Wednesday, April 1, 2015

കൗരവസഭയില്‍ കേള്‍ക്കാത്ത ഗീതാവചനങ്ങള്‍

 കാവാലം ശശികുമാര്‍ March 17, 2015

ഗവര്‍ണ്ണര്‍ പി. സദാശിവം മാന്യനാണ്, അതിമാന്യനാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഒരാള്‍ക്ക് അങ്ങനെയാവാനേ കഴിയൂ. കേരളത്തിലേക്ക് അദ്ദേഹത്തെ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ പ്രതിഷേധ മൂക്കറയിട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു ജനാധിപത്യ ജീവികളും ഒരുപക്ഷേ ഭയന്നിട്ടുതന്നെ. കാരണം, ഭരണഘടനയുടെ 356-ാം വകുപ്പിനെ ‘ഡെഡ് ലറ്റര്‍’- മൃതാക്ഷരം, അഥവാ മരവിച്ച വകുപ്പ് ആയാണ് വിശേഷിപ്പിക്കുന്നതെങ്കിലും ആ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണല്ലോ ചാണ്ടി. മൃതാക്ഷരം മന്ത്രാക്ഷരമാകാന്‍ അധിക സമയം വേണ്ടെന്നകാര്യവുമറിയാം. പക്ഷേ, 356-നു മുന്നോടിയായുള്ള 355-ാം വകുപ്പിനും അയലത്തുമാത്രം എത്തുന്ന ചില കാര്യങ്ങളേ ഗവര്‍ണര്‍ സദാശിവം ചെയ്തുള്ളൂ, ഇത്രയൊക്കെ സംസ്ഥാന നിയമസയില്‍ നടന്നിട്ടും!! കേരള രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ചരിത്രത്തിലെ നാണക്കേടിന്റെ നാഴികക്കല്ലായി 2015 മാര്‍ച്ച് 13. അതിനു കാരണവും കാര്യവും കാരണക്കാരെയും തേടുന്നത് നില്‍ക്കട്ടെ, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്തുണ്ടാക്കിയ ജനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനമാണല്ലോ സംസ്ഥാന നിയമസഭ. അവിടെ ഇക്കണ്ട തോന്ന്യാസങ്ങള്‍ കാട്ടാന്‍ ആര് ആര്‍ക്ക് ലൈസന്‍സു കൊടുത്തുവെന്ന ചോദ്യത്തിന് മറുപടി ജനങ്ങള്‍ക്കു കിട്ടേണ്ടതുണ്ട്. ധനമന്ത്രിയുടെ ചുമതലയാണ് സംസ്ഥാന വാര്‍ഷിക ധനവിനിയോഗ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയെന്നത്. അതിനു സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് മന്ത്രിസഭാ തലവനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ചുമതല. അതു നിയമസഭയില്‍ ചട്ടപ്പടി നടപ്പാക്കുകയെന്നത് സ്പീക്കറുടെ കര്‍ത്തവ്യം. ഇതിനെല്ലാം പങ്കാളിയാവുകയും അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷ ധര്‍മ്മം. ഇതൊക്കെ ചേരുമ്പോഴാണ് കേരള നിയമസഭയുടെ ജനാധിപത്യ സംവിധാനത്തിലുള്ള പ്രവര്‍ത്തന പദ്ധതിയിലൂടെ സംസ്ഥാന വാര്‍ഷികാസൂത്രണ പദ്ധതിയായ ബജറ്റ് അവതരിപ്പിക്കപ്പെട്ട് അംഗീകാരം നേടുന്നത്. പക്ഷേ, അത്രത്തോളം കര്‍ത്തവ്യഭരിതമായ കര്‍മ്മത്തിന്റെ ദിനത്തില്‍ നമ്മുടെ ജനപ്രതിനിധികളുടെ ചെയ്തികള്‍ സാക്ഷര-സാഭിമാന കേരളത്തിന്റെ അഭിമാനത്തെ കൂട്ടക്കശാപ്പു ചെയ്യുന്നതായിരുന്നില്ലേ?. ഇന്ത്യാസ് ഡോട്ടര്‍ സംപ്രേഷണം ചെയ്തതുവഴി ബിബിസി ഭാരതത്തിനുണ്ടാക്കിയ നാണക്കേടിന്റെ നാലായിരമിരട്ടിയാണ് നമ്മുടെ ഭരണ-പ്രതിപക്ഷ നിയമസഭ അംഗങ്ങള്‍ ഉണ്ടാക്കിയതെന്നതിനു രണ്ടുപക്ഷമുണ്ടാവാനിടയില്ല. കുറ്റാരോപിതനായ, കളങ്കിതനായ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാനവകാശമില്ലെന്ന പ്രതിപക്ഷവാദം ന്യായം. ധാര്‍മികപക്ഷത്ത് അത് ശരിയാണുതാനും. പക്ഷേ കുറ്റം തെളിയുന്നതുവരെ ആരോപിതന്‍ മാത്രമാണെന്നത് ഭാരതം അംഗീകരിച്ച നീതി-നിയമം. രാഷ്ട്രീയത്തില്‍ ധാര്‍മികത വേണമെന്നത് മറ്റൊരു ന്യായം. പക്ഷേ മുന്‍കാല മര്യാദകള്‍ ഇക്കാര്യത്തില്‍ കീഴ്‌വഴക്കമാണെന്ന് മറുന്യായം. കോടതിയാണ് ഇത്തരം കാര്യങ്ങളില്‍ സര്‍വാധികാരിയെന്ന് വേറൊരു വാദം. പക്ഷേ ജനാധിപത്യ രാഷ്ട്രീയത്തില്‍ പ്രക്ഷോഭങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും ഇടമുണ്ടെന്ന് ബദല്‍ വാദം. ഇതൊക്കെ ശരിയാകുന്നു. പക്ഷേ, നിയമനിര്‍മാണ സഭയ്ക്കുള്ളില്‍ നിയമവും നീതിയും ധര്‍മ്മവും മര്യാദയും ജനാധിപത്യവും പരസ്യമായി ബലാല്‍ക്കാരം ചെയ്യപ്പെടുമ്പോഴോ. പഴയ ആ ചോദ്യമില്ലേ, മനുഷ്യനു ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചാലോ… അഭിനവ കൗരവസഭയാക്കി മാറുകയായിരുന്നു, മാറ്റുകയായിരുന്നു 2015 മാര്‍ച്ച് 13 ലെ കേരളസഭാ സമ്മേളനത്തെ അതിന്റെ അംഗങ്ങള്‍. നീതി നിഷേധം, ബഹുമാന്യരെ അപമാനിക്കല്‍, പൗരാവകാശലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍, വസ്ത്രാക്ഷേപം, കായിക പീഡനം, ലൈംഗികപീഡനം, സ്ത്രീ പീഡനം, അസഭ്യാഭിഷേകം… എന്തൊക്കെ നടന്നില്ല? ഭരണഘടനയ്ക്കു പണയപ്പെട്ടുപോയ വോട്ടര്‍മാരില്‍ ബുദ്ധിയും കായശേഷിയും ആസൂത്രണ വൈദഗ്ദ്ധ്യവും പോരാട്ടവൈഭവവും ഉള്ളവര്‍ കൈകെട്ടി, പല്ലിറുമ്മി പുറത്തു നില്‍ക്കേണ്ടിവന്നു. അവരില്‍ ചിലരുടെ ക്ഷോഭം നിയമസഭാ മന്ദിരത്തിനു പുറത്തൊതുങ്ങി. അപമാനിക്കപ്പെട്ട ജനാധിപത്യത്തിന്റെ സമ്മാന്യത കാക്കാന്‍ ഭീമന്മാരും പാണ്ഡവസഹോദരങ്ങളും മനസ്സില്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടാവണം. ആ പ്രതിജ്ഞയുടെ സഫലത അറിയാന്‍ അടുത്ത തെരഞ്ഞെടുപ്പുകാലം വരെ കാക്കേണ്ടിവന്നേക്കും. പക്ഷേ, അക്കാലംകൊണ്ട്, പകല്‍വെട്ടത്തില്‍, തെരവു ഗുണ്ടകളെപ്പോലെ നിയമസഭയില്‍ തെമ്മാടിത്തം കാണിച്ചവര്‍ തമ്മില്‍ ധാരണകളുണ്ടാകും. എല്ലാം പറഞ്ഞു ‘കോംപ്ലിമെന്റ്‌സ്’ ആക്കാന്‍ ‘ഗീര്‍വാസീസ് ആശാ’ന്മാരും ‘റാംജിറാവു’മാരും മുന്‍കാലശീലങ്ങള്‍ ആവര്‍ത്തിക്കും. ചെയ്ത അതിക്രമങ്ങള്‍ക്ക് ന്യായീകരിച്ച, ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ, നിയമനിര്‍മാതാക്കള്‍ പരസ്പരം കൈകൊടുത്തു പിരിയുന്നതു കാണാനും നമ്മള്‍ക്കു വിധിയുണ്ടായേക്കാം. എന്നാല്‍, നിയമസഭക്കുള്ളില്‍ നശിപ്പിച്ച പൊതുമുതലിന് നഷ്ടപരിഹാരം നിയമസഭാംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ സഹായകമായ കൂട്ടപ്പിഴയീടാക്കലിനുള്ള നിയമസാധുത പരിശോധിക്കപ്പെടണം. ജനപ്രതിനിധികള്‍ നാടിനുണ്ടാക്കിവച്ച മാനക്കേടിന് അവരെക്കൊണ്ട് സംസ്ഥാന ജനതയോട് കൂട്ടക്ഷമാപണം നടത്തിക്കാന്‍ ചട്ടമുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതുപോലെ ഇനിയിത്തരത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന കൂടിയാലോചനയില്‍ ഇതിനുള്ള വകുപ്പുകള്‍ കൂടി ഉണ്ടാകണം, നിയമം വേണമെങ്കില്‍ നിര്‍മിക്കണം. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം!!! ഈ സഭാക്കൂത്ത് ഇങ്ങനെ നടക്കുമ്പോള്‍ മറ്റൊരു മഹാസഭ നടക്കുന്നുണ്ടായിരുന്നു കുറച്ച് അകലെ നാഗപ്പൂരില്‍. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യസേവന പ്രസ്ഥാനത്തിന്റെ വാര്‍ഷിക യോഗം; ആര്‍എസ്എസിന്റെ അഖിലഭാരതീയ സഭ. ആ പ്രസ്ഥാനം കേരളത്തില്‍, ഭാരതത്തിലെമ്പാടും, ലോകത്താകെമാനവും നടത്തുന്ന വ്യക്തിനിര്‍മ്മാണപ്രക്രിയയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുകയായിരുന്നു അവിടെ. ആ സംഘടനയുടെ വളര്‍ച്ചാ രേഖകള്‍ അവിടെ വിലയിരുത്തപ്പെട്ടു. സംഘടനയുടെ വളര്‍ച്ച ഇരട്ടി; മൂന്നുവര്‍ഷംകൊണ്ട്. നിത്യപ്രവര്‍ത്തനം, നിരന്തരപ്രവര്‍ത്തനം, സാര്‍വത്രികപ്രവര്‍ത്തനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തിന്റെ പദ്ധതികളിലൂടെ വളര്‍ന്ന വ്യക്തി നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. കേരളത്തിലും ഭാരതത്തിലും, നിയമസഭയില്‍ തമ്മില്‍ തല്ലിയ ഭരണപക്ഷവും പ്രതിപക്ഷവും പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന ആ സംഘടനയെ ആശയംകൊണ്ടും ആയുധംകൊണ്ടും നഖശിഖാന്തം എതിര്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നവരാണ്. അവരുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഈ സംഘടനയ്‌ക്കെതിരേ തെരുവില്‍ നടത്തുന്ന ഉന്മൂലന പ്രവര്‍ത്തങ്ങളുടെ ചെറുപതിപ്പായിരുന്നു നേതാക്കളുടെ സഭയിലെ കായിക പ്രകടനമെന്നു വിലയിരുത്തുന്നവരെ പഴിയ്ക്കാനാവില്ല. കേരളത്തിലെ കൗരവസഭയില്‍ കാട്ടാളത്തം അരങ്ങുതകര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയില്‍ ദേശാന്തര ദേശീയ രാഷ്ട്രദൗത്യം നിര്‍വഹിക്കുകയായിരുന്നു. ഇവിടെ കണ്ണില്‍ക്കണ്ടത് തകര്‍ത്തും കൈയില്‍ കിട്ടിയത് കശക്കിയും ജനനേതാക്കള്‍ സ്വത്വം പ്രകടിപ്പിച്ചു. അതത് സംഘടനകള്‍ വളര്‍ത്തുന്ന സാംസ്‌കാരികതയുടെ പ്രകടീകരണം. പക്ഷേ, ഏറ്റവും അടുത്ത അവസരത്തില്‍ ഇക്കൂട്ടരെ പാഠം പഠിപ്പിക്കാന്‍ കേരള ജനത മുതിരുമോ, ഇനിയും വൈകുമോ എന്നതാണ് ഏറെപ്പേര്‍ ഉത്തരം കാത്തിരിക്കുന്ന ചോദ്യം. മറ്റൊരു തീയതി: മാര്‍ച്ച് 10, 2015. കേരളത്തിലെ മാത്രമല്ല ഒരുപക്ഷേ ലോകത്തെമ്പാടും ക്രൈസ്തവര്‍ സന്തോഷിച്ച ദിവസമാവണം. ക്രിസ്തു ജനിച്ചതിന്റെ പേരിലല്ല, ക്രിസ്തുരാജ്യം വരുമെന്ന പ്രതീക്ഷ വര്‍ധിച്ചതിന്റെ പേരില്‍. അന്നാണ് കേരള നിയമസഭയില്‍ ബൈബിള്‍ പ്രഘോഷണം മുഴങ്ങിയത്. പെന്തക്കോസ്തുകാര്‍ മുതല്‍ കത്തോലിക്കര്‍ വരെ ഒറ്റക്കെട്ടായി ഉള്ളില്‍ കര്‍ത്താവിനെ സ്തുതിച്ചു. മതേതര കേരളത്തില്‍ മുഖ്യമന്ത്രി ക്രിസ്ത്യാനിയാണെന്നും മുഖ്യ ഉദ്യോഗസ്ഥരില്‍ മുഖ്യപങ്കും ആ മതവിഭാഗത്തിലാണെന്നും മറ്റും ആക്ഷേപം കേള്‍ക്കുമ്പോഴും മതപരിവര്‍ത്തന നിരോധനം, ഗോവധനിരോധനം, മദ്യനിരോധനം, മദര്‍ തെരേസ വിവാദം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിരാശപ്പെട്ടിരിക്കെയാണ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ നിയമസഭയില്‍ ‘പ്രമാണഗ്രന്ഥ’മായത്. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്നു പറഞ്ഞവരെ കിഴുക്കിയിരുത്തിയ കാലത്ത് ഇത്തരമൊരു സൗഭാഗ്യം ഇനിയെന്നു കിട്ടാന്‍. നിയമസഭയിലെ പ്രതിപക്ഷനേതാവ് വിപ്ലവപാര്‍ട്ടി നേതാവാണ്. അദ്ദേഹമാണ് ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പാടാന്‍ തുടക്കമിട്ടത്. ധനമന്ത്രി മാണിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സഭാധ്യക്ഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് വി.എസ്. അച്യുതാനന്ദന്‍ ബൈബിള്‍ ഭാഗങ്ങള്‍ വായിച്ചു. ”ഈ ചോദ്യം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവു നഷ്ടപ്പെടുത്തിയാല്‍ പിന്നെ എന്തു പ്രയോജനം” എന്ന മത്തായി സുവിശേഷം അധ്യായം 16, ഉദ്ധരിച്ച വിഎസിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഏറ്റുപാടിയത് ഹലേലൂയതന്നെ. എങ്ങനെ ആഹ്ലാദിക്കാതിരിക്കും? സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലല്ലെ ബൈബിള്‍ വചനങ്ങള്‍ സ്ഥാനംപിടിക്കുന്നത്-അതും ഭഗവദ്ഗീത ദേശീയഗ്രന്ഥമാക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വേളയില്‍. ഇടയ്ക്ക് സംസാരിച്ച മുസ്ലിം ലീഗിന്റെ അബ്ദുസ്സമദ് സമദാനി ഉറുദു സാഹിത്യമാണ് വിളമ്പിയത്. മന്ത്രി മാണിയെ കര്‍മ്മത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കിക്കാന്‍ ഒരു ഗാന്ധിയനുമുണ്ടായില്ല. മാര്‍ക്കണ്ഡേയ കട്ജു ഗാന്ധിജിയുടെ കാലനായി വേഷം കെട്ടിയിറങ്ങിയ ഈ കാലത്തെങ്കിലും അതാകാമായിരുന്നു. ബൈബിളിനും മുമ്പേ, ഭഗവദ് ഗീതയില്‍ പറഞ്ഞുവെച്ചിട്ടുണ്ട് കര്‍മ്മത്തെപ്പറ്റി. ഗാന്ധിജി അതേറ്റു ചൊല്ലിയിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും അര്‍ത്ഥം അറിയാതെ ഉച്ചരിക്കുന്ന ”കര്‍മ്മണ്യേവ.. മാ ഫലേഷു…” എന്ന അനാസക്തിയോഗമല്ല. നിര്‍ണായകമായ യുദ്ധകര്‍മ്മത്തെക്കുറിച്ച് ഉപദേശമെല്ലാം കേട്ടുകഴിഞ്ഞ അര്‍ജ്ജുനന് അവസാന അന്ധതയും നീക്കിക്കൊണ്ട് ശ്രീ കൃഷ്ണന്‍ പറയുന്നുണ്ട് ‘മോക്ഷ സംന്യാസ യോഗ’മെന്ന അവസാന അദ്ധ്യായത്തില്‍ രണ്ടു മുതല്‍ 65 വരെയുള്ള ശ്ലോകങ്ങളില്‍ എന്താണു കര്‍മ്മമെന്നും അതെങ്ങനെ വേണമെന്നും എന്താണു ഫലമെന്നും. പക്ഷേ ഭഗവദ് ഗീത ഉദ്ധരിക്കാന്‍ അറിയാവുന്നവര്‍, അറിയാമെങ്കിലും അതിനു ധൈര്യമുള്ളവര്‍ സഭയിലില്ലാതെപോയാല്‍..? ഹാ കഷ്ടം! കഷ്ടം!! എന്നല്ലാതെ എന്തു പറയാന്‍?
ജന്മഭൂമി: http://www.janmabhumidaily.com/news274671

ഏച്ചുകെട്ടോ ഈ മതേതരത്വം

 കാവാലം ശശികുമാര്‍ 
March 24, 2015

ഭരണകൂടംതന്നെ ഭരണഘടനയെ തകര്‍ത്തുകളയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഔദ്യോഗികമായിത്തന്നെ. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ അധികാരപ്രമത്തതയില്‍ നടത്തിയ അടിയന്തരാവസ്ഥ എന്ന ആ ദുഷ്‌ചെയ്തി ഭാരതത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമാണ്. ഏകാധിപത്യവും സ്വേച്ഛാധിപത്യവും ഉള്ളിലുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും അത്തരം പ്രവണതകള്‍ ഉണ്ടാകും. പ്രത്യേകിച്ച് വളഞ്ഞവഴിയില്‍ വന്ന, വഴിയില്‍ കണ്ടവരെ ചതിച്ചു വെട്ടിവീഴ്ത്തിയ നേതാക്കള്‍ക്ക്. കാരണം അവര്‍ക്ക് അരക്ഷിതബോധം കൂടും; ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഭരണഘടനയെപ്പോലും തുലച്ചുകളയുന്ന ഇത്തരം നടപടികള്‍ക്ക് പിന്നില്‍ ഒറ്റമനഃശാസ്ത്രം മാത്രം. എങ്ങനെയും അധികാരം പിടിക്കുക, കിട്ടിയ അധികാരം ഏതുവിധവും നിലനിര്‍ത്തുക. ഭാരതത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളില്‍ പ്രധാനപ്പെട്ടവ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണെന്ന് ഇടയ്ക്കിടെ നമ്മുടെ നേതാക്കള്‍ സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞു ധരിപ്പിക്കാറുണ്ട്. പക്ഷേ മതേതരത്വം! ഹാ, കഷ്ടം!! പറയാനെളുപ്പം, പ്രയോഗത്തില്‍ ഓരോ അണുവിലും അതിന്റെ അര്‍ത്ഥവും തത്വവും മൂല്യമില്ലാതായിക്കൊണ്ടിരിക്കുകയാണ്. മതേതരത്വം, മതനിരക്ഷേപത, ന്യൂനപക്ഷ സംരക്ഷണം, ഭൂരിപക്ഷ അവഗണന, മതനിരാസം ഈ വാക്കുകള്‍ക്കെല്ലാം പ്രയോഗത്തില്‍ തമ്മില്‍ ഭേദമില്ലാത്ത സ്ഥിതിവിശേഷമാണിന്ന്. ഭരണകൂടങ്ങളുടെ ഗൂഢാലോചനയെന്നെല്ലാം പറയാവുന്ന തരത്തിലാണ് മതേതരത്വം എന്നറിയപ്പെടുന്ന സെക്യുലറിസത്തിന്റെ പ്രവൃത്തിമാര്‍ഗ്ഗമെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാം. പതിറ്റാണ്ടുകളായി തടുരുന്ന സംവിധാനപ്രകാരമുള്ള ഈ സമ്പ്രദായത്തിന് മാറ്റം വരണമെങ്കില്‍ വമ്പിച്ച വിപ്ലവം തന്നെയുണ്ടാകണം-മാനസിക വിപ്ലവം. അതുപക്ഷേ ഇന്നത്തെ രീതിയിലുള്ള ‘മതേതര ഭാരത’ത്തില്‍ അത്ര എളുപ്പമല്ലാതാനും. രണ്ടു സംഭവങ്ങള്‍ ഇതാ: 19 ക്രിസ്ത്യന്‍ എംപിമാര്‍ ദല്‍ഹിയില്‍ കാത്തലിക് ബിഷ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് ഒത്തുചേര്‍ന്നു. യോഗത്തില്‍ നാല് ഇന്ത്യന്‍ കര്‍ദ്ദിനാള്‍മാരില്‍ രണ്ടുപേര്‍, ഇവാന്‍ ഡിയാസും (റോമന്‍ കത്തോലിക്ക) ബസേലിയോസ് ക്ലീമിസും (സീറോ മലങ്കര സഭ) പങ്കെടുത്തു. എംപിമാര്‍ പാര്‍ട്ടിഭിന്നത മറന്ന്, ക്രിസ്ത്യാനിയെന്ന പൊതുമാനദണ്ഡമാണ് യോഗ്യതയാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍, എഐഎഡിഎംകെ, കേരള കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാരുണ്ടായിരുന്നു. ആകെയുള്ള 25 ക്രിസ്ത്യന്‍ എംപിമാരില്‍ 19 പേര്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക് വിയോജിപ്പില്ല, അസൗകര്യം മാത്രം. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ ആയിരുന്നു സംഘാടകന്‍!! സഭയോ (മത) സഭയോ (നിയമ നിര്‍മ്മാണ) ഇവര്‍ക്കു വലുത്, പ്രധാനം എന്നു വായനക്കാര്‍ക്കു നിശ്ചയിക്കാം. മറ്റൊരു മതേതര കാഴ്ച: ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളുണ്ടോ, അതെല്ലാം നേടിയെടുക്കാന്‍ മറ്റു ന്യൂനപക്ഷസമുദായങ്ങള്‍ക്കൊപ്പം നിന്നു പോരാടാന്‍ ജയ്പൂരില്‍ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വാര്‍ഷിക പൊതുയോഗം ആഹ്വാനം ചെയ്തു. ഭരണഘടനയില്‍ മുസ്ലിങ്ങള്‍ക്കു മാത്രമായി അവകാശമുണ്ടെന്നു കണ്ടെത്തിയ മതേതരത്വം!! ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ് ആത്മീയാചാര്യനെ കാണാന്‍ പോയ കഥയുണ്ട്. ആചാര്യന്‍ കുഴങ്ങി. സാധ്യമല്ലെന്നു പറഞ്ഞാല്‍ വിഡ്ഢിയായ രാജാവ് അതിനു ശിക്ഷിക്കും. ഒടുവില്‍ ഒരുപായം പറഞ്ഞു, അങ്ങ് ഉറക്കമുണരുമ്പോള്‍ സ്വന്തം പാദരക്ഷകളെ ഓര്‍മ്മിക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ, ഉടലോടെ സ്വര്‍ഗ്ഗത്തിലയയ്ക്കാം. രാജാവ് പിന്നെ ആചാര്യനെ ശല്യം ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാദരക്ഷകളായിരുന്നു. രാജാവിന്റെ കഥപോലെയായിട്ടുണ്ട് നമ്മുടെ നിത്യജീവിതവും. മതേതര രാജ്യത്തില്‍ എന്തു ചെയ്യുമ്പോഴും ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നിങ്ങനെയും ജാതിതിരിച്ചും അതെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈവച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും? എത്ര രാഷ്ട്രീയ നേതാക്കള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, നയരൂപീകര്‍ത്താക്കള്‍ക്ക് പറയാനാകും? വന്നുവന്ന് എന്റെ അടുക്കളയില്‍ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ ഗന്ധം അയലത്തെ അന്യമതക്കാരനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലേക്കുപോലും കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ മതേതരത്വം ഒരു പാഴ്‌വാക്കായോ എന്ന് സംശയിക്കുന്നവരെ പഴിക്കാനാവില്ല. മറിച്ച് മതസഹിഷ്ണുതയാണ് ഇന്നത്തെ അടിയന്തരവുംഅടിസ്ഥാനവുമായ ആവശ്യമെന്ന് സമ്മതിക്കേണ്ടിയുംവരും. മതവൈവിധ്യമല്ല, സംസ്‌കാര ബഹുലതയാണ് നമ്മുടെ നാടിന്റെ പ്രത്യേകത. നാനാത്വത്തിലെ ഏകത്വം എന്നൊക്കെയുള്ള പ്രയോഗം കൂടുതല്‍ ചേരുന്നത് സാംസ്‌കാരികമായ ഈ ബാഹുല്യത്തിലാണ്. സംസ്‌കാരത്തിന്റെ അടിത്തറ ഒന്നാണെങ്കിലും അതിന്റെ പ്രകടീകൃതഭാവത്തിലാണ് ഈ ബാഹുല്യമെന്നത് പ്രത്യേകമോര്‍ക്കണം. മതാടിസ്ഥാനത്തില്‍ ഇങ്ങനെയൊരു ബാഹുല്യവും വൈവിധ്യവും ഉണ്ടായത് പില്‍ക്കാലത്താണെന്ന ചരിത്രവസ്തുത മറക്കരുത്. അനാദിയായ സാംസ്‌കാരിക സമ്പത്തുള്ള ഒരു രാഷ്ട്രത്തിന്റെ, (ഔദ്യോഗികമായി ചിലര്‍ അംഗീകരിച്ചുതന്ന അയ്യായിരം വര്‍ഷത്തെയെങ്കിലും) ചരിത്രം പരിഗണിക്കണം. അപ്പോള്‍ രണ്ടായിരത്തോളം വര്‍ഷം പഴക്കം അവകാശപ്പെടുന്ന സെമിറ്റിക് മതങ്ങളുടെ സാന്നിദ്ധ്യം എങ്ങനെയുണ്ടായി എന്നു വ്യക്തം. അങ്ങനെ വിലയിരുത്തുമ്പോള്‍ ഇന്നത്തെ രീതിയിലുള്ള മതേതരത്വം നമുക്ക് ഒരു ഏച്ചുകെട്ടുതന്നെയാണ്. ഒരു രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുന്നത് അന്നത്തെ സാഹചര്യങ്ങളുടേയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭാരതത്തിന്റെ ഭരണഘടനക്ക് ന്യായമായും അത് രൂപംകൊള്ളുന്നതിനുമുമ്പ് നിലനിന്നിരുന്ന ഒരു ഭരണസംവിധാനത്തിന്റെ സമ്പ്രദായങ്ങളോട് സാമ്യം ഉണ്ടാവും. പക്ഷെ ഡോ.ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍, അന്നത്തെ ചിന്തകരും വിചക്ഷണരും വിദഗ്ദ്ധരും പ്രമുഖരും ഒത്തുചേര്‍ന്ന് മാനങ്ങള്‍ കൂടിയാലോചന നടത്തിയിട്ടും മതേതരത്വം അല്ലെങ്കില്‍ മതനിരപക്ഷേത എന്ന് വ്യാഖ്യാനിക്കാന്‍ പറ്റുന്ന സെക്യുലറിസം ഭാരത ഭരണഘടനയുടെ ഭാഗമായില്ല എന്നത് വിചിത്രസ്ഥിതിയല്ല, മറിച്ച് യാഥാര്‍ത്ഥ്യാവസ്ഥയാണ് വ്യക്തമാക്കുന്നത്. ധര്‍മ്മം അഥവാ മതം എന്നതിന് റിലീജിയണ്‍ എന്ന ഇംഗ്ലീഷ് പരിഭാഷയും അതിനു പിന്നെ അര്‍ത്ഥവ്യാഖ്യാനവും വിവര്‍ത്തനവും വന്നപ്പോള്‍ സംഭവിച്ച അര്‍ത്ഥം ചുരുങ്ങലുംതന്നെ സെക്യുലറിസത്തിന്റെ ഭാരതഭാഷകളിലേക്കുള്ള വിവര്‍ത്തനത്തിനും സംഭവിച്ചു. മതേതരത്വവും മതനിരപേക്ഷതയും വിദേശികള്‍ക്ക് സെക്യുലറിസമാണ്. ഇതുരണ്ടും പക്ഷേ ”മുന്നാണ്” താനും. മതേതരത്വത്തെ ഇങ്ങനെ ഭരണകൂടം കൊലചെയ്തതിന്റെ തുടര്‍ച്ചയാണ് ജനാധിപത്യത്തിന്റെ കൊല്ലാക്കൊല. ഇതുരണ്ടുമില്ലാതെ എന്തു സോഷ്യലിസ സ്വപ്‌നം? ഭരണകൂട ഭീകരത, പച്ചക്കറി ഭീകകരതയെന്നൊക്കെ ചില ബുദ്ധിജീവികളായ എഴുത്തുകാര്‍ വാക്യത്തില്‍ പ്രയോഗിക്കുന്നതുപോലെയല്ല ഇത്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ (അങ്ങനെ പറയാമോ, മതേതരത്വത്തിന്റെ ഭാഗമായി നോക്കുമ്പോള്‍, ജനകീയമായിപ്പറയേണ്ടി വരുമ്പോള്‍ ചന്തയെന്നോ മറ്റോ വിശേഷിപ്പിക്കേണ്ടിവരും; നല്ല അര്‍ത്ഥത്തില്‍ത്തന്നെ) എന്നെല്ലാം വിശേഷിപ്പിക്കുന്നിടത്ത് ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങളും തകര്‍ത്തുതരിപ്പണമാക്കിയപ്പോള്‍ വാസ്തവത്തില്‍ കണ്ടത് ഭരണകൂട ഭീകരത തന്നെയാണ്.

 2015 മാര്‍ച്ച് 13 ന് കേരള നിയമസഭയില്‍ തകര്‍ന്നത് ആ ജനാധിപത്യമായിരു ന്നല്ലൊ. ഇല്ലാതായത് ഇതൊക്കെയാണ്, മാന്യത, സ്ത്രീസുരക്ഷ, ആവിഷ്‌കാരസ്വാതന്ത്ര്യം, നിയമവാഴ്ച, മൗലികാവകാശം നീതി നടപ്പാക്കല്‍… ഇതെല്ലാം ചേര്‍ന്നതാണല്ലൊ ജനാധിപത്യം. കളങ്കിതനായ ധനമന്ത്രിയെക്കൊണ്ടുതന്നെ ബജറ്റവതരിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചത് ആദ്യം പറഞ്ഞ അധികാരം സംരക്ഷിക്കാനുള്ള സ്വേച്ഛാധിപത്യ -ഏകാധിപത്യ വ്യഗ്രതയാണ്. പുതിയ സ്പീക്കറെ സഭയിലിരുത്താതെ സഭ തകര്‍ക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത് ആ അധികാരസ്ഥാനത്തേക്കുള്ള വഴിവെട്ടലിന്റെ തിടുക്കമാണ്. ജനാധിപത്യത്തിന്റെ ഓരോ പടിയും തകര്‍ത്ത്, സംവിധാനവും പാരമ്പര്യവും ചവിട്ടിമെതിച്ച് മൂല്യങ്ങളെ പടിയിറക്കി, ധാര്‍മികതയെ തച്ചുടച്ച് സാങ്കേതികമായിപ്പോലും കൃത്യത പാലിക്കാതെ ബജറ്റവതരിപ്പിച്ചുകൊണ്ട് ‘മിമിക്രി’ അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയുടെ ആദ്യ പ്രസ്താവന ഇങ്ങനെയായിരുന്നു. ”ഇന്ന് നിയമസഭയില്‍ നടന്ന സംഭവത്തില്‍ എനിക്ക് ഒട്ടും ഖേദമില്ല. വിഷമവുമില്ല. പക്ഷേ കഴിഞ്ഞ 12 തവണയും ബജറ്റവതരിപ്പിക്കാന്‍ വരുന്നതിനുമുമ്പ് ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. ഇത്തവണ അതു നടന്നില്ല. അതു മാത്രമാണ് വിഷമം.” ധനമന്ത്രിയുടെ മതേതരത്വ പ്രഖ്യാപനം! ഇനി ഏറെ എന്തുപറയാന്‍? അല്ലെങ്കില്‍ എന്തിനേറെ പറയണം!? മാര്‍ച്ചു മാസമാണ് മാര്‍ച്ചു ചെയ്തുപോകുന്നത്. വനിതാ ദിനമായ മാര്‍ച്ച് എട്ടായിരുന്നു അതിന്റെ മാര്‍ക്ക് (അടയാളം). ആ കലണ്ടര്‍ത്താളില്‍ കേരളം 13-ന്റെ കോളം കറുപ്പിച്ചെടുത്തു. ചില ചോദ്യങ്ങള്‍- വനിതാ എംഎല്‍എമാരെക്കൊണ്ട് ഇടതുപക്ഷം സഭയില്‍ ചാവേര്‍ കളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ? യുഡിഎഫ് എംഎല്‍എമാര്‍ വനിതാംഗങ്ങളെ പീഡിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നോ? കെ.എം. മാണിയുടെ ബജറ്റവതരണം തടയുകയായിരുന്നോ എല്‍ഡിഎഫിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ആ പദ്ധതി തയ്യാറാക്കിയത് പാര്‍ട്ടി മുന്‍സെക്രട്ടറി പിണറായി വിജയനോ, അച്യുതാനന്ദനോ, പ്രതിപക്ഷ ഉപനേതാവും സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനോ? ആര്‍ക്കാണ് പിഴച്ചതെന്ന് ആരു സമ്മതിക്കും? എന്തായാലും കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക് ഒന്നു വ്യക്തമാക്കുന്നു- ‘പുലിയച്ചാ ഞങ്ങടെ വഴക്കുതീര്‍ന്നുവെന്നു’വെന്ന് അവര്‍ സംയുക്തമായി വൈകാതെ പ്രഖ്യാപിക്കും; ജനം വീണ്ടും, നീണ്ട ചെവിവട്ടം പിടിച്ച് സ്വയംചിരിച്ച് നാലുകാലില്‍ നിന്ന് ആ മൃഗത്തെപ്പോലെ അമറും. മൂന്നു സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. 1. പാര്‍ലമെന്റില്‍ മുതിര്‍ന്ന ജനതാപരിവാര്‍ നേതാവ് ശരത് യാദവ് സ്ത്രീകളെ അവഹേളിച്ചു സംസാരിച്ചു. എതിര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ആക്ഷേപിച്ചു. ആരും സ്പീക്കറുടെ ചെയര്‍ എടുത്തെറിഞ്ഞില്ല. പിന്‍വലിക്കണമെന്ന് യാദവിനോടാവശ്യപ്പെട്ടു. ആദ്യം ബലം പിടിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. 2. പശ്ചിമബംഗാളില്‍ 72 വയസ്സുള്ള കന്യാസ്ത്രീ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. 12 അംഗ കൊള്ളയടി സംഘമാണ് പിന്നിലെന്ന് വ്യക്തമായി. വനിതാ മുഖ്യമന്ത്രിയുടെ സംസ്ഥാനമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ക്രിസ്തീയ സഭകള്‍ കുറ്റപത്രം തയ്യാറാക്കി അവതരിപ്പിച്ചത് സംഘപരിവാറിനെതിരെ. വാജ്‌പേയി ഭരണകാലത്ത് സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ ആന്ധ്രയിലെ ‘കന്യാസ്ത്രീ പീഡനകഥ’ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും. ഏതായാലും മദര്‍ സുപ്പീരിയര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പോയിരിക്കുന്നു. 3. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് ഒരു വനിതയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന് പരസ്യമായി കത്തിച്ചു. പള്ളി പ്രസംഗത്തില്‍ മതപണ്ഡിതര്‍ അതിനെ ന്യായീകരിച്ചു- വനിതാദിന മാസത്തിലെ മൂന്നു മതേതര വനിതാ പീഡന ചിത്രങ്ങള്‍.
ജന്മഭൂമി: http://www.janmabhumidaily.com/news276417

വേണം നമുക്ക് ഭാഷാമൗലികവാദം

 കാവാലം ശശികുമാര്‍ (നിരീക്ഷണം) 
March 31, 2015 

അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷിക്കായിരുന്നു. വിദ്യാഭ്യാസരംഗത്ത് മികച്ച പരിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നയം അവതരിപ്പിച്ചു. അന്ന് കേരളത്തിലെ ഒരു ബുദ്ധിജീവി സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതിങ്ങനെ ” സംസ്‌കൃതം പഠിക്കാത്തതില്‍ ഖേദിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ പഠിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ സംസ്‌കൃതം പഠിക്കണമെന്ന് ജോഷി പറയുമ്പോഴുണ്ടല്ലൊ, ഒരു ഒരു ഇത്. എതിര്‍ക്കാന്‍ തോന്നിപ്പോവുകയാണ്.  ജോഷി പറയുന്നുവെന്നതു തന്നെയാണ് പ്രശ്‌നം.” ഒരു തരം മനോരോഗം എന്നല്ലാതെ ഒന്നും അതിനു കാരണമില്ല. വ്യവസ്ഥിതിയെ എതിര്‍ക്കുക, മറ്റൊരാള്‍ പറഞ്ഞാല്‍ ചെയ്യാതിരിക്കുക തുടങ്ങിയ കൗമാരചാപല്യങ്ങള്‍ ജീവിതം മുഴുവന്‍ കൊണ്ടുനടക്കുന്നുവെന്നതാണ് എക്കാലത്തും ചില ബുദ്ധിജീവികളുടെയും ദുര്‍വിധി. ഗോവധനിരോധനത്തെ എതിര്‍ക്കുന്ന ഒരു ആരോഗ്യ ചിന്തകനും സമാനമായി പ്രതികരിച്ചു. പശുവിറച്ചി എന്നല്ല ഒരു ഇറച്ചിയും മനുഷ്യശരീരത്തിനു താങ്ങാനാവില്ല എന്നാണ് ശാസ്ത്രം. അവനേക്കാള്‍ വലിയ ശരീരമുള്ള, ശേഷിയുള്ള ഒരു ജീവിയുടെയും മാംസം ഭക്ഷിക്കാന്‍ ആരോഗ്യ ശാസ്ത്ര പ്രകാരം വിധിയില്ല, ചില പക്ഷികളെ ഒഴികെ; അവശ്യഘട്ടത്തിലൊഴികെ. എങ്കിലും ഗോവധം, നിരോധനം, അതിന് മതപരമായ വിശ്വാസ പശ്ചാത്തലം ഇതൊക്കെ വരുമ്പോള്‍ എതിര്‍ത്തുപോവുകയാണ്.എതിര്‍ക്കേണ്ടതാണെന്ന് തോന്നിപ്പോവുകയാണ്, എന്നാണ് വിശദീകരണം-വൈകൃതം മനസ്സു തുറക്കുന്നതിനങ്ങനെയാണ്. ഇതൊക്കെക്കൊണ്ടാകണം, മാതൃഭാഷാ സംരക്ഷണത്തിന് കിട്ടുന്ന വേദികളിലെല്ലാം വീമ്പിളക്കുന്ന ബുദ്ധിജീവികളാരും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഷാപ്രമേയത്തെ കണ്ടില്ലെന്ന് നടിച്ചത്. ആര്‍എസ്എസിന്റെ ഈ വര്‍ഷത്തെ നാഗ്പൂര്‍ അഖിലഭാരതീയ പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയങ്ങളിലൊന്ന് മാതൃഭാഷയെക്കുറിച്ചായിരുന്നു. പ്രമേയം വിശദീകരിക്കുന്നു: ”വിദേശഭാഷകളുള്‍പ്പെടെ വിവിധ ഭാഷകള്‍ പഠിക്കുന്നതിനെ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പൂര്‍ണമായും പിന്തുണക്കുന്നുണ്ടെങ്കിലും സ്വാഭാവിക പഠനത്തിനും സാംസ്‌കാരിക അടിത്തറ ബലപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, പ്രത്യേകിച്ചും പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലോ നമ്മുടെ ഭരണഘടന അംഗീകരിച്ച സംസ്ഥാന ഭാഷകളിലോ ആയിരിക്കണം.” ഒരുപക്ഷേ ഭാഷാ വിഷയത്തില്‍ ഇത്ര സുചിന്തിതവും സമഗ്രവും സമ്പൂര്‍ണവുമായ ഒരു നിലപാടുപ്രഖ്യാപനം മുമ്പുണ്ടായിട്ടില്ല. ഭാഷാഭ്രാന്തില്ല, അന്യഭാഷാ വിരോധമില്ല, പ്രായോഗികത ഏറെയുണ്ട്, അടിസ്ഥാനപരമായി വലിയ പരിവര്‍ത്തനത്തിനുള്ള അടിത്തറയാണ് ഈ പ്രമേയത്തില്‍. അതുകൊണ്ടാവണം ആരും അനുകൂലിച്ചില്ല, ആരുംതന്നെ എതിര്‍ത്തില്ല, ഈ രണ്ടു വിഭാഗക്കാരും കണ്ടതായി ഭാവിച്ചില്ല. അതുപറയാന്‍ ആര്‍എസ്എസ് ആരാണ് എന്ന് ചോദിക്കാനുള്ള തന്റേടംപോലും. അതു കാണിച്ചില്ല എന്നതാണ് വിസ്മയകരം. മലയാളഭാഷയുടെ ക്ലാസിക്കല്‍ പദവിയെ ചോദ്യം ചെയ്ത് കഴിഞ്ഞ മാസം ഒരു തമിഴ് പൗരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. എതിര്‍പ്പ് മലയാളത്തോടല്ല, ക്ലാസിക്കല്‍ പദവിയുടെ മാനദണ്ഡത്തോടാണ്. അതിന്റെ വിധിയെന്തായാലും മലയാളത്തിനു നേരേ ഒരു ചോദ്യമാണത്. 2045 ല്‍ മലയാളത്തില്‍ അവസാനത്തെ അച്ചടി നടക്കുമെന്ന് വിദഗ്ദ്ധര്‍ ദീര്‍ഘവീക്ഷണം നടത്തുന്നു. അതാണിപ്പോള്‍ മലയാള ഭാഷയുടെ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും ഗതി. പ്രശ്‌നം സാങ്കേതികം മാത്രമല്ല. മലയാളികള്‍ അതിവേഗം അന്യഭാഷകള്‍ പഠിച്ചെടുക്കുന്നു, കാരണം സംസ്ഥാനത്ത് വ്യവഹാരത്തിന് അന്യഭാഷ വേണമെന്ന സ്ഥിതി വന്നിരിക്കുന്നു. മലയാളത്തില്‍ ഇംഗ്ലീഷിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി പദങ്ങള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. വൈകാതെ ആസാമീസും ഉറുദുവും മലയാളത്തില്‍ വമ്പിച്ച സ്വാധീനം നേടും. ആധുനിക ആശയവിനിമയ ഉപാധികളും സാങ്കേതിക സൗകര്യങ്ങളും ഭാഷയെ കൊല്ലാക്കൊല ചെയ്യുകയാണ്. ശാസ്ത്രത്തെ എതിര്‍ക്കുകയാണെന്നു വ്യാഖ്യാനിക്കരുത്, ശാസ്ത്രവളര്‍ച്ചയോടൊപ്പം, ശാസ്ത്രാവബോധത്തോടൊപ്പം  നമ്മുടെ സാംസ്‌കാരികത്തനിമയെ സംരക്ഷിക്കേണ്ടതുണ്ട്, അതിനു ഭാഷാവബോധവും പുതു തലമുറയ്ക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്. അതിന് എന്താണ് പരിഹാരം. അതിലേക്കുള്ള ചിന്തയ്ക്കാണ് ആര്‍എസ്എസ് പ്രമേയം ശ്രദ്ധ ക്ഷണിക്കുന്നത്. കവിതയെഴുതിയും കരഞ്ഞും ഭാഷയുടെ ഇന്നത്തെ ദുഃസ്ഥിതിയില്‍ വിലപിക്കുന്നതിനപ്പുറമുള്ള പ്രവൃത്തി. ”ദൈനംദിന പ്രവര്‍ത്തനത്തിലും പൊതുകാര്യങ്ങളിലും മാതൃഭാഷയുടെ മാന്യത സ്ഥാപിച്ചെടുക്കാന്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ സ്വയംസേവകരുള്‍പ്പെടെ പൗരജനങ്ങളോട് ആഹ്വാനം ചെയ്യുന്നു,” പ്രമേയം പറയുന്നു. മാതൃഭാഷയുടെ കാര്യത്തില്‍ ചില മൗലികവാദങ്ങള്‍ വേണമെന്നുതന്നെയാണ് തോന്നുന്നത്. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മഹാത്മാഗാന്ധി ഹിന്ദി പ്രചാരണത്തെ കണ്ടത്. ദേശീയ പ്രവണതയ്ക്ക് അത് ആക്കംകൂട്ടി. എന്തിനോടെങ്കിലും അഥവാ ആരോടെങ്കിലുമുള്ള അന്ധമായ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാനസിക അകല്‍ച്ചകള്‍ പ്രാദേശിക പ്രവണതകളായി മാറുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഭാഷയുടെ സ്വാധീനത്തിനു കഴിയും. അതിന് മാതൃഭാഷ ഏറെ സഹായകമാകും. (തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭവും മാതൃഭാഷാ സംരക്ഷണത്തിന്റെ പേരിലായിരുന്നുവെന്ന് ഓര്‍ക്കുക. തമിളര്‍ ഇന്നും തമിഴിനെ കൈവിടാത്തത് അത് തന്നാടിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന യുക്തി നിരത്തിയാണ് എന്നും ഓര്‍ക്കണം) മതവും ജാതിയും മറ്റു വികാരങ്ങളും മനസ്സുകളെ അകറ്റുന്ന കാലത്ത് ഭാഷയ്ക്ക് അതിനെ പ്രതിരോധിക്കാനാവും. മാതൃഭാഷയ്ക്ക് അതില്‍ വലിയ പങ്കുവഹിക്കാനാകും. ഭാഷാ സംസ്ഥാനങ്ങളെന്ന സങ്കല്‍പ്പത്തില്‍ സംസ്ഥാനത്തിന്റെ ഭാഷ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായാല്‍ മതി. അതിന് 1. അനൗദ്യോഗികവേളകളില്‍ ശുദ്ധമലയാളമേ സംസാരിക്കൂ എന്ന് പ്രതിജ്ഞയെടുക്കുക. 2. ആഴ്ചയില്‍ ഒരിക്കല്‍ ഒരു സുഹൃത്തിനെങ്കിലും കൈപ്പടയില്‍ കത്തെഴുതുമെന്ന് നിശ്ചയിക്കുക. 3. ഭാഷാപോഷണത്തിന് അവസരം കിട്ടുന്ന വേദികളിലെല്ലാം അത് ചെയ്യുക. ഉദാഹരണത്തിന് നമ്മുടെ സ്വാധീനതയില്‍ നടക്കുന്ന ചടങ്ങുകള്‍, ആഘോഷങ്ങള്‍-അവിടെ മലയാള ഭാഷാധിഷ്ഠിതമായ വായന, ഉച്ചാരണം, കൈയെഴുത്ത്, കേട്ടെഴുത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുക. 4. മലയാള ഭാഷ അപര്യാപ്തമാണെന്ന് വിമര്‍ശിക്കപ്പെടുന്ന വേദികളില്‍ മറുവാദം പറയാന്‍ സ്വയം സജ്ജരാവുക, വാദിക്കുക. 5. മലയാളത്തെ നിന്ദിക്കുന്നവരെ കണ്ടെത്തി മുഖം നോക്കാതെ വിമര്‍ശിക്കുക, തിരുത്തിക്കുക. 6. ഓരോരുത്തരും മലയാള പ്രചാരകരാവുക. അസാധ്യമാക്കുന്നത് സാധ്യമാക്കാന്‍ സ്ഥാപനങ്ങളെ കാത്തുനില്‍ക്കുന്നതിനുപകരം വ്യക്തികള്‍ ഇറങ്ങിത്തിരിച്ചാല്‍ ആ രംഗത്ത് അത്ഭുതം സാധ്യമാണെന്ന് സ്ഥാപിച്ചു കാണിച്ചിട്ടുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആ പ്രസ്ഥാനത്തിന്റെതാണ് ആഹ്വാനം. അമൃതഭാരതി പോലുള്ള പരിവാര്‍ സംഘടനകളെന്നു വിശേഷിപ്പിക്കാവുന്നവ ഈ ഭാഷാ ദൗത്യം ഏറ്റെടുത്താല്‍, എന്‍ടിയു പോലെയുള്ള, എബിവിപി പോലെയുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അതിനെ മുന്നോട്ടു കൊണ്ടുപോയാല്‍ ആഹ്വാനം ജനകീയ പ്രസ്ഥാനമാക്കാനാവും. ബഹുഭാഷകളും പ്രാദേശികാചാരാനുഷ്ഠാന വൈവിധ്യവുമുള്ള രാജ്യത്തിന്റെ സാംസ്‌കാരിക സംരക്ഷണവും ഉദ്ഗ്രഥനവും ഉദ്ധാരണവും സാധ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാകും ഈ പുതിയ ചുവടുവയ്പ്പ് എന്നുറപ്പാണ്. 

ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വ്യക്തികളേയും പ്രസ്ഥാനങ്ങളേയും എന്നു വേണ്ട മറ്റാരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സൈബര്‍ സംവിധാനം വഴി ചെയ്യുന്നതു ശിക്ഷാര്‍ഹമാക്കുന്ന നിയമമായിരുന്നു 66 എ. ഇതു റദ്ദായതോടെ സോഷ്യല്‍ മീഡിയകളില്‍ ഇനി എന്തുചെയ്യാനും സ്വാതന്ത്ര്യം എന്നാണ് വ്യാഖ്യാനം. പക്ഷേ നിയമമില്ലാതായ ശേഷം ഇതുവരെ അപകടകരമായ നടപടികളൊന്നും ജനങ്ങളില്‍ നിന്നുണ്ടായില്ല. നിയമം നിലനിന്നപ്പോള്‍ ഉണ്ടായിട്ടുണ്ടുതാനും. അപ്പോള്‍ ചില നിയമലംഘകരുടെ മനോനിലയാണ് പ്രശ്‌നം. നിരോധിച്ചാല്‍ എതിര്‍ക്കുമെന്ന നിയമം. നിയമമോ നിയമലംഘനമോ ആദ്യമുണ്ടായതെന്ന് പുതിയ സമസ്യ. പക്ഷേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ നിയമം. അതില്‍ ഇത്ര വലിയ പഴുതുണ്ടായിരുന്നെങ്കില്‍ അതിനുത്തരവാദികളായ നിയമനിര്‍മ്മാതാക്കള്‍ ഓരോരുത്തര്‍ക്കും എന്തു ശിക്ഷയാണ് കൊടുക്കേണ്ടത്. കേരള സര്‍ക്കാരിന്റെ പോലീസ് കൊണ്ടുവന്ന സൈബര്‍ ചട്ടവും കോടതി റദ്ദാക്കി. നോക്കണേ നമ്മുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രഭൃതികളുടെയും ഒരു യോഗ്യതയും കഴിവും!!
ജന്മഭൂമി: http://www.janmabhumidaily.com/news277999