Wednesday, May 18, 2011

മഴ പോലെ കര്‍മ്മം പെയ്ത്...


പാഞ്ഞാള്‍ അതിരാത്രം 36 വര്‍ഷത്തിനു ശേഷം യജ്ഞ സംസ്കാരം പുനരുജ്ജിവിപ്പിക്കുകയായിരുന്നു.


മൂന്നു വ്യാഴവട്ടത്തിനു ശേഷം തൃശൂര്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്‍റെ ആദ്യദിവസം. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുമ്പോള്‍ മറുചോദ്യം, ആദ്യദിവസമേ മഴ പെയ്യിക്കുമോ?!

അതി രാത്രം മഴ പെയ്യിക്കാനാണെന്ന ‘വിജ്ഞാനം’ സുഹൃത്ത് വിളംബരം ചെയ്തു!! 1975ലായിരുന്നു കുണ്ടൂരിലെ അതിരാത്രം. ഏറെ വാദവും വിവാദവും ഉണ്ടാക്കിയ, അതേസമയം നവീനകാലത്തിനനുസൃതമായി യാഗാനുഷ്ഠാനങ്ങള്‍ പുനഃക്രമീകരിച്ച യാഗം. യാഗശാലയിലെ മൃഗബലികള്‍ പ്രതീകാത്മകമായാലും മതിയെന്നു വിധിയെഴുതിയ ബ്രാഹ്മണ്യവും വേദജ്ഞാനവും യജ്ഞസംസ്കാരത്തിന്‍റെ താളിയോലയില്‍ നവാധ്യായം രചിക്കുകയായിരുന്നു.

36 വര്‍ഷത്തിനു ശേഷമാണ് അയല്‍പ്രദേശമായ പാഞ്ഞാളില്‍ ഈ വര്‍ഷം അതിരാത്രം നടന്നത്-2011 ഏപ്രില്‍ നാലു മുതല്‍ 12 ദിവസം; വര്‍ത്തതേ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍. ആദ്യദിവസം അരണിയില്‍ നിന്ന് ത്രേ താഗ്നിയെ യാഗശാലയിലേക്ക് ആഗമനം ചെയ്യിച്ച് പന്ത്രണ്ടാംദിവസം അതേ അഗ്നിയെ അരണിയില്‍ പ്രത്യാഗമനം ചെയ്യിച്ച ശേഷം ശാലക്ക് അഗ്നി കൊളുത്തി യാഗശാലാദഹനം നടത്തുന്ന തോടെയാണ് യാഗകര്‍മ്മങ്ങള്‍ പൂര്‍ത്തിയാവുക. യാഗശാലാദഹനം നടക്കവേ ഒരു സന്ദര്‍ശകന്‍ ഫോണില്‍ സുഹൃത്തിനോടു പറയുന്നതു കേട്ടു. ശാലക്ക് തീ കൊളുത്തും മുമ്പേ മഴപെയ്തു!!

അതിരാത്രം മഴ പെയ്യിക്കാനാണെന്നു മാത്രം ധരിക്കുന്നവരും അതിനപ്പുറം വിശദീകരിക്കാനാവാത്ത മറ്റെന്തൊക്കെയോ ആണെന്നു കരുതുന്നവരും ആയ സ്വദേശി വിദേശി ജനങ്ങള്‍ പല സഹസ്രം തടിച്ചുകൂടിയിരുന്നു പാഞ്ഞാളില്‍. ചിലര്‍ നിരീക്ഷണങ്ങള്‍ക്ക്, മറ്റു ചിലര്‍ പരീക്ഷണങ്ങള്‍ക്ക്, അതിലുമെത്രയോ പേര്‍ വിശ്വാസപക്ഷംകൊണ്ട്. ശ്രൌതകര്‍മ്മങ്ങളുടെ അതിസാങ്കേതികയും വേദമന്ത്രങ്ങളുടെ അതിനിഗൂഢതയും അറിയാത്ത വിശ്വാസികള്‍ തീര്‍ത്ഥാടനം പോലെ സന്ദര്‍ശനം നടത്തി. വൈദികക്രിയകള്‍ക്കും- ബ്രാഹ്മണ്യത്തിനും കേരളത്തില്‍ ഒരു കാലത്ത് ചിലര്‍ കല്പിച്ചു ചാര്‍ത്തിക്കൊടുത്ത വികൃതമുഖമാണ് ഇന്നും യാഗത്തോടും വൈദികാചാരങ്ങളോടും നിലനി ല്‍ക്കുന്നതെന്നു വേണം പറയാന്‍. ആഘോഷമായ സ്മാര്‍ത്തവിചാരങ്ങളും ആര്‍ഭാടഭരിതമായ അനുഷ്ഠാനങ്ങളും മാത്രമാണ് പൊതുരംഗത്ത് വൃത്താന്തമായത്. പക്ഷേ, അതിരാത്രം പോലൊരു കര്‍മ്മത്തിന് പിന്നിലെ ആത്യധികമായ ത്യാഗവും നിഷ്ഠയും അതിനു പ്രേരിപ്പിക്കുന്ന ധര്‍മ്മ ബോധവും അതിലെല്ലാം കൂടി അര്‍ത്ഥപൂര്‍ണമാകുന്ന ലോകത്തോടുളള ഉത്തരവാദിത്ത നിര്‍വ്വഹണവും ചെറുതല്ല. അതുപക്ഷേ, അടുത്തറിഞ്ഞാലേ വിലയറ്റതാകൂ.

അരണി കടഞ്ഞുണ്ടാക്കുന്ന അഗ്നി അതിനുമുമ്പ് എരിഞ്ഞിരുന്നത് യാഗത്തിന് യജമാനപദം വഹിക്കാന്‍ യോഗ്യത നേടിയിട്ടുളള ബ്രാഹ്മണന്‍റെ ഭവനത്തിലാണ്. അദ്ദേഹം തന്‍റെ വിവാഹ കര്‍മ്മത്തിനിടെ അനുഷ്ഠിക്കുന്ന മലര്‍ഹോമത്തില്‍ പിറവി കൊളളുന്ന അഗ്നിയെ ദമ്പതികള്‍ സ്വഭവനത്തില്‍ അണയാതെ കാത്തുസൂക്ഷിക്കുന്നു. നിത്യവും രണ്ടുനേരത്തെ ഹോമാദികള്‍ കൊണ്ടത് പുഷ്ടിപ്പെടുത്തുന്നു; ഏതെങ്കിലും കാലത്ത് നടക്കാനിടയുളള യാഗത്തില്‍ സ്ഫുലിംഗമാകാന്‍ വിധി കാത്ത് ജ്വലിപ്പിക്കുന്നു. യാഗത്തിന്‍റെ കാലമാകുമ്പോള്‍ ഈ ഏകാഗ്നിയെയാണ് ത്രേതാഗ്നിയാക്കി അരണിയിലാവാഹിക്കുന്നത്. യാഗശാലയില്‍ ആ അരണി കടയുമ്പോള്‍ അഗ്നി പിറക്കുന്നു. തീപ്പെട്ടിയോ ലൈറ്ററോ കൊണ്ട് തീ കത്തിക്കാമെന്നിരിക്കെ എന്തിന് അരണി കടയുന്ന അഭ്യാസമെന്ന ചോദ്യങ്ങള്‍ക്ക് ഈ സാധനയുടെ മാര്‍ഗപഥവും ശക്തിയും അറിയില്ലല്ലോ. ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ സോമയാജിപ്പാടായിരുന്നു ഈ അതിരാത്രത്തിന്‍റെ യജമാനന്‍. അതിരാത്രത്തിന്‍റെ പത്താം നാളില്‍ അദ്ദേഹം അക്കിത്തിരിപ്പാടായി. അതേ ഇല്ലത്തെ രണ്ടാമത്തെ അക്കിത്തിരി, അച്ഛന്‍ രവി നമ്പൂതിരിപ്പാട്, കാപ്ര ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട് എന്നിങ്ങനെ മൂന്നു പേര്‍ മാത്രമാണിന്നു കേരളത്തില്‍ ഈ പരമ വൈദികപദത്തിലുളളത്.

യാഗം കഴിഞ്ഞപ്പോള്‍ ‘ഫേസ്ബുക്കി’ലൊരു ചര്‍ച്ചവന്നു; പാഞ്ഞാള്‍ യാഗം കഴിഞ്ഞു. 18-19 നൂറ്റാണ്ടുകളില്‍ വ്യാപകമായിരുന്ന ഈ യാഗങ്ങള്‍ നാടിനു നല്‍കിയ നന്മ എന്താണെന്ന്. ബി.ആര്‍.പി. ഭാസ്ക്കര്‍ തുടങ്ങിവച്ച ചര്‍ച്ചകള്‍ പക്ഷേ, അന്ധന്‍ ആനയെ കണ്ടതുപോലെയും അരിയെത്രയെന്നതിനു പയറഞ്ഞാഴിയെന്ന മറുപടി പോലെയും നീണ്ടു. അതിരാത്രത്തെക്കുറിച്ച് പഠിച്ച് പുസ്തകം എഴുതിയ കൈതപ്രം വാസുദേവന്‍ നമ്പൂതിരി ടിഎസ്ഐയോട് പ്രതികരിച്ചു- “മഴപെയ്തുവോ എന്നതല്ല വിഷയം, അത് സംശയാലുക്കള്‍ക്ക് കൊടുക്കുന്ന പല തെളിവുകളില്‍ ഒന്നുമാത്രം. പ്രകൃതിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയുമാണ് യാഗം. അതുവഴി പ്രകൃതി പ്രതിനിധികളായ ഇന്ദ്രാദിദേവകള്‍ക്കും ലോകത്തിനാകെയും കല്യാണമുണ്ടാക്കുകയും. ബ്രാഹ്മണമേധാവിത്വം തിരിച്ചുകൊണ്ടുവരാനല്ല ഇത്, കാരണം ഇത്ര ക്ലിഷ്ടമായ അനുഷ്ഠാനങ്ങള്‍ക്ക് ഇനിയുളള കാലം ആരെയും കിട്ടില്ല; നമ്പൂതിരിമാരെ പോലും. പാഴ്ച്ചെലവാണെന്ന ആക്ഷേപം തെറ്റാണ്, കാരണം യാഗത്തിനു വരുന്ന ചെലവ് നിസാരമാണ്, അനുബന്ധച്ചെലവുകള്‍ സന്ദര്‍ശകര്‍ക്കുളള ഒരുക്കത്തിനാണ്. അന്ധവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന ആക്ഷേപത്തിനും കഴമ്പില്ല, ആരെയും ഒന്നും വിശ്വസിപ്പിക്കാന്‍ യജ്ഞത്തിലെ വൈദികരോ ഋത്വിക്കുകളോ ശ്രമിക്കുന്നില്ല. പിന്നെ അതിരാത്രത്തിന്‍റെ ഘടന സൂക്ഷ്മമായി മനസിലാക്കിയാല്‍ അതില്‍ സര്‍വ്വജാതിക്കാര്‍ക്കും പങ്കാളിത്തമുണ്ടെന്നും കാണാം.”

വിമര്‍ശകര്‍ക്കുളള കുറിക്കുകൊളളുന്ന മറുപടി യാഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. രാജന്‍ ചുങ്കത്തിന്‍റേതായിരുന്നു. അദ്ദേഹം ടിഎസ്ഐയോടു പറഞ്ഞു, “ഇവിടെ അടുത്തിടെ ഒരു തെരഞ്ഞെടുപ്പു നടന്നുവല്ലോ. അതുകൊണ്ട് എന്തു നന്മ നേടിയെന്ന് എനിക്ക് സംശയം തോന്നുന്നു. അതിന്‍റെ പേരില്‍ ഉണ്ടായത്ര തിന്മപ്രവൃത്തികള്‍ പാഞ്ഞാള്‍ അതിരാത്രത്തില്‍ ഉണ്ടായില്ലെന്നാണ് എനിക്ക് വിമര്‍ശകരോടു പറയാനുളളത്. അനുഷ്ഠാനങ്ങളിലും സമ്പ്രദായങ്ങളിലും അണുവിട മാറ്റം വരുത്താതെ നടത്തിയ യാഗം ആര്‍ക്കും ഒരു ദോഷവും ചെയ്തില്ല. പഠനങ്ങള്‍ കാണിക്കു ന്നത് ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തില്‍ അണുനശീകരണം നടന്നുവെന്നാണ്. ആധുനിക ശാസ്ത്രപ്രകാരം ഒപ്പറേഷന്‍ തീയേറ്ററുകളില്‍ നടത്താറുളള ഫ്യൂമിഗേഷന്‍ പോലെ.

പാഞ്ഞാളില്‍ ചടങ്ങുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഒരു ഫൈവ്സ്റ്റാര്‍ സംവിധാനമായിരുന്നു. അത്യന്താധുനിക സാങ്കേതിക സൌകര്യങ്ങള്‍, ഹൈ-ടെക് സംവിധാനങ്ങളോടെ. ഏതാണ്ട് ഒന്നരക്കോടി ചെലവഴിച്ചു. ആരില്‍ നിന്നും അഞ്ചു പൈസ പിരിച്ചില്ല. ഒരു ബിസിനസ് ആയിരുന്നില്ല. പക്ഷേ അരലക്ഷത്തിലേറെ പേര്‍ അവസാനദിവസം മാത്രം തടിച്ചുകൂടി. 1500 പേര്‍, അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് അനപത്യദുഃഖത്തിന് ശാന്തി പ്രതീക്ഷിച്ച് ‘സൌമ്യ’ സ്വീകരിച്ചു. വിമര്‍ശിക്കുന്നവര്‍ പാഞ്ഞാളില്‍ ഒരു മണിക്കൂര്‍ വന്നിരുന്നെങ്കില്‍ എന്നു മാത്രമേ എനിക്കു പറയാനുളളൂ.”

മഴ പെയ്യട്ടെ, പെയ്യാതിരിക്കട്ടെ. അതിരാത്രം ഒരിക്കല്‍ കൂടി അന്യം നിന്നുപോയേക്കുമെന്നു ഭയക്കുന്ന, 5000 വര്‍ഷം പഴക്കമുളള ഒരു സംസ്കൃതിയെ ജീവത്താക്കി. ആറു മണിക്കൂര്‍ നീളുന്ന മ ന്ത്രം മനഃപാഠമാക്കിയും ആയുസു മുഴുവന്‍ പവിത്രാഗ്നി സംരക്ഷിച്ചും വൈദിക സംസ്ക്കാരം തെഴുപ്പിക്കുന്ന ഒരു വിഭാഗത്തിന്‍റെ ആത്മ സാക്ഷാത്കാരമാണ് ഒരിക്കല്‍ കൂടി സാര്‍ത്ഥകമായത്. ഗീതാശ്ലോകം അത് ഒര്‍മ്മിപ്പിക്കുന്നു... അന്നാദ് ഭവന്തി ഭൂതാനി പര്‍ജന്യാദന്ന സംഭവ: യജ്ഞാദ്ഭവതിപര്‍ജന്യോ യജ്ഞ: കര്‍മ്മ സമുദ്ഭവ: ജീവന്‍ അന്നം കൊണ്ടും, അന്നം മഴ കൊണ്ടും, മഴ യജ്ഞം കൊണ്ടും, യജ്ഞം കര്‍മ്മം കൊണ്ടും സംഭവിക്കുന്നു; തെറ്റാത്ത ചാക്രിക ബന്ധം. കര്‍മ്മം-പ്രവൃത്തി, അത് ഇന്നതേ ആകാവൂ എ ന്നും ശഠിക്കരുതല്ലൊ.
http://www.thesundayindian.com/ml/story/atiratram-where-karma-rained/26/238/

No comments:

Post a Comment