Wednesday, December 29, 2021

 കാവാലം കുറിപ്പുകൾ 3

മണ്ഡലം വട്ടമെത്തുകയാണ്,
ആ പള്ളിമണികൾക്ക് ഒരു സന്ദേശമുണ്ട്...

ഇന്ന് ക്രിസ്മസ്. ഇന്നലെ എന്റെ നാട്ടുപ്രദേശം ഉറങ്ങിയിട്ടില്ല. ക്രിസ്മസ് കരോൾ സംഘങ്ങൾ കൊട്ടിപ്പാടി ഇടവഴികളിലും കയറിയിറങ്ങി. അവർക്ക് കൊട്ടാൻ ബാൻഡുവാദ്യ ഉപകരണങ്ങളായിരുന്നില്ല, നാസിക് ഡോളുകളായിരുന്നോ? അത്രയ്ക്ക് കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. ചിലപ്പോൾ അതും ബംഗാളികൾ ഏറ്റെടുത്തിട്ടുണ്ടാവും. മുഖംമൂടിയ വേഷങ്ങളിൽ ആളെ തിരിച്ചറിയാൻ വിഷമിച്ചു.
കരോളിന്റെ ശബ്ദത്തെ മറികടന്ന് പടക്കങ്ങൾ പൊട്ടിച്ചിരിച്ചു. കാലത്ത് വഴിയിൽ മഞ്ഞിൽ കുതിർന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങൾ. നനഞ്ഞ പടക്കങ്ങൾ...
ഫേസ്ബുക്കിൽ, ക്രിസ്തു ജയന്തിക്ക് ആശംസയർപ്പിക്കാൻ മത്സരിക്കുന്നവരിൽ വിശ്വാസികൾ, അവിശ്വാസികൾ, മതേതരപ്രസംഗകർ. വീഡിയോകളും ചിത്രങ്ങളും പോസ്റ്ററുകളുമായി സാമൂഹ്യ മാധ്യമങ്ങളും നിറഞ്ഞിരിക്കുന്നു.
ക്രിസ്മസ് വിവിധ തരത്തിൽ ആഘോഷിക്കുന്നവർക്കിടയിൽ രവി (വ്യാജപ്പേര്) യാണ് എനിക്ക് ഈവർഷത്തെ താരമായത്. പാൽവിതരണമാണ് പതിവ് ജോലി. നല്ല പശുവിൻപാൽ വീടുകളിലെത്തിക്കും. അതാണ് തൊഴിൽ. പശുവിനെ വളർത്തലും പാൽവിൽപ്പനയും. ക്രിസ്മസിന് കാലത്ത് അൽപ്പം 'വശപ്പിശക്' സംഭവിച്ചു, അങ്ങേ വീട്ടിൽ കൊടുക്കേണ്ട പാൽ, അളവിൽ കുറച്ച് വാങ്ങുന്ന മറ്റൊരു വീട്ടിൽ. പലർക്കും അബദ്ധം മനസിലായപ്പോൾ അന്വേഷണമായി. അത് കണ്ടെത്തി- തലേന്നത്തെ 'ആഘോഷം' പുലർച്ചെയും അവസാനിക്കാത്ത ഏതോ വീട്ടിൽ പാൽകൊടുക്കാൻ ചെന്നതാണ് രവി. അവിടെ കൂട്ടുകാരൻ സൽക്കരിച്ചു. സമയവും കാലവും നോക്കിയില്ല, രവി ആവശ്യംപോലെ വാങ്ങിക്കുടിച്ചു. (പാഠം രണ്ട് പാൽ..... ''പശു നമുക്ക് പാൽതരും....അതുകുടിക്കാഞ്ഞാൽ അമ്മ കരയും. കാരണം ഞാൻ അച്ഛനെപ്പോലെ വലുതാകണം'' എന്നാണല്ലോ പഴയ പാഠം. അത് രവി ഇങ്ങനെ മാറ്റി; '...അതുകുടിക്കാഞ്ഞാൽ ഇഷ്ടൻ പിണങ്ങും. കാരണം, ഞാനും ആഘോഷത്തിൽ പങ്കാളിയാകണം.') പാനീയവീര്യം പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് രവിക്ക് ചുവടുതെറ്റിയത്, അളവ് തെറ്റിയത്, വീടുമാറിയത്. അബദ്ധമായത്.
''ആരോഗ്യത്തിന് പാല്, ആഘോഷത്തിന് പാനീയം...'' എത്രനല്ല ക്യാപ്ഷൻ. മിൽമയും ബിവറേജസും സ്വന്തമായ സംസ്ഥാന സർക്കാരിന് വേണമെങ്കിൽ പ്രതിഫലം തരാതെ എടുക്കാം... പേറ്റന്റ് ഇല്ല.
ഇൗയാഴ്ച നഗരത്തിലായിരുന്നെങ്കിൽ കേക്കുകളുടെ ധാരാളിത്തമായിരുന്നേനേ, സമ്മാനമായും സന്തോഷമായും കേക്ക് തിക്കിത്തിരക്കിയേനെ. ഗ്രാമത്തിൽ, പണ്ട്, ഒപ്പം പഠിച്ച കെ.ജെ. ജോസഫ് കടത്തുവള്ളംകയറ്റി കുന്നമ്മയിലെ വീട്ടിൽ കൊണ്ടുപോയി 'വെളുത്ത പുളിപ്പിച്ച അപ്പം' തീറ്റിച്ചത് 45 വർഷത്തിന് ശേഷം ഇപ്പോഴും ഓർമയിൽ. അതിൽ കള്ള് ചേർക്കുമെന്ന വിവരം അറിഞ്ഞ് പിൻവലിഞ്ഞപ്പോൾ, 'ഇല്ല, നിങ്ങൾക്കുവേണ്ടി ഞങ്ങളും കള്ളൊഴിവാക്കി, പകരം ഈസ്റ്റ് ചേർത്താണ് ഉണ്ടാക്കിയതെ'ന്ന് ആണയിട്ടുപറഞ്ഞാണ് കെജെ വീട്ടിലേക്ക് കൂട്ടിയത്. അത്തരം സൗഹാർദങ്ങൾ അതേ തീവ്രതയിൽ ഇന്നുണ്ടോ... അറിയില്ല. ഇനി ഉണ്ടാകുമോ... പ്രത്യാശിക്കാം.
.......
ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം. രാജ്യം സദ്ഭരണ ദിനമായി ആഘോഷിക്കുകയാണ് ആ ജന്മദിനം. 2000 ലെ ജന്മദിനത്തിന് പിറ്റേന്ന് അദ്ദേഹം കേരളത്തിലെത്തി. കോട്ടയത്തെ കുമരകത്തായിരുന്നു മൂന്ന് ദിവസം. കേരളത്തെക്കുറിച്ച്, ഭാരതത്തെക്കുറിച്ച്, വികസനത്തെക്കുറിച്ച് അടൽജി പങ്കുവെച്ച കുറിപ്പുകൾ വഴികാട്ടിയായിരുന്നു.
..........


നാളെ മണ്ഡലവ്രതക്കാലം 41 ാം ദിവസമാകുകയാണ്; ശബരിമല തീർത്ഥാടനക്കാലത്തിന്റെ പരിസമാപ്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി, കാവാലത്ത് ഭദ്രകാളീ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഡിസംബർ 25 ന് വീട്ടിലെ വകയിൽ ആയിരുന്നു. ഇത്തവണ അമ്മയും അച്ഛനും മരിച്ച വർഷമായതിനാൽ, ഒരുവർഷത്തേക്ക് അത്തരം വഴിപാടുകൾ നടത്താൻ പാടില്ലെന്നാണ് നാട്ടുനടപ്പും വിശ്വാസവും. അതിനാൽ പൂജകൾ നടത്തുന്നില്ല, പൂജയ്ക്ക് തൊഴാൻ എത്താനായി എന്നതാണ് ആശ്വാസം.
കുട്ടിക്കാലത്തെ മണ്ഡലക്കാലം ഓർമയിൽ. ഇടവഴികളിലെങ്ങും സന്ധ്യയായാൽ ശബരിമലയ്ക്ക് കെട്ടുമുറുക്കി, (ഞങ്ങടെ നാട്ടിൽ കെട്ടുമുറുക്കലാണ്, ചിലർക്ക് കെട്ടെടുപ്പാണ്, ചിലർക്ക് കെട്ടുനിറയ്ക്കൽ- റംസാൻ വ്രതക്കാലത്തെ നോമ്പുതുറക്കൽ പോലെയാണ്. ചിലെടത്ത് നോമ്പ്തുറ, ചിലർക്ക് നോമ്പ് മുറി ആണല്ലോ.) യാത്രപോകുന്ന ചെറു സംഘങ്ങൾ ശരണം വിളിച്ച് നീങ്ങുന്നത് കാണാമായിരുന്നു, കേൾക്കാമായിരുന്നു. ചില വീടുകളിൽ വലിയ ആഘോഷമായിരുന്നു. വൈകാരികമായ രംഗങ്ങളായിരുന്നു അതൊക്കെ എനിക്ക്: വീട്ടിൽ അമ്മമാർ കെട്ടുനിറച്ചുപോകുന്ന മക്കൾക്ക്, ഭാര്യമാർ ഭർത്താവിന്, അത്താഴം വിളമ്പിക്കൊടുക്കുന്ന കാഴ്ച. അത് ഏറെ അർത്ഥങ്ങൾ ഉള്ള ആചാരമാണെന്ന് ആരാണ് എനിക്ക് അത്ര കുഞ്ഞിലേ പറഞ്ഞുതന്നതെന്ന് അറിയില്ല. ആ വേളയിൽ കരയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്, കൈവിറയ്ക്കുന്ന ഭാര്യമാരെയും. കാനനപാതയിലൂടെയുള്ള യാത്രയിൽ സംഭവിക്കാവുന്ന വൻ അപകടങ്ങൾ ഭയന്ന്, അനിശ്ചിത്വങ്ങൾ ഉണ്ടാവാതിരിക്കാൻ വിശ്വാസമൂർത്തിയോട്, കാത്തുകൊള്ളണമേ എന്നുള്ള കൺനിറഞ്ഞ പ്രാർത്ഥനയായിരുന്നിരിക്കണം അത്. മടങ്ങിവന്നില്ലെങ്കിൽ അവസാന അത്താഴമാണല്ലോ എന്ന ആശങ്കയായിരുന്നിരിക്കണം. എത്രയോ വീടുകളിൽ എത്രവട്ടം തീർത്ഥ യാത്രപോകുന്നവർക്കൊന്നും ദോഷം വരുത്തരുതേ എന്ന് ഞാനും പ്രാർത്ഥിച്ചിരിക്കുന്നു!! കാനനപാതയിൽ ആനക്കൂട്ടം ഇറങ്ങി, ഒറ്റയാൻ ഇറങ്ങി, പുലിയെ കണ്ടു, എന്നൊക്കെ പത്രവാർത്തകൾ കണ്ടതായി കേട്ടപ്പോഴൊക്കെ പ്രാർത്ഥിച്ചിട്ടുണ്ട് - ആർക്കും അപകടം വരുത്തരുതേ എന്ന്. (കഴിഞ്ഞ ദിവസം ഇപ്പോൾ കാവാലത്തുള്ള പെരിയ സ്വാമിമാരിൽ പ്രമുഖൻ രാധച്ചേട്ടൻ, പറഞ്ഞതിങ്ങനെ: ആനയിറങ്ങിയിട്ടുണ്ടെങ്കിൽ മുന്നറിയിപ്പുതരാൻ കാട്ടിൽ സംവിധാനവും അന്നൊക്കെ ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് നല്ല തിരക്കിനിടെ, ആന ഇറങ്ങിയെന്ന ബഹളം കൂട്ടുന്നത്, മോഷ്ടാക്കളുടെ പതിവായിരുന്നു. ഓരോന്നിന്റെ ഓരോരോ സാധ്യതകൾ...)
അമ്പലപ്പരിസരം അയ്യപ്പൻമാരുടെ കേന്ദ്രമായിരിക്കും അന്നൊക്കെ. ദിവസവും ധർമശാസ്താ ക്ഷേത്രത്തിൽ ഭജന. മൈക്ക് അന്നൊക്കെ അസാധാരണ സാങ്കേതിക സംവിധാനമായിരുന്നു. മൈക്കിൽ പാടാൻ അവസരം കൊതിച്ചിരുന്നവരുടെ മത്സരങ്ങൾ. സന്ധ്യമുതൽ അർദ്ധരാത്രിവരെ പാടാൻ അവസരം കാത്തിരുന്നിട്ട് കിട്ടാതെ കരഞ്ഞ് ഇറങ്ങിപ്പോയ ബാല്യങ്ങൾ. മൈക്ക് കിട്ടാത്തതിനാൽ മണ്ഡലം ചിറപ്പ് മഹോത്സവം 42 ാം ദിവസം പ്രത്യേകമായി സംഘടിപ്പിച്ച് വെല്ലുവിളിച്ച ക്ഷുഭിത യൗവനങ്ങൾ. (തലച്ചെല്ലൂർ കൃഷ്ണൻകുട്ടിച്ചേട്ടനായിരുന്നു ആ സാഹസികൻ. അദ്ദേഹത്തിന്റെ അളിയൻ നിർമിച്ച സൂര്യൻ എന്ന സിനിമയിലൂടെയാണ് അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയൻ സിനിമയിൽ എത്തിയത്. ആ സിനിമയിൽ കൃഷ്ണൻകുട്ടിച്ചേട്ടൻ സബ് ഇൻസ്‌പെക്ടറായി അഭിനയിച്ചിട്ടുമുണ്ട്. അകാലത്തിൽ അന്തരിച്ച കൃഷ്ണൻകുട്ടിച്ചേട്ടൻ നല്ലൊരു കലാസ്‌നേഹിയായിരുന്നു. പ്രത്യേകം വിവരണം അർഹിക്കുന്നയാൾ)
അക്കാലത്തെ പെരിയ സ്വാമിമാരും അമ്പലം നടത്തിപ്പിന് നേതൃത്വം കൊടുത്തിരുന്ന മുതിർന്നവരുമായ കരപ്രമാണിമാർ ഏറെയുണ്ടായിരുന്നു. കരനാഥൻമാർ, കരപ്രമാണിമാർ, കൈകാര്യക്കാർ, കിങ്കരൻമാർ അങ്ങനെയങ്ങനെ വലിയ പ്രമുഖരുടെ ശൃംഖല. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവിപോലുമില്ലാത്ത അത്തരം പ്രമാണിമാരുടെ നിര എല്ലാ ഗ്രാമത്തിനും ഉണ്ടായിരുന്നിരിക്കണം. അല്ലാതെ സാമൂഹ്യക്രമം ഇല്ലായിരുന്നു അക്കാലത്ത്. അവർ ചിലർ ദേവന്മാരായിരുന്നു. അസുരൻമാർ കുറവായിരുന്നു, 'ദേവാസുരൻമാ'രായിരുന്നു ഏറെ. പോട്ടയിലെ പരമൂള്ള സാർ (പരമേശ്വരൻപിള്ള), പാലക്കാട്ടെ (വീട്ടുപേര്) പാപ്പ (കൃഷ്ണപിള്ള), വേലിയാത്ത് ശങ്കരമ്മാമ്മൻ (ശങ്കരപ്പിള്ള), ചമ്പക്കാട്ട് വേലുസ്വാമി, കുറ്റിക്കാട്ട് വേലൂപ്പിള്ളച്ചേട്ടൻ, തുരുത്തിക്കാട്ടെയും പെരുമ്പോത്രയിലെയും ദാമോദരൻമാമ്മൻമാർ, പയ്യംപള്ളി രാമക്കുറുപ്പ്, മണ്ഡോത്തിലെ കേശവൻ ചേട്ടൻ, കാക്കനാട്ടെ ശേഖരച്ചേട്ടൻ.... അങ്ങനെ നീണ്ട നിരയാണ് പെരിയ സ്വാമിമാരും അമ്പലപ്രമുഖരുമായി. അര നൂറ്റാണ്ടിനപ്പുറം അമ്പലം-ഉത്സവം നടത്തിപ്പ് എൻഎസ്എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലായിരുന്നു. കരക്കാർ കാഴ്ചക്കാർ മാത്രമായിരുന്നു. പിൽക്കാലത്ത് കാര്യങ്ങൾ മാറി.
വൈകിട്ടത്തെ ദീപാരാധനാ പൂജയ്ക്ക് ശാസ്താ ക്ഷേത്രത്തിൽ ശരണംവിളി ഒരു മത്സര ഇനം പോലെയായിരുന്നു. മുതിർന്നവരും കുട്ടികളും 'മത്സരി'ച്ചു. മൈക്കുണ്ടെങ്കിൽ പറയുകയും വേണ്ട. കുട്ടികൾക്ക് ശരണം വിളിക്കാൻ യോഗ്യത, തെറ്റാതെ ക്രമത്തിൽ, നിഷ്ഠപ്രകാരം ശരണം വിളിക്കാൻ യോഗ്യരാകണമായിരുന്നു. ഒരിക്കൽ വിളിച്ചത് ആവർത്തിക്കരുത്, തടസമുണ്ടാകരുത്, ഉച്ചാരണം ശുദ്ധമാകണം, ഭക്തിഭരമാകണം.... കടമ്പകൾ കടന്ന് വിജയ റൗണ്ടിൽ കടക്കുന്നത് ചിലർ മാത്രമായിരുന്നു. അന്നൊക്കെ ശരണം വിളിച്ച് പരിശീലിക്കുന്നവരുമുണ്ടയിരുന്നു. മൈക്കിൽ നാടുമുഴുവൻ ശബ്ദം കേൾക്കുന്നത്, പിറ്റേന്ന് പകൽ ആളുകൾ അഭിനന്ദിക്കുന്നത് ഒക്കെ ബിരുദയോഗ്യതകളായി കണക്കാക്കിപ്പോന്നിരുന്നു.
ഏറ്റവും ദീർഘ സമയം സ്വാമിയേ.... എന്ന് നീട്ടി വിളിക്കുന്നതിൽ മുമ്പൻ വേലുസ്വാമിയായിരുന്നു. മിനിറ്റിലേറെ നീളും വിളികൾ... സർക്കാർ ഉദ്യോഗസ്ഥൻ. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ കുളികഴിഞ്ഞ് അമ്പലത്തിലുണ്ടാകും മണ്ഡലക്കാലത്ത്. ഭജനയും കഴിഞ്ഞ്, പാതിരാവിലേ പോകൂ. പരമൂള്ളസ്സാർ- ഇത്രയും ഈണത്തിൽ അയ്യപ്പ സ്തുതികൾ പാടാൻ വേറേ ആരുണ്ടായിരുന്നു? അതിനൊപ്പം ഇത്ര തുറന്ന ശബ്ദവും. മൈക്ക് പരമൂള്ളസ്സാറിന്റെ തൊണ്ടതന്നെയായിരുന്നു. ആ മേൽക്കൈ ആർക്കും നേടാൻ കഴിഞ്ഞിരുന്നില്ല. ചുണ്ടൻവള്ളത്തിലെ പാട്ടുകാരൻമാരിൽ മുഖ്യനുമായിരുന്നു.
ശങ്കരമ്മാമൻ കൃത്യമായ ആചാര വിധിപ്രകാരം ഇക്കാര്യങ്ങൾ ചെയ്തുപോന്നു, പരമൂള്ളസ്സാറിന്റെ കർക്കശ സ്വഭാവം മാറി ഏറെ ജനകീയനായാൽ ശങ്കരമ്മാമനായി. പാപ്പയും ദാമോദരൻമാമ്മൻമാരും മറ്റും ഇവരേക്കാളും മുതിർന്നവരായിരുന്നു. അവർക്ക് മറ്റുപല കാര്യങ്ങളുടെയും മേൽനോട്ടവുമുണ്ടായിരുന്നു.
എന്നാൽ മണ്ഡലവ്രതാവസാന ദിവസമായ 41 ന് പുലരുമ്പോൾ തുടങ്ങുന്ന അഖണ്ഡ നാമജപം കൊല്ലാറ കേശവച്ചേട്ടന്റെ 'കുത്തക'യായിരുന്നുവെന്നുതന്നെ പറയണം. ശിഷ്യനായി പാലക്കാട്ടെ പരമൂച്ചേട്ടനും.
''ഭൂതനാഥ സദാനന്ദസ്സർവഭൂത ദയാപരാ
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ'' എന്ന് ഓരോതവണയും പൂക്കളർപ്പിച്ച് സന്ധ്യവരെ ഒരേ താളത്തിൽ, ഒരേ ഈണത്തിൽ അവർ നാമം ജപിച്ചുപോന്നു. ഇന്നും പുതിയ തലമുറയിൽ പെട്ടവർ അഖണ്ഡനാമ ജപം നടത്തുന്നുണ്ട്. കുട്ടിക്കാലത്ത് അഖണ്ഡനാമജപത്തിന് ഏറ്റുപാടാൻ ചെന്നിരിക്കുമായിരുന്നു. ആ നാമം, അങ്ങനെയാണെന്ന് എത്രയെത്രകാലം തെറ്റിച്ചൊല്ലിയ ശേഷമാണെന്നോ അറിഞ്ഞത്!! 'ശാസ്‌ത്രേ തുഭ്യം' എന്നത് സംസ്‌കൃതത്തിൽ, ചതുർത്ഥീ വിഭക്തിയിലാണ് സംബോധനയെന്നൊക്കെ മനസിലാക്കിയത്, ഞായറാഴ്ചകളിൽ അമ്പലത്തിന്റെ ഊട്ടുപുരയിൽ നടന്നുപോന്ന മതപാഠശാലയിലെ ക്ലാസുകളിൽനിന്നാണ്. ശാസ്താവിനെക്കുറിച്ചാവുമ്പോൾ 'ശാസ്‌തേ' തുഭ്യം എന്നല്ലേ വേണ്ടതെന്ന സംശയം നീക്കിയതും 'ശാസ്‌ത്രേ' ആണെന്നും പറഞ്ഞുതന്നത് മതപാഠശാലയിൽ സംസ്‌കൃത ബാലപാഠങ്ങൾ പറഞ്ഞുതന്ന വാക്കയിൽ മേനോൻ സാർ (സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായിരുന്ന എസ്. അയ്യപ്പമേനോൻ സാർ) ആയിരുന്നു.
മണ്ഡലം ചിറപ്പിലെ പ്രധാന ഇനമായിരുന്ന ഭജന ഒരു സംഭവമായിരുന്നു. മണിയനാശാരി (രാമച്ചംപറമ്പ്), മണിയൻചേട്ടൻ (മൂത്തനാട്), വേലുസ്വാമി (ചമ്പക്കാട്), പത്മിനിയമ്മട്ടീച്ചർ (നടുവിൽമഠം), സരസ്വതിയമ്മച്ചേച്ചി (പുതിയറ), ശാന്തമ്മ അമ്മായി (അട്ടിച്ചിറ) തുടങ്ങിയവരുടെ മുൻനിര. പിന്നെ പലനിര. അവയൊക്കെ വിശദവിവരണം വേണ്ടവ...മറ്റൊരിക്കലാവാം
......
ജമ്മു കശ്മീരിൽ 30 വർഷമായി ആരാധന മുടങ്ങിക്കിടന്ന 80 വർഷം പഴക്കമുള്ള സെന്റ് ലൂക്‌സ് ക്രിസ്ത്യൻ പള്ളി ഈ ക്രിസ്മസ് ദിനത്തിൽ ആരാധനയ്ക്ക് തുറന്നുകൊടുത്ത് കേന്ദ്ര സർക്കാരിന്റെ ഭരണസംവിധാനം പ്രഖ്യാപനം നടത്തുന്ന വാർത്ത ടെലിവിഷനിൽ. ജമ്മുകശ്മീരിലെ മത-സാമൂഹ്യ-രാഷ്ട്ര- വിരുദ്ധ ശക്തികളുടെ വിധ്വംസക പ്രവർത്തനങ്ങളെ തുടർന്നാണ് പള്ളി പൂട്ടിപ്പോയത്. സംസ്ഥാനം സാധാരണ നിലയിലേക്ക് മാറുകയാണ്. മതേതരത്വം ഇന്ത്യൻ രീതിയിൽ പുനർ നിർവചിക്കപ്പെടുകയാണ്. കപട മതേതരത്വമല്ല, മതനിരാസമല്ല, ഏറെ ആത്മീയ വിശ്വാസമുള്ള ആളുകളുടെ ഈ രാജ്യത്ത് മത സഹവർത്തിത്വമാണ് ആവശ്യമെന്ന സന്ദേശമാണ് ക്രിസ്മസ് ദിനത്തിലെ ഈ ഭരണ നിർവഹണനടപടിയെന്ന് വ്യാഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്.
----
ചിത്രം: കാവാലത്തെ ശാസ്താ ക്ഷേത്രത്തിന്റെ പിന്നിലുള്ള ഒറ്റയടിപ്പാത... പണ്ടുപണ്ട് നാട്ടുതോട്ടിൽ മുങ്ങി, ഇറനോടെ, ശാസ്താ ക്ഷേത്രത്തിലെ അഭിഷേക ദർശനത്തിന് പുലർച്ചെ പോയിരുന്നത് ഇവിടത്തെ ഇതുപോലൊരു വഴിയിലൂടെ ആയിരുന്നു...
2021 ഡിസംബർ 25

No comments:

Post a Comment