Saturday, October 30, 2010

എന്നത്തേയും ചിന്താവിഷയം - 4




പൂജിക്കപ്പെടേണ്ടതുതന്നെ, എങ്കിലും

കേരളം അറിയപ്പെടുന്നത് മറ്റു പലതിന്റെ പേരിനേക്കാളും അക്ഷരം കൊണ്ടാണ്. സാക്ഷരതയെക്കുറിച്ചുള്ള ഏതു പ്രസംഗത്തിലും കേരളത്തിന്റെ പേരുവരും. മലയാളിയെന്നോ കേരളീയനെന്നോ മറ്റ് ഏതു സംസ്ഥാനത്താകട്ടെ രാജ്യത്താകട്ടെ പരിചയപ്പെടുത്തിയാലും കേരളത്തിന്റെ സാക്ഷരതയ്ക്ക് ഒരു അഭിനന്ദനം കിട്ടാതിരിക്കില്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന പദവി ലോകത്ത് ആര്‍ക്കും വേറെ ഉണ്ടാവില്ല! അക്ഷരതിന്റെ പേരിലുള്ള ഈ അനുഗ്രഹം കേരളത്തിന്റെ പൈതൃക സ്വത്താണെന്നുവേണം പറയാന്‍. അക്ഷരം, എഴുത്ത്, പുസ്തകം, വായന, സാക്ഷരത... പുസ്തകത്തിന് മനുഷ്യന്റെ ജീവിതത്തിലുള്ള പ്രാധാന്യം ഏറെയാണ് എന്ന് ഒരു പ്രസ്താവനയുടെ ആവശ്യംതന്നെയില്ല. പുത്തന്‍ അകത്തുള്ള പുസ്തകങ്ങള്‍ വഴിയാണ് മനുഷ്യന് ആവശ്യമായ അറിവുകളില്‍ 60 ശതമാനം ലഭിക്കുന്നത്. പുസ്തകം വായിക്കാത്തവര്‍ക്കും കേട്ടറിവുകള്‍ കിട്ടുന്നതിന്റെ യഥാര്‍ത്ഥ സ്രോതസ് അന്വേഷിച്ചുചെന്നാല്‍ പുസ്തകത്തിലെത്തും. അറിവ് മുതല്‍ ആത്മശാന്തിവരെ പുസ്തകത്തിന്റെ സമ്മാനമാണ്. ആത്മീയതയും ഭൌതികതയും ആധിഭൌതികതയുംപോലും പുസ്തകത്തിന്റെ കരുത്തും പിന്തുണയുമില്ലായിരുന്നെങ്കില്‍ നിലനില്‍ക്കില്ലയെന്നുറപ്പ്. വിശ്വാസിയുടെ മതത്തിനും അവിശ്വാസിയുടെ മതവിയോജിപ്പിനും പുസ്തകവും അനിവാര്യമാണല്ലോ. വിവിധ മതങ്ങളുടെ ആധാരമായോ ആധികാരിക അടിത്തറയായോ ആരാധിക്കപ്പെടുന്നത് പുസ്തകത്തെയാണ്. ഗുരുഗ്രന്ഥസാഹിബായാലും വിശുദ്ധഖുറാനായാലും വിശുദ്ധബൈബിളായാലും ശ്രീമഹാരാമായണമായാലും ഭഗവത്ഗീതയായാലും ആരാധനയുടെ അടിസ്ഥാനം പുസ്തകരൂപത്തെ ആകുന്നു. ഈ തലത്തില്‍ പുസ്തകത്തോടുള്ള ആരാധനയ്ക്ക് കാലപ്പഴക്കമേറെയുണ്ട്. അതു കൊച്ചുകേരളത്തിന്റെ സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. എന്നിട്ടും കേരളത്തിന് മാത്രം എന്തുകൊണ്ട് പുസ്തകത്തില്‍, അക്ഷരത്തില്‍ ഇത്ര പ്രാമുഖ്യം വന്നു. നോക്കാം, ഇന്ത്യയിലെമ്പാടും വമ്പിച്ച ആഘോഷമാണ് ദസറ. ഓരോ സംസ്ഥാനത്തും, കമ്യൂണിസ്റ്റ് ഭൌതികവാദ വിശ്വാസത്തിന്റെ കേന്ദ്രമായ പശ്ചിമബംഗാളില്‍വരെ, ദസറ ആഘോഷങ്ങള്‍ അതിശക്തം. അവിടങ്ങളിലെല്ലാം ആയുധപൂജക്ക് പ്രാധാന്യമുള്ളപ്പോള്‍ കേരളത്തില്‍ അതിന് അക്ഷരപൂജയിലാണ് പ്രാമുഖ്യം. കുട്ടികള്‍ ആദ്യാക്ഷരം കുറിക്കല്‍ ഷോഡസംസ്ക്കാര കര്‍മത്തിന്റെ ആചാരാനുഷ്ഠാനതലത്തില്‍നിന്ന് ഉയര്‍ന്ന് ഇപ്പോള്‍ ജനകീയോത്സവമായി മാറിയിരിക്കുന്നു. മതവും ജാതിയും ഒന്നും അതിരിടാതെ ആ അനുഷ്ഠാനം വളര്‍ന്നിരിക്കുന്നു. അക്ഷരത്തിന്റെ ജീവിതതിലെ പ്രാധാന്യം ആധുനികകാലത്ത് ഏറെ തിരിച്ചറിയപ്പെടുന്നുവെന്നാണോ. ഇനി മറ്റൊന്നു നോക്കാം; പുസ്തകത്തിന്റെ പേരില്‍, വിശുദ്ധ പുസ്തകങ്ങളുടെ പേരില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നു. മതഗ്രന്ഥങ്ങളെ അവഹേളിച്ചതിന്റെ പേരിലോ വേണ്ടത്ര പരിഗണിക്കാത്തതിന്റെ പേരിലോ ഒക്കെയായി. രക്തച്ചൊരിച്ചിലുകള്‍വരെ ഉണ്ടായിരിക്കുന്നു. അക്ഷരം അല്ലെങ്കില്‍ പുസ്തകം മതചിന്തയയുടെ പേരിലാണെങ്കിലും നമ്മുടെ രക്തത്തിനുതുല്യമാണെന്ന് നാം തിരിച്ചറിയുന്നു, മറ്റുള്ളവരെ അറിയിക്കുന്നു. പക്ഷേ ജീവന്റെ ആധാരമായ രക്തത്തെപ്പോലെ നാം മതത്തിന്റെ പരിവേഷമില്ലാത്ത പുസ്തകങ്ങളെ സ്നേഹിക്കുകയോ ആദരിക്കുകയോ ചെയ്യുന്നുണ്ടോ. ഇല്ല എന്നുതന്നെയാവും ആരുടെയും ഉത്തരം. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയുക ആര്‍ക്കും വിഷമകരമാണുതാനും. കേരളത്തിന്റെ പൈതൃകസ്വത്തായ അക്ഷരത്തെ പുസ്തകങ്ങളിലൂടെ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ ഉപഭോഗസംസ്ക്കാരത്തിന്റെ വിഴുപ്പുകെട്ടിലെങ്ങും പോലും ഒരു പുസ്തകം വെറുതേപോലും നാം എടുത്തുവയ്ക്കുന്നില്ല എന്നാണ് സത്യം. അടുത്തിടെ നിര്‍ത്തിപ്പോയ ഒരു പുസ്തകപ്രകാശനശാല അവരുടെ സംഭരണം വിറ്റഴിക്കാന്‍ ......... പുസ്തകത്തിന് തൂക്കത്തിന് വിലനിശ്ചയിക്കുകയായിരുന്നു. മര(മരിക്കുന്ന)ക്കച്ചവടത്തിനടുത്തു നടന്ന അക്ഷരത്തിന്റെ (നാശമില്ലാത്തത്) തൂക്കിവില്‍പ്പന ഏറെ ദാര്‍ശനികമായിത്തോന്നി. പക്ഷേ മരം കാണാന്‍ ആഡംബരക്കാറില്‍വന്ന് വിലപേശിയവര്‍ ആരും സ്വീകരണമുറിയിലെ ഷോവാളില്‍ വയ്ക്കാനെങ്കിലും അക്ഷരം വിലകുറച്ച് വിറ്റിട്ടും വാങ്ങാന്‍ ചെന്നില്ല! പുസ്തകം പൂജിക്കുന്ന മതവിശ്വാസത്തിലെ ആധുനിക മാതൃകയാക്കിക്കൊണ്ട്..... അടുത്തുള്ള ക്ഷേത്രത്തിലാണ്. അവിടെ വിശ്വാസികള്‍ക്ക് പ്രസാദമായി കൊടുക്കുന്നത് പുസ്തകമാണ്. വളരെ വിലകുറച്ച്, ചെറിയ ചെറിയ പുസ്തകങ്ങള്‍. ഒറ്റവായനയില്‍ തീരുന്ന ആ ചെറുപുസ്തകങ്ങള്‍ക്ക് ജീവിതത്തിന്റെ കാഴ്ചപ്പാടുമാറ്റാന്‍ പോന്ന ആശയക്കരുത്തുണ്ട്. അത് പല മതകേന്ദ്രങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. മതത്തിന്റെ സങ്കുചിതത്വത്തിനുപരി ചിന്തിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാര്‍ക്ക് ഇങ്ങനെയൊരു മാതൃക സൃഷ്ടിക്കാം. പ്രതിമാസം നടത്തുന്ന വീട്ടുസാധാനം വാങ്ങലില്‍ ഒരു പുസ്തകം കൂടി ഉള്‍പ്പെടുത്തുക. (ഒരു കിലോ ചിക്കന്‍ വാങ്ങുന്നതിന്റെ പണം കൊണ്ട് ഒരു പുസ്തകം വാങ്ങാം. ഒരു സിനിമാ ടിക്കറ്റ്, കുടുംബം ഒത്തുള്ള ഒരു ഔട്ടിംഗിലെ ചെലവ് ചുരുക്കുക, പച്ചക്കറിക്ക് വില കൂടുന്ന കാലത്ത് മുരിങ്ങക്ക ഇടാത്ത സാമ്പാര്‍ കഴിക്കാന്‍ നിശ്ചയിക്കുക...) ഒരു കുഞ്ഞിന്റെ പിറന്നാളിനുപോകുമ്പോള്‍ ഒരു പുതിയ വീടുകേറി ത്താമസത്തിനുപോകുമ്പോള്‍ സമ്മാനം സ്വീകരിക്കുന്നവരെ ക്ളോക്കുകച്ചവടക്കാരാകാന്‍ നിര്‍ബന്ധിക്കുന്നതിനുപകരം പുസ്തകവായനക്കാരാക്കുക; ഒരു പുസ്തകം സമ്മാനിക്കുക. നമ്മുടെ അക്ഷരപൈതൃകം സംരക്ഷിക്കപ്പെടാന്‍ നല്ലൊരു മാര്‍ഗമാണത്.

No comments:

Post a Comment