
അനുഭവങ്ങള്‍:
യാത്രയുടെയും
വായനയുടെയും
അനുഭവമാണ് ഗുരു എന്ന് ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. ആരും അനുഭവിച്ചറിയുന്ന കാര്യം തന്നെയാണ്. അനുഭവങ്ങള്‍, അതു മനുഷ്യനെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷേ ദുരനുഭവങ്ങള്‍ കൂടുതല്‍ മോശക്കാരെയും പലപ്പോഴും നല്ല സ്വഭാവക്കാരെയും സൃഷ്ടിക്കാറുണ്ട്. കൊടും ക്രിമിനലായ ആള് കുട്ടിക്കാലത്ത് തനിക്ക് കിട്ടിയ മോശം പെരുമാറ്റമാണ് തന്നെ വലിയ ക്രിമിനലാക്കിയതെന്ന് കുറ്റസമ്മതം നടത്തുകയോ സമൂഹത്തെ കുറ്റപ്പെടുത്തുകയോ ചെയ്യാറുണ്ടല്ലൊ. പക്ഷേ കുട്ടിക്കാലത്തെ ചെറിയ തിരുത്തലുകള്‍ പില്ക്കാലത്ത് മഹത്തായ സ്വഭാവവിശേഷത്തിനു കാരണമാക്കിയ സംഭവങ്ങള്‍ വിവരിക്കുന്നവരുമുണ്ട്. എന്തായാലും അനുഭവം ഗുരുതന്നെയാണ്. അനുഭവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? യാത്രക്കാണ് ഏറ്റവും അനുഭവം തരാവുന്നത് എന്നു തോന്നുന്നു. യാത്രയുടെ പ്രത്യേകത തന്നെയതാണ്. മനസ്സുകൊണ്ട് യാത്രചെയ്യുന്നതിനൊപ്പം തന്നെ ശരീരവും യാത്രചെയ്യുന്ന വിചിത്രാവസ്ഥ. ഈ ഇരട്ടയാത്രയില്‍ ശരീരം മുന്നോട്ടുപോകുമ്പോള്‍ മനസിന് എങ്ങോട്ടും തിരിയാം. ഒപ്പംതന്നെ ഒന്നിച്ചുള്ള യാത്രയിലെ മറ്റു കുറേ യാത്രക്കാരുടെ യാത്രയില്‍ പങ്കുചേരാം. അനുഭവങ്ങളുടെ അക്ഷയഖനിതന്നെയാണ് യാത്ര. ഒന്ന് ചിന്തിച്ചുനോക്കൂ, നിങ്ങളുടെ ഒരു യാത്രയെക്കുറിച്ച്. തീര്‍ത്ഥയാത്ര, ഉല്ലാസയാത്ര, ആവശ്യയാത്ര, പതിവുയാത്ര, ഔദ്യോഗികയാത്ര.... എന്തിനേറെ വെറുതേ നടക്കാനിറങ്ങുന്ന ഒരു യാത്രയുടെ ഓര്മ നിങ്ങള്‍ക്ക് എന്തെല്ലാം അനുഭവം നല്‍കിയിട്ടുണ്ടെന്നും പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മനസ്സിലായില്ലേ...
എല്ലാം പക്ഷേ അനുഭവിച്ചറിയുന്നത് എളുപ്പമല്ലല്ലോ. അപ്പോള്‍ അനുഭവിച്ചവരില്‍നിന്നറിയുന്നതാണ് യാത്ര കഴിഞ്ഞാല്‍ അറിയാനുള്ള രണ്ടാമത്തെ മാര്‍ഗം; അതായത് വായന. ഇന്ന് കാഴ്ച വായനയെ അധികരിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സാധ്യതയുടെ പക്ഷത്ത് വായനക്കുതന്നെയാണ് മേല്‍ക്കൈ. ഒരു യാത്രയ്ക്കിടയിലും വായിച്ചറിയാനുള്ള സാധ്യതയ്ക്ക് സാങ്കേതിക പിന്തുണകള്‍ വളരെ കുറച്ചുമതിയല്ലോ. (അത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്). യാത്രയും വായനയും അങ്ങനെ അനുഭവത്തിന്റെ ഗുരുക്കളാകുന്നു. വായിക്കാനുള്ള ആവേശം പക്ഷേ യാത്രയ്ക്കുണ്ടാകുന്ന വളര്‍ച്ചപോലെയാകുന്നില്ല എന്നാണ് കണക്കുകള്‍. ലോകമെമ്പാടും യാത്രയ്ക്ക് പ്രിയമേറുന്നു. വിനോദയാത്രക്കായാലും തീര്‍ത്ഥയാത്രക്കായാലും വര്‍ധനവുണ്ട്. ലോകത്ത് ഏറ്റവും വലിയ തീര്‍ത്ഥയാത്രയായ ഹജ്ജ് യാത്രികരുടെ എണ്ണം പെരുകുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ നിശ്ചിതകാലം മാത്രം നടക്കുന്ന തീര്‍ത്ഥാടനമായ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലെ വര്‍ധനയും മറ്റൊരു കണക്ക്. ഉല്ലാസയാത്രക്കാരുടെ കണക്ക് ടൂറിസംവകുപ്പിന്റെ അഭിമാനമാണ്. ആഭ്യന്തര-വിദേശ വിനോദയാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഓരോ വര്‍ഷവും നൂറുശതമാനം വര്‍ധനയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ജനപ്പെരുപ്പം മാത്രമല്ല ഇതിനുകാരണമെന്നു സ്പഷ്ടം. ആളുകളുടെ ധനപ്പെരുപ്പവും ഒരു ഘടകമാണ്. പിന്നെ കച്ചവട സംസ്ക്കാരത്തിന്റെ ഭാഗമായി വളര്‍ന്നുവരുന്ന സൌകര്യങ്ങളുടെയും പ്രചാരങ്ങളുടെയും പ്രേരണയും സ്വാധീനവും ഉണ്ടാകും. ഔദ്യോഗിക അവധി കിട്ടിയാല്‍, പഠന ഒഴിവുകിട്ടിയാല്‍ കുടുംബത്തിന് ഒന്നിച്ച് ഒരു പുറത്തുപോകല്‍ പദ്ധതിമാത്രമാണ് അധിക വിനോദം. അത് യാത്രകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പക്ഷേ ഒരു ഉല്ലാസത്തിനും കുറച്ച് വിനോദത്തിനുമപ്പുറം അതില്‍നിന്ന് അനുഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ വേണ്ടത്ര ഫലമില്ലെന്നു മാത്രം. പക്ഷേ വായനയ്ക്ക്, എന്തുകൊണ്ട് ഈ പ്രാധാന്യം കിട്ടുന്നില്ല. പ്രചാരണത്തിന്റെ കുറവോ, അതോ പ്രേരണക്കും പ്രചോദന വായനക്കുവേണ്ടി ഇല്ലാത്തതോ. അതോ വായനക്കുവേണ്ടുന്ന അടിസ്ഥാനപരമായ യോഗ്യതകളുടെ കുറവോ. അതല്ല വായന യാത്രാ വിനോദങ്ങളുടെ ഉല്ലാസം നല്കാത്തതുകൊണ്ടോ. എന്തു കാരണത്താലായാലും ശരി ചിന്തിക്കേണ്ട ഒരു സാമൂഹ്യ വിഷയമാണത്. കാരണം അനുഭവിച്ചവരില്‍ നിന്നും പഠിക്കേണ്ടത് ഏറെയുണ്ടല്ലോ.
ethum...oru anubhavam
ReplyDelete