Saturday, January 28, 2012

പരിപ്പുവടയുടെ ഗന്ധവും 
പ്രാണന്‍ വിറ്റ ചായയും

കഴിഞ്ഞ ദിവസം രഘുവിനെ കണ്ടപ്പോഴാണ് 
ആ പഴയ കഥകള്‍ ഓര്‍മ്മിച്ചത്. അതെക്കുറിച്ചെഴുതാന്‍ ഇരിക്കുമ്പോള്‍, ഒച്ചയുണ്ടാക്കാതെ ഞാനെന്താണെഴുതുന്നതെന്ന് അറിയാനെന്നപോലെ പിന്‍ജാലകത്തിലൂടെ കടന്നുവന്ന ഇളം കാറ്റിന് ആ പഴയ ഗന്ധം. നാടന്‍ വെളിച്ചെണ്ണയില്‍ മൂക്കുന്ന, കറിവേപ്പിലയും ചെറിയുള്ളിയും പച്ചമുളകും തുവരപ്പരിപ്പും കൂടി മൂക്കുന്ന സുഗന്ധം. ഹായ്!! നീട്ടിയൊന്നു വലിച്ചു കയറ്റി.... അപ്പോള്‍ ഞാന്‍ കാവാലത്തെ വൈപ്പും പാടത്തില്‍ കരയില്‍ ഉച്ചകഴിഞ്ഞ് ഏതാണ്ടു മൂന്നു മണിയോടെ പടിഞ്ഞാറുനിന്ന വന്ന് കിഴക്കോട്ടു പോയി ചുറ്റിത്തിരിഞ്ഞു അവിടെത്തന്നെ കറങ്ങിയടിക്കു കാറ്റില്‍ പനയോലകൊണ്ടുള്ള ചെറിയ കാറ്റാടി ഉണ്ടാക്കി അതില്‍ നീലവും ചുണ്ണാമ്പും ചേര്‍ത്ത് നിറം കൊടുത്ത് വേഷം കോലില്‍ ഇട്ടുണ്ടാക്കിയ കാറ്റാടിയുടെ കറക്കം ആസ്വദിക്കുന്ന അഞ്ചാം ക്ളാസുകാരനായി.... അത്തരം വേളകളിലാണ് ആ സുഗന്ധം വരാറ്... നാട്ടുകാര്‍ സ്നേഹപൂര്‍വം അളിയനെന്നു  വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ചയക്കട... അമ്പലത്തിലും സ്കൂളിലും പോകുമ്പോള്‍ അവിടത്തെ ചില്ലരമായലില്‍ ഇരുന്നു ചിരിക്കുന്ന പരിപ്പുവടയും ഉണ്ട (ബോണ്ട)യും (ഇത് ഇന്ന് അകത്തു മസാലവെച്ച ബോണ്ടയല്ല... എങ്ങനെയാണോ പഴയ ആ ഉണ്ട ഉണ്ടമ്പൊരിയായത്, എത്തയ്ക്കാപ്പം (അതു പഴംപൊരിയായിരിക്കുന്നു ഞങ്ങടെ നാട്ടിലും).... 
ആ ചിരിയെല്ലാം കടയുടെ മുന്നില്‍ ചെല്ലുന്ന വേളയിലേ ആകര്‍ഷിച്ചിരുന്നുള്ളു. എന്നാല്‍ ഈ സുഗന്ധമുണ്ടല്ലോ, അത് ഇങ്ങോട്ടു വരുമായിരുന്നു. മൊരിഞ്ഞ പരിപ്പുവടയുടെ സ്വാദ് ഒന്നു വേറേതന്നെ... പച്ചമുളകും ചെറിയുള്ളിയും കറിവേപ്പിലയും കൃത്യമായ അളവില്‍ ചേര്‍ന്ന്... ഒരു സുവര്‍ണ നിറത്തില്‍ മൊരിഞ്ഞ്, അകത്തു മഞ്ഞ നിറം നിറഞ്ഞ്, വെളിച്ചെണ്ണ കിനിയുന്ന പരിപ്പുവട... വല്ലപ്പോഴും വാങ്ങുന്ന (ചായക്കടയില്‍ കയറുന്നത് അന്നെല്ലാം ആക്ഷേപകരമായിരുന്നു... ചായക്കടയിലെ പലഹാരങ്ങള്‍ വാങ്ങുന്നതും എന്തോ മോശപ്പെട്ട കാര്യമായി കണക്കാക്കപ്പെട്ടിരുന്നു... ഇന്ന് മൂന്നു നേരം ഹോട്ടല്‍ ഭക്ഷണം കഴിച്ചു കഴിയേണ്ടുന്ന സാഹചര്യങ്ങളില്‍ ആ കാലം ഒരു കൌതുകമായി ഓര്‍മയില്‍ വരാറുണ്ട്...) ആ പരിപ്പുവട കൊതിയോടെ തിന്നുന്നതിന്റെ അവസാന അവസാന ഭാഗം പൊതിഞ്ഞുകൊണ്ടുവന്ന ആ കടലാസു മണപ്പിക്കലാണ്.
അങ്ങനെ ഒരിക്കല്‍ ഒരു ചേച്ചിയാണ് ആ അഭിപ്രായം മുന്നോട്ടു വെച്ചത്. നമ്മള്‍ പരിപ്പുവടയുണ്ടാക്കുന്നു. അതിനു മുന്നോടിയായി നിര്‍മാണം പഠിക്കാന്‍ വിട്ടത് ഞങ്ങളെയാണ്. ഞാനും ചേട്ടനും കൂടി അങ്ങനെ ചായക്കടയുടെ പിന്നാമ്പുറത്തു പോയി. അന്നു വയസു 13-14 ആയെന്നാണോര്‍മ്മ. ഉച്ചയൂണുകഴിഞ്ഞ് അടുക്കളില്‍ അദ്ദേഹം വലിയ ആട്ടുകല്ലില്‍ പരിപ്പ് അരയ്ക്കുകയാണ്... ഞങ്ങള്‍ കാര്യം പറഞ്ഞു... ആദ്യമൊന്നു ചിരിച്ചു... എന്റെ കച്ചവടം പൂട്ടിക്കുമോ.... ഇവിടുന്നു വാങ്ങിയാല്‍ പോരേ എന്നു ചോദ്യവും വന്നു... പിന്നെ പറയാന്‍ തുടങ്ങി... കടയ്ക്കുള്ളില്‍ ബഞ്ചിനു മുകളില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും മുളകും നോക്കി വരാന്‍ പറഞ്ഞു... അകത്ത് ബഞ്ചില്‍ ഒരുകൂന ഉള്ളി അരിഞ്ഞിരിക്കുന്നു.... അവിശ്വസനീയം ഒരു ഫാക്ടറിയില്‍ ഉണ്ടാക്കിയതുപോലെ.. എല്ലാ കഷ്ണവും ഒരേ വലുപ്പത്തില്‍...... പച്ചമുളക് ഒരു ചെറുകൂന... അവയും അച്ചടക്കമുള്ള പട്ടാളക്കാരുടെ ഒരു കൂട്ടം പോലെ... കറിവേപ്പിലയുമുണ്ട് ഒരു പിടി.... പിന്നെ വിളിച്ചു.. അത് കണ്ടോ... ഇനി ഇതുപോലെ പരിപ്പ് അരച്ചെടുക്കണം. ഈ പരിപ്പ് രാവിലെ അഞ്ചുമണിക്ക് വെള്ളത്തിലിട്ടു കുതിര്‍ത്തതാണ്.... എണ്ണ തിളയ്ക്കുമ്പോള്‍ പരിപ്പില്‍ ഉള്ളിലും വേപ്പിലയും മുളകും ചേര്‍ത്ത് ചെറു വലുപ്പത്തില്‍ വട പരത്തി അതിലിട്ട് മൂത്ത മണം വരുമ്പോള്‍ കോരിയെടുക്കുക....വട എണ്ണയില്‍ ഇടുമ്പോള്‍ എണ്ണ പൊട്ടിത്തെറിക്കാതെ സൂക്ഷിക്കണം എന്നൊരുപദേശവും....
ഞങ്ങള്‍ കുതിച്ചു വീട്ടിലേക്ക്... നിര്‍മാണ രഹസ്യം പങ്കുവെച്ചു. പിറ്റേന്ന് പരിപ്പുവടനിര്‍മാണ യജ്ഞം... തലേന്നേ വാങ്ങിയ പരിപ്പു പുലര്‍ച്ചെ വെള്ളത്തിലിട്ടു. പാടുപെട്ട് ഉള്ളിയും മുളകും ഒരേ വലുപ്പത്തില്‍ അരിഞ്ഞെടുത്തു. ഊണുകഴിഞ്ഞപ്പോള്‍ പരിപ്പ് കഴുകിയെടുത്ത് അരച്ചു. അരയാന്‍ വിഷമം... വെള്ളം ചേര്‍ത്ത് അരച്ചു...
എണ്ണ മൂത്തു... വട പരത്തി... എണ്ണയിലിട്ടു... പരിപ്പു പലവഴിക്ക്... ഉള്ളി കരിഞ്ഞ് എണ്ണക്കു മുകളില്‍ പൊന്തി... കണ്ണോപ്പയിട്ടിളക്കി പൊക്കിയപ്പോള്‍ കരിഞ്ഞ പരിപ്പിന്റെ അവശിഷ്ടങ്ങള്‍ മാത്രം....
പഴി ഞങ്ങള്‍ക്കായി... ഞങ്ങള്‍ അളിയനെ സംശയിച്ചു... പറഞ്ഞുതത് തെറ്റിയോ... ആദ്യം നാണക്കേട്...പിന്നെ ദേഷ്യം...
ഒന്നു ചോദിച്ചിട്ടുതന്നെ കാര്യം .....നേരേ കടയിലേക്ക്....
ങും?? എന്താ വടയുണ്ടാക്കിയോ?...
മിണ്ടിയില്ല...
എന്തു പറ്റി...??
വടയുണ്ടാക്കിയില്ല... അതിനു കാര്യം പറഞ്ഞു...
ഹഹഹഹ എന്നൊരു പൊട്ടിച്ചിരി... പിന്നെ ചോദ്യം ചെയ്യല്‍... പരിപ്പു കഴുകിയാണോ കുതിരാന്‍ ഇട്ടത്....? മറുപടി-അല്ല....
ഛെ... കുതിര്‍ന്നു കഴിഞ്ഞു കഴുകിയാല്‍ പരിപ്പിന്റെ പശിമ പോകില്ലെ.... അതാണു പ്രശ്നം... അരച്ചപ്പോള്‍ വെള്ളം ചേര്‍ത്തോ...?? മറുപടി-ചേര്‍ത്തു...
ഹാ കഷ്ടം.... കുറച്ചെങ്കിലും പശിമ ഉണ്ടായിരുന്നെങ്കില്‍ അതും പോയിക്കിട്ടിക്കാണും.... സാരമില്ല... ഇനി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി... ഇപ്പോള്‍ ഈ വട കൊണ്ടുപൊയ്ക്കോ... പൈസ പിന്നെ കൊണ്ടുവന്നാല്‍ മതി.....
ആ പരിപ്പുവടയ്ക്ക് പതിവിലുമേറെ സ്വാദുണ്ടായിരുന്നോ....... പില്‍ക്കാലത്ത് കണ്ണന്‍ചേട്ടനാണ് ആ കട നടത്തിയത്. കണ്ണന്‍ചേട്ടന്റെ സ്പെഷ്യല്‍ 'അള്‍ഗാ'യിരുന്നു.... ഇഡ്ഡലിത്തട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന, ഗോതമ്പുകൊണ്ടുള്ള, ഇളം മധുരമുള്ള, ഉള്ളില്‍ ഒരുകൊത്തു തേങ്ങയുള്ള ആ ഭക്ഷണത്തിന് ആരാണ് 'അള്‍ഗ്' എന്നു പേരിട്ടതെന്നറിയില്ല. അതിനു മറ്റൊരു പേരും ചേരില്ലായിരുന്നു...... അന്നത്തെ കാവാലം ജംഗ്ഷനെന്നോ ടൌണ്‍  എന്നോ ഒക്കെ വിശേഷിപ്പിക്കാമായിരുന്ന മുലേച്ചേരിയില്‍ കേശവന്റെ കടയിലെ പ്രത്യേകത ഉണ്ടയായിരുന്നു... കേശവനുണ്ട എന്നായിരുന്നു പേര്....അങ്ങനെ എത്രയെത്ര കടകള്‍.. കഥകള്‍ ... 
നാട്ടുമ്പുറത്തെ ചായക്കടകള്‍ എല്ലാ നാട്ടിനും ഒരു മുഖമായിരുന്നു... ഇന്നു നാട്ടിന്‍ പുറത്തും ചായക്കടകള്‍ റസ്റ്ററന്റുകളായി.... പൊറോട്ടയും ഇറച്ചിയും ചപ്പാത്തിയും ചിക്കനും ബിരിയാണിയും ഫ്രൈഡ് റൈസും ആണു മുഖ്യ മെനു....
ആ പഴയ കാലം...
പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവകാലം.. വിശാലമായ അമ്പലപ്പറമ്പില്‍ എട്ടു താല്‍കാലിക ചായക്കടകള്‍ വരെ എണ്ണിയിട്ടുണ്ട് ഞാന്‍... അതില്‍ രാമകൃഷ്ണന്‍ ചേട്ടന്റെ ചായക്കടയിലെ ചായക്കുള്ള വെള്ളം തിളയ്ക്കുന്ന ചെമ്പു പാത്രം സംസാരിക്കുന്നതു കേള്‍ക്കാന്‍ പോയി നില്‍ക്കുമായിരുന്നു...
കിടുകിടു.. കിടുകിടുകിടു... കിടു..എന്നിങ്ങനെ...
പാത്രം പറയുന്നത് ഇതാണ്, അല്ല, അതാണ് എന്നു ഞങ്ങള്‍ കുട്ടികള്‍ തര്‍ക്കിക്കുമായിരുന്നു..
പിന്നൊരിക്കലാണറിഞ്ഞത് അതു വെള്ളം തിളയ്ക്കുന്നതിന്റെ ചൂടറിയാനുള്ള സംവിധാനമായിരുന്നുവെന്നറിഞ്ഞത്...
 20 പൈസയുടെ പഴയ പിത്തള നാണയമായിരുന്നുവത്രേ അത്.... അതു ചെമ്പു പാത്രത്തില്‍ ചെന്നു മുട്ടുന്ന ശബ്ദമായിരുന്നു അത്..... 
ഒടുവില്‍ പങ്കന്‍ ചേട്ടന്റെ ചായക്കടക്കഥ കൂടി പറഞ്ഞു നിര്‍ത്താം...(ഇതിലെ കഥാപാത്രമായ മണിയന്‍ ചേട്ടന്‍ പറഞ്ഞ കഥ) പങ്കന്‍ ചേട്ടന്‍ ചായക്കട നടത്തുന്നു...ഏറെ ചെറുപ്പക്കാര്‍ അന്നു നാട്ടില്‍ തൊഴിലില്ലാതെ നടന്ന കാലം... ആല്‍ത്തറയിലും അമ്പലക്കടവിലും ആറ്റുവക്കത്തും ഇവരുടെ വിഹാരം... തൊഴിലില്ലെങ്കിലും ചായക്കടയില്‍ നിന്നു ഭക്ഷണം, ചായ... കടമാണു കാര്യങ്ങള്‍... പറ്റു പറയുക പോലുമില്ല... കിട്ടില്ലെന്നു പങ്കന്‍ചേട്ടനറിയാം, കൊടുക്കാനാവില്ലെന്ന്  മണിയന്‍ ചേട്ടനും മറ്റു പറ്റുകാര്‍ക്കും അറിയാം...എങ്കിലും പങ്കന്‍ചേട്ടന്‍ കൃത്യമായി എഴുതിവെക്കും... രാജ്യവ്യാപകമായി ജനസംഖ്യാ പെരുപ്പം തടയാന്‍ 'നമ്മള്‍ രണ്ട്, നമുക്കു രണ്ട്' പദ്ധതിയുടെ ഭാഗമായി കുടുംബാസൂത്രണം തകൃതിയായി നടക്കുന്ന കാലം...
കാലത്ത് പത്തുമണിക്ക് കടയടച്ച് പങ്കന്‍ചേട്ടന്‍ പത്തരമണിയുടെ ബോട്ടില്‍ ആലപ്പുഴക്കു പോയി.... പിറ്റേന്നു കാലത്തെ   കട തുറന്നുള്ളു... പതിവുപോലെ ദോശയും ചായയും കഴിച്ച്, കടയുടെ മുന്നിലുള്ള തോട്ടില്‍ കൈകഴുകി, പാലം കയറി, മണിയന്‍ ചേട്ടന്‍ അമ്പലപ്പറമ്പു ലക്ഷ്യമാക്കി പോകുമ്പോള്‍ പിറകില്‍ നിന്നു കൈകൊട്ടി വിളിക്കുന്നു പങ്കന്‍ചേട്ടന്‍...
ദയനീയമായി ഇങ്ങനെ ഒരു പ്രസ്താവനയും.....
'എടാ മഹാ പാപീ... പ്രാണന്‍ വിറ്റ കാശാണ്... പൈസ തന്നില്ലെങ്കിലും പറ്റു പറഞ്ഞിട്ടെങ്കിലും പോടാ....'
സംഭവത്തിന്റെ ഫ്ളാഷ് ബാക്ക് ഇങ്ങനെ- പങ്കന്‍ചേട്ടന്‍ തലേന്ന് ആലപ്പുഴക്കു പോയത് കുടുംബക്ഷേമ തീവ്രയജ്ഞ പരിപാടിയില്‍ പങ്കെടുക്കാനാണ്. വന്ധ്യംകരണം നടത്തി 250 രൂപ വാങ്ങി, അതില്‍നിന്ന് ഒരു കിലോ തേയിലയും രണ്ടു കിലോ പഞ്ചസാരയും വാങ്ങി വന്നതാണ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പങ്കന്‍ചേട്ടന്‍... ആ സങ്കടമെല്ലാം തീര്‍ക്കുകയായിരുന്നു 'പ്രാണന്‍ വിറ്റ...' എന്ന ആ പ്രയോഗത്തിലൂടെ....
രഘു നാട്ടില്‍ അവധിക്കു വന്നതാണ്.... പിറ്റേന്നു തിരിച്ചു പോയി... എപ്പോള്‍ വന്നാലും പോകുമ്പോള്‍ മധുച്ചേട്ടന്റെ കടയില്‍ പറഞ്ഞ് എണ്ണയില്‍ വറുക്കുന്ന കേക്കുണ്ടാക്കിക്കും... മൈദയും പഞ്ചസാരയും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന എണ്ണയില്‍ വറുത്ത കേക്കുകള്‍... അതു കുറേ കൊണ്ടു പോയി അന്യനാട്ടില്‍ കഴിയുന്ന മക്കള്‍ക്കൊപ്പമിരുന്നു  തിന്നുന്നത് ഒരു സുഖമാണെന്ന് രഘുവിന്റെ പക്ഷം....
ഇപ്പോഴും നാട്ടില്‍ പോയാല്‍ ഏതെങ്കിലും ചായക്കടയില്‍നിന്ന് ഒരു ചായ ഞാന്‍ കുടിക്കും... അതൊരു സുഖമാണ്... ഓര്‍മകള്‍ക്ക് പുതിയ ഉന്‍മേഷം നല്‍കും.... പക്ഷേ ചില്ലലമാരയില്‍ ചിലപ്പോള്‍ ചിരിക്കുന്നത് മരിച്ച കോഴിയും മരവിച്ച പൊറോട്ടയുമായിരിക്കും....

No comments:

Post a Comment