Monday, October 4, 2010

ആപൂര്യമാണം അചലപ്രതിഷ്ഠം (കവിത)



നദിയൊഴുകുന്നൂ.....
സൈന്ധവകാലക്കനികള്‍ വിളഞ്ഞൊരു പുളിനതടത്തിലു
മതിനു നനച്ച സരസ്വതിനാഡിയി
ലതുലം ഗംഗയിലലയായൊഴുകി
ച്ചടുലം ചലിത തരംഗിണിയായി
ന്നദിയൊഴുകുന്നു

യമുനക്കുളിരില്‍-
താജ്മഹലിന്റെ തണുപ്പിന്‍തിണ്ണയിലതിനും പഴമയിലമ്പാടിക്കുളി
ഇരുവികളൊഴുകിക്കാളിയഫണഗുരുദര്‍പ്പം തീര്‍ത്തി
ട്ടവിടൊരു നീലക്കണ്ണു തുറന്നുകടമ്പു ചിരിച്ചതു
മായര്‍പ്പെണ്ണിനു കണ്ണു നിറഞ്ഞതുമതിപൃഥു ചരിതം
നദിയൊഴുകുന്നു....

വേദംനാലു പകുത്തവനോതി-
ഗ്ഗീതയിലിടയില്‍-പ്പോകുന്നില്ലിതു ചലിതമതെങ്കിലു-
മെവിടെയയുമിവിടെയുമൊഴുകുന്നെങ്കിലും
“ആപൂര്യമാണം അചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്...’’

നദിപറയുന്നതു ജീവിത പാഠം
“നദിയിലൊലിപ്പൊരു കാഷ്ഠം’ മര്‍ത്ത്യന്‍
അതിരുകളെല്ലാമതിരുകടന്നി-
ട്ടനവധി രാഷ്ട്ര ചരിത്രരഥപ്പാടവിടവിടേറ്റി
നിറഞ്ഞുവിളങ്ങും നദികള്‍ ഗമിപ്പൂ ശാന്തം സ്വച്ഛം....
നദിയൊഴുകുന്നു......

നിളകവിയുന്നൂ,
മാമാങ്കത്തറ പുഴയിലൊഴുക്കിയ
രക്തച്ചാന്തുകള്‍ നാവാനാഥനു, നാ•ുഖദേവനു, കാമാരിക്കും
ശാന്തിപകര്‍ക്കും തീര്‍ത്ഥമൊഴിക്കും നിളയൊഴുകുന്നു

തുഞ്ചന്‍,കുഞ്ചന്‍,“കവി’,ഇടശേരിക്കക്കിത്ത
ത്തി-
ന്നൈവര്‍മഠത്തറയന്തിയുറക്കുന്നായിരമായിര-
മാത്മാക്കള്‍ക്കും അനവധിയനവധി ആശ്രിതജനത-
ക്കാശ്വാസത്തിന്നാഴക്കുളിരായ് നിളയൊഴുകുന്നു...
നദിയൊഴുകുന്നു......


നദി കരയുന്നു.....
പണ്ടു തിമിര്‍ത്തു തകര്‍ന്നോടിയതും
കൂലം തല്ലിയലച്ചു പതഞ്ഞതുമാര്‍ത്തു ചിരിച്ചതു-
മോര്‍ത്തുചിരിച്ചതുമൊന്നായ് തീര്‍ന്നതുമോര്‍മ്മകള്‍ മാത്രം.

നദി വരളുന്നു...
കണ്ണീര്‍ചാലുകള്‍പോലെ കയങ്ങള്‍, ഗോഷ്പദമകുന്നാറുകള്‍ നദികള്‍,
കണ്‍നനയുന്നവരാഞ്ഞുകരഞ്ഞിട്ടലറിവിളിച്ചിട്
ടാരതു കേള്‍ക്കാന്‍
ഭൂമി ഞരമ്പില്‍രക്തം തീരുന്നാമുല ന• ചുരത്തിയ നാളുകളാഹ്ളാദത്തി-
ന്നാരവ നാളുകളകലേക്കകലെ മറഞ്ഞകലുമ്പോള്‍...
നദി പറയുന്നു....

നദിപറയുന്നു....
ഉറവകളുയിരുകളുള്‍വലിയുന്നൂ
ഉള്ളുകളുള്ളില്‍ ഘൃണമുയരുന്നൂ
പഴയവ പലവക പാട്ടിലൊതുങ്ങു-
ന്നവനവനാത്മ സുഖം നോക്കുന്നു
അറിയുക യുദ്ധമടുത്തുവരുന്നത്
വെള്ളംവെള്ളം ചൊല്ലിയെതിര്‍ക്കും
ഗ്രാമം വീഴും, നഗരം വീഴും നരനും വീഴും നാടേ വീഴും
സഗരന്‍ വരുവാന്‍ കാതോര്‍ത്തിടുനാം.....


മടക്കം (കവിത)



കളരിക്കാലം

കലരിക്കാലമോര്ക്കുന്നൂ,
നഴ്സറിക്കൊപ്പമുള്ളനാള്‍
കളിമൂക്കുന്ന നേരത്തോ
വിളിക്കാനമ്മ വന്നിടും

കരളില്‍ തേങ്ങലോ
ടന്നു
കൂട്ടുകാരെ പിരിഞ്ഞിടും

കളരിക്കളമുറ്റത്തെ
മടക്കം-പൊട്ടി നെഞ്ഞകം



പത്താം
ക്ളാസ്


തിരിഞ്ഞുനോക്കി
നോക്കിപ്പോം
നാളില്
മുമ്പിലതേ വരൂ
പത്തിന്റെ പടിവാതില്‍ക്കല്‍
ചിലമ്പിപ്പോയ നാളുകള്‍

മടങ്ങി വരുമോ വീണ്ടും
കൂട്ടരേയെന്നു കേട്ട
തും
ഒരുമിച്ചൊത്തനാളേക്കാള്‍
വികാരം വിങ്ങിനിന്നതും

മറവിയ്ക്കും മറയ്ക്കാനായ്
കഴിയാത്ത ദിനങ്ങളേ

മടങ്ങി വരുമോ വീണ്ടും
മാറണയ്ക്കാന്‍ കൊതിപ്പു ഞാന്‍

കോളെജ്- കൌമാരം
മടങ്ങിച്ചെന്ന ഡിഗ്രിക്കോ
കാണാതായ് പല കൂട്ടുകാര്‍

പ്രീഡിഗ്രിത്തലയെങ്ങോപോയ്
പലരും പല തട്ടിലായ്

പിരിയും വേള ഡിഗ്രിക്കാ
മൂന്നാം വര്‍ഷാന്ത്യനാളിലാം

വിരഹപ്പെയ്ത്ത് നീറിപ്പോം
പുകയും നെഞ്ചകം ദൃഢം

മോഹവും ദാഹവും ചേര്‍ന്നു
കുടുക്കുന്ന കുടുക്കുകള്‍

മോഹഭംഗങ്ങള്‍
തേങ്ങുന്നൊ
രിടനാഴിയിടുക്കുകള്

പുസ്തകത്താളിലെങ്ങെങ്ങും
നിറയുന്ന പ്രിയപ്പടം

അതു നോക്കി നറും കണ്ണാല്‍
സ്വപ്നം നെയ്തോരു നാളുകള്‍

മധുരപ്പതിനേഴിന്മേല്‍
വിരചിച്ചൊരു ലോകമേ

മടങ്ങിവരുമോ വീണ്ടും
എരിയും രുചി ചേര്‍ക്കുവാന്‍


യൌവനം

കുതിക്കുന്ന കിതപ്പിന്മേല്‍
കേട്ടൂ കുതിരശക്തിയില്‍

കീഴടക്കാന്‍ വെമ്പിയാളും
യൌവനത്തിന്‍ തിളക്കലില്‍

മടക്കത്തിനു ഞാനില്ലാ,
മുന്നോട്ടെന്നും, മുടന്തിടാ

പിന്നിലേക്കൊന്നു നോക്കാഞ്ഞ
മുട്ടാളത്ത മിടുക്കുകള്‍

ആറ്റിനങ്ങേപ്പുറം
നീന്തി
ക്കടന്ന
കടവിന്‍ കര
മടക്കയാത്രയെന്തോതീ-
കഴിവീലത്ര വേഗത

അങ്ങോട്ടേക്കന്നു നീന്തുമ്പോള്‍
കൈകാല്‍ കാണിച്ച ജാഗ്രത
ഇങ്ങോട്ടുള്ള വഴിക്കെങ്ങോ
പാതിയില്
വാശി തീര്ന്നുവോ


സായാഹ്നം

ഓര്‍മ്മയൂഞ്ഞാലിലാട്ടുമ്പോള്‍
അങ്ങോടിങ്ങോടലഞ്ഞിടാം

പണ്ടു ചാടിക്കടന്നോരാ
തോട്ടിന്‍ വക്കില്‍ നിനച്ചിടാം

വരുമോ ജന്മമൊന്നെങ്കില്‍
പിന്നെയും പൂക്കുമീയുടല്‍

അഥവാ പൂരുവിന്‍
ജന്മ
മെടുക്കാന്
മക്കള്‍ നില്‍ക്കുമോ
കൊതി തോന്നുന്ന
വേതാള
ച്ചതിയില്
പെട്ടു പോകിലോ
വരുമേ ജന്മമോരോന്നും
മടക്കം താന്‍ മുടക്കുമേ

പുനര്‍ജന്മജ
വിഭ്രാന്തി
പ്പുകകേറിയ
കണ്ണിലോ
മടക്കയാത്രക്കെന്നേക്കാള്‍
ഭയമാത്മാവിനാകിലോ

മരിക്കാത്ത മരുന്നിപ്പോള്‍
യൌവനത്തിന്‍ പ്രലോഭനം

മടക്കമടിപോകാനായ്
മറക്കാതെ ജപിക്കണം

എന്നത്തേയും ചിന്താവിഷയം-2



അനുഭവങ്ങള്‍:
യാത്രയുടെയും
വായനയുടെയും


അനുഭവമാണ് ഗുരു എന്ന് ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. ആരും അനുഭവിച്ചറിയുന്ന കാര്യം തന്നെയാണ്. അനുഭവങ്ങള്‍, അതു മനുഷ്യനെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷേ ദുരനുഭവങ്ങള്‍ കൂടുതല്‍ മോശക്കാരെയും പലപ്പോഴും നല്ല സ്വഭാവക്കാരെയും സൃഷ്ടിക്കാറുണ്ട്. കൊടും ക്രിമിനലായ ആള്‍ കുട്ടിക്കാലത്ത് തനിക്ക് കിട്ടിയ മോശം പെരുമാറ്റമാണ് തന്നെ വലിയ ക്രിമിനലാക്കിയതെന്ന് കുറ്റസമ്മതം നടത്തുകയോ സമൂഹത്തെ കുറ്റപ്പെടുത്തുകയോ ചെയ്യാറുണ്ടല്ലൊ. പക്ഷേ കുട്ടിക്കാലത്തെ ചെറിയ തിരുത്തലുകള്‍ പില്‍ക്കാലത്ത് മഹത്തായ സ്വഭാവവിശേഷത്തിനു കാരണമാക്കിയ സംഭവങ്ങള്‍ വിവരിക്കുന്നവരുമുണ്ട്. എന്തായാലും അനുഭവം ഗുരുതന്നെയാണ്. അനുഭവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? യാത്രക്കാണ് ഏറ്റവും അനുഭവം തരാവുന്നത് എന്നു തോന്നുന്നു. യാത്രയുടെ പ്രത്യേകത തന്നെയതാണ്. മനസ്സുകൊണ്ട് യാത്രചെയ്യുന്നതിനൊപ്പം തന്നെ ശരീരവും യാത്രചെയ്യുന്ന വിചിത്രാവസ്ഥ. ഈ ഇരട്ടയാത്രയില്‍ ശരീരം മുന്നോട്ടുപോകുമ്പോള്‍ മനസിന് എങ്ങോട്ടും തിരിയാം. ഒപ്പംതന്നെ ഒന്നിച്ചുള്ള യാത്രയിലെ മറ്റു കുറേ യാത്രക്കാരുടെ യാത്രയില്‍ പങ്കുചേരാം. അനുഭവങ്ങളുടെ അക്ഷയഖനിതന്നെയാണ് യാത്ര. ഒന്ന് ചിന്തിച്ചുനോക്കൂ, നിങ്ങളുടെ ഒരു യാത്രയെക്കുറിച്ച്. തീര്‍ത്ഥയാത്ര, ഉല്ലാസയാത്ര, ആവശ്യയാത്ര, പതിവുയാത്ര, ഔദ്യോഗികയാത്ര.... എന്തിനേറെ വെറുതേ നടക്കാനിറങ്ങുന്ന ഒരു യാത്രയുടെ ഓര്‍മ നിങ്ങള്‍ക്ക് എന്തെല്ലാം അനുഭവം നല്‍കിയിട്ടുണ്ടെന്നും പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മനസ്സിലായില്ലേ...
എല്ലാം പക്ഷേ അനുഭവിച്ചറിയുന്നത് എളുപ്പമല്ലല്ലോ. അപ്പോള്‍ അനുഭവിച്ചവരില്‍നിന്നറിയുന്നതാണ് യാത്ര കഴിഞ്ഞാല്‍ അറിയാനുള്ള രണ്ടാമത്തെ മാര്‍ഗം; അതായത് വായന. ഇന്ന് കാഴ്ച വായനയെ അധികരിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സാധ്യതയുടെ പക്ഷത്ത് വായനക്കുതന്നെയാണ് മേല്‍ക്കൈ. ഒരു യാത്രയ്ക്കിടയിലും വായിച്ചറിയാനുള്ള സാധ്യതയ്ക്ക് സാങ്കേതിക പിന്തുണകള്‍ വളരെ കുറച്ചുമതിയല്ലോ. (അത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്). യാത്രയും വായനയും അങ്ങനെ അനുഭവത്തിന്റെ ഗുരുക്കളാകുന്നു. വായിക്കാനുള്ള ആവേശം പക്ഷേ യാത്രയ്ക്കുണ്ടാകുന്ന വളര്‍ച്ചപോലെയാകുന്നില്ല എന്നാണ് കണക്കുകള്‍. ലോകമെമ്പാടും യാത്രയ്ക്ക് പ്രിയമേറുന്നു. വിനോദയാത്രക്കായാലും തീര്‍ത്ഥയാത്രക്കായാലും വര്‍ധനവുണ്ട്. ലോകത്ത് ഏറ്റവും വലിയ തീര്‍ത്ഥയാത്രയായ ഹജ്ജ് യാത്രികരുടെ എണ്ണം പെരുകുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ നിശ്ചിതകാലം മാത്രം നടക്കുന്ന തീര്‍ത്ഥാടനമായ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലെ വര്‍ധനയും മറ്റൊരു കണക്ക്. ഉല്ലാസയാത്രക്കാരുടെ കണക്ക് ടൂറിസംവകുപ്പിന്റെ അഭിമാനമാണ്. ആഭ്യന്തര-വിദേശ വിനോദയാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഓരോ വര്‍ഷവും നൂറുശതമാനം വര്‍ധനയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ജനപ്പെരുപ്പം മാത്രമല്ല ഇതിനുകാരണമെന്നു സ്പഷ്ടം. ആളുകളുടെ ധനപ്പെരുപ്പവും ഒരു ഘടകമാണ്. പിന്നെ കച്ചവട സംസ്ക്കാരത്തിന്റെ ഭാഗമായി വളര്‍ന്നുവരുന്ന സൌകര്യങ്ങളുടെയും പ്രചാരങ്ങളുടെയും പ്രേരണയും സ്വാധീനവും ഉണ്ടാകും. ഔദ്യോഗിക അവധി കിട്ടിയാല്‍, പഠന ഒഴിവുകിട്ടിയാല്‍ കുടുംബത്തിന് ഒന്നിച്ച് ഒരു പുറത്തുപോകല്‍ പദ്ധതിമാത്രമാണ് അധിക വിനോദം. അത് യാത്രകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പക്ഷേ ഒരു ഉല്ലാസത്തിനും കുറച്ച് വിനോദത്തിനുമപ്പുറം അതില്‍നിന്ന് അനുഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ വേണ്ടത്ര ഫലമില്ലെന്നു മാത്രം. പക്ഷേ വായനയ്ക്ക്, എന്തുകൊണ്ട് ഈ പ്രാധാന്യം കിട്ടുന്നില്ല. പ്രചാരണത്തിന്റെ കുറവോ, അതോ പ്രേരണക്കും പ്രചോദന വായനക്കുവേണ്ടി ഇല്ലാത്തതോ. അതോ വായനക്കുവേണ്ടുന്ന അടിസ്ഥാനപരമായ യോഗ്യതകളുടെ കുറവോ. അതല്ല വായന യാത്രാ വിനോദങ്ങളുടെ ഉല്ലാസം നല്‍കാത്തതുകൊണ്ടോ. എന്തു കാരണത്താലായാലും ശരി ചിന്തിക്കേണ്ട ഒരു സാമൂഹ്യ വിഷയമാണത്. കാരണം അനുഭവിച്ചവരില്‍ നിന്നും പഠിക്കേണ്ടത് ഏറെയുണ്ടല്ലോ.