Tuesday, May 5, 2015

മോദിയുടെ അധികപ്രസംഗങ്ങള്‍ക്കു പിന്നില്‍

മോദിയുടെ 
അധികപ്രസംഗങ്ങള്‍ക്കു പിന്നില്‍

 കാവാലം ശശികുമാര്‍ 
 May 5, 2015 

അതെല്ലാം ഒരു ഭരണാധികാരിയുടെ ഭരണ അജണ്ടയുടെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ ഭരണ നയപരിപാടികളുടെ പ്രഘോഷണമാണ്. വെറും വാചകമടിയല്ല. യുക്തിഭദ്രമായ, ആധികാരികമായ അനുഭവപാഠങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള നിലപാടറിയിക്കലാണ്. അത് തെരഞ്ഞെടുപ്പു പ്രചാരണവേദിയിലെ പ്രകടനപത്രികയുടേതില്‍നിന്നു വ്യത്യസ്തമാണ്. നരേന്ദ്രമോദിയാണ് ജനകീയ മാധ്യമങ്ങളെ ഇത്രമാത്രം വിനിയോഗിച്ചിട്ടുള്ള ഭരണാധികാരി. റേഡിയോ എന്ന ആദ്യകാല മാധ്യമം മുതല്‍ സോഷ്യല്‍ മീഡിയ എന്ന ആധുനിക മാധ്യമങ്ങള്‍വരെ വിനിയോഗിക്കുന്നു, മാത്രമല്ല ഏകപക്ഷീയമായ പലതും മുമ്പ് വിനിയോഗിച്ചിരുന്ന ഈ സംവിധാനങ്ങളെ പരസ്പരവിനിമയോപാധിയാക്കി മാറ്റിയതിനുപിന്നിലെ കാഴ്ചപ്പാട് മാത്രം മതി 'അധികപ്രസംഗ'മെന്ന വാദക്കാരുടെ നിലപാട് പൊളിയാന്‍. നരേന്ദ്രമോദി സര്‍ക്കാരിനെ വിലയിരുത്താറായോ എന്ന് സംശയിക്കാനില്ല. ഒന്നാം ദിവസം മുതല്‍ അഭിപ്രായങ്ങള്‍ അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ന്നപ്പോള്‍ അത് അക്രമമാണെന്ന് ഭൂരിപക്ഷം പേരും സമ്മതിച്ചു. നൂറാം ദിവസമായപ്പോള്‍ മാര്‍ക്കിട്ടവരോട് ധൃതികൂടിപ്പോയെന്ന് നല്ലൊരുപക്ഷം വാദിച്ചു. പക്ഷേ ഒന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ വിലയിരുത്താതിരിക്കുന്നവരാണ് വിമര്‍ശിക്കപ്പെടുകയെന്നതാണ് വ്യത്യാസം. കാരണം അഞ്ചുവര്‍ഷത്തേക്കു ഭരിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം തുടര്‍വര്‍ഷങ്ങളിലേക്കുള്ള ചൂണ്ടുപലകയാണല്ലൊ. തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അത് നിശ്ചിതകാലത്തേക്കാണ്. അതിനുമുമ്പ് അധികാരത്തില്‍ നിന്ന് തിരികെയിറക്കാന്‍ ഭാരതജനാധിപത്യ സംവിധാനത്തില്‍ വ്യവസ്ഥയില്ല. വോട്ടു ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ മാത്രമായിരുന്നു മുമ്പ് അവസരം. ഇപ്പോഴത് മേല്‍കാണുന്നവരാരുമല്ല എന്നു പറയാന്‍ പറ്റുന്ന ‘നോട്ട’ സംവിധാനം കൂടി ചേര്‍ത്ത് പരിഷ്‌കരിച്ചു. കാലക്രമത്തില്‍ അധികാരത്തിലേറ്റാനും അധികാരത്തിലുള്ളവരെ പുറത്താക്കാനും ജനാധിപത്യത്തില്‍ പുതിയ സംവിധാനം വന്നു കൂടായ്കയില്ല. എസ്എംഎസ്സിലൂടെ വോട്ടിങ്ങിലേക്ക് അധിക കാതം ദൂരമില്ല. കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാണെന്നതാണല്ലോ ജീവത്തായ ഭരണസംവിധാനത്തിന്റെ സ്വഭാവം. മോദി സര്‍ക്കാരിന്റെ വരവ് വലിയ മാറ്റത്തിലൂടെയായിരുന്നു. രാഷ്ട്രീയമാറ്റം, അതുണ്ടായത് ജനങ്ങളുടെ മനോഭാവമാറ്റം മൂലമായിരുന്നു. ജനകോടികള്‍ ഒറ്റമനസ്സോടെയും ഒരേ ഒരു ലക്ഷ്യത്തോടെയുമാണ് വോട്ടു ചെയ്തത്, മികച്ച ഭരണമായിരുന്നു ആ ലക്ഷ്യം. എന്നാല്‍ അവരുടെയെല്ലാം സങ്കല്പത്തിലെ മികച്ച ഭരണം ഒരേയൊരു മാര്‍ഗത്തിലൂടെ മാത്രം നേടാവുന്നതല്ലായിരുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത സങ്കല്പമായിരുന്നു. ചിലര്‍ക്ക് കോണ്‍ഗ്രസിന്റെ ദുര്‍ഭരണമവസാനിപ്പിച്ചാല്‍ എല്ലാമായി എന്നായിരുന്നു ചിന്ത. ചിലര്‍ക്ക് അഴിമതിയായിരുന്നു ശത്രു. മറ്റു ചിലര്‍ക്ക് സാമ്പത്തിക ശാക്തീകരണം, ചിലര്‍ക്ക് ആഭ്യന്തരപ്രശ്‌നങ്ങളുടെ ശാശ്വതപരിഹാരം, മറ്റു ചിലര്‍ക്ക് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെ കൂച്ചുവിലങ്ങിടല്‍, ചിലര്‍ക്ക് രാജ്യസുരക്ഷ, മറ്റൊരു വിഭാഗത്തിന് മികച്ച വിദേശബന്ധം, അങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു സദ്ഭരണത്തെക്കുറിച്ച്. ഇത്തരത്തില്‍ ഓരോരുത്തരുടേയും സങ്കല്പങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞതിലൂടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഭരണത്തിലെത്താന്‍ അവസരമായത്. അങ്ങനെ നോക്കുമ്പോള്‍ ഈ ഓരോ രംഗത്തും എത്രത്തോളം പ്രവര്‍ത്തിച്ചു, ആ പ്രവര്‍ത്തനം വിജയമോ, നേരായവഴിയിലോ അത് ശേഷിക്കുന്ന നാലുവര്‍ഷത്തേക്ക് പ്രതീക്ഷ നല്‍കുന്നതോ എന്നതിന്റെ വിലയിരുത്തലാവണം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍. പക്ഷേ അത്തരത്തിലുള്ള വിലയിരുത്തലിന് ആരെങ്കിലും തയ്യാറാകുമോ, അതിനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കെങ്കിലും ഉണ്ടോ എന്നതാണ് വിഷയം. അതിനേക്കാള്‍ എളുപ്പം, ഉപരിവിപ്ലവമായ, വിലയിരുത്തലെന്നമട്ടിലുള്ള, ഏകപക്ഷീയമായ ആക്രമണങ്ങളാണ്. വരാന്‍പോകുന്നത് അതായിരിക്കുകയും ചെയ്യും; പ്രത്യേകിച്ച് മോദിയുടെ രാഷ്ട്രീയകക്ഷിയേക്കാള്‍ ആള്‍ബലമുള്ള ‘പ്രതിപക്ഷങ്ങളെ’ തൃപ്തിപ്പെടുത്താന്‍ പെടാപ്പാടു പെടുന്ന കേരളത്തിലെ മാധ്യമങ്ങള്‍ തമ്മില്‍ അപകടകരമായി മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍. മോദി ഇപ്പോഴും പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു, തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ തന്നെയാണ് പ്രധാനമന്ത്രിയായിട്ടും എന്നാണ് ചിലരുടെ ആക്ഷേപം. മോദിപ്രസംഗങ്ങള്‍ അധികപ്രസംഗങ്ങളാണെന്നാണ് അവരുടെ പറച്ചില്‍. പ്രസംഗിക്കേണ്ടവര്‍ മൗനത്തിലായിരിക്കുന്നത് പറയാനില്ലാത്തതിനാലും പറയാനറിയാത്തതുകൊണ്ടുമാണെന്നത് വേറെ കാര്യം. 12 ഭാഷകളറിയാമായിരുന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ ‘മൗനിബാബ’യെന്നു കളിയാക്കി വിളിച്ചിരുന്നു. മന്‍മോഹന്‍ സിംഗിനും ഭാഷാപ്രശ്‌നമില്ലായിരുന്നു. പക്ഷേ അവര്‍ പറയേണ്ട ഘട്ടങ്ങളില്‍പ്പോലും പറഞ്ഞില്ല. അവര്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് പറയേണ്ടിയിരുന്ന കാര്യങ്ങളും ഇന്ന് പറയേണ്ടിവരുന്നുവെന്നതാണ് മോദിയുടെ പ്രസംഗാധിക്യത്തിന്, അങ്ങനെയുണ്ടെങ്കില്‍, ഒരു കാരണം. ആരോടാണ് മോദി പറയുന്നത്, രാജ്യവാസികളോട്, അവരിലെ കര്‍ഷകരോട്, വിദ്യാര്‍ത്ഥികളോട്, ശാസ്ത്രജ്ഞരോട്, ഉദ്യോഗസ്ഥവൃന്ദത്തോട്, സൈനികരോട്, രക്ഷിതാക്കളോട്, വ്യവസായികളോട്, പാര്‍ലമെന്റംഗങ്ങളോട്, വിദേശരാജ്യങ്ങളിലെ രാജ്യത്തലവന്മാരോട്, അവിടുത്തെ ഭാരതീയരോട്, തന്റെ മന്ത്രിസഭാംഗങ്ങളോട്, സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരോട്… പക്ഷേ, ഇവരോടെല്ലാം മോദിക്ക് ചിലത് പറയാനുണ്ട്. അതെല്ലാം ആദ്യമായി ഒരു ഭരണാധികാരിയില്‍നിന്ന് കേള്‍ക്കുന്ന അവര്‍ ആസ്വദിക്കുന്നുണ്ട്, ആവശ്യമാണെന്ന് തിരിച്ചറിയുന്നുണ്ട്, അനുമോദിക്കുന്നുണ്ട്, അനുസരിക്കുന്നുണ്ട്. അവിടെയാണ് ആ പ്രസംഗങ്ങളുടെ പ്രസക്തി. അതെല്ലാം ഒരു ഭരണാധികാരിയുടെ ഭരണ അജണ്ടയുടെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ ഭരണ നയപരിപാടികളുടെ പ്രഘോഷണമാണ്. വെറും വാചകമടിയല്ല. യുക്തിഭദ്രമായ, ആധികാരികമായ അനുഭവപാഠങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള നിലപാടറിയിക്കലാണ്. അത് തെരഞ്ഞെടുപ്പു പ്രചാരണവേദിയിലെ പ്രകടനപത്രികയുടേതില്‍നിന്നു വ്യത്യസ്തമാണ്. നരേന്ദ്രമോദിയാണ് ജനകീയ മാധ്യമങ്ങളെ ഇത്രമാത്രം വിനിയോഗിച്ചിട്ടുള്ള ഭരണാധികാരി. റേഡിയോ എന്ന ആദ്യകാല മാധ്യമം മുതല്‍ സോഷ്യല്‍ മീഡിയ എന്ന ആധുനിക മാധ്യമങ്ങള്‍വരെ വിനിയോഗിക്കുന്നു, മാത്രമല്ല ഏകപക്ഷീയമായ പലതും മുമ്പ് വിനിയോഗിച്ചിരുന്ന ഈ സംവിധാനങ്ങളെ പരസ്പരവിനിമയോപാധിയാക്കി മാറ്റിയതിനുപിന്നിലെ കാഴ്ചപ്പാട് മാത്രം മതി ‘അധികപ്രസംഗ’മെന്ന വാദക്കാരുടെ നിലപാട് പൊളിയാന്‍. ജനങ്ങളില്‍നിന്ന് ഭരണനിര്‍വഹണത്തിനായുള്ള അഭിപ്രായമാരായുകയും യുക്തമായവ സ്വീകരിക്കുകയും ചെയ്യുന്ന നവജനാധിപത്യ സംവിധാനം ഒരുവര്‍ഷംമുമ്പുവരെ ഭാരതത്തിന് തികച്ചും അപരിചിതമായിരുന്നു. വോട്ടു കുത്തുമ്പോള്‍ തീര്‍ന്നിരുന്ന ‘വിലയേറിയ അവകാശം’ അതിനപ്പുറത്തും തുടരുന്ന അനുഭവം വിശേഷപ്പെട്ടതുതന്നെയാണ്. മോദി തന്റെ ഭരണപദ്ധതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ ആദ്യനാളുകളില്‍ത്തന്നെ വ്യക്തമാക്കിയതാണ്- അഞ്ചുവര്‍ഷ ഭരണത്തില്‍, നാലുവര്‍ഷത്തെ ഭരണനടപടികള്‍ അഞ്ചാംവര്‍ഷം വിലയിരുത്തുമ്പോള്‍ മോദി തുടരട്ടെയെന്ന് വോട്ടര്‍മാരെക്കൊണ്ടു പറയിക്കുകയാണ്, വോട്ടു ചെയ്യിക്കുകയാണ് ലക്ഷ്യമെന്ന്. അതുവരെ മോദിക്കു രാഷ്ട്രീയമില്ല, രാഷ്ട്രം മാത്രം. രാഷ്ട്രീയ കാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടിയുണ്ടാവും. പാര്‍ട്ടിയുടെ വഴിയില്‍ മോദിയും മോദിയുടെ വഴിയില്‍ പാര്‍ട്ടിയും തടസ്സമാകില്ല. പക്ഷേ അങ്ങനെ ഭരണവും രാഷ്ട്രീയവും വെവ്വേറെ പോകുന്ന ഭരണക്രമം ഭാരതത്തില്‍ സാധ്യമാണോ? ഇതുവരെയില്ലാത്ത പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണല്ലെ വിപ്ലവകാരിയായ നേതാക്കളുടെ കര്‍ത്തവ്യം?ഐഎഎസ് ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രസംഗം. നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് തുറന്നു പറയാം, രാജ്യഹിതത്തിന് ഗുണമെങ്കില്‍ ചെയ്യാം. ആരും തടയില്ല. മേലുദ്യോഗസ്ഥരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിച്ചാല്‍ മതിയെന്ന പ്രസംഗം അധികപ്രസംഗമായിരുന്നില്ല, അതുവരെ കേള്‍ക്കാത്ത പ്രസംഗമായിരുന്നു. മംഗള്‍യാനിന്റെ വിജയത്തിനുശേഷം ശാസ്ത്രജ്ഞരോട് പറഞ്ഞത് ആകാശത്തോളം വളരാന്‍ നിങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടാകുമെന്നായിരുന്നു. പരീക്ഷണത്തിനും നിരീക്ഷണത്തിനും വിലക്കനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കത് കാതിന് തേന്‍മഴയായിരുന്നു. വിദ്യാര്‍ത്ഥികളോട് അധ്യാപകദിനത്തില്‍ നേരിട്ടു സംവദിച്ചപ്പോള്‍ ‘വിവാദപ്രസംഗ’മാക്കാന്‍ ശ്രമിച്ചവരെ നാണിപ്പിക്കുന്നതായിരുന്നു വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അതിനോടുള്ള പ്രതികരണം. ‘മന്‍ കീ ബാത്’ എന്ന റേഡിയോ പ്രസംഗ പരിപാടിയിലൂടെ ഓരോ വീടുകളിലുമെത്തി ജനമനസ്സില്‍ കയറുകയായിരുന്ന പ്രധാനമന്ത്രി. മാഡിസണ്‍ സ്‌ക്വയറിലായാലും രാംലീലാ മൈതാനത്തായാലും കാനഡയിലെ ടൊറന്റോവിലായാലും മോദി ജനകോടികളെ പ്രചോദിപ്പിക്കുകയായിരുന്നു. പ്രസംഗങ്ങള്‍ വെറും വചനപ്രഘോഷണങ്ങളായിരുന്നില്ല, നയപ്രഖ്യാപനങ്ങളായിരുന്നു. അത് ‘മേക്ക് ഇന്ത്യ’യുടെ ട്രെയിലറായിരുന്നു. ആ പ്രചാരണം ഭാരതത്തിലെ ജനങ്ങളുടെ ഭരണ പിന്തുണക്കുള്ള വോട്ടുകിട്ടാനായിരുന്നില്ല; അന്യരാജ്യങ്ങളുടെ പിന്തുണ നേടാനായിരുന്നു. അത് നേടി. ‘സാര്‍ക്കി’ല്‍ത്തുടങ്ങി ‘ബ്രിക്കി’ലൂടെ കടന്നുപോയ ‘ട്രിക്കു’കളും ‘ട്രിപ്പു’കളും ‘വര്‍ക്കു’ ചെയ്തു. ഇന്ന് ഭാരതം നേടിയ വിദേശ നയതന്ത്ര വിജയത്തിന്റെ നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തുന്നവര്‍ വിജയം തലകുലുക്കി സമ്മതിക്കും. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വൈകാതെ സ്ഥിരാംഗത്വം നേടുന്ന ഭാരതവിജയത്തിന് ഈ ആദ്യവര്‍ഷ പ്രസംഗങ്ങളാണ് അതിന് അടിത്തറയിട്ടതെന്നു വ്യക്തമാകും. ഒന്നാംവര്‍ഷത്തെ നയപ്രഖ്യാപന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടുത്ത ഘട്ടം സ്വന്തംവീടിനെ പരുവപ്പെടുത്തുക (സെറ്റ് ദ ഹൗസ് ഇന്‍ ഓര്‍ഡര്‍) യാണ്. അതിനുള്ള ശ്രമങ്ങളിലാണ് സംഘാടകനായ പ്രധാനമന്ത്രി. ഒന്നാംവര്‍ഷത്തെ വിലയിരുത്തുന്നവര്‍ അതെല്ലാം ചെയ്തുകൊള്ളട്ടെ, തനിക്ക് കിട്ടിയിരിക്കുന്നത് അഞ്ചുവര്‍ഷത്തെ ഭരണാനുമതിയാണെന്നതാണ് മോദി നിലപാട്. മന്ത്രിസഭയില്‍ മുതല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ വരെ അഴിച്ചുപണിയും ഇളക്കി പ്രതിഷ്ഠയും വൈകാതെ നടക്കും. ഓരോരോ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. അവയുടെ നടപ്പാക്കലാണ് രണ്ടാംവര്‍ഷ അജണ്ട. അതോടെയാണ് കുതിപ്പ്. സ്വയം പര്യാപ്തത നേടാനുള്ള ആ സാഹസിക യജ്ഞം 2017 ലെ കടുത്ത കാലമാകുമെന്നു തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ തുടര്‍ന്നുള്ള കാലം അതിന്റെ നേട്ടം കൊയ്യുന്നതിനുള്ളതാവും. പ്രസംഗത്തില്‍ നിന്ന് പ്രവൃത്തിയിലേക്ക്, അവിടുന്ന് പ്രകടനത്തിലേക്ക്. അതിനുള്ള ആസൂത്രണനിര്‍വഹണ പരിപാടികള്‍ക്കിടയില്‍ വിലയിരുത്തലും മൂല്യനിര്‍ണയവും വിമര്‍ശനങ്ങളും പ്രതിബന്ധമാകില്ല. പക്ഷേ, അവയും കണക്കിലെടുക്കുമ്പോഴാണല്ലോ ഭരണാധികാരികള്‍ക്ക് പൂര്‍ണലക്ഷ്യം നേടാനാവുക. അതുണ്ടാവുകയും ചെയ്യും. പോരയ്മയുണ്ടെന്നു തോന്നിയാല്‍ തിരുത്തലുകളും വരുത്തും.

പിന്‍കുറിപ്പ്: ഒരാള്‍ ഏറെ പ്രസംഗിക്കുന്നുവെന്ന് ആക്ഷേപം, മറ്റൊരാള്‍ പ്രസംഗിക്കുന്നേയില്ലെന്ന് പരാതി. ഒടുവില്‍ ആനപ്രസവംപോലെ ഒന്നു സംഭവിച്ചപ്പോള്‍ അതായി സര്‍വോത്തരമെന്ന് പ്രഘോഷണം. പറയുന്നതിലല്ല, പറയുന്നതെന്താണെന്നതാണ് പ്രധാനം. ‘ആരു പറയുന്നുവെന്നല്ല, എന്തുപറയുന്നുവെന്നതാണ് കാര്യം’ എന്ന് പറഞ്ഞത് പണ്ഡിറ്റ് നെഹ്‌റുവാണ്. പിന്തിരിപ്പനാണെന്ന മുദ്ര കുത്തി തള്ളരുത്, ഇനിപ്പറയുന്നത് മുഖ്യമാണ്, മനുസ്മൃതി ഇങ്ങനെ പറയുന്നു. സഭേ വാ ന പ്രവേഷ്ടവ്യം വക്തവ്യം വാ സമഞ്ജസ അബ്രുവന്‍ വിബ്രുവന്‍ വാളപി നരോ ഭവതി കില്‍ബിഷീ. (ഒന്നുകില്‍ സഭയില്‍ പ്രവേശിക്കരുത്. പ്രവേശിച്ചാല്‍ ഔചിത്യമില്ലാതെ കാര്യങ്ങള്‍ പറയരുത്, അവസരം വരുമ്പോള്‍ മിണ്ടാതിരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നവന്‍, പാപിയായിത്തീരുന്നു.) ആരോടാണ് ‘മാനിഷാദ’ എന്നുപറയേണ്ടതെന്ന് ഇനി ജനം തീരുമാനിക്കട്ടെ.

ജന്മഭൂമി: http://www.janmabhumidaily.com/news285472