Sunday, May 9, 2021

ഈ കവിതകളിൽ ഹൃദയം ഉരസുക

 ഉരസുക





ഒന്നും ഒന്നും ഇമ്മ്ണി ബല്യഒന്നാണെന്ന് കേള്‍ക്കുമ്പോഴെല്ലാം നാം കൈയടിച്ചു. ഇമ്മ്ണി ചെറിയ ഒന്നാക്കി ചിലതിനെ നമ്മള്‍ ഒതുക്കിവെച്ചു. 'ഉണ്ണി'ക്ക് പ്രായഭേദമില്ലെങ്കിലും കുഞ്ഞുണ്ണിക്ക് കുട്ടികള്‍ക്കിടയില്‍ മാത്രമായി ഇടം ചുരുക്കി. കൊണ്ടാടപ്പെടുന്ന പലരുടെയും ഗുണവിശേഷങ്ങള്‍ ഒരാളിലൊന്നിക്കുന്നതു കാണാനായിട്ടും കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം മുന്‍കൂട്ടി കണ്ടിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു, ''എനിക്ക് പൊക്കം കുറവാണെന്നെ പൊക്കാതിരിക്കുക'' എന്ന്. ആ പൊക്കം കുറഞ്ഞയാളിലെ ഭാരം ഏറെക്കനപ്പെട്ടതാണെന്നതാണ് വാസ്തവത്തില്‍ പൊക്കാന്‍ നോക്കെണ്ടെന്നു പറഞ്ഞതിനു കാരണം. 

മെയ് 10 കുഞ്ഞുണ്ണി മാഷിന്റെ 90-ാം ജന്മവാര്‍ഷിക ദിവസമാണ്. 2006 മാര്‍ച്ച് 26 ന് അന്തരിച്ചു. കുട്ടികളുടെ കവി, ബാലസാഹിത്യകാരന്‍, 'കുഞ്ഞുണ്ണി'ക്കവിതക്കാരന്‍ എന്നിങ്ങനെയാണ് ചിലര്‍ ചാര്‍ത്തിയ വിശേഷണങ്ങള്‍. പഴഞ്ചൊല്‍ പാടിയും നാവുരുളുകള്‍ പാടിപ്പിച്ചും നടന്നയാള്‍, കുട്ടികളുടെ കൂട്ടുകാരന്‍ എന്നെല്ലാം പുകഴ്ത്തപ്പെട്ടപ്പോഴും കുഞ്ഞുണ്ണിക്കവിതയെന്ന പ്രസ്ഥാനപ്പേരിട്ടുകൊടുത്തപ്പോഴും കുഞ്ഞുണ്ണിയെ അരക്കവിയായി മാത്രം അംഗീകരിക്കാനുള്ള വ്യഗ്രതയായിരുന്നില്ലേ അതിനു പിന്നില്‍. ആര്‍ക്കും അത്ര പെട്ടെന്ന് സാദ്ധ്യമല്ലാത്ത തരത്തില്‍ അനുയായികളെയോ ആസ്വാദകരെയോ സൃഷ്ടിച്ച കവി, ചിത്രകാരന്‍, അദ്ധ്യാപകന്‍, ജീവിതമാതൃക... ഒക്കെയായ കവിയെ തമസ്‌കരിക്കാനാവില്ലെന്നു വന്നപ്പോള്‍ തളച്ചിടാന്‍ ചിലരില്‍നിന്നെങ്കിലും ശ്രമം നടന്നിട്ടില്ലേ? കുഞ്ഞുണ്ണി ആദ്യം കമ്മ്യൂണിസ്റ്റായിരുന്നത്രെ! പിന്നെ നക്‌സലൈറ്റും!! എന്തായാലും നല്ലകാലത്ത് സന്യാസതുല്യമായിരുന്നു ജീവിതം, മാര്‍ഗ്ഗവും. അത് പോരായ്മയായോ, അയോഗ്യതയായോ? അറിയില്ല. ചിന്ത തുടങ്ങുന്നകാലത്ത് കമ്മ്യൂണിസം ബാധിക്കാത്തവരുണ്ടാകില്ല, അതൊരു കക്ഷിരാഷട്രീയമായിക്കാണാതെ. പ്രശ്‌നങ്ങള്‍ക്ക് ക്ഷിപ്ര പരിഹാരം വേണമെന്നാഗ്രഹിക്കുന്ന ആവേശക്കാര്‍ക്ക് നക്‌സല്‍ ചിന്തയും വന്നേക്കാം, അതിന്റെ അപകടം തിരിച്ചറിയുംവരെ. അതിനപ്പുറത്തേക്ക് ഒരു കുഞ്ഞുണ്ണിക്കും അതില്‍ രണ്ടിലും ചിന്തയൊടുക്കാനാവില്ല, ആ പേരുള്ള ചില കഥാപാത്രങ്ങള്‍ക്കല്ലാതെ. ഒ. വി. വിജയന്റെ കുഞ്ഞുണ്ണിയ്ക്കുണ്ടായ പരിണാമമുണ്ടല്ലോ (ഗുരുസാഗരം) അതാണ് സത്യവഴി. കവി കുഞ്ഞുണ്ണിയുടെ രാമകൃഷ്ണാശ്രമ വാസവും ആശ്രമം സ്‌കൂളിലെ അദ്ധ്യാപനവഴിയും കൊച്ചുകുട്ടികളുമായുള്ള സമ്പര്‍ക്കവും ചില ചിന്താധാരകളോടുള്ള സാമീപ്യവും കൊണ്ടെത്തിച്ചത് കാഷായ സംസ്‌കാരത്തിലായിരുന്നു. പൂര്‍ണ്ണതയിലേക്കുള്ള വഴിയാത്രയായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെയാവണം ആദ്യ കവിതാസമാഹാരത്തിന് 'കാല്‍ശതം' എന്ന കണക്കുമുറ്റിയ (നൂറിന്റെ നാലിലൊന്ന്) പേരിട്ടത്. 'ഭടജനങ്ങള്‍ക്കു വേണ്ടി' എഴുതിയ, ഭാഷയുടെ താളാചാര്യന്‍ കുഞ്ചന്‍ നമ്പ്യാരുടെ പിന്മുറ എഴുത്തുകാരനായതിനാല്‍, കവിത കേള്‍പ്പിക്കാനായിരുന്നു കുഞ്ഞുണ്ണിക്കമ്പം. കവിതകളിലെ നര്‍മ്മം നമ്പ്യാരുടെ മര്‍മ്മമറിഞ്ഞതിനാലായിരുന്നു. ''കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍'' ആയിരുന്നുവല്ലോ കുഞ്ഞുണ്ണിപ്രാര്‍ത്ഥന. കുഞ്ഞുങ്ങളാണ് നാളെയുടെ, ഭാഷാവഴിയെന്ന അറിവാണ് ആ രചനകളിലെ ലാളിത്യം. അതിലെ സന്ദേശം കുഞ്ഞുങ്ങളിലൂടെ അമ്മമാരിലും അകത്തളങ്ങളിലും അടുക്കളയിലു പോലും എത്തുമെന്നാഗ്രഹിച്ചു. പക്ഷേ, 'മലര്‍വാടി'യിലിരുന്ന് ആ കുട്ടികളുടെ മാസികയിലേക്കു വന്ന രചനകളില്‍ കവിതയും കഥയും കണ്ടെത്തി ഏറെ എഴുത്തുകാരെ സൃഷ്ടിച്ചെങ്കിലും ഗുരുവിനെ കുഞ്ഞുണ്ണിയാക്കി നിര്‍ത്താനേ അവരില്‍ പലരും മത്സരിച്ചുള്ളു. ''സത്യമേ ചൊല്ലാവൂ, ധര്‍മ്മമേ ചെയ്യാവൂ, നല്ലതേ നല്‍കാവൂ, വേണ്ടതേ വാങ്ങാവൂ.'' എന്ന് കുഞ്ഞുണ്ണി പഠിപ്പിച്ച ധര്‍മ്മം അവര്‍ ഉള്‍ക്കൊള്ളാതെ പോയോ. അതോ മനപ്പൂര്‍വം അവര്‍ മറന്നോ? എന്തിനും പടിഞ്ഞാറേക്ക് നോക്കി ശീലിച്ചതിനാല്‍ ചിലര്‍ ജപ്പാനില്‍ പോയി, ഹൈക്കു എന്ന കവിതാ സമ്പ്രദായത്തെ കണ്ടുപിടിച്ചു കുഞ്ഞുണ്ണിക്കവിതയ്ക്ക് രൂപമാതൃകയും പേരും നിശ്ചയിക്കാന്‍. വേദങ്ങളും ഉപനിഷത്തുകളും അടുത്തറിയാന്‍ അവസരം കിട്ടിയ, അദ്ധ്യാപകനെ അവ സ്വാധീനിച്ചോ എന്ന് ആരും പഠിക്കാന്‍ തുനിഞ്ഞില്ല. ഹൈക്കുവിനു മൂന്നുവരി, കുഞ്ഞുണ്ണിക്കവിതയ്ക്കും വരിയെണ്ണം കുറവ്. അതിനപ്പുറം അനുഷ്ടുപ്പും ആര്യയും ഗീതിയും വൃത്തങ്ങള്‍ പൗരസ്ത്യമായതിനല്‍ ഗവേഷകര്‍ അത് കണ്ടിട്ടുണ്ടാവില്ല. വാസ്തവത്തില്‍ കുഞ്ഞുണ്ണിക്കവിതകള്‍ വരികളിലും വാക്കുകളിലും അസാധാരണമായ കനം പേറുന്ന സൂക്തങ്ങള്‍ പോലെയല്ലേ, വേദ സൂക്തങ്ങള്‍ പോലെ, യോഗസൂത്രങ്ങള്‍ പോലെ. പഴഞ്ചൊല്ലുകള്‍ പുനരാവിഷ്‌കരിച്ചതും പുതുചൊല്ലുകള്‍ രൂപപ്പെടുത്തിയതും പറയാനുള്ള പുതുവഴികളായിരുന്നു. എഴുത്തിലെ വൃഥാസ്ഥൂലതയോട് സൂക്ഷ്മതകൊണ്ടുള്ള പ്രതിരോധം, പക്ഷേ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നില്ലെന്ന പ്രത്യേകതയുണ്ട്. ഭാഷയോടുള്ള കവിയുടെ പ്രേമം, ഭാഷ സംരക്ഷിക്കാനുള്ള വ്യഗ്രത, സംരക്ഷണ നിയമമുണ്ടാക്കാനുള്ള സത്യഗ്രഹ സമരത്തിലൂടെയല്ല പ്രകടിപ്പിച്ചത്. അദ്ധ്യാത്മരാമായണം കിളിപ്പാട്ടും അനേകം രാമായണ വിവരണങ്ങളും ഉണ്ടായിട്ടും കുഞ്ഞുണ്ണിരാമായണം രചിച്ചതെന്തിനായിരുന്നു. അതിലൂടെ കണ്ണോടിച്ചാല്‍ കാര്യം മനസ്സിലാകും. എഴുത്തച്ഛന്റെ രാമായണ കവിതാരൂപവും കുഞ്ഞുണ്ണിമാഷിന്റെ ഗദ്യരൂപവും താരതമ്യം ചെയ്താല്‍ അമ്പരന്നു പോകും, ഭാഷാ പ്രയോഗത്തിന്റെ വൈഭവത്തില്‍; എഴുത്തച്ഛനേക്കാള്‍ ഒന്നും അധികമില്ല, ഒന്നുമേ കുറവുമില്ല- കിറുകൃത്യം. കുട്ടികള്‍ക്കുവേണ്ടി മാത്രമായിരുന്നില്ല കുഞ്ഞുണ്ണി എഴുതിയത്. താനെഴുതുന്നത് കുട്ടികളും വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മാത്രം. ''ഞാനെന്റെ മീശചുമന്നതിന്റെ കൂലി ചോദിക്കാന്‍ ഞാനെന്നോടു ചെന്നപ്പോള്‍ ഞാനെന്നെത്തല്ലുവാന്‍ വന്നു'' കുഞ്ഞുണ്ണിയുടെ ഈ വരികള്‍ 'മറ്റു ചിലരുടെ' പേരിലായിരുന്നെങ്കില്‍ ഒരുപക്ഷേ ചിലരെങ്കിലും ലോകോത്തരമെന്ന് ഘോഷിച്ചേനെ എന്നുറപ്പ്. ''ജീവിതം നല്ലതാകുന്നു, മരണം ചീത്തയാകയാല്‍'' എന്ന കുഞ്ഞുണ്ണിവരികളും അയ്യപ്പപ്പണിക്കരുടെ ചില കവിതാവരികളും ഒപ്പം നില്‍ക്കുന്നുണ്ട്. ''ബ്രഹ്മസത്യം ജഗത് മിഥ്യ. ബ്രായും ബ്രസ്റ്റും കണക്കിനേ'' എന്ന എഴുത്ത് വി കെ എന്നിനോട് കിടപിടിക്കും. പക്ഷേ കുഞ്ഞുണ്ണി പലര്‍ക്കും അന്നും ഇന്നും അരക്കവി!! ''കാലമില്ലാതാകുന്നു, ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോള്‍ ഞാനുമില്ലാതാകുന്നു'' എന്ന കവിസമാധി സ്ഥിതിക്ക് പിന്നില്‍, കാര്‍മേഘത്തിനു കീഴേ പറക്കുന്ന വെളുത്ത കൊറ്റികളെ കണ്ടപ്പോള്‍ സമാധി സ്ഥിതിയിലായ ഗദാധരന്റെ ഹൃദയമുണ്ട്. ദക്ഷിണേശ്വരത്തെ ഭവ താരിണിയെ അറിഞ്ഞ, ആ കാളീമാതാവ് തിരിച്ചും അറിഞ്ഞ രാമകൃഷ്ണ പരമഹംസരെ ചിലര്‍ ഭ്രാന്തന്‍പൂജാരിയാക്കി ഒതുക്കാന്‍ ശ്രമിച്ച സംഭവങ്ങളോട് ഏറെ സാദൃശ്യമുണ്ട് കുഞ്ഞുണ്ണിജീവിതത്തിനും. പരമഹംസരെ ലോകത്തിനറിയിക്കാന്‍ ഗുരുത്വം പൂത്ത ഒരു വിവേകാനന്ദനുണ്ടായിരുന്നെന്നു മാത്രം! ജ്ഞാനപ്പാന ലളിതഭാഷയിലായിപ്പോയതിനാല്‍ പൂന്താനം അപമാനിക്കപ്പെട്ടെന്ന കഥ സത്യമോ എന്നറിയില്ല. പക്ഷേ, ഭക്തിയും വിഭക്തിയും തമ്മിലുരസി, തിരിച്ചറിവിന്റെ ചൂടും വെളിച്ചവുമുണ്ടാക്കി ആ കഥ. കുഞ്ഞുണ്ണിക്കവിതയിലെ പ്രകാശവും ചൂടും അറിയാന്‍ ഹൃദയംകൊണ്ട് അതില്‍ ഉരസുകതന്നെ വേണം.

2017 may 6