Friday, June 19, 2015

സംഘത്തിന്‌ എതിരാളിയില്ല

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരമോന്നത സമിതിയായ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ (ദേശീയ നിര്‍വാഹക സമിതി യോഗം) ഇതാദ്യമായി കേരളത്തില്‍ നടന്നു. 2013 ഒക്ടോബര്‍ 25 മുതല്‍ മൂന്നു ദിവസം നടന്ന ഈ വാര്‍ഷിക ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത സംഘത്തിന്റെ സര്‍സംഘചാലക്‌ ഡോ. മോഹന്‍ ഭാഗവത്‌ ജന്മഭൂമിക്കു മാത്രമായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സുപ്രധാനമായ വിഷയങ്ങളില്‍ സംഘത്തിന്റെ കാഴ്പ്പാടും നിലപാടും ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറുമായി പങ്കുവെക്കുന്നു….. 

പല മേഖലകളിലും രാജ്യത്തെമ്പാടും ഹിന്ദു ഉണര്‍വ്‌ കാണുന്നുണ്ടെങ്കിലും അതെല്ലാം താല്‍ക്കാലികമായ ചില വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ഈ ഹിന്ദുവികാരവും ഹിന്ദുത്വവും തമ്മില്‍ എങ്ങനെ വേര്‍തിരിച്ചു കാണാനാകും 
= നോക്കൂ, യഥാകാലം ഉണ്ടാകുന്ന സമൂഹത്തിലെ പരിവര്‍ത്തനമാണ്‌ ഉണര്‍വിന്റെ ശരിയായ അടയാളം. അത്‌ ഇതുവരെ സംഭവിച്ചിട്ടില്ല. ഒരു വ്യക്തിയുടെ കാര്യത്തിലാണെങ്കിലും ആദ്യം താന്‍ ഉണര്‍ന്നുവെന്ന ബോധം ഉണ്ടാകുന്നത്‌ ചുറ്റുമുണ്ടാകുന്ന ഏതെങ്കിലും അലോസരങ്ങള്‍ അറിയുമ്പോഴാണ്‌. അപ്പോള്‍ തന്റെ അവസ്ഥ അയാള്‍ തിരിച്ചറിയുന്നു, അതാണ്‌ രണ്ടാംഘട്ടം. പിന്നെ അയാള്‍ എഴുന്നേറ്റ്‌ ഞാനാരാണ്‌, ഞാനിന്നെന്ത്‌ ചെയ്യണം, ഇന്നലെ എന്തു ചെയ്തു, നാളെ എന്താണ്‌ ചെയ്യേണ്ടത്‌ ഇങ്ങനെയെല്ലാം ചിന്തിക്കാന്‍ തുടങ്ങുന്നു. പിന്നീട്‌ എഴുന്നേറ്റ്‌ പ്രവര്‍ത്തിക്കുന്നു. അതാണ്‌ പൂര്‍ണമായ ഉണരല്‍. അതുപോലെ ഇന്ന്‌ ഹിന്ദു സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു, അവരുടെ ജീവിതത്തില്‍ ചില അലോസരങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്ന്‌. എന്നാല്‍ ആ അലോസരങ്ങള്‍ ഉള്ളതുകൊണ്ടല്ല നമ്മള്‍ ഹിന്ദുക്കളായിരിക്കുന്നതെന്ന്‌ മനസ്സിലാക്കണം. നമ്മള്‍ ഹിന്ദുക്കളാണ്‌, അതുകൊണ്ട്‌ ആ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്‌. ഇപ്പോള്‍ ഹിന്ദുവെന്ന നിലയില്‍ നമ്മള്‍ ആരാണ്‌? ആരായിരുന്നു? നമ്മള്‍ ആരാകണം. അങ്ങനെ സ്വയംബോധം ഉണ്ടാകും. അതുമൂലം പ്രക്ഷോഭം, പ്രശ്നങ്ങള്‍, അനീതി, അവയോടുള്ള പ്രതികരണങ്ങള്‍ തുടങ്ങിയവ സംഭവിക്കും. യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ ചിന്തിക്കണം എന്നാണ്‌ പാരമ്പര്യം, എന്താണ്‌ അവരുടെ ചട്ടങ്ങളും വ്യവസ്ഥകളും എന്താണവരുടെ മൂല്യങ്ങളും സംസ്കാരവും എന്നെല്ലാം. ഇന്നിപ്പോള്‍ അവര്‍ അങ്ങനെയുള്ള ചിന്തയിലാണ്‌. ആധുനിക യുഗത്തില്‍ അവര്‍ക്ക്‌ അവരെ എങ്ങനെ സ്വയം അവതരിപ്പിക്കാനാവും. അതായിരിക്കും നാളെ സംഭവിക്കുക. അതാണ്‌ ശരിയായ മാര്‍ഗം. ഇതൊരു ശരിയായ ഉണര്‍വല്ല. ഉണരാന്‍ തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഹിന്ദുവിനിപ്പോള്‍ പ്രതികരിക്കാനാവുന്നത്‌. ഇപ്പോള്‍ തീരുമാനിക്കാനും കഴിയുന്നുണ്ട്‌. പക്ഷേ ശരിയായ ഉണര്‍വുണ്ടാകാന്‍ ഹിന്ദുക്കള്‍ സ്വന്തം സാമൂഹികപരിവര്‍ത്തനം സജ്ജമാക്കണം. അതിന്‌ ഹിന്ദുക്കള്‍ എല്ലാ ഭേദങ്ങളും ഇല്ലാതാക്കി ഒറ്റ സമൂഹമായി നില്‍ക്കണം. ശരിയാണ്‌, ഹിന്ദുസമൂഹത്തിന്റെ പ്രകൃതം വൈവിധ്യത്തിന്റേതാണ്‌. പക്ഷേ ഈ വൈവിധ്യം ഭിന്നതയായി, അല്ലെങ്കില്‍ അകല്‍ച്ചയായി കാണരുത്‌. അങ്ങനെ സമൂഹം സ്വന്തം നന്മ കണക്കാക്കി, സമൂഹത്തിലെ ഓരോരുത്തരുടേയും നന്മ ലക്ഷ്യമിട്ട്‌ ഒറ്റക്കെട്ടായി പ്രതികരിക്കണം. അതാണ്‌ യഥാര്‍ത്ഥത്തിലുള്ള ഉണര്‍വ്‌. ഇത്‌ നാളെ സംഭവിക്കേണ്ടതാണ്‌. അതാരംഭിച്ചു, സമ്പൂര്‍ണ ഉണര്‍വ്‌ സംഭവിക്കാനിരിക്കുന്നതേയുള്ളൂ. 
? കേരളത്തിലെ കാര്യമെടുത്താല്‍ ചില വിഷയങ്ങളില്‍ ഹിന്ദുവികാരം ഉള്ളവരും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയാദര്‍ശമാണ്‌ പിന്തുടരുന്നത്‌. ഇത്‌ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക്‌ സഹായകമാകുമോ. 
= അതാണ്‌ ഞാന്‍ പറഞ്ഞത്‌. ഇപ്പോഴത്തേത്‌ ഭാഗികമായ ഉണര്‍വാണ്‌. അതുകൊണ്ടാണ്‌ ഞാനൊരു ഹിന്ദുവാണ്‌, പക്ഷേ കമ്മ്യൂണിസ്റ്റാണ്‌ എന്ന മനഃസ്ഥിതി ഉണ്ടാവുന്നത്‌. അതിലെന്താണ്‌ തെറ്റെന്ന്‌ തോന്നാം. കമ്മ്യൂണിസ്റ്റാണ്‌ എന്നതല്ല അപകടം. അപകടം ഏതാണ്‌ പ്രഥമം, ഏതാണ്‌ രണ്ടാമത്തേത്‌ എന്ന്‌ തിരിച്ചറിയാത്തതാണ്‌. അതൊരു അസ്മിതയുടെ പ്രശ്നമാണ്‌. എന്താണ്‌ നമ്മുടെ അസ്മിത, വ്യക്തിത്വം? ഞാന്‍ ഈ രാജ്യവാസിയാണ്‌. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ്‌. ഞാന്‍ സമൂഹത്തില്‍ നിന്ന്‌ എല്ലാത്തരം ദുരാചാരങ്ങളേയും തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നു. ശരി, നല്ലതുതന്നെ. പക്ഷേ ഏതു സമൂഹത്തില്‍നിന്ന്‌? ഏതു രാജ്യത്തുനിന്ന്‌? നമ്മള്‍ ഹിന്ദുക്കളാണ്‌, നമ്മുടെ രാജ്യം ഹിന്ദു രാഷ്ട്രമാണ്‌, ഇത്‌ ഹിന്ദുസ്ഥാനാണ്‌. അതുകൊണ്ട്‌ എല്ലാ കാര്യത്തിലും ഹിന്ദു മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ചിന്തിക്കാന്‍. ലോകത്ത്‌ വിവിധ ആദര്‍ശങ്ങളുണ്ട്‌. പുറംലോകത്തില്‍ നിന്ന്‌ ഞാന്‍ ഒരു ആദര്‍ശം കടമെടുത്താലും ഞാനത്‌ എന്റെ ഹിന്ദുത്വത്തിലേക്ക്‌ ഉള്‍ക്കൊള്ളിക്കും. അതല്ലാതെ എന്റെ ഹിന്ദുത്വത്തെ ഞാന്‍ അതിലേക്ക്‌ ചേര്‍ക്കുകയില്ല. ആ തരത്തിലുള്ള സമ്പൂര്‍ണ ഉണര്‍വ്‌ വരാനിരിക്കുന്നതേയുള്ളൂ. സമൂഹം സമ്പൂര്‍ണമായി ഉണര്‍ന്നാല്‍ അത്‌ എല്ലാത്തരം സാമൂഹ്യ തിന്മകളേയും ഇല്ലാതാക്കും. അത്‌ എല്ലാ ഭിന്നതകളില്‍നിന്നും മോചിതമായി ഒറ്റക്കെട്ടായി നില്‍ക്കും. വികാരപരമായ ഐക്യത്തിനായി അതിന്റെ വൈവിധ്യമെല്ലാം ഒന്നിപ്പിക്കും. അത്‌ സാമൂഹ്യമായും രാഷ്ട്രീയമായും പ്രതിഫലിക്കുകയും ചെയ്യും. അങ്ങനെ എല്ലാ ആദര്‍ശങ്ങളും ആദര്‍ശവാദികളും അത്‌ പിന്തുടരുകയും ചെയ്യും. നമ്മള്‍ ഹിന്ദുക്കളാണ്‌, ഹിന്ദുക്കളായി തുടരണം, ഹിന്ദുക്കളെന്ന നിലയില്‍ ലോകത്തിന്‌ ധാരാളം സംഭാവന ചെയ്യാനുണ്ട്‌, അതിനാല്‍ ഏത്‌ ആശയം പിന്തുടരുന്നുവെന്നത്‌ പ്രശ്നമല്ല. നമ്മള്‍ ഹിന്ദുക്കളാണെന്ന വികാരം വരണം. ഒരിക്കല്‍ ആ ദൃഢത വന്നാല്‍ എല്ലാം ശരിയാകും. ഇതുണ്ടാകാന്‍ രാഷ്ട്രീയ ഉണര്‍വുണ്ടാകണം, രാഷ്ട്രീയ ഉറപ്പുണ്ടാക്കണം. അത്‌ ക്രമത്തില്‍ ഉണ്ടാകും. ഇപ്പോഴതില്ലെന്നത്‌ സത്യമാണ്‌. കേരളത്തിലിപ്പോള്‍ എല്ലാവരും നമ്മള്‍ ഹിന്ദുക്കളാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌; ഹിന്ദുക്കളെന്ന നിലയില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും. നമ്മളെല്ലാം ഹിന്ദുക്കളാണെന്ന ഒറ്റ അടിത്തറയിലും ഹിന്ദുമൂല്യങ്ങളിലൂന്നിയും ആ പ്രശ്നങ്ങള്‍ നേരിടണം. ഈ ലക്ഷ്യം സാധ്യമാക്കാന്‍ ഏത്‌ ആശയവും ഉപയോഗിക്കാം. പക്ഷേ ഹിന്ദുക്കളാണെന്ന ചിന്ത വേണം, നമുക്ക്‌ സമൂഹത്തില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ട്‌, അവ നമ്മള്‍ പരിഹരിക്കും. എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും നമ്മള്‍ ഹിന്ദുക്കളായിത്തന്നെ പരിഹരിക്കും. അതിനാല്‍ ഹിന്ദു എന്നാണ്‌ പ്രഥമം: മേറ്റ്ല്ലാത്തിനും പിന്നെയാണ്‌ സ്ഥാനം. ആ ചിന്ത വരണം, അതു തുടങ്ങിയിട്ടുണ്ട്‌. 

? രാഷ്ട്രവിരുദ്ധശക്തികള്‍ രാഷ്ട്രത്തിന്റെ പലയിടത്തും ജനങ്ങളില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെങ്കിലും അവര്‍ക്ക്‌ ശക്തി ക്ഷയിക്കുന്നുവെന്ന്‌ തോന്നുന്നുണ്ടോ. ആര്‍എസ്‌എസ്‌ പോലുള്ള ദേശീയപ്രസ്ഥാനങ്ങള്‍ക്ക്‌ ഈ രംഗത്ത്‌ എന്ത്‌ പങ്കാണുള്ളത്‌? 
= നമ്മുടെ ഹിന്ദു സമൂഹത്തെ സ്വാമി വിവേകാനന്ദന്‍ സനാതന സമൂഹമെന്നാണ്‌ വിളിച്ചത്‌; ഒരിക്കലും നശിക്കാത്തത്‌. ഈ പ്രപഞ്ചം നിലനില്‍ക്കുന്ന ചില ശാശ്വതമൂല്യത്തില്‍ അധിഷ്ഠിതമാണ്‌ നമ്മുടെ നിലപാടും. യഥാര്‍ത്ഥത്തില്‍ നമുക്ക്‌ ഇന്ന ആരാധനാ സമ്പ്രദായമെന്നോ ഇന്ന സാമ്പത്തികനയമെന്നോ കര്‍ക്കശ നിലപാടില്ല. കാരണം ഇതെല്ലാം കാലത്തിനും വ്യക്തികള്‍ക്കും അനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. അവയൊന്നും ശാശ്വതമല്ല. ധര്‍മം മാത്രമാണ്‌ ശാശ്വതം. നമുക്ക്‌ ജീവിക്കണം, അതിനായി മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കണം. നമ്മള്‍ പല വൈവിധ്യങ്ങളും കാണുന്നെങ്കിലും അതിലെല്ലാം വ്യക്തതയുണ്ട്‌. ഈ ഐക്യമാണ്‌ അനന്തമായ മോക്ഷകാരണമെന്നറിയാം. ഈ യാഥാര്‍ത്ഥ്യങ്ങളിലാണ്‌ ജീവിതം മുന്നോട്ടു പോകുന്നത്‌. അതിനൊപ്പമാണ്‌ നമ്മുടെ യാത്ര, അതിനാല്‍ത്തന്നെ ഒന്നിനും നമ്മെ തകര്‍ക്കാനോ നശിപ്പിക്കാനോ കഴിയില്ല. നശിപ്പിക്കാനാവുന്നത്‌ കാലക്രമത്തില്‍ നശിക്കും. അത്‌ കാലം നിശ്ചയിക്കും, ആ കാലം മറ്റുള്ളവര്‍ക്ക്‌ സമാഗതമായിരിക്കുന്നു. ലോക സാഹചര്യം നോക്കൂ. ഇത്തരം എല്ലാ ഭീകരവാദങ്ങളും തിരസ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ലോകത്ത്‌ എല്ലായിടത്തും മുസ്ലിങ്ങള്‍ പോലും ഇത്തരം ഭീകരവാദ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ശക്തിയും ആയുധങ്ങളും കൊണ്ട്‌ അവര്‍ക്ക്‌ ചില താല്‍ക്കാലിക നേട്ടം ഉണ്ടാക്കാനായേക്കും. അത്‌ പക്ഷേ ഏറെക്കാലം തുടരില്ല. ഭയം ഏറെക്കാലം നിലനില്‍ക്കില്ല. ഒന്നുകില്‍ സ്വയം ഇല്ലാതാകും, അല്ലെങ്കില്‍ ശീലമാകും. എല്ലാ ഭീകരവാദങ്ങളും അവസാനിക്കാന്‍ പോവുകയാണ്‌. കാരണം അത്‌ നശിക്കുന്നതാണ്‌. ഹിന്ദു സമൂഹം നാശമില്ലാത്തതാണ്‌, കാരണം അത്‌ മൂല്യാധിഷ്ഠിതമാണ്‌. ആ മൂല്യങ്ങള്‍ നശിപ്പിക്കാനാവാത്തതുമാണ്‌. 
? ലോകത്തെമ്പാടും മാറ്റത്തിനുള്ള ആവശ്യങ്ങളുയരുന്നുവെന്നതാണ്‌ തെരുവുകളിലെ തെളിവുകള്‍. പക്ഷേ ആ പ്രക്ഷോഭങ്ങള്‍ക്കെല്ലാം മികച്ചൊരു നേതാവിന്റെ അഭാവവുമുണ്ട്‌. ആഗോളതലത്തില്‍ സ്വഭാവ വൈശിഷ്ട്യമുള്ള നേതാക്കളുടെ അഭാവം ഉണ്ടെന്ന്‌ തോന്നുന്നുണ്ടോ.
 = ഇല്ല. സ്വഭാവം-വ്യക്തിഗുണമില്ലാത്ത നേതാക്കളും അതിന്റെ അതിപ്രഭാവമുള്ള നേതാക്കളും ലോക ചരിത്രത്തില്‍ എല്ലാ രാഷ്ട്രങ്ങളിലും എക്കാലത്തുമുണ്ടായിട്ടുണ്ട്‌. വ്യക്തി-സ്വഭാവ ഗുണമില്ലാത്തവര്‍ അഞ്ചു ശതമാനം മാത്രം. അവ ഉള്ളവരും അഞ്ചു ശതമാനം. ഏതെങ്കിലും പ്രത്യേക ചിന്തയുടെയൊന്നും അടിസ്ഥാനത്തിലല്ലാതെയാണ്‌ ശേഷിക്കുന്ന 90 ശതമാനം. ഈ ജനങ്ങള്‍ അപ്പപ്പോഴുണ്ടാകുന്ന ആവശ്യങ്ങളുടെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ ഇതില്‍ ഏതെങ്കിലും അഞ്ചുശതമാനത്തിനൊപ്പം ചായും. അതിനാല്‍ ഗുണവൈശിഷ്ട്യമില്ലായ്മ ഒരു ആഗോള പ്രതിഭാസമൊന്നുമല്ല. ജനങ്ങള്‍ സദ്‌വ്യക്തിത്വത്തെ പിന്തുടരുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. ജനങ്ങള്‍ സാധാരണ ഒരു പ്രത്യേക അന്തരീക്ഷത്തേയും സാഹചര്യത്തെയുമാണ്‌ പിന്തുടരുന്നത്‌. അതുണ്ടാകുന്നതാകട്ടെ, അസാധാരണ വ്യക്തിഗുണമുള്ളവര്‍ എത്രമാത്രം സക്രിയമാണെന്നതിനെ ആശ്രയിച്ചിരിക്കും. അവര്‍ പ്രവര്‍ത്തിക്കണം, അപ്പോള്‍ സാഹചര്യം സംജാതമാകും, ജനങ്ങള്‍ അത്‌ പിന്തുടരും. പ്രകൃത്യാ മനുഷ്യര്‍ നല്ലത്‌ പിന്തുടരാനാണാഗ്രഹിക്കുക, ചീത്തയെ അല്ല. അതുകൊണ്ടാണ്‌ മനുഷ്യനായിരിക്കുന്നത്‌. ഒരു മുഴുക്കുടിയന്‍ പോലും തന്റെ മകന്‍ കുടിയനാകണമെന്നാഗ്രഹിക്കില്ല. അയാള്‍ക്ക്‌ സ്വയം മോചിതനാകാനാവില്ലെങ്കിലും മകനോട്‌ കുടിയനാവണമെന്നുപദേശിക്കില്ല. അയാള്‍ക്കറിയാം നല്ലതേത്‌ ചീത്തയേതെന്ന്‌, നല്ലതിനൊപ്പമേ നില്‍ക്കൂ. അതാണ്‌ സാധാരണക്കാരന്‍. കാലത്തിനനുസരിച്ചാണ്‌ നേതാക്കള്‍ സമൂഹത്തില്‍നിന്ന്‌ കിരീടം ചൂടുന്നത്‌. കഴിവുറ്റ നേതാക്കള്‍ പ്രധാനമാണ്‌. നേതാക്കളുണ്ട്‌ എല്ലാക്കാലത്തും. പക്ഷേ ആ നേതാക്കളെ ആര്‌ പിന്തുടരും? അതിനുള്ള അന്തരീക്ഷം മറ്റുള്ളവര്‍ സൃഷ്ടിക്കണം. ചിലപ്പോള്‍ നേതാക്കള്‍ തന്നെ ആ അന്തരീക്ഷം സൃഷ്ടിക്കും. പക്ഷേ പൊതുവേ മറ്റുള്ളവരാണത്‌ ചെയ്യുക. അറബുകളുടെയും മുഗളരുടെയും പഠാണികളുടെയും ആക്രമണ കാലത്ത്‌ മഹാരാഷ്ട്രയില്‍ ശിവാജി മഹാരാജ്‌ സമൂഹത്തില്‍ ഉയര്‍ന്നുവന്നു. ശിവാജിയെ പിന്തുടരാനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്‌ 300 വര്‍ഷത്തോളം വിവിധ സന്ന്യാസിമാര്‍ നടത്തിയ പരിശ്രമങ്ങളിലൂടെയാണ്‌. എല്ലാക്കാലത്തും നല്ല സമയവും മോശം സമയവുമുണ്ടാകും. എല്ലാ സമൂഹവും ആ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരും. പക്ഷേ സമൂഹം വളരുന്നതും വികസിക്കുന്നതും മൂല്യങ്ങളേയും പാരമ്പര്യത്തേയും അസ്മിതയേയും പിന്തുടരുമ്പോഴുണ്ടാകുന്ന കാലം സംജാതമാകുമ്പോഴാണ്‌, അപ്പോള്‍ എല്ലാത്തരം അവസ്ഥകളേയും അതിജീവിക്കാനും കഴിയും. 
? സംഘത്തിന്റെ സംഘടനാ സംവിധാനപ്രകാരം 42 പ്രവിശ്യകളായിട്ടാണ്‌ രാഷ്ട്രത്തെ വിഭജിച്ചിരിക്കുന്നത്‌. അതായത്‌ ചെറിയ ചെറിയ സംസ്ഥാനങ്ങളാണ്‌ രാഷ്ട്രത്തിന്റെ ഭരണ പ്രവര്‍ത്തന സൗകര്യത്തിന്‌ നല്ലതെന്ന വിശ്വാസമാണോ സംഘത്തിനുളളത്‌.
 = സംഘത്തിന്റെ സംഘടനാരീതിയും ഭരണകൂടത്തിന്റെ സംവധാനവും വ്യത്യസ്തമാണ്‌. സംഘം ഒരു സംഘടനയും അത്‌ രാജ്യത്തിനുള്ളില്‍ വളര്‍ന്നുവരുന്നതുമാണ്‌. വളരുന്ന ഒരു സംഘടനയ്ക്ക്‌ സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നത്‌. ഒരു രാജ്യത്ത്‌ ഭരണകൂടം സദ്ഭരണത്തിനും വികസനത്തിനും സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്‌. അതിന്‌ പുതിയൊരു സംസ്ഥാനം രൂപീകരിക്കുമ്പോള്‍ സദ്ഭരണം, വികസനം എന്നീ രണ്ടുകാര്യങ്ങളായിരിക്കണം അടിസ്ഥാനം. പക്ഷേ ചില മുന്‍കരുതലുകള്‍ വേണം, പുതിയ സംസ്ഥാനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രാജ്യത്തിന്റെ ഐക്യവും സുരക്ഷയും അപകടത്തിലാവരുത്‌. അതിനാല്‍ ഈ നാലുകാര്യങ്ങള്‍-സദ്ഭരണം, വികസനം, രാജ്യത്തിന്റെ ഐക്യം, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം അത്തരം ചിന്തകള്‍. നിങ്ങള്‍ക്ക്‌ 100 സംസ്ഥാനങ്ങളുണ്ടാക്കാം, അല്ലെങ്കില്‍ ഭാരതത്തിലാകെ ഒറ്റ സംസ്ഥാനം എന്നു നിശ്ചയിക്കാം, അതു പ്രശ്നമല്ല, കാരണം അത്തരം ഭരണ സംവിധാനം വരും, പോകും. സ്ഥിരം സംവിധാനമല്ല. പക്ഷേ, രാജ്യം സ്ഥിരമാണ്‌, ഒന്നാണ്‌. അതിനാല്‍ സംഘം പറയുന്നത്‌, ഇത്തരം സംസ്ഥാനങ്ങളുടെ പേരിലുള്ള നിസ്സാര സംഘര്‍ഷങ്ങളൊക്കെ ഭരണകൂടത്തിന്‌ വിട്ടുകൊടുക്കുക, അവര്‍ നിശ്ചയിക്കട്ടെ എന്നാണ്‌. നമുക്ക്‌ ഒരു പുതിയ സ്വന്തം സംസ്ഥാനം വേണമെന്ന്‌ ആഗ്രഹിക്കാം, അത്‌ പ്രകടിപ്പിക്കാം. അവിടെ പ്രാദേശിക വാദവും തരംതാണ രാഷ്ട്രീയവുമൊന്നും ഉണ്ടാവരുത്‌. അവിടെ പ്രക്ഷോഭത്തിന്റെയും രാഷ്ട്രീയ ഉപജാപങ്ങളുടെയും പ്രശ്നം ഉദിക്കുന്നില്ല. പ്രശ്നം മേല്‍പ്പറഞ്ഞ നാല്‌ വിഷയങ്ങളുടേതാണ്‌. അപ്പോള്‍ ഭരണകൂടമാണ്‌ ഇത്‌ കൈകാര്യം ചെയ്യേണ്ടത്‌. ഓര്‍മിക്കുക, നൂറു സംസ്ഥാനമായാലും ഒറ്റ സംസ്ഥാനമായാലും ഭാരതം ഒറ്റ രാജ്യമാണ്‌. അതാണ്‌ അടിസ്ഥാനം. അതാണ്‌ സംഘ കാഴ്ചപ്പാടും. 
? സര്‍സംഘചാലക്‌ വര്‍ഷംതോറും നല്‍കാറുള്ള വിജയദശമി സന്ദേശത്തില്‍ ഇതാദ്യമായാണ്‌ ഇത്രയും ശക്തമായി ഹിന്ദുക്കളോടുള്ള മതവിവേചനത്തെ തുറന്ന്‌ വിമര്‍ശിക്കുന്നത്‌. അതും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ക്കും എതിരെ. എന്തുകൊണ്ടാണ്‌ ഇത്രയും കടുത്ത നിലപാട്‌ കൈക്കൊണ്ടത്‌. 
= ഇതാദ്യമല്ല. സംഘം എക്കാലത്തും വിവേചനങ്ങള്‍ക്ക്‌ എതിരാണ്‌. ഒരു വിവേചനത്തിനെയും സംഘം പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ വിവേചനങ്ങള്‍ക്കും, പ്രത്യേകിച്ച്‌ ഹിന്ദുക്കള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്ക്‌ എതിരായി സര്‍സംഘചാലക്‌ വിജയദശമി വേദിയില്‍ പ്രസംഗിക്കാറുണ്ട്‌, കാരണം സംഘം ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ ഇതാദ്യമായാണ്‌ വിവേചനം ഇത്രത്തോളം പ്രകടമാകുന്നത്‌, അതായത്‌, നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നു, മുസ്ലിം യുവാക്കളെ സംരക്ഷിക്കണമെന്ന്‌. നിരപരാധികളായ എല്ലാവരേയും സംരക്ഷിക്കണമെന്ന്‌ എന്തുകൊണ്ട്‌ പറയുന്നില്ല? പ്രധാനമന്ത്രി പറയുന്നു, ന്യൂനപക്ഷങ്ങള്‍ക്കാണ്‌ രാജ്യത്തെ സ്വത്തിന്മേല്‍ ആദ്യത്തെ അവകാശമെന്ന്‌. ഇക്കാര്യങ്ങള്‍ ഇങ്ങനെ മുമ്പ്‌ ആരും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ്‌ ഇങ്ങനെയൊക്കെ. സ്വാതന്ത്ര്യത്തിനുമുമ്പ്‌ മുസ്ലിംലീഗിന്റെ കാലത്ത്‌ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്‌. അത്‌ രാജ്യത്തിന്റെ വിഭജനത്തില്‍ കൊണ്ടെത്തിച്ചു. അക്കാലത്തും സംഘത്തിന്റെ നേതൃത്വത്തിലുള്ളവര്‍ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്‌. അതായത്‌, കാര്യങ്ങള്‍ പ്രകടമാണ്‌. ഞാന്‍ അക്കാര്യം പരാമര്‍ശിച്ചു. സംഘം എല്ലാത്തരം വിവേചനത്തോടും എതിരാണ്‌. 
പക്ഷേ ഇതാദ്യമായാണ്‌ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ നേരിട്ട്‌ പ്രഹരിക്കുന്നത്‌. 
= അതെ, കാരണം അവര്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നു. അതും ആദ്യമാണ്‌. ഇതുവരെ, എല്ലാവരേയും തുല്യരായി പരിഗണിക്കുന്നുവെന്ന്‌ ഭാവിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഇപ്പോള്‍ അവര്‍ ആ അഭിനയം പോലും ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട്‌ ഇതു വേണ്ടിവന്നു. 
? അഴിമതി, ഭീകരത, അതിര്‍ത്തി സുരക്ഷ, സാമൂഹ്യസുരക്ഷ ഈ നാലു വിഷയത്തില്‍ സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നം ഏതാണ്‌. ആദ്യം കൈകാര്യം ചെയ്യേണ്ട വിഷയം ഏതാണ്‌? 
= ഇവിടെ വലിയ വിഷയം ചെറിയ പ്രശ്നം എന്നില്ല, പ്രത്യേകിച്ച്‌ രാജ്യം അപകടസ്ഥിതിയിലാകുമ്പോള്‍ ഒന്നിനേയും അവഗണിക്കാനാവില്ല. അതുകൊണ്ട്‌ എല്ലാറ്റിനും തുല്യപ്രാധാന്യം കൊടുക്കണം. ഈ പ്രശ്നം ആദ്യം കൈകാര്യം ചെയ്യാമെന്ന്‌ പറയാം, നിങ്ങള്‍ക്ക്‌ അത്‌ പരിഹരിക്കാം. പക്ഷേ, അത്‌ പ്രശ്നത്തിന്റെ സ്വഭാവം അനുസരിച്ചിരിക്കും. അത്‌ പ്രശ്നപരിഹാരത്തിനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും. എല്ലാം പ്രധാനമാണ്‌. അഴിമതിയും സമൂഹത്തെ ജീര്‍ണിപ്പിക്കുന്നുവെന്ന അതേ ദോഷം തന്നെയാണ്‌ ചെയ്യുന്നത്‌. ഭീകരതയും മറ്റു പ്രശ്നങ്ങളും ചെയ്യുന്നതും അതുതന്നെയാണ്‌. അതുകൊണ്ട്‌ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം.
 ? പരിസ്ഥിതി മൗലികവാദം ചില മതഭ്രാന്തന്മാരുടെയും ചില എന്‍ജിഒകളുടേയും പുതിയ പ്രവര്‍ത്തന മേഖലയായി മാറിയിട്ടുണ്ടല്ലൊ. ഇതിന്‌ പിന്നില്‍ ഏതെങ്കിലും അന്താരാഷ്ട്ര ഗൂഢപദ്ധതി ഉള്ളതായി കരുതുന്നുണ്ടോ. സംഘടനയുടെ ഈ രംഗത്തെ കാഴ്ചപ്പാടെന്താണ്‌. 
= എല്ലാ തീവ്രവാദവും അധര്‍മമാണ്‌. നീതിക്ക്‌ എപ്പോഴും മധ്യപാതയാണുള്ളത്‌. നമുക്ക്‌ പരിസ്ഥിതി വേണം, സംശയമില്ല. എന്നുവച്ച്‌ വികസനത്തെ തിരസ്കരിക്കണമോ? നമുക്ക്‌ വികസനം വേണം, എന്നു കരുതി പരിസ്ഥിതി നശിപ്പിക്കണോ? നിങ്ങള്‍ ഒരേസമയം പരിസ്ഥിതി സംരക്ഷിക്കുകയും, വികസനം കൊണ്ടുവരികയും ചെയ്യുന്ന ഒരു മധ്യ മാര്‍ഗ്ഗം സ്വീകരിക്കണം. അതിന്‌ നമ്മുടെ വിചാര തന്ത്രം (paradigm പുനഃപരിശോധിക്കണം. ലോകം ഇന്നു പിന്തുടരുന്ന വിചാരതന്ത്രം അടിസ്ഥാനമാക്കിയാല്‍ നമുക്ക്‌ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാവില്ല. എവിടെ സംഘര്‍ഷമുണ്ടാകുന്നോ അവിടെ തീവ്രനിലപാടുമുണ്ടാകും. തത്വത്തില്‍ ഒരു പരിസ്ഥിതിവാദിയും തെറ്റല്ല. ജനങ്ങള്‍ക്കറിയാം പരിസ്ഥിതിയുടെ അവസ്ഥക്കനുസരിച്ചാണ്‌ ജീവികുലം നിലനില്‍ക്കുന്നതെന്ന്‌. ഭാരതത്തിലൊഴികെ മേറ്റ്ല്ലാ രാജ്യങ്ങളിലും ആ അവബോധം ഒരു ശാസ്ത്രജ്ഞാനമാണ്‌. പക്ഷേ ഇപ്പോള്‍ അവരും മനസ്സിലാക്കിത്തുടങ്ങി ചെടികളും മരങ്ങളും എന്തു ചെയ്യുന്നു, ജീവജാലങ്ങളും ചെറുകീടങ്ങളും മറ്റും എന്തു ചെയ്യുന്നു, എന്നെല്ലാം. നമുക്ക്‌ അതിനെക്കുറിച്ചെല്ലാം വളരെ മുമ്പു മുതല്‍ തന്നെ ധാരണയുണ്ടായിരുന്നു. ഇപ്പോഴാണ്‌ ലോകം അത്‌ മനസ്സിലാക്കിയത്‌. അവര്‍ ഇതുവരെ പിന്തുടര്‍ന്നിരുന്ന വിശ്വാസം കഴിവുള്ളവര്‍ നിലനില്‍ക്കുമെന്നതായിരുന്നു. എല്ലാക്കാലത്തും എല്ലായിടത്തും പോരാട്ടമാണു നടക്കുന്നതെന്നവര്‍ വിശ്വസിപ്പിച്ചു. നമ്മള്‍ പറഞ്ഞു, അങ്ങനെയല്ല, എല്ലായിടത്തും സഹകരണത്തിനും സംയോജനത്തിനും വഴിയുണ്ടെന്ന്‌. നമ്മുടെ കാഴ്ചപ്പാട്‌ മറ്റുള്ളവരും നിലനില്‍ക്കണമെന്നതാണ്‌. അതുകൊണ്ട്‌ പരിസ്ഥിതിയുടെ പേരിലായാലും വികസനത്തിന്റെ പേരിലായാലും തീവ്രവാദം തെറ്റാണ്‌. രണ്ടും ഒന്നിച്ചു പോകണം. വൈവിദ്ധ്യങ്ങളെ കൈകാര്യം ചെയ്യണം, പലതിനെ സമന്വയിപ്പിക്കണം, അതാണ്‌ ധര്‍മം. അവയെ സന്തുലനം ചെയ്യണം. സന്തുലനമാണ്‌ ധര്‍മം. പ്രശ്നം നമ്മള്‍ ഏതു തരത്തില്‍ ഭൂമി ഉപയോഗിക്കുന്നുവെന്നതാണ്‌. നമ്മുടെ ഭൂമിക്ക്‌ എത്രത്തോളം ജനസംഖ്യയെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന്‌ നമ്മള്‍ പഠിച്ചിട്ടേയില്ല. നമുക്കെത്രത്തോളം കൃഷിപ്രദേശം വേണം? നമുക്കെത്ര വനം വേണം? എത്ര വ്യവസായം വേണം തുടങ്ങിയവയും കണക്കാക്കിയിട്ടില്ല. സ്ഥിതിഗതിയനുസരിച്ച്‌ അത്തരം വിഷയങ്ങള്‍ നാം ആഴത്തില്‍ പഠിക്കേണ്ടതുണ്ട്‌. രാജ്യത്ത്‌ 33 ശതമാനം വേണം വനം, പക്ഷേ നമുക്ക്‌ അതിനേക്കാള്‍ കുറവാണുള്ളത്‌. അതേസമയം നമുക്ക്‌ വ്യവസായം, വൈദ്യുതി തുടങ്ങിയവയും വേണം. കാട്‌ വളരാത്ത പ്രദേശങ്ങള്‍ ഏറെയുണ്ട്‌. നമുക്ക്‌ ആ ഭൂമി ഉപയോഗിക്കാം. ഗുരുജി പറഞ്ഞിട്ടുണ്ട്‌, ഭിലായി ഉരുക്കുനിര്‍മാണ ഫാക്ടറി സ്ഥാപിച്ചത്‌ കൃഷിഭൂമിയിലാണെന്ന്‌. തൊട്ടടുത്തു തന്നെ കൃഷി ചെയ്യാത്ത, വനവുമല്ലാത്ത ഭൂപ്രദേശമുണ്ടായിരുന്നു, തടസ്സമില്ലാതെ ലഭിക്കുമായിരുന്നു. പക്ഷേ രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുന്ന, എങ്ങനെ അത്‌ നടപ്പാക്കാന്‍ പറ്റുമെന്ന ഒരു കാഴ്ചപ്പാട്‌ ഉണ്ടാകണം. പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തിന്‌ ധാരാളം സ്രോതസ്സുകളുണ്ട്‌. അവ നമുക്ക്‌ വിനിയോഗിക്കാം. പക്ഷേ നമ്മള്‍ അതിന്‌ ശ്രദ്ധ നല്‍കുന്നില്ല. നമ്മുടെ അടിത്തറയില്‍ വേണം നാമെല്ലാം പടുത്തുയര്‍ത്താന്‍, കാരണം അത്‌ ഭാവി ലോകത്തിന്റെ അടിത്തറയാണ്‌. ലോകത്തിന്‌ അത്‌ വേണം. നാം നമ്മുടെ ഉദാഹരണങ്ങളും മാതൃകകളും ഉണ്ടാക്കണം, അതുവരെ ഈ പ്രശ്നങ്ങള്‍ തുടരും, കാരണം, ലോകം മുഴുവന്‍ ഈ സംഘര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അവിടെ പക്ഷേ ഉത്തരമില്ല. നാം നമ്മുടെ മൂല്യങ്ങള്‍ അനുസരിച്ച്‌ പോയാല്‍ നമുക്ക്‌ പരിഹാരം നല്‍കാനാകും.
 ? ജനസംഖ്യാ നിയന്ത്രണത്തിലെ തെറ്റായ നയങ്ങള്‍ അസന്തുലിതമായ ജനസംഖ്യാ പെരുപ്പത്തിന്‌ കാരണമാകുന്നുണ്ട്‌ എന്ന്‌ കരുതുന്നുണ്ടോ. 
= ജനസംഖ്യാ നിയന്ത്രണത്തിനുള്ള എല്ലാ സംവിധാനങ്ങളും വിവേകപൂര്‍വമായി വേണം തീരുമാനിക്കാന്‍. നാം ആരെയോ വെറുതെ അനുകരിക്കുകയാണ്‌. അതുകൊണ്ട്‌ നാമിപ്പോള്‍ ജനപ്പെരുപ്പത്തെക്കുറിച്ച്‌ വിലപിക്കുന്നു. പക്ഷേ വരുന്ന 20 വര്‍ഷത്തില്‍ ഭാരതം യുവജനങ്ങളുടെ രാജ്യമായിരിക്കുമെന്ന കാര്യം നാം മറന്നുപോകുന്നു. അതായത്‌ വര്‍ധിത ജനസംഖ്യ സ്വത്തായി വിനിയോഗിക്കാനും പറ്റും; പക്ഷേ നമ്മള്‍ ചെയ്യേണ്ടത്‌ നമ്മുടെ രാജ്യത്ത്‌ നമ്മുടെ സ്വന്തം നയം നടപ്പില്‍ വരുത്തുകയെന്നതാണ്‌. അതു ചെയ്യുന്നില്ല. ജനസംഖ്യാ വര്‍ധന ആവശ്യവുമാണ്‌. അത്തരത്തില്‍ വേണ്ടത്‌ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കണം, എല്ലാവര്‍ക്കും ഒരേപോലെ ബാധകമായ തീരുമാനങ്ങള്‍ നടപ്പാക്കണം. ആര്‍ക്കും ഇളവനുവദിക്കരുത്‌. രണ്ടാമതായി, മതപരിവര്‍ത്തനം മൂലം അസന്തുലിതാവസ്ഥയുണ്ടാകും. ഞാന്‍ സ്വയം തോന്നി മതം മാറുന്നത്‌ വേറെ കാര്യം, പക്ഷേ നിങ്ങള്‍ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യുന്നതു വേറൊരു കാര്യമാണ്‌. നിങ്ങളെന്നെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അത്‌ ചെയ്യുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? വേറൊന്ന്‌ പുറത്തുനിന്നുള്ള കുടിയേറ്റമാണ്‌. അനധികൃത കുടിയേറ്റമുണ്ട്‌, നുഴഞ്ഞുകയറ്റമുണ്ട്‌. ഒരു സമയത്ത്‌ സര്‍ക്കാര്‍ പറഞ്ഞു, ഇങ്ങനെ വരുന്നവരുടെ കണക്കുപോലും അറിയില്ലെന്ന്‌. എന്താണിത്‌? നമ്മുടെ അതിര്‍ത്തികള്‍ നാം സംരക്ഷിക്കണം, അതിരുകള്‍ വേണ്ടവിധം കൈകാര്യം ചെയ്യണം, ശരിയായ ഭരണം നടപ്പില്‍ വരുത്തണം. കാരണം നമ്മുടെ രാജ്യമെന്നത്‌ വെറും ഒരു ഭൂപ്രദേശം മാത്രമല്ല, അവിടെ താമസിക്കുന്ന ജനക്കൂട്ടം മാത്രമല്ല, രാജ്യത്തിനും അതിന്റേതായ അസ്മിതയുണ്ട്‌, വ്യക്തിത്വമുണ്ട്‌. രാജ്യത്തു വസിക്കുന്നവരേയും അതനുസരിച്ച്‌ പരുവപ്പെടുത്തേണ്ടതുണ്ട്‌; ജനം രാജ്യത്തിന്റെ അസ്മിതയെ എതിര്‍ക്കുന്നവരും നശിപ്പിക്കുന്നവരുമാകരുത്‌. എല്ലാ രാജ്യങ്ങളും ഈ നയമാണ്‌ പിന്തുടരുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍. എന്നാല്‍ തരംതാണ വോട്ട്‌ ബാങ്ക്‌ താല്‍പ്പര്യവും അവകാശപ്പെടുന്ന മതേതര പ്രതിഛായ സംരക്ഷിക്കാനുള്ള ആവേശവും മൂലം നമ്മള്‍ അത്തരം കരുതല്‍ ഒന്നും കൈക്കൊള്ളുന്നില്ല. ഇങ്ങനെ ചെയ്യരുത്‌. അത്‌ ശരിയായി നടപ്പാക്കിയാല്‍ എല്ലാം നിയന്ത്രണത്തിലാകും. 

? കഴിഞ്ഞ 88 വര്‍ഷമായി രാഷ്ട്രീയ സ്വയംസേവകസംഘം പ്രവര്‍ത്തിച്ചുവരുന്നു. ഏതു മേഖലയിലാണ്‌ സംഘത്തിന്‌ കൂടുതല്‍ സ്വീകാര്യത രാജ്യത്തു കിട്ടിയിരിക്കുന്നത്‌. എന്തുകൊണ്ടാണത്‌.
= സംഘം വളരുകയാണ്‌. രാജ്യമെമ്പാടും ഞങ്ങള്‍ക്ക്‌ സ്വീകാര്യത കിട്ടിയിട്ടുണ്ട്‌. അത്‌ രാജ്യത്തിന്‌ പുറത്തേക്കും വളര്‍ന്നിരിക്കുന്നു. സംഘത്തിന്റെ സ്വാധീനം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും ബാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ സംഘം എന്തുപറയുന്നുവോ അത്‌ രാജ്യം മുഴുവന്‍ സ്വീകരിക്കുന്നു. സംഘത്തിന്‌ എതിരാളിയില്ല, യഥാര്‍ത്ഥത്തിലുള്ള എതിരാളിയില്ല. ചില രാഷ്ട്രീയ എതിര്‍പ്പുകളുണ്ട്‌, പക്ഷേ അതൊന്നും ആത്മാര്‍ത്ഥമായ എതിര്‍പ്പുകളല്ല, വര്‍ത്തമാനത്തില്‍ മാത്രമാണ്‌ ആ എതിര്‍പ്പ്‌. അങ്ങനെ എതിര്‍ക്കുന്നവര്‍ക്കും അറിയാം അവര്‍ ചെയ്യുന്നത്‌ തെറ്റാണെന്നും ആര്‍എസ്‌എസ്‌ പറയുന്നതാണ്‌ ശരിയെന്നും. അടുത്തതായി വേണ്ടത്‌ എല്ലാ വ്യക്തികളേയും അവരുടെ ചിന്തകള്‍ പറയാന്‍ ശക്തരാക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തലാണ്‌. അവിടെ വിലകുറഞ്ഞ വ്യക്തിതാല്‍പ്പര്യവും നിയന്ത്രണങ്ങളും ഉണ്ടാവില്ല, ഏതെങ്കിലും സ്ഥാപനത്തിന്റെ നിഷ്ഠുര ശാസനങ്ങള്‍ ഉണ്ടാവില്ല. എല്ലാവര്‍ക്കും ഹിതകരവും ഗുണകരവുമായതെന്തോ അത്‌ പ്രകടിപ്പിക്കാനാവണം, അത്തരം അന്തരീക്ഷവും സാഹചര്യവും സൃഷ്ടിക്കപ്പെടണം.
 ? ആഗോളവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിനുവേണ്ടിയുള്ള ദാഹം ഒരു നല്ല ഭാവിക്കുള്ള സൂചനയാണെന്നും കരുതുന്നുണ്ടോ
= ഇപ്പോള്‍ പറയപ്പെടുന്ന ആഗോളമാറ്റം ആന്തരികമല്ല, ബാഹ്യമായതാണ്‌. മാറ്റങ്ങളെല്ലാം ഉണ്ടാകേണ്ടത്‌ ഹൃദയത്തില്‍നിന്നാണ്‌. ആഗോളതലത്തില്‍ മാറ്റത്തിനുവേണ്ടി നടക്കുന്ന ശ്രമങ്ങള്‍ കേന്ദ്രീകരിക്കുന്നത്‌ സംവിധാനത്തിലാണ്‌. പക്ഷേ ഏതു സംവിധാനവും വ്യക്തികള്‍ വിചാരിച്ചാല്‍ മോശപ്പെടുത്താം. അതുകൊണ്ട്‌ മനുഷ്യനെ നിര്‍മിക്കുക, മനുഷ്യനെ മാറ്റുക, നല്ല മനുഷ്യന്‍ ലോകത്തെ മാറ്റും. അതാണ്‌ സംഘപ്രവര്‍ത്തനത്തിന്റെ ആപ്തവാക്യം. അത്‌ നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനിര്‍മാണം…
ജന്മഭൂമി: http://www.janmabhumidaily.com/news152400