Monday, October 4, 2010

ആപൂര്യമാണം അചലപ്രതിഷ്ഠം (കവിത)



നദിയൊഴുകുന്നൂ.....
സൈന്ധവകാലക്കനികള്‍ വിളഞ്ഞൊരു പുളിനതടത്തിലു
മതിനു നനച്ച സരസ്വതിനാഡിയി
ലതുലം ഗംഗയിലലയായൊഴുകി
ച്ചടുലം ചലിത തരംഗിണിയായി
ന്നദിയൊഴുകുന്നു

യമുനക്കുളിരില്‍-
താജ്മഹലിന്റെ തണുപ്പിന്‍തിണ്ണയിലതിനും പഴമയിലമ്പാടിക്കുളി
ഇരുവികളൊഴുകിക്കാളിയഫണഗുരുദര്‍പ്പം തീര്‍ത്തി
ട്ടവിടൊരു നീലക്കണ്ണു തുറന്നുകടമ്പു ചിരിച്ചതു
മായര്‍പ്പെണ്ണിനു കണ്ണു നിറഞ്ഞതുമതിപൃഥു ചരിതം
നദിയൊഴുകുന്നു....

വേദംനാലു പകുത്തവനോതി-
ഗ്ഗീതയിലിടയില്‍-പ്പോകുന്നില്ലിതു ചലിതമതെങ്കിലു-
മെവിടെയയുമിവിടെയുമൊഴുകുന്നെങ്കിലും
“ആപൂര്യമാണം അചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്...’’

നദിപറയുന്നതു ജീവിത പാഠം
“നദിയിലൊലിപ്പൊരു കാഷ്ഠം’ മര്‍ത്ത്യന്‍
അതിരുകളെല്ലാമതിരുകടന്നി-
ട്ടനവധി രാഷ്ട്ര ചരിത്രരഥപ്പാടവിടവിടേറ്റി
നിറഞ്ഞുവിളങ്ങും നദികള്‍ ഗമിപ്പൂ ശാന്തം സ്വച്ഛം....
നദിയൊഴുകുന്നു......

നിളകവിയുന്നൂ,
മാമാങ്കത്തറ പുഴയിലൊഴുക്കിയ
രക്തച്ചാന്തുകള്‍ നാവാനാഥനു, നാ•ുഖദേവനു, കാമാരിക്കും
ശാന്തിപകര്‍ക്കും തീര്‍ത്ഥമൊഴിക്കും നിളയൊഴുകുന്നു

തുഞ്ചന്‍,കുഞ്ചന്‍,“കവി’,ഇടശേരിക്കക്കിത്ത
ത്തി-
ന്നൈവര്‍മഠത്തറയന്തിയുറക്കുന്നായിരമായിര-
മാത്മാക്കള്‍ക്കും അനവധിയനവധി ആശ്രിതജനത-
ക്കാശ്വാസത്തിന്നാഴക്കുളിരായ് നിളയൊഴുകുന്നു...
നദിയൊഴുകുന്നു......


നദി കരയുന്നു.....
പണ്ടു തിമിര്‍ത്തു തകര്‍ന്നോടിയതും
കൂലം തല്ലിയലച്ചു പതഞ്ഞതുമാര്‍ത്തു ചിരിച്ചതു-
മോര്‍ത്തുചിരിച്ചതുമൊന്നായ് തീര്‍ന്നതുമോര്‍മ്മകള്‍ മാത്രം.

നദി വരളുന്നു...
കണ്ണീര്‍ചാലുകള്‍പോലെ കയങ്ങള്‍, ഗോഷ്പദമകുന്നാറുകള്‍ നദികള്‍,
കണ്‍നനയുന്നവരാഞ്ഞുകരഞ്ഞിട്ടലറിവിളിച്ചിട്
ടാരതു കേള്‍ക്കാന്‍
ഭൂമി ഞരമ്പില്‍രക്തം തീരുന്നാമുല ന• ചുരത്തിയ നാളുകളാഹ്ളാദത്തി-
ന്നാരവ നാളുകളകലേക്കകലെ മറഞ്ഞകലുമ്പോള്‍...
നദി പറയുന്നു....

നദിപറയുന്നു....
ഉറവകളുയിരുകളുള്‍വലിയുന്നൂ
ഉള്ളുകളുള്ളില്‍ ഘൃണമുയരുന്നൂ
പഴയവ പലവക പാട്ടിലൊതുങ്ങു-
ന്നവനവനാത്മ സുഖം നോക്കുന്നു
അറിയുക യുദ്ധമടുത്തുവരുന്നത്
വെള്ളംവെള്ളം ചൊല്ലിയെതിര്‍ക്കും
ഗ്രാമം വീഴും, നഗരം വീഴും നരനും വീഴും നാടേ വീഴും
സഗരന്‍ വരുവാന്‍ കാതോര്‍ത്തിടുനാം.....


No comments:

Post a Comment