Wednesday, July 20, 2011

വിഷു ഫലം

കണികാണല്‍


മഞ്ഞയാല്‍ മരക്കൂട്ടം തോരണം കെട്ടിത്തൂക്കീ
കുഞ്ഞിളം വിഷുപ്പക്ഷി സ്വാഗതം നീട്ടിപ്പാടീ
സ്പഷ്ട നീലിമ നീക്കി മാനത്തെ മച്ചില്‍ നിന്നും
കൃഷ്ണ നിന്‍ വരവുണ്ടെന്നോതുന്നു മയില്പീലി

കൈനീട്ടം


കൊന്നക്കു തമ്പ്രാന്‍ നല്‍കീ കുന്നോളം വരാഹന്‍ ഹാ
കൊന്നയിന്നതു കോര്‍ത്തു നാട്ടാര്‍ക്കു കാണാന്‍ ചാര്‍ത്തീ
നന്നു നിന്‍ കൈനീട്ടമെന്നാര്‍ത്താര്‍ത്തു ജനക്കൂട്ടം
ഒന്നുമേ മിച്ചം വെയ്ക്കാതങ്ങറയ്ക്കുള്ളില്‍ തൂക്കീ

വെടി വെട്ടം


തൃശ്ശൂരെ പൂരത്തിന്റെ മുഖ്യമാം വെടിക്കെട്ടു
നിര്‍ത്തുവാന്‍ ഹര്‍ജീം പിന്നെ കോടതിക്കുരുക്കുകള്‍
പൊട്ടുന്നൂ അമിട്ടുകള്‍,അവര്‍തന്‍ വീട്ടില്‍ പോലും
മേടത്തിന്‍ പകര്‍ച്ചയില്‍- ലാത്തിരി വെട്ടം ഹൃദ്യം

വിഷുഫലം


അങ്ങേതോ മറുനാട്ടില്‍ തങ്ങുന്ന മണിക്കുട്ടന്‍
പൊങ്ങുന്ന മണിനാദം കേട്ടാണൊന്നുണര്‍ന്നത്
അമ്മയാണങ്ങെത്തല‘യ്ക്കെന്റെ മോന്‍ കണികണ്ടോ‘
എങ്ങനെ ചൊല്ലും കള്ളം-‘അമ്മേ ഞാന്‍ കണി കേള്‍പ്പൂ‘
April 14, 2010

No comments:

Post a Comment