Wednesday, July 20, 2011

ഉണങ്ങിയ ആനപ്പിണ്ടത്തിന്റെ മണം-2

അപ്പോള്‍ ആന കഥകളികാണുന്നതോ?

അതെ എന്തൊരു ഭംഗി. ബാലെയും നാടകവും ഗാനമേളയും നടക്കുന്ന അമ്പലപ്പറമ്പ്. മഞ്ഞുവീണ് നേരിയ നനവുവന്നിട്ടുള്ള പുല്‍ മൈതാനിയില്‍ മോടിയുള്ള വസ്ത്രത്തില്‍ ചെളി പുരളാതിരിക്കാന്‍ കാണികള്‍ വിരിച്ചിരുന്ന പഴയ പത്രക്കടലാസുകളെങ്ങും പാറിക്കിടക്കുന്നു. നാട്ടുകാരുടെ വായനാശീലവും വൈധിദ്ധ്യവും അളക്കാം അവിടെ. ഏതേതെല്ലാം പത്രങ്ങള്‍. .. സന്തോഷ്മാധവന്‍, കേണല്‍ മോഹന്‍ലാല്‍, തടിയന്റവിടെ നസീസര്‍, സൂഫിയാ മദനി, മുല്ലപ്പെരിയാര്‍ ഡാം, പെട്രോള്‍ വിലവര്‍ദ്ധന, മൂന്നാര്‍.. .. .. അങ്ങനെ വൈവിധ്യമുള്ള വിഷയങ്ങള്‍.. .. ..
പണ്ട് ഉത്സവം കഴിഞ്ഞാല്‍ കൊച്ചുവിമാനങ്ങള്‍ ആയിരുന്നു നിറയെ. കപ്പലണ്ടി പൊതിഞ്ഞു കിട്ടുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വിമാനങ്ങള്‍. സ്റേജിനു മുന്നില്‍ കയര്‍കെട്ടി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി വേര്‍തിരിച്ചിരുന്ന കാഴ്ചക്കാര്‍ക്കിടയില്‍ പെകൂട്ടത്തിലേക്ക് പറന്നുയര്‍ന്നിരുന്ന കടലാസു റോക്കറ്റുകളും വിമാനങ്ങളും എത്രയെത്രയായിരുന്നു. രാഗവും അനുരാഗവും വികാരവും നിറച്ച ആ പറക്കും തളികകള്‍ ഇന്നില്ല. പകരം എസ്എംഎസ്സുകളാണ്. അമ്പലപ്പറമ്പില്‍ കലാപരിപാടികള്‍ കാണാന്‍ ആള്‍ത്തിരക്കില്ല. വീട്ടിലെ ഈസി ചെയറില്‍ കിടന്നു കാണാന്‍ ടിവിയുള്ളപ്പോള്‍ എന്തിന് അമ്പലപ്പറമ്പ്.
കഥയറിയാതെയും ആട്ടം കണ്ടിരുന്ന കാലം. നളനും ദമയന്തിയും കൊട്ടാരക്കഥകള്‍ക്കു പകരം ചോര്‍ച്ചയില്ലാതെ കെട്ടിയ ചുമരുള്ള വീടിന്റെ കഥകള്‍ പറയുന്നതു കേട്ട് തലയാട്ടിയും ഉറങ്ങിയും കഴിഞ്ഞ നാളുകള്‍....
കേള്‍ക്കുന്നുണ്ടോ ആ പദം.. .. .. അജിത ഹരേ കൃഷ്ണാ മാധവാ....

ഒരു ഉപകഥ- ഉത്സവത്തിന്റെ തിരക്കില്‍ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയതാണ് അച്ഛന്‍. മക്കളേയും ഭാര്യയേയും കൂട്ടി അമ്പലപ്പറമ്പില്‍. കുറച്ചു ചുറ്റിക്കറങ്ങി ബലൂണും കാറും മറ്റും മറ്റും വാങ്ങിയശേഷം മടങ്ങി എത്രയും വേഗം മടങ്ങാനുള്ള ധൃതിയിലാണ് അച്ഛന്‍. സ്റേജില്‍ കഥകളി. എട്ടു വയസുകാരന്‍ മകനു കുറച്ചു നേരം കൂടി അമ്പലപ്പറമ്പില്‍ നില്‍ക്കണമെന്നുണ്ട്. കാരണം സമ പ്രായക്കാര്‍ ബലൂ തട്ടിക്കളിക്കുന്നു. അവന്‍ പറഞ്ഞു നമുക്കു കുറച്ചു നേരംകൂടി കഥകളി കാണാം. സ്റേജിനഭുമുഖമായി കുറച്ചകലെ ആന വിശ്രമിക്കുന്നു. പനമ്പട്ടകൊണ്ട് ഇച്ചയെ ആട്ടിയും ഇടക്കിടെ ചവച്ചും അവന്‍ ചെവിയാട്ടിയും തലയാട്ടിയും കാല്‍മാറ്റിച്ചവുട്ടിയും കളിക്കുന്നുണ്ട്. എങ്ങനെയും വീട്ടിലേക്കു പോകണമെന്ന ധൃതിയില്‍ അച്ഛന്‍ ബഹളം കൂട്ടി. അമ്മയും. മകനെ പിന്തിരിപ്പിക്കാന്‍ അച്ഛന്റെ ചോദ്യം- നിനക്കറിയാമോ എന്താണു കഥയെന്ന്. കഥയറിയാതെ ആട്ടം കാണാന്‍ നിന്നിട്ടെന്താണു കാര്യം. കാലം മാറിയതിന്റെ കഥയായിരുന്നു മറുപടിയില്‍.
മകന്‍ ചോദിച്ചു. അച്ഛന്‍ ആനയെ കണ്ടോ? നോക്കിക്കേ. അവന്‍ കഥകളി കാണുന്നത്. തലയാട്ടി രസിക്കുന്നത്. കഥ മനസിലായിട്ടാണോ? കേട്ടുനിന്നവരുടെ പൊട്ടിച്ചിരിക്കിടെ അച്ഛന്റെ മനസില്‍ മകനെക്കുറിച്ച് അഭിമാനം വന്നോ അതോ പെരുന്തച്ചന്‍ കോംപ്ളക്സ് വളര്‍ന്നുവോ.....
ഒരു വളക്കിലുക്കം പോലെയാണോ ഭാര്യ ചിരിച്ചത്....

No comments:

Post a Comment