Wednesday, March 21, 2012

വാക്കും വല്‍മീകവും

വാക്കും വല്‍മീകവും


കൃത്യമായ് കുലച്ചേറ്റവില്ലിനാലമ്പെയ്തന്നു
നിത്യവും ഹനിച്ചെത്ര ഹിംസ്രരാം ജന്തുക്കളെ
കാടുവാണവന്‍, തന്റെ ജന്‍മമേ കാടത്തത്തില്‍,
കാടനായ്ക്കര്‍മ്മം, കൃത്യധീരനായ്, ജീവന്‍പോറ്റാന്‍.

ചൂരിന്നു വേറേയെന്നു തോന്നിയ മുഹൂര്‍ത്തത്തില്‍
നേരിടാനടുക്കുന്ന സിംഹത്തെ, മഹിഷത്തെ
ലേശവും ലക്ഷ്യം തെറ്റാതെയ്തിട്ടോ മഴുവാലോ
സാശയന്‍ കൊന്നാന്‍, തന്റെ ജീവിതലക്ഷ്യം കാക്കാന്‍
കാടത്തി, മക്കള്‍,പിന്നെയമ്മയും ചേര്‍ന്നിട്ടുള്ള
കൂടെത്തി,യവര്‍ക്കായിട്ടാഹാരം നിറയ്ക്കുവാന്‍
കൊന്നവന്‍ മൃഗങ്ങളെ, പക്ഷിയെ,പാമ്പെ, കാലം-
ചെല്ലവേ കാട്ടില്‍ കൂട്ടംകൂട്ടമായ് മാളോരെത്തി

പുത്തനാം യാത്രക്കാരെ പേടിപ്പിച്ചവര്‍തന്റെ
ഭക്ഷണം, പലവക സമ്പാദ്യം,തന്റേതാക്കി
കാടിനെ നാടാക്കുന്ന നാട്ടിന്റെ പരിഷ്കാരം
കാടത്തത്തനിമയില്‍ കളങ്കം ചേര്‍ത്തീടുന്നോ
കര്‍മ്മമേ മാറിപ്പോയതറിഞ്ഞീലവനുള്ളില്‍
ധര്‍മ്മമെന്നൊരു ചിന്ത തെല്ലുമേ തെളിഞ്ഞീലാ

അന്നുമാ മരക്കൊമ്പില്‍ വഴിക്കണ്ണടയ്ക്കാതെ
പൊങ്ങിനോരസ്വാസ്ഥ്യത്തിന്‍ ചൂടുമായവന്‍ കാത്തു
ദൂരെനിന്നവര്‍ വന്നൂ-വേറിട്ടവേഷം, ഭാഷ
കയ്യിലോ കരുതീട്ടില്ലൊന്നുമേ ഭാണ്ഡം പോലും
എങ്കിലും കിടച്ചേക്കാമെന്തേലുമെന്നങ്ങോര്‍ത്തു
മുന്നിലായ് ചാടിച്ചെന്നാനന്നുമേ രത്നാകരന്‍
ഒട്ടുമേ ഞെട്ടീലാരും- ഏഴുപേര്‍ സുമുഖന്‍മാര്‍
സ്വല്‍പ്പമായ് വിശേഷം; തന്‍വേഷമല്ലവര്‍ക്കാര്‍ക്കും
കൈകളില്‍ രുദ്രാക്ഷവും നെറ്റിമേല്‍ കുറികളും
ഭംഗിയില്‍ കൂട്ടിക്കെട്ടിച്ചേര്‍ത്തതാം മുടിക്കെട്ടും
ചുണ്ടിലെല്ലാര്‍ക്കും ശബ്ദമൊന്നുപോല്‍, വിഷമം താ-
നാദ്യമായ് കേള്‍ക്കുന്നോരു ശബ്ദമെന്നെന്നേ തോന്നൂ

തെല്ലിട പരുങ്ങിപ്പോയ് കാട്ടാളന്‍, പെട്ടെന്നവന്‍
മല്ലിടാന്‍ പരുവത്തില്‍ നിന്നൊട്ടു ചോദ്യം ചെയ്തൂ
ആരാണു നിങ്ങള്‍? പോവതെങ്ങോട്ടിന്നെന്തായാലും
കയ്യിലെ സമ്പാദ്യവും സര്‍വതും തന്നീടണം
അല്ലായ്കില്‍ കൊന്നീടും ഞാന്‍ കണ്ടില്ലേ തിളങ്ങുന്നൊ-
രായുധം മടിയില്ല കൊല്ലുവാനാളെപ്പോലും

തെല്ലുമേ ഭാവം മാറാതെല്ലാരും ചിരിച്ചുകൊ-
ണ്ടന്നവര്‍ പറഞ്ഞൂ നീ ചോദിച്ച ചോദ്യം കൊള്ളാം
ആരാണിതാരാണെന്ന ചോദ്യത്തിന്‍ മറുപടി-
യ്ക്കായിട്ടേ തപം ചെയ് വൂ  ഞങ്ങളും-തിരിവീലാ
കയ്യിലിന്നില്ലാ സ്വന്തമായൊന്നും, ഉള്ളില്‍ തെല്ലും
കില്ലില്ലാതുരചെയ്യാം-ഉള്ള തു താങ്കള്‍ക്കേകാം
കൊല്ലുവാന്‍ കഴിഞ്ഞേക്കാം ഞങ്ങളെ ഞങ്ങള്‍ക്കുള്ളില്‍-
കൊന്നാലും ചാവാതുള്ളൊരാത്മാവുണ്ടതു നില്‍ക്കും

ആദ്യമായ് കാണും ഭാവം, വേറിട്ട രൂപം, ശബ്ദം
ആരുമേ പറയാത്ത കാര്യങ്ങള്‍-ഇവര്‍ കൊള്ളാം.
എന്തിതെന്നിടനെഞ്ചു തുടിപ്പൂ, കൈതാഴുന്നൂ
കയ്യിലെ മഴുപ്പിടി മെല്ലവേ അയയുന്നൂ
ഇല്ല പാടില്ലില്ലില്ല കാട്ടിലേ നീതിക്കില്ല
കൊല്ലുവാന്‍ തുനിഞ്ഞാലോ ദയയും ദാക്ഷിണ്യവും
പെട്ടെന്നു രത്നാകരന്‍ തിളങ്ങും മഴുപൊക്കി
വെട്ടുവാന്‍ തുനിഞ്ഞപ്പോള്‍ ഒത്തവര്‍ ചോദിച്ചുപോയ്
ആര്‍ക്കു വേണ്ടിയാണെല്ലാം ചെയ്വത്? കര്‍മ്മത്തിന്റെ
നേട്ടവും ഫലവും ചെന്നാര്‍ക്കാണു ചേരുന്നതും?
നീ കൊല്ലും മൃഗത്തിന്റെ, ദ്രോഹിക്കും മറ്റുള്ളോന്റെ
സൌഭാഗ്യം ഭുജിപ്പോരാ പാപവും തിന്നീടുമോ?

വാക്കിന്നു വാക്കത്തിക്കുമില്ലാത്ത മൂര്‍ച്ച; ചോദ്യം-
ചോദിച്ച മുഖത്തിലോ ശാന്തമാം ചിരിമാത്രം

സംശയം തീര്‍ക്കാനമ്മ, മക്കളും സുപത്നിയും
പാര്‍ക്കുന്ന ഗുഹക്കകം ചെക്കെന്നു ചെന്നാനവന്‍
പുച്ഛിച്ച ചിരിപൊട്ടീ, പാപമോ? ആരേല്‍ക്കണം?
ഒക്കെയും നിന്‍പേരില്‍താന്‍; ഭക്ഷണം മാത്രം പഥ്യം

വാക്കുതന്നൂക്കോര്‍ക്കണം- വല്‍മീകമുടഞ്ഞന്നു
വാക്കിനാല്‍ വാക്യം-കാവ്യം-ലോകത്തിന്‍ രാമായുന്നൂ
വാക്കുകള്‍ ഉരസുമ്പോള്‍ തീക്കണമല്ലാ തീര്‍പ്പൂ
പോര്‍ക്കളം മുടക്കുവാന്‍ വാക്കൊന്നേ വഴങ്ങുള്ളൂ


കാവാലം ശശികുമാര്‍