
തലയില്ലാത്ത ജീവിതം
നരകമാണ്
ബോധ നിലാവു കെടാതെ
ജീവന്റെ വേരുകള്‍ മാത്രം ശേഷിക്കെ
ജീവിക്കാന്‍ വിധിക്കപ്പെടുന്നതു ശാപമാണ്
അരുതേ സുഹൃത്തെ
തെന്നി വീഴരുത്,വഴുതരുത്
കബന്ധമാകും മുമ്പേ നമ്മുടെ
കണ്ണീരൊഴുക്കുണ്ടാക്കിയ
തണ്ണീര്‍ തടാകം മലിനമാക്കരുതേ
നമ്മെ വൃദ്ധ സദനത്തില്‍ തള്ളിയ
കൊച്ചു മക്കള്‍ക്കുള്ള
ദാഹജലമാണത്
അവര്‍ക്കു പറക്കാന്‍
പാഞ്ഞു നടക്കാന്‍
പാകം ചെയ്യാന്‍
ഇടയ്ക്കെപ്പോഴെങ്കിലും നമ്മെ കാണാനായ്
വിനോദ സഞ്ചാരികളുടെ വേഷം കെട്ടാന്‍
നമുക്കു കല്‍ക്കരിയാകാം
പെട്രോളാകാം
വരിക, ഈ മണ്ണിലേക്കു നമുക്കു
കൈകോര്‍ത്തു മടങ്ങാം
കബന്ധങ്ങള്‍
അധികം സംസാരിക്കരുത്
കുണപങ്ങള്‍ ആരേയും
ശല്യപ്പെടുത്തരുത്
ഇനി ഉറങ്ങാന്‍ കിടക്കാം
സ്വപ്നത്തില്‍
തലയാട്ടി വിരലിളക്കി
നൃത്തം ചെയ്യാം
കുയിലുകള്‍ നമ്മുടെ തോളിലിരുന്നു പാടട്ടെ
മേലാകെ ചുറ്റിക്കയറി ഇക്കിളിപ്പെടുത്തുന്ന
വല്ലികള്‍ പുഷ്പിക്കട്ടെ
കുഞ്ഞുങ്ങള്‍ നമ്മുടെ കൈത്തണ്ടകളില്‍
ഊഞ്ഞാലിടട്ടെ
മഴുവും കയറും വന്നു
നമ്മുടെ ഉറക്കം ഞെട്ടിച്ച്
കിനാക്കളെ തല്ലിയുടയ്ക്കാതിരിക്കന്‍
കുരിശു വരയ്ക്കുക
നിസ്കരിക്കുക
ഹരിനാമം ജപിക്കുക
പിണങ്ങേണ്ട സുഹൃത്തെ
താങ്കള്‍ക്കു പഴയ
പരിസ്ഥിതി മുദ്രവാക്യം വല്ലതും
ഓര്‍മയുണ്ടെങ്കില്‍
ഉച്ചത്തില്‍ വിളിച്ചുകൊള്ളുക
No comments:
Post a Comment