Wednesday, December 29, 2021

കാവാലം കുറിപ്പുകൾ 2

 കാവാലം കുറിപ്പുകൾ 2


നക്ഷത്രങ്ങളുടെ കാവൽക്കാലം

സന്ധ്യ രാത്രിയായിക്കൊണ്ടിരിക്കെ, ആറു കുട്ടികൾ ക്രിസ്മസ് കരോൾ പാടി വീട്ടുമുറ്റത്തെത്തി. പത്തുവയസായിരിക്കണം അതിൽ മുതിർന്നയാളിന്. അവരിൽ മൂന്ന് പെൺകുട്ടികൾ. അറിയില്ല, അവർ ആരൊക്കെയെന്ന്. ഒരുപക്ഷേ, സഹപാഠികളുടെ മക്കളുണ്ടായിരുന്നിരിക്കാം. ചിലരോട് കുശലം ചോദിച്ചപ്പോൾ പാപ്പാനിവേഷങ്ങൾ അഴിക്കാതെ അവർ പേരും വീട്ടുപേരുമൊക്കെ പറഞ്ഞു. മിടുക്കികൾ, മിടുക്കൻമാർ..
വലിയ മുതൽ മുടക്കില്ലാത്ത സെറ്റപ്പ്. ക്രിസ്മസ് ഫാദറിന്റെ വേഷം സംഘടിപ്പിച്ചിട്ടുണ്ട്. കൊട്ടാൻ എണ്ണപ്പാട്ട. അതിൽ പന്തം പോലെ തുണിചുറ്റിയ കമ്പുകൊണ്ട് താളം പിടിച്ചാണ് പാട്ട്. രണ്ടു കുരുന്നുകൾ തുള്ളിക്കളിക്കുന്നു. എല്ലാവർക്കും നല്ല താളബോധം. ശ്രുതി തെറ്റാത്ത കൂട്ടപ്പാട്ട്.
തലമുറകൾ എത്രകഴിഞ്ഞാലും വഞ്ചിപ്പാട്ടിന്റെ ഈണവും ചുണ്ടൻവള്ളത്തിന്റെ വെടിത്തടിയിലെ ഇടിനാദം ഹൃദയതാളവുമായിട്ടുള്ള കുട്ടനാട്ടുകാർക്ക് താളപ്പിഴ ഉണ്ടാകാനിടയില്ലല്ലോ. അവർ പാടി, ആടി. പോകും മുമ്പ്, അവരുടെ വാമൂടിയ കുടത്തിൽ ചേച്ചി പണം നിക്ഷേപിച്ചു. പഴുത്ത പൂവൻകുലയിൽനിന്ന് ഒരുപടലപ്പഴം കുട്ടികൾക്ക് കൊടുത്തു. അവർ സന്തോഷത്തോടെ സ്വീകരിച്ചു. ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയർ പറഞ്ഞ് അവർ പിരിഞ്ഞു.
അവരിൽ പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമായി. സ്്ത്രീ ശാക്തീകരണം, നവോത്ഥാനം തുടങ്ങിയ അവകാശവാദങ്ങൾ വരുമോ എന്നറിയില്ല. വരുന്നെങ്കിൽ അക്കൂട്ടത്തിൽ ഇതുകൂടി ശ്രദ്ധിക്കണം, വന്ന കുട്ടികൾ ക്രിസ്മസല്ലേ, കരോളല്ലേ, യേശുവിന്റെ പിറവി അറിയിക്കുന്നതല്ലേ, അത് ഒരു മതവിഭാഗത്തിന്റേതല്ലേ, എന്നൊക്കെ ചിന്തിക്കുന്ന മതേതരക്കാലത്ത്, അവർ മതം നോക്കാതെ വന്ന ആഘോഷക്കാരായിരുന്നുവെന്നുകൂടി അറിയിക്കട്ടെ.
അവർ കുട്ടികളല്ലേ, അവരതൊന്നും നോക്കിയിട്ടില്ലായിരിക്കാം എന്ന് പറയാൻ വരട്ടെ, അവരുടെ കരോൾ പുറപ്പാട് വീട്ടിലെ മുതിർന്നവർ അറിഞ്ഞുതന്നെയാണ്. അവർ ഒത്തുചേർന്ന് കഴിഞ്ഞ ഏതാനും ദിവസമായി കരോൾ പരിശീലിക്കുന്നുണ്ടായിരുന്നത്രേ.
നാട്ടിൻപുറത്ത് ഇത്തരം നൻമകൾ വിടരുന്ന രാവുകളാണിപ്പോൾ. പണ്ടുപണ്ട് ഏറെയുണ്ടായിരുന്നു. ഏറെ പ്രൊഫഷണൽ സ്വഭാവത്തിൽ ആളുകൾ പല ഗ്രൂപ്പുകൾ വന്നിരുന്നു. അവരിൽ ചില ക്രിസ്മസ് അപ്പൂപ്പൻമാർ മിഠായി തന്നിരുന്നു. അവർ മതം നോക്കാതെ വീടുകൾ കയറിയിരുന്നു. ആരും അവരെ ഇറക്കിവിട്ടില്ല, അവർക്ക് 'കാണിക്കപ്പെട്ടി'കളിൽ പണമിട്ടുകൊടുത്തിരുന്നു. രസകരമയിരുന്നു അക്കാലം.
വിഷുവിന് കണികാണിക്കാൻ വീടുകൾ തോറും കണിയൊരുക്കിയ കാഴ്ചയുമായി കയറിയിറങ്ങുന്ന സംഘങ്ങൾ ഏറെയുണ്ടായിരുന്നു. ആരാണ് കണികാണിച്ചതെന്ന് അറിയാതിരിക്കണം, കണികാണാൻ വീടുതുറന്നെത്തുന്നവരുടെ കണ്ണിൽ ആദ്യം പെടാതെ നിൽക്കണം. അതി മനോഹരമായി പാടണം, വാദ്യങ്ങൾ വേണം, കാഴ്ച വിസ്മയകരമാകണം... ഒക്കെ സഹിക്കാം, കണികാണിക്കൽ പുലർച്ചെയാകണം. അവരും മതമൊന്നും നോക്കിയിരുന്നില്ല. ഹിന്ദുവിന്റെ വീട്ടിൽ മാത്രമല്ല, കണികാണിച്ചിരുന്നത്. കണികാണാൻ ഇതരമതസ്ഥർ വിസമ്മതിച്ചതുമില്ല. കണിയുമായി വീട്ടിൽ ചെല്ലാഞ്ഞതിന് പിറ്റേന്ന് പരിഭവം പറഞ്ഞ ക്രിസ്ത്യൻ വീട്ടുനാഥൻമാരുമുണ്ടായിരുന്നു.
ഭക്തിയോടെ ഈ ചര്യകൾ നടത്തിയിരുന്ന കാലം കഴിഞ്ഞ്, ഇതൊരു വരുമാനമായി കണ്ടകാലത്ത് മത്സരങ്ങൾ പോലുമുണ്ടായി. അതിനുമുമ്പ് കൗതുകം, രസം, സഹാപാഠികളുടെ വീടു സന്ദർശനം, പ്രണയികൾക്ക് രോമാഞ്ചം കൊള്ളൽ തുടങ്ങിയ വിനോദങ്ങളായിരുന്നു ചിലർക്ക്. പലപല സംഘങ്ങൾ വന്നുപോകുന്ന രാത്രികളിൽ കണികൾക്ക് ജഡ്ജായി, കണികാണിച്ചവരെ തിരിച്ചറിയുന്ന ഡിറ്റക്ടീവായി ഒക്കെ നാട്ടിൻപുറം അവ ആഘോഷിച്ചുപോന്നു.
ഇടയ്‌ക്കെവിടെയോ അതൊക്കെ് മെനക്കെട്ട ചടങ്ങായി.
പല വീരസ്യങ്ങളും രസങ്ങളും കേട്ടുകേട്ട്, ഒരിക്കലെങ്കിലും ആ വിഷുക്കണിസംഘത്തിനൊപ്പം പോകാൻ കൊതിമൂത്തു. കണിക്കാർ കാശു വാങ്ങുന്നു, അത് പങ്കുവെക്കുന്നു, അത് തെറ്റായ ശീലം, ആ കൂട്ടത്തിൽ പോയാൽ രാത്രിയിലെ തോന്യവാസങ്ങൾ ചെയ്യും തുടങ്ങിയ വിമർശനങ്ങളോടെ കർശന വിലക്ക്‌വന്നു.
ഒരിക്കൽ, ഒരു ചെറുസംഘത്തിനൊപ്പം, ആ രാത്രി അച്ഛന്റെ വീട്ടിൽ കിടക്കുമെന്ന് അമ്മയോടും അച്ഛൻവീട്ടിൽ മറിച്ചും പറഞ്ഞ്, രാത്രിയിൽ കണിക്കാർക്കൊപ്പം ചേർന്നു; പാട്ടുകാരനായിരുന്നു. കണികാണും നേരം കമല നേത്രന്റെ... പതിവ് പാട്ട്. ശബ്ദം തിരിച്ചറിഞ്ഞ നാട്ടുകാർ റിപ്പോർട്ട് ചെയ്തു. സ്വന്തം വീട്ടിലും പരിസര വീടുകളിലും പോകാതിരുന്നത് വീട്ടിലറിയാതിരിക്കാനാണ്. പക്ഷേ, നാട്ടുകാർ അറിയിച്ചു. വഴക്കും ശാസനയും കിട്ടി. കണിക്കാണിക്കയുടെ പങ്ക് വാങ്ങിയിരുന്നില്ല, അതിനാൽ ആ കുറ്റബോധം ഉണ്ടായില്ല. ചില സത്യങ്ങൾ അറിഞ്ഞു, അത്തരം കൂട്ടക്കളിയിൽ അരുതാത്തതിൽ പങ്കാളിയാകും. പിന്നെ ഒന്നോ രണ്ടോവട്ടംകൂടി അങ്ങനെ കണികാണിക്കാൻ പോയി.
ഒരിക്കിൽ ഒന്നിൽക്കൂടുതൽ സംഘങ്ങൾ കണികാണിക്കാനിറങ്ങിയതും വാർഡ് അതിരുകൾ കടന്ന് വന്നതുമൊക്കെ കണിസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായി. കൃഷ്ണന്റെ വിഗ്രഹവും കണിവസ്തുക്കളും ഒരുക്കിയ വലിയ കൂട് ഒന്നുരണ്ടു പേർ മാറിമാറി ചുമക്കും. അങ്ങനെ പോയ വഴിയിൽ, 'എതിർകക്ഷികൾ' ഭയപ്പെടുത്താൻ പാതിരാവിൽ ഒളച്ചിരുന്ന് നായക്കൂട്ടം കുരച്ചു ചാടുന്ന 'മിമിക്രി' അവതരിപ്പിച്ചപ്പോൾ ചിതറി ഓടിയ സംഘത്തിൽ, കൃഷ്ണനെ തലയിലേറ്റിയ കൂട്ടുകാരൻ കിണറ്റ് വക്കിൽ മണിക്കൂറുകൾ തൂങ്ങിക്കിടന്നതും അപ്പോഴും കൃഷ്ണ വിഗ്രഹത്തിലെ പിടിവിടാതിരുന്നതും മറ്റൊരു സാഹസിക ചരിത്രമായി. മഞ്ഞുകൊണ്ട പനിമാറാനും (പേടിച്ചതല്ല എന്നാണിപ്പോഴും സ്വയം വിശ്വസിപ്പിക്കുന്നത്, ഓടിവീണപ്പോഴത്തെ മുറിവുണങ്ങാനും ഏറെനാൾ വേണ്ടിവന്നു. മാനക്കേട് മാറാൻ അതിലേറെയും!)
ഇത്തരം സംഘങ്ങളിൽ ഏറെപ്പേരുണ്ടായിരുന്നു. എന്നാൽ രണ്ടേ രണ്ടുപേർ ശ്രീകൃഷ്ണന്റെ ഫോട്ടോയും ഒരു ഗഞ്ചിറയും ഓടക്കുഴലുമായി കണികാണിച്ചത് അക്കാലത്ത് പിറ്റേന്നത്തെ 'ഹിറ്റോ' 'വൈറലോ' ആയ സംഭവമായി.
ഒരു സിനിമയിൽ നടൻ ഹരിശ്രീ അശോകൻ താടിയും മീശയും വെച്ച ശ്രീകൃഷ്ണനായി വേഷം കെട്ടുന്നുണ്ട്. അത് കാവാലത്തെ ചില വിരുതൻമാർ നാലുപതിറ്റാണ്ടുമുമ്പ് അവതരിപ്പിച്ച പരിപാടിയുടെ പകർപ്പായിരുന്നോ എന്ന് ആ രംഗം കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അത്തരം കൃതിവികൃതികൾ ആവിഷ്‌കരിക്കപ്പെടാത്ത നാട്ടിൻപുറങ്ങളുണ്ടോ. കരോളും മതേതരത്വവും പറഞ്ഞ് വിഷുവിലും കണിയിലുമെത്തി.
നാൽപ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപാണ്; ഒപ്പം പഠിക്കുന്നവർ ക്രിസ്മസ് രാത്രിയിൽൽ പുലർച്ചെ പള്ളിയിൽ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചുള്ള ഡീക്കടി (ഇന്ന് അത് തള്ളലാണ്) കേട്ട് സഹിക്കാതെ കണ്ടറിയാൻ ലിസ്യൂ പള്ളിയിൽ പോയി.
പള്ളിയുടെ ഒരു പ്രദേശം മുഴുവൻ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. വിശാലമായ പുൽക്കൂട്, നക്ഷത്രങ്ങൾ ആകാശത്തും പള്ളിപ്പരിസരത്തും. ഉണ്ണിയേശു അവിടെ ജനിക്കുമെന്നാണ് സഹപാഠി ചാക്കോ തോമസിന്റെ തള്ള്. അവനെ കൈവിടാതെ പിടിച്ച് ഒപ്പം നിർത്തി. തിരുപ്പിറവി അറിയിച്ച് പള്ളിമണി മുഴങ്ങി. പുൽക്കൂട്ടിൽ പ്രതിമകൾമാത്രം. പള്ളി അൾത്താരയിൽനിന്ന് ഗീതങ്ങളും വചനങ്ങളും ആമേനുകളും. ഞങ്ങൾ ചാക്കോയെ വിടുന്നില്ല. ചാക്കോ ദാ നോക്കിക്കോ എന്ന് പറഞ്ഞ് പുഴക്കരയിലെ പുൽക്കൂട്ടിനടുത്തേക്ക് ശ്രദ്ധ വിളിച്ചു.
പെട്ടെന്ന് അവിടെ ഒരു അനക്കം. ഞങ്ങൾ ചാക്കോയുടെ പിടിവിട്ടു. ചാക്കോ ഓടി പള്ളിക്കുള്ളിൽ കയറി. ഞങ്ങൾ ചാക്കോക്കഥകളിലെ സെമിത്തേരിയിലെ കാഴ്ചകളും സംഭവങ്ങളും ഒക്കെ ഓർമിച്ച് സ്ഥലം കാലിയാക്കാൻ ഓടി. അവധികഴിയാൻ നിന്നില്ല, ചാക്കോ പിറ്റേന്നുതന്നെ 'അത്ഭുതം' പറയാൻ ഞങ്ങടെ വീടുകളിലെത്തി.
അന്നൊക്കെ എല്ലാ വീട്ടിലും നക്ഷത്രങ്ങൾ ഉണ്ടാക്കി തൂക്കുമായിരുന്നു. വൈദ്യുതി വ്യാപകമാകും മുമ്പ്, നക്ഷത്രം വിലയ്ക്ക് കിട്ടുന്ന കാലത്തിന് മുമ്പ്, ഇറയോ കമുകിൻ വാരിയോ കൊണ്ട് വർണ്ണക്കടലാസ് പൊതിഞ്ഞ് നക്ഷത്രങ്ങൾ ഉണ്ടാക്കി. അതിൽ വിളക്ക് കത്തിച്ച് വെച്ച് ചിലർ അത്ഭുതങ്ങൾ കാട്ടി. കാറ്റിൽ വിളക്ക് മറിഞ്ഞ് കത്തിപ്പോയ നക്ഷത്രങ്ങളുടെ കഥയുമുണ്ട്.
പിന്നെ എപ്പോഴോ ചിലരൊക്കെച്ചേർന്ന് നടപ്പാക്കിയ 'മതേതരത്വം' അത്തരം കൂട്ടുൽസവങ്ങൾ ഏറെ കൃത്രിമമാക്കി. കച്ചവടമനസും രാഷ്ട്രീയ ഇടപെടലുകളും വോട്ടുബാങ്ക് രാഷ്ട്രീയവും നാട്ടിൻ ന്മകളും ഒരുമകളും ഇല്ലാതാക്കി. മതങ്ങൾ വളർന്നു, മത സൗഹാർദ്ദം തകർന്നു. സഹിഷ്ണുത കുറഞ്ഞു, സഹവർത്തിത്വം അകന്നു. എങ്കിലും നാട്ടിൻപുറങ്ങളിൽ കാവാലം പോലെ ചിലയിടത്തെങ്കിലും, ഇതൊക്കെ തുടരുന്നു. നമുക്ക് പ്രത്യാശിക്കാം...
നക്ഷത്രം എന്നാൽ ആശ്രയിക്കുന്നവർക്ക്, സേവിക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എന്നാണ് അർഥം. നക്ഷത്രങ്ങൾ വഴിവിളക്കുകളാണ്, ആഴക്കടലിൽ ദിശയറിയാത്തവർക്ക് ധ്രുവ നക്ഷത്രം ആശ്രയമാണ്; രക്ഷയാണ്. ശാസ്ത്രജ്ഞർക്ക് നക്ഷത്രം ദിശയാണ്. തിരുവാതിര നക്ഷത്രവും മകര നക്ഷത്രവും ആശ്രയിക്കുന്നവർക്ക് ഗുണം ചെയ്യുന്നതാണ്. യേശുവിന്റെ പിറവിയിടം അറിയാൻ സഹായിച്ച വാൽനക്ഷത്രം വഴികാട്ടിയാണ്. പിറ (ചന്ദ്രൻ) കണ്ട് വിശ്വാസപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങൾ തുടങ്ങുന്ന മതം ഒരു നക്ഷത്രത്തെയാണ് ആശ്രയിക്കുന്നത്. സൂര്യഗായത്രി ചൊല്ലി ദിവസം തുടങ്ങുന്ന വിശ്വാസക്കാരും നക്ഷത്രത്തിന്റെ ആശ്രിതരാണ്. അവിശ്വാസികൾക്കും നക്ഷത്രം പ്രതീക്ഷയാണ്.
നക്ഷത്രക്കാലം ഓർമിപ്പിക്കുന്ന ക്രിസ്മസ് തലേന്ന് ഇത് കുറിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് മറ്റൊരു കരോൾക്കൂട്ടം കടക്കുന്നു. ക്രിസ്മസ് ആശംസകൾ...
..................................
1. ഈ വർഷത്തെ കുട്ടിക്കിടാങ്ങളുടെ ക്രിസ്മസ് കരോൾ
2. ഒരു ക്രിസ്മസ് കാലത്ത് മകനും കൂട്ടുകാരും ചേർന്നിറക്കിയ കൊച്ചുസിനിമ കാണാം...
2021 ഡിസംബർ 24

No comments:

Post a Comment