Wednesday, July 20, 2011

കാവാലത്തുനിന്നു പതിറ്റാണ്ടുകള്‍ മുമ്പു താമസം മാറിപ്പോയ ഒരു 75 കാരന്‍ എഴുതിയ കവിതക്കത്തിനു മറുപടി...
(മറുപടി) ചേട്ടന്റെ കത്തുകണ്ടപ്പോ
ളേറെ സന്തോഷമായിതേ
പറഞ്ഞു തീര്‍ക്കുവാനാവി
ല്ലതും പറകയാണുഞാന്‍.

പണ്ടുകോളേജിലാകുമ്പോള്‍
പതിവായ് ചെയ്തിരുന്നതാം
കത്തെഴുത്തും കവിതയില്‍,
കാലമന്നതു കൌതുകം
ഇന്നു കത്തും കവിതയും
'കാലംചെയ്തൊരു' കാലമാം
കത്തിനെ ഫോണുതാന്‍ കൊന്നു,
ഫോണ്‍ ഇ-മെയില്‍കൊണ്ടു ചത്തുവോ
സാങ്കേതികത്വ ബാഹുല്യം
കൊന്നേകൊന്നിതു ഭാവന
സങ്കല്‍പ്പലോകത്തലയാന്‍
'ടൈം' കിട്ടുന്നീലിതാര്‍ക്കുമേ

(വിശേഷം)
കാവാലത്തൊന്നു പോയീ ഞാന്‍
രുനാള്‍ തങ്ങി-വിശ്രമം
ക്രിസ്മസ് അവധി ഘോഷിക്കാന്‍
കുടുംബ സഹിതം -സുഖം

ചേട്ടന്റെ കവിതക്കാമ്പില്‍
തിങ്ങി വിങ്ങിയ ഹൃത്തുമായ്
കാവാലത്തൂടൊന്നു ചുറ്റീ
കഷ്ടം, അംഗുലി മൂക്കിലായ്

പച്ചപ്പില്ല, പരപ്പില്ല,
ആമ്പല്‍പൊയ്കയുമില്ലഹോ
പാടത്തു വേര്‍പ്പൊഴുക്കുന്ന
ചെറുമിപ്പെണ്ണുമില്ല കേള്‍
കൊയ്ത്തുപാട്ടും ഞാറ്റുപാട്ടും
ചക്രം ചുറ്റുന്നകാഴ്ചയും
കണ്ണുകിട്ടാതിരിക്കാനായ്
നാട്ടും കോലങ്ങള്‍ പോലുമേ

കാണാനില്ലവയെല്ലാമേ-
കാണാം കരയിലൊക്കവേ
ജീന്‍സും ടീഷര്‍ട്ടുമിട്ടല്ലോ
ശ്രീകോവില്‍ പടിയിങ്കലും
ഭക്തര്‍ നില്‍ക്കുന്നു ഹാ കഷ്ടം!
ശാലീനത്വം പഴങ്കഥ

(ഖേദം)
ആലിന്‍തണലുമാകാശ
ത്തായിരും പൂത്ത പൂപ്പൊലീം
ഇല്ല, നട്ടുച്ച നേരത്ത്
ടാറിന്‍ റോഡിന്റെ നീറ്റലാം.

പമ്പയിന്നൊരു പാരം,
രോഗവാഹിനിയാണുകേള്‍
റോഡിലൂടെ പാഞ്ഞുപോകും
വാഹനക്കാഴ്ച മാത്രമായ്.

കുറ്റിപ്പുറപ്പാലവൃത്തം
ഇടശ്ശേരി കുറിച്ചപോല്‍
ആര്‍ക്കുമാരെയുമിന്നിപ്പോള്‍
അറിയാത്ത വിശേഷമായ്
ആരൊക്കെയോ വന്നുപോണൂ
തമ്മില്‍ മിണ്ടാന്‍ മറപ്പവര്‍

ആര്‍ക്കും വേണ്ടാത്തതോരോന്നും
അടിച്ചേല്‍പ്പിച്ചുപോകുമേ
പുത്തന്‍ കച്ചവടക്കമ്പം
പുലിവാല്‍ നീട്ടിടുന്നിതാ

കാവാലത്തിന്നു കാവാല-
ക്കാരെ കാണാത്തൊരിസ്ഥിതി
'കാവാലപ്പേരു'കാരെല്ലാം
കാവാലം വിട്ട ദുഃസ്ഥിതി

(അടിയറവ്)
കേറ്റിക്കുത്തിയമുണ്ട,തിന്നുബലമേകാനായ് തലേക്കെട്ടുമായ്
നാട്ടിന്നന്തസു കാത്തു പോന്ന കവല
ക്കൂട്ടങ്ങള്‍ കണ്‍പൂട്ടിയോ
പാട്ടും പാടി നടുന്ന, ഞാറ്റു നിരകള്‍
കൊയ്യുന്ന കാലം മന-
സ്സേറ്റം പാടി,യതേറ്റുപാടുവതിനാ
യിന്നും പ്രതീക്ഷിക്കണോ

നാട്ടിന്‍മാറ്റമതാണു മാറ്റം! അതിനോ
ടെന്നും പ്രതിസ്ഥാനരായ്
മാറ്റക്കാറ്റിനൊടേറ്റു നില്‍പ്പതഭിമാന
പ്രശ്നമാകാം ദൃഢം
'കാറ്റിന്നൊപ്പമിരുന്നു തൂറ്റണ'മതാണല്ലോ
പ്രമാണം നമു-
ക്കാറ്റിന്‍ വക്കിലെയാണ്ടുകള്‍ക്കവധിനല്‍കീടാം, സ്മരിക്കാം ചിരം

(ഉപസംഹാരം)
ഇച്ചൊന്നതെല്ലാം പദ്യം
'കവിതക്കത്തു'പിന്നെയാം
ദശാബ്ദം രുമുമ്പേയീ
പ്രയോഗം നിര്‍ത്തി വച്ചതാം
ഒരിക്കല്‍കുടിയെന്‍ പേന
ക്കിക്കാലത്താ വഴിക്കുതാന്‍
ചലിക്കാന്‍ വഴിയൊപ്പിച്ച
ചേട്ടന്നു സുകൃതംവരും
അക്ഷരം മോശമാണെന്റെ,
അച്ചടിക്കൊത്ത'താണത്'
അതിനാല്‍ യന്ത്രസാമഗ്രി
ത്തുണതേടുന്നു സന്തതം

(കുശലം)
സുഖമല്ലേ, രണ്ടുവാക്ക്
ചോദിക്കാതെ വിടാവതോ-
കത്ത്? പദ്യത്തിലായാലും
കുശലം വേണ്ടതില്ലയോ
നഴ്സറിക്കാരിയും ഓഫീസ്
കാര്യം നോക്കുന്ന ചേട്ടനും
'അമ്മുക്കുട്ടീ'ടെയമ്മക്കും
കുശലം പങ്കുവെക്കണേ
Jan 8, 2010

No comments:

Post a Comment