Monday, July 20, 2020

'യുവ' രാമായണം


ജന്മകാണ്ഡം


എട്ടുദിക്കിലുമെന്നല്ല
ങ്ങാകാശത്താഴിയിങ്കലും
വാഹനം പായ്ക്കുവാന്‍
കെല്‍പ്പുള്ളവനാണിവനെങ്കിലും

പത്തുവര്‍ഷത്തിലേറെപ്പോ
ന്നാദ്യവേളി കഴിച്ച നാള്‍
മറ്റൊന്നിനവനില്‍മര്‍ദ്ദം
അമ്മയ്ക്കായ്- പുത്രകാമിയാള്‍.

പലവൈദ്യര്‍, മന്ത്രവാദം,
ഹോമം ഹാ! ഹോമിയോപ്പതി,
ശല്യവിദ്യകള്‍ പിന്നെന്തെന്തെ
ന്തില്ലാ -വിപണിയുജ്വലം
യയാതിജ്വര ബാധിച്ച
ലോകത്തോ പൂത്തുനില്‍പ്പിതാ-
യൗവനം, വൃദ്ധരില്‍വൃദ്ധ
രാകുന്നോര്‍ക്കും കൊടുത്തിടാന്‍-
ലേപനം,വടകം,പിന്നെ
ലേഹ്യ,'മിഞ്ചക്ഷ'നിങ്ങനെ
മാര്‍ഗം കുന്നോളമുണ്ടാഹാ!
മാര്‍ജാരവഴിതേടുക.
ശാസ്ത്രവിദ്യകളൊട്ടേറെ,
'ടെസ്റ്റിയൂബി'ല്‍ തന്റെ കുഞ്ഞിനെ-
പ്പോറ്റി രക്ഷിച്ചു നല്‍കാനായ്,
'ഐവിഎഫി'ന്റെ വിക്രമം
ഇതിലൊന്നിനെ വേള്‍ക്കാന
ങ്ങൊടുവില്‍ തീര്‍ച്ചയായവന്‍
വാമപക്ഷത്തു നിന്നപ്പോള്‍
പച്ചക്കൊടി ചലിച്ചുതേ....

പണ്ടു പത്തുവഴിക്കൊപ്പം
രഥം പായിച്ച ഭൂപതി
പുത്രലാഭം നടപ്പാവാന്‍
പുത്രകാമേഷ്ടി ചെയ്തതും
രാമലക്ഷ്ണരന്നൊപ്പം
മറ്റു രണ്ടു സഹോദരര്‍-
ഭരതന്‍ താനുമവ്വണ്ണം ശ
ത്രുഘ്‌നഖ്യാതിമാനുമേ-
ജനിച്ച കഥയും പാടി
യപ്പുറത്തെ മുറിയ്ക്കകം
മുതുമുത്തശ്ശി മൂളിപ്പോയ്-
കാലം ഹാ കലികാലമായ്.
എങ്കിലും തന്റെ വിശ്വാസം
ശാസ്ത്രമാക്കിയെടുക്കുവാന്‍
ശതകുംഭത്തില്‍ ഗര്‍ഭത്തെ
ഗാന്ധാരിവിരിയിച്ചതും
നൂറ്റുവര്‍ഭൂമിയില്‍ പണ്ടു
പിറന്നതു, വളര്‍ന്നതും
ഓര്‍ത്തുമുത്തശ്ശി കാല്‍നീട്ടി
നാമം ചൊല്ലിയിരുന്നു നാള്‍.

'ട്യൂബ്', 'ടെസ്റ്റിയൂ'ബി,തൈ'സ്‌ക്യൂബ്',
'ടെസ്റ്റ്' നീളുന്ന നാളുകള്‍
ഒടുവില്‍ 'ടെസ്റ്റ് റൈറ്റായി'
പ്പിറന്നാന്‍ പുണ്യപൂരുഷന്‍
വംശവര്‍ധനയുണ്ടായ
സന്തോഷത്താല്‍ മുഴുക്കനെ
'ബാങ്കുബാലന്‍സ്' തീര്‍ന്നിട്ടും
ആഘോഷം- 'വാഹ്!' തകര്‍പ്പനായ്
ചാത്തന്‍നടയിലെന്നല്ല
വാരണാസിക്കരയ്ക്കലും
ചാത്തമൂട്ടിക്കടപ്പാട്
തീര്‍ക്കാന്‍ പോയി പിതാവവന്‍.

വിദ്യാകാണ്ഡം


മകനോ വലുതാകുന്നൂ
പിറന്നാള്‍ നാലു താണ്ടിയ-
ന്നവനോ വിക്രമന്‍ കാട്ടു
ന്നമിതപ്രതിഭാഗുണം
സംസാരിപ്പൂ, വരയ്ക്കുന്നു,
ഇംഗ്ലീഷ് അക്ഷരമാലയില്‍-
പലതും മെച്ചമായ്ത്തന്നെ
യെഴുതുന്നത്ഭുതാത്ഭുതം
ടിവികാണും, സ്വയം നിര്‍ത്തും,
'കമ്പ്യൂട്ടര്‍മൗസി'ലങ്ങനെ-
തിരിക്കും ഹായ്! വരയ്ക്കും പി
'ന്നിന്റര്‍നെറ്റ്' 'കണക്ടി'ടും
'മൈക്രോസോഫ്റ്റി'നെയെന്നല്ല
'ഉബുണ്ടു'വുമവന്‍ സ്വയം
തുറക്കും പിന്നടയ്ക്കും, ഹായ്!,
പാസ്‌വേഡും ക്രാക്കുചെയ്തിടും!?

ഇവനെപ്പറ്റിയൊന്നിന്നാള്‍
ടിവിയില്‍ വാര്‍ത്ത വന്നിടാന്‍
അമ്മ,യമ്മൂമ്മ കെഞ്ചുന്നു,
ണ്ടായാള്‍ മാര്‍ഗം തിരഞ്ഞുപോയ്
പത്തുകാശു മുടക്കീട്ടും
പടം കാട്ടണമെന്നയാള്‍-
തീരുമാനിച്ചുറച്ചപ്പോളക്കാര്യം
'ലൈവി'ലായ് സുഖം.

മുതുമുത്തശ്ശി കണ്‍ രണ്ടും
വിരിയിച്ചു പറഞ്ഞുപോയ്
''മിടുക്കനിവനിപ്പോഴേ
പഠിക്കേണം പുരാണവും''
ഒടുവില്‍ തര്‍ക്കവാഗ്വാദ
പ്പയറ്റില്‍ പ്രായമേറിയോള്‍
ജയിച്ചാള്‍ ചില 'കണ്ടീഷന്‍സ്'-
''സീരിയല്‍ ടൈമില്‍ വേല്പത്.''

വംശവര്‍ധനപോരല്‍പം
സംസ്‌കാരത്തിന്റെ സ്വത്തതും
കുഞ്ഞുകാലത്തു ചേര്‍ത്തീടില്‍
വന്നേക്കാം ഗുണമല്‍പ്പമായ്
എന്നു മോഹിച്ചു മുത്തശ്ശി
വൈകുന്നേരത്തെ വേളയില്‍
കുട്ടനേമടിയില്‍ ചേര്‍ത്തു
രാമന്റെ കഥ പാടിയാള്‍.
മിടുക്കന്‍ കഥ കേള്‍ക്കുമ്പോള്‍
ഉടക്കന്‍ ചോദ്യമങ്ങനെ-
മടക്കുന്നതുകേള്‍ക്കെപ്പോ
ന്നുറക്കെച്ചിരി പൊങ്ങവേ,
ഇതുതാന്‍ ശരിയാം പാത
യെന്നു ചിന്തിച്ചുറച്ചവന്‍
വയസ്‌സുനാലെത്തിയില്ലേ-
മനസ്‌സു പരുവപ്പെടും

ആദ്യചോദ്യം മുഖത്തേല്‍ക്കെ
മുത്തശ്ശിക്കു കരച്ചിലായ്
മറ്റുള്ളോര്‍ പലയുക്തിക്കൂ
ട്ടൊപ്പിച്ചവനു നല്‍കിപോല്‍.

കുട്ടന്‍ ചോദിച്ചു 'കഷ്ടം ഹാ!
രാമന്റച്ഛന്‍ മിടുക്കനാള്‍
നാലുവേളി കഴിച്ചില്ലേ,
നാലാണ്‍മക്കള്‍ കിടച്ചിതേ.
നാലാളുണ്ടേല്‍ സുഖം താത,
ന്നെനിക്കും സുഖമായിടും
ക്രിക്കറ്റുകളിയാകാ,മീ
വീട്ടില്‍ത്തന്നെയതേ സുഖം

കഥമുന്നോട്ടു പോയപ്പോള്‍
ശ്രീരാമന്‍ മിഥിലാപുരി-
സ്‌സദസില്‍ ചെന്നുവെന്നേവം
സീതാപാണിപിടിച്ചതിന്‍-
കാര്യമാദരവോടങ്ങു
മുത്തശ്ശിപറയുമ്പോഴേ-
കണ്‍മിഴിച്ചവനാരാഞ്ഞു:-
''സ്വയംവരവരപ്പണി-
ഇപ്പഴുണ്ടോ? രാമനന്ന്
തികഞ്ഞെത്ര വയസ്‌സതും,
എനിക്ക് വഴിയെന്തേലും
കിടയ്ക്കാന്‍ മാര്‍ഗമോതിടൂ.''

വല്യവായതുറന്നുള്ള
കുഞ്ഞിന്റെ പദചാതുരി-
പൊങ്ങി,യെങ്ങും പരക്കാതെ
പൊത്തിവായതു,മുത്തശി.

രാമന,ച്ഛന്റെ വാക്കിന്മേല്‍
പൊന്‍പൂശും കഥയെത്തവേ
കൈകേയിമനമങ്ങേറ്റു
ചീരധാരി ചിരിക്കവേ.

''രാമനെന്താഭ്രാന്തുപെട്ടോ?
അച്ഛന്റെയടിമപ്പണി-
ക്കെന്തിനായാള്‍ സ്വന്തജീവന്‍
കാട്ടില്‍ പൂട്ടിയിടുന്നു ഹാ!
ഭാവിരാജ്യഭരം നോക്കാന്‍
പ്രാപ്തനായുള്ള രാമനീ-
യച്ഛനെച്ചിത്തരോഗത്തി
ന്നാശുപത്രിക്കയക്കണം;
കൂടെ രണ്ടാനമ്മയേയും
പോലീസിനു കൊടുക്കണം;
വേണമെങ്കില്‍ കേസിനായി
വക്കീലിനെ വിളിക്കണം.
അല്ലാതെന്തൊരു ലോകം ഹേ-
രാമനാരുടെ മാതൃക
ആര്‍ക്കുവേണമിതാ,ണത്തം
പെണ്ണാക്കിയൊരു ജീവിതം.''

കൊച്ചുമോന്റെ വിരുത്തത്തിന്‍
ബുദ്ധികേട്ടങ്ങുചൂളവേ
മുത്തശ്ശിനീട്ടിയങ്ങോതീ -
''രാമ ശ്രീരാമ പാഹിമാം''

''വിചിത്രം ഹാ വിചിത്രം ദേ,
കേള്‍ക്കൂ കൂട്ടന്റെ വൈഭവം-
വിമര്‍ശനമനസുള്ളോന്‍
വിഖ്യാതനിവനായിടും
പഴമക്കാര്യമപ്പാടേ
വിഴുങ്ങാതിവനിപ്പൊഴേ
യുക്തിയാല്‍ ഭക്തിയേ വെല്‍വു
ഇവനേറ്റം പ്രശസ്തനാം''-
എന്നു ചൊല്ലിച്ചിരിച്ചാര്‍ത്തി
ട്ടാഘോഷിക്കുന്നിതച്ഛനും
കൂട്ടുകാരും; മകന്‍ ചെന്നു
തൊട്ടുനക്കി, രുചിച്ചുപോയ്;
''കയ്പ്പനാണിവന്നെന്നാലെന്ത
ച്ഛാ വീണ്ടും സ്വദിക്കുവാന്‍
ത്വരതോന്നുന്നിതെന്താവോ'';
കൂട്ടുകാര്‍ കയ്യടിച്ചിതേ-
''സുകൃതം സുകൃതം കേട്ടോ;
മിടുക്കനിവനായിടും
അച്ഛനേക്കാള്‍ മകന്‍ കേളും,
മാതൃകാപുത്രനായിടും''

യൗവന കാണ്ഡം


മുത്തശ്ശി പാവം വിട്ടില്ലാ
പ്രതീക്ഷയതിനാലവര്‍
പുരാണകഥ പുണ്യാഹം
പോലെ നീട്ടിത്തളിച്ചിതേ.
കഥയില്‍ രാവണന്‍ വന്നു
രാമപത്‌നിയെ വ്യാജമായ്
കളവേറെച്ചൊല്ലിയന്നു
തേരിലേറ്റിക്കടന്നതിന്‍-
വ്യഥയേറെ മനസേറ്റി
മുത്തശ്ശിച്ചേലുചൊല്ലവേ

കലികാലജനാം കുട്ടന്‍
ചൊന്നു- ''പീഡന''മല്ലയോ!
സീത രാമജപം ചെയ്തും
ലക്ഷ്മണക്ഷമയോതിയും
പടുരാക്ഷസചിത്തത്തെ
നേര്‍ക്കുനേരേയെതിര്‍ത്തതും
ഇടയില്‍ ഗൃധ്രവീരന്‍ വ
ന്നവനോടേറ്റുതോറ്റതും
മുതുമുത്തശ്ശി ചൊല്ലെ;
''ഛായ്!'' കുട്ടന്‍ കാട്ടുന്നിതക്ഷമ

പിന്നെയും സീതതന്‍ ദിവ്യ
ജീവിതം, രാമവൈഭവം
പലതായ് ചൊല്ലി മുത്തശ്ശി
ഭക്തിഭാവം പരത്തവേ
അവനസ്വസ്ഥ ചിത്തം പൂ
ണ്ടരിശംകൊണ്ടു ചൊല്ലിനാന്‍
''മതി, നിര്‍ത്തെ,ന്തുകാലം? ഛേ!
രാവണന്‍ മണ്ടനല്ലയോ?
തലപത്തുണ്ട് ബുദ്ധിക്കോ
തഴുതിട്ട കണക്കിലായ്
കരമൊട്ടേറെയുണ്ടെന്നാല്‍
കൈകള്‍ ആഭരണങ്ങളോ?
ഒരു പെണ്ണിനെ കയ്പ്പാങ്ങില്‍
കിട്ടിയിട്ടിവനെന്തുവാന്‍
കഴിവില്ലാത്തവന്‍ ഷണ്ഡന്‍,
കഥയോ കാര്യമോയിത്!''

കലിഭാവം കരംകാലും
കണ്ണും മൂക്കും നഖങ്ങളും-
ഉരുവംപൂണ്ടുനില്‍ക്കുന്ന
കണ്ടുമുത്തശ്ശി കയ്യുകള്‍-
ചെവിയില്‍ തിരുകിച്ചൊന്നാന്‍
കുട്ട, നിര്‍ത്തുക പാഴ്ശ്രുതി,
വെളുക്കാന്‍ ഞാന്‍ തേപ്പതെല്ലാം
പാണ്ടാക്കിക്കളയുന്നു നീ
കുട്ടനട്ടഹസിച്ചും കൊ
ണ്ടപ്പുറത്തേക്കു പോയുടന്‍
ടിവിവയ്ക്കുന്നു കാണുന്നൂ-
'രതിനിര്‍വേദ ട്രൈലറും.'
അപ്പെഴേക്കച്ഛനെത്തിപ്പോയ്
വീഡിയോ സിഡിയൊന്നതാ
'വിജയട്രോഫി' പോല്‍ കയ്യില്‍,
പത്മരാജന്റെ 'ഒര്‍ജിനല്‍'
'ഇതു വീണ്ടും കണ്ടുവേണം
താരതമ്യം നടത്തുവാന്‍'
മകന്‍ കെഞ്ചുന്നു, ''പൊന്നച്ഛാ
എന്നെയും കൂട്ടുകില്ലയോ.''

മുത്തശ്ശിക്കഥ ചെന്നെത്തീ
ബാലി-സുഗ്രീവ ലോകമ-
ങ്ങവിടെക്കയറിപ്പറ്റി രാമന്‍
ചെയ്‌തോരു സഖ്യവും
വിവരിക്കെ,ച്ചിരിച്ചപ്പോള്‍,
കുട്ടനുണ്ടായി, സംശയം
''പണ്ടും ക്വൊട്ടേഷസംഘങ്ങള്‍
ഉണ്ടായിട്ടുണ്ട് മുത്തശീ
അതല്ലേ രാമനും ഭ്രാതാ
ലക്ഷ്മണന്‍ താനുമേറ്റതും
സുഗ്രീവന്റെ സുഖത്തിനായ്
ബാലിയെ എയ്തുതീര്‍ത്തതും?
ഒളിഞ്ഞമ്പെയ്തു വീഴ്ത്താ
നിന്നാര്‍ക്കാണാര്‍ക്കാണസാധ്യത
നേര്‍ക്കുനേര്‍ നിന്നു പോരാടാ
രാമനോ പൂജ്യനല്ലമേ.
രാമനും 'കാരിയും' പിന്നെ
'തമ്മനം' 'മൃഗ'മാദിയും
തമ്മിലെന്താണു ഭേദം ഞാന്‍
രാവണന്റനുയായിയാം.
സോദരിക്കു മനംപോയീ
മുലയും മൂക്കുമൊപ്പമേ
അതു ചെയ്തവരാരെന്ന
ങ്ങറിഞ്ഞ നിമിഷത്തിലേ-
അതേ നാണയമൊന്നില്‍ത്താന്‍
തിരിച്ചടി കൊടുത്തവന്‍
ലക്ഷ്മണന്‍ കാത്തുപോരുമ്പോള്‍
സീതയെ കൈക്കലാക്കിയോന്‍
രാമ-രാവണ പക്ഷത്തില്‍
രാമനേക്കാള്‍ മികച്ചതായ്
രാവണന്‍ തന്നെ മുത്തശ്ശീ,
സംശയം ലേശമില്ലമേ.''

കൊച്ചുമോന്റെ മനസ്‌സൊന്നു
മാറാന്‍ മുത്തശ്ശിയപ്പൊഴേ
തൃപ്രയാറപ്പനും പിന്നെ
തിരുവില്വാമലയ്ക്കലും
പലനേര്‍ച്ചകള്‍ നേര്‍ന്നിട്ടും
മതിയാവാഞ്ഞു ഭക്തിയാല്‍
രാമായണം തുറന്ന,പ്പോള്‍
ഇടനോക്കിത്തിരഞ്ഞുപോയ്.

കിട്ടിസുന്ദരകാണ്ഡം താന്‍
അശോകവനിതന്നിലായ്
രാവണന്‍ സകലാഭൂഷന്‍
സീതതന്‍ മുന്നിലങ്ങനെ
കാമമെല്ലാമുണര്‍ത്തിച്ചാ
ശ്രീരാമന്റെ വിമര്‍ശനം
നടത്തുമ്പോള്‍ മുത്തശിക്കും
മനസ്‌സതു ചലിച്ചുപോയ്
ഋത,മെന്തൊരു മാന്യന്‍താ
നിവനോ ദുഷ്ടരാക്ഷന്‍
ചെറുമോന്റെ മനം വെല്‍വാ
നിവനാം-നവനായകന്‍.
എങ്കിലും രാക്ഷസന്‍, ഹീനന്‍,
ധര്‍മ്മം കൈവിട്ട ജീവിതന്‍
ദീര്‍ഘനിശ്വാസമൊട്ടൊന്നു
വിട്ടു മുത്തശ്ശി പായയില്‍
ദീര്‍ഘവീക്ഷണമോടപ്പോള്‍
ഉറങ്ങാനായ്കിടന്നുപോയ്.

ചെറുമോനന്നു ''സ്‌കൂള്‍വിട്ടു''
നേരേ വന്നങ്ങു മുത്തശി-
ക്കിടക്കിയിലിരുന്നിട്ടു
ചൊല്ലീ സ്‌കൂളിന്‍ വിശേഷവും
''അമ്മൂമ്മക്കൊപ്പമാളില്ലി
ല്ലിന്നു ക്ലാസിലെ മാസ്റ്ററും
രാവണന്റെ മഹത്വം താന്‍
വിസ്തരിച്ചത്-വിസ്മയം
രാവണന്‍ ദ്രാവിഡന്‍, രാമ
നാര്യന്‍ മേലാളരന്നുമേ
കീഴടക്കിയ വൃത്താന്തം
രാമായണമതാണുപോല്‍''
ഒന്നും മനസിലാകാത
ങ്ങമ്മൂമ്മക്കണ്‍ മിഴിക്കവേ
മകനെട്ടാം ക്ലാസുകാരന്‍ -
മിടുക്കില്‍ താതവിസ്മയം!


അന്നുവൈകിട്ടേറെഖിന്നം
പൂണ്ടു മുത്തശ്ശി ഗദ്ഗദം-
പുറത്താവാതെ, ചൊന്നേറെ
രാമനാമകഥാമൃതം
ദശാനനവധം, പിന്നെ
വിഭീഷണനെ വാഴ്ചതും
ലങ്കവിട്ടു മടക്കത്തില്‍
പുഷ്പകം വഴിപോന്നതും
അയോധ്യയിലെ രാജാവായ്
അഭിഷേകം കഴിച്ചതും
അതിമാനുഷമാംവണ്ണം
രാജ്യം നന്നായ് ഭരിച്ചതും
അവിടെത്തീര്‍ക്കുവാന്‍ വൃത്തം
ഭക്തമുത്തശ്ശിനോക്കവേ
ചെറുമോന്‍ സംശയം ചൊന്നൂ-
''അഗ്നിശുദ്ധിമറന്നുവോ?
രാമനന്നതുചെയ്തില്ലേ,
സംശയം മൂത്ത ദുര്‍മനം
പൂര്‍ണഗര്‍ഭിണിയാ സീതാ
ദേവിയെ കാട്ടിലങ്ങനെ-
കൈവിട്ടു കളയാന്‍ മാത്രം
വിശ്വാസം തന്നിലില്ലയെ-
ന്നന്നുരാമന്‍, കെടുത്തീലേ
മാതൃകാദീപമാകവേ?
നാട്ടുകാര്‍ ചൊന്ന കേട്ടന്നാള്‍
പാതിവ്രത്യത്തിലാണയാള്‍-
സംശയം ചേര്‍ത്തതെന്തയ്യോ!
സ്ത്രീപീഡനമഹാമഹം!!
കായശക്തിപ്രകടനം
കാട്ടി വേട്ടവളേയവന്‍-
കാട്ടില്‍ കൂട്ടിരിയാതന്നു
രാക്ഷസന്നുകൊടുത്തവന്‍
പിന്നെ വീണ്ടേല്‍ക്കുവാന്‍ ചെന്നൂ
കൊണ്ടുപോന്നു പുലര്‍ത്തിയാന്‍
അവള്‍ ഗര്‍ഭിണിയാണെന്ന
തറിഞ്ഞും കാട്ടിലാക്കിനാന്‍
ഇതു പീഡനമല്ലെങ്കില്‍
പിന്നെയെന്താണ് ചൊല്ലുമോ?
ഇവയിന്നു നടന്നെന്നാല്‍
രാജാവല്ലവനാരുവാന്‍-
തന്നെയാണെങ്കിലും തീരും
കഥ നിസ്‌സംശയം ദൃഢം.
അതിനാല്‍ രാമനെ ഞാനി
ന്നണുവും പിന്തുണച്ചിടാ.
അതു മാത്രമതല്ലല്ലോ
മുത്തശ്ശീ കേള്‍ക്കപിന്നെയും-
മുനിവാത്മീകി വന്നെത്തി
ക്കൂട്ടിച്ചേര്‍ത്തൊരു ബന്ധവും
തവ രാമന്‍ തകര്‍ത്തില്ലേ
അഗ്നിശുദ്ധിക്കനല്‍ക്കരെ
അതിനെന്താണുപായം ഞാന്‍
'ഐപിസി' വച്ചു ചൊന്നിടാം
അവള്‍തന്നാത്മഹത്യയ്ക്കു
പ്രേരണക്കാരനായൊരാ-
രാമനെയഴികള്‍ക്കുള്ളി
ലാക്കാനാരാരുമില്ലയോ?
ഇതുതാന്‍ രാമവൃത്താന്തം,
മാതൃകാ പുരുഷോത്തമന്‍-
ചെയ്തതെല്ലാം, ഞാനതിപ്പോള്‍
അച്ചടിച്ചു പരത്തിടാം
അതിന്നാരും മുതിര്‍ന്നേക്കി
ല്ലാര്‍ക്കും ധൈര്യം കിടച്ചിടാ
അതിമാനുഷരെ കൃത്യം
കൃത്യമായ് വിമറ്ശിക്കുവാന്‍.
അതിനിപ്പോള്‍ ബദല്‍ വന്നാ
നിന്റര്‍നെറ്റിന്റെ വൈഭവം
അതിലാണേലാര്‍ക്കു വേണേല്‍
ചേര്‍ക്കാം, നോക്കാം വിലക്കിടാ.''

അതിസാഹസനാം പുത്രന്‍
ആത്മരോഷം മുഴക്കിയും
ആത്യന്തികമിതാണല്ലോ
സത്യമെന്നു കയര്‍ക്കയും-
ചെയ്തു തന്‍ ലക്ഷ്യധര്‍മ്മങ്ങള്‍
ഉറക്കെപ്രവചിക്കുകയും
പല രൂപത്തിലുച്ചത്തില്‍
മുദ്രാവാക്യം മുഴക്കയും
ചെയ്തുനില്‍ക്കവെ മുത്തശ്ശി
ക്കണ്ണിലുപ്പു വിളഞ്ഞുപോയ്
മകന്റെ കലിഭാവത്തി
ലച്ഛന്‍ മൂക്കു വിയര്‍ത്തുപോയ്,
അമ്മ നെഞ്ചത്ത് കൈവെച്ചി
ട്ടാകാശത്തേക്കുനോക്കിയി-
''ട്ടയ്യോ, ശ്രീരാമ! ഹേ രാമ!!
രക്ഷ നീമാത്രമല്ലയോ''
എന്നു കണ്ണീരൊഴുക്കിക്കൊ
ണ്ടലറിക്കരയുന്നതും
കണ്ടു പുച്ഛം പുരട്ടിത്തന്‍
കിറികോട്ടിചിരിച്ചുകൊ-
ണ്ടുത്തമന്‍ മകനന്ന
ങ്ങധമപ്പാഴ്ക്കുഴിക്കകം
നിപതിച്ചാന്‍-തകര്‍ന്നേപോ
മൊറ്റരാത്രിക്കു ലോകവും.

മുത്തശ്ശി രാമായണം


മുതുമുത്തശ്ശിയത്താഴം
കഴിച്ചില്ല, കിടക്കയില്‍
തലയും തകരും ഹൃത്തും
ചേര്‍ത്തു വീണൊട്ടു നേരമേ
പിന്നെയപ്പാതിരാവിങ്ക
ലുണര്‍ന്നോലയുമാണിയും
എടുത്തു ചെറുമോനായി
ക്കുറിച്ചൂ ചിന്തയിങ്ങനെ:
അതുകാലാതിവര്‍ത്തിത്വം
പൂണ്ടൊരക്ഷരമാലയായ്.

''രാമനെന്‍ മാതൃകാ പുണ്യ
പുരുഷന്‍, സീതദേവിയാള്‍,
അവര്‍തന്‍ കഥയോ; സത്യം
കഥിക്കും ലോകജീവിതം.
രാവണന്‍, രാമനും പിന്നെ
സീത, ലക്ഷ്മണനൊക്കെയും
ഹനുമാന്‍, ബാലി, സുഗ്രീവന്‍,
കൈകേയീ, മന്ഥരത്വവും
മനുഷ്യ മനസില്‍ത്തന്നെ
രൂപം പൂണുന്ന ഭാവന
അവ ജീവിതമാക്കുമ്പോള്‍
അവരായ് നമ്മള്‍ മാറിടും.''

''രാമനായ് മാറുവാനേറെ
ധര്‍മ്മമാര്‍ഗ്ഗം ചരിക്കണം,
പുത്രധര്‍മ്മം പുലര്‍ത്തീടും
മകനാണവനെന്നുമേ
ഭര്‍തൃമാര്‍ഗ്ഗം ചരിക്കുന്നൊ
രേകപത്‌നീ വ്രതസ്ഥിതന്‍
സോദരത്വം തുളുമ്പുന്ന
ഭ്രാതൃഭാവം നിറഞ്ഞവന്‍
പ്രജാരക്ഷാര്‍ത്ഥമായ് സ്വന്തം
രാജ്യഭാരം ചുമന്നവന്‍
തെല്ലുമേ സംശയം തന്നി
ലാര്‍ക്കും തോന്നാതിരിക്കുവാന്‍-
രൂപം ഭാവം കര്‍മ്മമെല്ലാം
നമ്മളെപ്പോലെ കാട്ടിയോന്‍
എങ്കിലും വിഷമം കുഞ്ഞേ,
നമ്മള്‍ക്കാ രാമനായിടാന്‍
പകരം നമ്മള്‍ കാണുന്നൂ
ദുര്‍വ്യാഖ്യാനക്കറുപ്പുകള്‍.''

''രാവണന്‍ രൂപഗംഭീരന്‍,
പത്തെണ്ണം തലയുള്ളവന്‍
കരമുണ്ടങ്ങിരുപതും
കര്‍മ്മ വൈഭവവും തദാ.
കൈലാസഗിരിയെപ്പോലും
അമ്മാനക്കളിയാട്ടമായ്-
ത്തട്ടിയാണവനാവശ്യം
നേടി-ദേവന്നനുഗ്രഹം.
എങ്കിലെന്തവനൊന്നൊന്നായ്
ചെയ്തുകൂട്ടിയതൊക്കെയും
അധര്‍മ്മംതന്നെ-ചേട്ടന്റെ
രാജ്യം തട്ടിയെടുത്തയാള്‍,
പിന്നെ ധന്യകുബേരന്‍തന്‍
സ്വത്തുസര്‍വസ്വവും ദ്രുതം
കൈക്കലാക്കിബ്ഭരിച്ചപ്പോള്‍
ലക്ഷ്മിയെക്കാവല്‍ നിര്‍ത്തിയോന്‍
പരസ്ത്രീ ചോരണം,ജാല,
മാള്‍മാറാട്ടമതൊക്കെയും
പരക്കെച്ചെയ്തധര്‍മ്മങ്ങള്‍,
പത്തുബുദ്ധികളൊത്തവന്‍.
അവന്റെവഴി പോയീടാ
നെളുപ്പം, സാഹസഭ്രമം-
പിടിച്ച നവനൂറ്റാണ്ടിന്‍
കലികാലത്വ വിഭ്രമം.''

''കൊതിയോടിന്നു ഞാനിപ്പോ
ളുറങ്ങാതെയിരിപ്പതാ-
ക്കുതിരയ്ക്കു വിലക്കേറ്റും
കുശനും ലവനും വരാന്‍.
അവരെത്തീ,ട്ടധര്‍മ്മത്തില്‍
മേധമിന്നു നടത്തുവാന്‍-
തുനിയും നവലോകത്തിന്‍
യാഗാശ്വത്തെ തളച്ചിടും.
അതിലാണെന്റെ വിശ്വാസം
അതു സാര്‍ത്ഥകമായിടും
അതിലെന്‍ കുട്ടനും ചേരാ
നെന്റെ വില്‍പ്പത്രമിങ്ങിതാ.
അതിനായ് രാമനാമങ്ങ
ളാവര്‍ത്തിച്ചു ജപിച്ചിടാ
മതിനേ സാധ്യമാവുള്ളൂ
പഴഞ്ചന്‍ മുത്തശിക്കഹോ!!!''
-----------------------------------------------------------------------------------------

കാവാലം ശശികുമാര്‍ 

മൊ.ഫോ. 9446539279.


വര: ജയഹരി കാവാലം