Tuesday, April 17, 2012

കണിയമ്മുമ്മ....

കണിയമ്മുമ്മ....



കണ്ണുകൾ പൂട്ടിച്ചമ്മ കുഞ്ഞിനെ കൊഞ്ചിച്ചപ്പോൾ-
കർണ്ണികാരത്തിൻ പൂക്കൾ നല്ലപുഞ്ചിരി  തൂവും-
കണ്ണന്റെ മുന്നിൽ നിർത്തി കൈകൾ നീക്കവേ, ചോദി-
ച്ചെന്താണിതമ്മുമ്മേ എൻ കണ്ണുകൾ പൂട്ടിക്കെട്ടി.

അമ്മ തൻപൊന്നുണ്ണിയ്ക്കു കണ്ണനെ കാണും പുണ്യ-
പൊന്നുഷക്കാലത്തിന്റെ കൌതുകം പകർന്നപ്പോൾ
കണ്ണിലുമകക്കണ്ണിന്നുള്ളിലും കടന്നെത്തും
പൊൻ കണിഫലം ചേർത്തു വെള്ളരി ചിരിച്ചുവോ
പുന്നെല്ലിന്നരി നീളെ കിന്നരി വിരിയിച്ചാ
വെൺപുടക്കവിളിന്മേലുമ്മകൾ നിറച്ചുവോ...

കണ്ണനും കണ്ണാടിക്കുമുള്ളോരു ദ്വൈതാദ്വൈത
നിർവേദ സ്മരണയിൽ മുത്തച്ഛൻ ചിറികോട്ടി
അമ്മതൻ കഥാഖ്യാന വൈഭവം, കേൾക്കുന്നൊരു
കുഞ്ഞിന്റെ കഥകേൾക്കും പുന്നാരച്ചിരികളും
കണ്ണന്റെ കഥകളും കേട്ടുഞാൻ കിടക്കവേ
കുഞ്ഞുമോൻ ചോദിച്ചോരു ചോദ്യമിങ്ങനെ പൊങ്ങീ...

അമ്മുമ്മേ, ചൊല്ലമ്മുമ്മേ ആരാണു കണിവച്ച
തമ്മുമ്മയാണേലാ‍രെ അമ്മുമ്മ കണികണ്ടു...??
അമ്മുമ്മ ചൊല്ലീ, കുഞ്ഞേ അന്നെല്ലാം കണ്ടേൻ കുഞ്ഞി
ന്നച്ഛനെ, കാണുന്നിപ്പോൾ നിന്നെയെൻ പൊന്നുണ്ണീ ഞാൻ
കണ്ണിന്നു കണ്ണായെന്നും കണ്മുന്നിലുണ്ടെന്നാകിൽ
കണ്ണനെ കാട്ടിത്തരാം എന്നെന്നും കുഞ്ഞേ ഞാനും