Friday, July 1, 2011

മോനേ... മോള്‍ അവിടെ ഉണ്ടോ???



കഴിഞ്ഞദിവസം കൊച്ചിയില്‍ വണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു ... ഒരു വൈകുന്നേരം ... ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോള്‍ അയലത്തെ വണ്ടിയിലേക്ക് നോക്കി... ചുവന്ന ഒരു ഫോര്‍ഡ് ഫിയസ്ടാ ,,, പിന്‍ വാതിലിലൂടെ ഒരു ചിരിയാണ് ആദ്യം കണ്ടത്.. അതിനു പിന്നില്‍ ഇളം നീലക്കണ്ണുകള്‍,,,, പാറിപ്പറന്ന മുടിയും വെളുത്തു തുടുത്ത ആ മുഖവും മനസിലുടക്കി... വേഷം യൂണിഫോമാണു.. ഏതോ മുന്തിയ സ്കൂളിന്റെ വേഷം... അവള്‍ വെറുതെ പുറത്തേക്ക് നോക്കി ചിരിക്കുകയായിരുന്നു... ഞാനാകട്ടെ അവളെ നോക്കിയിരിക്കെ എന്റെ കുട്ടികള്‍ സ്കൂളില്‍നിന്നു വീട്ടില്‍ വന്നു കാണുമോ എന്ന് ചിന്തിച്ചിരുന്നു... എന്റെ മോള്‍ക്കും ഏതാണ്ട്ട് അവളുടെ പ്രായം.... അവളുടെ കണ്ണുകള്‍ എന്നിലുടക്കി .. ഞാന്‍ വെറുതെ ചിരിച്ചു ... ഒരു വാല്സല്യച്ച്ചിരി... പെട്ടെന്ന് അവളുടെ മുഖം മങ്ങി... അവള്‍ പിന്നിലേക്ക്‌ വലിഞ്ഞു ...പാതി തുറന്നു വച്ചിരുന്ന വിന്‍ഡോയുടെ മറവില്‍ അവളെ കാണാതായി.. ഞാന്‍ പ്രതീക്ഷിച്ചു അവളിലെ കുട്ടി ഒളിച്ചു കളിയ്ക്കാന്‍ ശ്രമിക്കുകയാവുമെന്നു ധരിച്ചു.. ഇപ്പോള്‍ ആ മുഖം കര്‍ക്കിടക രാത്രിയിലെ മേഘപാളികളില്‍ നിന്ന് പുറത്ത് വരുന്ന അമ്പിളി വരുന്നത് പോലെ പ്രത്യക്ഷപ്പെടുമെന്ന് മോഹിച്ചു.. അതിനിടയില്‍ ട്രാഫിക് ബ്ലോക്ക് മാറുമെന്നും വണ്ടി നീങ്ങിയെക്കുമെന്നും ഞാന്‍ വിഷമിച്ചു.....ഏതാനും സെക്കണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ആ വിന്‍ഡോവില്‍ കൂടി രണ്ടു വിരലുകള്‍ പുറത്തേക്കു വന്നു.... അത് അവളു ടെതല്ല... കുറച്ചു മുതിര്‍ന്ന ആളുറെത്... ഞാന്‍ പണിപ്പെട്ടു നോക്കി...അതിനകം അവന്റെ മുഖം പുറത്തേക്ക് വന്നു.. കറുത്ത കണ്ണട മുഖത്ത്.....വിരലുകള്‍ തോക്ക് ചൂണ്ടും പോലെയാണ് പിടിച്ചിരിക്കുന്നത്.... ഞാന്‍ ചിരിച്ചു പോയി.....പക്ഷെ അവന്‍ ചിരിച്ചില്ല...മുഖം ഗൌരവ പൂര്‍ണമായിരുന്നു... ഞാന്‍ ഒന്ന് ചൂളി....

അതിനകം ട്രാഫിക് ബ്ലോക്ക് നീങ്ങി.. വണ്ടികള്‍ നിരങ്ങി നീങ്ങി.. അതിനിടയില്‍ എന്റെ വണ്ടിയെ ചേര്‍ന്ന് ചുവന്ന ഫിയസ്ട വരുന്നത് ഞാന്‍ സൈഡ് മിററില്‍ കണ്ടു... എനിക്ക് ചില സിനിമകളില്‍ കാണാറുള്ള ചേസിംഗ് സീന്‍ ഓര്മ വന്നു ... അതിനിടെ എന്നെ ഓവര്‍ടെക് ചെയ്ത് ചുവന്ന കാര്‍ പാഞ്ഞു പോയി... പിന്‍ സീറ്റില്‍ അവന്‍ വിരല്‍ എന്റെ നേര്‍ക്ക്‌ ചൂണ്ടി ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ പിന്നില്‍ ഞാന്‍ കാണാതെ അവള്‍ ഒളിച്ചിരിക്കുന്നത് കണ്ടു... അതിനിടെ കാറിന്റെ കറുത്ത വിന്‍ഡോ ഷീറ്റ് ഉയരുന്നതും ഞാന്‍ ശ്രദ്ധിച്ചു.....ഞാന്‍ പകച്ചു പോയി... എനിക്ക് കൈകാല്‍ കുഴഞ്ഞു.. വണ്ടി ഓടിക്കാന്‍ ആവാതെ ഞാന്‍ ഓരത്ത് ഒതുക്കിയിട്ടു.. എനിക്ക് വിയര്‍ത്തു... ഒരുവിധം ഞാന്‍ താമസ സ്ഥലത്ത് എത്തി.. ഏഴു ദിവസമായിരിക്കുന്നു ഞാന്‍ വീട് വിട്ടിട്ട്... വീട്ടിലേക്കു വിളിച്ചു.. എന്റെ കുട്ടികളോട് സംസാരിച്ചു.. അസമയത്തെ വിളിയുടെ കാരണം തേടി ഭാര്യ ... ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും അവള്‍ ചോദിച്ചു കൊണ്ടെ ഇരുന്നു...

ഒടുവില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞാന്‍ പറഞ്ഞു...

അവള്‍ ചോദിച്ചു ...എങ്ങനെ അത് സംഭവിക്കാതിരിക്കും... ഇന്നത്തെ പത്രം വായിച്ചില്ലേ ...

അവള്‍ ഒന്നാം പേജ് വായിച്ചു കേള്‍പ്പിച്ചു..

മൂന്നു വാര്‍ത്തകള്‍ .

...ജെ. ഡേയ്ക്ക് നേരെ നിറ ഒഴിച്ചത് മലയാളിയായ സതീഷ്‌ കാലിയാ....

അജ്മീര്‍ സ്ഫോടനം - മുഖ്യ പ്രതി കോഴിക്കോട്ടെ സുരേഷ് നായര്‍ പിടികിട്ടാപ്പുള്ളി...

പറവൂര്‍ പെണ്‍വാണിഭം-14 കാരിയെ പീഡി പ്പിച്ചവരില്‍ ഉന്നതരും...

കുറച്ചു നേരത്തെ മൌനം..ഞങ്ങള്‍ക്കിടയില്‍ ...

അത് നീണ്ടു...

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യും മുമ്പ് ഭാര്യ വിളിച്ചു ചോദിക്കുന്നത് കേട്ടു..

മോനേ... മോള്‍ അവിടെ ഉണ്ടോ???