Saturday, August 7, 2010

വീടെന്ന സ്വപ്നം


ഞാന്‍ നിര്‍മിച്ച എത്രാമത്തെ വീടാണിത്?


നിങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടോ? നിങ്ങള്‍ ഇക്കാലത്തിനിടയില്‍ എത്രയെത്ര വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്? എത്ര വീടുകളെ നിങ്ങള്‍ സ്നേഹിച്ചിട്ടുണ്ട്? ഒരുപക്ഷേ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവില്ല. മരം ചാടിനടക്കുന്ന കുരങ്ങനൊഴികെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട് ഒരു വീട്. കാട്ടാനപോലും പതിവായി തങ്ങാന്‍ ഒരു താവളം കണ്ടെത്തിയിട്ടുണ്ടാകും. അതാണതിന്റെ വീട്. ഉറുമ്പ് കെട്ടിയുണ്ടാക്കുന്ന വീടുകള്‍ എത്രയെത്ര. കുരങ്ങന്റെ കഥ മറ്റൊന്നാണ്. ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് ഏതെങ്കിലും മരച്ചുവട്ടിലോ ഇലക്കൂട്ടങ്ങളുടെ തണലിലോ ഭാര്യയേയും കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിച്ച് തണുത്തുവിറച്ചിരിക്കുമ്പോള്‍ തന്തക്കുരങ്ങ് പറയുമത്രേ. അടുത്ത മഴയ്ക്കുമുമ്പ് നമുക്കൊരു വീടുവയ്ക്കണം. പക്ഷേ അടുത്ത വര്‍ഷത്തെ മഴതുടങ്ങുമ്പോഴേ പിന്നെ വീടിനെക്കുറിച്ച് ഓര്‍മവരൂ. അപ്പോഴേക്കും പഴയ പല്ലവി പാടാന്‍ മാത്രമേ കഴിയാറുള്ളു.പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ താമസിക്കുന്നത് സ്വന്തം വീട്ടിലാണെങ്കില്‍കൂടി ഒന്നാലോചിച്ചുനോക്കൂ. ഇത്തരം ഒരു വീടുവയ്ക്കാനാണോ നിങ്ങള്‍ സ്വപ്നം കണ്ടിരുന്നത്? അഥവാ നിങ്ങള്‍ ഒരു വീടുവയ്ക്കുന്ന കാര്യം എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? നുണ പറയരുതേ. അറിഞ്ഞും അറിയാതെയും എത്രയെത്ര വീടുകള്‍ നിങ്ങള്‍ മനസ്സില്‍ നിര്‍മിച്ചിട്ടുണ്ടാകണം. ഉണ്ടാവും ഒരു പക്ഷേ എണ്ണാന്‍ പറ്റാത്തത്ര. എനിക്കുറപ്പുണ്ട് എന്നേക്കാള്‍ കൂടുതല്‍ വീടുകള്‍ നിങ്ങള്‍ നിര്‍മിച്ചിട്ടുണ്ടാവുമെന്ന്.കളിവീടുകളുണ്ടാക്കാത്ത ബാല്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. കുട്ടിക്കാലത്തെ വീടുണ്ടാക്കിക്കളിക്കല്‍ ഒരു വിനോദം തന്നെയായിരുന്നു. നിങ്ങള്‍ക്കുമുണ്ടാകാം അത്തരമനുഭവങ്ങളും ഓര്‍മകളും. ഒളിച്ചുകളിയും കണ്ണുപൊത്തിക്കളിയും പോലെ വീടുണ്ടാക്കി, അതില്‍ അച്ഛനുമമ്മയുമായി കളിക്കുമ്പോള്‍ ആരും ഭാവിയിലെ എന്റെ വീടെങ്ങനെയായിരിക്കണമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. പക്ഷേ കുലവെട്ടിയെടുത്ത വാഴയുടെ പിണ്ടി തൂണാക്കി, ഇല മേല്‍ക്കൂരയാക്കി, വാഴപ്പോളകൊണ്ട് ചുവരുണ്ടാക്കി വീടുവെച്ച ബാല്യകാലം, മണ്ണിന്‍കൂനകളില്‍ വരച്ചും മണല്‍ കൂട്ടിവച്ചും നിര്‍മിച്ച ഒറ്റമുറി വീടുകള്‍, കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പോയ മുതിര്‍ന്നവര്‍ക്കൊപ്പം നിന്ന് അവരുടെ ലോകത്തുനിന്നകന്ന് കെട്ടിപ്പൊക്കിയ മണല്‍വീടുകള്‍, തീപ്പെട്ടിക്കോലും കാലിപ്പെട്ടിയും കൊണ്ട് നിര്‍മിച്ച ചതുരക്കളങ്ങളിലെ വീടുകള്‍, സിഗരറ്റ് പാക്കറ്റിലെ മിനുക്കുപേപ്പര്‍കൊണ്ട് നിര്‍മിച്ച മനോഹരമായ വാതിലുകളുള്ള വീടുകള്‍... അങ്ങനെ എത്രയെത്ര വീടുകളുണ്ടാക്കിയിട്ടുണ്ട് നിങ്ങളും. ഒന്നോര്‍മിച്ചുനോക്കൂ...കുഞ്ഞിക്കൌതുകത്തില്‍നിന്ന് കുട്ടിക്കാലത്തേക്കുയര്‍ന്നപ്പോള്‍, രക്ഷിതാക്കള്‍ക്കൊപ്പം മറ്റു വീടുകളില്‍പോയ വേളയില്‍ സ്വന്തം വീടും ആ വീടുകളും തമ്മില്‍ ഒത്തുനോക്കിയപ്പോഴെല്ലാം നമ്മളോരോരുത്തരും ഓരോ വീടുപണിയുകയായിരുന്നുവല്ലോ. മനസില്‍ നിര്‍മിച്ച എത്രയെത്ര വിചിത്രമായ വീടുകളുടെ കഥ നമുക്ക് ഓരോരുത്തര്‍ക്കും പറയാനുണ്ടാകും. പാഠപുസ്തകത്തിലും മറ്റ് വായനാപുസ്തകങ്ങളിലും കണ്ട വര്‍ണചിത്രങ്ങള്‍ വീടുകളാണെങ്കില്‍ ഉടന്‍ നമ്മുടെ മനസും മറ്റൊന്നു നിര്‍മിക്കുകയായിരുന്നു. നമ്മള്‍ അറിയാതെയെങ്കിലും. പിന്നെ എപ്പോഴാണ് നിങ്ങള്‍ ഒരു വീട് വയ്ക്കുന്നത്. എങ്ങനെയായിരിക്കണമെന്ന് ഗൌരവമായി ആലോചിച്ചതെന്ന് ഓര്‍മിച്ചെടുക്കാനാവുമോ. അതായത്, കല്ലും സിമന്റും കമ്പിയും മണ്ണും തടിയും മറ്റും മറ്റും കൊണ്ട് നിര്‍മിക്കേണ്ട ഒരു വീടിനെക്കുറിച്ച്, നിങ്ങളുടെ വീടിനെക്കുറിച്ച് ആലോചിച്ചത്. ആദ്യം ആ വീടിന്റെ രൂപമെന്തായിരുന്നു? വീട് നിര്‍മിച്ചുകഴിഞ്ഞപ്പോള്‍ അത് നിങ്ങളുടെ സ്വപ്നവീടുതന്നെയായിരുന്നോ. സഫലമായത് സ്വപ്നം തന്നെയാണോ. നിങ്ങളുണ്ടാക്കിയ നിങ്ങളുടെ വീടിനെ ഓര്‍ത്ത് നിങ്ങള്‍ സംതൃപ്തനാണോ.രസകരമായിരിക്കും ഈ ചിന്ത. ഞാന്‍ താമസിക്കുന്നത് ആരുടെ വീട്ടില്‍ എന്നൊരു ചോദ്യം ചോദിച്ചാല്‍ സ്വന്തം വീട്ടില്‍ എന്ന് മറുപടി പറയാനാവുമോ എന്നാണ് ചോദ്യം. നിര്‍മിക്കാനോ വാങ്ങാനോ പണം മുടക്കിയതുകൊണ്ട് ഒരു വീട് സ്വന്തമാകുമോ? പഞ്ചായത്തിലെ രേഖയില്‍ ഉള്ളതുകൊണ്ട് വീട് സവന്തമാകുമോ? നമ്മള്‍ താമസിച്ചതുകൊണ്ട് ഒരു വീട് സ്വന്തമാകുമോ? നമ്മള്‍ താമസിക്കുന്ന വീടിന്റെ ഓരോ ഇഞ്ചും നമ്മുടെ സങ്കല്‍പത്തിനനുസരിച്ചാണെങ്കിലേ അത് എന്റെ സ്വന്തം വീട് എന്ന് പറയാനാകൂ, നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?പുറത്ത് മനോഹര കാഴ്ചയുള്ള പല വീടുകളിലും ഉള്ളില്‍ കാണുമ്പോള്‍ വീട്ടുകാരന്‍ പറയും ഇവിടെ ഈ മൂലയില്‍ ഇങ്ങനെയല്ല ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ സൌകര്യവും സാഹചര്യവും കൊണ്ട് അന്ന് ഇതുപോലെയേ സാധിച്ചുള്ളൂ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് സ്വന്തം വീടാണോ. ആഗ്രഹിച്ചതുപോലെ അണുവിട തെറ്റാതെ നിര്‍മിക്കാനാകാത്ത തുകൊണ്ട് തന്റെ വീട് ഇനി സ്വന്തം വീടാകാതെ പോകുമോ. ആലോചിക്കാന്‍ രസമുണ്ട്, അല്ലെ. വീടുവയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണച്ചട്ടം മുതല്‍ നമ്മുടെ സ്വപ്നവീടിനെ പ്രതിരോധിക്കാന്‍ തുടങ്ങും. പിന്നെ വീട്ടുകാര്‍.. 'സ്വപ്നങ്ങളും ദുഃഖഭാരങ്ങളും' പങ്കുവയ്ക്കാമെന്ന സിനിമാ ഗാനം കേള്‍ക്കാനും പാടാനും രസമുണ്ട്. പക്ഷേ അടുക്കള ക്കാര്യത്തില്‍ ഞാനാണവസാനവാക്കെന്നെങ്കിലും പിടിവാശികാണിക്കാത്ത ജീവിതപങ്കാളികള്‍ അപൂര്‍വമാണ്. അതോടെ അടുത്ത സ്വപ്നവ്യതിയാനമായി. പിന്നീട് ഡിസൈനര്‍, എഞ്ചിനീയര്‍, കോട്രാക്ടര്‍, അയല്‍പക്കക്കാര്‍, സുഹൃത്തു ക്കള്‍, വഴിപോക്കര്‍ തുടങ്ങി ആരാരെല്ലാം നിങ്ങളുടെ ഭവനസ്വപ്നത്തെ തടസ്സപ്പെടുത്താനുണ്ടെന്നോ. ആ പട്ടികനിര ത്തിയാല്‍ തീരില്ല. കടല്‍പ്പുറത്ത് മണ്ണുകുഴച്ചുണ്ടാക്കിയ വീടിനും കയ്യില്‍ കിട്ടിയതുകൊണ്ട് തറവാടു തൊടിയില്‍ കെട്ടിപ്പൊക്കിയ മാളികയ്ക്കും ഉണ്ടായിരുന്ന ഫിനിഷിംഗ് ഒരുപക്ഷേ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാണാറില്ല. അത് ആരുടെയും അനുഭവമാണ്. എന്നാല്‍ ഒരു സ്വപ്നവീടില്ലാത്തവരുണ്ടോ. കുഞ്ഞുന്നാളില്‍ ടാര്‍സന്‍ ചിത്രകഥകള്‍ വായിക്കുമ്പോള്‍ മരത്തിനു മുകളില്‍ വീടുവെക്കണമെന്ന് ഞാന്‍ ആഗ്ര ഹിച്ചു. മാന്‍ഡ്രേക്കു കഥകള്‍ വായിച്ച് സംസാരിക്കുന്ന ഗേറ്റും 8 എന്ന ആകൃതിയിലുള്ള വീടും സ്വന്തമാക്കുന്നത് സങ്കല്‍ പ്പിച്ചു. രാജകൊട്ടാരങ്ങള്‍ കാണുമ്പോള്‍ പക്ഷേ എന്തിനാണിത്ര വലിയ ആഡംബരം എന്നും തോന്നിയിരുന്നു. കുറച്ചു കൂടി വലുതായപ്പോള്‍ സിനിമകളില്‍ ബഹുനിലക്കെട്ടിടവും മറ്റും കപ്പോള്‍ അവയിലൊക്കെ കമ്പം ജനിച്ചു. യാത്രാവേള കളില്‍ കിരുന്ന ചേരികളും കുടിലുകളും കാണുമ്പോള്‍ ഇവര്‍ക്കെന്തുകൊണ്ട് മെച്ചപ്പെട്ട വീടു വെച്ചുകൂടാ എന്നു ചിന്തിച്ചിട്ടുണ്ട്. അതിനു വേണ്ടുന്ന പണച്ചെലവിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രായമായിരുന്നില്ല അന്ന്.ജോലികള്‍ മാറിമാറി ചേര്‍ന്നതിനൊപ്പം വാടക വീടുകള്‍ അന്വേഷിച്ചുപോയപ്പോലെല്ലാം ഇതൊന്നുമല്ലല്ലോ എന്റെ വീടെന്നു തോന്നിയിട്ടുണ്ട്. ഒരു പുഴയുടെ തീരത്ത്, പുഴയിലേക്കിറങ്ങി നില്‍ക്കുന്ന, തടികള്‍കൊണ്ട് തീര്‍ത്ത, ഏറെ കിളിവാതിലുകളുള്ള, ചതുരത്തിലുള്ള ഒരു വീട് എപ്പോഴോ മനസില്‍ രൂപം കൊണ്ടിരുന്നു. പിന്നെ ഒരിക്കല്‍ പുറത്തുനിന്നു നോക്കിയാല്‍ ഒരു സ്തഭംപോലെ മാത്രം തോന്നിക്കുന്ന, അകത്ത് എല്ലാ സൌകര്യങ്ങളുമുള്ള ഒരു വീടിനെ മോഹിച്ചു. പക്ഷേ വളരെ വൈകിയാണ് സ്വന്തമായി വീടെന്ന ആശയം പ്രാവര്‍ത്തികമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയത്. അപ്പോള്‍ ജന്മനാടുംവിട്ട് കേരളത്തിന്റെ മറ്റൊരു കോണില്‍ എത്തിപ്പെട്ടു. തിരുവിതാംകൂറില്‍നിന്ന് വള്ളുവനാട്ടിലേക്ക്. അപ്പോഴും ഭാരതപ്പുഴയുടെ തീരത്തു പാര്‍ക്കാനായില്ല. കെട്ടിട നിര്‍മാണച്ചട്ടവും എഞ്ചിനീയറും കോട്രാക്ടറും സാഹചര്യങ്ങളുമെല്ലാംകൂടി ചേര്‍ത്തുണ്ടാക്കി തന്നത് ഇരുനില കോക്രീറ്റുകെട്ടിടം. ഒരു അണുകുടുംബത്തിന് അതു ധാരാളം. പക്ഷേ ആദ്യമാദ്യം ഏതുമൂലയിലും അസംതൃപ്തിയായിരുന്നു. അവിടെ മറ്റൊന്നാകാമായിരന്നു, ഇവിടെ ഞാനിങ്ങനെയല്ല ഉദ്ദേശിച്ചത് എന്നൊക്കെ തോന്നാതിരുന്ന മുഹൂര്‍ത്തങ്ങളില്ല. പക്ഷേ, ഇപ്പോള്‍ ഞാനെന്റെ വീടിനെ സ്നേഹിക്കുകയാണ്, ഓരോ നിമിഷവും എന്റെ സ്വന്തം വീടെന്ന വികാരമാണുണ്ടാകുന്നത്. ഇവിടെ ഇപ്പോള്‍ നിര്‍മാണച്ചട്ടങ്ങള്‍ എനിക്ക് പ്രശ്നമുണ്ടാക്കിയതായി തോന്നാറില്ല. എഞ്ചിനീയറേയും കോട്രാക്ടറേയും ഞാന്‍ കുറ്റം പറയാറില്ല.അടുത്തിടെ ഞാനൊരു കുഞ്ഞാറ്റക്കളിക്കൂട് വിലയ്ക്കു വാങ്ങി ഉമ്മറത്തു തൂക്കി. അതിന്റെ ഓരോ ചികിരിയും നാരും സ്വയം സംഘടിപ്പിച്ച് സ്വയം മെനഞ്ഞുണ്ടാക്കുന്ന കൂടുകള്‍ ആ കുഞ്ഞാറ്റകള്‍ക്കെത്ര പ്രിയംകരമായിരിക്കും. അതേ പോലെയാണ് എനിക്കിപ്പോള്‍ എന്റെ വീടിനെക്കുറിച്ചും പ്രിയം. സ്വപ്നമാണോ സഫലമായതെന്ന് എനിക്കറിയില്ല, പക്ഷേ ഞാനിവിടെയിരുന്നു പുതിയ സ്വപ്നങ്ങള്‍ കാാണാറുണ്ട്-എന്റെ സങ്കല്‍പ്പത്തില്‍ ഇനിയൊരു വീട്.....
കാവാലം ശശികുമാര്‍

1 comment:

  1. വീടു നല്ല വിളക്കും തെളിച്ചവും
    ചേര്‍ന്നു മാടി വിളിക്കും ദിനത്തിലെന്‍
    വേദനകള്‍ മറന്നുപോം, അന്നെന്റെ
    രാഗവായ്പ്പിന്‍ ഗൃഹപ്രവേശം സുഖം

    മനയില്‍

    ReplyDelete