Saturday, August 7, 2010

നാളികേരത്തിന്റെ നാട്ടില്‍...

വീട്ടിലേക്കുള്ള വഴികള്‍

സ്കെച്ചുകള്‍ നാസര്‍.ഒ.ബി വരച്ചത്..എന്റെ ഈ സുഹൃത്ത് കൊച്ചി സ്വദേശി...ഇപ്പോള്‍ ജിദ്ദയില്‍ മലയാളം ന്യൂസ് എന്ന പത്രത്തിലെ ഡിസൈനര്‍ ആണ്


നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണും അതിലെ നാരായണക്കിളിക്കൂടുപോലുള്ള ഓലപ്പുരയും എത്രയെത്ര ആകര്‍ഷകമായ ഓര്‍മയാണ്. പച്ചപ്പിന്റെയു വെള്ളത്തിന്റെയും നാടുവിട്ടു മറ്റൊരിടത്തു പാര്‍ക്കുമ്പോഴാണ് അതു കൂടുതല്‍ അനുഭവവേദ്യമാകുന്നത്. കേരളത്തിലെ വീടുകള്‍ രൂപത്തിലും ഭാവത്തിലും എത്രയെത്ര മാറിയിരിക്കുന്നു, കഴിഞ്ഞ കാലത്തിനുള്ളില്‍!!!തെങ്ങോലയും പനയോലയും വൈക്കോലും മേഞ്ഞ വീടുകള്‍. തൂണുകള്‍ മുളയോ തെങ്ങിന്‍ തടിയോ മറ്റോ... ചാണകം മെഴുകിയ തറ... പനമ്പോ പാഴ്ത്തടിയോ കൊണ്ട് തീര്‍ത്ത ഭിത്തികള്‍... ഇന്നത്തെ എയര്‍കണ്ടീഷന്‍ ചെയ്ത വീടുകളോടു കിടപിടിക്കുന്നവയായിരുന്നു അവ...പിന്നെ എപ്പോഴോ ഓടുമേയാന്‍ തുടങ്ങി. മയില്‍ മാര്‍ക്ക് ടൈലുകള്‍ വ്യാപകമായപ്പോള്‍ വര്‍ഷം തോറും ഓലമേയാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് പലരും മറന്നു. ഓലയ്ക്ക് സ്ഥാനം വേലികളിലായി. ഇഷ്ടികകെട്ടി കുമ്മായം തേച്ച് വെള്ളപൂശിയ ചുമരും ചുവന്ന ഓടും മേഞ്ഞ വീടുകള്‍ പ്രൌഢിയുടെ പ്രതീകമായി. ഓടിന്റെ ചെലവിനെ അതീജീവിക്കാനുള്ള എളുപ്പവഴിയായി വന്ന ആസ്ബസ്റോസ് ഷീറ്റുകള്‍ കാര്യം എളുപ്പമാക്കിയെങ്കിലും സുരക്ഷക്കും ആരോഗ്യ രക്ഷക്കും അവ ഭീഷണിയായി. അതിവേഗം ഔട്ടായെങ്കിലും ഒരുകാലത്ത് വീടുകള്‍ക്ക് ഈ ആസ്ബസ്റോസ് ചന്തമായിരുന്നു....കോക്രീറ്റ് സംവിധാനം ആദ്യം എത്തി നോക്കിയത് സഷേഡുകളിലായിരുന്നു. പയ്യെപ്പയ്യെ അതു വീടിന്റെ മച്ചും മേല്‍ക്കൂരകളുമായി ശക്തിതെളിയിച്ചതോടെ നാട്ടിലെങ്ങളും ഇരുനില കെട്ടിടങ്ങള്‍ തലയുയര്‍ത്തി തുടങ്ങി. അതിവേഗം വ്യാപിച്ച കോക്രീറ്റ് ഫാഷന്‍ കേരളത്തിന്റെ കെട്ടിട സങ്കല്‍പ്പങ്ങളെത്തന്നെ മാറ്റിമറിച്ചു. പഴയ കാലത്തെ നാലുകെട്ടും എട്ടുകെട്ടും പോലും തച്ചുടച്ച് കോക്രീറ്റു സൌധങ്ങള്‍ നിര്‍മ്മിക്കാന്‍ പണമുള്ളവര്‍ വെമ്പല്‍ കൂട്ടി. കാരണം അതിനകം കേരളത്തിലെ സ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരുന്നു കോക്രീറ്റു ബഹുനില വീടുകളും.അടുത്തവളര്‍ച്ച ഫ്ളാറ്റിലേക്കായിരുന്നു. കൂറ്റന്‍ കെട്ടിടങ്ങളിലെ സ്ക്വയര്‍ഫീറ്റ് കണക്കിനുള്ളില്‍ താമസിക്കുമ്പോഴും ആ ബഹുനിലക്കെട്ടിടം മുഴുവന്‍ തന്റേതാണെന്ന് ഓരോരുത്തരും അഭിമാനം ഭാവിച്ചു. അഭിമാനവും പൊങ്ങച്ചവും അവരവര്‍ അനുഭവിച്ചു, അതേ സമയം അവര്‍ പങ്കുവെച്ചു.ഇപ്പോള്‍ ഫ്ളാറ്റില്‍നിന്നിറങ്ങി വില്ലകളിലേക്കുള്ള വഴികളിലാണ്. ചെറുതെങ്കിലും സ്വന്തമായ, ചുവരുകളും തനിക്കു മാത്രമായുള്ള ഒരു വീട് എന്ന മോഹത്തിലേക്ക്.....


ചിലമ്പൊലി-


കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പിലിരുന്ന് മരത്തിന്റെ ഗുണം നോക്കുന്ന മരം കൊത്തിക്കളി പറയുന്നു-കുഞ്ഞാറ്റക്കിളിയുടെ കൂട് അന്നും ഇന്നും ഒരേപോലെതന്നെ....


കാവാലം ശശികുമാര്‍

2 comments:

 1. വീട്

  കാറ്റടിക്കുമ്പോള്‍
  പാറി വീഴുന്നു പരിഭവം

  അലഞ്ഞെത്തിടും നായ്ക്കള്‍
  തങ്ങളില്‍ ശൗര്യം കാട്ടി
  തല ചായ്ചുറങ്ങുന്നു
  ജീര്‍ണിച്ച വരാന്തയില്‍


  ചിതലിന്‍ പെരുംപട
  തിന്നു തീര്‍ത്തൊരു തൂണിന്‍
  നേരിയ ഞരക്കങ്ങള്‍


  ചേരകള്‍ സ്വസ്ഥം പാര്‍ക്കും
  മൂലകള്‍ , കഴുക്കോലില്‍
  ചാഞ്ഞുറങ്ങീടും നരി-
  ച്ചീറുകള്‍ , ചിലന്തികള്‍


  അടുപ്പില്‍ നിദ്രാ പൂര്‍ണം
  വസിക്കും തവളകള്‍
  മടുപ്പിന്‍ പ്രേതാത്മാക്കള്‍
  നടക്കും പറമ്പുകള്‍


  കാട്ടുപുല്ലുകള്‍ , കുറ്റിച്ചെടികള്‍
  തഞ്ചം പാര്‍ത്തു
  കൂട്ടു ചേര്‍ന്നൊന്നായ് വാഴും
  കിണറിന്‍ പടവുകള്‍


  അപരിചിതത്വത്തിന്‍
  കൂര്‍ത്തമുള്ളുകള്‍
  വേലിപ്പടര്‍പ്പില്‍ ക്രൗര്യം
  ചുരന്നുലയും പൂവള്ളികള്‍


  ഒക്കെയുമൊരു നോക്കാല്‍
  കാണ്‍കവെ ഹൃദയത്തില്‍
  വന്നലയ്ക്കുന്നു ചോദ്യം
  വീടു ഞാന്‍ മാറിപ്പോയോ?

  ReplyDelete
 2. ഒക്കെയുമൊരു നോക്കാല്‍
  കാണ്‍കവെ ഹൃദയത്തില്‍
  വന്നലയ്ക്കുന്നു ചോദ്യം
  വീടു ഞാന്‍ മാറിപ്പോയോ?

  അതു സൂപ്പർ.......

  ReplyDelete