Wednesday, December 29, 2021

കാവാലം കുറിപ്പുകൾ- 1


 കാവാലം കുറിപ്പുകൾ- 1


*കാവാലത്ത് നടന്ന ആ യുദ്ധം...*


പമ്പയുടെ കാലംകൂടിയാണ് ഡിസംബർ - ജനുവരി മാസങ്ങൾ. പമ്പയെ അടുത്തറിയാവുന്നവരും അകലെനിന്ന് കേട്ടവരും പമ്പയെ തൊട്ടറിയുന്ന കാലം. പീരുമേട്ടിലെ പുളച്ചിമലയിൽനിന്ന് പമ്പ ഒഴുകിത്തുടങ്ങി പ്രധാനമായി തടംതല്ലുന്ന ശബരിമലയുടെ സാമീപ്യംതന്നെയാണ് അതിന് കാരണം. ശബരിമല തീർഥാടനത്തിന്റെ കാലത്ത്, മറുനാട്ടിൽനിന്നുപോലുമെത്തുന്നവർക്ക് പമ്പ പുണ്യനദി മാത്രമല്ല, അത്ഭുതനദിയാണ്. 

കാവേരിയും അതിന്റെ കൈവഴികളും കണ്ട ആന്ധ്രക്കാർക്കും കർണാടകക്കാർക്കും തമിഴർക്കും പമ്പ അത്ഭുത നദിയാണ്. മലയാളികളിലും വടക്കൻ ജില്ലക്കാർക്ക്; അവർക്ക് ഭാരതപ്പുഴയുടെയും കബനിയുടെയും കുന്തിയുടെയും ഒക്കെ അഭിമാനം ഉള്ളപ്പോഴും പമ്പ വിസ്മയമാണ്. അതിലെ ജല സമൃദ്ധിതന്നെ കാരണം.

പമ്പ, തീരവാസികളെ 'വെള്ളം കുടിപ്പിച്ച' കാലമായിരുന്നു 2018 മുതൽ. മഹാ പ്രളയവും മിനി പ്രളയവുമായി പമ്പ പരിസരവാസികളോട് കലഹിച്ചു. പമ്പയുടെ കൈവഴികൾ പോലും കവിഞ്ഞ് നിറഞ്ഞു. പമ്പയ്ക്ക് ഗംഗാ നദിയെക്കുറിച്ച് പറയുംപോലെ ഔഷധ ശേഷിയുണ്ട്, ഉൾക്കാട്ടിലൂടെയുള്ള പ്രവാഹമാണ് കാരണം പറയുന്നത്. പമ്പയുടെ മാഹാത്മ്യം പറയാനേറെയുണ്ട്. 


അതല്ല പറയാൻ തുടങ്ങിയത്. കുട്ടനാട്ടിലെ അതിർത്തികളെക്കുറിച്ചാണ്.  ആ അതിർത്തിചരിത്രത്തിൽ വെള്ളവും തോടും പുഴയും മറ്റുമുള്ളതിനാൽ വാക്കുകൾ ഒഴുകി, പമ്പയിൽ എത്തിയെന്നുമാത്രം.

ഇന്നത്തെ കുട്ടനാട്ടിൽ തലങ്ങും വിലങ്ങും റോഡുകളാണ്. എവിടെയും വാഹനങ്ങളുടെ നെട്ടോട്ടമാണ്. ഈ യാത്രാ സംവിധാനങ്ങൾ, സൗകര്യങ്ങൾ 35 വർഷത്തിനു മുമ്പില്ല. ഇന്നും റോഡുസൗകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ കുട്ടനാട്ടിൽ ധാരാളമുണ്ട്. ആലപ്പുഴ- ചങ്ങനാശേരി റോഡാണ് (എ-സി റോഡ്) ആ രംഗത്തെ പരീക്ഷണവും വിപ്ലവവുമായത്. അതിന്റെ കാരണക്കാരെക്കുറിച്ചുള്ള ചർച്ച മറ്റൊരിക്കലാകാം. തൽക്കാലം ഇങ്ങനെ വഴിതിരിയാം- കുട്ടനാട്ടിലെ ഇന്നത്തെ പല റോഡുകൾക്കും അടിയിൽ തോടുകളാണ്; കൈത്തോടുകൾ. അതായത്, ചെറിയ തോടുകൾ നികത്തി റോഡാക്കുകയായിരുന്നു.

ഈ തോടുകൾ ഒരുകാലത്ത് പുരയിടങ്ങളുടെയും വസ്തുക്കളുടെയും അതിർത്തികളായിരുന്നു. വീട്, പുരയിടം അതിന് അതിർത്തികളായി, മറ്റ് പ്രദേശങ്ങളിൽ നടവഴിയോ റോഡോ ആയിരുന്നെങ്കിൽ കുട്ടനാട്ടിൽ പലയിടത്തും അത് തോടായിരുന്നു. പ്രയോജനം ഏറെ- ഒന്ന്: ഓരോ വീടിനും ഉണ്ടായിരുന്ന വാഹനമായ വള്ളം കടത്തിക്കൊണ്ടുവരാം. അതിലൂടെ വീട്ടിൽനിന്ന്, 'കാലെടുത്തു വെയ്ക്കുന്നത് കാറിലേക്കാണ്,' എന്ന് ഇന്ന് പലരും വീമ്പുപറയും പോലെ വീട്ടിൽനിന്ന് വള്ളത്തിലേക്ക് പലരും കാലെടുത്തുവെച്ചുപോന്നു. അതിർത്തിത്തർക്കമില്ലാത്തതരത്തിൽ, അടയാളങ്ങൾക്ക് തോടുകൾ സഹായകമായി. മൂന്ന്: പുരയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവായി; നാടിന്റെ നാഡിയായ ഈ തോടുകൾ വഴി മഴവെള്ളം ഒഴുകി പ്രധാന പുഴയിലെത്തി, വേമ്പനാട്ടുകായലിലൂടെയോ തോട്ടപ്പള്ളി വഴിയോ കടലിൽ ചേർന്നിരുന്നു. (അതും മറ്റൊരു വിഷയമാണ്, ചർച്ചയാകേണ്ട വിഷയം) 


അതു പറയാനുമല്ല തുടങ്ങിയത്. തോടും പുഴയും അതിരായ നാട്ടിൽ പമ്പയുടെ കൈവഴിയായ കാവാലത്താറ് രണ്ട് നാട്ടുരാജ്യങ്ങളുടെ അതിർത്തിയായിരുന്നതും പിന്നീട് യുദ്ധത്തിൽ ഒരു നാട്ടുരാജാവിന്റെ ഭരണം മറ്റൊരാൾ പിടിച്ചപ്പോൾ അതിർത്തി മാറിയതും അതിന്റെ പേരിൽ നാട്ടിൽ പുതിയൊരു സംസ്‌കാരവും ആചാരവും വന്നതും, നാട്ടുകാർ രാജാവിന്റെ ആചാരം പാലിക്കാത്തവരും അല്ലാത്തവരുമെന്ന് തിരിഞ്ഞതും അവരവരുടെ വിശ്വാസവും ആചാരവും തുടർന്നതും തുടരുന്നതും ഓർമിച്ചത് പങ്കുവെക്കാനായിരുന്നു.





രണ്ടുമൂന്ന് ദിവസമായി നാട്ടിലുണ്ട്. മണ്ഡലക്കാലമായതിനാൽ വീട്ടരികിലെ അമ്പലത്തിൽ -കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലും ഉപക്ഷേത്രമായ ശാസ്താ ക്ഷേത്രത്തിലും- ഉത്സവ നാളുകളുടെ പ്രതീതി. പുലർച്ചെ നാലരമണിക്ക് നിർമാല്യ ദർശനത്തിനു പോയി. ദേവി, ശ്രീ പരമേശ്വരൻ, ഗണപതി, സുബ്രഹ്‌മണ്യൻ, രക്ഷസ്, രാജ്ഞി, സർപ്പം, ശാസ്താവ്, ഭദ്രകാളി, ശ്രീകൃഷ്ണൻ, വെളിച്ചപ്പാട് എന്നിങ്ങനെ ക്ഷേത്രങ്ങളും മൂർത്തികളും. നാലര മണിക്ക് പള്ളിയുണർത്തിയപ്പോൾ പത്തോളം പേർ. നിർമാല്യ സമയമായ അഞ്ചുമണിക്ക് അമ്പതോളം. കൊച്ചുകുട്ടികളില്ല, അതിനാൽ 'ആബാലവൃദ്ധ'മെന്ന് പ്രയോഗിക്കുകവയ്യ. വൃദ്ധരും യുവജനങ്ങളും. സ്വാഭാവികമായും സ്ത്രീകൾ കൂടുതലാവും എന്ന ഊഹക്കണക്കും ഇവിടെ തെറ്റി.

നീണ്ടുപരന്നാണ് ക്ഷേത്ര സമൂഹം. തെക്കുവടക്കായി ക്ഷേത്രങ്ങൾ. അത് തുടരുംമുമ്പ് ഒരിടവഴിയിൽ നിൽക്കുന്ന ഈ പഴയ ചരിത്രത്തെക്കുറിച്ച് പറയാം. കരയുടെ തെക്ക് പമ്പയുടെ കൈവഴിയായ കാവാലത്താറ്. പണ്ട്, ഈ പുഴയായിരുന്നു രണ്ട് രാജ്യങ്ങളുടെ അതിർത്തി. തെക്കേക്കര അമ്പലപ്പുഴ ആസ്ഥാനമായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ദേവനാരായണൻമാർ എന്നാണ് രാജാക്കൻമാർ അറിഞ്ഞിരുന്നത്. പുറക്കാട്, അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളായിരുന്നു ഭരണത്തിൽ. നാവികപ്പടയുമൊക്കെയായി ദേശം വളർത്തിയും സംരക്ഷിച്ചും കഴിഞ്ഞവർ. കളരിപ്പയറ്റും കായികാഭ്യാസങ്ങൾക്കും പുറമേ വലിയ പടക്കോപ്പുകളും വെള്ളത്തിലൂടെ വള്ളത്തിൽപ്പോയി യുദ്ധം ചെയ്യാൻ സമർഥരായ സേനയുമുണ്ടായിരുന്ന നാട്ടുരാജ്യം. (അതു മാത്രമല്ല, സാംസ്‌കാരികമായി ദേവനാരായണ രാജാക്കന്മാർ ഏറെ ഉയർന്നവരായിരുന്നു. വള്ളുവനാട്ടിൽനിന്ന് അമ്പലപ്പുഴയെത്തിയ കുഞ്ചൻ നമ്പ്യാരെയും കൂത്തിനേയും പുതിയ കലയായ തുള്ളലാക്കി മാറ്റിയ ചരിത്രം വേറേ പറയണം...പറയാം, പിന്നെയൊരവസരത്തിൽ). പുഴയുടെ വടക്കേക്കര, വടക്കുംകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്നു. കടുത്തുരുത്തി ആസ്ഥാനമാക്കി, വൈക്കം, ഏറ്റുമാനൂർ, മീനച്ചിൽ പ്രദേശങ്ങളായിരുന്നത് പിൽക്കാലത്ത് വടക്ക് ഉദയംപേരൂരും കിഴക്ക് തൊടുപുഴയും പടിഞ്ഞാറ് ചേർത്തലയും വരെ അധീനമായിരുന്നു.

അങ്ങനെ ഒരു പുഴയുടെ ഇരുകരകളിൽ ഒന്ന് ശൈവ സമ്പ്രദായക്കാരും മറ്റൊന്ന് വൈഷ്ണവ വിശ്വാസികളുമായി. വടക്കുംകൂർ ശൈവരായിരുന്നു. ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ അതിപ്രശസ്ത ശൈവക്ഷേത്രങ്ങൾക്കു പുറമേ പ്രദേശത്തെ ശിവക്ഷേത്രങ്ങളുടെ കണക്കെടുത്താൽ അത് തിരിയും. 

അമ്പലപ്പുഴക്കാരാകട്ടെ, വില്വമംഗലത്തെ ഏറെക്കാലം കൊട്ടാരത്തിൽ പാർപ്പിച്ച് സംരക്ഷിച്ചവരാണ്, കൃഷ്ണ - വിഷ്ണു പക്ഷക്കാർ. കുട്ടനാട്ടിൽ കാവുകളും ദേവീക്ഷേത്രങ്ങളുമാണ് കൃഷ്ണാരാധനാ കേന്ദ്രങ്ങൾ കഴിഞ്ഞാൽ കൂടുതൽ. ശിവ ക്ഷേത്രങ്ങൾ താരതമ്യേന കുറവ്.

ഈ നാട്ടുരാജാക്കന്മാർ തമ്മിൽ യദ്ധമുണ്ടായി. വടക്കുംകൂറിന്റെ സേനയെ കോട്ടയംവരെ ദേവനാരായണൻമാർ തോൽപ്പിച്ചു. ചരിത്രത്തിലെ അത്രവരെ നാട്ടിൽ പലയിടത്തും പലകാലങ്ങളിൽ പല നാട്ടുരാജാക്കൻമാർ തമ്മിലും സംഭവിച്ചത്. പിന്നെയാണ് രസം.

വടക്കുംകൂറിന്റെ അധീനതയിലിരുന്ന പ്രദേശങ്ങൾ ചിലത് ചെമ്പകശേരിയുടെ പക്കലായി. വടക്കുംകൂറിന്റെ വക കോയിക്കൽ കൊട്ടാരവും കൊട്ടാരത്തിനോട് ചേർന്ന മേൽപ്പറഞ്ഞ ക്ഷേത്ര സമൂഹവും ചെമ്പകശ്ശേരി രാജാവിലായി. അതിൽ ശ്രീകൃഷ്ണ ക്ഷേത്രമില്ല കേട്ടോ. കോയിക്കൽ കൊട്ടാരം നിലനിന്ന സ്ഥലം ഇന്ന് പള്ളിയറക്കാവിലമ്മയുടെ ആറാട്ടുകുളം നിലനിൽക്കുന്ന ഇടത്താണ്. അവിടെയടുത്ത് കൊട്ടാരവും ക്ഷേത്രവുമായി ബന്ധപ്പെട്ട ഗുരുസിക്കളം (ഗുരുതിക്കളം), പടനിലം തുടങ്ങിയ പേരിലുള്ള സ്ഥലങ്ങൾ ഇന്നുമുണ്ട്. 

ചെമ്പകശ്ശേരിക്ക് കൈവന്ന പ്രദേശവും കൊട്ടാരവും സന്ദർശിക്കുന്ന രാജാവിന് രാജ്യാതിർത്തി സന്ദർശിച്ച് തിരികെ അമ്പലപ്പുഴയ്ക്ക് പോകുമ്പോൾ, വിശ്വാസപ്രകാരമുള്ള ക്ഷേത്ര ദർശനത്തോടെയാണല്ലോ തുടങ്ങേണ്ടത്. അത് അക്കാലത്ത് ഏറ്റവും കാവാലംകരയുടെ തെക്കേ അറ്റത്തെ ക്ഷേത്രമായിരുന്ന ദുർഗാ ദേവി ക്ഷേത്രത്തിൽ തൊഴുത് വേണ്ടിവന്നു. എന്നാൽ, ചെമ്പകശ്ശേരി രാജാവിന്  വിശ്വാസപ്രകാരം കൃഷ്ണനെ തൊഴുതു വേണം തുടങ്ങാൻ. പരിഹാരമായി, അങ്ങനെ ശ്രീകൃഷ്ണന് ചെമ്പകശ്ശേരി രാജാവ് ക്ഷേത്രം പണിതു. ആ ക്ഷേത്രമാണ് ഇന്നത്തെ കൃഷ്ണൻമഠം. 

അങ്ങനെ ശൈവ-വൈഷ്ണവ സംസ്‌കാരങ്ങളുടെ അതിർത്തിയായി ഒഴുകിയ പമ്പയുടെ കൈവഴി കാവാലത്ത് ശൈവ-വൈഷ്ണവ സംയോഗത്തിന്റെ പ്രവാഹമായി. അതിർത്തിയായിരുന്ന പുഴ അതിരറ്റ് ഒഴുകി...

നിർമാല്യം ആദ്യം തെക്കേ അറ്റത്തെ ദേവീ ക്ഷേത്രത്തിലാണ്. അവിടെ തൊഴുത് വടക്കോട്ടേക്ക്, അതാണ് രീതി. പുലർച്ചെ അൽപ്പം വൈകിപ്പോയ ചില വിശ്വാസികൾ വടക്കുനിന്ന് ധൃതിപിടിച്ച് തെക്കോട്ട്, ദേവിയെ ആദ്യം തൊഴാൻ ഓടുകയാണ്. കൃഷ്ണൻമഠത്തിന്റെ സമീപത്ത്, അവിടത്തെ നിർമാല്യ ദർശനത്തിന് തെക്കുനിന്നുള്ളവർ. തമ്മിൽ കണ്ടപ്പോൾ ആരോ പറഞ്ഞു, അല്ല അവിടത്തേതു കഴിഞ്ഞു, ഇവിടെ നിർമാല്യം കണ്ട് തൊഴുത് അങ്ങോട്ടേക്ക് പോകാം. അവർ നിരസിച്ചു, അതുവേണ്ട, അവിടുന്ന് ഇങ്ങോട്ട് ആകട്ടെ, അതാണ് ശരി.

പുതിയ തലമുറക്കാരാണ്. അവർക്ക് കൂറ് തെക്കോ വടക്കോ എന്നതൊക്കെ ഒരു ചോദ്യമാണ്. അവർക്ക് ഈ ജനാധിപത്യക്കാലത്ത്, രാജഭരണം ഈ പദേശത്തുണ്ടായിരുന്നുവെന്ന് അറിയുമോ ആവോ. എങ്കിൽ അവർ ഇപ്പോഴും വടക്കുംകൂർകാരാണോ... 

സംശയം തീർക്കാൻ ചിലരോട് ചോദിച്ചു, ഇങ്ങനെയൊക്കെയായിരുന്നുവോ എന്ന സംശയത്തിൽ എന്നെ നോക്കി. വല്ലപ്പോഴും പുഴയാഴത്തിൽനിന്ന് വെള്ളമെടുക്കാൻ വരുന്ന ചില മീനുകളെപ്പോലെ വിരളമായേ എന്നെ കാണാറുള്ളു. കണ്ടാലും ഒരു ചിരിയിലോ ഒരു നമസ്‌കാരത്തിലോ കുശലം തീരുകയും ചെയ്യും. ഞാൻ പറഞ്ഞതൊക്കെ കേട്ട് അവരിൽ ചിലർ നെറ്റി ചുളിച്ചു. ഇയാൾക്ക് ഇതെന്തുപറ്റി, പുലർച്ചെ ചിന്നനടിച്ചോ? കാവാലത്തെ ചരിത്രവും സംഭവങ്ങളും അറിയാവുന്ന അവസാന തലമുറയിലെ ഓരോരുത്തർ കാലംകൂടുകയാണ്. അവരിൽനിന്ന് കാത്തുസൂക്ഷിക്കാൻ ശേഖരിച്ച് വെക്കേണ്ട എന്തെല്ലാമുണ്ടെന്നോ? പലതും കൈമോശം വരികയാണ്...

ചിത്രം:

1,3,4. അമ്പലക്കുളം

2. പമ്പയുടെ കൈവഴിയായ കാവാലത്താറ് 

2021 ഡിസംബർ 22


No comments:

Post a Comment