Wednesday, October 19, 2011

കാക്കനാടന്‍ ധ്യാനമുടക്കങ്ങളില്‍നിന്ന് നിത്യസമാധിയിലേക്ക്
റക്കം കെടുത്തിയ കഥകള്‍, അഗ്നിയില്‍ പഴുപ്പിച്ച സങ്കല്‍പ്പങ്ങള്‍, ആണത്തത്തിന്‍റെ കരുത്തുളള ഭാഷയും ആര്‍ജ്ജവമുളള വികാരങ്ങളും നിറച്ച അക്ഷരപ്പൊരുളുകള്‍- അതായിരുന്നു കാക്കനാടന്‍ രചിച്ച ലോകം. ജീവിതത്തിന്‍റെ നിത്യസമാധിയിലേക്കു പോകുമ്പോള്‍ ആ മനസില്‍ വിരിഞ്ഞ ‘ചുവര്‍ ചിത്രങ്ങള്‍’ എന്തെല്ലാമായിരുന്നിരിക്കണം? ജര്‍മ്മനി, ഡല്‍ഹി, കൊല്ലം, ചിന്നക്കട, കുഞ്ഞമ്മപ്പാലം...അതോ എഴുതാന്‍ ഏറെ മോഹിച്ച, ചരിത്രം ഇതിവൃത്തമായ ‘ക്ഷത്രിയന്‍’ എന്ന നോവലിലെ താന്‍ തന്നെയോ...? കാക്കനാടന്‍റെ നോവലുകളെ ഏറ്റവും പഠിച്ചു തിരിച്ചറിഞ്ഞ പ്രസിദ്ധ നിരൂപകന്‍ കെ.പി.അപ്പന്‍ വിശേഷിപ്പിച്ചതുപോലെ ‘പലപ്പോഴും ശിഥില സമാധിയില്‍’ ആയ ആ കഥാകാരന്‍ ജീവിതത്തിന്‍റെ നിത്യസമാധിയിലായി.

കഥയെ കാലംകൊണ്ടു തിരിച്ചപ്പോള്‍ കഥയെഴുത്തുകാരുടെ പ്രായം മറന്നുപോയിരുന്നു നമ്മള്‍. എം ടി വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, മാധവിക്കുട്ടി എന്നി ആദ്യതലമുറയ്ക്കു ശേഷമാണ് എംടിയേക്കാള്‍ ഒരു വയസ് പ്രായം കൂടുതലുള്ള കാക്കനാടനെ കാലം തിരിച്ചവര്‍ പെടുത്തിയത്. ഇനം തിരിച്ചപ്പോഴും കാക്കനാടനെ പലരും വേണ്ട തരത്തില്‍ വിലയിരുത്തിയിരിക്കില്ല. ഒടുവില്‍ താന്‍ എഴുതാന്‍ തുടങ്ങിയ നോവലിന് ‘ക്ഷത്രിയന്‍’ എന്ന പേരുകൊടുത്തപ്പോള്‍ അതു തന്നെത്തന്നെ മറനീക്കി കാണിക്കാനുളള പുറപ്പാടായിരുന്നില്ലെ എന്നു വേണം ചിന്തിക്കാനെന്നു തോന്നുന്നു. മുമ്പു പറഞ്ഞപോലെ കാക്കനാടന്‍ എന്ന എഴുത്തുകാരന്‍റെ ക്ഷാത്രവീര്യത്തെക്കുറിച്ചും കണ്ടെത്തിയത് കെ. പി. അപ്പന്‍ മാത്രമായിരുന്നുവല്ലോ.
‘പലപ്പോഴും ശിഥില സമാധിയില്‍ ആയ ഈ എഴുത്തുകാരന്‍...’ എന്ന അപ്പന്‍റെ പ്രയോഗം കാക്കനാടന്‍ കഥകളുടെ മുദ്രയാണ്. എഴുത്തിനിടെ സമാധിയുടെ ലോകത്തുകയറും, പക്ഷേ പെട്ടെന്ന് അതില്‍നിന്നുണര്‍ന്നുപോകും. നിദ്രയും മയക്കവും സ്വപ്നവും യാഥാര്‍ത്ഥ്യവും ധ്യാനവും ഉണര്‍ച്ചയും മാറിമാറി ആ എഴുത്തുകാരനില്‍ ആവേശിച്ചിരുന്നു. ധ്യാനത്തിന്‍റെ തുടര്‍ച്ചയുണ്ടായിരുന്നെങ്കില്‍ കാക്കനാടന്‍ കൂടുതല്‍ വിശാലമായ എഴുത്തിന്‍റെ ലോകത്തെത്തിപ്പെട്ടേനെ എന്ന അപ്പന്‍റെ നിരീക്ഷണം ആരും ശരിവെച്ചു പോകും. (ഒരുപക്ഷേ അനുജനായിരുന്ന, ചിത്രകാരന്‍ കൂടിയായിരുന്ന രാജന്‍ കാക്കനാടന്‍റെ എഴുത്തില്‍ ഈ ധ്യാനലീനത കൂടുതല്‍ കാണാന്‍ കഴിയുമെന്ന് ഇടയ്ക്കിവിടെ നിരീക്ഷിച്ചുകൊളളട്ടെ-‘ഹിമവാന്‍റെ മുകള്‍ തട്ടില്‍’ എന്ന രാജന്‍റെ യാത്രാവിവരണ രചനയെ സാഹിത്യത്തിന്‍റെ ഏതു പ്രസ്ഥാനത്തില്‍ പെടുത്തുമെന്ന് അത്ഭുതപ്പെട്ടേക്കാം പലരും.)
‘ഉഷ്ണമേഖല’യിലൂടെ കാക്കനാടന്‍ വിമര്‍ശിച്ച കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ച ഇന്നു പ്രവചനം പോലെ യാഥാര്‍ത്ഥ്യമായി. ഉണ്ഷ മേഖലയെഴുതിയ കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ കാക്കനാടനെതിരേ വധഭീഷണികള്‍ പോലും മുഴക്കി. ഇന്നുപക്ഷേ ഒരു രണ്ടാം വായന നടത്തിയാല്‍ അന്ന് ക്ഷോഭിച്ചവര്‍ കാക്കനാടന് ഓശാന പാടിയേക്കും. ഉഷ്ണമേഖലയെക്കാള്‍ കാക്കനാടന്‍റെ എഴുത്തിന്‍റെ മുദ്ര കിടക്കുന്നത് ‘ഏഴാം മുദ്ര’യിലാണ്. ബൈബിളിന്‍റെ പശ്ചാത്തല സംഗീതം മുഴങ്ങുന്ന മുദ്ര മലയാള നോവല്‍ ചരിത്രത്തിലെ മായാത്ത അടയാളമാണ്. ‘ഒറോത’യെന്ന മലയോര ജീവിതകഥ പറഞ്ഞപ്പോള്‍ അനാവൃതമായ ജീവിതം പില്‍ക്കാലത്തു പലര്‍ക്കും മാതൃകയായ എഴുത്തായി. ഹൈന്ദവ ദര്‍ശനങ്ങള്‍, ബൈബിള്‍ ഭാഷ, ക്ഷാത്രശക്തിയുടെ ആത്മാവ് ഇവയെല്ലാം ചേര്‍ന്ന എഴുത്തിന്‍റെ വിചിത്ര ലോകമാണ് കാക്കനാടന്‍റേത്. ‘അജ്ഞതയുടെ താഴ്വര’ ‘ശ്രീചക്രം’ തുടങ്ങിയവ മലയാളം വേണ്ട രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടതുണ്ട്.
നോവല്‍ സാഹിത്യചരിത്രം എഴുതിയ കെ. എം. തരകന്‍റെ ഒരു നിരീക്ഷണമുണ്ട് കാക്കനാടനെക്കുറിച്ച്- മലയാളത്തില്‍ എക്കാലത്തും നോവല്‍ എഴുത്തുകാര്‍ക്കിടയില്‍ പൌരുഷ രചനയും സ്ത്രൈണ രചനയുമുണ്ടായിരുന്നു, അങ്ങനെ ഒരേ കാലത്തെഴുതിയ എം. മുകുന്ദന്‍റെ ലോകത്തു സ്ത്രൈണതയും കാക്കനാടന്‍ മേഖലകളില്‍ പൌരുഷവുമാണ് മുഴച്ചു നിന്നിരുന്നതെന്ന അര്‍ത്ഥത്തില്‍. അതെ, പൌരുഷ ചേതനയുടെ അംശം കാക്കനാടന്‍ സവിശേഷതയായിരുന്നു.
പക്ഷേ എഴുത്തിന്‍റെ ലോകത്തുനിന്നും ഏറെയൊന്നും സമ്പാദ്യം കാക്കനാടനുണ്ടായില്ല, നല്ല എഴുത്തുകാരനെന്ന പേരൊഴികെ. കൊല്ലത്ത് അച്ചാണി രവിയും നാട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ചുകൊടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ വെട്ടിത്തുറന്നു പറയുന്ന ശീലവും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്ന പിടിവാശിയും ഒരുപക്ഷേ വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും യോജിക്കുന്നതായിരുന്നില്ലല്ലോ. “ഇതുവരെ എഴുതിയതൊന്നും എനിക്കു തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞതിനെ ഒര്‍ത്ത് പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ കണ്‍വിക്ഷനോടു കൂടിയാണ് എഴുതിയിട്ടുളളത്. ആരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി എനിക്ക് എഴുതാന്‍ പറ്റില്ല..” കാക്കനാടന്‍ ഒരിക്കല്‍ പറഞ്ഞു.
ക്ഷത്രിയന്‍ പൂര്‍ത്തിയായിരുന്നെങ്കില്‍ ഒരു നാടിന്‍റെ കഥയായേനെ... ഒരുപക്ഷേ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാക്കനാടനെ അതിലൂടെ മലയാളത്തിനു കിട്ടിയേനെ. സാഹിത്യത്തിന് ഒരു മാസ്റ്റര്‍ പീസും.

അത്ഭുതം തോന്നിയ ഒരു സംഭവം- കാക്കനാടനും എം ടിയും ജീവിതത്തില്‍ ആദ്യമായി ഒരുമിച്ചു കൂടിയത് 2008-ല്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലായിരുന്നു. അക്കൊല്ലം ബാലാമണിയമ്മ പുരസ്കാരം കാക്കനാടനായിരുന്നു. സമ്മാനിച്ചത് എം.ടിയും. ഏറെ വികാര ഭരിതനായ കാക്കനാടനും എംടിയും പരസ്പരം ആശ്ലേഷിച്ചു, ആശീര്‍വദിച്ചു.
അവസാന കാലത്ത്, തന്‍റെ ജീവിതത്തിന്‍റെ ആദ്യകാലത്ത് താന്‍ കണ്ട ജര്‍മ്മനിയില്‍പോലും മതിലുകള്‍ ഇല്ലാതായപ്പോള്‍ കാക്കനാടന്‍ കൊല്ലത്തെ ചെറിയ ലോകത്ത് ഏകാന്ത ധ്യാനത്തിലേക്കു ചുരുങ്ങുകയായിരുന്നുവോ. ആവണം, ആദ്യകാലത്തുണ്ടായ അസ്തിത്വത്തിന്‍റെ സന്ദേഹങ്ങളില്‍നിന്ന് സ്വത്വത്തിന്‍റെ തിരിച്ചറിയലിലേക്കുളള യാത്ര എത്തിയതവിടെയാണല്ലോ- അങ്ങനെയാകുമല്ലോ അദ്ദേഹം പറഞ്ഞത്,“ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ, കുടുംബ ചരിത്രം നല്‍കിയിട്ടുളള സൂചനകള്‍ അനുസരിച്ച് എന്‍റെ തായ്‌വേരിനെക്കുറിച്ച് എന്‍റെ മനസില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്ന ചില സംഗതികളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു യാത്ര ആരംഭിക്കുകയാണ്. ഒരു മടക്കയാത, കാലത്തിലൂടെ, സാമൂഹ്യ വ്യവസ്ഥകളിലൂടെ, ദാര്‍ശനിക പ്രശ്നങ്ങളിലൂടെ, സ്വന്തം നാട്ടിലേക്കൊരു തീര്‍ത്ഥയാത്ര.”

Thursday, October 6, 2011

വാക്കമ്മയ്ക്ക്

വാക്കമ്മയ്ക്ക്
വാക്കിന്നു മധുരം ചേര്‍ക്കാന്‍
ചേര്‍ക്ക നീ നിന്‍ കടാക്ഷവും

പോക്കനര്‍ത്ഥങ്ങള്‍ നാക്കിന്മേല്‍

വാക്കിനമ്മേ സരസ്വതീ....


വഴിക്കു വാക്കുകള്‍ തമ്മില്‍

ഏറ്റുമുട്ടുന്നു നിത്യവും

അവര്‍ക്കു വഴികാണിക്കാന്‍

വാക്കിനമ്മേ തുണയ്ക്കുക...


അമ്പലക്കോണിലമ്മയ്ക്കു-

ള്ളാള്‍പൊക്കപ്രതിമയ്ക്കുമേല്‍

ആയുര്‍വേദപ്പരസ്യം ഹാ!

സാരസ്വത ഘൃതപ്പുകള്‍

അഷരം കൂട്ടി വായിച്ചാല്‍
പലതും തെറ്റുമെങ്കിലും
‘ഹരി‘ നാവില്‍ കുറിയ്ക്കാനായ്
കോണ്‍ ട്രാക്ടേറ്റാന്‍ ‘ജഗദ്ഗുരു”


ഉണ്ണിയെ മടിയില്‍ ചേര്‍ത്തു
തൊണ്ടപൊട്ടിച്ചു ചൊല്ലിപോല്‍

‘അരീ സ്രീ ഗണപതായേ”-ഛെ-
ചെക്കന്‍ പൂശീ മുഖത്തതാ.


പലര്‍ക്കും കഴിയാഞ്ഞോരാ

മഹാസാമൂഹ്യ വിപ്ലവം

നടത്തിയമിടുക്കന്‍ നീ

“നഗ്നരാജന്‍” നടുങ്ങിപോല്‍


മകന്‍ അക്ഷര നോവായി-

ട്ടച്ഛന്‍മടിയിരുന്നിതാ

‘അമ്മേ‘ വിളി മുഴക്കുന്നു
അമ്മ ഫോട്ടോ പിടിക്കലില്‍...


അങ്ങു മൂകാംബികാ ക്ഷേത്ര-

പ്പരപ്പില്‍ നിന്നു വാര്‍ത്തകള്‍

ഇങ്ങു കിട്ടുന്നു നമ്മുക്കീ

ഡിജിറ്റല്‍ വിപ്ലവം വഴി

അവള്‍ ചൊല്ലുന്നു വൃത്താന്തം

മംഗ്ലീഷ് ഭാഷയിലിങ്ങനെ

ഇന്നു “വിദ്ധ്യാരംബം നാം
ബാഷയെ കീപ്പു ചെയ്യണം“

വാക്കമ്മേ കാക്കുകെന്നമ്മേ

വാക്കിനെ കാക്കുവാന്‍ സദാ

പേക്കിനാവിങ്കലും ചേര്‍ക്കാ

തിരിക്കാന്‍ ചീത്ത വാക്കിനെ....