

ചിത്രമെത്ര വിചിത്രം ഹാ
കൊച്ചുമോനെത്ര വൈഭവം
ചിത്ര ലേഖന സംസ്ഥാന
മത്സരത്തില്‍ മിടുക്കനായ്
സമ്മാനവും ചിത്രവും പി-
ന്നഭിമാനവുമായവന്‍
വന്നുകേറിയ നേരത്തോ
മുത്തച്ഛന്‍ വരവേറ്റതാ
നിവര്‍ത്ത ക്യാന്‍വാസ് കണ്ടിട്ടോ
നെടുവീര്‍പ്പിട്ടു മുത്തശന്‍
തലപത്തും തികഞ്ഞുള്ള
രാവണന്‍ ഭിന്നരൂപനായ്
(ഗാന്ധി രാമന്റെയാള്‍ പക്ഷേ
രാവണന്‍ തന്റെ രൂപമീ
ഗാന്ധിജന്മ ദിനത്തില്‍ പോയ്
മത്സരിച്ചു ജയിച്ചുവോ?)
ചോദിച്ചൂ പല്ലുപോയുള്ള
മോണകാട്ടീട്ടു മുത്തശന്‍
വരയ്ക്കാമോ ഗാന്ധിജിയെ
മകനോ,ടൊക്ടോബര്‍ രണ്ടിത്
മകനോ പല്ലുകാട്ടീട്ട-
ങ്ങുരച്ചൂ- ഗാന്ധിസുന്ദരന്‍
പല്ലില്ലാത്തതിനാലിപ്പോള്‍
അപ്പൂപ്പന്‍ ഗാന്ധിയൊപ്പമായ്
ഉള്ളാല്‍ ചിരി ചിരിച്ചപ്പോള്‍;
ഖദറാലേ പൊതിഞ്ഞാരീ
ഉടലും മനവും പണ്ടേ
ഗാന്ധിപ്പാതയിലാക്കിയോന്‍
ചെറുമോനിത്രയായെന്നില്‍
ഗാന്ധി സാമ്യം പറഞ്ഞതില്‍
ഉളളിലുണ്ടായൊരാമോദം
പുറത്താക്കാതെ ചൊന്നുപോയ്
മകനേ നിന്റെയച്ഛന്‍ പ-
ണ്ടെന്നെ പുച്ഛിച്ചു; ഗാന്ധിയന്‍!!
“വിലയായെന്തു കിട്ടും തേ
തലയില്ലാത്ത ഗാന്ധിജീ??’’
എന്നു ചോദിച്ച ചോദ്യത്തി-
ന്നുത്തരം നീ മൊഴിഞ്ഞുവോ
ഗാന്ധിയെന്തിലുമുണ്ടിന്നും
തൂണിലുണ്ടീ തുരുമ്പിലും
ഗാന്ധിയെന്നൊരുമന്ത്രം ഈ-
രാജ്യത്തിന്റെ മൃദുസ്മിതം
അതെന്റെ ചിരിയില്‍ കണ്ട-
നിനക്കു വഴി നിശ്ചയം
അപ്പൂപ്പന്‍ കൊച്ചുമോനോടേവം
ചോദിച്ചൂ മോന്‍ വരയ്ക്കുമോ
ഗാന്ധിയപ്പൂപ്പനേ വേഗം
കാണട്ടേ വരവൈഭവം
വരച്ചാന്‍ നിമിഷം കൊണ്ടേ
ബാപ്പുവെ വര നാലതാല്‍
ഒരു ചോദ്യചിഹ്ന,മൊപ്പം
രണ്ടു കുത്ത,തു ഗാന്ധിയായ്
ഒരു നീളന്‍ കുനു,പ്പൊപ്പം
വടിപോലതിനപ്പുറം
വരയൊന്നിട്ടു കണ്ടപ്പോള്‍
ഗാന്ധിയേവം ശുഭം ക്ഷണം
മിടുക്കന്റെ മിടുക്കിന്മേല്‍
വിരല്‍ മൂക്കത്തുചെന്നുപോയ്
ചോദ്യമായ് ഗാന്ധി നില്‍ക്കുന്നൂ
വടിയേതേതഹിംസയോ
പുതുനാമ്പുകളില്‍ ഗാന്ധി
വരയായെങ്കിലും സദാ
നിറഞ്ഞു നില്‍ക്കെ,യൊക്ടോബര്‍
വിപ്ളവം ഗാന്ധിചിന്തയാല്‍
അറിവേനെന്റെ കാലത്തേ
ഗാന്ധിയെ വീണ്ടെടുക്കുവാന്‍
അധികം കാലമാകില്ലീ-
യനന്തര മുറയ്ക്കിനീ
അറിവേനാ ജീവിതത്തിന്‍
സത്യാന്വേഷണ വീഥിയില്‍
പലനാള്‍ ചിന്തി വീണോരാ
രക്തം പാഴാകയില്ലഹോ
അതില്‍നിന്നിന്നുയര്‍ന്നേല്‍ക്കും
രക്തബീജരനേകമായ്
അവരോ വിതകൊയ്തീടും
സ്നേഹ സാഗര വീചകള്‍
അറിവേനിന്ത്യ മാറുന്നൂ-
യുഗവേഷപ്പകര്‍ച്ചകള്‍
അയുദ്ധ മുറയില്‍ കാലം
അയോദ്ധ്യകളുയര്‍ത്തിടും
അഹിംസ വഴിയില്‍ രാജ്യം
അതിര്‍ത്തികള്‍ തകര്‍ത്തിടും