Saturday, October 30, 2010

എന്നത്തേയും ചിന്താവിഷയം - 4




പൂജിക്കപ്പെടേണ്ടതുതന്നെ, എങ്കിലും

കേരളം അറിയപ്പെടുന്നത് മറ്റു പലതിന്റെ പേരിനേക്കാളും അക്ഷരം കൊണ്ടാണ്. സാക്ഷരതയെക്കുറിച്ചുള്ള ഏതു പ്രസംഗത്തിലും കേരളത്തിന്റെ പേരുവരും. മലയാളിയെന്നോ കേരളീയനെന്നോ മറ്റ് ഏതു സംസ്ഥാനത്താകട്ടെ രാജ്യത്താകട്ടെ പരിചയപ്പെടുത്തിയാലും കേരളത്തിന്റെ സാക്ഷരതയ്ക്ക് ഒരു അഭിനന്ദനം കിട്ടാതിരിക്കില്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന പദവി ലോകത്ത് ആര്‍ക്കും വേറെ ഉണ്ടാവില്ല! അക്ഷരതിന്റെ പേരിലുള്ള ഈ അനുഗ്രഹം കേരളത്തിന്റെ പൈതൃക സ്വത്താണെന്നുവേണം പറയാന്‍. അക്ഷരം, എഴുത്ത്, പുസ്തകം, വായന, സാക്ഷരത... പുസ്തകത്തിന് മനുഷ്യന്റെ ജീവിതത്തിലുള്ള പ്രാധാന്യം ഏറെയാണ് എന്ന് ഒരു പ്രസ്താവനയുടെ ആവശ്യംതന്നെയില്ല. പുത്തന്‍ അകത്തുള്ള പുസ്തകങ്ങള്‍ വഴിയാണ് മനുഷ്യന് ആവശ്യമായ അറിവുകളില്‍ 60 ശതമാനം ലഭിക്കുന്നത്. പുസ്തകം വായിക്കാത്തവര്‍ക്കും കേട്ടറിവുകള്‍ കിട്ടുന്നതിന്റെ യഥാര്‍ത്ഥ സ്രോതസ് അന്വേഷിച്ചുചെന്നാല്‍ പുസ്തകത്തിലെത്തും. അറിവ് മുതല്‍ ആത്മശാന്തിവരെ പുസ്തകത്തിന്റെ സമ്മാനമാണ്. ആത്മീയതയും ഭൌതികതയും ആധിഭൌതികതയുംപോലും പുസ്തകത്തിന്റെ കരുത്തും പിന്തുണയുമില്ലായിരുന്നെങ്കില്‍ നിലനില്‍ക്കില്ലയെന്നുറപ്പ്. വിശ്വാസിയുടെ മതത്തിനും അവിശ്വാസിയുടെ മതവിയോജിപ്പിനും പുസ്തകവും അനിവാര്യമാണല്ലോ. വിവിധ മതങ്ങളുടെ ആധാരമായോ ആധികാരിക അടിത്തറയായോ ആരാധിക്കപ്പെടുന്നത് പുസ്തകത്തെയാണ്. ഗുരുഗ്രന്ഥസാഹിബായാലും വിശുദ്ധഖുറാനായാലും വിശുദ്ധബൈബിളായാലും ശ്രീമഹാരാമായണമായാലും ഭഗവത്ഗീതയായാലും ആരാധനയുടെ അടിസ്ഥാനം പുസ്തകരൂപത്തെ ആകുന്നു. ഈ തലത്തില്‍ പുസ്തകത്തോടുള്ള ആരാധനയ്ക്ക് കാലപ്പഴക്കമേറെയുണ്ട്. അതു കൊച്ചുകേരളത്തിന്റെ സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. എന്നിട്ടും കേരളത്തിന് മാത്രം എന്തുകൊണ്ട് പുസ്തകത്തില്‍, അക്ഷരത്തില്‍ ഇത്ര പ്രാമുഖ്യം വന്നു. നോക്കാം, ഇന്ത്യയിലെമ്പാടും വമ്പിച്ച ആഘോഷമാണ് ദസറ. ഓരോ സംസ്ഥാനത്തും, കമ്യൂണിസ്റ്റ് ഭൌതികവാദ വിശ്വാസത്തിന്റെ കേന്ദ്രമായ പശ്ചിമബംഗാളില്‍വരെ, ദസറ ആഘോഷങ്ങള്‍ അതിശക്തം. അവിടങ്ങളിലെല്ലാം ആയുധപൂജക്ക് പ്രാധാന്യമുള്ളപ്പോള്‍ കേരളത്തില്‍ അതിന് അക്ഷരപൂജയിലാണ് പ്രാമുഖ്യം. കുട്ടികള്‍ ആദ്യാക്ഷരം കുറിക്കല്‍ ഷോഡസംസ്ക്കാര കര്‍മത്തിന്റെ ആചാരാനുഷ്ഠാനതലത്തില്‍നിന്ന് ഉയര്‍ന്ന് ഇപ്പോള്‍ ജനകീയോത്സവമായി മാറിയിരിക്കുന്നു. മതവും ജാതിയും ഒന്നും അതിരിടാതെ ആ അനുഷ്ഠാനം വളര്‍ന്നിരിക്കുന്നു. അക്ഷരത്തിന്റെ ജീവിതതിലെ പ്രാധാന്യം ആധുനികകാലത്ത് ഏറെ തിരിച്ചറിയപ്പെടുന്നുവെന്നാണോ. ഇനി മറ്റൊന്നു നോക്കാം; പുസ്തകത്തിന്റെ പേരില്‍, വിശുദ്ധ പുസ്തകങ്ങളുടെ പേരില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നു. മതഗ്രന്ഥങ്ങളെ അവഹേളിച്ചതിന്റെ പേരിലോ വേണ്ടത്ര പരിഗണിക്കാത്തതിന്റെ പേരിലോ ഒക്കെയായി. രക്തച്ചൊരിച്ചിലുകള്‍വരെ ഉണ്ടായിരിക്കുന്നു. അക്ഷരം അല്ലെങ്കില്‍ പുസ്തകം മതചിന്തയയുടെ പേരിലാണെങ്കിലും നമ്മുടെ രക്തത്തിനുതുല്യമാണെന്ന് നാം തിരിച്ചറിയുന്നു, മറ്റുള്ളവരെ അറിയിക്കുന്നു. പക്ഷേ ജീവന്റെ ആധാരമായ രക്തത്തെപ്പോലെ നാം മതത്തിന്റെ പരിവേഷമില്ലാത്ത പുസ്തകങ്ങളെ സ്നേഹിക്കുകയോ ആദരിക്കുകയോ ചെയ്യുന്നുണ്ടോ. ഇല്ല എന്നുതന്നെയാവും ആരുടെയും ഉത്തരം. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയുക ആര്‍ക്കും വിഷമകരമാണുതാനും. കേരളത്തിന്റെ പൈതൃകസ്വത്തായ അക്ഷരത്തെ പുസ്തകങ്ങളിലൂടെ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ ഉപഭോഗസംസ്ക്കാരത്തിന്റെ വിഴുപ്പുകെട്ടിലെങ്ങും പോലും ഒരു പുസ്തകം വെറുതേപോലും നാം എടുത്തുവയ്ക്കുന്നില്ല എന്നാണ് സത്യം. അടുത്തിടെ നിര്‍ത്തിപ്പോയ ഒരു പുസ്തകപ്രകാശനശാല അവരുടെ സംഭരണം വിറ്റഴിക്കാന്‍ ......... പുസ്തകത്തിന് തൂക്കത്തിന് വിലനിശ്ചയിക്കുകയായിരുന്നു. മര(മരിക്കുന്ന)ക്കച്ചവടത്തിനടുത്തു നടന്ന അക്ഷരത്തിന്റെ (നാശമില്ലാത്തത്) തൂക്കിവില്‍പ്പന ഏറെ ദാര്‍ശനികമായിത്തോന്നി. പക്ഷേ മരം കാണാന്‍ ആഡംബരക്കാറില്‍വന്ന് വിലപേശിയവര്‍ ആരും സ്വീകരണമുറിയിലെ ഷോവാളില്‍ വയ്ക്കാനെങ്കിലും അക്ഷരം വിലകുറച്ച് വിറ്റിട്ടും വാങ്ങാന്‍ ചെന്നില്ല! പുസ്തകം പൂജിക്കുന്ന മതവിശ്വാസത്തിലെ ആധുനിക മാതൃകയാക്കിക്കൊണ്ട്..... അടുത്തുള്ള ക്ഷേത്രത്തിലാണ്. അവിടെ വിശ്വാസികള്‍ക്ക് പ്രസാദമായി കൊടുക്കുന്നത് പുസ്തകമാണ്. വളരെ വിലകുറച്ച്, ചെറിയ ചെറിയ പുസ്തകങ്ങള്‍. ഒറ്റവായനയില്‍ തീരുന്ന ആ ചെറുപുസ്തകങ്ങള്‍ക്ക് ജീവിതത്തിന്റെ കാഴ്ചപ്പാടുമാറ്റാന്‍ പോന്ന ആശയക്കരുത്തുണ്ട്. അത് പല മതകേന്ദ്രങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. മതത്തിന്റെ സങ്കുചിതത്വത്തിനുപരി ചിന്തിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാര്‍ക്ക് ഇങ്ങനെയൊരു മാതൃക സൃഷ്ടിക്കാം. പ്രതിമാസം നടത്തുന്ന വീട്ടുസാധാനം വാങ്ങലില്‍ ഒരു പുസ്തകം കൂടി ഉള്‍പ്പെടുത്തുക. (ഒരു കിലോ ചിക്കന്‍ വാങ്ങുന്നതിന്റെ പണം കൊണ്ട് ഒരു പുസ്തകം വാങ്ങാം. ഒരു സിനിമാ ടിക്കറ്റ്, കുടുംബം ഒത്തുള്ള ഒരു ഔട്ടിംഗിലെ ചെലവ് ചുരുക്കുക, പച്ചക്കറിക്ക് വില കൂടുന്ന കാലത്ത് മുരിങ്ങക്ക ഇടാത്ത സാമ്പാര്‍ കഴിക്കാന്‍ നിശ്ചയിക്കുക...) ഒരു കുഞ്ഞിന്റെ പിറന്നാളിനുപോകുമ്പോള്‍ ഒരു പുതിയ വീടുകേറി ത്താമസത്തിനുപോകുമ്പോള്‍ സമ്മാനം സ്വീകരിക്കുന്നവരെ ക്ളോക്കുകച്ചവടക്കാരാകാന്‍ നിര്‍ബന്ധിക്കുന്നതിനുപകരം പുസ്തകവായനക്കാരാക്കുക; ഒരു പുസ്തകം സമ്മാനിക്കുക. നമ്മുടെ അക്ഷരപൈതൃകം സംരക്ഷിക്കപ്പെടാന്‍ നല്ലൊരു മാര്‍ഗമാണത്.

ജനിച്ചിടത്തേക്ക് തിരിച്ച്




(കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വില്‍ പത്രത്തില്‍ എഴുതിവെച്ചൂ, തന്റെഭൌതിക ദേഹം ജന്മനാടായ കാവാലത്തെ തന്റെ പേരിലുള്ള മണ്ണില്‍അടക്കണമെന്ന്. അതു സംഭവിച്ചു. അപ്പോള്‍ പലരും അന്തിച്ചു-ഇതാണോകവിയുടെ നാട് എന്ന്. പക്ഷേ കവിയുടെ ന്മദിനവും (സെപ്റ്റംബര്‍ 12) നാലാം ചരമവാര്‍ഷിക ദിനവും (ആഗസ്റ്റ് 23) കടന്നുപോയി. ന്മ നാട്ടില്‍ ആരും അനുസ്മരിക്കാതെ !!!!)


അടക്കണം എന്നെ ജനിച്ച നാട്ടിലെ-
ക്കിടക്കയില്‍; മണ്ണിന്‍ മടിത്തടം-
നന്നായ് മിനുക്കണം, തൃണം-
വളര്‍ത്തണം, എനിക്കവയറ്റയില്‍
പുനര്‍ ജനിക്കണം
(കാടെവിടെ മക്കളേ എന്നു ഞാന്‍ പാടിയൊരു
കവിതകേട്ടാടണം കുഞ്ഞു ചെടിയൊക്കെയും)

ചിരിച്ച നാളില്‍ ഞാന്‍ വിളിച്ചുചൊല്ലീലാ,
ജനിച്ച ദേശപ്പേര്‍ എഴുതിച്ചേര്‍ത്തീലാ,
കുറിച്ചതൊക്കെയും പിറന്നനാടിന്റെ-
മികച്ചൊരക്ഷരപ്പുകള്‍ പുളകങ്ങള്‍.
'കുടുംബവൃത്താന്തം 'പുരാണമാക്കിഞാന്‍-
പടച്ചുവെച്ചതും പ്രിയനാട്ടിന്‍ പൊരുള്‍.
'കവിതക്കാര്‍ട്ടൂണില്‍ വരച്ചു ചേര്‍ത്തതും
കറകള,ഞ്ഞതിന്‍ നനുത്ത വൃത്താന്തം.
കരച്ചില്‍ കേള്‍പ്പിച്ചു കടന്നുപോയപ്പോള്‍
പരസ്പരം നോക്കീ-കവിയ്ക്കിതോ ദേശം?
(തങ്കച്ചന്‍ മരിച്ചപ്പോള്‍ പേടിയെ പേടിച്ചു)

പഠിച്ചിതേറെനാള്‍, പഠിപ്പിച്ചൂ കുറേ
കിടച്ചതൊന്നുമേ തികഞ്ഞതുമില്ല
കൊടുത്തു പിന്നെയും ശഠിച്ചു മേടിച്ചും
പഠിച്ചു ചൊന്നപ്പോള്‍ 'കുരുക്ഷേത്രക്കളം.
തിരിച്ചറിഞ്ഞതും, വരഞ്ഞുവെച്ചതും,
പഠിത്തമേറിയോര്‍ പിടിച്ചുവെച്ചതും,
വെളിച്ചം കണ്ടപ്പോള്‍ ചതിച്ചുകൊന്നതും,
വിജയം കൊണ്ടപ്പോള്‍ വിമര്‍ശം തീര്‍ന്നതും
'കുഠാകുവേപ്പോലെ മരക്കൂടുണ്ടാക്കി-
പ്പലര്‍ക്കുമാവാസ സുഖം പകര്‍ന്നതും
മരിക്കും മുമ്പേതാന്‍ 'മരണദേവനെ
മനസ്സറിഞ്ഞങ്ങു വിശിഷ്യാ 'പൂജിച്ചും
(ധരയുടെ ആഴത്തില്‍നിന്നുയരുന്നൂ
പ്രണവമായ് മൃത്യു മൃത്യു ജയ മൃത്യു മൃത്യു)
കവിത്വവൈഭവം സ്വയം ഹസിക്കാനായ്
കറുത്ത ചിത്രങ്ങള്‍ വരച്ച വാക്കതും
'പകലും രാത്രിയും മെടഞ്ഞ ജീവിത-
പ്പിണറില്‍ ചിന്നിയ വെളിച്ചം കാണിച്ചൂ;
മഹാശ്ചര്യം! കുത്തി നിറുത്തും സ്തംഭങ്ങള്‍
മുനിഞ്ഞു കത്തുന്ന വിളക്കു മാടങ്ങള്‍!!
(ഇനിയുള്ളകാലങ്ങളിതിലേ കടക്കുമ്പൊ-
ഴിതുകൂടിയൊന്നോര്‍ത്തുപോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മണ്ണിലുറയാത്ത മല,
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ)

അവിടെ വിശ്രമം, കൊളുത്തുവാനന്തി
ത്തിരി, നടത്തുവാന്‍ പ്രതിവര്‍ഷ സ്മൃതി-
ച്ചടങ്ങുപോ,ലതിന്നിവിടിന്നാളില്ല
കവി പറഞ്ഞതും കണിശമായിട്ടേ-
കവിത 'ഹൂഗ്ലിയില്‍ ഒഴുകിയിങ്ങനെ-
കവികളും കാഥികരും ഗ്രാമത്തിലെ വേരുകള്‍
സംരക്ഷിക്കാന്‍ പോയിരിക്കുന്നു
ഗ്രാമീണരോ, നഗരങ്ങളില്‍ അഭയം തേടി
എത്തിയിരിക്കുന്നു…’’

Wednesday, October 6, 2010

എന്നത്തെയും ചിന്താ വിഷയം -3


എഴുത്ത് കൂടുന്നു, വായന കുറയുന്നു

എഴുത്തും വായനയും അറിയാവുന്നവര്‍ എന്നാണ് പ്രയോഗിക്കുക. എഴുത്തോ വായനയോ ആദ്യമുണ്ടായതെന്ന കാര്യത്തില്‍ അത്ര വലിയ തര്‍ക്കത്തിനും ന്യായമില്ലെന്നു തോന്നുന്നു. ആദ്യാക്ഷരം കുറിക്കുമ്പോള്‍ ഹരിഃശ്രീഗണപതയേനമഃ എന്ന് എഴുതിച്ച് അത് വായിപ്പിക്കലാണല്ലോ രീതി. ആദ്യാക്ഷരം കുറിക്കല്‍ ആരാധനാപൂര്‍ണമായ ഒരു സംസ്ക്കാരകര്‍മത്തില്‍നിന്ന് ആഘോഷപൂര്‍ണമായ സാംസ്ക്കാരികമേളയായപ്പോള്‍ 'ഹരിഃശ്രീ....'യുടെ അര്‍ത്ഥവ്യാപ്തി ഇല്ലാതായി. വിസര്‍ഗമില്ലാത്ത 'ഹരി'ക്ക് അര്‍ത്ഥം വേറെയാണല്ലോ. ഗുരുക്കന്മാരെ നിശ്ചിയിക്കുന്നത് അവരുടെ സെലിബ്രിറ്റി നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുന്ന കാലമാണല്ലോ ഇത്. കേരളത്തില്‍നിന്ന് മൂകാംബിക വരെ കൊച്ചുകുട്ടിയേയും കൊണ്ട് യാത്രചെയ്തിട്ട് അവിടെ ടെലിവിഷന്‍കാര്‍ ഷൂട്ട് ചെയ്യാനുള്ള സാധ്യതനോക്കി കുഞ്ഞിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ക്യൂ തെരഞ്ഞെടുക്കുന്ന അച്ഛനമ്മമാരുടെ വിഭ്രമകാലമാണല്ലോ ഇത്. പറഞ്ഞുവരുന്നത് എഴുത്തും വായനയേയും കുറിച്ചാണ്. വായന കുറയുന്നുവെന്ന ആശങ്കയ്ക്ക് ഒരു കുറവുമില്ല. കവിതയുടെ കൂമ്പടഞ്ഞുവെന്നും കവിത മരിച്ചുവെന്നും ആശങ്കകള്‍ മുഴുത്തുവന്നതുപോലെ വായന മരിച്ചുവെന്ന് നമ്മള്‍ മുറവിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പുസ്തകവായനയ്ക്ക് കുറവുണ്ടായി എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ വായന കുറയുന്നതിന് അനുപാതികമായി എഴുത്തു കുറയുന്നില്ല. എഴുതിയതിനുശേഷമാണ് വായിക്കുന്നതെന്ന് സമ്മതിച്ചുകൊണ്ടുതന്നെ പറയുന്നു, വായിക്കാനാളില്ലെങ്കില്‍ എഴുത്തിനു പ്രസക്തിയുണ്ടോ എന്ന സംശയതിനു പ്രസക്തിയുണ്ട്. എന്നാല്‍ വായിക്കപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ശരി എഴുത്ത് ഇവിടെ സജീവമാണ്. പക്ഷേ എഴുതുന്നതെല്ലാം പുസ്തകമാകുന്നില്ലെന്നത് മറ്റൊരു വാസ്തവമാണ്. എഴുത്തിന്റെ ലോകം സജീവമാണ്. എന്നല്ല എഴുത്തുകാര്‍ ഇത്രമാത്രം സജീവമായിട്ടുള്ള ഒരുകാലം ഇല്ല എന്നുതന്നെ പറയാം. എഴുത്തുകാര്‍ എന്നു പ്രയോഗിക്കുമ്പോള്‍ ആ സങ്കല്‍പ്പവും നിര്‍വചനവും മാറിയിരിക്കുന്നുവെന്നും പറയണം. ദന്തഗോപുരവാസികളായ, സാധാരണക്കാരുടെ ലോകത്തില്‍നിന്നു വ്യത്യസ്തമായ വ്യക്തിത്വവുമായി ജീവിച്ചുപോരുന്നവരോ തോളക്ക് സഞ്ചിയും തൂക്കി തടിവളര്‍ത്തി അലഞ്ഞുതിരിഞ്ഞിരുന്നവരോ അല്ല ഇന്നത്തെ എഴുത്തുകാര്‍. അവര്‍ സാഹിത്യകാരന്മാര്‍ മാത്രം പോലുമല്ല. പരസ്യലോകത്ത് പ്രത്യക്ഷപ്പെടുകയോ പൊതുവേദികളില്‍ പ്രസംഗിച്ച് ജനങ്ങളെ പ്രബുദ്ധരാക്കുന്നവരോ അല്ല. അവരുടെ ലോകത്തുനിന്നു വ്യത്യസ്തമായ ഒരു എഴുത്തിന്റെ സാമ്രാജ്യം രൂപപ്പെട്ടിരിക്കുന്നു. അവിടെ സാമ്രാട്ടുകള്‍ ഏറെയുണ്ട്. കുറച്ചുകൂടി കടത്തിപ്പറഞ്ഞാല്‍ കേരളത്തില്‍ വായന കുറഞ്ഞുപോയി എന്ന് മുറവിളി ഉയര്‍ന്നുതുടങ്ങിയ കാലത്തെ തലമുറയാണ് ഈ എഴുത്തുകാര്‍ എന്നതും ഒരു വിശേഷകാര്യമാണ്. അതായത് ഇപ്പോഴത്തെ തലമുറ വായനയില്‍നിന്നും എഴുത്തില്‍നിന്നും അകന്നുപോയിരിക്കുന്നു, ഇവര്‍ ഭാഷയെ മറക്കുന്നു, സ്വന്തം മറവിയെ വിസ്മരിക്കുന്നുവെന്ന് അന്നത്തെ മുതിര്‍ന്ന തലമുറ കുറ്റപ്പെടുത്തിയവരാണ് ഇന്നത്തെ എഴുത്തുകാര്‍. ഇവര്‍ പ്രതിദിനം, നടത്തുന്ന രചനകള്‍ക്ക് ഒരുപക്ഷേ ഇക്കാലത്ത് പ്രതിമാസം പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ ഉള്ളടക്കത്തിനേക്കാള്‍ അളവുകൂടുതലുണ്ടാകും. വായനയെയും എഴുത്തിനെയും ഞെക്കിക്കൊല്ലുന്നതാണ് പുതിയ സാങ്കേതികയുഗം എന്ന് അന്ന് കുറ്റപ്പെടുത്തിയവര്‍ക്ക് ഇന്ന് ആ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് സമ്മതിക്കേണ്ടിവരും കാര്യങ്ങള്‍ സൂക്ഷ്മമായി അവലോകനം ചെയ്താല്‍. ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയും വിശേഷ ഉപയോഗമാണ് ഈ എഴുത്തുകാരെ സൃഷ്ടിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ കൂടുതല്‍ അത്ഭുതം ജനിക്കും. അതെ ഈ എഴുത്തുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആധുനിക എഴുത്തുകാരാണ്, പുതിയ തലമുറ എഴുത്തുകാരാണ്. കേരളത്തില്‍ ശരാശരി മലയാളിക്ക്, ആധുനിക ആശയവിനിയമ സാങ്കേതിക സംവിധാനങ്ങള്‍ വിനിയോഗിക്കുന്ന മലയാളിക്ക്, കുറഞ്ഞത് ഒരു ബ്ളോഗ് എങ്കിലും ഇല്ലാതെവരില്ല. അതിലൂടെ പ്രതിദിനം അവര്‍ ഓരോരുത്തരും നടത്തുന രചനകളാണ് എഴുത്തിനെ ഇത്രയും സജീവവും വ്യാപ്തിയുള്ളതുമാക്കുന്നത്. ഒരു വിശകലനം നടത്തിയാല്‍ കാണാം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പ്രതികരണങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ആത്മകഥകള്‍, യാത്രാ വിവരണങ്ങള്‍, ലഘുനാടകങ്ങള്‍ എന്നുവേണ്ട ബ്ളോഗുകളില്‍ കൈകാര്യം ചെയ്യാത്ത വിഷയമില്ല. അതിനു ഭാഷാപരമായ വിലക്കുകളുമില്ല. ഇംഗ്ളീഷ് എഴുതുന്ന മലയാളി എഴുത്തുകാര്‍ എത്രയെത്രയെന്നോ ബ്ളോഗില്‍. ഒരുപക്ഷേ മലയാളത്തില്‍ നാലക്ഷരം കൂട്ടിച്ചേര്‍ത്ത് തെറ്റില്ലാതെ എഴുതാന്‍ കഴിയാത്തവര്‍പോലും കമ്പ്യൂട്ടര്‍ സഹായത്തോടെ രചന നടത്തുന്നു. പക്ഷേ അവിടെയും ഒരു പ്രശ്നമുണ്ട്, ബ്ളോഗുകളും വേണ്ടത്ര വായിക്കപ്പെടുന്നില്ല. ബ്ളോഗെഴുത്തുകാര്‍ ധാരാളം. പക്ഷേ വായിക്കുന്നവരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണ്. അതാണ് അടിസ്ഥാന പ്രശ്നവും.

Monday, October 4, 2010

ആപൂര്യമാണം അചലപ്രതിഷ്ഠം (കവിത)



നദിയൊഴുകുന്നൂ.....
സൈന്ധവകാലക്കനികള്‍ വിളഞ്ഞൊരു പുളിനതടത്തിലു
മതിനു നനച്ച സരസ്വതിനാഡിയി
ലതുലം ഗംഗയിലലയായൊഴുകി
ച്ചടുലം ചലിത തരംഗിണിയായി
ന്നദിയൊഴുകുന്നു

യമുനക്കുളിരില്‍-
താജ്മഹലിന്റെ തണുപ്പിന്‍തിണ്ണയിലതിനും പഴമയിലമ്പാടിക്കുളി
ഇരുവികളൊഴുകിക്കാളിയഫണഗുരുദര്‍പ്പം തീര്‍ത്തി
ട്ടവിടൊരു നീലക്കണ്ണു തുറന്നുകടമ്പു ചിരിച്ചതു
മായര്‍പ്പെണ്ണിനു കണ്ണു നിറഞ്ഞതുമതിപൃഥു ചരിതം
നദിയൊഴുകുന്നു....

വേദംനാലു പകുത്തവനോതി-
ഗ്ഗീതയിലിടയില്‍-പ്പോകുന്നില്ലിതു ചലിതമതെങ്കിലു-
മെവിടെയയുമിവിടെയുമൊഴുകുന്നെങ്കിലും
“ആപൂര്യമാണം അചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്...’’

നദിപറയുന്നതു ജീവിത പാഠം
“നദിയിലൊലിപ്പൊരു കാഷ്ഠം’ മര്‍ത്ത്യന്‍
അതിരുകളെല്ലാമതിരുകടന്നി-
ട്ടനവധി രാഷ്ട്ര ചരിത്രരഥപ്പാടവിടവിടേറ്റി
നിറഞ്ഞുവിളങ്ങും നദികള്‍ ഗമിപ്പൂ ശാന്തം സ്വച്ഛം....
നദിയൊഴുകുന്നു......

നിളകവിയുന്നൂ,
മാമാങ്കത്തറ പുഴയിലൊഴുക്കിയ
രക്തച്ചാന്തുകള്‍ നാവാനാഥനു, നാ•ുഖദേവനു, കാമാരിക്കും
ശാന്തിപകര്‍ക്കും തീര്‍ത്ഥമൊഴിക്കും നിളയൊഴുകുന്നു

തുഞ്ചന്‍,കുഞ്ചന്‍,“കവി’,ഇടശേരിക്കക്കിത്ത
ത്തി-
ന്നൈവര്‍മഠത്തറയന്തിയുറക്കുന്നായിരമായിര-
മാത്മാക്കള്‍ക്കും അനവധിയനവധി ആശ്രിതജനത-
ക്കാശ്വാസത്തിന്നാഴക്കുളിരായ് നിളയൊഴുകുന്നു...
നദിയൊഴുകുന്നു......


നദി കരയുന്നു.....
പണ്ടു തിമിര്‍ത്തു തകര്‍ന്നോടിയതും
കൂലം തല്ലിയലച്ചു പതഞ്ഞതുമാര്‍ത്തു ചിരിച്ചതു-
മോര്‍ത്തുചിരിച്ചതുമൊന്നായ് തീര്‍ന്നതുമോര്‍മ്മകള്‍ മാത്രം.

നദി വരളുന്നു...
കണ്ണീര്‍ചാലുകള്‍പോലെ കയങ്ങള്‍, ഗോഷ്പദമകുന്നാറുകള്‍ നദികള്‍,
കണ്‍നനയുന്നവരാഞ്ഞുകരഞ്ഞിട്ടലറിവിളിച്ചിട്
ടാരതു കേള്‍ക്കാന്‍
ഭൂമി ഞരമ്പില്‍രക്തം തീരുന്നാമുല ന• ചുരത്തിയ നാളുകളാഹ്ളാദത്തി-
ന്നാരവ നാളുകളകലേക്കകലെ മറഞ്ഞകലുമ്പോള്‍...
നദി പറയുന്നു....

നദിപറയുന്നു....
ഉറവകളുയിരുകളുള്‍വലിയുന്നൂ
ഉള്ളുകളുള്ളില്‍ ഘൃണമുയരുന്നൂ
പഴയവ പലവക പാട്ടിലൊതുങ്ങു-
ന്നവനവനാത്മ സുഖം നോക്കുന്നു
അറിയുക യുദ്ധമടുത്തുവരുന്നത്
വെള്ളംവെള്ളം ചൊല്ലിയെതിര്‍ക്കും
ഗ്രാമം വീഴും, നഗരം വീഴും നരനും വീഴും നാടേ വീഴും
സഗരന്‍ വരുവാന്‍ കാതോര്‍ത്തിടുനാം.....


മടക്കം (കവിത)



കളരിക്കാലം

കലരിക്കാലമോര്ക്കുന്നൂ,
നഴ്സറിക്കൊപ്പമുള്ളനാള്‍
കളിമൂക്കുന്ന നേരത്തോ
വിളിക്കാനമ്മ വന്നിടും

കരളില്‍ തേങ്ങലോ
ടന്നു
കൂട്ടുകാരെ പിരിഞ്ഞിടും

കളരിക്കളമുറ്റത്തെ
മടക്കം-പൊട്ടി നെഞ്ഞകം



പത്താം
ക്ളാസ്


തിരിഞ്ഞുനോക്കി
നോക്കിപ്പോം
നാളില്
മുമ്പിലതേ വരൂ
പത്തിന്റെ പടിവാതില്‍ക്കല്‍
ചിലമ്പിപ്പോയ നാളുകള്‍

മടങ്ങി വരുമോ വീണ്ടും
കൂട്ടരേയെന്നു കേട്ട
തും
ഒരുമിച്ചൊത്തനാളേക്കാള്‍
വികാരം വിങ്ങിനിന്നതും

മറവിയ്ക്കും മറയ്ക്കാനായ്
കഴിയാത്ത ദിനങ്ങളേ

മടങ്ങി വരുമോ വീണ്ടും
മാറണയ്ക്കാന്‍ കൊതിപ്പു ഞാന്‍

കോളെജ്- കൌമാരം
മടങ്ങിച്ചെന്ന ഡിഗ്രിക്കോ
കാണാതായ് പല കൂട്ടുകാര്‍

പ്രീഡിഗ്രിത്തലയെങ്ങോപോയ്
പലരും പല തട്ടിലായ്

പിരിയും വേള ഡിഗ്രിക്കാ
മൂന്നാം വര്‍ഷാന്ത്യനാളിലാം

വിരഹപ്പെയ്ത്ത് നീറിപ്പോം
പുകയും നെഞ്ചകം ദൃഢം

മോഹവും ദാഹവും ചേര്‍ന്നു
കുടുക്കുന്ന കുടുക്കുകള്‍

മോഹഭംഗങ്ങള്‍
തേങ്ങുന്നൊ
രിടനാഴിയിടുക്കുകള്

പുസ്തകത്താളിലെങ്ങെങ്ങും
നിറയുന്ന പ്രിയപ്പടം

അതു നോക്കി നറും കണ്ണാല്‍
സ്വപ്നം നെയ്തോരു നാളുകള്‍

മധുരപ്പതിനേഴിന്മേല്‍
വിരചിച്ചൊരു ലോകമേ

മടങ്ങിവരുമോ വീണ്ടും
എരിയും രുചി ചേര്‍ക്കുവാന്‍


യൌവനം

കുതിക്കുന്ന കിതപ്പിന്മേല്‍
കേട്ടൂ കുതിരശക്തിയില്‍

കീഴടക്കാന്‍ വെമ്പിയാളും
യൌവനത്തിന്‍ തിളക്കലില്‍

മടക്കത്തിനു ഞാനില്ലാ,
മുന്നോട്ടെന്നും, മുടന്തിടാ

പിന്നിലേക്കൊന്നു നോക്കാഞ്ഞ
മുട്ടാളത്ത മിടുക്കുകള്‍

ആറ്റിനങ്ങേപ്പുറം
നീന്തി
ക്കടന്ന
കടവിന്‍ കര
മടക്കയാത്രയെന്തോതീ-
കഴിവീലത്ര വേഗത

അങ്ങോട്ടേക്കന്നു നീന്തുമ്പോള്‍
കൈകാല്‍ കാണിച്ച ജാഗ്രത
ഇങ്ങോട്ടുള്ള വഴിക്കെങ്ങോ
പാതിയില്
വാശി തീര്ന്നുവോ


സായാഹ്നം

ഓര്‍മ്മയൂഞ്ഞാലിലാട്ടുമ്പോള്‍
അങ്ങോടിങ്ങോടലഞ്ഞിടാം

പണ്ടു ചാടിക്കടന്നോരാ
തോട്ടിന്‍ വക്കില്‍ നിനച്ചിടാം

വരുമോ ജന്മമൊന്നെങ്കില്‍
പിന്നെയും പൂക്കുമീയുടല്‍

അഥവാ പൂരുവിന്‍
ജന്മ
മെടുക്കാന്
മക്കള്‍ നില്‍ക്കുമോ
കൊതി തോന്നുന്ന
വേതാള
ച്ചതിയില്
പെട്ടു പോകിലോ
വരുമേ ജന്മമോരോന്നും
മടക്കം താന്‍ മുടക്കുമേ

പുനര്‍ജന്മജ
വിഭ്രാന്തി
പ്പുകകേറിയ
കണ്ണിലോ
മടക്കയാത്രക്കെന്നേക്കാള്‍
ഭയമാത്മാവിനാകിലോ

മരിക്കാത്ത മരുന്നിപ്പോള്‍
യൌവനത്തിന്‍ പ്രലോഭനം

മടക്കമടിപോകാനായ്
മറക്കാതെ ജപിക്കണം

എന്നത്തേയും ചിന്താവിഷയം-2



അനുഭവങ്ങള്‍:
യാത്രയുടെയും
വായനയുടെയും


അനുഭവമാണ് ഗുരു എന്ന് ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. ആരും അനുഭവിച്ചറിയുന്ന കാര്യം തന്നെയാണ്. അനുഭവങ്ങള്‍, അതു മനുഷ്യനെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷേ ദുരനുഭവങ്ങള്‍ കൂടുതല്‍ മോശക്കാരെയും പലപ്പോഴും നല്ല സ്വഭാവക്കാരെയും സൃഷ്ടിക്കാറുണ്ട്. കൊടും ക്രിമിനലായ ആള്‍ കുട്ടിക്കാലത്ത് തനിക്ക് കിട്ടിയ മോശം പെരുമാറ്റമാണ് തന്നെ വലിയ ക്രിമിനലാക്കിയതെന്ന് കുറ്റസമ്മതം നടത്തുകയോ സമൂഹത്തെ കുറ്റപ്പെടുത്തുകയോ ചെയ്യാറുണ്ടല്ലൊ. പക്ഷേ കുട്ടിക്കാലത്തെ ചെറിയ തിരുത്തലുകള്‍ പില്‍ക്കാലത്ത് മഹത്തായ സ്വഭാവവിശേഷത്തിനു കാരണമാക്കിയ സംഭവങ്ങള്‍ വിവരിക്കുന്നവരുമുണ്ട്. എന്തായാലും അനുഭവം ഗുരുതന്നെയാണ്. അനുഭവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? യാത്രക്കാണ് ഏറ്റവും അനുഭവം തരാവുന്നത് എന്നു തോന്നുന്നു. യാത്രയുടെ പ്രത്യേകത തന്നെയതാണ്. മനസ്സുകൊണ്ട് യാത്രചെയ്യുന്നതിനൊപ്പം തന്നെ ശരീരവും യാത്രചെയ്യുന്ന വിചിത്രാവസ്ഥ. ഈ ഇരട്ടയാത്രയില്‍ ശരീരം മുന്നോട്ടുപോകുമ്പോള്‍ മനസിന് എങ്ങോട്ടും തിരിയാം. ഒപ്പംതന്നെ ഒന്നിച്ചുള്ള യാത്രയിലെ മറ്റു കുറേ യാത്രക്കാരുടെ യാത്രയില്‍ പങ്കുചേരാം. അനുഭവങ്ങളുടെ അക്ഷയഖനിതന്നെയാണ് യാത്ര. ഒന്ന് ചിന്തിച്ചുനോക്കൂ, നിങ്ങളുടെ ഒരു യാത്രയെക്കുറിച്ച്. തീര്‍ത്ഥയാത്ര, ഉല്ലാസയാത്ര, ആവശ്യയാത്ര, പതിവുയാത്ര, ഔദ്യോഗികയാത്ര.... എന്തിനേറെ വെറുതേ നടക്കാനിറങ്ങുന്ന ഒരു യാത്രയുടെ ഓര്‍മ നിങ്ങള്‍ക്ക് എന്തെല്ലാം അനുഭവം നല്‍കിയിട്ടുണ്ടെന്നും പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മനസ്സിലായില്ലേ...
എല്ലാം പക്ഷേ അനുഭവിച്ചറിയുന്നത് എളുപ്പമല്ലല്ലോ. അപ്പോള്‍ അനുഭവിച്ചവരില്‍നിന്നറിയുന്നതാണ് യാത്ര കഴിഞ്ഞാല്‍ അറിയാനുള്ള രണ്ടാമത്തെ മാര്‍ഗം; അതായത് വായന. ഇന്ന് കാഴ്ച വായനയെ അധികരിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സാധ്യതയുടെ പക്ഷത്ത് വായനക്കുതന്നെയാണ് മേല്‍ക്കൈ. ഒരു യാത്രയ്ക്കിടയിലും വായിച്ചറിയാനുള്ള സാധ്യതയ്ക്ക് സാങ്കേതിക പിന്തുണകള്‍ വളരെ കുറച്ചുമതിയല്ലോ. (അത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്). യാത്രയും വായനയും അങ്ങനെ അനുഭവത്തിന്റെ ഗുരുക്കളാകുന്നു. വായിക്കാനുള്ള ആവേശം പക്ഷേ യാത്രയ്ക്കുണ്ടാകുന്ന വളര്‍ച്ചപോലെയാകുന്നില്ല എന്നാണ് കണക്കുകള്‍. ലോകമെമ്പാടും യാത്രയ്ക്ക് പ്രിയമേറുന്നു. വിനോദയാത്രക്കായാലും തീര്‍ത്ഥയാത്രക്കായാലും വര്‍ധനവുണ്ട്. ലോകത്ത് ഏറ്റവും വലിയ തീര്‍ത്ഥയാത്രയായ ഹജ്ജ് യാത്രികരുടെ എണ്ണം പെരുകുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ നിശ്ചിതകാലം മാത്രം നടക്കുന്ന തീര്‍ത്ഥാടനമായ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലെ വര്‍ധനയും മറ്റൊരു കണക്ക്. ഉല്ലാസയാത്രക്കാരുടെ കണക്ക് ടൂറിസംവകുപ്പിന്റെ അഭിമാനമാണ്. ആഭ്യന്തര-വിദേശ വിനോദയാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഓരോ വര്‍ഷവും നൂറുശതമാനം വര്‍ധനയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ജനപ്പെരുപ്പം മാത്രമല്ല ഇതിനുകാരണമെന്നു സ്പഷ്ടം. ആളുകളുടെ ധനപ്പെരുപ്പവും ഒരു ഘടകമാണ്. പിന്നെ കച്ചവട സംസ്ക്കാരത്തിന്റെ ഭാഗമായി വളര്‍ന്നുവരുന്ന സൌകര്യങ്ങളുടെയും പ്രചാരങ്ങളുടെയും പ്രേരണയും സ്വാധീനവും ഉണ്ടാകും. ഔദ്യോഗിക അവധി കിട്ടിയാല്‍, പഠന ഒഴിവുകിട്ടിയാല്‍ കുടുംബത്തിന് ഒന്നിച്ച് ഒരു പുറത്തുപോകല്‍ പദ്ധതിമാത്രമാണ് അധിക വിനോദം. അത് യാത്രകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പക്ഷേ ഒരു ഉല്ലാസത്തിനും കുറച്ച് വിനോദത്തിനുമപ്പുറം അതില്‍നിന്ന് അനുഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ വേണ്ടത്ര ഫലമില്ലെന്നു മാത്രം. പക്ഷേ വായനയ്ക്ക്, എന്തുകൊണ്ട് ഈ പ്രാധാന്യം കിട്ടുന്നില്ല. പ്രചാരണത്തിന്റെ കുറവോ, അതോ പ്രേരണക്കും പ്രചോദന വായനക്കുവേണ്ടി ഇല്ലാത്തതോ. അതോ വായനക്കുവേണ്ടുന്ന അടിസ്ഥാനപരമായ യോഗ്യതകളുടെ കുറവോ. അതല്ല വായന യാത്രാ വിനോദങ്ങളുടെ ഉല്ലാസം നല്‍കാത്തതുകൊണ്ടോ. എന്തു കാരണത്താലായാലും ശരി ചിന്തിക്കേണ്ട ഒരു സാമൂഹ്യ വിഷയമാണത്. കാരണം അനുഭവിച്ചവരില്‍ നിന്നും പഠിക്കേണ്ടത് ഏറെയുണ്ടല്ലോ.

Saturday, October 2, 2010

ഗാന്ധിയും ചോദ്യചിഹ്നവും





ചിത്രമെത്ര വിചിത്രം ഹാ
കൊച്ചുമോനെത്ര വൈഭവം
ചിത്ര ലേഖന സംസ്ഥാന
മത്സരത്തില്‍ മിടുക്കനായ്
സമ്മാനവും ചിത്രവും പി-
ന്നഭിമാനവുമായവന്‍
വന്നുകേറിയ നേരത്തോ
മുത്തച്ഛന്‍ വരവേറ്റതാ
നിവര്‍ത്ത ക്യാന്‍വാസ് കണ്ടിട്ടോ
നെടുവീര്‍പ്പിട്ടു മുത്തശന്‍
തലപത്തും തികഞ്ഞുള്ള
രാവണന്‍ ഭിന്നരൂപനായ്
(ഗാന്ധി രാമന്റെയാള്‍ പക്ഷേ
രാവണന്‍ തന്റെ രൂപമീ
ഗാന്ധിജന്മ ദിനത്തില്‍ പോയ്
മത്സരിച്ചു ജയിച്ചുവോ?)

ചോദിച്ചൂ പല്ലുപോയുള്ള
മോണകാട്ടീട്ടു മുത്തശന്‍
വരയ്ക്കാമോ ഗാന്ധിജിയെ
മകനോ,ടൊക്ടോബര്‍ രണ്ടിത്

മകനോ പല്ലുകാട്ടീട്ട-
ങ്ങുരച്ചൂ- ഗാന്ധിസുന്ദരന്‍
പല്ലില്ലാത്തതിനാലിപ്പോള്‍
അപ്പൂപ്പന്‍ ഗാന്ധിയൊപ്പമായ്

ഉള്ളാല്‍ ചിരി ചിരിച്ചപ്പോള്‍;
ഖദറാലേ പൊതിഞ്ഞാരീ
ഉടലും മനവും പണ്ടേ
ഗാന്ധിപ്പാതയിലാക്കിയോന്‍
ചെറുമോനിത്രയായെന്നില്‍
ഗാന്ധി സാമ്യം പറഞ്ഞതില്‍
ഉളളിലുണ്ടായൊരാമോദം
പുറത്താക്കാതെ ചൊന്നുപോയ്

മകനേ നിന്റെയച്ഛന്‍ പ-
ണ്ടെന്നെ പുച്ഛിച്ചു; ഗാന്ധിയന്‍!!
“വിലയായെന്തു കിട്ടും തേ
തലയില്ലാത്ത ഗാന്ധിജീ??’’
എന്നു ചോദിച്ച ചോദ്യത്തി-
ന്നുത്തരം നീ മൊഴിഞ്ഞുവോ
ഗാന്ധിയെന്തിലുമുണ്ടിന്നും
തൂണിലുണ്ടീ തുരുമ്പിലും
ഗാന്ധിയെന്നൊരുമന്ത്രം ഈ-
രാജ്യത്തിന്റെ മൃദുസ്മിതം
അതെന്റെ ചിരിയില്‍ കണ്ട-
നിനക്കു വഴി നിശ്ചയം

അപ്പൂപ്പന്‍ കൊച്ചുമോനോടേവം
ചോദിച്ചൂ മോന്‍ വരയ്ക്കുമോ
ഗാന്ധിയപ്പൂപ്പനേ വേഗം
കാണട്ടേ വരവൈഭവം

വരച്ചാന്‍ നിമിഷം കൊണ്ടേ
ബാപ്പുവെ വര നാലതാല്‍
ഒരു ചോദ്യചിഹ്ന,മൊപ്പം
രണ്ടു കുത്ത,തു ഗാന്ധിയായ്
ഒരു നീളന്‍ കുനു,പ്പൊപ്പം
വടിപോലതിനപ്പുറം
വരയൊന്നിട്ടു കണ്ടപ്പോള്‍
ഗാന്ധിയേവം ശുഭം ക്ഷണം

മിടുക്കന്റെ മിടുക്കിന്മേല്‍
വിരല്‍ മൂക്കത്തുചെന്നുപോയ്
ചോദ്യമായ് ഗാന്ധി നില്‍ക്കുന്നൂ
വടിയേതേതഹിംസയോ

പുതുനാമ്പുകളില്‍ ഗാന്ധി
വരയായെങ്കിലും സദാ
നിറഞ്ഞു നില്‍ക്കെ,യൊക്ടോബര്‍
വിപ്ളവം ഗാന്ധിചിന്തയാല്‍

അറിവേനെന്റെ കാലത്തേ
ഗാന്ധിയെ വീണ്ടെടുക്കുവാന്‍
അധികം കാലമാകില്ലീ-
യനന്തര മുറയ്ക്കിനീ

അറിവേനാ ജീവിതത്തിന്‍
സത്യാന്വേഷണ വീഥിയില്‍
പലനാള്‍ ചിന്തി വീണോരാ
രക്തം പാഴാകയില്ലഹോ

അതില്‍നിന്നിന്നുയര്‍ന്നേല്‍ക്കും
രക്തബീജരനേകമായ്
അവരോ വിതകൊയ്തീടും
സ്നേഹ സാഗര വീചകള്‍

അറിവേനിന്ത്യ മാറുന്നൂ-
യുഗവേഷപ്പകര്‍ച്ചകള്‍
അയുദ്ധ മുറയില്‍ കാലം
അയോദ്ധ്യകളുയര്‍ത്തിടും
അഹിംസ വഴിയില്‍ രാജ്യം
അതിര്‍ത്തികള്‍ തകര്‍ത്തിടും