കളരിക്കാലമോര്‍ക്കുന്നൂ, നഴ്സറിക്കൊപ്പമുള്ളനാള്‍
കളിമൂക്കുന്ന നേരത്തോ വിളിക്കാനമ്മ വന്നിടും
കരളില്‍ തേങ്ങലോടന്നു - കൂട്ടുകാരെപ്പിരിഞ്ഞിടും-
കളരിക്കളമുറ്റത്തെ മടക്കം-പൊട്ടി നെഞ്ഞകം
പത്താം ക്ളാസ്
തിരിഞ്ഞുനോക്കി നോക്കി നോക്കിപ്പോംനാളില്‍ മുമ്പിലതേ വരൂ
പത്തിന്റെ പടിവാതില്‍ക്കല്‍ ചിലമ്പിപ്പോയ നാളുകള്‍
മടങ്ങി വരുമോ വീണ്ടും കൂട്ടരേയെന്നു കേട്ടതും
ഒരുമിച്ചൊത്തനാളേക്കാള്‍ വികാരം വിങ്ങിനിന്നതും
മറവിയ്ക്കും മറയ്ക്കാനായ് കഴിയാത്ത ദിനങ്ങളേ
മടങ്ങി വരുമോ വീണ്ടും മാറണയ്ക്കാന്‍ കൊതിപ്പു ഞാന്‍
കോളെജ്- കൌമാരം
മടങ്ങിച്ചെന്ന ഡിഗ്രിക്കോ കാണാതായ് പല കൂട്ടുകാര്‍
പ്രീഡിഗ്രിത്തലയെങ്ങോപോയ് പലരും പല തട്ടിലായ്
പിരിയും വേള ഡിഗ്രിക്കാ മൂന്നാം വര്‍ഷാന്ത്യനാളിലാം
വിരഹപ്പെയ്ത്ത് നീറിപ്പോം പുകയും നെഞ്ചകം ദൃഢം
മോഹവും ദാഹവും ചേര്‍ന്നു കുടുക്കുന്ന കുടുക്കുകള്‍
മോഹഭംഗങ്ങള്‍ തേങ്ങുന്നൊരിടനാഴിയിടുക്കുകള്‍
പുസ്തകത്താളിലെങ്ങെങ്ങും നിറയുന്ന പ്രിയപ്പടം
അതു നോക്കി നറും കണ്ണാല്‍ സ്വപ്നം നെയ്തോരു നാളുകള്‍
മധുരപ്പതിനേഴിന്മേല്‍ വിരചിച്ചൊരു ലോകമേ
മടങ്ങിവരുമോ വീണ്ടും എരിയും രുചി ചേര്‍ക്കുവാന്‍
യൌവനം
കുതിക്കുന്ന കിതപ്പിന്മേല്‍ കേട്ടൂ കുതിരശക്തിയില്‍
കീഴടക്കാന്‍ വെമ്പിയാളും യൌവനത്തിന്‍ തിളക്കലില്‍
മടക്കത്തിനു ഞാനില്ലാ, മുന്നോട്ടെന്നും, മുടന്തിടാ
പിന്നിലേക്കൊന്നു നോക്കാഞ്ഞ മുട്ടാളത്ത മിടുക്കുകള്‍
ആറ്റിനങ്ങേപ്പുറം നീന്തിക്കടന്ന കടവിന്‍ കര
മടക്കയാത്രയെന്തോതീ-കഴിവീലത്ര വേഗത
അങ്ങോട്ടേക്കന്നു നീന്തുമ്പോള്‍ കൈകാല്‍ കാണിച്ച ജാഗ്രത
ഇങ്ങോട്ടുള്ള വഴിക്കെങ്ങോ പാതിയില്‍ വാശി തീര്‍ന്നുവോ
സായാഹ്നം
ഓര്‍മ്മയൂഞ്ഞാലിലാട്ടുമ്പോള്‍ അങ്ങോടിങ്ങോടലഞ്ഞിടാം
പണ്ടു ചാടിക്കടന്നോരാ തോട്ടിന്‍ വക്കില്‍ നിനച്ചിടാം
വരുമോ ജന്മമൊന്നെങ്കില്‍ പിന്നെയും പൂക്കുമീയുടല്‍
അഥവാ പൂരുവിന്‍ ജന്മമെടുക്കാന്‍ മക്കള്‍ നില്‍ക്കുമോ
കൊതി തോന്നുന്ന വേതാളച്ചതിയില്‍ പെട്ടു പോകിലോ
വരുമേ ജന്മമോരോന്നും മടക്കം താന്‍ മുടക്കുമേ
പുനര്‍ജന്മജ വിഭ്രാന്തിപ്പുകകേറിയ കണ്ണിലോ
മടക്കയാത്രക്കെന്നേക്കാള്‍ ഭയമാത്മാവിനാകിലോ
മരിക്കാത്ത മരുന്നിപ്പോള്‍ യൌവനത്തിന്‍ പ്രലോഭനം
മടക്കമടിപോകാനായ് മറക്കാതെ ജപിക്കണം
Feb 1, 2010
No comments:
Post a Comment