Friday, May 27, 2011

ശാന്തം, പാപം



ശാന്തമാണെന്റെ മനസ്സിടം നീ തന്ന
സാന്ത്വനച്ചെപ്പിലെ വാക്കിന്റെയുമ്മയാല്
കാന്തമാണെന്റെ കവിള്‍തടം ചേണുറ്റ
ചാന്തിന്‍ നിറം ചേര്‍ത്ത നിന്‍വിരല് സ്പര്‍ശനാല്

നീറുന്ന വേദനക്കൂട്ടം മയങ്ങിയോ
മാറുന്നുവെന്േനാ മനക്കാറു ചെക്കനെ
ആരും മരിക്കാത്ത വീട്ടിലെങ്ങോ നിന്നി-
താരേ കടുകു വറുക്കും സുഗന്ധമോ

മാറാത്ത ദീനമാണെന്നന്നു ഡോക്ടറും
മാറിനിന്നാക്കുഞ്ഞുനഴ്സും മൊഴിഞ്ഞുവെ-
ന്നാരാണു ചൊന്നതെന്േനാര്‍മയില്ലി,ന്നലെ
മാറിയെന്‍ രോഗം- മരിച്ചതാരക്കരെ?

പാലത്തിലൂടെ കടന്നുപോകെ,പ്പാപ-
ഭാരം മറിഞ്ഞിതാ പൊള്ളുന്െനാരെണ്ണയില്
പാവം, പതിച്ചൂ, 'മറക്കൊല്ലയെന്െന'നീ-
വാവിട്ടു കേഴുന്നു, ഞാന്‍ കൈകള്‍ നീട്ടണോ?

കേറിവന്നെന്നെക്കയര്‍ത്തു നോവിച്ചു നീ
കേറിപ്പിടിച്ചു ഞെരിച്ചോരു നാളുകള്‍
താനേ മറഞ്ഞൂ ശരിക്കു ഞാനിപ്പൊളോ
വാനത്തു പാറുന്നു ഭാരമില്ലാതിതാ

Wednesday, May 18, 2011

വെളളത്തില്‍ നഞ്ചു കലക്കരുത്


പാലക്കാട്ടെ പ്ലാച്ചിമടയില്‍ പത്തുവര്‍ഷത്തിലേക്കു കടക്കുന്ന മലിനീകരണത്തിനെതിരേയുളള സമരം ‘വിജയത്തിന്‍റെ തലേന്നാള്‍ എത്തി’. എങ്കിലും...

കുടിവെളളം കലക്കിയവരോടുളള കുടിപ്പകപോലെയാണ് ആ സമരം

. പത്താം വര്‍ഷത്തിലെത്തിയിട്ടും സമരത്തീ അണയുന്നില്ല. ഒരു വിദേശ കോള കമ്പനിയെ ഒരു കൂട്ടം ആദിവാസി ഗ്രാമീണരുടെ നേതൃത്വത്തില്‍ തുടങ്ങിയ സമരത്തിനു മുന്നില്‍ മുട്ടുകുത്തിയ തുടക്കം, പരിസ്ഥിതി മലിനീകരണം നടത്തുന്ന ഏതു വ്യവസായത്തിനും താക്കീതായിത്തീരുന്ന നിയമത്തിന്‍റെ രൂപീകരണത്തില്‍ എത്തി നില്‍ക്കുന്നു. ഒരു തനി നാട്ടുമ്പുറത്തെ സമരം രാജ്യവ്യാപകമായ പ്രശ്നപരിഹാരത്തിനു വഴികാട്ടുന്നു.

പാലക്കാട് പെരുമാട്ടി പഞ്ചായത്തില്‍ നിന്ന്

1999-ല്‍ ലൈസന്‍സ് നേടിയ കൊക്കക്കോള 2000 മാര്‍ച്ചില്‍ പ്ലാച്ചിമടയില്‍ പ്ലാന്‍റ് ഉല്പാദനം ആരംഭിച്ചു. ഒമ്പതു മാസത്തോളം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പ്രദേശമായ വണ്ടിത്താവളം സ്കൂളിലെ അധ്യാപകന്‍ നരേന്ദ്രനാഥാണ് കുട്ടികള്‍ സ്കൂളില്‍ വൈകിയെത്തുന്നുവെന്നും അതിനു കാരണം കുടിവെളളം ശേഖരിക്കാന്‍ പോകുന്നതുകൊണ്ടാണെന്നും തിരിച്ചറിഞ്ഞത്. ആ കണ്ടെത്തല്‍ ഒരു വലിയ സമരമുഖം തുറക്കുകയായിരുന്നു. ബൈബിള്‍ ഭാഷയില്‍ ദാവീദും ഗോലിയാത്തും തമ്മിലുണ്ടായതുപോലെ.

നിരായുധരായി

, സൈന്യബലമില്ലാതെ, ഒരു പറ്റം പ്രാദേശിക ജനങ്ങള്‍ തുടങ്ങിയ സമരത്തിനേറ്റ തിരിച്ചടികളും ഭീഷണികളും ഏറെയായിരുന്നു. ഇക്കഴിഞ്ഞ ലോക ഭൌമദിനത്തില്‍ (2011) പത്താംവര്‍ഷത്തേക്കു കടക്കുന്ന പ്ലാച്ചിമട കൊക്കകോള പ്ലാന്‍റ് വിരുദ്ധ സമരം ആ ഗ്രാമത്തിന്‍റെ അതിര്‍ത്തിയും കടന്ന് ലോകപ്രസക്തി നേടിക്കഴിഞ്ഞിരിക്കുകയാണ്. പ്ലാച്ചിമടയിലെ സമരം വിജയത്തിന്‍റെ തലേന്നെത്തി നില്‍ക്കയാണെന്നാണ്സമരത്തിന്‍റെ പത്താം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞത്. വിജയത്തലേന്ന് എന്നാല്‍?

ശീതള പാനീയമായ കൊക്കകോള ഉല്പാദിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്

2002

560 കോടി രൂപ മുതല്‍ മുട ക്കില്‍ ഉല്പാദന പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പാലക്കാട് ജില്ലയില്‍ കുറെയേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ പോകുന്നുവെന്നും മറ്റുമാണ് പലരും കരുതിയതും വിലയിരുത്തിയതും. പക്ഷേ വൈകാതെ പ്രദേശവാസികള്‍ ആ പ്രശ്നം മനസിലാക്കി. അവരുടെ കിണറുകള്‍ വറ്റുന്നു, കുടിവെളളം മലിനമാകുന്നു. 2002-ഒടെ കുടിവെളള പ്രശ്നം രൂക്ഷമായപ്പോഴാണ് കമ്പനി പ്രതിദിനം 6.35 ലക്ഷം ലിറ്റര്‍ വെളളം ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ്. അങ്ങനെ 2001 മാര്‍ച്ച്-ഏപ്രില്‍ മാസത്തിലെ രൂക്ഷമായ കുടിവെളള ക്ഷാമത്തെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വരദരാജന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ശുദ്ധീകരിച്ച വെളളം കോള പൊതുടാപ്പുകള്‍ വച്ച് നാട്ടുകാര്‍ക്കു നല്‍കാമെന്ന വ്യവസ്ഥയുണ്ടാക്കി. പക്ഷേ, കോള കമ്പനിയുടെ മലിനജലം ഒഴുകിയിറങ്ങുന്നതു കൊണ്ടാണ് പരിസരത്തെ കിണറുകള്‍ മലിനമായതെന്ന് ഇന്‍ടാക്കിലെ ഡോ. സതീഷ് ചന്ദ്രന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കോളനി നിവാസികള്‍ എതിര്‍ത്തിട്ടും കേരള സംസ്ഥാന ജലമലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് 2004 വരെ ലൈസന്‍സ് പുതുക്കികൊടുത്തു. ഒപ്പം ആദിവാസി ഗ്രാമീണര്‍ക്കെതിരെ കമ്പനിയുടെ ആളുകളെന്നു കരുതപ്പെടുന്നവര്‍ അക്രമം നടത്തി, കയ്യേറ്റം ചെയ്തു, കളളക്കേസെ ടുപ്പിച്ചു. സമരപ്പന്തല്‍ കത്തിക്കുന്നതുള്‍പ്പെടെ (ഏറ്റവും ഒടുവില്‍ 2010 മാര്‍ച്ച് 30ന്) കടുത്ത എതിര്‍പ്പുകളും പീഡനങ്ങളും ഏറ്റിട്ടും സമരത്തില്‍ അവര്‍ അടിയുറച്ചുനിന്നു. തുടക്കത്തില്‍ സഹകരിക്കാതിരിക്കുകയും വിയോജിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമരത്തെ പിന്തുണച്ചു. ഏപ്രിലില്‍ തുടങ്ങിയ സമരം 2004 ഏപ്രിലില്‍ കമ്പനി സമ്പൂര്‍ണമായി നിര്‍ത്തിവച്ചതോടെ വിജയത്തിന്‍റെ ആദ്യവഴി പിന്നിട്ടു. കോടതിയില്‍ ഹര്‍ജികള്‍, സിംഗിള്‍ ബഞ്ചിന്‍റെ വിധിക്കെതിരെ ഡിവി ഷന്‍ ബഞ്ചില്‍ നിന്നു കൊക്കകോള കമ്പനി അവര്‍ക്ക് അനുകൂല വിധി നേടിയതും സംസ്ഥാന സര്‍ക്കാര്‍ പെരുമാട്ടി പഞ്ചായത്തിന്‍റെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം സ്റ്റേ ചെയ്തതും ഒടുവില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സുപ്രീം കോടതിയില്‍ കൊടുത്തിരിക്കുന്ന അപ്പീലില്‍ തീരുമാനം കാത്തിരിക്കുന്നതും കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെയുളള സമരചരിത്രം.

അതിനിടെ കൊക്കകോള കമ്പനി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതായി സമരക്കാരില്‍ ചിലര്‍ പ്രഖ്യാപിച്ചെങ്കിലും പ്ലാച്ചിമട നിവാസികള്‍ക്ക് കമ്പനിയില്‍ നിന്നു നഷ്ടപരിഹാ രം കിട്ടുംവരെ സമരം തുടരുമെന്ന് തീരുമാനമെടുക്കുകയും ആ പ്രക്ഷോഭം

2009

- വിജയം കണ്ട് നഷ്ടം വിലയിരുത്തി അത് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണല്‍ രൂപീകരിച്ച് നിയമം പാസാക്കിയതും വിജയത്തിന്‍റെ രണ്ടാം പടി. മെയ് മാസമാണ് കൊക്കകോള ഫാക്ടറി പ്ലാച്ചിമടയില്‍ ഉണ്ടാക്കിയ നഷ്ടം വിലയിരുത്താന്‍ ഒരു ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. സംസ്ഥാന ഭൂഗര്‍ഭ ജലബോര്‍ഡിന്‍റെ ശുപാര്‍ശ പ്രകാരമാണിത്. എന്നാല്‍ ഇതേ ബോര്‍ഡിന്‍റെ 2002 നവംബറിലെ പഠന റിപ്പോര്‍ ട്ടില്‍ പറഞ്ഞിരുന്നത് "പ്രദേശത്ത് ഏതെ ങ്കിലും മലിനീകരണ പ്രശ്നമുണ്ടെങ്കില്‍ അത് കൊക്കകോള ഫാക്ടറി പുറം തളളു ന്ന വസ്തുക്കളില്‍ നിന്നല്ല" എന്നാണ്. എന്നാല്‍ എല്ലാ പഠനത്തിലും പ്ലാച്ചിമടയുടെ പരിസ്ഥിതി പ്രശ്നങ്ങളില്‍ കൊക്കകോള കമ്പനിയുടെ പങ്ക് വ്യക്തമായിരുന്നു. 2003 ജനുവരി 15ന് സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതി പ്ലാച്ചിമട മലിനീകരണത്തില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. കമ്പനി ജലചൂഷണം നടത്തുന്നുവെന്ന് നിയമസഭയില്‍ പ്രസ്താവിച്ച ജലവിഭവ മന്ത്രി ടി എം ജേക്കബ് ഭൂഗര്‍ഭ ജലചൂഷണത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ റിപ്പോര്‍ട്ടും ബിബിസി റിപ്പോര്‍ട്ടും കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി വ്യക്തമാക്കി. കോള ഉല്‍പ്പാദനത്തിന്‍റെ അവശിഷ്ടമായ ഖരമാലിന്യ നിക്ഷേപത്തില്‍ നിന്ന് കാഡ്മിയം, ലെഡ്, ആഴ്സനിക് എന്നിവ കൂടി വെളളത്തില്‍ ലയിച്ചിരി ക്കുന്നുവെന്നും അത് അനുവദനീയമായ പരിധിയേക്കാള്‍ വളരെയേറെയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഈ ഖരമാലിന്യം വളമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രദേശത്തെ കര്‍ഷകര്‍ക്ക് കമ്പനി വിതരണം ചെയ്യുകയും അവര്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തുപോന്നു. ഈ വാര്‍ത്ത ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ പാര്‍ലമെന്‍റില്‍ ബഹളമാവുകയും 2003-ആഗസ്ത് 22ന് സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പഠിക്കുകയും ചെയ്തു. 2004-ല്‍ ഫെബ്രുവരിയില്‍ പുറത്തുവന്ന ജെപിസി റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടു പ്രകാരം ഖരമാലിന്യത്തില്‍ കാഡ്മിയം ഉയര്‍ന്ന അളവിലുണ്ടെന്നു കണ്ടെത്തിയതായി പറയുന്നുണ്ട്. ഫലമോ പാര്‍ലമെന്‍റിലെ ക്യാന്‍റീനുകളിലും പരിസരത്തും കൊക്ക കോള-പെപ്സി ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. (അപ്പോഴും രാജ്യവ്യാപക നിരോധനത്തിന് അന്നത്തെ കൃഷിമന്ത്രി ശരദ്പവാര്‍ തയ്യാറായില്ല. കേന്ദ്രസര്‍ക്കാരും.)

ഈ ഘട്ടത്തിലാണ് സമരത്തിന്‍റെ പുതിയ മുഖം തുറക്കുന്നത്

"

. 2004 ജനുവരി 26ന് കോള വിരുദ്ധ സമരത്തിനു തുടക്കം മുതല്‍ മുന്‍നിരയിലുളള സമരസമിതി രക്ഷാധികാരി വിളയോടി വേണുഗോപാല്‍ പ്രഖ്യാപനം നടത്തി, ദുരിതമനുഭവിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കി കൊക്കകോള കമ്പനി നാടുവിടും വരെ പ്ലാച്ചിമടയിലെ ജനകീയ സമരം തുടരും. അതാണ് ഉന്നതാധികാരസമിതി രൂപീകരണത്തിലും നഷ്ടം കണക്കാക്കലിലും ട്രിബ്യൂണല്‍ രൂപീകരണ ബില്ലിലും എത്തിനില്‍ക്കുന്നത്. പ്ലാച്ചിമട കൊക്കകോള ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും ആവശ്യപ്പെടുന്ന പ്രത്യേക ട്രിബ്യൂണല്‍ ബില്‍ 2011" എന്ന ബില്‍ നിയമമാക്കാന്‍ നിയമസഭയില്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ അവതരിപ്പിച്ചത് കാലാവധി തീരുന്ന സമ്മേളത്തിന്‍റെ സഭയുടെ അവസാനദിവസമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനുളളില്‍ നടപ്പാക്കുമെന്നു വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ പ്രഖ്യാപിച്ച കാര്യമാണ് ആ പതിനൊന്നാം മണിക്കൂറില്‍ ചെയ്തത്. അതും സംസ്ഥാന സര്‍ക്കാരിന് നിയമമാക്കാവുന്ന ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിയമം നിര്‍മ്മിക്കുന്ന അവസരത്തിലേ രാഷ്ട്രപതിയുടെ അനുമതി വേണ്ടൂ. പക്ഷേ ഇവിടെ സംസ്ഥാന നിയമസഭ പാസാക്കി കേന്ദ്ര ആഭ്യന്തര വകുപ്പിനയച്ചു. ആഭ്യന്തര വകുപ്പ് അത് കേന്ദ്രനിയമവകുപ്പിനും പിന്നെ പരിസ്ഥിതി വകുപ്പിനും മറ്റും അയച്ച് ശുപാര്‍ശകളുമായാണ് രാഷ്ട്രപതിക്കെത്തിക്കുന്നതെങ്കില്‍ സംസ്ഥാനം പാസാക്കിയ ബില്‍ നിയമമാകുമോ എന്നതില്‍ ആശങ്കപ്പെടണം. ഈ ആശങ്ക ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന ഡോ. ഫെയ്സി പങ്കുവക്കുന്നു. (അഭിമുഖം കാണുക)അല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി കൊക്കകോളയില്‍ വിഷാംശം കണ്ടെത്തിയിട്ടും കോള നിയന്ത്രണം പാര്‍ലമെന്‍റ് മന്ദിരത്തില്‍ മാത്രം ഒതുങ്ങുമായിരുന്നോ?

അതുകൊണ്ടാണ്

വിജയത്തിന്‍റെ തലേന്നാള്‍എന്ന പ്രയോഗത്തിനര്‍ത്ഥവ്യാപ്തി കൂടുന്നത്. പ്ലാച്ചിമട സമരവും അതിന്‍റെ അനന്തരഫലവും ലോകത്തിന് തണലാകുകയാണ്. ലോകഭീമന്മാരായ കൊക്കകോളയെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. കോടതിയുടെ ഉത്തരവിലൂടെ മാത്രം സാധാരണ നിലവില്‍ വരാറുളള ഒരു സ്വകാര്യകമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുളള നഷ്ടപരിഹാര ട്രിബ്യൂണല്‍ രൂപീകരിച്ചു. പരിസ്ഥിതി മലിനീകരണമുണ്ടാക്കിയവര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്ന ഈ പുതിയ തലം ലോകമെമ്പാടും വ്യവസായ മലിനീകരണത്തിനെതിരെയുളള പുതിയ മാതൃകയായിരിക്കുകയാണ്. കെ. ജയകുമാര്‍ ഐഎഎസ് അധ്യക്ഷനായ ഉന്നതാധികാര സമിതി കണക്കാക്കിയിരിക്കുന്നത് 216.26 കോടി രൂപയുടെ നഷ്ടമാണ്.

വിജയത്തിന്‍റെ രണ്ടാം പടി കടക്കുമ്പോഴും ഈ സമരത്തിന്‍റെ പ്രത്യേകത രാഷ്ട്രീയക്കാരുടെ നേതൃത്വമില്ലായ്മയാണെന്നു വേണം പറയാന്‍

. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതിയില്‍ 43 സംഘടനകളാണ്. അവര്‍ ആത്മാര്‍ത്ഥമായും ആദിവാസികള്‍ക്കൊപ്പം നില്‍ക്കുന്നു. സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ പത്താം വാര്‍ഷികത്തിലും ആവര്‍ത്തിച്ചു, "ഈ സമരം സമ്പൂര്‍ണ വിജയം കണ്ടേ ഞങ്ങള്‍ മടങ്ങൂ. സമരത്തില്‍ ആദിവാസികള്‍ ഒറ്റയ്ക്കല്ല, വ്യക്തികളും പ്രസ്ഥാനങ്ങളുമായി ഈ ലോകം മുഴുവന്‍ ഈ സമരങ്ങളുടെ മാതാവിനൊപ്പമുണ്ട്."

വ്യവസായം തുടങ്ങുമ്പോള്‍ പ്ലാച്ചിമടയില്‍ കിട്ടുന്നതും കമ്പനി ഉപയോഗിക്കുന്നതും അതിശുദ്ധമായ ജലമാണെന്നു രേഖാമൂലം സര്‍ക്കാരിനോടു പറഞ്ഞ കമ്പനിക്ക് ഇപ്പോഴത്തെ മലിനീകരണത്തി ന്‍റെ ഉത്തരവാദിത്തം ഏല്‍ക്കാതെ വയ്യ

. സുപ്രീം കോടതിവിധി എന്തുതന്നെയായാലും 2004 മാര്‍ച്ച് 11ന് പെരുമാട്ടി പഞ്ചായത്ത്, ലൈസന്‍സ് പുതുക്കാന്‍ വച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം കൊക്ക കോളക്ക് പ്ലാച്ചിമടക്കമ്പനി പ്രവര്‍ത്തിക്കാനാവില്ല. അധികാരവികേന്ദ്രീകരണത്തിന്‍റെ നേട്ടവും താഴേത്തട്ടിലെ ജനാധികാരത്തിനുളള ശക്തിയും മുകളില്‍ നിന്നടിച്ചേല്‍പ്പിക്കുന്ന ഇന്‍ഡ്യന്‍ ഭരണ സംവിധാനത്തിനു പ്രകടിപ്പിച്ചുകൊടുത്തതാണ് പെരുമാട്ടി പഞ്ചായത്തിന്‍റെ കരുത്ത്. പ്രാദേശികമായി വേണ്ടതെന്തെന്നു നിശ്ചയിക്കാനുളള അവകാശം. പക്ഷേ, നഷ്ടപരിഹാരം കൊടുക്കുകയെന്ന വിഷയത്തില്‍ കമ്പനി എന്തു നിയമ തടസവും ഉന്നയിക്കുമെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. അപ്പോഴും ചില ചോദ്യങ്ങള്‍- കമ്പനിക്കെതിരെ ആദിവാസി-പിന്നാക്ക വിഭാഗ പീഡനത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാത്തതെന്തു കൊണ്ട്?.

എന്നാല്‍ പ്ലാച്ചിമടയിലെ വിജയത്തിനു തലേന്നെത്തി നില്‍ക്കുന്ന സമരം പുതുശ്ശേരിയിലെ പെപ്സി ഫാക്ടറിക്ക് ഉള്‍പ്പെടെ

, രാജ്യത്തെ മലിനീകരണ കമ്പ നികള്‍ക്കെതിരെയുളള സമരങ്ങള്‍ക്കുളള തീപ്പൊരിയാകാന്‍ പോവുകയാണ്.

ബില്‍ അട്ടിമറിക്കപ്പെട്ടേക്കാം" : ഡോ.ഫൈസി

പ്ലാച്ചിമട സമരത്തിലെ ശാസ്ത്രീയപക്ഷത്തെ ശക്തിയാണ്
. കൊക്കകോള കമ്പനിയുടെ എതിര്‍വാദങ്ങള്‍ ഖണ്ഡിക്കുന്ന ഫൈസി ടിഎസ്ഐയോട്....

ഫാക്ടറി പ്രവര്‍ത്തനം നിലച്ചപ്പോള്‍ പരിസ്ഥിതി മലിനീകരണം കുറഞ്ഞോ

?

വിഷമാലിന്യം ഏല്‍പ്പിച്ച ആഘാതം മാറിയിട്ടില്ല

. എന്നാല്‍ ജലത്തിന്‍റെ ഉപഭോഗം നിലച്ചപ്പോള്‍ മാലിന്യത്തിന്‍റെ തോത് കുറഞ്ഞു.പക്ഷേ,പഠനങ്ങള്‍ കണ്ടെത്തിയത് ഭൂഗര്‍ഭ ജലത്തില്‍ മാത്രമല്ല,പശുവിന്‍ പാലിലും കാഷികോല്‍പ്പന്നങ്ങളിലും ഒരു പരിധിവരെ മനുഷ്യജീനിലും കൊക്കകോള ഖരമാലിന്യം വിഷാംശം ഏല്‍പ്പിച്ചെന്നാണ്.

നഷ്ടപരിഹാരം പ്രദേശവാസികള്‍ക്ക് കിട്ടാന്‍ ഇനി എത്രകാലം കാത്തിരിക്കണം

?

നഷ്ടം ഏകദേശം കണക്കാക്കി

. ട്രിബ്യൂണല്‍ ബില്‍ നിയമമായി,ഓരോരുത്തരില്‍നിന്നും നഷ്ടക്കണക്കെടുത്ത് വിലയിരുത്തിവേണം തുടര്‍നടപടികള്‍.

രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാന്‍ കാത്തിരിക്കേണ്ടിവരുമോ

?

വേണ്ടിവരും

. സംസ്ഥാനവിഷയങ്ങളായ കൃഷി,തൊഴില്‍,മൃഗസംരക്ഷണം,വെളളം തുടങ്ങിയവിഷയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബില്ലിന് സംസ്ഥാന നിയമസഭക്ക് അംഗീകാരം കൊടുക്കണമെന്നിരിക്കെ രാഷ്ട്രപതിക്ക് അയച്ചതിന്‍റെ ആവശ്യം മനസിലാകുന്നില്ല.അത് കോര്‍പ്പറേറ്റ് ഭീമന്മാരായ കമ്പനികള്‍ക്ക് ലോബിയിംഗ് നടത്താന്‍ അവസരം ഉണ്ടാക്കുകയാണ്. അങ്ങനെ ബില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഭയക്കുന്നുണ്ട്.പ്ലാച്ചിമടയും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരത്തെയും താരതമ്യം ചെയ്താല്‍?

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളത്തില്‍ ഭരണത്തില്‍ വരാറുളള ഇരുമുന്നണികളും ആവശ്യപ്പെടുന്നു

. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്‍റെ അധീനതയിലുളള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എന്തുകൊണ്ട് ദുരന്തബാധി തര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നില്ല. അതിന് എളുപ്പമാണ്. പക്ഷേ, അത്ചെയ്യുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക തന്നെ വേണം. പക്ഷേ, ധാര്‍മ്മികബാധ്യതയുണ്ട് സംസ്ഥാന സര്‍ക്കാരിന്. പ്ലാച്ചിമടയിലെ ട്രിബ്യൂണല്‍ നിയമത്തിന്‍റെ അടിസ്ഥാനം മലിനീകരണം നടത്തിയവര്‍ പിഴകൊടുക്കട്ടെ എന്നാണ്. ആ ബില്‍ പാസാക്കിയവര്‍ കാസര്‍കോട്ട് അത് നടപ്പാക്കട്ടെ.

മഴ പോലെ കര്‍മ്മം പെയ്ത്...


പാഞ്ഞാള്‍ അതിരാത്രം 36 വര്‍ഷത്തിനു ശേഷം യജ്ഞ സംസ്കാരം പുനരുജ്ജിവിപ്പിക്കുകയായിരുന്നു.


മൂന്നു വ്യാഴവട്ടത്തിനു ശേഷം തൃശൂര്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്‍റെ ആദ്യദിവസം. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുമ്പോള്‍ മറുചോദ്യം, ആദ്യദിവസമേ മഴ പെയ്യിക്കുമോ?!

അതി രാത്രം മഴ പെയ്യിക്കാനാണെന്ന ‘വിജ്ഞാനം’ സുഹൃത്ത് വിളംബരം ചെയ്തു!! 1975ലായിരുന്നു കുണ്ടൂരിലെ അതിരാത്രം. ഏറെ വാദവും വിവാദവും ഉണ്ടാക്കിയ, അതേസമയം നവീനകാലത്തിനനുസൃതമായി യാഗാനുഷ്ഠാനങ്ങള്‍ പുനഃക്രമീകരിച്ച യാഗം. യാഗശാലയിലെ മൃഗബലികള്‍ പ്രതീകാത്മകമായാലും മതിയെന്നു വിധിയെഴുതിയ ബ്രാഹ്മണ്യവും വേദജ്ഞാനവും യജ്ഞസംസ്കാരത്തിന്‍റെ താളിയോലയില്‍ നവാധ്യായം രചിക്കുകയായിരുന്നു.

36 വര്‍ഷത്തിനു ശേഷമാണ് അയല്‍പ്രദേശമായ പാഞ്ഞാളില്‍ ഈ വര്‍ഷം അതിരാത്രം നടന്നത്-2011 ഏപ്രില്‍ നാലു മുതല്‍ 12 ദിവസം; വര്‍ത്തതേ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍. ആദ്യദിവസം അരണിയില്‍ നിന്ന് ത്രേ താഗ്നിയെ യാഗശാലയിലേക്ക് ആഗമനം ചെയ്യിച്ച് പന്ത്രണ്ടാംദിവസം അതേ അഗ്നിയെ അരണിയില്‍ പ്രത്യാഗമനം ചെയ്യിച്ച ശേഷം ശാലക്ക് അഗ്നി കൊളുത്തി യാഗശാലാദഹനം നടത്തുന്ന തോടെയാണ് യാഗകര്‍മ്മങ്ങള്‍ പൂര്‍ത്തിയാവുക. യാഗശാലാദഹനം നടക്കവേ ഒരു സന്ദര്‍ശകന്‍ ഫോണില്‍ സുഹൃത്തിനോടു പറയുന്നതു കേട്ടു. ശാലക്ക് തീ കൊളുത്തും മുമ്പേ മഴപെയ്തു!!

അതിരാത്രം മഴ പെയ്യിക്കാനാണെന്നു മാത്രം ധരിക്കുന്നവരും അതിനപ്പുറം വിശദീകരിക്കാനാവാത്ത മറ്റെന്തൊക്കെയോ ആണെന്നു കരുതുന്നവരും ആയ സ്വദേശി വിദേശി ജനങ്ങള്‍ പല സഹസ്രം തടിച്ചുകൂടിയിരുന്നു പാഞ്ഞാളില്‍. ചിലര്‍ നിരീക്ഷണങ്ങള്‍ക്ക്, മറ്റു ചിലര്‍ പരീക്ഷണങ്ങള്‍ക്ക്, അതിലുമെത്രയോ പേര്‍ വിശ്വാസപക്ഷംകൊണ്ട്. ശ്രൌതകര്‍മ്മങ്ങളുടെ അതിസാങ്കേതികയും വേദമന്ത്രങ്ങളുടെ അതിനിഗൂഢതയും അറിയാത്ത വിശ്വാസികള്‍ തീര്‍ത്ഥാടനം പോലെ സന്ദര്‍ശനം നടത്തി. വൈദികക്രിയകള്‍ക്കും- ബ്രാഹ്മണ്യത്തിനും കേരളത്തില്‍ ഒരു കാലത്ത് ചിലര്‍ കല്പിച്ചു ചാര്‍ത്തിക്കൊടുത്ത വികൃതമുഖമാണ് ഇന്നും യാഗത്തോടും വൈദികാചാരങ്ങളോടും നിലനി ല്‍ക്കുന്നതെന്നു വേണം പറയാന്‍. ആഘോഷമായ സ്മാര്‍ത്തവിചാരങ്ങളും ആര്‍ഭാടഭരിതമായ അനുഷ്ഠാനങ്ങളും മാത്രമാണ് പൊതുരംഗത്ത് വൃത്താന്തമായത്. പക്ഷേ, അതിരാത്രം പോലൊരു കര്‍മ്മത്തിന് പിന്നിലെ ആത്യധികമായ ത്യാഗവും നിഷ്ഠയും അതിനു പ്രേരിപ്പിക്കുന്ന ധര്‍മ്മ ബോധവും അതിലെല്ലാം കൂടി അര്‍ത്ഥപൂര്‍ണമാകുന്ന ലോകത്തോടുളള ഉത്തരവാദിത്ത നിര്‍വ്വഹണവും ചെറുതല്ല. അതുപക്ഷേ, അടുത്തറിഞ്ഞാലേ വിലയറ്റതാകൂ.

അരണി കടഞ്ഞുണ്ടാക്കുന്ന അഗ്നി അതിനുമുമ്പ് എരിഞ്ഞിരുന്നത് യാഗത്തിന് യജമാനപദം വഹിക്കാന്‍ യോഗ്യത നേടിയിട്ടുളള ബ്രാഹ്മണന്‍റെ ഭവനത്തിലാണ്. അദ്ദേഹം തന്‍റെ വിവാഹ കര്‍മ്മത്തിനിടെ അനുഷ്ഠിക്കുന്ന മലര്‍ഹോമത്തില്‍ പിറവി കൊളളുന്ന അഗ്നിയെ ദമ്പതികള്‍ സ്വഭവനത്തില്‍ അണയാതെ കാത്തുസൂക്ഷിക്കുന്നു. നിത്യവും രണ്ടുനേരത്തെ ഹോമാദികള്‍ കൊണ്ടത് പുഷ്ടിപ്പെടുത്തുന്നു; ഏതെങ്കിലും കാലത്ത് നടക്കാനിടയുളള യാഗത്തില്‍ സ്ഫുലിംഗമാകാന്‍ വിധി കാത്ത് ജ്വലിപ്പിക്കുന്നു. യാഗത്തിന്‍റെ കാലമാകുമ്പോള്‍ ഈ ഏകാഗ്നിയെയാണ് ത്രേതാഗ്നിയാക്കി അരണിയിലാവാഹിക്കുന്നത്. യാഗശാലയില്‍ ആ അരണി കടയുമ്പോള്‍ അഗ്നി പിറക്കുന്നു. തീപ്പെട്ടിയോ ലൈറ്ററോ കൊണ്ട് തീ കത്തിക്കാമെന്നിരിക്കെ എന്തിന് അരണി കടയുന്ന അഭ്യാസമെന്ന ചോദ്യങ്ങള്‍ക്ക് ഈ സാധനയുടെ മാര്‍ഗപഥവും ശക്തിയും അറിയില്ലല്ലോ. ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ സോമയാജിപ്പാടായിരുന്നു ഈ അതിരാത്രത്തിന്‍റെ യജമാനന്‍. അതിരാത്രത്തിന്‍റെ പത്താം നാളില്‍ അദ്ദേഹം അക്കിത്തിരിപ്പാടായി. അതേ ഇല്ലത്തെ രണ്ടാമത്തെ അക്കിത്തിരി, അച്ഛന്‍ രവി നമ്പൂതിരിപ്പാട്, കാപ്ര ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട് എന്നിങ്ങനെ മൂന്നു പേര്‍ മാത്രമാണിന്നു കേരളത്തില്‍ ഈ പരമ വൈദികപദത്തിലുളളത്.

യാഗം കഴിഞ്ഞപ്പോള്‍ ‘ഫേസ്ബുക്കി’ലൊരു ചര്‍ച്ചവന്നു; പാഞ്ഞാള്‍ യാഗം കഴിഞ്ഞു. 18-19 നൂറ്റാണ്ടുകളില്‍ വ്യാപകമായിരുന്ന ഈ യാഗങ്ങള്‍ നാടിനു നല്‍കിയ നന്മ എന്താണെന്ന്. ബി.ആര്‍.പി. ഭാസ്ക്കര്‍ തുടങ്ങിവച്ച ചര്‍ച്ചകള്‍ പക്ഷേ, അന്ധന്‍ ആനയെ കണ്ടതുപോലെയും അരിയെത്രയെന്നതിനു പയറഞ്ഞാഴിയെന്ന മറുപടി പോലെയും നീണ്ടു. അതിരാത്രത്തെക്കുറിച്ച് പഠിച്ച് പുസ്തകം എഴുതിയ കൈതപ്രം വാസുദേവന്‍ നമ്പൂതിരി ടിഎസ്ഐയോട് പ്രതികരിച്ചു- “മഴപെയ്തുവോ എന്നതല്ല വിഷയം, അത് സംശയാലുക്കള്‍ക്ക് കൊടുക്കുന്ന പല തെളിവുകളില്‍ ഒന്നുമാത്രം. പ്രകൃതിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയുമാണ് യാഗം. അതുവഴി പ്രകൃതി പ്രതിനിധികളായ ഇന്ദ്രാദിദേവകള്‍ക്കും ലോകത്തിനാകെയും കല്യാണമുണ്ടാക്കുകയും. ബ്രാഹ്മണമേധാവിത്വം തിരിച്ചുകൊണ്ടുവരാനല്ല ഇത്, കാരണം ഇത്ര ക്ലിഷ്ടമായ അനുഷ്ഠാനങ്ങള്‍ക്ക് ഇനിയുളള കാലം ആരെയും കിട്ടില്ല; നമ്പൂതിരിമാരെ പോലും. പാഴ്ച്ചെലവാണെന്ന ആക്ഷേപം തെറ്റാണ്, കാരണം യാഗത്തിനു വരുന്ന ചെലവ് നിസാരമാണ്, അനുബന്ധച്ചെലവുകള്‍ സന്ദര്‍ശകര്‍ക്കുളള ഒരുക്കത്തിനാണ്. അന്ധവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന ആക്ഷേപത്തിനും കഴമ്പില്ല, ആരെയും ഒന്നും വിശ്വസിപ്പിക്കാന്‍ യജ്ഞത്തിലെ വൈദികരോ ഋത്വിക്കുകളോ ശ്രമിക്കുന്നില്ല. പിന്നെ അതിരാത്രത്തിന്‍റെ ഘടന സൂക്ഷ്മമായി മനസിലാക്കിയാല്‍ അതില്‍ സര്‍വ്വജാതിക്കാര്‍ക്കും പങ്കാളിത്തമുണ്ടെന്നും കാണാം.”

വിമര്‍ശകര്‍ക്കുളള കുറിക്കുകൊളളുന്ന മറുപടി യാഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. രാജന്‍ ചുങ്കത്തിന്‍റേതായിരുന്നു. അദ്ദേഹം ടിഎസ്ഐയോടു പറഞ്ഞു, “ഇവിടെ അടുത്തിടെ ഒരു തെരഞ്ഞെടുപ്പു നടന്നുവല്ലോ. അതുകൊണ്ട് എന്തു നന്മ നേടിയെന്ന് എനിക്ക് സംശയം തോന്നുന്നു. അതിന്‍റെ പേരില്‍ ഉണ്ടായത്ര തിന്മപ്രവൃത്തികള്‍ പാഞ്ഞാള്‍ അതിരാത്രത്തില്‍ ഉണ്ടായില്ലെന്നാണ് എനിക്ക് വിമര്‍ശകരോടു പറയാനുളളത്. അനുഷ്ഠാനങ്ങളിലും സമ്പ്രദായങ്ങളിലും അണുവിട മാറ്റം വരുത്താതെ നടത്തിയ യാഗം ആര്‍ക്കും ഒരു ദോഷവും ചെയ്തില്ല. പഠനങ്ങള്‍ കാണിക്കു ന്നത് ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തില്‍ അണുനശീകരണം നടന്നുവെന്നാണ്. ആധുനിക ശാസ്ത്രപ്രകാരം ഒപ്പറേഷന്‍ തീയേറ്ററുകളില്‍ നടത്താറുളള ഫ്യൂമിഗേഷന്‍ പോലെ.

പാഞ്ഞാളില്‍ ചടങ്ങുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഒരു ഫൈവ്സ്റ്റാര്‍ സംവിധാനമായിരുന്നു. അത്യന്താധുനിക സാങ്കേതിക സൌകര്യങ്ങള്‍, ഹൈ-ടെക് സംവിധാനങ്ങളോടെ. ഏതാണ്ട് ഒന്നരക്കോടി ചെലവഴിച്ചു. ആരില്‍ നിന്നും അഞ്ചു പൈസ പിരിച്ചില്ല. ഒരു ബിസിനസ് ആയിരുന്നില്ല. പക്ഷേ അരലക്ഷത്തിലേറെ പേര്‍ അവസാനദിവസം മാത്രം തടിച്ചുകൂടി. 1500 പേര്‍, അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് അനപത്യദുഃഖത്തിന് ശാന്തി പ്രതീക്ഷിച്ച് ‘സൌമ്യ’ സ്വീകരിച്ചു. വിമര്‍ശിക്കുന്നവര്‍ പാഞ്ഞാളില്‍ ഒരു മണിക്കൂര്‍ വന്നിരുന്നെങ്കില്‍ എന്നു മാത്രമേ എനിക്കു പറയാനുളളൂ.”

മഴ പെയ്യട്ടെ, പെയ്യാതിരിക്കട്ടെ. അതിരാത്രം ഒരിക്കല്‍ കൂടി അന്യം നിന്നുപോയേക്കുമെന്നു ഭയക്കുന്ന, 5000 വര്‍ഷം പഴക്കമുളള ഒരു സംസ്കൃതിയെ ജീവത്താക്കി. ആറു മണിക്കൂര്‍ നീളുന്ന മ ന്ത്രം മനഃപാഠമാക്കിയും ആയുസു മുഴുവന്‍ പവിത്രാഗ്നി സംരക്ഷിച്ചും വൈദിക സംസ്ക്കാരം തെഴുപ്പിക്കുന്ന ഒരു വിഭാഗത്തിന്‍റെ ആത്മ സാക്ഷാത്കാരമാണ് ഒരിക്കല്‍ കൂടി സാര്‍ത്ഥകമായത്. ഗീതാശ്ലോകം അത് ഒര്‍മ്മിപ്പിക്കുന്നു... അന്നാദ് ഭവന്തി ഭൂതാനി പര്‍ജന്യാദന്ന സംഭവ: യജ്ഞാദ്ഭവതിപര്‍ജന്യോ യജ്ഞ: കര്‍മ്മ സമുദ്ഭവ: ജീവന്‍ അന്നം കൊണ്ടും, അന്നം മഴ കൊണ്ടും, മഴ യജ്ഞം കൊണ്ടും, യജ്ഞം കര്‍മ്മം കൊണ്ടും സംഭവിക്കുന്നു; തെറ്റാത്ത ചാക്രിക ബന്ധം. കര്‍മ്മം-പ്രവൃത്തി, അത് ഇന്നതേ ആകാവൂ എ ന്നും ശഠിക്കരുതല്ലൊ.
http://www.thesundayindian.com/ml/story/atiratram-where-karma-rained/26/238/