Wednesday, August 11, 2010

പിണ്ഡോദകം (കവിത)മഴനൂലുകളിൽ ഊർന്നിറങ്ങിയാണ്
അവർ വന്നത്....
പോയ വർഷം ഒപ്പം ഉണ്ടായിരുന്നവരിൽ
പലരും ഇല്ല
പുതിയ സൌഹൃദങ്ങളും കൂട്ടം പറച്ചിലുകളുമായി
അവർ പുഴയുടെ തീരത്തു കാത്തുനിന്നു
അവർ വരും
കൊച്ചുമകന്റെ കൈക്കുടന്നയിൽ നിന്നു
വിരലുകൾക്കിടയിലൂടെ
ഇറ്റിറ്റു വീഴുന്നത് ഒന്നോ രണ്ടോ
അല്ലെങ്കിൽ നാലഞ്ചു തുള്ളി മാത്രം
ഒരു വർഷത്തെ ആത്മ ദാഹം പോക്കാൻ
അതു പോരെന്നു തോന്നും
പക്ഷെ ഒരു തുള്ളികൊണ്ട് മനസു നിറയ്ക്കുന്ന
തീർത്ഥമാണല്ലോ അത്

അങ്ങേ തലയ്ക്കൽ എപ്പോഴും തിരക്കാണ്
അവരുടെ വർത്തമാനങ്ങളിൽ സാമൂതിരിക്കഥകളാണ് എന്നും
സ്വന്തം തല കൊടുത്തും തമ്പുരാന്റെ മാനം കാത്ത
കഥകളിലെ വീര നായകർക്കു അതേക്കുറിച്ചു
പറയാനും തിരുനാവും വായും വാശിയും കുറയുന്നില്ല
ബന്ധുക്കളെ കാണാൻ അവരിൽ
പലരും തിക്കിത്തിരക്കി മുന്നേറി
അന്നു വായ്ത്താരി മുഴക്കി പോയ ആവേശത്തിൽ തന്നെ

അവർ വന്നു
വിലയേറിയ വാഹനത്തിൽ ചിലർ
ബലിത്തറയിലും പലർ
ഫോൺ വിളിച്ചു
ഊഴം കാത്തു നിന്നവർ
സൌകര്യക്കുറവിൽ ക്ഷോഭിച്ചു
മകെനെ പിതൃതർപ്പണം മനസിലാക്കിക്കാൻ
മുറി ഇംഗ്ലീഷുമായി മല്ലിടുന്നുണ്ടായിരുന്നു ഒരാൾ

പട്ടുസാരിയിൽ മഴത്തുള്ളി വീഴാതിരിക്കാൻ
പിടിച്ച മുത്തുക്കുടയുടെ പേരു വായിച്ച്
അവർ ചിരിച്ചത് പക്ഷേ ആരും കേട്ടില്ല-ആൽപ്സ്
അൽ‌പ്പനും അർത്ഥരാത്രിയും ഒക്കെ ഒർമിപ്പിച്ചു
അവരെ ആ‍ വാക്ക്
അവസാനം ഒരു തുള്ളി വെള്ളത്തിനുവിളിച്ചു കരയുമ്പോൾ
ആ മരുമകൾ പറഞ്ഞ പുലഭ്യങ്ങൾ
ആ വൃദ്ധ പതം പറഞ്ഞു, ഒപ്പം നിന്നവർ ആശ്വസിപ്പിച്ചു
അതാ പുരോഹിതൻ നിർദ്ദേശങ്ങൾ കൊടുത്തു തുടങ്ങി
ഇപ്പോൾ കിട്ടും തിലോദകം....

തിരക്കിനിടയിൽ നിന്നു രക്ഷപ്പെട്ട ആശ്വാസത്തിൽ
അയാൾ പറഞ്ഞു-ഹാവൂ കഴിഞ്ഞുകിട്ടി, ആശ്വാസമായി
ചെറുപ്പക്കാർ വണ്ടി ബിവറേജസിലേക്കു വിടാൻ നിർദ്ദേശിച്ചു
പുരോഹിതന്മാർ ഇത്തവണ ആളു കൂടിയതിൽ ആഹ്ലാദിച്ചു
ലൈഫ് ഇൻഷുരൻസിന്റെ പരസ്യങ്ങൾ പുഞ്ചിരിക്കുന്നു
പരിസ്ഥിതി പ്രവർത്തകർ നോട്ടീസ് വിതരണം ചെയ്യുന്നു
പന്നിപ്പനി തടയാൻ മുഖം മൂടി വക്കാനുള്ള ആഹ്വനങ്ങൾ
മടക്കയാത്രയ്ക്കുള്ള കോപ്പു കൂട്ടുമ്പോൾ ചിലർ നിശ്വസിച്ചു
ഇത്തവണയും ആരും വന്നില്ല ഒരിറ്റു ദാഹ നീർ തരാൻ
അപരൻ സമാധാനിപ്പിച്ചു-
ജ്ഞാതാജ്ഞാതരിൽ താനും പെടും
അവർ പൊട്ടിച്ചിരിച്ചു...ഇനി അടുത്ത അമാവാസി കാക്കാം

മുങ്ങിക്കയറുന്നവരോടു പുഴ ചോദിച്ചു....
അടുത്ത വർഷം??

No comments:

Post a Comment