Thursday, April 14, 2011

വിഷുപാഠം


മുറ്റത്തു കൊഞ്ചിച്ചിരിച്ചു നില്‍ക്കും കുഞ്ഞു-
കൊന്ന നിറഞ്ഞു വിരിഞ്ഞു നിന്നൂ
കൊന്നപ്പൂവിന്ന്റുത്തുണ്ണിക്കു കാണാനായ്
ചന്തത്തില്‍ തൂക്കുവാന്‍ ചെന്നു നില്‍ക്കെ
മഞ്ഞരിപ്പല്ലു വിരിച്ചു ചിരിച്ചൊന്നു
സ്വര്‍ണപ്പൂ ചോദിച്ചു- തമ്പുരാനേ
ഒന്നു ഞാന്‍ തീര്‍ക്കട്ടെ സംശയം നാളത്തെ
പൊന്‍കണി പൂരിക്കും നേരത്തിങ്കല്‍
എന്നകതാരില്‍ വിരിഞ്ഞൊരു മോഹം ഞാന്‍
എങ്ങനെ തീര്‍ക്കും ? ഞാന്‍ ചൊല്ലിടട്ടെ?

മുമ്പെങ്ങും താനൊട്ടും കേള്‍ക്കാത്തൊരാഗ്രഹം
പൊങ്ങിവന്നപ്പോള്‍ മുഹൂര്‍ത്ത നേരം
ചിന്തിച്ചു കൌതുകം മൂത്ത കൃഷീവലന്‍
ചോദിച്ചു ചൊന്നാലും കേള്‍ക്കട്ടെ ഞാന്‍

പൂമരം ചൊല്ലിയിക്കൊല്ലമെനിക്കൊരു മോഹം
കണിവക്കാന്‍, കാണിക്കുവാന്‍
ആകാശം പീലിക്കണ്ണാക്കണം, കണ്ണാടി-
യ്ക്കായിത്തടാകം തുടച്ചെടുക്കാം
വെള്ളപ്പുടവയ്ക്കായ് നൂല്‍നൂറ്റിട്ടിന്നലെ
വേനല്‍മഴ കോടി നെയ്തു തന്നു
വെള്ളരി വള്ളി പടര്‍പ്പെന്റെ കാല്‍വിരല്‍-
തുമ്പില്‍ കനി ചേര്‍ത്തു ചുംബിക്കുന്നു
ചക്കയും മാങ്ങയും തേങ്ങയും നോക്കിലോ
ചുറ്റിലും തിങ്ങി വിളഞ്ഞു നില്‍പ്പൂ
മോഹമെനിക്കൊരു പൊന്‍കണി വെക്കുവാന്‍
മാലോകര്‍ക്കെല്ലാര്‍ക്കും ചന്തമോടെ

ചുറ്റിലും നോക്കിയ ന്നെരത്തവനൊരു
ഞെട്ടലില്‍ സത്യം തിരിച്ചറിഞ്ഞു
പൂമരം ചൊന്ന വൃത്താന്തം വെറും മിഥ്യ
കാണാനില്ലൊന്നും കണിക്കു വക്കാൻ
പീലിയും വെള്ളരി തേങ്ങയും മറ്റെന്തും
നേടുവാന്‍ ചന്തയില്‍ പോകവേണം
ആകെയെന്‍ മുന്നിൽ‍ കണിയ്ക്കുള്ള സാമഗ്രി-
യായി നില്‍ക്കുന്നതിപ്പൂവുമാത്രം!!

എന്നിലെ കര്‍ഷകന്‍ നാണിച്ചു നിന്നുപോയ്
മുന്നില്‍ നില്‍ക്കുന്നൊരീ കൊന്ന കാൺകെ
വേനലാണുഗ്രമായ് ചൂടു വമിക്കിലും
വേലതെറ്റാതെ വിളഞ്ഞു നില്‍പ്പൂ

അത്ഭുതം എസ്എംഎസ് എത്തുന്നു‌‌-കൊന്നയെ
മുറ്റും പ്രകീര്‍ത്തിച്ചിട്ടുള്ള ഭാഷ
കര്‍ഷക നീ കണ്ടു നിശ്ചയം പാലിക്ക
കര്‍ശന വിശ്വാസമാര്‍ജിക്കുക
കൊന്നയൊരല്‍പ്പം വളഞ്ഞുതന്നൊ, എന്നെ
ക്കൊണ്ടുപോകൂ എന്നു ചൊന്നു നിന്നൊ....