുവിട്ടു മറ്റൊരിടത്തു പാര്‍ക്കുമ്പോഴാണ് അതു കൂടുതല്‍ അനുഭവവേദ്യമാകുന്നത്. കേരളത്തിലെ വീടുകള്‍ രൂപത്തിലും ഭാവത്തിലും എത്രയെത്ര മാറിയിരിക്കുന്നു, കഴിഞ്ഞ കാലത്തിനുള്ളില്‍!!!തെങ്ങോലയും പനയോലയും വൈക്കോലും മേഞ്ഞ വീടുകള്‍. തൂണുകള്‍ മുളയോ തെങ്ങിന്‍ തടിയോ മറ്റോ... ചാണകം മെഴുകിയ തറ... പനമ്പോ പാഴ്ത്തടിയോ കൊണ്ട് തീര്‍ത്ത ഭിത്തികള്‍... ഇന്നത്തെ എയര്‍കണ്ടീഷന്‍ ചെയ്ത വീടുകളോടു കിടപിടിക്കുന്നവയായിരുന്നു അവ...പിന്നെ എപ്പോഴോ ഓടുമേയാന്‍ തുടങ്ങി. മയില്‍ മാര്‍ക്ക് ടൈലുകള്‍ വ്യാപകമായപ്പോള്‍ വര്‍ഷം തോറും ഓലമേയാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് പലരും മറന്നു. ഓലയ്ക്ക് സ്ഥാനം വേലികളിലായി. ഇഷ്ടികകെട്ടി കുമ്മായം തേച്ച് വെള്ളപൂശിയ ചുമരും ചുവന്ന ഓടും മേഞ്ഞ വീടുകള്‍ പ്രൌഢിയുടെ പ്രതീകമായി. ഓടിന്റെ ചെലവിനെ അതീജീവിക്കാനുള്ള എളുപ്പവഴിയായി വന്ന ആസ്ബസ്റോസ് ഷീറ്റുകള്‍ കാര്യം എളുപ്പമാക്കിയെങ്കിലും സുരക്ഷക്കും ആരോഗ്യ രക്ഷക്കും അവ ഭീഷണിയായി. അതിവേഗം ഔട്ടായെങ്കിലും ഒരുകാലത്ത് വീടുകള്‍ക്ക് ഈ ആസ്ബസ്റോസ് ചന്തമായിരുന്നു....കോക്രീറ്റ് സംവിധാനം ആദ്യം എത്തി നോക്കിയത് സഷേഡുകളിലായിരുന്നു. പയ്യെപ്പയ്യെ അതു വീടിന്റെ മച്ചും മേല്‍ക്കൂരകളുമായി ശക്തിതെളിയിച്ചതോടെ നാട്ടിലെങ്ങളും ഇരുനില കെട്ടിടങ്ങള്‍ തലയുയര്‍ത്തി തുടങ്ങി. അതിവേഗം വ്യാപിച്ച കോക്രീറ്റ് ഫാഷന്‍ കേരളത്തിന്റെ കെട്ടിട സങ്കല്‍പ്പങ്ങളെത്തന്നെ മാറ്റിമറിച്ചു. പഴയ കാലത്തെ നാലുകെട്ടും എട്ടുകെട്ടും പോലും തച്ചുടച്ച് കോക്രീറ്റു സൌധങ്ങള്‍ നിര്‍മ്മിക്കാന്‍ പണമുള്ളവര്‍ വെമ്പല്‍ കൂട്ടി. കാരണം അതിനകം കേരളത്തിലെ സ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരുന്നു കോക്രീറ്റു ബഹുനില വീടുകളും.അടുത്തവളര്‍ച്ച ഫ്ളാറ്റിലേക്കായിരുന്നു. കൂറ്റന്‍ കെട്ടിടങ്ങളിലെ സ്ക്വയര്‍ഫീറ്റ് കണക്കിനുള്ളില്‍ താമസിക്കുമ്പോഴും ആ ബഹുനിലക്കെട്ടിടം മുഴുവന്‍ തന്റേതാണെന്ന് ഓരോരുത്തരും അഭിമാനം ഭാവിച്ചു. അഭിമാനവും പൊങ്ങച്ചവും അവരവര്‍ അനുഭവിച്ചു, അതേ സമയം അവര്‍ പങ്കുവെച്ചു.ഇപ്പോള്‍ ഫ്ളാറ്റില്‍നിന്നിറങ്ങി വില്ലകളിലേക്കുള്ള വഴികളിലാണ്. ചെറുതെങ്കിലും സ്വന്തമായ, ചുവരുകളും തനിക്കു മാത്രമായുള്ള ഒരു വീട് എന്ന മോഹത്തിലേക്ക്.....


ചിലമ്പൊലി-


കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പിലിരുന്ന് മരത്തിന്റെ ഗുണം നോക്കുന്ന മരം കൊത്തിക്കളി പറയുന്നു-കുഞ്ഞാറ്റക്കിളിയുടെ കൂട് അന്നും ഇന്നും ഒരേപോലെതന്നെ....


കാവാലം ശശികുമാര്‍

വീടെന്ന സ്വപ്നം


ഞാന്‍ നിര്‍മിച്ച എത്രാമത്തെ വീടാണിത്?


നിങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടോ? നിങ്ങള്‍ ഇക്കാലത്തിനിടയില്‍ എത്രയെത്ര വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്? എത്ര വീടുകളെ നിങ്ങള്‍ സ്നേഹിച്ചിട്ടുണ്ട്? ഒരുപക്ഷേ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവില്ല. മരം ചാടിനടക്കുന്ന കുരങ്ങനൊഴികെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട് ഒരു വീട്. കാട്ടാനപോലും പതിവായി തങ്ങാന്‍ ഒരു താവളം കണ്ടെത്തിയിട്ടുണ്ടാകും. അതാണതിന്റെ വീട്. ഉറുമ്പ് കെട്ടിയുണ്ടാക്കുന്ന വീടുകള്‍ എത്രയെത്ര. കുരങ്ങന്റെ കഥ മറ്റൊന്നാണ്. ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് ഏതെങ്കിലും മരച്ചുവട്ടിലോ ഇലക്കൂട്ടങ്ങളുടെ തണലിലോ ഭാര്യയേയും കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിച്ച് തണുത്തുവിറച്ചിരിക്കുമ്പോള്‍ തന്തക്കുരങ്ങ് പറയുമത്രേ. അടുത്ത മഴയ്ക്കുമുമ്പ് നമുക്കൊരു വീടുവയ്ക്കണം. പക്ഷേ അടുത്ത വര്‍ഷത്തെ മഴതുടങ്ങുമ്പോഴേ പിന്നെ വീടിനെക്കുറിച്ച് ഓര്‍മവരൂ. അപ്പോഴേക്കും പഴയ പല്ലവി പാടാന്‍ മാത്രമേ കഴിയാറുള്ളു.പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ താമസിക്കുന്നത് സ്വന്തം വീട്ടിലാണെങ്കില്‍കൂടി ഒന്നാലോചിച്ചുനോക്കൂ. ഇത്തരം ഒരു വീടുവയ്ക്കാനാണോ നിങ്ങള്‍ സ്വപ്നം കണ്ടിരുന്നത്? അഥവാ നിങ്ങള്‍ ഒരു വീടുവയ്ക്കുന്ന കാര്യം എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? നുണ പറയരുതേ. അറിഞ്ഞും അറിയാതെയും എത്രയെത്ര വീടുകള്‍ നിങ്ങള്‍ മനസ്സില്‍ നിര്‍മിച്ചിട്ടുണ്ടാകണം. ഉണ്ടാവും ഒരു പക്ഷേ എണ്ണാന്‍ പറ്റാത്തത്ര. എനിക്കുറപ്പുണ്ട് എന്നേക്കാള്‍ കൂടുതല്‍ വീടുകള്‍ നിങ്ങള്‍ നിര്‍മിച്ചിട്ടുണ്ടാവുമെന്ന്.കളിവീടുകളുണ്ടാക്കാത്ത ബാല്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. കുട്ടിക്കാലത്തെ വീടുണ്ടാക്കിക്കളിക്കല്‍ ഒരു വിനോദം തന്നെയായിരുന്നു. നിങ്ങള്‍ക്കുമുണ്ടാകാം അത്തരമനുഭവങ്ങളും ഓര്‍മകളും. ഒളിച്ചുകളിയും കണ്ണുപൊത്തിക്കളിയും പോലെ വീടുണ്ടാക്കി, അതില്‍ അച്ഛനുമമ്മയുമായി കളിക്കുമ്പോള്‍ ആരും ഭാവിയിലെ എന്റെ വീടെങ്ങനെയായിരിക്കണമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. പക്ഷേ കുലവെട്ടിയെടുത്ത വാഴയുടെ പിണ്ടി തൂണാക്കി, ഇല മേല്‍ക്കൂരയാക്കി, വാഴപ്പോളകൊണ്ട് ചുവരുണ്ടാക്കി വീടുവെച്ച ബാല്യകാലം, മണ്ണിന്‍കൂനകളില്‍ വരച്ചും മണല്‍ കൂട്ടിവച്ചും നിര്‍മിച്ച ഒറ്റമുറി വീടുകള്‍, കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പോയ മുതിര്‍ന്നവര്‍ക്കൊപ്പം നിന്ന് അവരുടെ ലോകത്തുനിന്നകന്ന് കെട്ടിപ്പൊക്കിയ മണല്‍വീടുകള്‍, തീപ്പെട്ടിക്കോലും കാലിപ്പെട്ടിയും കൊണ്ട് നിര്‍മിച്ച ചതുരക്കളങ്ങളിലെ വീടുകള്‍, സിഗരറ്റ് പാക്കറ്റിലെ മിനുക്കുപേപ്പര്‍കൊണ്ട് നിര്‍മിച്ച മനോഹരമായ വാതിലുകളുള്ള വീടുകള്‍... അങ്ങനെ എത്രയെത്ര വീടുകളുണ്ടാക്കിയിട്ടുണ്ട് നിങ്ങളും. ഒന്നോര്‍മിച്ചുനോക്കൂ...കുഞ്ഞിക്കൌതുകത്തില്‍നിന്ന് കുട്ടിക്കാലത്തേക്കുയര്‍ന്നപ്പോള്‍, രക്ഷിതാക്കള്‍ക്കൊപ്പം മറ്റു വീടുകളില്‍പോയ വേളയില്‍ സ്വന്തം വീടും ആ വീടുകളും തമ്മില്‍ ഒത്തുനോക്കിയപ്പോഴെല്ലാം നമ്മളോരോരുത്തരും ഓരോ വീടുപണിയുകയായിരുന്നുവല്ലോ. മനസില്‍ നിര്‍മിച്ച എത്രയെത്ര വിചിത്രമായ വീടുകളുടെ കഥ നമുക്ക് ഓരോരുത്തര്‍ക്കും പറയാനുണ്ടാകും. പാഠപുസ്തകത്തിലും മറ്റ് വായനാപുസ്തകങ്ങളിലും കണ്ട വര്‍ണചിത്രങ്ങള്‍ വീടുകളാണെങ്കില്‍ ഉടന്‍ നമ്മുടെ മനസും മറ്റൊന്നു നിര്‍മിക്കുകയായിരുന്നു. നമ്മള്‍ അറിയാതെയെങ്കിലും. പിന്നെ എപ്പോഴാണ് നിങ്ങള്‍ ഒരു വീട് വയ്ക്കുന്നത്. എങ്ങനെയായിരിക്കണമെന്ന് ഗൌരവമായി ആലോചിച്ചതെന്ന് ഓര്‍മിച്ചെടുക്കാനാവുമോ. അതായത്, കല്ലും സിമന്റും കമ്പിയും മണ്ണും തടിയും മറ്റും മറ്റും കൊണ്ട് നിര്‍മിക്കേണ്ട ഒരു വീടിനെക്കുറിച്ച്, നിങ്ങളുടെ വീടിനെക്കുറിച്ച് ആലോചിച്ചത്. ആദ്യം ആ വീടിന്റെ രൂപമെന്തായിരുന്നു? വീട് നിര്‍മിച്ചുകഴിഞ്ഞപ്പോള്‍ അത് നിങ്ങളുടെ സ്വപ്നവീടുതന്നെയായിരുന്നോ. സഫലമായത് സ്വപ്നം തന്നെയാണോ. നിങ്ങളുണ്ടാക്കിയ നിങ്ങളുടെ വീടിനെ ഓര്‍ത്ത് നിങ്ങള്‍ സംതൃപ്തനാണോ.രസകരമായിരിക്കും ഈ ചിന്ത. ഞാന്‍ താമസിക്കുന്നത് ആരുടെ വീട്ടില്‍ എന്നൊരു ചോദ്യം ചോദിച്ചാല്‍ സ്വന്തം വീട്ടില്‍ എന്ന് മറുപടി പറയാനാവുമോ എന്നാണ് ചോദ്യം. നിര്‍മിക്കാനോ വാങ്ങാനോ പണം മുടക്കിയതുകൊണ്ട് ഒരു വീട് സ്വന്തമാകുമോ? പഞ്ചായത്തിലെ രേഖയില്‍ ഉള്ളതുകൊണ്ട് വീട് സവന്തമാകുമോ? നമ്മള്‍ താമസിച്ചതുകൊണ്ട് ഒരു വീട് സ്വന്തമാകുമോ? നമ്മള്‍ താമസിക്കുന്ന വീടിന്റെ ഓരോ ഇഞ്ചും നമ്മുടെ സങ്കല്‍പത്തിനനുസരിച്ചാണെങ്കിലേ അത് എന്റെ സ്വന്തം വീട് എന്ന് പറയാനാകൂ, നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?പുറത്ത് മനോഹര കാഴ്ചയുള്ള പല വീടുകളിലും ഉള്ളില്‍ കാണുമ്പോള്‍ വീട്ടുകാരന്‍ പറയും ഇവിടെ ഈ മൂലയില്‍ ഇങ്ങനെയല്ല ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ സൌകര്യവും സാഹചര്യവും കൊണ്ട് അന്ന് ഇതുപോലെയേ സാധിച്ചുള്ളൂ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് സ്വന്തം വീടാണോ. ആഗ്രഹിച്ചതുപോലെ അണുവിട തെറ്റാതെ നിര്‍മിക്കാനാകാത്ത തുകൊണ്ട് തന്റെ വീട് ഇനി സ്വന്തം വീടാകാതെ പോകുമോ. ആലോചിക്കാന്‍ രസമുണ്ട്, അല്ലെ. വീടുവയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണച്ചട്ടം മുതല്‍ നമ്മുടെ സ്വപ്നവീടിനെ പ്രതിരോധിക്കാന്‍ തുടങ്ങും. പിന്നെ വീട്ടുകാര്‍.. 'സ്വപ്നങ്ങളും ദുഃഖഭാരങ്ങളും' പങ്കുവയ്ക്കാമെന്ന സിനിമാ ഗാനം കേള്‍ക്കാനും പാടാനും രസമുണ്ട്. പക്ഷേ അടുക്കള ക്കാര്യത്തില്‍ ഞാനാണവസാനവാക്കെന്നെങ്കിലും പിടിവാശികാണിക്കാത്ത ജീവിതപങ്കാളികള്‍ അപൂര്‍വമാണ്. അതോടെ അടുത്ത സ്വപ്നവ്യതിയാനമായി. പിന്നീട് ഡിസൈനര്‍, എഞ്ചിനീയര്‍, കോട്രാക്ടര്‍, അയല്‍പക്കക്കാര്‍, സുഹൃത്തു ക്കള്‍, വഴിപോക്കര്‍ തുടങ്ങി ആരാരെല്ലാം നിങ്ങളുടെ ഭവനസ്വപ്നത്തെ തടസ്സപ്പെടുത്താനുണ്ടെന്നോ. ആ പട്ടികനിര ത്തിയാല്‍ തീരില്ല. കടല്‍പ്പുറത്ത് മണ്ണുകുഴച്ചുണ്ടാക്കിയ വീടിനും കയ്യില്‍ കിട്ടിയതുകൊണ്ട് തറവാടു തൊടിയില്‍ കെട്ടിപ്പൊക്കിയ മാളികയ്ക്കും ഉണ്ടായിരുന്ന ഫിനിഷിംഗ് ഒരുപക്ഷേ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാണാറില്ല. അത് ആരുടെയും അനുഭവമാണ്. എന്നാല്‍ ഒരു സ്വപ്നവീടില്ലാത്തവരുണ്ടോ. കുഞ്ഞുന്നാളില്‍ ടാര്‍സന്‍ ചിത്രകഥകള്‍ വായിക്കുമ്പോള്‍ മരത്തിനു മുകളില്‍ വീടുവെക്കണമെന്ന് ഞാന്‍ ആഗ്ര ഹിച്ചു. മാന്‍ഡ്രേക്കു കഥകള്‍ വായിച്ച് സംസാരിക്കുന്ന ഗേറ്റും 8 എന്ന ആകൃതിയിലുള്ള വീടും സ്വന്തമാക്കുന്നത് സങ്കല്‍ പ്പിച്ചു. രാജകൊട്ടാരങ്ങള്‍ കാണുമ്പോള്‍ പക്ഷേ എന്തിനാണിത്ര വലിയ ആഡംബരം എന്നും തോന്നിയിരുന്നു. കുറച്ചു കൂടി വലുതായപ്പോള്‍ സിനിമകളില്‍ ബഹുനിലക്കെട്ടിടവും മറ്റും കപ്പോള്‍ അവയിലൊക്കെ കമ്പം ജനിച്ചു. യാത്രാവേള കളില്‍ കിരുന്ന ചേരികളും കുടിലുകളും കാണുമ്പോള്‍ ഇവര്‍ക്കെന്തുകൊണ്ട് മെച്ചപ്പെട്ട വീടു വെച്ചുകൂടാ എന്നു ചിന്തിച്ചിട്ടുണ്ട്. അതിനു വേണ്ടുന്ന പണച്ചെലവിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രായമായിരുന്നില്ല അന്ന്.ജോലികള്‍ മാറിമാറി ചേര്‍ന്നതിനൊപ്പം വാടക വീടുകള്‍ അന്വേഷിച്ചുപോയപ്പോലെല്ലാം ഇതൊന്നുമല്ലല്ലോ എന്റെ വീടെന്നു തോന്നിയിട്ടുണ്ട്. ഒരു പുഴയുടെ തീരത്ത്, പുഴയിലേക്കിറങ്ങി നില്‍ക്കുന്ന, തടികള്‍കൊണ്ട് തീര്‍ത്ത, ഏറെ കിളിവാതിലുകളുള്ള, ചതുരത്തിലുള്ള ഒരു വീട് എപ്പോഴോ മനസില്‍ രൂപം കൊണ്ടിരുന്നു. പിന്നെ ഒരിക്കല്‍ പുറത്തുനിന്നു നോക്കിയാല്‍ ഒരു സ്തഭംപോലെ മാത്രം തോന്നിക്കുന്ന, അകത്ത് എല്ലാ സൌകര്യങ്ങളുമുള്ള ഒരു വീടിനെ മോഹിച്ചു. പക്ഷേ വളരെ വൈകിയാണ് സ്വന്തമായി വീടെന്ന ആശയം പ്രാവര്‍ത്തികമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയത്. അപ്പോള്‍ ജന്മനാടുംവിട്ട് കേരളത്തിന്റെ മറ്റൊരു കോണില്‍ എത്തിപ്പെട്ടു. തിരുവിതാംകൂറില്‍നിന്ന് വള്ളുവനാട്ടിലേക്ക്. അപ്പോഴും ഭാരതപ്പുഴയുടെ തീരത്തു പാര്‍ക്കാനായില്ല. കെട്ടിട നിര്‍മാണച്ചട്ടവും എഞ്ചിനീയറും കോട്രാക്ടറും സാഹചര്യങ്ങളുമെല്ലാംകൂടി ചേര്‍ത്തുണ്ടാക്കി തന്നത് ഇരുനില കോക്രീറ്റുകെട്ടിടം. ഒരു അണുകുടുംബത്തിന് അതു ധാരാളം. പക്ഷേ ആദ്യമാദ്യം ഏതുമൂലയിലും അസംതൃപ്തിയായിരുന്നു. അവിടെ മറ്റൊന്നാകാമായിരന്നു, ഇവിടെ ഞാനിങ്ങനെയല്ല ഉദ്ദേശിച്ചത് എന്നൊക്കെ തോന്നാതിരുന്ന മുഹൂര്‍ത്തങ്ങളില്ല. പക്ഷേ, ഇപ്പോള്‍ ഞാനെന്റെ വീടിനെ സ്നേഹിക്കുകയാണ്, ഓരോ നിമിഷവും എന്റെ സ്വന്തം വീടെന്ന വികാരമാണുണ്ടാകുന്നത്. ഇവിടെ ഇപ്പോള്‍ നിര്‍മാണച്ചട്ടങ്ങള്‍ എനിക്ക് പ്രശ്നമുണ്ടാക്കിയതായി തോന്നാറില്ല. എഞ്ചിനീയറേയും കോട്രാക്ടറേയും ഞാന്‍ കുറ്റം പറയാറില്ല.അടുത്തിടെ ഞാനൊരു കുഞ്ഞാറ്റക്കളിക്കൂട് വിലയ്ക്കു വാങ്ങി ഉമ്മറത്തു തൂക്കി. അതിന്റെ ഓരോ ചികിരിയും നാരും സ്വയം സംഘടിപ്പിച്ച് സ്വയം മെനഞ്ഞുണ്ടാക്കുന്ന കൂടുകള്‍ ആ കുഞ്ഞാറ്റകള്‍ക്കെത്ര പ്രിയംകരമായിരിക്കും. അതേ പോലെയാണ് എനിക്കിപ്പോള്‍ എന്റെ വീടിനെക്കുറിച്ചും പ്രിയം. സ്വപ്നമാണോ സഫലമായതെന്ന് എനിക്കറിയില്ല, പക്ഷേ ഞാനിവിടെയിരുന്നു പുതിയ സ്വപ്നങ്ങള്‍ കാാണാറുണ്ട്-എന്റെ സങ്കല്‍പ്പത്തില്‍ ഇനിയൊരു വീട്.....
കാവാലം ശശികുമാര്‍

യയാതിമാര്‍


ലേഖനം

മലയാളിക്ക് എന്തുപറ്റി? യയാതി ബാധയോ?മലയാളിക്കെന്തുപറ്റി? അതോ മുമ്പും ഇങ്ങനെയൊക്കെ ആയിരുന്നോ. ചരിത്രത്തിന്റെയും സാഹിത്യത്തിന്റേയും കെട്ടുകഥകളുടേയും ഒക്കെ വഴിയേ പഴയ കാലത്തേക്കു പോയപ്പോഴും ഈ സ്ഥിതി ഉണ്ടായിരുന്നതായി കാണാന്‍ കഴിഞ്ഞില്ല. വളരെ വിചിത്രമായി തോന്നിപ്പോകാറുണ്ട് ഇതൊക്കെ കാണുമ്പോള്‍. പറഞ്ഞു വരുന്നത് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും നാല്‍കവലകളിലും കാണുന്ന ലൈംഗികോത്തേജന പരസ്യങ്ങളെക്കുറിച്ചാണ്. ആദ്യത്തെ ഡല്‍ഹിയാത്ര ഓര്‍മ്മ വരുന്നു. തീവണ്ടിയില്‍ (ഇലക്ട്രിക് ട്രെയിന്‍ ആകുന്നതിനു മുമ്പ്) ഡല്‍ഹിയെന്ന മഹാനഗരത്തിനടുത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പായിരുന്നു. ഏതോ വലിയൊരു, പുതിയൊരു ലോകത്തേക്കാണല്ലോ പ്രവേശിക്കാന്‍ പോകുന്നതെന്ന അങ്കലാപ്പ്. തീവണ്ടി വേഗം കുറഞ്ഞ് ഇഴഞ്ഞിഴഞ്ഞ് നിങ്ങുമ്പോള്‍ ഇരുപുറങ്ങളിലുമുള്ള മതിലുകളില്‍ തീവണ്ടിയ്ക്കൊപ്പം നീളത്തിലും വലുപ്പത്തിലും കണ്ട പരസ്യങ്ങള്‍ വായിച്ച് ഉള്ളാലെ സങ്കോചിച്ചുപോയി. ഇവിടെ ഹിന്ദിക്കാര്‍ക്കൊക്കെ എന്താ ലൈംഗികരോഗവും ലൈംഗിക അപാകതകളുമാണോ എന്ന്. കാരണം അതിനുള്ള ചികിത്സാ വാഗ്ദാനങ്ങളായിരുന്നു പരസ്യങ്ങളെല്ലാം. ഡോക്ടറുടെ പേരും ഫോ നമ്പറും.... ഹിന്ദിയില്‍ പ്രയോഗം 'ഗുപ്ത് രോഗ്' എന്നായിരുന്നു. (ഈ പരസ്യങ്ങളൊക്കെ ഇന്നും അവിടെയുണ്ട്. വിമാനയാത്രകള്‍ ഒഴിവാക്കി അടുത്തിടെ ഒരു ട്രെയിന്‍ യാത്രയില്‍ ഞാനതു പ്രത്യേകം ശ്രദ്ധിച്ചു, അതെ "ഗുപ്ത് രോഗ'ങ്ങള്‍ ഡല്‍ഹിക്കാര്‍ക്കു കുറഞ്ഞിട്ടില്ല.പക്ഷേ ആ 'ഗുപ്ത് രോഗ’ങ്ങള്‍ ഇന്നു കേരളത്തിലാണോ കൂടുതല്‍? അങ്ങനെ വേണം സംശയിക്കാന്‍. കേരള ഔഷധ വിപണിയില്‍, ആയുര്‍വേദമാകട്ടെ, അലോപ്പതിയാകട്ടെ, ചൂടപ്പം പോലെ വിറ്റുപോകുന്നത് ലൈംഗികോത്തേജക മരുന്നുകളാണെന്ന് മരുന്നു കടക്കാര്‍ സമ്മതിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ മരുന്നുകളുടെ പരസ്യം പത്രത്തില്‍ വരുന്നു, ഇലക്ട്രോണിക് മീഡിയകളില്‍ കാണിക്കുന്നു. ഇവിടെ ആയുര്‍വേദ ഔഷധമെന്ന ലേബലില്‍ ഇറങ്ങുന്ന ഒരു ഡസന്‍ മരുന്നുകളുടെ പേര് ഒരാഴ്ചത്തെ പത്രം പരതിയാല്‍ ബഹു വര്‍ണങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കാണാം. മാര്‍ക്കറ്റുണ്ടാക്കുകയും വില്‍ക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത് അവയുടെ ഉല്‍പാദകരുടെ കച്ചവടതന്ത്രം. പക്ഷേ ഇത്തരം മരുന്നുകളുടെ പ്രേരണയില്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷം മലയാളിക്കുണ്ടായോ. എങ്കില്‍ എന്താണതിനു കാരണം.?ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം എന്നിങ്ങനെയുള്ള ജീവിതദശകളും ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെയുള്ള ജീവിതാവസ്ഥകളും മകന്‍/മകള്‍, ഭര്‍ത്താവ്/ഭാര്യ, അച്ഛന്‍/അമ്മ എന്നീ ജീവിതാനുഭവഘട്ടങ്ങളും ഉത്തരവാദിത്വങ്ങളും കുഴമറിഞ്ഞു പോയതാണോ കാരണം. ജീവിതം എക്കാലത്തും ഒരേപോലെയാവില്ലെന്നത് സങ്കല്‍പമല്ല ശാസ്ത്രീയ യാഥാര്‍ത്ഥ്യമായിരിക്കെ എക്കാലത്തും 'മധുവിധു'എന്ന അനുഗ്രഹമാണോ ഈ മരുന്നുകളുടെ പിന്നാലെ പോകാനുള്ള പ്രേരണ. ഒരു തരം യയാതി സിന്‍ഡ്രോം. മകന്‍ പുരുവിന്റെ യൌവനം വാങ്ങി വാര്‍ദ്ധക്യത്തിലും ലൈംഗികാനന്ദം അനുഭവിച്ച രാജാവായ യയാതിയുടെ പിന്മുറക്കാരാകാന്‍ ശ്രമിക്കുകയാണോ നമ്മള്‍.യഥാകാലം സംഭവിക്കുന്നതിനു പകരം എല്ലാം അകാലത്തില്‍ സംഭവിക്കുകയോ അല്ലെങ്കില്‍ സംഭവിപ്പിക്കാന്‍ ശ്രമം നടത്തുകയോ ചെയ്യുന്നത് അസാധാരണ പ്രക്രിയയാണ്. അത് അപകടങ്ങള്‍ക്കേ വഴിവെച്ചിട്ടുള്ളൂ. മഴയില്ലാത്ത വേളയില്‍ മഴപ്രളയം വരുന്നതും മഴ വേണ്ടപ്പോള്‍ വരള്‍ച്ച വരുന്നതും പ്രകൃതിയെ എങ്ങനെ ബാധിക്കുന്നോ അതുപോലെ. ബാല്യത്തില്‍ ലൈംഗികവിദ്യാഭ്യാസമെന്ന പേരില്‍ ഉദ്ബോധിപ്പിക്കുന്ന കാര്യങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന എതിര്‍പ്പുകളെ ഈ കാഴ്ചപ്പാടില്‍ വേണം കാണാന്‍. വാര്‍ധക്യത്തില്‍ കൌമാരത്തിന്റെ കിനാവുകള്‍ മനസില്‍ കയറ്റുന്ന ദൃശ്യ-ശ്രാവ്യ (ടിവി-സിനിമാ-സംഗീതത്തിന്റെ പേരിലുള്ള തുള്ളലുകള്‍) പരിപാടികളുടെ ഇംപാക്ടും ഇതുതന്നെ. നമ്മുടെ അച്ചടി മാധ്യമരംഗത്ത് സര്‍ക്കാര്‍ ഒരു ആത്മാര്‍ത്ഥമായ നിയന്ത്രണം കൊണ്ടുവരട്ടെ - മനോരോഗത്തിലെത്തിക്കുന്ന, തരംതാണ അശ്ളീല പ്രസിദ്ധീകരണങ്ങള്‍ എത്രയെത്രയെന്നോ (അവയില്‍ ഒരു ദിക്കിലേക്ക് തിരഞ്ഞ് ധാര്‍മ്മികതയും മൂല്യവും പ്രഭാഷണം ചെയ്യുന്ന പത്രങ്ങളുടെ കമ്പനികള്‍ നടത്തുന്ന 'കൊച്ചുപുസ്തക’ങ്ങളും ഉണ്ട്) അത് ഉത്തേജകമരുന്നിനു പിന്നാലെ പോകുന്ന മനോരോഗത്തിനും നിയന്ത്രണമാകും.ഉപഭോഗ സംസ്ക്കാരത്തിന്റെ, ഉദാരവല്‍ക്കരണത്തിന്റെ അരാജകത്വമാണിന്നത്തെ ഈ 'മരുന്നു തേടല്‍' ദമനത്തിന്റെ, അതായത് നിയന്ത്രണത്തിന്റെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ക്കും മനോരോഗം പിടിച്ചിരിക്കുന്നു. സംതൃപ്തി, അത് ഭോഗസംതൃപ്തി മാത്രമാണെന്ന മിഥ്യാധാരണയിലേക്ക് ജനത വഴുതിവീഴുന്നു. പുനഃശ്ചിന്തയുള്ള കാലമാണിത്. എന്നും യൌവനം വേണമെന്നാഗ്രഹിക്കുന്നവര്‍ എന്തുകൊണ്ട് എക്കാലവും ബാല്യത്തിന്റെ നിഷ്ക്കളങ്കത സൂക്ഷിക്കണമെന്നാഗ്രഹിക്കുന്നില്ല? എന്തുകൊണ്ട് പക്വത തന്റെ സ്ഥിരാവസ്ഥയായിരിക്കണമെന്നാഗ്രഹിക്കുന്നില്ല. അതെ, നമ്മള്‍ മലയാളികള്‍ക്കിടയിലും ഞരമ്പുരോഗങ്ങള്‍ വ്യപാകമാവുകയാണ്; അത് അപകടവുമാണ്.
കാവാലം ശശികുമാര്‍