Sunday, April 26, 2015

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

 കാവാലം ശശികുമാര്‍
April 21, 2015
യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക?

കുടുംബക്കോടതികള്‍ പെരുകുകയും അവയിലെല്ലാം അതിപ്രശസ്തരുടെ മുതല്‍ അപ്രശസ്തരുടെ വരെ കുടുംബപ്രശ്‌നങ്ങള്‍ തര്‍ക്ക വിഷയമാവുകയും ചെയ്യുന്ന കാലമാണിത്. ഭാരതത്തിന്റെ നിലനില്‍പ്പുതന്നെ അടിസ്ഥാന ഘടകമായ കുടുംബ വ്യവസ്ഥയിലൂടെയാണ്. അത് ശക്തിപ്പെടേണ്ടത്ആവശ്യവുമാണ്. പക്ഷേ, കുടുംബ വഴക്കുകളുടെ എണ്ണം കൂടിക്കൂടിവരികയാണ്. അതു ദമ്പതിമാര്‍ തമ്മില്‍ മാത്രമല്ല, അമ്മ മകനെതിരേ കോടതി കയറുന്നു, അച്ഛന്‍ മകനെതിരേ കേസുകൊടുക്കുന്നു, സഹോദരങ്ങള്‍ തമ്മില്‍ തലതല്ലിക്കീറുന്നു. ഇതെല്ലാം പതിവു സംഭവങ്ങളാകുന്നു.
കുടുംബ വ്യവസ്ഥയുടെ കരുത്ത് ഏറെക്കുറേ ശക്തമാണ് ഭാരതത്തില്‍. അതുകൊണ്ടാണ് ആഗോള സാമ്പത്തിക മാന്ദ്യം വന്നപ്പോഴും ഭാരതം മറ്റു രാജ്യങ്ങളേക്കാള്‍ പിടിച്ചു നിന്നത് എന്നൊരു സാമ്പത്തിക ശാസ്ത്ര വിശകലനമുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിലുള്ള സമ്പാദ്യ സമ്പ്രദായത്തിന്റെ അടിത്തറയാണ് അതിനു സഹായകമായതത്രെ. സാംസ്‌കാരികമായി ഈ കുടുംബ ഭദ്രതയെന്ന മനഃസ്ഥിതിയാണ് ഭാരതത്തിലെ രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും ആധാരശിലകളിലൊന്ന്.
മറ്റു പല രാജ്യങ്ങള്‍ക്കുമില്ലാത്ത, അവിടുത്തെ ചിന്തകര്‍ക്ക് ഇനിയും പിടികിട്ടാത്ത, ഈ മനഃശാസ്ത്രത്തിന്റെ കരുത്ത് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സാമ്രാജ്യ അധിനിവേശ കാലം മുതല്‍ ഇപ്പോഴും ഭാരതീയ സംസ്‌കാരത്തിന്റെ ഇത്തരം തായ്‌വേരുകള്‍ അറുക്കാനുള്ള പ്രവണതകള്‍ ചുറ്റും സജീവമായിക്കൊണ്ടിരിക്കുന്നത്. വൈദേശിക സങ്കല്‍പ്പിതമായ ഇത്തരം വഴിതെറ്റിയ പരിഷ്‌കാരങ്ങള്‍ പുതിയൊരു സംസ്‌കാരമായോ ജീവിതരീതിയായോ നമ്മള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഉടുപ്പും കഴിപ്പും മുതല്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വരെ ഈ നിര്‍ബന്ധാവസ്ഥയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. അതിനു വഴങ്ങാത്തവരും എതിര്‍ക്കുന്നവരും വികസനവിരുദ്ധരോ പരിഷ്‌കാര വിദ്വേഷികളോ ആയി മുദ്രകുത്തപ്പെടുന്നു. പക്ഷേ, പുത്തന്‍ പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്നുണ്ട് പുതിയതലമുറയില്‍പ്പെട്ട പലരും എന്നതാണ് ആശ്വാസകരമായ സൂചനകള്‍.അതുകൊണ്ടുതന്നെ കുടുംബത്തകര്‍ച്ചകള്‍ക്കുള്ള വഴികളില്‍ സ്വയം പരിഹാരങ്ങളുമുണ്ടായി വരുന്നു; വരും-അതാണു പ്രകൃതി നിയമം.
കുടുംബത്തെക്കുറിച്ച്, പരിവാറിനെക്കുറിച്ച്, പറഞ്ഞു തുടങ്ങിയത് ജനതാ പരിവാറിന്റെ പുനഃസമാഗമത്തെക്കുറിച്ച് പറയാനാണ്. പരിവാര്‍ എന്ന ഹിന്ദിഭാഷയിലെ പ്രയോഗം ഒരു കാലത്ത് മാധ്യമലോകം മോശം അര്‍ത്ഥത്തില്‍ ആര്‍എസ്എസ്-ആര്‍എസ്എസ് അനുബന്ധ സംഘടനകളെ പരാമര്‍ശിക്കാന്‍ വിനിയോഗിച്ചതാണ്- സംഘപരിവാര്‍ എന്നായിരുന്നു പ്രയോഗം. ഈ വിശേഷണത്തിലൂടെ ഗണംതിരിച്ച് അകറ്റി നിര്‍ത്തപ്പെടേണ്ട ഒരു വിഭാഗമാക്കി, ചാപ്പകുത്തി തുടങ്ങിവെച്ചതാണ്.
പക്ഷേ, തൃശൂലവും നെറ്റി മൂടുന്ന ചുകപ്പന്‍ സിന്ദൂരക്കുറിയും രൗദ്ര ഭാവവും മറ്റുംമറ്റും അടയാളം കൊടുത്ത് ആ ഗണത്തോട് എതിര്‍പ്പുണ്ടാക്കാന്‍ പ്രചാരണം നടത്തിയവര്‍ക്കും നിരാശയുണ്ടാക്കിക്കൊണ്ട് സംഘപരിവാര്‍ എന്ന പ്രയോഗം നല്ല അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുപോയി. അതാണു കുടുംബ സങ്കല്‍പ്പത്തിന്റെ വൈകാരിക ശക്തി. ജനതാ പരിവാറിലേക്കു വരാം.
ജനതാ പരിവാര്‍ എന്നു പറയുമ്പോള്‍ അതിന്റെ പ്രാരംഭ ചരിത്രമറിയണം. അടിയാധാരം എടുക്കണം. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ എന്ന ജനാധിപത്യക്കശാപ്പിന്റെ കാലത്ത് രൂപപ്പെട്ട ആശയം 1977-ല്‍ അവസാനിച്ച കാലത്ത് ആരംഭിച്ച പൊതുവേദിയായിരുന്നു ജനതാ പരിവാര്‍. കോണ്‍ഗ്രസ് ഐ വിരുദ്ധ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് ഇന്ദിരയെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ജനതാ പാര്‍ട്ടി. വിവിധ ആദര്‍ശക്കാരും ആശയക്കാരും ഒന്നിച്ചു.
അതില്‍ ജനസംഘമുണ്ടായിരുന്നു, സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടായിരുന്നു, പരോക്ഷമായി കമ്മ്യൂണിസ്റ്റുകള്‍ പോലും. തെരഞ്ഞെടുപ്പില്‍ ജനതാ പരിവാര്‍ കൊടുങ്കാറ്റായി അടിച്ചു. 295 ലോക്‌സഭാ സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതില്‍ 93 സീറ്റ് ഇന്നത്തെ ബിജെപി ആയ അന്നത്തെ ജനസംഘത്തിനായിരുന്നു. 44 സീറ്റുകള്‍ കോണ്‍ഗ്രസ് (ഒ) എന്ന സംഘടനാ കോണ്‍ഗ്രസിനായിരുന്നു.
ചരണ്‍സിങിന്റെ ലോക്ദളിന് 71 സീറ്റും ജഗ്ജീവന്റാം കോണ്‍ഗ്രസിന് 28 സീറ്റും. അതായിരുന്നു ജനതാപരിവാര്‍. അതില്‍ നിന്നു ജനസംഘം വഴിപിരിഞ്ഞപ്പോള്‍ ശേഷിക്കുന്നവയെ എങ്ങനെ ജനതാ പരിവാര്‍ എന്നു വിളിക്കാമെന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. എന്തായാലും സോഷ്യലിസ്റ്റുകള്‍ക്ക് ഒരു പൊതുവേദിയെന്ന നിലയില്‍ അവര്‍ ജനതാ പരിവാര്‍ എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല, പഴയ പുഷ്‌കല കാലത്തെ അനുസ്മരിപ്പിച്ച് അതു ചില പ്രതീക്ഷകള്‍ക്കു വഴിവെക്കുന്നെങ്കില്‍ നല്ലതാണല്ലോ. പക്ഷേ, ഇന്നിപ്പോള്‍ പഴയ കൂട്ടുകക്ഷിയായിരുന്ന ജനസംഘത്തിന്റെ മാറിയ രൂപമായ ബിജെപിയെ എതിര്‍ക്കാനാണ് പരിവാര്‍ വീണ്ടും ചേര്‍ന്നിരിക്കുന്നതെന്നത് വൈരുദ്ധ്യമാണ്.
അതിനേക്കാള്‍ ആഭാസം നിറഞ്ഞ വൈരുദ്ധ്യമാണ് ആത്യന്തികമായി ഇക്കൂട്ടര്‍ എത്തിപ്പെടുന്നത് കോണ്‍ഗ്രസ് ക്യാമ്പിലാണെന്നത്. യഥാര്‍ത്ഥ ജനതാ പരിവാര്‍ ആരെ എതിര്‍ക്കാന്‍ രൂപപ്പെട്ടുവോ അതേ കോണ്‍ഗ്രസിന്റെ പാദസേവയ്ക്കു കുനിയുന്നുവെന്നതാണ് ദുര്‍ഗ്ഗതി.എങ്കിലും, തമ്മില്‍ തല്ലിയവരും തല്ലിപ്പിരിഞ്ഞവരും ഒന്നിക്കുന്നുവെന്നത് പരിവാര്‍ (കുടുംബം) എന്ന സങ്കല്‍പ്പത്തില്‍ നല്ലകാര്യംതന്നെയാണല്ലോ.
ഏകദേശം നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് ഈ സമാഗമം. അവര്‍ക്ക് എതിര്‍ക്കാനുള്ളത് നരേന്ദ്ര മോദിയേയാണ്. (മോദിയെയോ ബിജെപിയേയോ എതിര്‍ക്കാനല്ല ഈ പരിവാര്‍ മേള എന്ന് ദേവഗൗഡ പറഞ്ഞത് കുടുംബത്തിന്റെ ഭദ്രത വിളിച്ചോതുന്നതാണല്ലോ). അവര്‍ യോഗം ചേരുമ്പോള്‍ ഒന്നിച്ചുള്ളത് മുലായം സിങിന്റെ സമാജ്‌വാദി പാര്‍ട്ടി, ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദള്‍, നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യുണൈറ്റഡ്), ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍), കമാല്‍ മൊറാര്‍ക്കയുടെ സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നിവരാണ്. ഇവരെല്ലാരും ചേര്‍ന്നപ്പോള്‍ ആകെയുള്ള ലോക്‌സഭാംഗങ്ങളുടെ എണ്ണം 15 മാത്രം. (അന്ന് 295 ആയിരുന്നു). രാജ്യസഭയില്‍ 30 അംഗങ്ങള്‍. ഇവര്‍ ഒന്നിച്ചു നില്‍ക്കുമോ, നിന്നാല്‍ത്തന്നെ മോദിക്കെതിരേ ദേശീയ തലത്തില്‍ എന്തുചെയ്യുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ഇനി ഇവര്‍ എല്ലാംതന്നെ പ്രാദേശിക ശക്തികളാണെന്ന് അവകാശപ്പെടുന്നതു പരിശോധിക്കുക. യുപിയിലെ സമാജ്‌വാദി പാര്‍ട്ടിക്കും ബീഹാറിലെ നിതീഷ് പാര്‍ട്ടിക്കുമാണ് തെല്ലെങ്കിലും കരുത്തവകാശപ്പെടാനാവുന്നത്. പക്ഷേ, ബീഹാറില്‍ ബിജെപിയും രാംവിലാസ് പസ്വാനും കൂടിച്ചേര്‍ന്നാല്‍ 35.8 ശതമാനം വോട്ടുണ്ടെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള തെരഞ്ഞെടുപ്പുകമ്മീഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ജെഡി (20.1%), കോണ്‍ഗ്രസ് (8.4%), ജെഡിയു എന്നിവ ഒന്നിച്ചു നിന്നു വേണം ബിജെപിയെ ബീഹാറില്‍ നേരിടാന്‍. അങ്ങനെ നിന്നാല്‍ 45.6 % വോട്ടു കിട്ടും. അതിനു സാധിച്ചാല്‍ പരിവാര്‍ പുനസ്സമാഗമംകൊണ്ട് വിജയമുണ്ടാകും. പക്ഷേ 2015 നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. അന്നുവരെ ഈ പരിവാരം ഒന്നിച്ചു നില്‍ക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
കാല്‍നൂറ്റാണ്ടിനു മുമ്പാണ് അവസാനം ജനതാ പരിവാര്‍ അവസാനം ശക്തി പ്രകടിപ്പിച്ചുകണ്ടത്. ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറിലെ ഏഴാം നമ്പര്‍ ബംഗ്ലാവില്‍, ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച ആ പഴയകെട്ടിടത്തില്‍, പ്രധാനമന്ത്രിയായിരിക്കെ ജനതാദള്‍ നേതാവുകൂടിയായ വി. പി. സിങ് പലവട്ടം വന്നുപോയിരുന്നു.
അന്നെല്ലാം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനമെന്ന നിലയില്‍ അവിടം ശ്രദ്ധേയ കേന്ദ്രമായിരുന്നു. സിങ്ങിന്റെ ജനതാദള്‍ ചക്രം പലതുണ്ടായി തകര്‍ന്നുപൊളിഞ്ഞു പോയി. ആ കെട്ടിടം ഇപ്പോഴുമുണ്ട്, ക്ഷയിച്ച ഒരു തറവാടുപോലെ. അതിനിടെ ഇങ്ങനെയൊരു പുനസ്സമാഗമത്തിന്റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലുമൊക്കെ സന്തോഷം തോന്നാം. പക്ഷേ ആ പഴയ കെട്ടിടത്തിലെ കടവാവലുകള്‍ക്കും എലിക്കൂട്ടങ്ങള്‍ക്കും അലോസരമുണ്ടായേക്കും.
അതിനപ്പുറം യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക? ‘ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍ ചേട്ടന്റെ ഇല്ലപ്പറമ്പില്‍’ എന്ന കവിതാ ശകലം ചിലര്‍ക്ക് ഉത്തരമായി പറയാനുണ്ടാവും. മറ്റുചിലര്‍ക്ക് ‘വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം’ എന്നു പാടാനുണ്ടാവും.
അതേ സമയം വിശാഖപട്ടണത്തില്‍നിന്നു കേട്ട ചുകപ്പന്‍ വിപ്ലവ വൃത്താന്തങ്ങള്‍ വിചിത്രമാണ്. വിഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ എണ്ണം ഏതാണ്ട് 200 കവിയും. തമ്മില്‍ ലയിക്കാനൊന്നും ഇനിയും സമയമായില്ലെന്നു കൂട്ടരിലെ ചേട്ടന്‍ സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റു കുടുംബത്തില്‍ അത്തരം പുനഃസമാഗമങ്ങള്‍ക്കു സാധ്യതയില്ലെന്നര്‍ത്ഥം. എന്നാല്‍ സിപിഎമ്മിന് പ്രാദേശികമായി ഏതുപാര്‍ട്ടിയുമായും കൂട്ടുകൂടാമെന്നും അപ്പപ്പോളത്തെ സൗകര്യം പോലെ ആകാമെന്നും 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാകുന്നതിങ്ങനെ- ‘ച്ചാല്‍, വേളി നിഷിദ്ധം, ന്നാല്‍ സംബന്ധമാകാം’ എന്ന ആ പഴയ നമ്പൂരിമാരില്‍ ചിലരുടെ നിലപാട്.
ആഗോള കമ്മ്യൂണിസത്തില്‍നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസം ഉണ്ടായതേ പിഴവ്. ഇപ്പോള്‍ ലോക്കല്‍ കമ്മ്യൂണിസങ്ങള്‍ക്ക് അനുമതിയായതോടെ ആഗോള കുടുംബം അണുകുടുംബമായി. അവര്‍ക്കിനി ഒരിക്കലും അണുശക്തിയാകാന്‍ ആവാത്ത സാഹചര്യത്തില്‍ അണുനാശിനി പോലുമില്ലാതെ ആ ചുകപ്പന്‍ കറ വൈകാതെ സ്വയം മായുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എന്ന പരിവാറിന്റെ കാര്യം അങ്ങനെയല്ല. മാണിക്കോണ്‍ഗ്രസിന്റെ ചിഹ്നത്തിലെ രണ്ടില ഇത്തിള്‍ക്കണ്ണിയുടേതാണെന്ന് ഒരു നിരീക്ഷണം. ശരിയായിരിക്കണം, പണ്ട് ഏതോ ഫാദര്‍ കൗതുകത്തിനു കുട്ടനാട്ടില്‍ കൊണ്ടുവന്ന ജര്‍മ്മന്‍ പായലാണ് വളര്‍ന്ന് പെരുകി കുട്ടനാടിനെ നശിപ്പിച്ചത്. ക്രിസ്തീയസഭ രാഷ്ട്രീയരംഗത്തു വിതച്ച കേ. കോ. എന്ന ഇത്തിള്‍വിത്ത് എവിടൊക്കെ പടരുന്നുവെന്ന് ആര്‍ക്കറിയാം. അതെന്തായാലും തിരുക്കുടുംബം ഭദ്രമായാല്‍ മതിയല്ലോ.
പിന്‍കുറിപ്പ്: യഥാര്‍ത്ഥ പരിവാര്‍ സമാഗമം ഫിറോസ് കുടുംബത്തിലായിരുന്നു. ഇറങ്ങിപ്പോയവന്‍ 57-ാം ദിനത്തില്‍ മടങ്ങിവന്നു. കാത്തിരുന്നവര്‍ പലതും ചോദിച്ചു. മിണ്ടാട്ടമില്ല. പാര്‍ട്ടിക്കുഞ്ഞുങ്ങള്‍ കാണാനും മിണ്ടാനും കൊതിച്ചു. പക്ഷേ കഥാനായകന്‍ പട്ടിക്കുഞ്ഞുങ്ങളെ തിരഞ്ഞു നടന്നു….

No comments:

Post a Comment