
കവിത
ചൂളം വിളിച്ചന്നു വണ്ടി നീങ്ങീടുമ്പോള്‍
തോന്നിയീ വണ്ടിക്കു വേഗം പോരാ
വെക്കമെന്‍ വീടെത്തിയൊക്കെയും ഭദ്രമാ-
യൊപ്പിക്കണം നാളെ നിര്‍ണായകം
ചെക്കന്‍ വരുമ്പോളെന്‍ ചന്തം പിടിക്കണം
വെക്കമേ കല്യാണമൊക്ക വേണം
ഇക്കുറി കൂട്ടുകാര്‍ ചൊല്ലിയതൊക്കണം
പൂരം 'പുതുപ്പൂര'*മാകവേണം
മണ്ടിയും മിണ്ടിയും വണ്ടി പോകെ, കൂട്ടു-
യാത്രക്കാരാകെ കൊഴിഞ്ഞുപോയീ
തിങ്ങിവിങ്ങി ശ്വാസമാകെയും മുട്ടിച്ച
വണ്ടിമുറിക്കുള്ളിലാളില്ലാതായ്
എന്തേ ഹൃദന്തം മിടിപ്പൂതു വേഗത്തില്‍
ശാന്തമാകൂ, ഇനി തെല്ലുദൂരം
സൌമ്യതാളത്തിലായ് വണ്ടിപോകെ-
ക്കമ്പി ജാലകത്തമ്പിളിത്തെല്ലുകാണ്‍കെ
കൂട്ടുകാര്‍ കൊഞ്ചിച്ച 'രാത്രി'തന്‍ സങ്കല്‍പ്പ-
യാത്രയില്‍ കോരിത്തരിച്ചിരിക്കെ
പേര്‍ത്തും മനംപറ,ഞ്ഞാരുവാന്‍ നോക്കുന്നു
കൂര്‍ത്തകണ്‍ കുന്തമുനയാല്‍ നിന്െന
നേര്‍ക്കായെതിര്‍വശത്തുണ്ടുണ്ടി
ഓര്‍ത്ത,യാള്‍ നോക്കുന്നതെന്െനയല്ലോ
ഓര്‍ത്തുനോക്കീ തന്‍ പരിചയക്കൂട്ടത്തില്‍
ചേര്‍ത്തുനോക്കീ, സാമ്യമൊന്നുമില്ല
ഉള്ളില്‍ പരിഭ്രമം തോന്നിയെന്നാകിലും
സൌമ്യമായ് ഒന്നുചിരിച്ചുനോക്കീ
ഇല്ലൊട്ടു ഭാവമാറ്റം കണ്ണു മാറ്റുന്നില്ലി-
ല്ലയാള്‍ക്കെന്തേ തുറിച്ച നോട്ടം?
പയ്യനെക്കയ്യൊന്നനങ്ങവേ കണ്ടു ഹാ!
കയ്യൊന്നിനില്ലാ മുഴുവന്‍ രൂപം
കഷ്ടം, മറുത്തുഞാന്‍ ചിന്തിച്ചു, ദൈവമേ!
ദുഷ്ടം, മനസിന്റെ ചാഞ്ചാട്ടങ്ങള്‍
രണ്ടുകൈപോന്നതും പോരാഞ്ഞു ജീവിതം
മണ്ടി മുടന്തുന്ന കാലത്തിങ്കല്‍
കയ്യൊന്നു മാത്രമായുള്ളൊരീ പാവത്തി-
നിന്നത്തെയത്താഴം കയ്യില്‍ വന്നോ!
എന്നങ്ങു ചിന്തിച്ചു സ്വന്തം മനസ്സിനെ
പിന്നെയും ശാസിച്ചു ചാഞ്ഞിരിക്കെ
വന്നെത്തിയോരിളം കാറ്റിന്റെ ചൂരിന്
സ്വന്തം നിളയുടെ സ്വാദു തോന്നി
നീളന്‍ പുഴയുടെയക്കരെ ചെല്ലുമ്പോള്‍
വീടായി, യമ്മയായ്, സോദരനായ്
വണ്ടിയെങ്ങെത്തിയെന്നൊന്നുനോക്
കവി വള്ളത്തോള്‍ പേരൊപ്പം-സ്കൂളില്‍ പോയി
ജോനക രാജാവിന്‍ മുന്നില്‍ യശസ്സേറ്റ
ഭാവശുദ്ധിക്കാരി ഭാരതസ്ത്രീ
ഭര്‍ത്താവെത്തന്റെ ജ്വലിച്ച നോട്ടം നോക്കി
പാര്‍ശ്വസ്ഥയായ് നിന്ന പാര്‍വതിയാള്‍
മെല്ലെച്ചിരിച്ചുള്ളില്‍, ഒന്നു കണ്‍പാളുമ്പോള്‍
അംഗുലിയില്ലാത്ത കൈയൊന്നതാ
വന്നങ്ങു പൊങ്ങുന്നു താഴുന്നുതന്റെ നേര്‍-
ക്കെന്തിയാള്‍ക്കെന്തിതിന്നെന്
എന്താണു കാട്ടുന്നതെന്നു മാത്രം ചെറ്റു-
പൊങ്ങിയോ ശബ്ദം, ഹാ ബോധമറ്റോ
ഞെട്ടിച്ചിടും ശബ്ദ,മെന്താണു കേള്‍പ്പതു
പെട്ടെന്നു പൂര പ്രഘോഷണമോ*
പൊട്ടുന്നമിട്ടുകള്‍കൂട്ടമായ്, എന്‍ദേഹ-
മിട്ടിങ്ങുരുട്ടുന്നതാരുവാന്‍ ഹാ!!
വണ്ടിമറിഞ്ഞുവോ, എന്നെയിപ്പാളത്തില്‍
ബന്ധസ്ഥയാക്കുന്നതേതുകൈകള്‍
രക്തം മണക്കുന്നു, മദ്യം മണക്കുന്നു
മറ്റൊരു ഭാഷയില്‍ ആക്രോശങ്ങള്‍
എന്‍മെയ് ഞെരുങ്ങുന്നു ബോധം മറയുന്നു
ഞെട്ടിച്ചമിട്ടുകള്‍ പൊട്ടിടുന്നു
ആംബുലന്‍സിന്‍ പരിഭ്രാന്തനാദം കേള്‍പ്പി-
തെന്താണിതമ്മേ ഇരുട്ടു മാത്രം
അക്കരെപ്പൂരത്തിലംബരത്തില്‍ പൊങ്ങി-
യമ്പരപ്പാകാന്‍ കൊതിച്ച കോപ്പും**
ഇക്കരെ ജീവിതപ്പൂരമാഘോഷിക്കാന്‍
ഒത്തിരി മോഹിച്ച കൊച്ചുപെണ്ണും
നിശ്ചയം നീറിപ്പിടിച്ചതു വിങ്ങലായ്
സത്യം മനസ്സാക്ഷിക്കൂട്ടിനല്ലോ
ഒറ്റക്കണ്ണെല്ലാമടച്ചു പിടിച്ചന്നു
ഷൊര്‍ണൂരില്‍ വണ്ടികള്‍ ഖേദം പൂണ്ടു
ഒക്കെയറിഞ്ഞു കണ്ണീരൊട്ടുമില്ലാതെ
ഉള്ളില്‍ കരഞ്ഞാ നിള വിയര്‍ത്തു
സ്മാരകം കുത്തിത്തുറന്നന്നു രാത്രിയില്‍
'മാ കവി' തന്‍ പേനത്തുമ്പൊടിച്ചു
ഗോവിന്ദച്ചാമികള്‍ ഇല്ലാ വിരലിനാല്‍
സ്വന്തം ഡയറിക്കുറിപ്പെഴുതി
കേരളം സൌമ്യമായ് മൂക്കില്‍ വിരല്‍ വച്ചു
റൌഫിന്റെ വാര്‍ത്തയ്ക്കു ചാനല്‍ മാറ്റി......
------------------------
*** ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയിലെ വെടിക്കെട്ടുപുര കത്തിയ ദുരന്തവും ട്രെയിനില്‍ ക്രൂര പീഡനമേറ്റ സൌമ്യയുടെ ദുരന്തവും ഒരേ ദിവസമായിരുന്നു
------------------------------
കാവാലം ശശികുമാര്‍